പ്രിയ മനസ്സാക്ഷി,
ഈ പ്രണയദിനത്തിൽ നിന്നോട് എന്റെ പ്രണയത്തെ പറ്റി തുറന്നുപറഞ്ഞില്ലെങ്കിൽ എന്നെ അത് അലോസരപ്പെടുത്തും, അസ്വസ്ഥപ്പെടുത്തിക്കൊണ്ടേ ഇരിക്കും. നിന്നിൽ നിന്ന് എന്തെങ്കിലും ഞാൻ മറച്ചുവച്ചിട്ടുണ്ടോ ഇന്നുവരെ ? എന്റെ പ്രിയ കൂട്ടുകാരീ .. നീ ഇതു കേൾക്കണം. നിന്നിൽ അല്ലാതെ മറ്റൊരിടത്തും എനിക്കിത് രേഖപ്പെടുത്താൻ വയ്യ .
എനിക്ക് അവനോട് പ്രണയമാണ്.. അസ്ഥിക്കു പിടിച്ച പ്രണയം. അതെ, മധ്യവയസ്കയായ എനിക്ക് അവനോട് അഗാധ പ്രണയം തന്നെയാണ്, അതിലെനിക്കു ഒരു സംശയവും ഇല്ല. എന്നെക്കാൾ വയസ്സിന് ഏറെ ഇളപ്പമുള്ള, എക്കാലത്തും എന്റെ സങ്കല്പത്തിലെ, സ്വപ്നത്തിലെ കാമുകൻ പുരുഷരൂപം പൂണ്ട് എന്റെ മുന്നിൽ ഒരുനാൾ പ്രത്യക്ഷപ്പെട്ടപ്പോൾ ഞാനവനെ പ്രണയിക്കാതിരിക്കുന്നതെങ്ങനെ? ബോളിവുഡ് നടന്മാരെ അനുസ്മരിപ്പിക്കുമാറ് ക്ലീൻ ഷേവ് ചെയ്ത മുഖത്തിൽ കുറ്റി രോമങ്ങൾ മീശയിലും താടിയിലും കിളിർത്തു നിൽക്കുന്നു , ആറടിക്കു മേൽ ഉയരം , വിളഞ്ഞുനിൽക്കുന്ന ഗോതമ്പിൻ നിറം, ആകാശനീല കണ്ണുകൾ , നീണ്ട ചെമ്പൻ തലമുടി, മെലിഞ്ഞ, പുരുഷത്വത്തെക്കാൾ സ്ത്രീത്വം തുളുമ്പി നിൽക്കുന്ന മുഖവും ശരീരവും .. ഒരു നാൾ അവൻ എന്റെ ഇൻബോക്സിൽ പൊടുന്നനെ പ്രത്യക്ഷപ്പെട്ടാൽ മനസ്സ് കൈവിട്ടു പോവാതിരിക്കുന്നതെങ്ങനെ? ഋതുമതിയായ കാലം മുതൽ എന്റെ സ്വപ്നങ്ങളിൽ വന്ന് ഇക്കിളിയിട്ടിരുന്ന ശരീരം … എത്രയോ രാത്രികളിൽ അവനെ കുറിച്ചുള്ള പ്രണയ ചിന്തകൾ എന്റെ തല്പത്തെ പോലും ഈറനണിയിച്ചിരിക്കുന്നു ! ഒരു ഗന്ധർവനെ പോലെ പാതിരായ്ക്ക് എന്റെ ചാരത്തു വന്ന് , വെളുക്കുവോളം നമ്മൾ നടത്തിയിരുന്ന നമ്മുടെ പ്രേമസല്ലാപങ്ങൾക്ക് ഈ തലയിണ സാക്ഷി . അവനും എനിക്കും ഒരേ ഇഷ്ടങ്ങൾ .. എഴുത്തുകൾ , യാത്രകൾ , കടലിനോടുള്ള അഗാധ പ്രേമം , നക്ഷത്രങ്ങളോടുള്ള അടങ്ങാത്ത അഭിവാഞ്ഛ .. ഞങ്ങൾ പോലും അറിയാതെ അന്നു തന്നെ ഞങ്ങൾ പരസ്പരം മനസ്സു കൈമാറി , ഒരിക്കലും തിരിച്ചെടുക്കാനാവാത്ത വിധം .
