മഞ്ഞുപെയ്തുകൊണ്ടിരിക്കുന്ന രാവില്‍ ചെറു ബംഗ്ലാവ് കണക്കെ തലയുയര്‍ത്തി നില്‍ക്കുന്ന ആ വലിയ വീട്. പാതിമാഞ്ഞ ചിത്രം കണക്കെ മരങ്ങള്‍ക്കിടയിലൂടെ അങ്ങിങ്ങായി കാഴ്ചയൊരുക്കി. അകലെയുള്ള സൂര്യന്‍ കണ്ണുതുറക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും മഞ്ഞുമൂടിയ അന്തരീക്ഷം സൂര്യകണങ്ങളെ ചലിക്കാന്‍ സമ്മതിക്കാതെ പിടിച്ചുനിറുത്തിയിരിക്കുന്നു. തണുപ്പിന്റെ കോച്ചലിനൊപ്പം, കാറ്റിന്റെ വേഗതക്കനുസരിച്ച് മഞ്ഞുകണങ്ങള്‍ മരച്ചില്ലകളില്‍ തട്ടി ചിതറിത്തെറിക്കുന്നു. ഹിമപെയ്ത്തുള്ള വായുവില്‍ ശ്വാസം എടുത്താല്‍ പോലും, അത് പതിയെ പുകപ്പടലങ്ങളായി മാറി. ദൂരെനിന്ന് നോക്കുമ്പോള്‍, വീടിന്റെ ഇരുണ്ട കോണുകളില്‍ പേടിപ്പെടുത്തുന്ന നിഴലുകള്‍ നീണ്ടുകിടക്കുന്നു. അനന്തമായ ഒറ്റപ്പെടലിന്റെ ഭയം കോറിയെടുക്കുന്ന അന്തരീക്ഷം.
മൂടിക്കെട്ടിയിരുന്ന അകത്തളത്തില്‍ വെളിച്ചത്തിനായി ആ വീടിന് ഒരേയൊരു ജാലകമേയുണ്ടായിരുന്നൊള്ളൂ. വീട്ടിന്റെ പുറവശത്തുള്ള, പച്ച പെയിന്റ് ഉരുണ്ടുപോയ ഒരു പഴയ ജാലകം. വര്‍ഷങ്ങളായി ആരും തുറക്കാന്‍ ധൈര്യപ്പെടാത്ത, എപ്പോഴും അടഞ്ഞുകിടക്കുന്ന ജാലകം. ആ ജാലകക്കൊളുത്തുകള്‍ക്ക് ചുറ്റും ഈയം ഒഴിച്ചടച്ചതുപോലെ മഞ്ഞുകട്ടകളാള്‍ അടക്കപ്പെട്ടിരിക്കുന്നു. നാട്ടുകാര്‍ക്കൊക്കെ ഈ വീടിനെപറ്റിയും അടച്ചിട്ട ജാലകത്തെ പറ്റിയും പല പേടിപ്പെടുത്തുന്ന കഥകളും പറയാനുണ്ടായിരുന്നു, നാട്ടുകാര്‍ ആരുംതന്നെ ആ വീടിന്റെ പരിസരത്തേക്കുപോലും അടുക്കാറില്ല.
ഈ വീട് വില്‍പനക്കുള്ളതാണ്. പലരും കാണാന്‍ വരുന്നുണ്ടെങ്കിലും ആരുംതന്നെ അത് വാങ്ങാന്‍ തയ്യാറാകുന്നില്ല. വന്നവരില്‍തന്നെ ചിലര്‍ മാത്രമെ അവിടെയൊന്ന് കയറി നോക്കാന്‍ തുനിന്നൊള്ളൂ. പലരും ദൂരെനിന്നുതന്നെ ഒരു നോക്കുനോക്കി പിന്തിരിഞ്ഞു. മറ്റു ചിലര്‍ അതിന്റെ ചരിത്രം കേള്‍ക്കുമ്പോള്‍ കച്ചവടം മതിയാക്കി മടങ്ങും. എന്നാല്‍ അതിന്റെ ഇപ്പോഴത്തെ ഉടമയായ രാമചന്ദ്രനാശാന്‍ ഒരിക്കലും ആ വീടിനെകുറിച്ചോ, ജാലകത്തെക്കുറിച്ചോ ആരോടും ഒന്നും പറഞ്ഞില്ല. ഇടക്കു തന്റെ പരിചാരകനെയും കൂട്ടി രാമചന്ദ്രനാശാന്‍ ഈ വഴിവരും. ഒരിക്കലും പിറകുവശത്തെ അടച്ചിട്ട ജാലകത്തിലേക്ക അദ്ദേഹത്തിന്റെ നോട്ടം തിരിയാറില്ല. അയാള്‍ക്ക് അതിനുള്ളിലെ ഓര്‍മ്മകളറിയാമെന്നത് വ്യക്തം. പക്ഷേ, ആ ഓര്‍മ്മകളെ മുഴുവന്‍ മറക്കാന്‍ ശ്രമിക്കുകയായിരുന്നു അയാള്‍, എങ്ങനെയെങ്കിലും കച്ചവടം നടത്തണം.
