പ്രിയനേ,
പ്രണയദിനത്തിലൊരു പ്രണയവരി കുറിക്കാനാണ് ഞാൻ പേന തപ്പിയത്. കയ്യിൽ തടഞ്ഞതോ ഇത്തിരിയോളം പോന്ന ഈ കുറ്റിപ്പെൻസിലും. നോക്കി നോക്കി നിൽക്കേ നമ്മുടെ പെൻസിൽകാലം ഒരു വേലിയേറ്റം പോലെ എന്നിലേക്കിതാ തിരതള്ളിക്കയറിവരുന്നു…
അഞ്ചാം ക്ലാസിലെ അഞ്ചാം ബെഞ്ചിൽ മെരുങ്ങാത്ത മഷിപ്പേനയൊന്ന് കയ്യിൽ തെരുപ്പിടിച്ച് ഇതികർത്തവ്യതാമൂഢയായിരിക്കുന്ന എന്നെ നോക്കി ക്ലാസ്സിന്റെ അങ്ങേ പുറത്തുനിന്ന് ഒരു ചിരി പാറിയെത്തിയത് ലജ്ജയോടെ ഞാനിപ്പോളോർക്കുന്നു. വിരലുകൾക്കിടയിൽ ഒതുക്കത്തോടെ ഇരിക്കുന്ന നീലമഷിപ്പേന നീയന്നുയർത്തിക്കാട്ടി വായുവിലെന്തോ കുറിച്ചു. എന്നിട്ട് ‘പേടിക്കാതങ്ങെഴുതു പെണ്ണേ’ എന്നു ഗോഷ്ടി കാട്ടി. വരയിട്ട ബുക്കിൽ പെൻസിലമർത്തി ഉരുട്ടി ഉരുട്ടിയെഴുതിയിരുന്ന ഞാൻ ഗത്യന്തരമില്ലാതെ മഷിപ്പേന കയ്യിലെടുത്തു- പതംവന്ന പതിവുപടിയിൽ അമർത്തിയെഴുതി.. തെളിച്ചം പോരെന്നും ഉരുളിമ പോരെന്നും കരുതി അക്ഷരങ്ങൾക്കുമേൽ വീണ്ടും വീണ്ടുമെഴുതി.
ബുക്ക് കീറി.. നിബ്ബൊടിഞ്ഞു! ധാരധാരയായി ഒഴുകിയ കണ്ണീർ വീണുനനഞ്ഞ കടലാസ്, കഥ പൂർത്തിയാക്കി! എരിതീയിൽ എണ്ണയായി ടീച്ചറിന്റെ അടി പിന്നാലെയും… കരഞ്ഞുകരഞ്ഞു ഞാനൊരു വഴിക്കായി! ജനഗണമന പാടി സ്കൂളിന്റെ കൂടു തുറന്നു വെളിയിലിറങ്ങുമ്പോഴും ജൂണിലെ മഴയോടൈക്യദാർഢ്യം പ്രഖ്യാപിച്ച് ഞാനും തോരാൻമടിച്ചു പെയ്യുന്നുണ്ടായിരുന്നു .. പിന്നിൽ നിന്നു വന്ന് മാജിക്കും മന്ത്രവും ഒന്നുമില്ലാത്ത ചീട്ടിത്തുണിയുടെ പഴയ സെന്റ് ജോർജ് കുടയിൽ നീയെന്നെയന്ന് കൂടെക്കൂട്ടിയപ്പോൾ ഒടിഞ്ഞനിബ്ബുകൊണ്ട് നിന്റെ കണ്ണിലൊന്നു കുത്താനാണ് എനിക്ക് തോന്നിയത്. എന്നാൽ കരുതലിന്റെ ഇടതുകരം നീട്ടി എന്നെ നീ ചേർത്തുപിടിച്ചപ്പോൾ മഴയാകെ ഒഴിഞ്ഞ് ഒരുകുളിരു മാത്രം ബാക്കിയായത് ഒരു നൊടിയിൽ ഞാനറിഞ്ഞു. തിരിഞ്ഞ് നിന്റെ മിഴിയിലേക്കൊന്നു പാളി നോക്കിയപ്പോൾ ആദ്യമായി ഞാൻ കണ്ടു-അധികാരമാ,യവകാശമാ,യഭിമാനമായ് അതിൽ പൂത്തു നിൽക്കുന്ന ഞാനെന്ന വിടരാൻ വെമ്പുന്ന പുഷ്പത്തെ! അനുരാഗത്തിന്റെ ആദ്യ പരാഗസ്പർശം.
അടുത്തദിവസം പേനയിൽ പുതിയ നിബ്ബുതിരുകി ഞാൻ എഴുതിത്തുടങ്ങി- നമ്മുടെ ജീവിത രാഗത്തിന്റെ നാൾവഴികൾ.. അന്നെന്നെ ചേർത്തുപിടിച്ച ഇടതുകരം ജീവതരംഗത്തിന്റെ ഓരോരോ മുക്കിലും മൂലയിലും, താഴ്ചയിലും മൂർച്ഛയിലും എന്നെ വിടാതെ കാത്തു. പള്ളിക്കൂടത്തിന്റെ ഏകതാനത വിട്ടു പുള്ളിപ്പാവാടയിൽ പൂത്തുലഞ്ഞപ്പോഴും നീയെന്ന വണ്ടെന്നെ വലം വച്ചു.