സ്നേഹനിധിയായ ഒരു ഭർത്താവ് എനിക്കുണ്ടെന്നും അരുമകളായ രണ്ട് ആൺമക്കൾ എന്നെ സ്നേഹിക്കാനുണ്ടെന്നും എനിക്കറിയാം.. പക്ഷേ, അവൻ ഒരു കാന്തം പോലെ എന്നെ ആകർഷിക്കുന്നു. അവനെ ചുറ്റിപ്പറ്റിയാണ് ഇന്നെന്റെ ജീവിതം .ഞാൻ ഉണരുന്നതും ഉറങ്ങാൻ പോവുന്നതും അവനെ കുറിച്ചുള്ള മധുരസ്മരണകൾ ഉൾകണ്ണുകളിലൂടെ മസ്തിഷ്കത്തിലേക്കു ആവാഹിച്ചുകൊണ്ടാണ് . അവനാകുന്ന ഉത്തരധ്രുവത്തിലേക്കു ഞാൻ എന്നും തിരിഞ്ഞുകൊണ്ടേ ഇരിക്കുന്നു.
അവന്റെ ആ സുന്ദരരൂപം കണ്മുന്നിൽ നിന്നും മായുന്നില്ല. അപ്പോഴാണ് എന്റെ ഇന്നു വരേയ്ക്കുള്ള എല്ലാ രഹസ്യങ്ങളും അറിയാവുന്ന നിന്നോട് ഇത് പറഞ്ഞില്ലല്ലോ എന്നോർത്തത്. എന്റെ ഹൃദയം സൂക്ഷിപ്പുകാരീ.. എന്റെ മനസ്സ് ഇപ്പോൾ എന്റെ പിടിയിലല്ല. സദാചാരവാദികൾ എന്നെ പറ്റി എന്തു കഥകൾ വേണമെങ്കിലും മെനഞ്ഞോട്ടെ . അവനെ ആദ്യമായി നേരിട്ടു കണ്ട ദിനം ഇന്നും ഞാനോർക്കുന്നു . കടൽത്തീരത്ത് കൗമാര കമിതാക്കളെ പോലെ കൈകൾ കോർത്ത് തിരമാലകളുടെ വേലിയേറ്റയിറക്കങ്ങൾ നോക്കി ഞങ്ങൾ സിമന്റുബെഞ്ചിൽ ഇരുന്നു. അവന്റെ ആകാശനീലക്കണ്ണിൽ നോക്കിയിരുന്നപ്പോൾ അതിന്റെ ആഴങ്ങളിൽ നിന്ന് എന്റെ സുന്ദരരൂപം ഉപരിതലത്തിലേയ്ക്ക് പൊങ്ങി വന്നു . ഒരിക്കൽ പോലും എന്റെ മനസ്സ് ചാഞ്ചാടിയില്ല . എനിക്കറിയാമായിരുന്നു , ജന്മജന്മാന്തരങ്ങൾ മുതൽക്കേ അവന്റെ ഉള്ളിൽ നിറയെ ഞാൻ മാത്രം ആയിരുന്നു എന്ന് .. എന്റെ അന്തരംഗം ഒട്ടും കലുഷിതമല്ലാതെ സ്വച്ഛന്ദം ഒഴുകിക്കൊണ്ടിരുന്നു .
