“സ്നേഹ ഭവനം ” വഴിയരികിൽ ആ ബോർഡ് കണ്ട ഉടനെ ഊർമിള ഓട്ടോ റിക്ഷക്കാരനോട് പറഞ്ഞു.
“ഇത് തന്നെയാണ് സ്ഥലം, ഇവിടെ നിർത്തിക്കൊള്ളൂ ”
ഓട്ടോക്കാരന് പൈസ കൊടുത്ത് കയ്യിൽ കുറേ ബാഗുകളുമായി ഊർമിള ആ സ്ഥാപനത്തിലേക്കു ഉത്സാഹപൂർവ്വം നടന്നു.
ഇത് അവളുടെ പതിവ് വരവാണ്. മാസത്തിലൊരിക്കൽ സ്നേഹ ഭവൻ സന്ദർശിച്ച് അവിടത്തെ അന്തേവാസി കൾക്കൊപ്പം കുറച്ച് നേരം ചിലവഴിക്കുക.
സ്വന്തമായി ജോലികിട്ടിയ നാൾ മുതൽ തുടങ്ങിയ ഈ പതിവ് അവൾ ഒരിക്കലും മുടക്കിയിട്ടില്ല. സ്ഥിരം വരുന്നത് കാരണം അവിടത്തെ മദർ സുപ്പീരിയറിനും MSW ക്കാരിയും സോഷ്യൽ വർക്കറുമായ ലിറ്റിക്കുമൊക്കെ ഊർമിള സുപരിചിതയാണ്.
ഊർമിള വസ്ത്രങ്ങളും മിഠായി പാക്കറ്റുകളും അടങ്ങിയ ബാഗ് ലിറ്റിയെ ഏൽപ്പിച്ചു. ലിറ്റിയോട് അന്തേവാസികളുടെ വിശേഷങ്ങൾ ആരാഞ്ഞു.
അൽപ്പ സമയം കഴിഞ്ഞപ്പോൾ ഓർഫനേജിലെ കുട്ടികൾ അകത്തെ ഹാളിൽ നിന്നും വരിവരിയായി അച്ചടക്കത്തോടെ മദർ സുപ്പീരിയറിന്റെ റൂമിലേക്ക് പോയത് ഊർമിളയുടെ തൊട്ടു മുന്നിൽ കൂടിയായിരുന്നു. അവൾ കുട്ടികളെ ഉറ്റുനോക്കികൊണ്ടിരുന്നു. മൂന്നു നാല് വയസ്സ് മുതൽ പത്തു പതിനാല് വയസ്സ് വരെ പല പ്രായത്തിലുള്ള കുട്ടികൾ. നന്നേ ചെറിയ കുട്ടികൾ തമ്മിൽ സംസാരിച്ചു കലപില കൂട്ടു ന്നുണ്ട്. എന്നാൽ മുതിർന്ന കുട്ടികൾ മൗനത്തിലാണ്. അവരുടെ കുഞ്ഞു മുഖങ്ങളിൽ നിഴലിക്കുന്ന നിസ്സംഗതയും ഭയപ്പാടും ഉർമ്മിളയെ അസ്വസ്ഥയാക്കി. ആക്കൂട്ടത്തിൽ ഏകദേശം 10 വയസ്സുള്ള ഒരു കുട്ടിയെ ഊർമിള പ്രത്യേകം ശ്രദ്ധിച്ചു. ഒന്നിനെയും കൂസാതെ അലസമായ നടപ്പ്. തലമുടിയൊക്കെ പാറിപ്പറന്നു കിടക്കുന്നു. ആ കുഞ്ഞു മുഖത്ത് ലോകത്തോട് മുഴുവനുള്ള അമർഷം അടക്കി വച്ചപോലെ തോന്നി ഊർമിളക്ക്.
ഊർമിളയുടെ കണ്ണുകൾ ആ കുട്ടിയെ തന്നെ പിന്തുടരുന്നത് ലിറ്റിയും ശ്രദ്ധിച്ചു.
മദർ സുപ്പീരിയർ ഊർമിള കൊണ്ട് പോയ വസ്ത്രങ്ങളും ചോക്ലേറ്റുകളുമൊക്കെ ഓരോ കുട്ടിക്കും നൽകി.കുട്ടികൾ എല്ലാവരും ഊർമിളയോടു നന്ദി പറഞ്ഞ ശേഷം തിരികെ മടങ്ങിയപ്പോൾ അവൾ ലിറ്റിയോട് ആ കുട്ടിയെക്കുറിച്ച് ചോദിച്ചു.
“ഓ.. അവൾ മിയ ആണ്. അവളുടെ കാര്യം കുറച്ച് കഷ്ട്ടമാണ്.”