വീടുവാങ്ങാന്‍ താല്‍പ്പര്യപ്പെട്ട് വില്‍സണ്‍ എന്ന ഒരു ചെറുപ്പക്കാരന്‍ വന്നു. ആ വീടിന്റെ അന്തരീക്ഷവും, നികൂഢതയും അദ്ദേഹത്തെ വല്ലാതെ ആകര്‍ഷിച്ചു. പിന്തിരിപ്പിക്കാന്‍ ശ്രമിച്ച നാട്ടുകാരോട് അദ്ദേഹം പറഞ്ഞു, ‘അത് എനിക്ക് വേണം.’
അധികം വൈകാതെതന്നെ വില്‍സണ്‍ രാമചന്ദ്രനാശാനുമായി ബന്ധപ്പെട്ട് ഇടപാട് പൂര്‍ത്തിയാക്കി വീട്ടില്‍ താമസം തുടങ്ങി. ആദ്യ രണ്ട് ദിവസങ്ങള്‍ പ്രത്യേകിച്ച് ഒന്നും സംഭവിക്കാതെ കടന്നുപോയി. ഒറ്റയ്ക്ക് കഴിയുന്നതിന്റെ ശാന്തത അദ്ദേഹം വേണ്ടുവോളം ആസ്വദിച്ചു. പകല്‍ പരിസരം മുഴുവന്‍ നടന്നുകണ്ടു. മഞ്ഞുപെയ്തുകൊണ്ടിരിക്കുന്ന രാവുകള്‍ അദ്ദേഹത്തിന് നന്നേ ഇഷ്ടപ്പെട്ടു.
പക്ഷേ മൂന്നാം ദിവസം രാത്രിയില്‍ അകലെയെവിടെനിന്നോ ഒരു കരച്ചില്‍ശബ്ദം കേള്‍ക്കാനിടയായി, പുറത്തിറങ്ങി ശ്രദ്ധിച്ചപ്പോള്‍ അദ്ദേഹത്തിന് അതൊരു സ്ത്രീയുടെ കരച്ചിലാണെന്ന് മനസ്സിലായി. മുറ്റത്തേക്കിറങ്ങിയപ്പോള്‍ ഒരു ശബ്ദവും കേള്‍ക്കാനില്ല. പക്ഷേ പിറകുവശത്തേക്ക് പോയപ്പോള്‍ അദ്ദേഹത്തിനു മനസ്സിലായി അത് അടച്ചിട്ട ആ ജാലകത്തിന്റെ ഉള്ളില്‍നിന്നാണെന്ന്.
വില്‍സണ്‍ വീടിന്റെ ഉള്ളില്‍ കേറി കിടന്നു, അദ്ദേഹത്തിന് ഉറങ്ങാനായില്ല്. ഓരോ നിമിഷം ചെല്ലുംതോറും കരച്ചിലിന്റെ ശക്തി കൂടികൂടിവന്നു. പതിയെ, വില്‍സണിന്റെ മനസ്സിലൊരു പേടിപ്പെടുത്തുന്ന ആശങ്ക പൂവിട്ടു. നേരംവെളുത്തതും അദ്ദേഹം അവിടുത്തെ നാട്ടുകാരുടെ അടുത്ത് ചെന്ന് ആ വീടിന്റെ ചരിത്രം കേള്‍ക്കാന്‍ തയ്യാറായി. നേരത്തെ താമസിച്ചിരുന്നവര്‍ പലരും ഇടക്കിടെ വീടുവിട്ടൊഴിഞ്ഞതായി മനസ്സിലാക്കി. പണ്ടുകാലത്ത് ആ വീട്ടില്‍ സംഭവിച്ച കാര്യങ്ങളൊക്കെ വില്‍സണ്‍ മനസ്സിലാക്കി.
