മൃഗാധിപത്യം നീണാൾ വാഴട്ടെ..
രാജാധി രാജൻ ജടയൻ കീ ജയ്..
കാടാണ് രംഗം.
രാജഭരണം ഒക്കെ അവസാനിച്ചെങ്കിലും ഇന്നും അവരുടെ നേതാവ് ജടയൻ സിംഹം തന്നെയാണ്. പക്ഷികളും മൃഗങ്ങളും ഒക്കെയായി
പതിവില്ലാത്ത ഒരു മൃഗസഭ കൂടിയിരിക്കുകയാണ് അവിടെ. ഉപചാരങ്ങൾക്ക് ശേഷം കാടു വികസന ക്ഷേമ മന്ത്രി കൃപാണി മരംകൊത്തി സംസാരിക്കാൻ തുടങ്ങി.
“കാടിന്റെ അവസ്ഥ വളരെ മോശം ആയിരിക്കുകയാണ് പല ഇടങ്ങളും മനുഷ്യർ വെട്ടിനശിപ്പിച്ചു. ക്ഷമയുടെ നെല്ലി പലക നമ്മൾ കണ്ടു കഴിഞ്ഞു. ഇനി നഷ്ടപെട്ടതെല്ലാം തിരിച്ചു പിടിക്കണം. മാത്രമല്ല മൃഗങ്ങൾ കാടിനു ഉൾകൊള്ളാവുന്നതിലും അധികമായിരിക്കുന്നു ഈ അവസ്ഥക്ക് ഒരു മാറ്റം വേണം. വിഷയം മൃഗസഭക്ക് ചർച്ചക്ക് വിടുന്നു.
ഓരോരുത്തരായി സംസാരിക്കുക കലപില കൂട്ടരുത് നമ്മൾ മനുഷ്യരല്ല എന്നത് ഓർമ്മയിലിരിക്കട്ടെ” എന്ന് പറഞ്ഞു കൃപാണി മരംകൊത്തി സംസാരം അവസാനിപ്പിച്ചു.
ഇനി ചർച്ചയാണ്..
ആദ്യം സംസാരിക്കുന്നത് ഫോക്കച്ചൻ കുറുക്കനാണ്.. “ഞങ്ങൾ ഈ പ്രശ്നം കാലങ്ങൾക്ക് മുൻപേ ഉന്നയിച്ചിട്ടുള്ളതാണ് അന്ന് ഞങ്ങളെ എല്ലാവരും ഒറ്റപ്പെടുത്തി ഇപ്പോൾ കാടുമില്ല നാടുമില്ല എന്ന അവസ്ഥയിൽ ഏതെങ്കിലും കുറ്റിക്കാട്ടിൽ ഒളിവിൽ താമസിക്കേണ്ടി വരുന്നു”.
“നിങ്ങൾക്ക് നാട്ടിൽ ഇറങ്ങാൻ പറ്റാത്തത് നിങ്ങളുടെ മഗ്‌രിബ് ബാങ്ക് കേൾക്കുമ്പോൾ ഉള്ള കൂവൽ കൊണ്ടാണ് നിങ്ങൾ കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുന്ന വിവരം നാട്ടുകാർ അറിയുന്നത്”.
പാരി തത്ത ഫോക്കച്ചനെ എതിർത്തു സംസാരിച്ചു.
“അത് വർഗ്ഗ സ്വഭാവമാണ് കാർന്നോക്കന്മാരായി തുടങ്ങി വെച്ച ശീലം അത് മാറ്റാൻ പറ്റില്ല”.
ഈ സംസാരം കൊണ്ട് കാര്യമില്ല പ്രശ്നത്തിന് പരിഹാരം ആണ് വേണ്ടത് മോങ്കി കുരങ്ങച്ചൻ സംസാരിക്കാൻ തുടങ്ങി. “ഞങ്ങൾ മനുഷ്യരോട് സാമ്യമുള്ള വർഗ്ഗമാണെന്നു ആണ് വെപ്പ്. എന്നിരുന്നാലും കാടിനോട് ചേർന്നുള്ള റോഡുകൾ ഞങ്ങളുടെ ആധിപത്യത്തിൽ തന്നെയാണ് ഇപ്പോഴും.
