എന്റെ ഡാഡിയെ കുറിച്ച് ഞാൻ എഴുതിയത് വായിക്കാൻ ഡാഡിയില്ല. ഒരുപാട് പ്രാവശ്യം എഴുതിയതാണ്. എന്നാലും എത്ര പറഞ്ഞാലും തീരില്ല ഡാഡിയെ കുറിച്ച്. ലോകത്ത് കിട്ടാവുന്ന എല്ലാ സുഖങ്ങളും തന്റെ മക്കൾക്ക് കിട്ടണം എന്ന് ആഗ്രഹിച്ചിരുന്ന ഡാഡി ആയിരുന്നു ഞങ്ങളുടേത്. നിങ്ങളുടെ അച്ഛന്മാരും അങ്ങനെ തന്നെ ആയിരുന്നിരിക്കണം.എന്നെ ഞാൻ ആക്കിയത് എന്റെ ഡാഡി ആണ്. എന്റെ എല്ലാ ഇഷ്ടങ്ങൾക്കും കൂട്ടുനിന്ന എന്റെ ഡാഡി. വൈകുവോളം ഡാൻസ് പ്രാക്ടീസ് തീരാൻ എന്നെ കാത്തുനിന്ന എന്റെ ഡാഡി. ഇന്ന് ആരുടേയും മുഖത്ത് നോക്കി എനിക്ക് പറയാനുള്ളത് പറയാൻ എന്നെ പ്രാപ്ത ആക്കിയ എന്റെ ഡാഡി..
തുടയിൽ അടി തന്നിട്ട് കിടന്നുറങ്ങിയാൽ അതിൽ വന്ന് വെളിച്ചെണ്ണ പുരട്ടി തരുമ്പോൾ ഞാൻ ഉറക്കം നടിച്ചു കിടക്കും,ആ വാത്സല്യം അനുഭവിക്കാൻ. മമ്മി അത്ര സ്നേഹം കാണിക്കുന്ന കൂട്ടത്തിലുമല്ല.മാത്രമല്ല ജോലി തിരക്കും കുട്ടികളെ വളർത്തലും ഒക്കെ ആയി എപ്പോഴും ഓട്ടത്തിലാണ് താനും.
സ്വാതന്ത്ര്യം ഉണ്ടെങ്കിലും ഇന്നത്തെ കുട്ടികളെ പോലെ എല്ലാം തുറന്ന് പറയാനുള്ള ധൈര്യമൊന്നും അന്നുണ്ടായിരുന്നില്ല. ഡാഡി തീരുമാനിക്കും കുറെയൊക്കെ. ഒരു പ്രായം വരെ ഡ്രസ്സ് പോലും ഡാഡി വാങ്ങി കൊണ്ട് വരുമായിരുന്നു. കുന്നംകുളത്തൊക്കെ ജോലി ചെയ്യുമ്പോൾ ഫോറിൻ സാധനങ്ങൾ വിൽക്കുന്ന കച്ചവടക്കാർ ധാരാളം ഉണ്ടായിരുന്നു. അവരുടെ കയ്യിൽ നിന്നും ഡാഡി വാങ്ങി കൊണ്ട് വന്ന സ്വർണ ചങ്ങല പിടിപ്പിച്ച ചുളിവുകൾ ഉള്ള മെറ്റീരിയലിന്റെ പാവാട ഞാൻ കുറേ കാലം ഉപയോഗിച്ചു. പിന്നീട് ഞാൻ ദുബായിൽ പോയിട്ടും അത്തരം പാവാട കണ്ടിട്ടേയില്ല. ഓപ്പൺ മാക്സി എന്ന പേരിൽ ഒരു ചുറ്റി കെട്ടുന്ന പാവാടയുണ്ട്. അത് ഇറങ്ങിയ ഉടനെ എനിക്ക് വാങ്ങി കൊണ്ട് വരുന്നതിനിടക്ക് ഉരുണ്ട് വീണ് കയ്യൊടിഞ്ഞു. വലിയ പൊതിയായിരുന്നു. പുറത്ത് പോകുമ്പോൾ ഡാഡി പറഞ്ഞ ഡ്രസ്സ് ഇടാത്തതിന് നല്ല വഴക്കും കൂടാറുണ്ട്. പക്ഷെ ഇപ്പോൾ മനസ്സിലാകുന്നു ഡാഡി ആയിരുന്നു മോഡേൺ. ഞാൻ വെറും പഴഞ്ചൻ. പട്ട് പാവാടയും ബ്ലൗസും ഇഷ്ടപ്പെട്ടിരുന്ന പഴഞ്ചൻ 😜
