💥കഥ :വേർപാടുകൾ
🎇രചന :ബിന്ദു എസ് നായർ
ക്രിസ്തുമസ് അടുത്തെത്തി. തറവാട്ടിൽ മൂത്തമകനോടൊപ്പം താമസിക്കുന്ന
ഈപ്പച്ചനും ഭാര്യ മോളിക്കുട്ടിയും പതിവുപോലെ തന്റെ ബാക്കി നാലാണ്മക്കളെയും ക്രിസ്തുമസ്സിന് വീട്ടിലേക്ക് ക്ഷണിച്ചു. അപ്പച്ചൻ സ്വത്തു ഭാഗം വെക്കാൻ വിളിക്കുകയാണെന്ന മിഥ്യാ ധാരണയിൽ രണ്ടുദിവസം മുന്നേ
മക്കൾ നാലുപേരും തറവാട്ടിൽ എത്തി.
അത്താഴമൂണ് കഴിഞ്ഞ് എല്ലാവരും നടുമുറ്റത്ത് വിശ്രമിയ്ക്കാനിരുന്നു. ഈപ്പച്ചനും മോളിക്കുട്ടിയും പേരക്കുട്ടികൾക്കൊപ്പം കൂടി. കളിയും ചിരിയും ബഹളമയം..
“മക്കളേ, ഈ ക്രിസ്തുമസ് കഴിഞ്ഞാൽ ഞാനും അമ്മച്ചിയും കുറച്ചുകാലം നിങ്ങളോടൊപ്പം വിദേശത്തേക്ക് വന്നാലോ? കുറെ കാലമായില്ലേ ജോണിക്കുട്ടിം പെണ്ണമ്മേം ഞങ്ങളെ സംരക്ഷിക്കാൻ തുടങ്ങിയിട്ട്.. കുറച്ചുനാൾ അവരൊന്നു സ്വാതന്ത്രരാകട്ടെ. നിങ്ങൾ നാലുപേർക്കുമൊപ്പം കുറച്ചുകാലം ഞങ്ങൾക്കുംമാറി മാറി ജീവിക്കാൻ ഒരു കൊതി. എന്താ നിങ്ങടെ അഭിപ്രായം?”
എല്ലാമക്കളുടെയും മുഖഭാവം മാറി. അവർ പരസ്പരം നോക്കി..
ഈപ്പച്ചൻ എല്ലാരേയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ചെറിയമകൻ കുഞ്ഞുമോൻ അപ്പച്ചന്റെയും അമ്മച്ചിയുടെയും അടുത്ത് വന്നുപറഞ്ഞു.
“അപ്പച്ചാ, അമ്മച്ചിയെ കുറച്ചുനാളത്തേക്ക് ഞാൻ കൊണ്ടുപോകുന്നു. ടിക്കറ്റൊക്കെ ഓക്കേ ആക്കിയ ഞാൻ വന്നത്.”
ഈപ്പച്ചൻ ചെറിയ മരുമകളെ അടിമുടി ഒന്നു നോക്കിയിട്ട് മകനോട് ചോദിച്ചു..
“അവിടെ ഹോം നേഴ്സിനൊക്കെ വലിയ ശമ്പളം കൊടുക്കണം.. അല്ലേടാ കുഞ്ഞുമോനേ.”
ഇത് കേട്ടതും ജോണിക്കുട്ടി ശബ്ദം ഉയർത്തി അനിയനോട് പറഞ്ഞു.
“ഞാൻ ഇത്രയും കാലം പൊന്നുപോലെ നോക്കിയ അപ്പച്ചനേം അമ്മച്ചിയേം നിനക്ക് പിരിക്കണോ. നടക്കില്ല മോനേ. കൊണ്ടുപോകുന്നെങ്കിൽ രണ്ടുപേരെയും ഒന്നിച്ചു കൊണ്ടുപോണം. അല്ലെങ്കിൽ അവരെ ഞാൻ നോക്കിക്കോളാം..”
