വളരെ കഷ്ടപ്പെട്ടിട്ടാണ്, ടൗണിൽനിന്ന് കുറച്ച് അധികം ദൂരമുണ്ടെങ്കിലും ഒരു വീട് വാടകയ്ക്ക് കിട്ടിയത്. എഴുതാൻ ഇതിലും ശാന്തമായ സ്ഥലം വേറെ കിട്ടില്ല. ഒരു മാസത്തെ ലീവ് കിട്ടാൻ കഷ്ടപ്പെട്ടെങ്കിലും എഴുത്ത് തുടരാൻ സാധിക്കുന്നത് തന്നെ ഭാഗ്യം.
ഞാൻ വീടിന്റെ വാതിൽ തുറന്ന് അകത്തു കയറി. ഒരു കിടപ്പ് മുറിയും അടുക്കളയും ടോയ്‌ലെറ്റും മാത്രമുള്ള കുഞ്ഞ് വീട്. ഒരു മാസത്തേയ്ക്ക് ഇത് ധാരാളം മതിയല്ലോ. കിടപ്പ് മുറിയുടെ ജനാലയ്ക്കരികിൽ ഞാൻ ഒരു കസേര വലിച്ചിട്ട് ഇരുന്നു. ജനാലകൾ മെല്ലെ തുറന്ന്, പുറത്തേയ്ക്ക് കണ്ണോടിച്ചു. ചെറിയൊരു വഴിയാണ്. ചെളിയും കല്ലും കുഴിയും ഒക്കെയുള്ള വഴിയിലൂടെ കാർ ഓടിക്കാൻ നന്നേ പണിപ്പെട്ടു. എതിർവശത്ത് ചുറ്റും മതിലുകൾ കൊണ്ട് മൂടിയ ഒരു വലിയ വീടുണ്ട്. മതിൽക്കെട്ടുകൾ നന്നേ ഉയരത്തിലായത് കൊണ്ട് വീട് നന്നായ് കാണാൻ സാധിക്കില്ല. ആൾതാമസം ഉണ്ടോയെന്ന് സംശയമാണ്. വെളിച്ചം കാണുന്നില്ല.
അയൽക്കാരെ പരിചയപ്പെട്ടിരിക്കുന്നത് നല്ലതാണ് എന്നോർത്ത് ഞാൻ ഉറങ്ങാൻ കിടന്നു. രാവിലെ എഴുന്നേറ്റ് ജനാലകൾ വീണ്ടും തുറന്നു. ആ വലിയ വീടിന്റെ മുൻപിൽ ഒരു കാർ കിടപ്പുണ്ട്. അപ്പോൾ ആൾ താമസമുണ്ട്.
എന്റെ എഴുത്ത് തുടങ്ങി കഴിഞ്ഞിരിക്കുന്നു. ഇടയ്ക്കിടെ വീടിന്റെ വെളിയിൽ ഇറങ്ങുമ്പോൾ ആ വലിയ വീടിന്റെ മതിലുകളിലേയ്ക്ക് ഒന്ന് നോക്കും. എന്തൊക്കെയോ രഹസ്യങ്ങൾക്ക് മറവ് പോലെ ഒരു നിൽപ്പ്. ജനാലകൾ അടഞ്ഞു തന്നെയാണ് കിടപ്പ്. ഒരു വലിയ നായ പുറത്ത് ഒരു കൂട്ടിൽ കിടപ്പുണ്ട്. അതിന്റെ കുര കേട്ടാണ് ആ ഭാഗത്തേയ്ക്ക് ഏന്തി വലിഞ്ഞു നോക്കിയത്. ഇത് ഇപ്പോൾ കുറേ ദിവസം ആയല്ലോ, ഒന്ന് പോയി ബെല്ലടിച്ചാലോ, അതിന് ഗേറ്റ് പൂട്ടി ഇട്ടിരിക്കുവല്ലേ! ഞാൻ വിചാരിച്ചു.