ചെറിയ കുട്ടികൾ ആയിരിക്കുമ്പോൾ തൊട്ട് എം എ ക്ക് പഠിക്കുമ്പോൾ വരെ ഞങ്ങളുടെ യൂണിഫോമുകൾ വടി പോലെ തേച്ച് ഹാങ്കറിൽ തൂക്കി ഇടുമായിരുന്നു ഡാഡി. ഫ്ലീറ്റ് ഇട്ട പാവാടയുടെ ഒരോ ഫ്ലിറ്റും ഒതുക്കി ഒതുക്കി തേച്ച് വെച്ചിരിക്കുന്നത് കാണാൻ തന്നെ ഭയങ്കര ഭംഗി ആയിരുന്നു. ഇടക്ക് പാചകത്തിനായി ഒന്ന് കയറും അടുക്കളയിൽ. ലീവ് ആയ ദിവസമോ നേരത്തെ ഓഫിസിൽ നിന്നും വന്ന ദിവസമോ ആണെങ്കിൽ പഴംപൊരി, കാരബൂന്തി ഇങ്ങനെ ഒരോ പലഹാരങ്ങൾ ഉണ്ടാക്കി വെക്കും. എന്നും അടഞ്ഞുകിടക്കുന്ന വീട്ടിലേക്ക് സ്കൂളിൽ നിന്നും തിരിച്ചുവരുമ്പോൾ ഒരു ശൂന്യത ആണ്. ഒരു ദിവസമെങ്കിലും വീടിന്റെ ജനൽ തുറന്ന് കിടക്കുന്നത് അകലെ നിന്ന് കണ്ടാൽ തന്നെ സന്തോഷമാണ്.മാതാപിതാക്കൾ രണ്ട് പേരും ജോലി ചെയ്യുമ്പോൾ ഉള്ള കുട്ടികളുടെ ഒരു സങ്കടമാണ് അത്.
അതൊക്കെ ഡാഡിക്ക് അറിയാം. എല്ലാ അവധി ദിവസങ്ങളിലും എങ്ങോട്ടെങ്കിലും പുറത്ത് കൊണ്ട് പോകും. സിനിമ.. ഡിന്നർ. തൃശൂർ ലൂസിയ ഹോട്ടൽ. ഡാഡിയുടെ പ്രിയപ്പെട്ട സ്ഥലം ആയിരുന്നു. ഞങ്ങളുടെ വിവാഹങ്ങളും അവിടെ നടത്തി.
എല്ലാവരും സുഖസുഭിക്ഷമായി ജീവിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു ഡാഡിക്ക്. ഭാവിയെ കുറിച്ച് വലിയ ആകുലപ്പെടാതെ ഇന്നിൽ ജീവിക്കുക എന്നൊരു മനോഭാവം ആയിരുന്നു. സമ്പാദ്യശീലം കുറവാണ് എന്നൊക്കെ ചേട്ടൻ ഒക്കെ കുറ്റപ്പെടുത്തും എങ്കിലും ഡാഡി ജീവിച്ചത് രാജാവിനെ പോലെ തന്നെ. ഉണ്ടായിരുന്ന നല്ല സ്ഥലം ഒക്കെ വിറ്റ് പെണ്മക്കളെയൊക്കെ നന്നായി സ്ത്രീധനം കൊടുത്ത് കെട്ടിച്ചു. മോന് പുതിയ വീടും ടൗണിൽ വാങ്ങി. പറമ്പുകൾ ഒന്നും പോകുമ്പോൾ കൊണ്ട് പോകുന്നില്ലലോ എന്നൊരു നിലപാട് ആയിരുന്നു.