ഇതുകേട്ട ഈപ്പച്ചൻ നിറകണ്ണുകളോടെ ജോണിക്കുട്ടിയെ ഒന്നു നോക്കി. സ്വന്തം കഷ്ടപ്പാടുകൾ മറന്ന് തങ്ങളെ നോക്കുന്ന ജോണിക്കുട്ടി എത്ര വലിയവൻ..
“അപ്പച്ചാ ഒരു ആറ് മാസം എനിക്ക് അമ്മച്ചിയെ കൊണ്ടുപോയെ പറ്റു.. അതുകഴിഞ്ഞാൽ അവളുടെ അമ്മ വരാമെന്ന് പറഞ്ഞിട്ടുണ്ട്. “
കുഞ്ഞുമോൻ കെഞ്ചി പറഞ്ഞു.
ഈപ്പച്ചൻ ഭാര്യയുടെ മുഖത്തേക്ക് നോക്കി. അവരുടെ കണ്ണുകൾ കലങ്ങിയിരുന്നു.
“ബാക്കിയൊക്കെ നാളെ സംസാരിക്കാം. നേരം ഒരുപാടായി. എല്ലാരും പോയി കിടന്നുറങ്ങ്.”
ഈപ്പച്ചൻ ഭാര്യയുടെ തോളിൽ കയ്യിട്ട് പതുക്കെ അകത്തേക്കുപോയി. കിടപ്പുമുറിയുടെ ജനാലകൾ തുറന്നിട്ട്പുറത്തേക്ക് നോക്കിക്കൊണ്ട് മോളിക്കുട്ടി ചോദിച്ചു.. “എന്താ നിങ്ങൾക്കൊരു വിഷമം? എന്തെങ്കിലും വയ്യായ്കയുണ്ടോ. “
“ഏയ്. മോളിപ്പെണ്ണേ. എനിക്കൊന്നുമില്ല. നീ സമധാനായിട്ട് കിടന്നോ. മക്കളെയെല്ലാം ഒന്നിച്ചു കണ്ടതിന്റെ സന്തോഷം കൊണ്ട് നെഞ്ചിനൊരിത്തിരി താളം കൂടിയൊന്നൊരു സംശയം.. സാരമില്ല ഒന്നു കിടന്നാൽ ശരിയാകും. “
നേരം പരപര വെളുത്തു തുടങ്ങി മോളിക്കുട്ടി ഇഞ്ചിയിട്ടു തിളപ്പിച്ച കട്ടൻചായയുമായി ഈപ്പച്ചന്റെ അരികിലെത്തി.
“ഇതിയാനിതെന്നാ ഉറക്കമാ ഇങ്ങോട്ടേണീറ്റെ.. കട്ടൻ തണുത്തുപോകും.”
മോളിക്കുട്ടി അടുത്തുചെന്ന് കുലുക്കി വിളിച്ചു..
“ഈപ്പച്ചായാ..” മോളിക്കുട്ടിയുടെ അടുത്തവിളി ദിഗന്തം പൊട്ടുമാറുച്ചത്തിലായിരുന്നു.
“ങ്ങേ. നിങ്ങള് നേരത്തെയങ്ങ് പോയി. അല്ലേ.. അവനെന്നെ കൊണ്ടുപോണം എന്ന് പറഞ്ഞപ്പോ നിങ്ങള് എന്നെഒറ്റയ്ക്ക് വിട്ടേച്ചങ്ങ് പോയി.”
ഈപ്പച്ചന്റെ മരണശേഷം ആ കിടപ്പുമുറിയുടെ ജാലകങ്ങൾ അടഞ്ഞു തന്നെ കിടന്നു.
