ടോം : അവൻ്റെ ജീവിതം മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായിരുന്നു. ദാരിദ്ര്യത്തിൽ ജനിച്ചു, വളർന്നു. ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാത്ത കുടുംബം. സ്ക്കൂൾ വിദ്യഭ്യാസം പോലും ലഭിക്കാതെ ഓരോ ക്ലാസിലും രണ്ടും മൂന്നുംവർഷം തോറ്റ് എങ്ങിനേയോ ഏഴ് വരെയായി, അതോടെ കഴിഞ്ഞു. പിന്നീടങ്ങോട്ട് അലഞ്ഞു തിരിയുകയായിരുന്നു. ഒരു ഗ്ലാസ് ചായക്ക് പോലും പണമില്ലാതെ കണ്ടിടത്ത് നിന്നെല്ലാം അടക്കയും, നാളികേരവും മോഷ്ടിക്കുകയായിരുന്നു ജോലി. ഇതിൻ്റെ പേരിൽ നാട്ടുകാരുടെ കൈയിൽ നിന്നും പല വിധത്തിലുള്ള ധ്വംസനങ്ങൾക്കും അവൻ വിധേയനായി. ഇതിൻ്റെ പേരിൽ ടോമിൻ്റെ ജീവിതത്തിലെ എല്ലാ വാതിലുകളും കൊട്ടിയടക്കപ്പെട്ടു.
അങ്ങിനെയിരിക്കെ അവൻ മോഷണമെന്നത് ഉപേക്ഷിച്ച് സ്വന്തമായി തൊഴിൽ ചെയ്ത് ജീവിക്കുവാൻ തീരുമാനിച്ചു. അത് അവൻ്റ ജീവിതത്തിലെ ഒരു നാഴികക്കല്ലായിരുന്നു. ഒരു ചെറിയ തട്ടു കട തുടങ്ങുകയായിരുന്നു ആദ്യം. പിന്നീട് അത് ചായ കടയായി, ഹോട്ടലായി അങ്ങിനെ വളർന്നു പ്രശോഭിക്കുവാൻ തുടങ്ങി.
അതിനിടെ അവൻ ഒരു പെൺകുട്ടിയുമായി പ്രണയത്തിലുമായി. പെൺവീട്ടുകാരറിയാതെ മൂന്നാമതൊരാളുടെ സഹായത്തിൽ കത്തുകൾ പരസ്പരം കൈമാറി. പെൺവീട്ടുകാർ ഒരു ദരിദ്ര കുടുംബവുമായിരുന്നു. ഒരു ഓല മേഞ്ഞ വീട്, അവൻ്റേതും അത് പോലെ തന്നെ. കച്ചവടത്തിൽ നിന്നും കിട്ടുന്ന ലാഭം പെൺകുട്ടിക്ക് ചിലപ്പോഴെല്ലാം രഹസ്യമായി കൈമാറും. അങ്ങിനെ രണ്ട് പേർക്കും പരസ്പരം ഒഴിഞ്ഞുമാറാൻ പറ്റാത്ത നിലയിലായി.
അങ്ങനെയിരിക്കെ ടോമിന് ഗൾഫിലേക്ക് ഒരു വിസ ശരിയായി. ഒരു വിധത്തിൽ നാട്ടുകാരുടെ കൈയിൽ നിന്നും പണമെല്ലാം കടം വാങ്ങി ഗൾഫിലേക്ക് പോയി. ടോം പോകുന്നതിന് മുൻപ് തൻ്റെ പ്രണയിനിക്ക് ഒരു വാക്കു കൊടുത്തു. തന്നെയല്ലാതെ മറ്റാരേയും ഞാൻ വിവാഹം കഴിക്കില്ല, തിരിച്ച് അവളും.
ഗൾഫിൽ പോയപ്പോൾ കൃത്യമായ ജോലിയോ ശമ്പളമോ ലഭിക്കാതെ അവൻ ആകെ വിഷമിച്ചു. അവനെ ആദ്യം കൊണ്ടുപോയ അറബിയുടെ അവിടെ നിന്നും അവൻ ഒളിച്ചോടി. മറ്റൊരിടത്ത് രഹസ്യമായി ജോലി ചെയ്യവെ പോലീസിൻ്റെ പിടിയിലായി. അവനെ ജയിലിിലടച്ചു. ഇതോടെ ടോമിൻ്റെ ജീവിതത്തിലെ തുറന്ന ജനവാതിലുകളെല്ലാം വീണ്ടും കൊട്ടിയടക്കപ്പെട്ടു. രണ്ട് വർഷം കഴിയവെ രാജ്യം ഒരു പൊതുമാപ്പ് നൽകി ടോംവീണ്ടും നാട്ടിൽ തിരിച്ചെത്തി. വീണ്ടും ചായ കടയുമായി തുടർന്നുകൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോയി.
അങ്ങിനെയിരിക്കെ അവന് ഗൾഫിലേക്ക് വീണ്ടും ഒരു വിസ ശരിയായി. ഒരു അറബിയുടെ ഹോട്ടലിലേക്കായിരുന്നു. പിന്നീടങ്ങോട്ട് ഉയർച്ചയുടെ ഒരു പടവുകൾ തന്നെയായി ടോമിൻ്റെ ജീവിതം. വലിയ വീട്, നാട്ടിൽ വലിയ കെട്ടിടങ്ങൾ, സ്ഥലങ്ങൾ വേണ്ടുവോളം. ബാങ്കിലെല്ലാം പണം ആവോളം.
ഇതിനിടെ തൻ്റെ പ്രണയിനിയുമായി വിവാഹവും കഴിഞ്ഞു. തൻ്റെ ബാല്യകാലത്ത് തന്നെ ചവിട്ടി തേച്ചവരെല്ലാം തൻ്റെ കാൽച്ചുവട്ടിൽ വന്ന് പണത്തിനായി കെഞ്ചി. പക്ഷേ ടോം ആരേയും നിരാശരാക്കിയില്ല. ഇതോടെ ടോമിൻ്റെ ജീവിതത്തിലെ അടച്ചിട്ട ജനാലകളെല്ലാം എന്നന്നേക്കുമായി മലർക്കെ തുറക്കുകയായി. അത് പിന്നീട് ഒരിക്കലും അടക്കേണ്ടതായിട് ടോമിന് വന്നില്ല.
✍️ ദിനേഷ് ബാബു.