വിശ്വനാഥന്‍ നായര്‍ ഒരു ഉയര്‍ന്നകുടുംബത്തില്‍ പിറന്ന ഒരു ഭീമാകാരനായ ധനികനായിരുന്നു. അവന്റെ വാക്ക് ആ നാട്ടിലെ ചെറുതും വലുതുമായ മനുഷ്യര്‍ അനുസരിക്കല്‍ നിര്‍ബന്ധമായിരുന്നു. ഒരുപാട് വലിയ ഭൂസ്വത്തുക്കളും അനവധി കര്‍ഷകരും അവന്റെ കീഴിലുണ്ടായിരുന്നു. അവന്റെ ഭാവം ശാന്തനായി തോന്നിയിരുന്നെങ്കിലും, അവന്റെ ഉള്ളില്‍ അന്തര്‍ലീനമായ ക്രൂരമനസ്സ് ആര്‍ക്കും കാണാന്‍ കഴിഞ്ഞിരുന്നില്ല.
കമലാവതി ആ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തിലെ സുന്ദരിയായ പെണ്‍കുട്ടിയായിരുന്നു. ചുരുണ്ട മുടിയും കറുത്ത കണ്ണുകളും ഒക്കെയുള്ളവള്‍, ഏവര്‍ക്കും പ്രിയപ്പെട്ടവള്‍. പക്ഷേ, വിശ്വനാഥന്‍ നായര്‍ക്ക് അവള്‍ കണ്ണിലെ കരടായത് അവളുടെ ഭംഗിയാലല്ല, മറിച്ച് അവളുടെ കഠിനമായ മനസ്സുകൊണ്ടായിരുന്നു. നന്നായിട്ട് പഠിക്കുകയും, നീധിക്കുവേണ്ടി ശബ്ദിക്കുകയും ചെയ്തിരുന്ന അവള്‍, വിശ്വനാഥന്‍ നായരുടെ – വിദ്യാഭ്യാസത്തിന് എതിരായിരുന്ന എല്ലാ സമ്പ്രദായങ്ങളെയും നിരന്തരം എതിര്‍ത്തുകൊണ്ടിരുന്നു. ഗ്രാമത്തിലെ ദുരാചാരങ്ങളെ ചോദ്യം ചെയ്തിരുന്ന അവളെ തന്റെ വരുതിയിലാക്കാന്‍ വിശ്വനാഥന്‍ നായര്‍ പതിനെട്ടടവുകളും പയറ്റിനോക്ക്. പക്ഷെ അവള്‍ അദ്ദേഹത്തിന് കീഴ്‌പ്പെട്ടില്ല. തന്റെ അഭിമാനത്തെ ചോദ്യംചെയ്ത കമലാവതിയെ എന്തുവിധേനയും കീഴ്‌പ്പെടുത്താന്‍ അദ്ദേഹത്തിന്റെ ക്രൂരമനസ്സ് തീരുമാനമെടുത്തു.
കാറ്റും മഴയുമുള്ള ഒരു രാത്രി. നേരം പുലര്‍ന്നപ്പോള്‍ തന്റെ കൊച്ചുവീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന കമലാവതിയെ കാണുന്നില്ല. അവളുടെ അമ്മയും അച്ഛനും ദിവസങ്ങളോളം അവളെ തേടി ഗ്രാമത്തിന്റെ നാനാ ദിക്കുകളിലും ഓടിക്കൊണ്ടിരുന്നു. കമലാവതിയെകുറിച്ച് ഒരു വിവരവും കിട്ടിയില്ല. ദിവസങ്ങള്‍ കഴിഞ്ഞു. കമലാവതിക്കുവേണ്ടിയുള്ള ഗ്രാമത്തിലെ തിരച്ചില്‍ പതിയെ ശാന്തമായികൊണ്ടിരുന്നു. അവള്‍ മരിച്ചുപോയിട്ടുണ്ടാവും എന്ന് എല്ലാവരും വിധിയെഴുതി.