എനിക്ക് അവനോടുള്ള അനുരാഗം മാംസനിബദ്ധമാണോ? അല്ലേയല്ല. ഞാൻ എന്നും കാംക്ഷിച്ചിരുന്ന സുന്ദരരൂപമാണ് അവന്റേതെങ്കിലും അവന്റെ ഉള്ളിലെ അഭൗമ വെളിച്ചമാണ് എന്നെ അവനിലേക്ക് അടുപ്പിച്ചത്. എന്നിൽ നിന്ന് വേർതിരിക്കാനാവാത്ത വിധം ആ വെളിച്ചം എന്റെ നിഴലിൽ പടർന്നിരിക്കുന്നു .. mi luz ..lumiere ( എന്റെ വെളിച്ചം ). നിഴലും വെളിച്ചവുമായി ഞങ്ങൾ അനാദികാലം മുതൽക്കേ നിലനിൽക്കുന്നു . എന്റെ ജീവവായു പോലും അവനാണ് എന്നു ഞാൻ തിരിച്ചറിഞ്ഞു . വെളിച്ചമല്ലേ നിഴലിന്റെ അസ്തിത്വം തന്നെ !
”നിന്നെ നേരിട്ടു കാണുന്ന അന്ന് എനിക്കു നിന്റെ കഴുത്തിലെ മറുകിൽ ഉമ്മ വയ്ക്കണം, മൂർദ്ധാവിൽ പതിയെ തലോടി , അലക്ഷ്യമായി കിടക്കുന്ന അളകങ്ങളെ വകഞ്ഞു മാറ്റി അമർത്തി ചുംബിക്കണം , നിന്റെ ചെവികളിലും പൃഷ്ഠഭാഗത്തും മൃദുവായി കടിക്കണം, ചുംബനങ്ങൾ കൊണ്ടു നിന്റെ പൂമേനിയാകെ പൊതിയണം.. നീ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത അനുഭൂതിയുടെ നിർവൃതിയിൽ ഈ കടലിനെ പോലെ പുളകം കൊള്ളുന്നത് എനിക്കു കാണണം. “
അവനിതു പറഞ്ഞപ്പോൾ എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. എന്റെ ശരീരത്തെ ആണവൻ ആദ്യം പ്രണയിച്ചത്. എന്റെ സുന്ദരമുഖത്തെയും തരളമേനിയെയുമാണ് അവന്റെ നയനങ്ങൾ അഭിലഷിച്ചത്. അവന്റെ അടങ്ങാത്ത ലൈംഗിക തൃഷ്ണ എന്നിലെ എന്നിൽ അവന്റെ നിത്യപ്രണയിനിയെ കണ്ടെത്തിയിരുന്നു. അവന്റെ ശരീര ചോദനകളെ ഒരിക്കലും ശമിപ്പിക്കാത്ത ഭാര്യയും അച്ഛന്റെ സ്നേഹം തിരിച്ചറിയാത്ത കൗമാരക്കാരനായ മകനും അന്നേരം എങ്ങോ പോയ്മറഞ്ഞിരുന്നു. അവന്റെ മുന്നിൽ നിൽക്കുന്ന സ്വപ്നസുന്ദരി എല്ലാ അർത്ഥത്തിലും അവനെ തൃപ്തിപ്പെടുത്തുമെന്ന് അവനറിയാമായിരുന്നു. അവന്റെ മനസ്സും ശരീരവും എന്നെന്നും അവളുടെ തടവറയിൽ വച്ചു പൂട്ടാൻ വെമ്പിയവൻ നിൽക്കുന്നു . കയ്യെത്തും ദൂരത്ത് എത്തിയിരിക്കുന്ന അവളെ പെട്ടെന്നങ്ങു മറക്കുവതെങ്ങനെ?
ഞാൻ എന്റെ കാമുകനോടു പറഞ്ഞു..
”നിന്നെ എനിക്ക് ഒത്തിരി ഇഷ്ടമാണ്.. ഒരുപക്ഷേ എന്നെക്കാളുമധികം. നിന്നിൽ ഞാൻ കാണുന്നത് എന്നിലെ പുരുഷനെയാണ്. എൻറെ തന്നെ സ്വത്വത്തെയാണ്. ഞാനും നീയും ഒന്നാണ്. നീയില്ലാതെ ഞാൻ അപൂർണ്ണയാണ് . ഇഹലോകത്തിൽ രണ്ടു ശരീരമായി ഇരിക്കുന്നു എന്നേയുള്ളൂ. ജന്മജന്മാന്തരങ്ങളായി നമ്മൾ ഒരു പുഴയായി ഒഴുകുന്നവരാണ്. “
”എങ്കിൽ ആ ശരീരത്തിന്റെ ചോദനകളെ ശമിപ്പിക്കാൻ ഞാൻ നിന്നിൽ അലിയേണ്ടതില്ലേ? അല്ലാതെങ്ങനെ നമുക്ക് പൂർണ്ണത പ്രാപിക്കാൻ കഴിയും?”