ലിറ്റി ഊർമിളയോടു മിയയുടെ കഥ പറഞ്ഞു തുടങ്ങി. മിയ സ്നേഹഭവനിൽ എത്തു മ്പോൾ അവൾക്ക് 4 വയസ്സ് പ്രായം. ലിറ്റി തന്നെയാണ് അന്നും ആ “സറണ്ടർ” ന് പോയത്. നാല് വർഷത്തെ കാത്തിരിപ്പിന് ശേഷം അവളെ ദത്തെടുക്കാൻ ഒരു ഫാമിലി തയ്യാറായി. IT മേഖലയിൽ ജോലി ചെയ്യുന്നവർ ആയിരുന്നു ആ ദമ്പതികൾ. രണ്ടു മാസം മുൻപ് മിയ അവരോടൊപ്പം ബാംഗ്ലൂർക്കു പോയി.
മിയ നന്നായി ചിത്രം വരയ്ക്കാൻ കഴിവുള്ള കുട്ടിയായിരുന്നു. സ്നേഹ ഭവനിൽ അധികം സംസാരിക്കാത്ത ഒതുങ്ങിയ പ്രകൃതമുള്ള കുട്ടി. എന്നാൽ പുതിയ സ്ഥലത്ത് പുതിയ സാഹചര്യങ്ങളും ആളുകളുമായി അവൾക്ക് പെട്ടന്ന് ഇണങ്ങിചേരാൻ കഴിഞ്ഞില്ല. ദത്തെടുത്ത ദമ്പതികൾ കുട്ടിയെ കൊണ്ടുപോയി വെറും 2ആഴ്ച കഴിഞ്ഞപ്പോൾ മുതൽ പരാതി പറഞ്ഞു ലിറ്റിയെ വിളിക്കാൻ തുടങ്ങി പോലും.
മിയ ആരോടും mingle ചെയ്യുന്നില്ല. അനുസരണയില്ല. ടേബിൾ മാനേഴ്‌സ് ഇല്ല. മൂഡിയാണ്. ഇങ്ങനെ നീണ്ടു അവരുടെ പരാതി ലിസ്റ്റ്. ഒരു ദിവസം പുതിയ മാതാപിതാക്കൾ സമ്മാനിച്ച വില കൂടിയ പെയിന്റ് ബ്രഷുകൾ അവൾ വലിച്ചെറിഞ്ഞത്രേ. അഡോപ്ഷൻ ചട്ടങ്ങൾ അനുസരിച്ചു ചൈൽഡ് വെൽഫയർ ആൻഡ് പ്രൊട്ടക്ഷൻ സെന്റർ വീണ്ടും ആ മാതാപിതാക്കൾക്ക് കൗൺസിലിങ് കൊടുത്തു. അതിന് ശേഷവും കാര്യങ്ങൾ മെച്ചപ്പെടാതെ ഒടുവിൽ അവർ മിയയെ തിരികെ സ്നേഹ ഭവനിലേക്ക് ഹാൻഡ് ഓവർ ചെയ്തു. കഴിഞ്ഞ ആഴ്ചയാണ് ലിറ്റി ആ ഹാൻഡ് ഓവറിനു പോയി മിയയെ തിരികെ കൊണ്ടുവന്നത്.
മിയയുടെ കഥ കേട്ടപ്പോൾ ഊർമിളയ്ക്കു നെഞ്ച് പിടയുന്നത് പോലെ തോന്നി. ദത്തെടുക്കൽ… ഒരു കുരുന്നിന് പുതിയ പ്രതീക്ഷകൾ നൽകി പുതു ജീവിതത്തിലേക്ക് ആനയിക്കൽ എത്ര മഹത്തരമായ പ്രവൃത്തിയാണ്. ഏറെ ശ്രദ്ധയോടെ വരുംവരായ്കകൾ ചിന്തിച്ചു നന്നായി ഉൾക്കൊണ്ടു അനുതാപത്തോടെ, പൂർണ്ണ മനസ്സോടെ ചെയ്യേണ്ട കാര്യം. ഒരു കുഞ്ഞിന് ആശയും പ്രതീക്ഷയുമാകാൻ പ്രതിജ്ഞബദ്ധരായ ആ മാതാപിതാക്കൾ എത്ര ലാഘവത്തോടെയാണ് പെരുമാറിയതെന്നു ഊർമിള ചിന്തിച്ചു.
അനാഥ കുഞ്ഞുങ്ങളെ പരിചരിക്കുമ്പോൾ ഏറെ ക്ഷമ ആവശ്യമാണ്. വളരെ ചെറു പ്രായത്തിൽ തന്നെ അനാഥത്വത്തിന്റെ, അവഗണയുടെ കയ്പ്പുനീർ കുടിച്ചിറക്കേണ്ടി വന്ന, സംരക്ഷിക്കപ്പെടാനോ സ്നേഹിക്കപ്പെടാനോ അവസരം കിട്ടാതെ പോയ ഈ കുഞ്ഞുങ്ങൾ മണ്ണിനടിയിൽ മഴ കാത്ത് കിടക്കുന്ന വിത്തുകളെ പോലെയാണ്.വിത്ത് പൊട്ടി പുതിയ നാമ്പെടുക്കാൻ അവർക്ക് കുന്നോളം കരുതലും തിരമുറിയാത്ത സ്നേഹമഴയും വേണം.