ആരൊക്കെ കുറ്റം പറഞ്ഞാലും സ്വന്തം നിലപാടുകളും ആശയങ്ങളും ഉണ്ടായിരുന്നു ഡാഡിക്ക്.ഒരു മിനിറ്റ് വെറുതെ ഇരിക്കുന്നത് കണ്ടിട്ടില്ല. ഇഷ്ടപെട്ട പഴങ്ങൾ വെച്ചുപിടിപ്പിക്കുക, നാരങ്ങ പോലെയുള്ള മരങ്ങൾ വെക്കുക. റിട്ടയർ ചെയ്തതിന് ശേഷം കൃഷിയിൽ ആയിരുന്നു താല്പര്യം. ഡാഡി നട്ട ഞാവലിൽ ഇന്നും നിറയെ പഴങ്ങൾ ഉണ്ടാകുന്നു. ഡാഡി കണ്ടില്ല. ഒരു കിണർ കുത്തി. പൈപ്പ് വെള്ളം പ്രശ്നങ്ങൾ ആയിരുന്നു. പക്ഷേ അത് കഴിഞ്ഞ് ഡാഡി രണ്ട് മാസമേ ഉണ്ടായുള്ളു. എന്തോ കിണറിൽ വെള്ളം കണ്ടപ്പോൾ ഇതൊക്കെ എന്റെ വലിയ ആഗ്രഹമായിരുന്നു എന്ന് പറഞ്ഞിരുന്നു. എന്തോ നിമിത്തം പോലെ.
സ്ക്രൂകൾ അഴിച്ചിട്ട എന്തെങ്കിലുമൊക്കെ എപ്പോഴും ഡാഡി ഒരു ഡ്രോവറിൽ സൂക്ഷിച്ചുകാണും. വെറുതെ ഇരിക്കുമ്പോൾ അപ്പോൾ അത് എടുത്ത് മെക്കാനിക്കാൻ തുടങ്ങും. രാത്രിയിൽ ഒരുറക്കം കഴിഞ്ഞ് എണീറ്റ് ചിലപ്പോൾ കട്ടൻ ചായ ഉണ്ടാക്കും. ആരെങ്കിലും എണീറ്റിട്ടുണ്ടെങ്കിൽ അവർക്കും തരും. പഴുത്ത മാങ്ങ ഒക്കെ ആ നേരത്ത് ചെത്തികൊണ്ട് തരും. പഴയ കഥകൾ പറയും.
ഡാഡിയുടെ അപ്പച്ചൻ ഒരു കച്ചവടക്കാരനും ഫിനാൻസറും ആയിരുന്നു. പഠിക്കാൻ മിടുക്കൻ ആയിരുന്നു അപ്പച്ചൻ എന്ന് കേട്ടിട്ടുണ്ട്. കണക്കിന് ഫുൾ മാർക്ക് കിട്ടിയിട്ട് കുട്ടികൾ പൊക്കിയെടുത്ത് കൊണ്ട് വന്ന് വീട്ടിൽ വിട്ട കഥ അപ്പച്ചൻ പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷേ അധികം പഠിക്കാൻ കഴിഞ്ഞില്ല. മൂത്ത മകൻ ആയത് കൊണ്ട് വീട്ടിലെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു. അപ്പച്ചൻ നല്ലൊരു എഴുത്തുകാരൻ ആയിരുന്നു.
സ്വയം വിചാരിച്ചത് പോലെ പഠിക്കാൻ സാധിച്ചില്ലെങ്കിലും മക്കളെ നന്നായി പഠിപ്പിച്ചു. ആ കാലത്ത് അത് അപൂർവമായിരുന്നു. കാശുണ്ടാക്കാനും മിടുക്കൻ ആയിരുന്നു അപ്പച്ചൻ. തീരെ വയ്യാതെ ആകുന്നത് വരെ ഒരോ കച്ചവടം ചെയ്ത് കൊണ്ടിരുന്നു.
എന്റെ ഡാഡി 7 മക്കളിൽ നാലാമത്തെ ആൾ ആയിരുന്നു. ഏറ്റവും മൂത്ത ആന്റിക്ക് ഇപ്പോൾ 86 വയസ്സുണ്ട്. ടീച്ചർ ആയിരുന്നു. പിന്നെ ഡാഡിക്ക് റെവന്യൂ ഡിപ്പാർട്മെന്റിൽ ജോലി കിട്ടി.18 വയസ്സിൽ.അത് കഴിഞ്ഞാണ് ഡാഡിയുടെ ചേട്ടന് കൃഷിവകുപ്പിൽ ജോലി ലഭിച്ചത്. ആദ്യത്തെ ശമ്പളത്തിൽ നിന്നും ചേട്ടന് ടെർലിൻ തുണിയുടെ ഷർട്ട് വാങ്ങി കൊടുത്ത കഥ ഡാഡി പറയാറുണ്ട്. അത് കഴിഞ്ഞ് മമ്മിയെ വിവാഹം കഴിച്ചതിന് ശേഷം പഠിപ്പിച്ച് പരീക്ഷ എഴുതിപ്പിച്ച് റെവന്യൂവിൽ തന്നെ കയറ്റി. പിന്നീട് അനിയനെ പഠിപ്പിക്കാനുള്ള ശ്രമമായി. അദ്ദേഹത്തെയും പഠിപ്പിച്ച് തയ്യാറാക്കി അതേ ഡിപ്പാർട്മെന്റിൽ കയറ്റി. ഡാഡിയും മമ്മിയും ഡാഡിയുടെ അനിയനും തഹസീൽദാർമാർ ആയിട്ടാണ് റിട്ടയർ ചെയ്തത്. അതൊരു അപൂർവ നേട്ടമായിരുന്നു ഡാഡിയുടെ.
