വിറകിലെ ഉറുമ്പു പോലെ വിശ്രമമില്ലാതെ രാവും പകലും പണിയെടുത്തു ഏഴു മക്കളെ ആരോഗ്യവും വിദ്യാഭ്യാസവുമുള്ള മക്കളായി വളർത്തി വലുതാക്കിയ എന്റെ അമ്മ.. നമുക്കു ചുറ്റും വ്യത്യസ്ത കർമ്മപഥത്തിലൂടെ യാത്ര ചെയ്തു ജീവിതവിജയം നേടിയ അനേകം വനിതകൾ അന്നുമിന്നും ഉണ്ട്. എന്റെ കാഴ്ച്ചപ്പാടിൽ എന്റെ കണ്മുന്നിലെ ഒരു സ്ത്രീശക്തി എന്റെ അമ്മയാണ് .
അച്ഛനോടൊപ്പം രാപകൽ കഠിനാധ്വാനം ചെയ്താണ് അവർ മക്കളെ പോറ്റി വളർത്തിയത്. എന്റെ ഓർമയിൽ ഒരൻപതു വർഷങ്ങൾക്കു പിന്നിലെ നേർക്കാഴ്ച്ച. വളരെ ചരിതാർഥ്യത്തോടെ, അഭിമാനത്തോടെയാണ് ഞാനിതെഴുതുന്നത്. കാലങ്ങൾ പിന്നോട്ട് സഞ്ചരിക്കുമ്പോൾ കാണുന്നത് ഓല മേഞ്ഞ കുറെ വീടുകൾ. മൺ പാതയോരത്തു പുറമ്പോക്കിലും രണ്ടുമൂന്നു വീടുകളുണ്ട്. രണ്ടു മൂന്നൂ മുറികളുള്ള, രണ്ടു ചാർത്തുള്ള, ഒരു തിണ്ണയുള്ള ഇന്നും എന്റെ സ്വപ്‌നങ്ങളിൽ ഇടയ്ക്കിടെ കണ്ടുമറയുന്ന ഞങ്ങളുടെ പഴയ വീട്.
റബ്ബർ കത്തി തേച്ചുമിനുക്കി പുലർക്കാലെ അച്ഛനുമമ്മയും പുറപ്പെടും. വെട്ടത്തിനായി മണ്ണെണ്ണ വിളക്ക് പിടിക്കാൻ ചേച്ചിയും കൂടെപ്പോകും. നേരം വെട്ടം വീഴുമ്പോഴേക്കും ഒരു പറമ്പിലെ റബ്ബറുകൾ വെട്ടിയിട്ടുണ്ടാവും (റബ്ബർ ടാപ്പിംഗ് ). അതിന് ശേഷം വേറെ മൂന്നു നാലു മുതലാളിമാരുടെ തോട്ടത്തിലും ഇതേ പണിയുണ്ട്. അമ്മ തനിച്ചാണ് ഒരു തോട്ടത്തിൽ പോവുക. അത് വെട്ടി പാലെടുത്തു ഉറയൊഴിച്ചു, ഷീറ്റും അടിച്ചിട്ട് വേണം വീട്ടിൽ തിരികെയെത്താൻ. മിക്കവാറും ഉച്ചക്ക് ശേഷം മൂന്നു മണി കഴിയും.
വീട് ഓല മേയൽ എന്നത് പ്രാദേശിക ഉത്സവം പോലാണ് . റബർ വെട്ടുന്ന വീടുകളിൽ നിന്നും വീട് മേയാനുള്ള ഓലകൾ വാങ്ങും. അത് അവിടെനിന്നും കിലോമീറ്ററുകളോളം തലച്ചുമടു ചുമന്ന് അമ്മ വീട്ടിൽ കൊണ്ടുവരും. അതു പിന്നെ തോട്ടിലെ വെള്ളത്തിൽ കുതിരാനിടണം. വേനൽക്കാലമായതിനാൽ തോടുകളിലൊക്കെ വെള്ളം കുറവായിരിക്കും. വീട്ടിൽ നിന്നും കയ്യാല പലതുമിറങ്ങി ടാറിട്ട റോഡ് അപ്പുറം കടന്നു തലച്ചു മടുമായി കൈലിമുണ്ടും ബ്ലൗസും ധരിച്ചു നടന്നു പോകുന്ന അമ്മയുണ്ട് ഇന്നുമീ കണ്ണുകളിൽ.. രണ്ടാഴ്ചയോളം വെള്ളത്തിലിട്ട കുതിർത്ത ഓല തോട്ടിൽ നിന്നുമെടുത്തു വീട്ടിലോട്ടു വീണ്ടും കൊണ്ടുവരും. തീർന്നില്ല പണി, പിന്നത് മെടഞ്ഞു മേയാനുള്ള രൂപത്തിലാക്കണം. മഴക്കാലത്തു വീട് ചോർന്നോലിച്ചു പാതിമെയ്യും മക്കളും നനയാതിരിക്കാൻ ആ അമ്മയുടെ കരുതലും സ്നേഹവും ഇവിടെ വായിക്കാം. ഇതിനോടകം തന്റെ കുഞ്ഞുങ്ങളുടെ അച്ഛനെ എഴുത്തും വായനയും പഠിപ്പിച്ചു നല്ലൊരു വായനക്കാരനാക്കി മാറ്റി.