എന്നും രാത്രി മുകളിലെ നിലയിൽ നേരിയ ഒരു വെളിച്ചം കാണാം. അവിടെ ഒരു സ്ത്രീരൂപത്തിന്റെ നിഴൽ തെളിയും. അവളുടെ കൈയിൽ എന്തോ ഉള്ളത് പോലെ. ഒരു കുഞ്ഞാണോയെന്നാണ് എന്റെ സംശയം. പക്ഷേ കുഞ്ഞിന്റെ കരച്ചിലൊന്നും ഇതുവരെ കേട്ടിട്ടില്ല. എങ്ങനെ കേൾക്കാനാണ്, ഒരു വാതിൽ പോലും തുറക്കാറില്ല. തുണി വിരിച്ചിടാൻ പോലും ആരെയും കാണുന്നില്ല. ചിലപ്പോൾ വീടിന്റെ പിൻ വശത്തായിരിക്കും കൂടുതൽ സമയം അവർ ചിലവിടുന്നത്. ചോദിക്കാൻ ഇവിടെ അടുത്ത് വേറെ വീടൊന്നും തന്നെയില്ല.
ഞാൻ ഉറക്കത്തിലേയ്ക്ക് വീഴാറാകുമ്പോൾ കാറിന്റെ ശബ്ദം കേൾക്കാം. രാവിലെ എഴുന്നേൽക്കുമ്പോൾ കാർ അവിടെ തന്നെയുണ്ട്. ആരായിരിക്കും ആ പെൺകുട്ടി, അവളുടെ കുഞ്ഞിനെ പുറം ലോകം കാണിക്കാൻ എന്താണാവോ മടി.?
എന്റെ കഥ എഴുത്ത് തീരാറായെങ്കിലും ആ വീടും അടഞ്ഞ ജനാലകളും ഒരു ദുരൂഹതയായി തുടർന്നു. ഇന്നെങ്കിലും എന്താണ് അവിടെ നടക്കുന്നതെന്ന് ഒന്നറിയണം. രാത്രി എഴുന്നേറ്റ് ഇരിക്കാൻ ഞാൻ തീരുമാനിച്ചു.
പതിവ് പോലെ നേരിയ വെളിച്ചത്തിൽ ഒരു സ്ത്രീരൂപം പ്രത്യക്ഷപ്പെട്ടു. ഞാൻ എന്റെ കണ്ണുകളെ അടയാതെ ബലമായി തുറന്ന് വച്ചു. താഴെ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ഞാൻ അവിടെയ്ക്ക് നോക്കി ഒരു വയസ്സൻ മറ്റൊരാൾക്കൊപ്പം കാറിൽ കയറി, കാർ ടൗണിന്റെ ഭാഗത്തേയ്ക്ക് പോയി. വെളിച്ചത്തോടോപ്പം അവളും മുറിയിൽ അപ്രത്യക്ഷയായി.. ഇനി അവളായിരിക്കുമോ അയാൾക്കൊപ്പം കാറിൽ പോയത്.?
എന്റെ മനസ്സിൽ കുറേ സംശയങ്ങൾ ഉയർന്നു. ആ പെൺകുട്ടി ആരുടെയെങ്കിലും തടവറയിൽ ആണോ.? അവളുടെ കൈയിൽ ഉള്ളത് അവളുടെ കുഞ്ഞു തന്നെയാണോ,നാളെ എന്തായാലും ആ വീട്ടിൽ ഒന്ന് പോകാൻ ശ്രമിക്കാം. രാവിലെ കാർ പതിവ് പോലെ അവിടെ കിടപ്പുണ്ട്. ഞാൻ പതുക്കെ മതിലിന്റെ ചുറ്റും ഒന്ന് നടന്നു. ഗേറ്റിൽ കുറേ തവണ തട്ടി ഒച്ച ഉണ്ടാക്കി. നായ ഉറക്കെ കുരച്ച പ്പോൾ വാതിൽ തുറന്ന് വയസ്സൻ പുറത്ത് വന്നു. ആരായെന്ന അയാളുടെ ചോദ്യം പ്രതീക്ഷിച്ചെങ്കിലും അയാൾ രൂക്ഷമായൊന്നു നോക്കുക കൂടി ചെയ്തു.
“ഞാൻ ഈ വീട്ടിൽ കുറച്ച് ദിവസമായിട്ട് ഉണ്ടായിരുന്നു. ഇന്ന് തിരിച്ചു പോകുവായത് കൊണ്ട് ഒന്ന് കാണാൻ……. ഇവിടെ വന്നതാ…” ഞാൻ മടിച്ചു മടിച്ചു പറഞ്ഞു.
“ആരെ കാണാൻ” അയാളുടെ ശബ്ദം തന്നെ ഇടിമുഴക്കം പോലെ……
“അല്ല….. ഞാൻ…..” അബദ്ധം പറ്റിയത്പോലെ ഞാൻ പതുക്കെ അവിടെ നിന്ന് പോന്നു.