ഞങ്ങളെയും ഡാഡി ഏറ്റവും നല്ല സ്കൂളിലും കോളേജുകളിലും തന്നെ പഠിപ്പിച്ചു. എന്നെ കൊണ്ട് കുറേ പരീക്ഷ എഴുതിപ്പിച്ചു എങ്കിലും എന്തോ വിവാഹം നേരത്തെ കഴിഞ്ഞിരുന്നത് കൊണ്ട് ഒന്നിലും അത്ര നന്നായി ചെയ്യാൻ പറ്റിയില്ല. 2 ഘട്ടം പാസ്സായി ഇന്റർവ്യൂ വരെ എത്തിയ ഒന്നോ, അഴിമതിയുടെ പുറത്ത് നഷ്ടപ്പെട്ടു.
പെൺകുട്ടികൾ സ്വന്തം കാലിൽ നിൽക്കണം എന്ന് അഭിപ്രായം ഡാഡിക്ക് ഉണ്ടായിരുന്നു. കിട്ടിയ ഗവർമെന്റ് ജോലി അനിയത്തി രാജി വെച്ചതിൽ ഏറ്റവും സങ്കടം ഡാഡിക്ക് ആയിരുന്നു.
ചെറുപ്പകാലത്തെ കഥകൾ പറയുന്നതിൽ ഡാഡിക്ക് ഭയങ്കര ഉത്സാഹം ആയിരുന്നു. കൂട്ടത്തിൽ ഏറ്റവും കുറുമ്പൻ ഡാഡി ആയിരുന്നു. എല്ലാ കുളത്തിലും കുത്തി മറിയാൻ പോകും. 4 പ്രാവശ്യം പാമ്പ് കടിച്ചിട്ടുണ്ട്. എല്ലാം രക്ഷപെട്ടു.
എന്റെ വല്യപ്പച്ചനെ ഡാഡിയുടെ ചേട്ടനെ കഴിഞ്ഞ മാസം ഞങ്ങൾക്ക് നഷ്ടപ്പെട്ടു. അഗ്രികൾച്ചർ ഓഫീസർ ആയിരുന്നു.അദ്ദേഹം എപ്പോഴും പറയുന്ന ഒരു കഥയുണ്ട് ഡാഡിയെ പറ്റി. അപ്പച്ചനും ആൺകുട്ടികളും കൂടി പൂരം കാണാൻ പോകുന്നു. നല്ല പിശുക്കൻ ആയ അപ്പച്ചൻപോക്കറ്റ് മണി ഒന്നും കൊടുത്തിട്ടില്ല. പെട്ടെന്ന് ഡാഡി നിലത്തുനിന്നും ഒരു പൊതി എടുത്ത് ദേ 25 പൈസ എന്ന് പറഞ്ഞുവത്രെ. പൊതി തുറക്കാതെ ഇത് 25 പൈസ ആണെന്ന് നിനക്ക് എങ്ങനെ മനസ്സിലായി എന്ന് വല്യപ്പച്ചൻ. അത് സത്യമായിരുന്നു. അപ്പച്ചൻ ഉച്ചയൂണിന് പോയപ്പോൾ കടയിൽ ഡാഡിയെ ഇരുത്തിയിരുന്നു. അപ്പോൾ അടിച്ചു മാറ്റിയതാണ്. ഇത്തരം കുസൃതികൾ ഒപ്പിക്കുമായിരുന്നു.അതേ പോലെ ദുഖവെള്ളിയാഴ്ച്ച പ്രസംഗത്തി നിടയിൽ അച്ചൻ ഞാൻ പറയുന്നത് എല്ലാവരും ഏറ്റ് പറയാൻ ആവശ്യപ്പെട്ടു. അച്ചൻ ‘പ്രിയപെട്ടവരെ’ എന്ന് വിളിച്ച ഉടനെ ഡാഡി മാത്രം ഉറക്കെ പ്രിയപെട്ടവരെ എന്നുറക്കെ പറഞ്ഞുവത്രെ. പള്ളി മുഴുവൻ ചിരി ആയി. ദുഃഖവെള്ളിയാഴ്ചയും. പോരെ പൂരം. അപ്പച്ചൻ ചെവി പിടിച്ചു തിരിച്ചു എന്ന കഥയും കുറേ കേട്ടിട്ടുണ്ട്.