തിണ്ണയും മുറികളും ചാണകം മെഴുകണം മക്കളുടെ കാര്യം നോക്കണം, ഭർത്താവിന്റെ കാര്യം നോക്കണം.. അങ്ങനെ അങ്ങനെ.. വിശക്കുന്ന സമയം മുണ്ട് മുറുകെ വരിഞ്ഞു മുറുക്കിയുടുത്തു കുടുംബത്തെ സ്നേഹത്തോടെ ഒരു തീവണ്ടിയുടെ ചങ്ങല പോലെ മക്കളുടെ ബന്ധം കൂട്ടിച്ചേർത്തു കൊണ്ട് ആ ജീവിതം കിതച്ചു കിതച്ചു മുമ്പോട്ടു നീങ്ങി .ഓല മേഞ്ഞ വീട് ഓടായി, ചാണകം മെഴുകിയ തറ റെഡ് ഓക്സൈഡ് ആയി, പിന്നത് വാർക്ക കെട്ടിടമായി, ടൈലായി ഒരു നില കെട്ടിടം രണ്ടു നിലകെട്ടിടമായി. ഇതിനെല്ലാം പിന്നിൽ അമ്മയെന്ന ഈ സ്ത്രീ ശക്തിതന്നെയായിരുന്നു.
വീട്ടിൽ പുരുഷനും സ്ത്രീക്കും സമത്വം കണ്ടാണ് ഞാൻ വളർന്നത്. ഇന്നിപ്പോൾ പഴയതു പോലുള്ള പ്രയാസങ്ങൾ ഇല്ല, അതായത് ആധുനിക സജ്ജീകരണങ്ങൾ മിക്ക വീടുകളിലും ഉണ്ട്. മിക്സ്സി, ഫ്രിഡ്ജ്, ലൈറ്റ് അങ്ങനെ എല്ലാം. ഇതൊന്നുമില്ലാതിരുന്നൊരു കാലത്തേക്കുറിച്ച് ഇപ്പോളോർക്കുമ്പോൾ നമ്മുടെ അമ്മമാരൊക്കെ സ്ത്രീ രത്നങ്ങൾ ആയിരുന്നില്ലേ . എത്ര കാഠിന്യമേറിയ വേലകൾ വിശ്രമമില്ലാതെ അവർ ചെയ്തു. അതിനിടയിൽ പ്രസവവും. ഞാനനുഭവിച്ചിടത്തോളം അമ്മ ഒരു നല്ല ഭാര്യയായിരുന്നു, അമ്മയായിരുന്നു, അമ്മായിയമ്മയായിരുന്നു, മുത്തശ്ശി യായിരുന്നു. അതിനാൽ ഞാൻ തൊട്ടറിഞ്ഞ, കൺകണ്ട, നാട്ടിലും വീട്ടിലും പലർക്കും പ്രചോദനമായ എന്റമ്മയെ തന്നെ വനിതാദിനത്തിൽ സ്മരിക്കുന്നു.
#സ്ത്രീ ജീവിതം കണ്ടതും കേട്ടതും
#വനിതാദിനം 2025


2 Comments
അമ്മയാണ് ഈ ലോകത്തിലെ ഏറ്റവും വലിയ പോരാളി. സത്യം
ഓർമ്മയിലെ ശക്തരായ സ്ത്രീകൾ ഇതേ പോലുള്ള നിരവധി അമ്മമാരാണ്. ഓല തോട്ടിൽ നിന്നു വലിച്ചു കയറ്റുമ്പോൾ ഇടയിലൊളിച്ചിരിക്കുന്ന മീനുകളേ ഓർമ്മയില്ലേ?
❤️🌹👌