മെല്ലെ നാട്ടിലേക്കും അടുക്കളയിലേക്കും എല്ലാം കടന്നു ചെല്ലാൻ തുടങ്ങിയിട്ടുണ്ട്. പപ്പടം കുട്ടയുമായി വന്ന എന്റെ അനന്തരവനെ കുറിച്ചുള്ള വാർത്ത ജംഗിൾ ന്യൂസിൽ വന്നതാണല്ലോ”.
മോങ്ങച്ചൻ അഭിമാനത്തോടെ ചുറ്റുമുള്ളവരെ നോക്കി.
ഇനി പീക്കിരി മയിലിന്റെ ഊഴമാണ് “ഞങ്ങൾ ഇപ്പോൾ കാട്ടിൽ നിന്നും ഇറങ്ങി മൊത്തം നാട്ടിൽ തന്നെയാണ്. മനുഷ്യർക്ക് ഇപ്പോൾ കോഴികളെ പോലെയായി ഞങ്ങളും. ഞങ്ങൾ എത്തിയതോട് കൂടി കാക്കകൾ എങ്ങോട്ടോ മാറി പോയിട്ടുണ്ട്.ദേശീയ പട്ടം തന്നിട്ടുള്ള കാരണം ഉപദ്രവിക്കില്ല എന്ന ഉറപ്പുണ്ട്”.
“അതിപ്പോ നിങ്ങളെ എന്നല്ല ആരെയും അവർ ഉപദ്രവിക്കില്ല അതിനുള്ള വകുപ്പില്ല അവർക്ക്.
ജയിലിൽ പോയി കിടക്കേണ്ടി വരും”. എലുമ്പൻ ആനയുടെ അഭിപ്രായം ആണ്.
പക്ഷെ പിഗ്ഗി പന്നി അതിനെ വീറോടെ എതിർത്തു. “ഞങ്ങൾ പിന്നെ കാടിനോട് ചേർന്നുള്ള മിക്കവാറും കൃഷിയിടങ്ങളും നശിപ്പിച്ചിട്ടുണ്ട്. എന്നത് ശരി തന്നെ എല്ലാം നമ്മുടെ കാടു തിരിച്ചു പിടിക്കാൻ വേണ്ടിയാണ്.നമ്മൾ സായുധ വിപ്ലവത്തിന്റെ ആൾക്കാരാണ്. തരം കിട്ടിയാൽ അവർ തിരിച്ചും വെടിവെക്കുന്നുണ്ട്”.
” അത് പിന്നെ അവരുടെ കൃഷി സ്ഥലങ്ങൾ നശിപ്പിച്ചാൽ അങ്ങനെ തന്നെയല്ലേ”
ഇതും ഒരു വർഗ്ഗ സ്വഭാവമാണ് ഫോക്കച്ചാ.. കിട്ടിയ അവസരത്തിൽ പിഗ്ഗി പന്നി തിരിച്ചടിച്ചു.
ഇതിങ്ങനെ തർക്കം തുടരുന്നു എന്നല്ലാതെ ഇതിന് പരിഹാരം ഒന്നും ആയില്ലല്ലോ അധ്യക്ഷൻ ജടയൻ സിംഹമാണ്..
എനിക്ക് പറയാനുള്ളത് പറഞ്ഞു കഴിഞ്ഞില്ല എലുമ്പൻ ആനയാണ് “ഞങ്ങളുടെ വർഗ്ഗത്തിന്റെ കാര്യമാണ് കഷ്ടം നാലു കാലിലും ചങ്ങലയുമിട്ട് എല്ലാം ആഘോഷങ്ങൾക്കും മനുഷ്യർക്ക് ഞങ്ങളെ വേണം. അവർ ആഘോഷിച്ചോട്ടെ!