പക്ഷേ, കമലാവതി മരിച്ചിട്ടുണ്ടായിരുന്നില്ല. അവള്‍ വിശ്വനാഥന്‍ നായരുടെ ആ വലിയ ബംഗ്ലാവിന്റെ പിറകുവശത്തുള്ള ഒറ്റജനല്‍ അകത്തളത്തില്‍ ഒറ്റയ്ക്ക് തളയ്ക്കപ്പെട്ടിരിക്കുകയായിരുന്നു. വിശ്വനാഥന്റെ ആജ്ഞപ്രകാരം അവളെപിടിച്ചുകൊണ്ടുവന്ന് ജാലകത്തിന് പുറത്തുനിന്ന് കാണാന്‍ പറ്റാത്തവിധം, മുറിയുടെ വാതില്‍ പുറത്തുനിന്നുമാത്രം തുറക്കാവുന്ന വിധം പൂട്ടിയിട്ടിരിക്കുന്നു.
ആ മുറിയിലേയ്ക്ക് വെളിച്ചം കടന്നുപോകുന്നത് അടച്ചിട്ട ആ ജാലകത്തിലൂടെ മാത്രമായിരുന്നു. അകത്തു കയറിയാല്‍ പരസ്പരംപോലും കാണാന്‍ പറ്റാത്ത അന്ധകാരമായിരുന്നു. വിശ്വനാഥന്‍ നായര്‍ അവളോട് കരുണയില്ലാതെ പെരുമാറിക്കൊണ്ടിരുന്നു. അവളെ വെളിച്ചത്തില്‍നിന്നും പുറത്തുനിന്നുള്ള ശുദ്ധവായുവില്‍നിന്നും അകറ്റിനറുത്തി. അവളുടെ ശബ്ദം ആരും കേള്‍ക്കാതിരിക്കാന്‍ കനാല്‍വശത്തുള്ള ആ മുറിയില്‍ ഒറ്റയ്ക്കാക്കി അടച്ചുവെച്ചു.
ആരുടെയെങ്കിലും സഹായം കിട്ടുമോ എന്ന് പ്രതീക്ഷിച്ച്, കമലാവതി ആ തടവറയില്‍നിന്നും നിലവിളിച്ചുകൊണ്ടിരുന്നു. പക്ഷേ, ആരും ഒന്നും കേട്ടില്ല. വീട്ടിലെ വേലക്കാരും മറ്റും അവളുടെ നിലവിളികള്‍ അവഗണിച്ചുകൊണ്ടിരുന്നു. അവളുടെ ശബ്ദം ആ വീടിനുചുറ്റും മൂടക്കിടന്ന മഞ്ഞുപാളികളില്‍ അലിഞ്ഞുചേര്‍ന്നു.
ആദ്യമൊക്കെ അവള്‍ക്ക് ആവശ്യത്തിന് ഭക്ഷണം ലഭിച്ചിരുന്നു. പക്ഷേ, പതിയെ, ഭക്ഷണവും വെള്ളവും കുറയുകയും, അവളുടെ അവസ്ഥ മോശമാവുകയും ചെയ്തു. അവളുടെ കരച്ചില്‍ പതിയെ തളര്‍ന്നു തുടങ്ങി.
ഒരു രാത്രി, തന്റെ മുന്നിലെത്തിയ വിശ്വനാഥന്‍ നായറോട്, അവളുടെ അവസാന ആവലാതി അറിയിച്ചു. ‘നിങ്ങള്‍ എന്നെ ഇതില്‍നിന്ന് വിട്ടയക്കില്ലെങ്കില്‍, എന്റെ ജീവന്‍ അവസാനിച്ചാല്‍ എന്റെ ആത്മാവ് ഇതിന്റെ ഭിത്തികളിലാവും ജീവിക്കുക.’
പക്ഷേ, വിശ്വനാഥന്‍ നായര്‍ അവളെ കളിയാക്കി. ‘നിന്റെ ആത്മാവ് ഇവിടെ ഉഴലുകയാണെങ്കില്‍ ഉഴലട്ടെ! എനിക്ക് യാതൊരു ഭയവുമില്ല.’ വിശ്വനാഥന്‍ അവിടെനിന്നും ഇറങ്ങിപ്പോയി.
