ഹായ് ലക്ഷ്മീ,
ഞാനെൻ്റെ ഹൃദയം നിൻ്റെ ഹൃദയത്തോടു ചേർത്തു വച്ചിരിക്കുന്നു. ഈ മരുഭൂമിയിൽ ചുട്ടുപൊള്ളുന്ന മണലാരണ്യത്തിൽ വിശിയടിക്കുന്ന ചൂടുകാറ്റിനെ തഴുകുമ്പോൾ വെന്തുരുകുന്ന എൻ്റെ മനസ്സിൻ്റെ നൊമ്പരം ശരീരത്തെ ആകമാനം പൊതിയുമ്പോൾ, ലക്ഷ്മി നീയിരിക്കുന്ന പടിവാതിലിലൂടെ കടന്നുപോകുന്ന കാറ്റിലുടെ ഒഴുകിയെത്തുന്ന സുഗന്ധം നിന്നെ തഴുകി ഇവിടെ എത്തിയെങ്കിൽ എന്നാശിച്ചു പോകുന്നു. മലയാളത്തിൻ്റെ തനിമയും മഴവില്ലഴകുമുള്ള നിന്നെ ഞാനെൻ്റെ ഹൃദയത്തോടു ചേർത്തു വച്ചിരിക്കുകയാണ്.
മലയാള ഭാഷയുണ്ട ഭംഗി നിൻ്റെ ചിരിയിലും ചുണ്ടിലും കവിൾത്തടങ്ങളിലും കുളിർ നെറ്റിത്തടങ്ങളിലും കണ്ണിണകളിലും ഞാൻ കാണുന്നു. എല്ലാറ്റിനോടും എനിക്കു പ്രണയമാണ് ലക്ഷമി… മണ്ണും മഴയും നിലാവും കാറ്റും കാട്ടാറും പുഴകളും മലകളുമെല്ലാം നിന്നോടൊപ്പം ഞാൻ പ്രണയിക്കുന്നു
നീ വിളിക്കുമ്പോൾ സുഖമെന്നല്ലാതെ ഞാനെന്തു പറയാൻ?
ഓർമ്മയിൽ നീയും നമ്മുടെ നാടും മാത്രമേ ഓർക്കാനുള്ളു. എനിക്കെൻ്റെ ഹൃദയം നിൻ്റെ ഹൃദയത്തോടു ചേർത്തു വയ്ക്കാനല്ലാതെ എന്തു ചെയ്യാനാവും. കൂടെക്കൂട്ടാൻ തക്കവണ്ണം ബാലൻസില്ലാത്ത പ്രവാസത്തിന് വിരഹാഗ്നി പേറി ജീവിതം എരിഞ്ഞടങ്ങുന്നതു കാണാനേ കഴിയൂ. എന്നാലും ഒരു മാരിവിൽ ചന്തം പോലെ എൻ്റെ ഹൃദയം നിൻ്റെ ഹൃദയത്തോടു ചേർത്തു വച്ചു ഞാനൊന്നുറങ്ങട്ടെ.
എരിവെയിലിൽ കുട ചൂടാതെ, തണലിൻ്റെ മറയില്ലാതെ, എരിവെയിലിലും കൊടും തണുപ്പിലും സ്വപ്നങ്ങൾ നെയ്യാമെന്നു മനസ്സിലായത്, നിന്നെ കണ്ടപ്പോഴാണ്. മലയാളിപ്പെണ്ണിൻ്റെ ശാലീനതയോടെ ദേവനെ തൊഴുതുനില്ക്കുന്ന നിന്നെ ചന്ദനക്കുറിയുടെ ചാരുതയിൽ മുടി നിറയെ മുല്ലപ്പൂക്കൾ ചൂടി, മൂക്കുത്തിയണിഞ്ഞ് സെറ്റു മുണ്ട് ഉടുത്ത് ക്ഷേത്രത്തിനു വലം വയ്ക്കുന്ന നിന്നെ കാണാൻ എന്തൊരു ചന്തമാണ്. ലക്ഷ്മീ, ഞാൻ നിന്നെ എൻ്റെ ഹൃദയത്തോടു ചേർത്ത് വച്ചൊന്നുറങ്ങട്ടെ. പ്രണയം എല്ലാം പ്രണയമയമല്ലേ നമുക്ക്? അകലയാണെങ്കിലും !
#പ്രണയദിനം
#മഴവില്ലഴകിൽ പ്രണയം