ഏറെ കഠിനമായ ജീവിത സാഹചര്യങ്ങളോട് മല്ലിടേണ്ടി വന്നിട്ടുള്ള ഈ കുട്ടികൾക്ക് പുതു സാഹചര്യത്തിലേക്കുള്ള പറിച്ചു നടൽ ഒരിക്കലും അത്ര സുഗമായിരിക്കില്ല.ജന്മം നൽകിയവരാൽ തന്നെ ഉപേക്ഷിക്കപ്പെടേണ്ടി വരുന്ന നിസ്സഹായ അവസ്ഥ ഇളം മനസ്സുകളിൽ ഉണ്ടാക്കിയിരിക്കുന്ന ആഘാതം വലുതായിരിക്കും. ഒരു കുടുംബത്തിന്റെ കുടക്കീഴിലേക്ക് ഈ കുട്ടികളെ സ്വീകരിക്കുമ്പോൾ വളരെ പെട്ടന്ന് അവർ ആ സാഹചര്യവുമായി പൊരുത്തപ്പെടണമെന്ന് ശഠിക്കുന്നത് വിഡ്ഢിത്തമാണ്. അലിവോടെയുള്ള പരിചരണവും ക്ഷമയും അളവില്ലാത്ത സ്നേഹവും ലാളനയും ചൊരിഞ്ഞു വേണം ഈ കുഞ്ഞു വിത്തുകളെ മുളപ്പിച്ചെടുക്കേണ്ടത്.
ഇത്തരം വിവിധ വിചാരങ്ങളിലൂടെ ഊർമിളയുടെ മനസ്സ് ഊളിയിട്ടു. സാന്ത്വനമായി ഒരു വാക്കോ തലോടലോ കരുണയോടെയുള്ള നോക്കോ ചേർത്ത് പിടിക്കലിന്റെ തണലോ അനുഭവിക്കാൻ ഭാഗ്യം കിട്ടാതെ പോയ ബാല്യങ്ങൾക്ക് വീണ്ടും പ്രതീക്ഷ കൊടുത്ത് ഒരു വീടിന്റെ ശീതളിമയിലേക്ക് ആനയിക്കുന്നത് അവർക്കു എന്നന്നേക്കും താങ്ങും തണലുമാവുമെന്നും ഏതു സാഹചര്യത്തിലും അവരെ കൈവെടിയില്ല എന്നുമുള്ള ദൃഡ്ഡനിശ്ചയത്തിലായിരിക്കണം.
ലിറ്റിയുടെ ഫോൺ ശബ്ദിക്കുന്നത് കേട്ടാണ് ഊർമിള ചിന്തയിൽ നിന്നുണർന്നത്.ഫോണിൽ സംസാരിച്ചു കൊണ്ടിരുന്ന ലിറ്റിയുടെ മുഖത്ത് പുഞ്ചിരി വിടർന്നു.
ഫോൺ വച്ച ശേഷം ലിറ്റി പറഞ്ഞു. ”
“ഒരു ഗുഡ് ന്യൂസ് ഉണ്ട് ”
മിയയുടെ ബിഹേവിയർ ഇഷ്യൂസും മറ്റ് വിവരങ്ങളും എല്ലാം അറിഞ്ഞു കൊണ്ട് തന്നെ മറ്റൊരു ഫാമിലി അവളെ കണ്ടു മടങ്ങിയിരുന്നു. അവർ ആണിപ്പോൾ വിളിച്ചത്. അവർ Yes പറഞ്ഞിരിക്കുന്നു!
ഈ വാർത്ത കേട്ടു ഊർമിളക്കും വലിയ ആശ്വാസം തോന്നി. സ്നേഹത്തിന്റെയും കരുണയുടെയും വറ്റാത്ത ഉറവിടങ്ങളിലേക്ക് കുഞ്ഞു മിയ എത്തിപ്പെടട്ടെ എന്ന പ്രാർത്ഥനയോടെയാണ് ഊർമിള അന്ന് സ്നേഹഭവൻ വിട്ടിറങ്ങിയത്.
🌹🌹🌹🌹🌹🌹
#എന്റെരചന
#koottaksharangal


3 Comments
ശരിയാണ്….. ആ കുഞ്ഞുങ്ങൾക്ക് ഒരു കുടുംബത്തിലെ ജീവിതവുമായി പൊരുത്തപ്പെടാൻ ഇത്തിരി സമയം വേണ്ടി വരും….. നന്നായെഴുതി🌹👍
വായനക്ക് നന്ദി .സ്നേഹം ❤️❤️❤️.
നല്ല കഥ. കൂടുതൽ കരുതൽ വേണ്ട അനാഥകുഞ്ഞുങ്ങളെ കുറിച്ച് നന്നായി എഴുതി. 👌