തോളിൽ തൂക്കിയ ബാഗിന്റെ സ്ട്രാപ്പിൽ മുറുകെ പിടിച്ച് അവൾ മുന്നോട്ട് നടന്നു. ആ ബാഗിൽ മുഴുവൻ അവനാണ്. അവനെ ഉപേക്ഷിക്കാനാണ് ഈ പോക്ക്. എവിടെ എങ്ങനെ ഉപേക്ഷിക്കുമെന്ന് അവൾക്കറിയില്ലായിരുന്നു. ഉപേക്ഷിക്കാനാവുമോ എന്ന് പോലും.
റോഡ് മുറിച്ച് കടക്കാൻ തുടങ്ങുമ്പോഴാണ് അവൾക്ക് ശ്വാസം മുട്ടിയത്. അടുത്തുകൂടെ കടന്നു പോയ ഏതോ ഒരു അപരിചിതന് ഇന്ന് വരെ കാണാത്ത അവന്റെ മണം. ഈ ശ്വാസം മുട്ടൽ സഹിക്കാൻ വയ്യാതെയാണ് അവൾ വീട്ടിൽ നിന്ന് ഇറങ്ങി നടന്നതെന്ന്, അനക്കാനാവാത്ത അവളുടെ കാലുകൾ ഓർമ്മിപ്പിച്ചു. കണ്ണടച്ചാലും തുറന്നാലും കണ്ടിരുന്ന അവന്റെ ചിരി വീണ്ടും തെളിഞ്ഞു വന്നവളുടെ കണ്ണുകൾ മൂടുന്നു. അവന്റെ ശബ്ദം ചെവിയിൽ വന്നലച്ച് ചെവിയടഞ്ഞു പോകുന്നു.
വേദനയുണ്ട്. നല്ല വേദനയുണ്ട്. നെഞ്ച് പൊളിയുന്ന വേദന. ശ്വാസം കിട്ടാതെ പിടയുന്ന വേദന. കൂടെയുള്ളപ്പോഴും
ഇത് തന്നേ ആയിരുന്നു. അതുകൊണ്ടാണത് വേണ്ടെന്ന് വെച്ചത്. ഇപ്പോൾ നഷ്ടത്തിന്റെ ചോര വാർന്നൊഴുകുന്ന വേദനയയേ ഉള്ളു.
അപമാനത്തിന്റെ ചതവിന്റെയും പൊട്ടലിന്റെയും വേദനയില്ലായ്മയുടെ ആശ്വാസമുണ്ട്.
പറഞ്ഞു പഠിപ്പിച്ചത് ഒരിക്കൽ കൂടെ സ്വയം പറഞ്ഞവൾ മുന്നോട്ട് നടക്കാൻ ആഞ്ഞു. സിഗ്നൽ മാറിയതും ദൂരെനിന്നു ട്രക്ക് പാഞ്ഞു വന്നതും അവൾ കണ്ടില്ല. ഇടിയിൽ പൊങ്ങി താഴെക്ക് വീണത് തോളിലെ ബാഗിലെക്കായിരുന്നു. അവൻ സമ്മാനമായയച്ച, അവളിതുവരെ പൂശാതെ വെച്ച സുഗന്ധക്കുപ്പി ബാഗിലിരുന്ന് പൊട്ടി അവളെ പുണർന്നുകൊണ്ട് അവിടമാകെ സുഗന്ധം പരന്നു…
ഒടുവിലായകത്തേക്കെടുത്ത ശ്വാസ കണികയിൽ അവന്റെ ഗന്ധമുണ്ടായിരുന്നു.


2 Comments
❤️👌🌹
👌👌