തിരികെ പോകും വഴി ഒന്നുകൂടെ ആ ജനാലയിലേയ്ക്ക് പാളിച്ചു നോക്കി. ആ പെൺകുട്ടിയും കുഞ്ഞും ഇയാളുടെ തടവറയിലാണ്. അത് ഞാൻ ഉറപ്പിച്ചുവെങ്കിലും അയാളുടെ രൂപവും ശബ്ദവും എന്നെ മറ്റൊന്നും ചിന്തിക്കാൻ അനുവദിച്ചില്ല.
ഞാൻ തിരികെ ജോലിയിൽ കയറാനുള്ള തിരക്കിലായി. രാവിലെ തന്നെ ഓഫീസിലെത്തി, എല്ലാവരും കഥയുടെ വിശേഷങ്ങൾ ചോദിച്ചു. ഒരു പുതിയ കുട്ടിയെ കൂടി അവർ എനിയ്ക്ക് പരിചയപ്പെടുത്തി. ഞാൻ അവധി തുടങ്ങിയ ദിവസം തന്നെ ജോലിയ്ക്ക് കയറിയിരുന്നു. അത് കൊണ്ട് പരിചയപ്പെടാൻ സാധിച്ചില്ല. കയറിയപ്പോൾ തന്നെ നൈറ്റ് ഡ്യൂട്ടിയാണ് സാധാരണ ഇവിടെ കൊടുക്കാറ്.
“അപ്പോൾ ഇനി ഈ മാസം തൊട്ട് പകൽ ഡ്യൂട്ടിക്ക് വരാല്ലേ.? ” ഞാൻ അവളെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.
ചോദിച്ചപാടെ വാ തോരാതെ അവൾ മറുപടി പറഞ്ഞു. “കഴിഞ്ഞ ഒരു മാസം തള്ളി നീക്കാൻ എന്തൊരു ബുദ്ധിമുട്ട് ആയിരുന്നു. പകൽ കണ്ടിട്ടേ ഇല്ല… ഒരേ ഉറക്കം തന്നെ….. ഇനി വേണം ഒന്ന് ഉഷാറാവാൻ. ”
ഓഫീസിൽ നിന്നിറങ്ങിയപ്പോൾ ഞാൻ അവളോട് വീട് ഇവിടെ അടുത്താണെങ്കിൽ ഞാൻ ലിഫ്റ്റ് തരാമെന്ന് പറഞ്ഞു.
“അല്ല… എന്റെ വീട് കുറച്ചു ദൂരെയാണ്. എന്റെ അച്ഛനിപ്പോൾ വരും. എന്നിട്ട് വേണം ഞങ്ങൾക്ക് ടോമിനെയും ലൂക്കായെയും കൊണ്ട് ടൗൺ ഒന്ന് ചുറ്റാൻ. ഒരു മാസമായിട്ട് അവർക്ക് യാതൊരു ഉന്മേഷവും ഇല്ല. എന്റെ നൈറ്റ് ഡ്യൂട്ടി കാരണം അവരെ ശരിക്കൊന്നു കൊഞ്ചിക്കാൻ കൂടി കഴിഞ്ഞില്ല. ഞാൻ സ്വന്തം കാലിൽ നിൽ ക്കുകയെന്നുള്ളത് അച്ഛന്റെ വലിയൊരു സ്വപ്നം ആയിരുന്നു. പിന്നെ ഇന്നെനിക്ക് ആദ്യം ആയിട്ട് സാലറി കൂടി വന്ന ദിവസം ആണ്. ഞങ്ങൾ എൻജോയ് ചെയ്യും. ”
ഒരു ചുമന്ന കാർ ഞങ്ങൾക്ക് നേരെ വന്നു നിന്നു. അവൾ പരിസരം മറന്ന് ടോമി….. ലൂക്കായെന്ന് ഉറക്കെ വിളിച്ചു കൂവി. ഒരു നായ കാറിന്റെ പുറത്തേയ്ക്ക് തല നീട്ടി. അവൾ തൊട്ടടുത്തിരുന്ന പാവയെ എടുത്ത് മാറോടു ചേർത്തു. ടോമികുട്ടായെന്നു വിളിച്ച് അവളെ നോക്കി കുരയ്ക്കുന്ന നായയെ കൂടി അവൾ കൊഞ്ചിച്ചു.
“ടാ നീയെന്റെ ലൂക്കായെ പോരെടുത്തില്ലല്ലോ….
