“പ്രതീക്ഷ വെക്കരുത്, നമ്മൾ ശ്രമിച്ച് നോക്കും. ചിലപ്പോൾ തോറ്റ് പോയേക്കാം അല്ലെങ്കിൽ ജയിച്ചേക്കാം. എന്ത് വന്നാലും നേരിടാൻ നമ്മൾ തയ്യാറായിരിക്കണം” ഇതായിരുന്നു ഡോക്ടർ എന്നോട് ഓപ്പറേഷന് ഡേറ്റ് തീരുമാനിക്കുന്നതിന് മുന്നേ പറഞ്ഞ അവസാനവാക്കുകൾ. ഡോക്ടറെനിക്കൊരു ധൈര്യമായിരുന്നു.
എങ്കിലും ഉള്ളിലൊരു ഭയമുള്ളത് കൊണ്ട് ചെയ്ത് തീർക്കാൻ ബാക്കിയുള്ളതെല്ലാം എണ്ണിത്തിട്ടപ്പെടുത്തുന്ന വെപ്രാളച്ചുഴിയലകപ്പെട്ടു പോയിരുന്നു ഞാൻ.
ആറു വയസ്സുകാരി കുഞ്ഞീടെ ഇനിയങ്ങോട്ടുള്ള ആഗ്രഹങ്ങൾ എന്റെ അഭാവത്തിൽ സൂര്യക്ക് സാധിച്ചു കൊടുക്കാൻ പറ്റാതിരിക്കരുത് എന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. നാട്ടിലെ 10 സെൻറ് വിറ്റതിന്റെ കാശ് അവളുടെ അക്കൗണ്ടിൽ നിക്ഷേപിക്കുമ്പോഴും ഉള്ളിലൊരാന്തൽ ഉണ്ടായിരുന്നു. ഇതൊക്കെ തീരുമ്പോൾ അവൾ എന്ത് ചെയ്യും എന്നോർത്ത് ആകെ ഭ്രാന്ത് പിടിച്ചൊരു അവസ്ഥ. നാട്ടിൽ ചന്ദ്രേട്ടനെ വിളിച്ചു സൂര്യക്ക് ഒരു ജോലി പെട്ടെന്നുതന്നെ കണ്ടെത്തണം എന്ന് പറയുമ്പോഴും അത് എളുപ്പത്തിൽ സാധ്യമാവും എന്നും കരുതിയില്ല.
ഞാൻ തന്നെ മുൻകൈയെടുത്ത് ജോലി ശരിയാക്കി കൊടുത്തു എന്നറിഞ്ഞപ്പോൾ അവളുടെ കണ്ണിലെ തിളക്കം കാണേണ്ടതായിരുന്നു. വിനുവേട്ടന് ഇതെന്തുപറ്റി എന്ന് ഇടയ്ക്കിടെ അവൾ പറഞ്ഞു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.
നാട്ടിലേക്ക് തിടുക്കപ്പെട്ടു പോകുന്നതിൽ കുഞ്ഞിക്കിച്ചിരി സങ്കടം ഉണ്ടായിരുന്നു. അവൾക്ക് ഇവിടെയായിരുന്നു ഇഷ്ടം.
പക്ഷേ ഞാൻ ഇല്ലാതെയായി കഴിഞ്ഞാൽ, അവളും കുഞ്ഞിയും ഈ അന്യദേശത്ത് കിടന്ന് വിഷമിക്കുന്നത് എനിക്ക് ഓർക്കാൻ പോലും സാധിക്കുമായിരുന്നില്ല.
അതുകൊണ്ടാണ് ജോലി പോലും രാജിവെച്ചു ഞങ്ങൾ നാട്ടിലേക്ക് തിരിക്കുന്നത്. അമ്മയ്ക്കും സുധാകരേട്ടനും ഞങ്ങൾ നാട്ടിലേക്ക് വരുകയാണ് എന്നറിഞ്ഞപ്പോൾ അതിനെക്കാളേറെ സന്തോഷം.
ഒടുക്കം ഓപ്പറേഷന് രണ്ട് ദിവസം മുന്നേയാണ്, അവളോടും അമ്മയോടും ഞാൻ പറയുന്നത്. അപ്പോഴും രോഗവിവരം എന്താണെന്ന് പറഞ്ഞിട്ടുണ്ടായിരുന്നില്ല. ഒരു സാധാരണ ഓപ്പറേഷൻ ആയിരിക്കുമെന്ന് കരുതി അമ്മയും അവളും സമാധാനിക്കുന്നത് കണ്ടപ്പോൾ എനിക്കും ആശ്വാസമായിരുന്നു.
പക്ഷേ ഓപ്പറേഷനു ശേഷം വെള്ള പുതപ്പിച്ച് നിർജീവമായി അവർക്കു മുന്നിലേക്ക് എന്നെ സ്ട്രക്ചറിൽ ഉന്തിക്കൊണ്ടു വന്നപ്പോൾ വാവിട്ടു കരയുന്ന എന്റമ്മേയേയും ബോധം മറഞ്ഞ സൂര്യയെയും എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാവാതെ നിൽക്കുന്ന കുഞ്ഞിയേയും എനിക്ക് ആശ്വസിപ്പിക്കാൻ പറ്റില്ലല്ലോ എന്നോർത്ത് ഞാനൊരുപാട് ബുദ്ധിമുട്ടി.
ദിവസങ്ങൾ കഴിഞ്ഞു പോയി. മാസങ്ങൾ കടന്നു പോയപ്പോഴേക്കും അവരെല്ലാവരും പഴയ ജീവിതത്തിലേക്ക് പതിയെ തിരികെ വരുന്നുണ്ടായിരുന്നു. അപ്പോഴും അവർക്ക് ചുറ്റിലും ഞാനുണ്ടായിരുന്നു.
ഇടയ്ക്കിടെ അവര് പറയുന്നത് ഞാൻ കേൾക്കാറുണ്ട്, “വിനുവേട്ടൻ ഞങ്ങളെ ഇങ്ങോട്ട് കൊണ്ട് വന്നത് നന്നായി. ”
“അവൾക്ക് ജോലിയാക്കികൊടുത്തത് വളരെ നല്ലൊരു കാര്യമാണ്” അങ്ങനെയങ്ങനെ അവരാശ്വസിക്കുന്നത് കണ്ട് ഞാനും സമാധാനിക്കാൻ തുടങ്ങി.
ഒരു കാര്യം എനിക്കുറപ്പാണ്, കാൻസറിന്റെ അവസാന ഘട്ടത്തിലാണ് എന്ന് തിരിച്ചറിഞ്ഞിട്ടും എനിക്ക് ഇത്രയും കാര്യങ്ങൾ ചെയ്യാൻ പറ്റിയത് ആ ഡോക്ടറിന്റെ മിടുക്കാണ്. തളർന്ന് വീണ് പോകുമായിരുന്ന എന്നെ ഊർജ്ജത്തോടെ പ്രവർത്തിക്കാൻ ശേഷിയുള്ളൊരാളാക്കി മാറ്റിയതിന്റെ ഉത്തരവാദി ഡോക്ടർ മാത്രമാണ്. എന്റെ ജീവിതമെന്ന പ്രതീക്ഷകളറ്റെങ്കിലും എന്റെ മകളും ഭാര്യയും ഇന്ന് പ്രതീക്ഷയോടെ ജീവിക്കാൻ ഞാനൊരു കാരണമായി മാറിയിരിക്കുന്നു. എന്റെ ആത്മാവിന് നിത്യശാന്തി ലഭിച്ചിരിക്കുന്നു.


2 Comments
🥰🥰💕💕
❤️🌹👌