അതിനു എന്തിനാണ് ഞങ്ങൾ. പണ്ടങ്ങൊ ഏതോ രാജാക്കന്മാർ പ്രൗഢി കാണിക്കുന്നതിനും യുദ്ധത്തിനും ഒക്കെ ഞങ്ങളെ ഉപയോഗിച്ചു എന്ന് വെച്ച് ഇന്ന് അതൊരു ആചാരമാക്കിയാൽ അംഗീകരിക്കാൻ ബുദ്ധിമുട്ട് ഉണ്ട്”. “ഞങ്ങളും സായുധ സമരം തുടങ്ങി കഴിഞ്ഞു. ഓരോ ഉത്സവത്തിലും ഏറ്റവും ചുരുങ്ങിയത് ഒന്നിനെയെങ്കിലും ഞങ്ങൾ പണി കൊടുക്കും. അത് കാട്ടിലായാലും നാട്ടിലായാലും”. എലുമ്പൻ വീറോടെ പറഞ്ഞു നിർത്തി.
അത് കൊണ്ടും പരിഹാരമായില്ല.
“ഇപ്പോൾ ആരൊക്കെയാണ് നാട്ടിൽ ഇറങ്ങിയിട്ടുള്ളത്, ഒന്ന് കൈ പൊക്കാമോ?”
ഓരോരുത്തർ ആയി കൈ പൊക്കി തുടങ്ങി ഫോക്കച്ചൻ കുറുക്കൻ, പിഗ്ഗി പന്നി, കിച്ചു മുള്ളൻ പന്നി, പീക്കിരി മയിൽ, മോങ്കി കുരങ്ങച്ചൻ, എലുമ്പൻ ആന, പാമ്പുകളുടെ പ്രധിനിധിയായി വന്ന കോബ്രാട്ടി മൂർഖൻ, കേശു കഴുത അങ്ങനെ കുറെയേറെ പേർ ഏറ്റവും ഒടുവിൽ കൈ പൊക്കിയ ആളെ കണ്ട് സദസ്സ് ഒന്നടങ്കം അമ്പരന്ന് പോയി.
ടിക്കു കടുവ കാട്ടിൽ ഏക്കർ കണക്കിന് ഭൂമിയുള്ള ആളാണ്. ഇയാളും നാട്ടിൽ ഇറങ്ങിയോ…
“പണ്ടത്തെ പോലെ ഒന്നുമല്ല ഇപ്പോൾ കടുവാ സംഖ്യ വർധിച്ചു.
കാട്ടിൽ ഉൾകൊള്ളനാവാത്ത വിധം. കാടും ആകാശവും എല്ലാം അവർ വെട്ടിപിടിച്ചു.ഇപ്പോഴാണെങ്കിൽകാര്യങ്ങൾ എല്ലാം നമുക്ക് അനുകൂലമാണ്.
ശക്തമായ ഫെൻസിങ് സംവിധാനമൊന്നും ഒരിടത്തുമില്ല. വേട്ടക്കാർ എന്ന വർഗ്ഗം തന്നെ ഇല്ല. നിയമങ്ങളും നമുക്ക് വേണ്ടിയുള്ളതാണെന്ന് തോന്നുന്നു. ഇപ്പോൾ നാട്ടിലേക്ക് ഇറങ്ങാൻ വലിയ പ്രയാസം ഇല്ല.
ഭീമൻ കരടിയും കൈപൊക്കി
“എന്റെ സ്വഭാവം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.
മനുഷ്യനെ ഞാനും വെറുതെ വിടാറില്ല”.
“പെരുചാഴിയും കീരിയും മയിലും അണ്ണാനുമെല്ലാം മനുഷ്യരുടെ ഇടയിൽ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു. ബാക്കിയുള്ളവരും മെല്ലെ ഇറങ്ങി തുടങ്ങുക. നമ്മുടെ ആവാസ സ്ഥലം തിരിച്ചു പിടിക്കുക. ചൂഷണം ചെയ്യാൻ അനുവദിക്കരുത്. ഇതേ നിലയിലാണ് കാര്യങ്ങൾ എങ്കിൽ ഭൂമി മൊത്തം നമ്മൾ പിടിച്ചെടുക്കും. അവരുടെ കയ്യിൽ റോക്കറ്റുകൾ ഉണ്ടല്ലോ അവർ വല്ല ചന്ദ്രനിലും പോയി താമസിക്കട്ടെ”.