അവന്റെ സംശയങ്ങൾക്ക് ഞാൻ കൊടുത്ത മറുപടി അത്ര തൃപ്തികരമായിരുന്നില്ലെന്നു തോന്നുന്നു.
”അതിന്റെ ആവശ്യമില്ല.. മാംസനിബദ്ധമല്ല നമ്മുടെ അനുരാഗം. കേവലമായ ഈ മർത്യശരീരത്തിൽ ഒതുക്കേണ്ടതല്ലല്ലോ നമ്മുടെ ദിവ്യ പ്രണയം ! നീ എന്റെ ശരീരത്തെ മാത്രമാണ് പ്രാപിക്കാൻ ശ്രമിക്കുന്നത് , ഒരു പക്ഷേ മനസ്സിനെയും . നിന്റെ ശരീരത്തിനപ്പുറം നിർവചിക്കാനാവാത്ത ഏതോ ഒരിടം എന്റെ കണ്ണുകൾ ദർശിക്കുന്നുണ്ട്. നിന്റെ പ്രേമപൂജയ്ക്കായി നിവേദിക്കാനുള്ള ആത്മാവുമായി ഞാൻ ആ പടിവാതിൽക്കൽ തന്നെ നിൽപ്പുണ്ട്. എന്റെ ഈ കടഞ്ഞെടുത്ത ശരീരവും അതിൽ ഉയർന്നു താമരമൊട്ടുകൾ പോലെ ചേർന്നു നിൽക്കുന്ന സ്തനങ്ങളും ഒതുങ്ങിയ നിതംബവും മാത്രമല്ലാതെ മറ്റെന്തെങ്കിലും നീ കാണുന്നുണ്ടോ? ” അവനോടു ചേർന്നു നിന്ന് കൈകൾ രണ്ടും കഴുത്തിലിട്ട് അവന്റെ നീലക്കണ്ണുകളിലേക്കു നോക്കി ഞാൻ ചോദിച്ചു.
”പ്രിയേ .. ഇപ്പോൾ എന്റെ നയനങ്ങൾ അതു ദർശിച്ചു കഴിഞ്ഞു. നിന്റെ ഉള്ളിലെ പുരുഷൻ ഞാനാണെന്നും എന്റെയുള്ളിലെ സ്ത്രീ നീ തന്നെയാണെന്നും ഞാനിപ്പോൾ തിരിച്ചറിയുന്നു . നമ്മുടെ ഉള്ളിൽ കുടികൊള്ളുന്ന വെളിച്ചവും ഒന്നു തന്നെ. നമുക്ക് ചുറ്റും ഒരു കാന്തിക വലയം ഞാൻ കാണുന്നു. അത് ഈ കടലും കടന്ന് മലകളും താണ്ടി അകലങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുന്നു . അതിന്റെ വ്യാസം നിന്റെ ഈ സുന്ദരശരീരത്തിൽ ഒതുങ്ങിനിൽക്കുന്നില്ല. “
”ബിന്ദുവിൽ നിന്ന് ബിന്ദുവിലേക്കൊരു യാത്ര, മടക്കമില്ലാത്ത യാത്ര. നമുക്കങ്ങോട്ടു നീന്തിപ്പോയാലോ?”