അവളപ്പോഴും ആ തടവില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. പലതവണ, അവളുടെ നഖങ്ങള്‍ അതിന്റെ വാതിലുകള്‍ക്ക് നേരെ നീണ്ടു. അവളുടെ അവസാന ശക്തിയുപയോഗിച്ച് അവള്‍ അതിന്റെ ഒരേയൊരു ജാലകത്തിലേക്ക് കയറാന്‍ ശ്രമിച്ചു. അവള്‍ അതിന്റെ വാതില്‍ തള്ളിക്കളയാന്‍ ശ്രമിച്ചു. പക്ഷേ അവള്‍ ക്ഷീണിച്ച് താഴേക്ക് വീണു. തല തറയിലിടിച്ച് രക്തം വാര്‍ന്നു.
വിശ്വനാഥന്‍ നായര്‍ മുറി തുറന്നപ്പോള്‍, അവള്‍ താഴെ കിടക്കുകയായിരുന്നു. അവളുടെ കാല്‍ തളര്‍ന്നിരുന്നു, അവള്‍ക്ക് ഉയര്‍ന്നു നില്‍ക്കാന്‍ സാധിച്ചില്ല. പക്ഷേ, അവളുടെ കണ്ണുകള്‍ അവനെ നോക്കി. ഇനി നീ എന്തുചെയ്താലും ഞാന്‍ ഇവിടം വിട്ടുപോവില്ല. അവളുടെ ചുണ്ടുകളില്‍ നിന്ന് പുറത്തുവന്ന അവസാന വാക്കുകള്‍. വിശ്വനാഥന്‍നായര്‍ വാതില്‍പൂട്ടി പുറത്തുവന്നു. ഇനിയൊരിക്കലും ഈ വാതില്‍ തുറക്കില്ലെന്ന പ്രതിജ്ഞയാടെ.
പല ദിവസങ്ങള്‍ കഴിഞ്ഞു. വിശ്വനാഥന്‍ നായര്‍ ഒരു രാത്രി ആ മുറിയുടെ ജാലകം തുറന്നുനോക്കാന്‍ തീരുമാനിച്ചു. പിന്‍വശത്തുചെന്ന് ജാലകം തുറന്നപ്പോള്‍ അവന്‍ കണ്ടത്… അവളുടെ ചുവന്ന കണ്ണുകള്‍ മാത്രം. അവന് അവിടെനിന്നും അനങ്ങാന്‍ കഴിഞ്ഞില്ല. പെട്ടെന്ന് ജാലകപാളി തുറന്ന് ഒരു കൈ പുറത്തേക്കു നീണ്ടു. വിശ്വനാഥന്റെ കഴുത്തിനുപിടിച്ചു. രണ്ടുപിടച്ചില്‍ വിശ്വനാഥന്റെ അവസാന ശ്വാസവും അവസാനിച്ചപ്പോള്‍ പുറത്തേക്കുനീണ്ട കൈ ഉള്ളിലേക്ക് വലിഞ്ഞു.
നേരംവെളുത്തപ്പോള്‍ പരിചാരകരും മറ്റും കാണുന്നത് വിശ്വനാഥന്റെ നിശ്ചലമായ ശരീരമാണ്. പിന്നീട് ആരും ആ വീട്ടില്‍ താമസിച്ചിട്ടില്ല.
ആ ജാലകം ഒരിക്കലും പിന്നീട് തുറക്കപ്പെട്ടിട്ടില്ല. ആരെങ്കിലും അതിനെ തുറക്കാന്‍ ശ്രമിച്ചാല്‍, കമലാവതിയുടെ പിടിയിലാവും. അവള്‍ ആ മുറിയുടെ ഇരുണ്ട അന്തരീക്ഷത്തില്‍ കാത്തിരിക്കുകയാണ്. ആളുകള്‍ വിശ്വസിച്ചു.
