ഇനിയുമൊരാള്‍ ഇറങ്ങിപ്പോകാതിരിക്കാന്‍ വേണ്ടി അയാള്‍, എല്ലാ വാതിലുകളും ജനലുകളും ഇറുക്കിയടച്ചു. എന്നിട്ടും എവിടെക്കൊയോ തുറന്നിരുന്ന പഴുതുകളിലൂടെ ചെറിയ തണുപ്പ് എപ്പോഴും അകത്തേയ്ക്ക് നുഴഞ്ഞുകയറിയിരുന്നു.
ചിലപ്പോള്‍ അടച്ചിരിക്കുന്ന മറ്റു മുറികളില്‍ കാല്‍പ്പെരുമാറ്റമുള്ള പോലെ അയാള്‍ക്ക് തോന്നിയിരുന്നു. അല്പ്പം ഭയത്തോടെ മുറികളുടെ വാതില്‍ പാളികള്‍ മെല്ലെ തുറന്നുകൊണ്ടയാള്‍ അകത്താരുമില്ലെന്ന് ഉറപ്പുവരുത്തി പോന്നു.
ഉണര്‍ന്നിരുന്ന പകലുകളില്‍, പുറത്തേയ്ക്കിറങ്ങിയപ്പോള്‍ ചില ജനാലകളുടെ പുറം പാളികളില്‍ നഖംകൊണ്ട് പോറിയ ചെറിയ പാടുകള്‍ അയാള്‍ കണ്ടെത്തി. ‘രാത്രികാലങ്ങളില്‍ അവളെ കാണാന് വരുന്ന ജാരന്മാരുടെ നഖക്ഷതങ്ങളായിരിക്കാം അവ’, അയാളൂഹിച്ചു.
ചിലപ്പോള്‍ അവള്‍ മൂളുന്ന താരാട്ടുപാട്ടുകള്‍ ഓര്‍മ്മ വരും. പിന്നെ പിന്നെ.. ആ മൂളല്‍ ഉച്ചത്തിലാവും, അപ്പോള്‍ മൊബൈലിന്റെ ഹെഡ്ഫോണ്‍ ചെവിയില്‍ അമരത്തി തിരുകി അതിലുമുച്ചത്തില്‍ പാട്ടുകള്‍ കേള്ക്കും .
ചിലപ്പോള്‍ നിലം നനഞ്ഞുകിടന്നു. തുടയ്ക്കാന്‍ മറന്നുപോയ അവളുടെ കണ്ണുനീരായിരിക്കാം തളം കെട്ടിക്കിടന്നത്, അയാള്‍ അവഗണിച്ചു. ചിലപ്പോള്‍ എന്നോ കാണാതായ അവളുടെ പാദസരമുത്തുകള്‍ കാലില്‍ കൊണ്ട്കയറി വേദനിപ്പിച്ചു. എത്രയന്വേഷിച്ചിട്ടും പിടിതരാതെ അവ ഉരുണ്ടോടിയൊളിച്ചു.
ഓര്‍മ്മകളോട് പൊരുതി തോല്ക്കുമ്പോള്‍ അവളുടെ മെത്തയില്‍ അവള്‍ വായിച്ചു തീരാത്ത പുസ്തകങ്ങളുടെ നടുവില്‍ അയാള്‍ കിടക്കും. അപ്പോഴും അവളുടെ ചൂട് അയാളെ പൊതിയും. പിന്നെ അവളുടെ ഉടുപ്പുകളില്‍ ഒന്നെടുത്തിടും. അവള്‍ കണ്ണാടിയില്‍ ഒട്ടിച്ചുവച്ച ചുവന്ന വട്ടപ്പൊട്ടുകളിലൊന്നെടുത്ത് തൊടും. കണ്ണാടിയില്‍ അവളെപ്പോലുള്ള തന്നെകണ്ടയാള്‍ നെടുവീര്പ്പിടും.
അവളില്ലാത്തിടത്തെല്ലാം ശൂന്യത നിറഞ്ഞതയാള്‍ കണ്ടു. ഒരു തരി പോലും ശൂന്യത അവശേഷിപ്പിക്കാതെ എല്ലാം നിറയ്ക്കണമെന്നയാള്‍ ആശിച്ചു.
എത്ര കൂട്ടിക്കിഴിച്ചിട്ടും ഏത് കണക്കാണ് തനിക്ക് പിഴച്ചതെന്ന് അയാള്ക്ക് കണ്ടുപിടിക്കാനായില്ല.
ഇനിയൊരാള്‍ കയറിവരാതിരിക്കാന്‍ അയാള്‍ ജനലുകളും വാതിലുകളും ചങ്ങലകളിട്ടു ബന്ധിച്ചു.
അവളെയന്വേഷിച്ചിറങ്ങിയ അയാളെ കണ്ടുമുട്ടുകയാണെങ്കില്‍ നിങ്ങള്‍ പറയണം,
‘പ്രണയം മരിച്ചത് അയാളിലായിരുന്നു.
പ്രണയാനന്തരം അയാള്‍ തന്‍റെ ആത്മാവിനെ തിരഞ്ഞ് അലഞ്ഞുതിരിയുന്നു’.
#എന്‍റെ_രചന
#അടച്ചിട്ട_ജനാലകൾ


1 Comment
നഷ്ടപ്പെടുമ്പോൾ മാത്രമേ നഷ്ടങ്ങളുടെ വിലയറിയൂ💞