വലിയ കയ്യടികളോടെയാണ് ഭീമൻ കരടിയുടെ വാക്കുകൾ സ്വീകരിക്കപ്പെട്ടത്. അടുത്ത സമര മാർഗ്ഗം പ്രഖ്യാപിക്കാൻ അധ്യക്ഷൻ ജടയൻ സിംഹം ക്ഷണിക്കപെട്ടു.
“പ്രിയപ്പെട്ടവരെ ഞാൻ ഇത് വരെ പ്രത്യക്ഷ സമരത്തിന് ഇറങ്ങിയിട്ടില്ല. സിംഹ സംഖ്യ പൊതുവെ കുറവാണെന്നു അറിയാമല്ലോ എങ്കിലും വരൾച്ചയും ഭക്ഷണ ദൗർലഭ്യവും ഞങ്ങളെയും ബുദ്ധിമുട്ടിക്കുന്നുണ്ട്. ഞാനും ഇറങ്ങി തുടങ്ങും”. “അടുത്ത സമരം നമ്മൾ മൃഗങ്ങൾ കൂട്ടത്തോടെ നാട്ടിൽ ഇറങ്ങുന്നത് തന്നെ ആകട്ടെ”.
സമയവും സന്ദർഭവും അറിയിക്കാം. അടുത്തതായി നന്ദി പറയുന്നതിന് കേശു കഴുതയെ ക്ഷണിക്കുന്നു.
“പ്രിയപെട്ടവരെ കാടിന്റെ പ്രശ്നങ്ങൾ കഴിഞ്ഞ സംസാരങ്ങളിൽ നിന്ന് നിങ്ങൾക്ക് മനസ്സിൽ ആയിട്ടുണ്ടാകും എന്ന് കരുതുന്നു. ഭൂമിയെ സംരക്ഷിക്കാൻ കാടു സംരക്ഷിക്കണം എന്നറിയാമായിരുന്നിട്ടും പ്രകൃതിയെ നശിപ്പിക്കാൻ ആണ് മനുഷ്യൻ എന്നും ശ്രമിച്ചിട്ടുള്ളത്. അത് കൊണ്ട് തന്നെ കാടു തിരിച്ചു പിടിക്കേണ്ടത് നമ്മുടെ മാത്രം ആവശ്യമല്ല അത് പ്രകൃതിയോട് ചെയ്യുന്ന നീതിയാണ്. അടുത്ത സമരത്തിൽ എല്ലാവരുടെയും സഹകരണം പ്രതീക്ഷിച്ചുകൊണ്ട് ഈ യോഗം പിരിച്ചു വിട്ടതായി അറിയിക്കുന്നു.
യോഗം കഴിഞ്ഞു തിരികെ നടക്കുമ്പോൾ നീണ്ടൻ ജിറാഫ് ചോദിച്ചു. നമ്മുടെ ഈ സമരങ്ങളിൽ ഒന്നും മനുഷ്യർക്ക് പരാതിയില്ലേ. ഉത്തരം പറഞ്ഞത് രാക്കി പരുന്താണ്.. ഉണ്ട് പക്ഷെ എല്ലാം രണ്ട് ദിവസം അടുത്ത ഒരു പത്രവാർത്തയോട് കൂടി അവർ പുതിയ സംഭവത്തിലേക്ക് തിരിയും.
ഊറി ചിരിച്ചു കൊണ്ട് പരസ്പരം അഭിവാദ്യങ്ങൾ അർപ്പിച്ചു എല്ലാവരും പിരിഞ്ഞു.
ഫൈസി മന്ദലാംകുന്ന്


2 Comments
മൃഗങ്ങൾക്കും ജീവിക്കണം.
അസ്സലായി എഴുതി. മനുഷ്യരെപ്പോലെതന്നെ അവരും ഇരകളാണ്. 👌👌👌