മഷിപ്പേന ബോൾപ്പെന്നിന് വഴിമാറി. റെയ്നോൾഡ്സ് എന്റെയിഷ്ടതാരമായി. പരസ്പരമുള്ള നമ്മുടെ ഇഷ്ടം ചായം ചേർന്നുചേർന്ന് കടുംചുവപ്പായി. നിന്നെയോർത്ത് ഞാൻ കവിതകളെഴുതി. ഈണം ചേർത്ത് നീയവ എന്റെ കാതിൽ മൂളി. എന്റെ വീണയിലെ ഒറ്റക്കമ്പിയിൽ വിരലുപാകി അനശ്വര പ്രണയത്തിന്റെ ശ്രുതി നീ മീട്ടി. പിന്നീടെപ്പോഴോ ഒരു മിന്നിന്റെ പരിശുദ്ധിയിൽ നാം ഹൃദയം കൊരുത്തപ്പോൾ പച്ചമഷിനിറച്ച ഹീറോ പെൻ നി:ശ്ശബ്ദം അതിനെ പിൻതാങ്ങി ഒപ്പുവച്ചു.
പിന്നെയും പേനകൾ മാറിമാറി വന്നു. പ്രണയം മാത്രമല്ല, ജീവിതവും നാമെഴുതി. താളുമറിഞ്ഞു മറിഞ്ഞ് പുസ്തകത്തിന് മഞ്ഞപ്പേറുന്നുവെങ്കിലും ഇന്നും നാം രചിച്ചു കൊണ്ടേയിരിക്കുന്നു, പ്രണയത്തിന്റെ പുതിയപുതിയ ഗാഥകൾ. പല വർണ്ണങ്ങളൂറുന്ന പേനകൾ നമുക്കിന്ന് സ്വന്തമാണ്. പിണക്കവുമിണക്കവും, വെറുപ്പും ചവർപ്പും, പ്രേമവും സ്നേഹവും, നിസ്സംഗതയും നിർമ്മമതയും ഒക്കെ നമ്മുടെ പേനകളിൽ ഇന്നു നിറയുന്നു. അപ്പോഴും, ഒക്കെയേയും അടിവരയിട്ടൊപ്പുവയ്ക്കുന്നത് പതം വന്ന പ്രണയത്തിന്റെ സാഫല്യമിറ്റുന്ന ശാന്തതയുടെ നീല വർണ്ണമാണ്.
പ്രിയനേ, ഒരു കുറ്റിപ്പെൻസിലിന്റെ അഭാവം തീർത്ത വിഹ്വലതയിൽ നിന്നുയിർകൊണ്ട നമ്മുടെ സൗഹൃദത്തിന്, പ്രണയത്തിന് ഈ പ്രണയദിനത്തിൽ നമുക്ക് നന്ദി പറയാം. പേനകളിലെ മഷിവറ്റുവോളം നമുക്കിനിയും കഥകളെഴുതാം. അവസാനത്തെ തുള്ളിയിലാദ്യമെത്തുന്നത് നീയാവട്ടെ. ഞാനില്ലായ്മയുടെ ഭാരം താങ്ങാൻ നിന്റെ തോളുകൾക്കാവില്ല പ്രിയനേ. അന്നാ ജൂൺമഴയിൽ എന്നെ ചേർത്തുപിടിച്ച നിന്റെ കരം പകർന്ന കരുത്ത് എന്റെ പേനയിലെ മഷി വറ്റുവോളം എന്നെ കാത്തുകൊള്ളും. അപ്പോഴും ഞാൻ നിന്നെ പ്രണയിച്ചുകൊണ്ടേയിരിക്കും..
ഉടലുമുയിരും നിറയ്ക്കുന്ന ഒരു ചുംബനത്തോടെ, ജന്മജന്മാന്തരങ്ങളിലെന്നേയ്ക്കും,
നിന്റെ പ്രേയസി .
#പ്രണയദിനം #വാലെന്റൈൻസ് day


21 Comments
❤️❤️
❤️❤️❤️
എന്ത് രസാ വായിക്കാൻ ❤️
😀😀🫂
😀😀😀
mam
ചിരിക്കാനും, ചിന്തിക്കാനും തോന്നുന്ന എഴുത്ത്🥰💓
നല്ല രസം ഉണ്ട് ട്ടോ. 👍👍
Thank you dear ❤️😀
Thank you സെജീ ❤️🤣
👌👌
മനോഹരം.
മനോഹരം 👌👌❤️❤️❤️
Thank you dear🫂
Thank you dear🫂
മധുരിക്കുന്ന ഓര്‍മ്മകളിലൂടെ മനസ്സിനെ നയിക്കുന്ന ,അനുഭൂതി പകരുന്ന വരികള്‍
Thank you ഗിരീഷ്
♥️♥️♥️മധുരമനോഹര രചന…
♥️♥️♥️പെരുത്തിഷ്ടമായി…
🫂🫂🫂🫂😀
മനോഹരം സിൽവീ❤️👌🌹
മനോഹരം സിൽവി ചേച്ചി
Thank you പവീ ❤️