മാധുര്യമേറുന്ന ഒരു പാട് കവിതകൾ നമ്മുടെ കേരളത്തിനു നൽകിയ വളരെയധികം കവികൾ നമുക്കുണ്ട്. അതിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു കവയത്രി തന്നെയാണ് ശ്രീമതി കടത്തനാട്ട് മാധവിയമ്മ.
അതിസാധാരണ ജീവിതത്തിൽ അസാധാരണ തിളക്കം. അങ്ങിനെ വിശേഷിപ്പിക്കാവുന്ന ഒരു വ്യക്തിത്വമായിരുന്നു അവരുടേത്. സ്നേഹം, വാത്സല്യം, കാരുണ്യം ഗ്രാമ സൗന്ദര്യത്തോടുള്ള ആരാധന ഇവയെല്ലാം ഓരോ കവിതയിലും നമുക്കു തൊട്ടറിയാൻ സാധിച്ചിട്ടുണ്ട്.
പഴയ കുറുമ്പനാട് താലൂക്കിലെ ഇരിങ്ങണ്ണൂരിൽ തിരുവോത്ത് കണ്ണകുറുപ്പിന്റെയും കിഴ്പ്പള്ളി കല്യാണി അമ്മയുടെയും മകളായി 1909 ജൂൺ 15 നാണ് കവിയത്രി കടത്തനാട്ട് മാധവിയമ്മ ജനിച്ചത്. അച്ഛനിൽ നിന്ന് തന്നെയാണ് അവർക്കു സാഹിത്യവാസന ലഭിച്ചത്. പക്ഷെ യാഥാസ്ഥിതിക നായർ തറവാട്ടിൽ ജനിച്ച ഒരു പെൺകുട്ടിക്ക് വിദ്യാഭ്യാസത്തിന് അന്ന് ഒരുപാടു അതിരുകൾ ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ അന്നത്തെ സമ്പ്രദായ മനുസരിച്ചു അവർ കുടിപ്പള്ളിക്കൂടത്തിൽ അഞ്ചാംക്ലാസ് വരെ പഠിച്ചു. പിന്നീട് കടത്തനാട് കൃഷ്ണവാരിയർ എന്ന പണ്ഡിത കവിയിൽ നിന്നു അവർ കാവ്യനാടകം അഭ്യസിച്ചു. ഇത് തന്നെ ആയിരുന്നു അവരുടെ കാവ്യവാസനക്ക് അടിത്തറ നൽകിയതും. സ്വതന്ത്രസമര പ്രവർത്തകനും പ്രാസംഗകനും പത്ര പ്രവർത്തകനും ഒക്കെ ആയ എ. കെ. കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെ ജീവിതസഖി ആയതോടെ അവരുടെ കാവ്യവസാനക്ക് വേണ്ടുവോളം പ്രോത്സാഹനം കിട്ടി. പതിനാലാമത്തെ വയസ്സിലായിരുന്നു അവരുടെ ആദ്യ കവിത പ്രസിദ്ധീകരിച്ചത്. അതും ഉന്നതരായ കവികളുടെ അരങ്ങായ കവന കൗമുദിയിൽ പിന്നീട് ഒരുപാട് കവിതകൾ എഴുതി.
പ്രസന്നവും ശുഭാപ്തി വിശ്വാസത്താൽ ഉറച്ചതും ആയിരുന്നു അവരുടെ കാവ്യലോകം. ഏതു സാധാരണക്കാരനും ഉൾക്കൊള്ളാൻ പറ്റും എന്നതായിരുന്നു അവരുടെ കവിതകളുടെ പ്രത്യേകത. അവരുടെ സൃഷ്ടികളിൽ ഏറെ പ്രകീർത്തിപ്പെട്ട ഒന്നാണ് ‘ഗ്രാമശ്രീകൾ ‘. പാടത്തെ ചളിയിൽ കൊടും വെയിലത്ത് പണി ചെയ്യുന്ന കർഷകസ്ത്രീകളെ നാടിന്റെ നന്മകളായിട്ടാണ് അവർ നമ്മുടെ മനസുകളിൽ എത്തിക്കുന്നത്. പാടത്ത് ഞാറു നടുക എന്ന ഈ വിദ്യ ‘നിങ്ങൾ ഏതു വിശ്വവിദ്യാലയത്തിൽ നിന്നാണ് സോദരിമാരെ പഠിച്ചത്’ എന്ന അതിശയത്തോടെ ഉള്ള കവിയത്രിയുടെ ചോദ്യം കവിത വായിക്കുന്നവരെയും ആകാംഷാഭരിതരാക്കും. ഏതു ജോലി ആയാലും അതിനു അതിന്റെതായ മഹത്വം ഉണ്ടെന്നുള്ള ഒരു സന്ദേശം കൂടി തരുകയാണ് കവിയത്രി ഈ കവിതയിലൂടെ. ‘ആകത്തുക ‘ എന്ന കവിതയിൽ എല്ലാം വെട്ടിപിടിച്ചു അഹങ്കരിക്കുന്ന മനുഷ്യന് ഒരിക്കലും സാധിക്കാത്ത കാര്യങ്ങളും ചിലതു ഉണ്ടെന്നുള്ള ഒരു സൂചനയാണ് അവർ തരുന്നത്. മനുഷ്യന്റെ അഹങ്കാരം കുറക്കാനുള്ള ഒരു താക്കീതും ഈ കവിതയിൽ കാണാൻ സാധിക്കുന്നു.