ഉം നിന്റെ കാര്യം ആയത്കൊണ്ട് ചോദിച്ചതാ. വലിയ കുറുമ്പനാ “… അവളെന്നെ നോക്കി നായയെ കണ്ണ് തെറ്റിച്ചു പറഞ്ഞു. ആ കാറും, നായയെയും എനിക്ക് അത്ര പെട്ടന്ന് മറക്കാൻ കഴിയാത്ത കൊണ്ട് ഞാൻ അവയെ തിരിച്ചറിഞ്ഞു.
” ഇതെന്റെ അച്ഛൻ റിട്ടയേർഡ് സബ് ഇൻസ്‌പെക്ടർ ആണ്. റിട്ടയേർഡ് ആയതിന് ശേഷമാണ് ഞങ്ങൾ ടൗണിൽ നിന്നും കുറച്ച് മാറി താമസിച്ചത്. ഇനി ഇവിടെ എവിടെയെങ്കിലും വീട് എടുക്കേണ്ടി വരും. അച്ഛന് എന്റെ ഡ്രൈവർ ജോലി അത്ര ഇഷ്ടപ്പെടുന്നില്ല… അല്ലേ അച്ഛാ. ”
അവൾ പറഞ്ഞു തീർന്നതും ഞാൻ അയാളെ ഒന്ന് നോക്കി. ഇത് അയാൾ തന്നെ……. കാറിൽ നിന്ന് ഇറങ്ങിയ അവളുടെ അച്ഛൻ എന്റെ അടുത്ത് വന്നു നിന്ന് എന്നോട് ചോദിച്ചു.
“ഇയാൾ ഇന്നലെ വീട്ടിൽ വന്നിരുന്നില്ലേ…. പെട്ടെന്ന് പോയി കളഞ്ഞതെന്തേ..”
ഞാൻ പരുങ്ങുന്നത് കണ്ട് അവൾ ഒരു വലിയ ചിരിയോടെ പറഞ്ഞു. ” നിങ്ങൾ മുൻപ് പരിചയപ്പെട്ടിട്ടുണ്ടോ?”
ഞാൻ പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല. അവൾ ഒരു പാവയെ എടുത്ത് തോളത്തു വച്ചു “ലൂക്കാ നമുക്ക് ടൗണിൽ ഒന്ന് കറങ്ങി വരാം “. അവൾ എന്നോട് ബൈ പറഞ്ഞ് കാറിൽ കയറി.
കാർ കണ്ണിൽ നിന്ന് മറയും വരെ ഞാൻ നോക്കി നിന്നു. പിന്നെ എന്റെ കണ്ണുകളെയും അതിലൂടെ കാണുന്ന ചിത്രങ്ങൾ തിരിച്ചറിയാൻ ശേഷിയില്ലാത്ത മനസ്സിന്റെ അടഞ്ഞ വാതിലുകളെയും ഓർത്ത് വെറുതെ പുഞ്ചിരിച്ചു. കാണുന്ന അടഞ്ഞ ജനാലകൾ എന്നേക്കുമായി അടഞ്ഞതല്ലെന്ന് മനസ്സിലാക്കാൻ വൈകി.
അടപ്പ് മുറുകിയ കുപ്പികളിൽ എന്തും ആകാം. അത് വിഷം ആയിരിക്കും എന്ന് എങ്ങനെ ഊഹിക്കാൻ സാധിക്കും. കാഴ്ച്ചകൾക്ക്, ഉപയോഗിക്കുന്ന കണ്ണടകളുടെ സ്വാധീനമുണ്ടെങ്കിൽ അത് മാറ്റി കണ്ണ് തുറന്നു നോക്കാം……. സ്വന്തം മനസ്സിന്റെ വാതിൽ തുറന്ന് ഇട്ടാലും ചിലപ്പോൾ മറ്റുള്ളവരുടെ വാതിൽ അടഞ്ഞു തന്നെ കിടക്കും. മുട്ടി വിളിക്കാൻ ധൈര്യം ഉണ്ടാവണം. മുട്ടിയാൽ അവർ തുറക്കാതിരിക്കില്ല. അങ്ങനെ രണ്ട് തുറന്ന വാതിലുകളിലൂടെ വായുവിന്റെ കൊടുക്കൽ, വാങ്ങലുകൾ നടക്കട്ടെ. പുതിയ ഒരു കഥ എഴുതാൻ തയ്യാറായി ഞാൻ വീട്ടിലേയ്ക്ക് മടങ്ങി.
#എന്റെരചന അടഞ്ഞ ജനാലകൾ #


2 Comments
Super💞
Thank you