വില്‍സണ്‍ പഴയ കഥകളെക്കുറിച്ച് കേട്ടതിന്റെ ഭയത്തിലും ഉത്കണ്ഠയിലും, ആ രാത്രി ഏതോ പ്രേരകശക്തിയുടെ ധൈര്യത്തില്‍ ജാലകം തുറക്കാന്‍ തീരുമാനിച്ചു. ഒരുപാട് വര്‍ഷങ്ങളായി അടഞ്ഞു കിടന്നിരുന്ന ജാലകത്തിന്റെ വാതിലുകളില്‍ വിരലുകള്‍വെച്ച് പതിയെ ഞെക്കി തുറക്കാന്‍ ശ്രമിച്ചു. അത് നല്ല രീതിയില്‍ അടച്ചു ഭദ്രമാക്കിയിട്ടുണ്ടെന്ന് അവന് മനസ്സിലായി. അതിന്റെ അതിരുകള്‍ വളരെ ശക്തമായി പൂട്ടിയിരിക്കുന്നു. എന്നിരുന്നാലും അവന്‍ ശക്തിയായി അത് തുറക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. നിശ്ചലമായ ആ സമയം, പെട്ടെന്ന് അകത്തുനിന്ന് ഒരുകൈ അവന്റെ കഴുത്തിന് പിടിച്ചു! ഒരു തണുത്ത കൈ… ആഴത്തിലുള്ള മുറിവുകളുള്ള, മരിച്ചുനശിച്ച ഒരു കൈ! അവന് അതിന്റെ ചൂട് പോലും അറിയാന്‍ കഴിയാത്തവിധം തണുത്തുറഞ്ഞിരിക്കുന്നു. അതിന്റെ പിടിയില്‍ നിന്ന് മോചിതനാകാന്‍ അവന്‍ പരമാവധി ശ്രമിച്ചുകൊണ്ടിരുന്നു. കൈ അവന്റെ കഴുത്തില്‍ മുറുകിക്കൊണ്ടിരുന്നു. കരയാന്‍ പോലും കഴിയാതെ, ശ്വാസം മുട്ടിക്കൊണ്ടു, വില്‍സണ്‍ പിടഞ്ഞുകൊണ്ടിരുന്നു. മങ്ങിയ വെളിച്ചത്തില്‍, ജാലകത്തിനകത്തേക്ക് നോക്കിയപ്പോള്‍, അവിടെയൊരു മുഖം പതിഞ്ഞു. അകലെയുള്ള ഇരുട്ടിനുള്ളില്‍ നിന്ന്, തിളങ്ങുന്ന രണ്ട് കണ്ണുകള്‍ അവനെ നോക്കി. അവന്റെ ഹൃദയം ഒരു നിമിഷം നിലച്ചു. അവന്റെ ചിതറിപ്പോയ മനസ്സില്‍ അന്ന് കേട്ട കഥ മുഴുവനും പൊട്ടിച്ചിതറികൊണ്ടിരുന്നു – കമലവതിയുടെ അതിജീവനത്തിനുള്ള അവസാന ശ്രമം, അവളുടെ നിലവിളികള്‍, അവളുടെ കാറ്റിലലിഞ്ഞുപോയ ശബ്ദം!
പെട്ടെന്നാരൊക്കെയോ വെളിച്ചവുമായി അങ്ങോട്ടു ഓടിവന്നു. അവനെ പിടിച്ച കൈയ്യുടെ മുറുക്കം കുറഞ്ഞു. ഒരു ഇരുണ്ട നിലവിളിയോടെ അവന്‍ നിലത്തു വീണു. അടച്ചിട്ട ജാലകം ഇപ്പോഴും തുറന്നിട്ടില്ല. അത് അടഞ്ഞുതന്നെ ഇരിക്കുന്നു. ഓടിവന്ന ആളുകള്‍ അവനെ എടുത്തുകൊണ്ടു വീടിനുപുറത്തേക്ക് പോയി. പിന്നീട് ആരും ആ വീട്ടിലേക്ക് പ്രവേശിച്ചിട്ടില്ല. വില്‍സണ്‍ എണീക്കാന്‍ പറ്റാത്തവിധം കിടപ്പിലായി. എന്താണ് അവന്‍ അന്ന് അവിടെ കണ്ടതെന്ന് മാത്രം ആര്‍ക്കും മനസ്സിലായില്ല. പക്ഷേ, ഇടക്കിടെ അവന്റെ കഴുത്തില്‍ ആ തണുപ്പും, അതിന്റെ ഉറച്ച പിടിയും ഇന്നും വില്‍സന്റെ സ്വപ്‌നങ്ങളില്‍ കടന്നുവന്നുകൊണ്ടിരുന്നു.
അടച്ചിട്ട ജനാലകള്‍
#എന്റെരചന #കൂട്ടക്ഷരങ്ങൾ


1 Comment
മനോഹരം