പ്രകൃതിയോടുള്ള അവരുടെ കറകളഞ്ഞ ഭക്തി അവരുടെ മിക്ക കവിതകളിലും നമുക്ക് ദർശിക്കാൻ കഴിയും. മണ്ണിനെ സ്നേഹിക്കുന്ന കർഷകസ്ത്രീകൾ തൻ്റെ വയലുകൾ നികത്തുന്നതിൽ പങ്കാളികൾ ആയി പോയതിൽ അവർ പരിതപിക്കുന്നു. സ്വന്തം ജീവിതത്തിൽ നിന്ന് ആ ‘അമ്മ അടർത്തിയെടുത്ത കവിത തന്നെയാണ് ‘എന്റെ മകനേ ‘ എന്നത്.
‘അന്നു നീയെൻ മടിത്തട്ടിലൊരു
കുഞ്ഞായ് ചുരുങ്ങിയിരുന്നു
ഇന്നു നീയെൻ കരൾത്തട്ടിലൊരു
ബ്രഹ്മാണ്ഡമായി വളർന്നു ‘
ഈ വരികൾ അകാലത്തിൽ പിരിഞ്ഞുപോയ സ്വന്തം മകനെ അനുസ്മരിക്കുന്നതാണ്. മകനോടുള്ള ലാളനയും മരണാന്തരം മകൻ ബ്രഹ്മാണ്ഡത്തോളം വളർന്നു എന്ന അദ്ധ്യാത്മചിന്തയും ഒരേ സമയം മരിക്കാത്ത ഓർമകളായി കവയത്രി കവിതയിലൂടെ തുറന്നു കാട്ടുന്നു.
നാട്ടിൻപുറത്തെ ജീവിതത്തോട് പൂർണമായി പൊരുത്തപ്പെട്ട് ഒഴുകുന്ന നീർചോലയുടെ ലാളിത്യവും ചാരുതയും അവരുടെ കവിതകളിലൂടെ നമുക്ക് അറിയാൻ കഴിയും. അടുക്കും ചിട്ടയും നിറഞ്ഞ ആ ജീവിതത്തിൽ സ്ഥായി ആയ ഭാവം ഭക്തി തന്നെ ആയിരുന്നു. കുട്ടികളെ ഒരുപാടു ഇഷ്ടപെട്ടത് കൊണ്ട് തന്നെ ആയിരിക്കും മാതൃവാത്സല്യത്തിന്റെ കവിതകൾ അവർക്കു ഒരു പാട് എഴുതുവാൻ കഴിഞ്ഞത്. വ്യക്തമായ ഒരു രാഷ്ട്രീയഇഷ്ടമോ മതവിശ്വസത്തിൻറെ തീവൃതയോ ഇല്ലായിരുന്നെകിലും അവർ ഗാന്ധിജിയെ
ധർമ്മത്തിന്റെ പ്രതീകമായി ആരാധിച്ചിരുന്നു ഗ്രാമസ്ത്രീകൾ, കണിക്കൊന്ന മുത്തച്ഛൻറെകണ്ണുനീർ, ഒരുപിടിഅവിൽ, കണ്ണുനീരും ചിരിയും ഇവയെല്ലാം അവരുടെ പ്രധാന കവിതാസമാഹരങ്ങൾ ആണ്. വടക്കൻ പാട്ടിലെ വീര യോദ്ധാക്കളായ തച്ചോളി ഒതേനൻ പയ്യമ്പള്ളി ചന്തു എന്നിവരെക്കുറിച്ചു രണ്ടു ഗദ്യകൃതികളും അവരുടേതായിട്ടുണ്ട്. സാമൂഹ്യപ്രശ്നങ്ങൾ കൂടുതൽ സ്പഷ്ടമാക്കുന്നവയാണ് അവരുടെ കഥകൾ. പുത്രവധു, സംബന്ധക്കാരൻ, ‘അമ്മ, പ്രണയത്തിന്റെ പൗരുഷം, കവിയുടെ ഭാര്യ ഇവയെല്ലാം അക്കൂട്ടത്തിൽപ്പെടും. ചങ്ങമ്പുഴ അവാർഡും, രാമാശ്രമം അവാർഡും കൂടാതെ 1996 ൽ സമഗ്ര സംഭവനക്കുള്ള കേരളകേരളസാഹിത്യ അവാർഡും കവിയത്രിക്കു ലഭിച്ചിരുന്നു.
ലളിതജീവിതമായിരുന്നു അവർ ഇഷ്ടപ്പെട്ടത് ഒച്ച ഉണ്ടാക്കാതെ വെളിച്ചം പ്രസരിക്കുന്ന ഒരു നെയ്ത്തിരി നാളം പോലെ ആയിരുന്നു ആ ജീവിതം. ജീവിതത്തിന്റെ അവസാനനാളുകളിൽ അവർ മൗനത്തിന്റെ വാല്ത്മീകത്തിൽ ആയിരുന്നു. എങ്കിലും ഈശ്വരഭക്തിയാൽ ദീപ്തമായിരുന്നു ആ മനസ്സ്. 1999 ഡിസംബർ 24 നാണ് അവർ ഇഹലോകവാസം വെടിഞ്ഞത്. നമുക്കായി തന്ന പ്രസന്നവും ശുഭാപ്തിവിശ്വാസം തുളുമ്പുന്നതും ആയ കവിതകളിലൂടെ പ്രശ്സ്ത കവിയത്രി കടത്തനാട് മാധവിയമ്മ ജനഹൃദയങ്ങളിൽ ജീവിക്കുന്നു.