പെങ്ങളെ വഴക്ക് പറഞ്ഞ മിലിട്ടറിക്കാരൻ അളിയനോട് തട്ടികയറാൻ പോയ കൗമാരക്കാരനായ അളിയൻ ആയിരുന്ന ഡാഡിക്ക് ഒരടിയും കിട്ടി. മാത്രമല്ല പെങ്ങളും അളിയന്റെ കൂടെ ചേർന്നുവത്രെ 😁.
എനിക്ക് ഓർമ വെക്കുന്ന കാലം തൊട്ട് ഒരു പാട് കൂട്ടുകാരുടെ കൂട്ടത്തിൽ ആണ് ഡാഡിയെ കണ്ടിട്ടുള്ളത്.
തഹസിൽദാർ ആയി റിട്ടയർ ചെയ്തിട്ടും നിയമോപദേശങ്ങൾക്കായി ഡാഡിയെ കാണാൻ വരുന്നൊരുപാട് ആളുകൾ ഉണ്ടായിരുന്നു. എന്നാൽ അതേ പോസ്റ്റിൽ റിട്ടയർ ചെയ്ത മമ്മിക്ക് അത്ര അനുഭവങ്ങളോ ഉപദേശങ്ങൾ കൊടുക്കാനുള്ള കഴിവോ ഇല്ല. വില്ലേജിലെയും റെവന്യൂ വകുപ്പിലെയും എല്ലാ നിയമ കാര്യങ്ങളുടെയും എൻസൈക്ലോപീഡിയ ആയിരുന്നു ഡാഡി.
സ്ഥിരം ഉപദേശങ്ങൾക്കായി വരുന്ന റേഷൻ കട വർഗീസേട്ടൻ, അബദ്ധങ്ങൾ ഒപ്പിച്ചിട്ട് ഓടി വരുന്ന മുഹമ്മദിക്ക.. സംശയങ്ങൾ തീരാത്ത കുന്നംകുളംകാരൻ വിത്സൻ.. ഇങ്ങനെ സ്ഥിരം കാണുന്ന എത്രയോ മുഖങ്ങൾ. ഡാഡിയുടെ സന്തത സഹചാരി ആയിരുന്ന സഹപ്രവർത്തകൻ ഉണ്ണികൃഷ്ണൻ ചേട്ടനും ഇപ്പോൾ മരിച്ചു. ഡാഡിക്ക് ഒരു കൂട്ടായി അവിടെ എന്നാണ് ആദ്യം കേട്ടപ്പോൾ തോന്നിയത്.
വിദേശരാജ്യങ്ങളിൽ പോകണം എന്നത് ഡാഡിയുടെ വലിയ ഒരു ആഗ്രഹമായിരുന്നു. എനിക്ക് ഓർമ വെക്കുമ്പോൾ പാസ്പോർട്ട് എടുത്തിട്ടുണ്ട്.. പക്ഷേ ആ ഒരു ആഗ്രഹം എനിക്ക് നടത്തി കൊടുക്കാൻ കഴിഞ്ഞില്ല. അത് എന്നും ഒരു വേദനിപ്പിക്കുന്ന കുറ്റബോധം ഉണർത്തുന്ന ഒരു ചിന്തയാണ്.
കുട്ടികളെ ജീവനായിരുന്നു ഡാഡിക്ക്. അത് കൊണ്ട് തന്നെ എന്റെ മക്കൾക്കും അനിയത്തിയുടെ മക്കൾക്കും ആ വാത്സല്യം ഒരു പ്രായം വരെ ലഭിച്ചു എന്നത് ഭാഗ്യം. മരിക്കുന്ന അന്ന് രാവിലെ കൂടെ അനിയത്തിയുടെ മകനെ വിളിച്ച് എന്തോ ഒരു മരണത്തെ കുറിച്ചുള്ള പാട്ട് പാടി തന്നത്താൻ കുറേ ചിരിച്ചതാണ്.