”നീ ശരിക്കും ആലോചിച്ചു തന്നെയാണോ ഇതു പറയുന്നത്? നമ്മുടെ ശരീരങ്ങൾ രണ്ടും ഈ കടലിന്റെ അടിത്തട്ടിൽ അലിഞ്ഞു ചേർന്നേക്കാം. ഇല്ലെങ്കിൽ ഒരുപക്ഷേ തിരകൾ ജീവനില്ലാത്ത അവയെ തീരത്ത് അടുപ്പിച്ചേക്കാം മൂന്നാം പക്കം. എന്നാൽ ഒന്നുണ്ട് .. നമ്മിൽ നിന്നു വേർപ്പെട്ടു പോയ ആത്മാക്കൾ രണ്ടു ചെറു നക്ഷത്രങ്ങളായ് എന്നെന്നും മിന്നിത്തിളങ്ങും ആകാശത്തിൽ. “
”അതു തന്നെയാണ് എനിക്കു വേണ്ടത്. ഒരിക്കലും കെടാത്ത രണ്ടു നക്ഷത്രജോഡികളായി വിഹായസ്സിൽ വിരാജിച്ചുകൊണ്ടിരിക്കണം . രണ്ടു ചെറിയ പൊട്ടുകളായി ജന്മജന്മാന്തരങ്ങളിൽ ആകാശത്തു ജ്വലിച്ചു കൊണ്ടിരിക്കണം . ടെലസ്കോപ്പിലൂടെ നമ്മളെ നോക്കി വാനനിരീക്ഷകർ ഇങ്ങനെ പറയും.. ഇത് പോലൊരു പ്രകാശം സൗരയൂഥത്തിലും ദുഗ്ധപാതയിലും കണ്ടിട്ടില്ല. ചുറ്റിനുമുള്ള ‘അന്ധകാരവെളിച്ചത്തെ’ അവർ രണ്ടും നിഷ്പ്രഭമാക്കി കളഞ്ഞു. “
”അനുരാഗത്തിന്റെ ഏറ്റവും വലിയ നിർവചനവും ആശാൻ ലീലയിൽ പറയുന്ന പോലെ മാംസനിബദ്ധമല്ല.. ഈ ഭൂമിയുടെ അതിർത്തികളിൽ ഒതുങ്ങിനിക്കുന്നതുമല്ല . അതിനും എത്രയോ കാതങ്ങൾക്കപ്പുറമാണ് !”
ആകയാൽ അല്ലയോ എൻ കൂട്ടുകാരീ .. എന്റെ മനസ്‌സാക്ഷീ , നീ ഇതു ഗ്രഹിച്ചാലും , നാളെ ഒരുപക്ഷേ എന്റെ ദേഹി ഈ ദേഹത്തെ വെടിഞ്ഞാൽ നീ മനസ്സിലാക്കിക്കൊള്ളുക .. ഞാനും അവനും രണ്ടു താരകങ്ങളായി വാനിൽ നിന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ട് എന്ന് . മാംസനിബദ്ധമല്ലാത്ത ഞങ്ങളുടെ ദിവ്യപ്രണയം സഫലമായി എന്ന് .
സ്നേഹത്തോടെ,
നിന്റെ പ്രിയപ്പെട്ടവൾ.
*ഇത് തികച്ചും ഭാവന കലർന്ന ഒരു എഴുത്താണ്. എന്റെ ജീവിതവുമായി ഈ എഴുത്തിന് ഒരുതരത്തിലും ബന്ധമില്ല. ഇതിലെ കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രം.
✍️സ്മിത പൗലോസ്
#പ്രണയദിനം


10 Comments
മനോഹരം.👌
പ്രണയം താൻ പാതിയെ കണ്ടെത്തലാണെന്നും പ്രണയം ശരീരത്തിന്റേതല്ല ആത്മാവിന്റെയാണെന്നും നല്ല ഭാഷയിൽ എഴുതി.
❤
Thank you 🙏
നന്നായി എഴുതി
Thank you 🙏
പ്രണയത്തിൻ്റെ ഭാഷ എത്ര മനോഹരം❤️🌹👌
Thank you 🙏
അടിപൊളി ആയി എഴുതി. പ്രണയം ശെരിക്കും വാക്കുകളിൽ വ്യക്തമാണ്.
Thank you 🙏
സുപ്പർ 🌹👏👏👏
Thanks dear 🥰