ഈപ്പച്ചന്റെ അന്ത്യകർമ്മ ങ്ങളെല്ലാം കഴിഞ്ഞ് ബന്ധുക്കളെല്ലാം പിരിഞ്ഞുപോയി.. ഏതാനും ദിവസങ്ങൾക്കുശേഷം മക്കളും ഓരോരുത്തരായി അമ്മച്ചിയോടു യാത്രപറഞ്ഞിറങ്ങി. കുഞ്ഞുമോൻ അമ്മച്ചിയുടെ അരികിൽ എത്തി.. സ്നേഹത്തോടെ തന്റെ കൂടെ വരാൻ അപേക്ഷിച്ചു.. മോളിക്കുട്ടിചുമരിൽ തൂങ്ങിയ ഈപ്പച്ചായന്റെ ചിത്രത്തിലേക്കൊന്നു നോക്കി.. മോളിക്കുട്ടിക്ക് എന്തോ ഒരുധൈര്യം കിട്ടിയതു പോലെ.. കുഞ്ഞുമോനെ ഒന്നു തുറിച്ചുനോക്കി..
“ഞാൻ വരാം നിന്റെ കൂടെ. അതിയാൻ എന്നോടൊരു വാക്കുപോലും പറയാതെ ഒറ്റക്കാക്കിപ്പോയില്ലേ?”
പിന്നെയും മോളിക്കുട്ടി ആത്മഗതമെന്നോണം എന്തൊക്കെയോ പറഞ്ഞുകൊണ്ട് കട്ടിലിൽ കിടന്നു.. അമ്മച്ചിയുടെ ഭവമാറ്റം ജോണിക്കുട്ടിയിൽ സംശയമുളവാക്കി. അപ്പച്ചൻ പോയതിൽ പിന്നെ അമ്മച്ചി എപ്പോഴും ആലോചനയിലാണ്. അമ്മച്ചി നാളെ കുഞ്ഞുമോന്റെ കൂടെ പോകുന്ന കാര്യം ആലോചിച്ചിട്ട് ജോണിക്കുട്ടിക്ക് ഉറങ്ങാൻ പോലും കഴിഞ്ഞില്ല.. വെളുപ്പാൻ കാലം ആയപ്പോൾ ജോണിക്കുട്ടി പതുക്കെ അമ്മച്ചിയുടെ അരികിലെത്തി. അമ്മയുടെ പാദങ്ങളിൽ വിരലമർത്തി. വിരലുകളിൽ തണുപ്പരിച്ചിറങ്ങുന്ന പോലെ. വേഗം അമ്മച്ചിയെ കുലുക്കി വിളിച്ചു. രാവിനെ കീറിമുറിച്ചുകൊണ്ടുള്ള ജോണിക്കുട്ടിയുടെ വിളി അമ്മച്ചി കേട്ടില്ല. രാവിന്റെ യാമങ്ങളിലെപ്പോഴോ മോളിക്കുട്ടിയും ഈപ്പച്ചന്റെ ആത്മാവിൽ അലിഞ്ഞു ചേർന്നിരുന്നു.. അപ്പച്ചന്റെ കിടപ്പുമുറിയിലെ അടത്തു കിടക്കുന്ന ജനാലയിലേക്ക് നോക്കി ജോണിക്കുട്ടി നിറകണ്ണുകളോടെ നിന്നു. വേർപാടുകൾ എന്നും വേദനയുള്ളതാണ്. മക്കളാണെങ്കിൽ പോലും വേർപെടുത്താൻ ശ്രമിക്കുന്നത് അതിനേക്കാൾ വേദന തരും..
#എന്റെരചന


3 Comments
കഥയിലാണെങ്കിലും അവരൊന്നിച്ചു പോയല്ലോ എന്നു സമാധാനിക്കാം❤️🌹👌
ശരിയാണ്…നന്ദി.. സേനഹം
അവസാന കാലത്ത് നോക്കുമെന്ന്കരുതുന്ന മക്കൾ തന്നെ അവരെ വേർപിരിക്കുന്നത് 😞🥲…. വളരെ ക്രൂരമാണ്