വയ്യ എന്ന് തോന്നി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിട്ട് എനിക്ക് കുഴപ്പമൊന്നുമില്ല, ഗുഡ്ഡുവിന്റെ (എന്റെ മോൻ )ബർത്ഡേ ആണ് എന്നും പറഞ്ഞ് ഡിസ്ചാർജ് വാങ്ങി പോന്നതാണ് ജുലൈ 31ന്. ആഗസ്റ്റ് 2ന് പെൻഷൻ എടുക്കാൻ എ ടി എം ൽ പോയ ഡാഡി അവിടെ കുഴഞ്ഞുവീണു. അങ്ങനെ പോയി. ഒന്ന് കൂടെ പരിശോധിക്കൂ. ഇങ്ങനെ പറ്റിക്കുന്ന പതിവുള്ള ആളാണ് എന്നൊക്കെ ഞാൻ ഓടിയെത്തി ആ ഡോക്ടറിനോട് കരഞ്ഞു പറഞ്ഞതാണ്. പക്ഷേ ആ തവണ ശരിക്കും പറ്റിച്ചു ഡാഡി.
എന്നും തിരക്കായിരുന്നു ഡാഡിക്ക്. എപ്പോഴും ബഹളമാണ്. വേഗം ചെയ്യൂ എന്ന് പറയും എല്ലാം. വീട് ഒക്കെ വൃത്തിയിൽ പെർഫെക്റ്റ് ആയിരിക്കണം. രാവിലെ എണീറ്റാൽ ആദ്യത്തെ ജോലി എല്ലാം ഒതുക്കി പറക്കലാണ്. ചുളിയാത്ത ബെഡ്ഷീറ്റുകൾ, അടുക്കി വെച്ച പുസ്തകങ്ങൾ. ഡാഡിയുടെ ബുക്ക്ഷെൽഫ്. എല്ലാം പോയി ഡാഡി. ആരുമില്ല അതൊന്നും ശ്രദ്ധിക്കാൻ. മമ്മിക്ക് വയ്യ താനും. ഡാഡിയുടെ ഈ ധൃതി പിടിച്ച ഓട്ടം ഇത്ര വേഗം ഓടി തീർക്കാനാണെന്ന് കരുതിയില്ല ഡാഡി. ഗുഡ്ഡുവിന്റെ കല്യാണം കാണണ്ടേ. ചുപ്പുവിനെ കണ്ടില്ല. എന്തേ ഇങ്ങനെ പോയി.
ഇനിയും ഒരു ജന്മം ഉണ്ടെങ്കിൽ ഈ ഡാഡിയുടെ മകളായി തന്നെ ജനിച്ച് ആ സുരക്ഷിതത്വത്തിൽ വളരണം..ദൈവം അതിനുള്ള ഭാഗ്യം തരട്ടെ
ജീവിച്ചിരിക്കുമ്പോൾ സ്നേഹിക്കണം മാതാപിതാക്കളെ. നടത്തികൊടുക്കണം ആഗ്രഹങ്ങൾ. ആൺപെൺ വ്യത്യാസമില്ലാതെ. അങ്ങനെ നോക്കിയല്ല അവർ നമ്മെ സ്നേഹിച്ചത്. മത്സരിച്ച് സ്നേഹിക്കണം. കെയർ ചെയ്യണം. കുറച്ചുകാലം മാത്രം കിട്ടുന്ന ഒരു ഭാഗ്യമാണത്. അതുപോലെ നമ്മെ സ്നേഹിക്കാൻ ആർക്കും പറ്റില്ല🙏


5 Comments
👍🙏💯
ആരൊക്കെയുണ്ടെങ്കിലും മാതാപിതാക്കൾ പോയിക്കഴിയുമ്പോൾ നമ്മൾ ശരിക്കും അനാഥരായെന്നു തോന്നും
അല്ലേ🙏🌹
🙏🌹🙏
കണ്ണ് നിറഞ്ഞുപോയി വായിച്ചപ്പോൾ…. മരിക്കാത്ത ഓർമകൾ…
🙏🙏