ഈയടുത്തായി പത്രങ്ങളിലും ചാനലുകളിലും വരുന്ന വാർത്തകൾ എല്ലാം തന്നെ കുട്ടികളിലെ ലഹരി ഉപയോഗം, കുട്ടികൾക്കിടയിൽ ഉയർന്നു വരുന്ന ക്രൈം റേറ്റ് എന്നിവയെക്കുറിച്ചാണല്ലോ? നമ്മുടെ യുവതലമുറ വഴിതെറ്റുന്നതിന്റെ കാരണങ്ങൾ തേടി പോകുമ്പോൾ അതിലൊരു സുപ്രധാന ഘടകം കുടുംബമാണ്. അച്ഛനമ്മമാരാണ്. അവരാണ് ഏക ഉത്തരവാദികളെന്നല്ല പറഞ്ഞു വെക്കുന്നത്. അവരും ഇതിലൊരു പ്രധാന പങ്ക് വഹിക്കുന്നുണ്ട് എന്നാണ്.
ഒരു കുഞ്ഞ് ജനിക്കുമ്പോഴല്ല രണ്ട്പേർ അച്ഛനമ്മമാരാകുന്നത്. അവരൊരു കുഞ്ഞു വേണമെന്ന് ആഗ്രഹിച്ചു അതിന് തയ്യാറെടുപ്പ് തുടങ്ങുമ്പോഴാണ്. ഒരു കുഞ്ഞിനെ വളർത്തുന്നത് വെച്ച് നോക്കുമ്പോൾ ജനിപ്പിക്കുക എന്നത് താരതമ്യേന ഈസിയായ കാര്യമാണ്. അതായത് പഴയ അമ്മമാര് പറയുംപോലെ പത്തു മാസത്തെ കണക്കല്ല, അത് കഴിഞ്ഞുള്ള പത്തുകൊല്ലം നിങ്ങളെങ്ങനെയാണാ കുഞ്ഞിനെ വളർത്തുന്നത് എന്നതാണ് കയ്യടി നേടിയെടുക്കേണ്ട വിഷയം.
ഒരു കുഞ്ഞു ജനിക്കുന്നതിനു മുമ്പേ അവനെ അല്ലെങ്കിൽ അവളെ എങ്ങനെ വളർത്തണം, അതിനുള്ള സാമ്പത്തികം, സമയം, ഊർജം എന്നിവ എങ്ങനെയാണ് കണ്ടെത്തേണ്ടതെന്നു അച്ഛനമ്മമാർ സമത്വത്തോടെ സമഭാവനയോടെ തീരുമാനിക്കണം. ഇതാണ് പേരെന്റ്റിംഗിന്റെ ആദ്യപടി. ഈ പടി പഴയ കാലത്തൊന്നും ആളുകൾ കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല. എന്നാൽ ഇന്ന് സ്ഥിതി കൊറേശ്ശേ മാറി വരുന്നുണ്ട്. ഇന്നും ഒരെടുത്തു ചാട്ടത്തിന് കേറി കല്യാണം കഴിച്ച് എങ്ങനെയൊക്കെയോ ഒരു കുട്ടിയായി ജീവിക്കുന്ന വലിയ ശതമാനം ആളുകളുണ്ട്. കല്യാണം കഴിഞ്ഞു കുറച്ചു കാലത്തിനുള്ളിൽ കുഞ്ഞുണ്ടായില്ലെങ്കിൽ എത്ര പേരിൽ നിന്നും കാരണം കാണിക്കൽ നോട്ടീസ് കിട്ടുമെന്നറിയാമോ? ഐ യൂ ഐ, ഐ വി എഫ് എന്നിവ പ്ലാൻ ചെയ്തു കുഞ്ഞുങ്ങൾ ഉണ്ടാകുന്നവർക്കും കുഞ്ഞുണ്ടായതിന് ശേഷം എന്ത് എന്നതിനെകുറിച്ച് വ്യക്തമായൊരു ധാരണ ഉണ്ടാവണമെന്നില്ല.
കുഞ്ഞുണ്ടായതിന് ശേഷം കുഞ്ഞിന്റെ കൈ വളരുന്നുണ്ടോ കാല് വളരുന്നുണ്ടോ എന്ന് നോക്കി വളർത്തുന്ന നമുക്ക് അവർക്ക് ക്രിമിനൽ വാസനയുണ്ടോ എന്നും തിരിച്ചറിയാൻ കഴിയും. പഠനങ്ങൾ പറയുന്നത് അഞ്ചു വയസ്സിനുള്ളിൽ കുഞ്ഞുങ്ങളിലെ അസ്വഭാവികമായ ദേഷ്യം, ക്ഷമയില്ലായ്മ, സ്വയവും മറ്റുള്ളവരെയും ഉപദ്രവിക്കാനുള്ള ചോദന എന്നിവ നമ്മൾ കണ്ടെത്തി കാര്യക്ഷമമായ ബിഹേവിയർ തെറാപ്പി പോലുള്ള ചികിത്സകൾ കൊടുത്താൽ പാരമ്പര്യമായി കിട്ടുന്ന സ്വഭാവവൈകൃതങ്ങൾ വരെ നിയന്ത്രിക്കാൻ കഴിയുമെന്നാണ്.
പക്ഷെ അത് തിരിച്ചറിയണമെങ്കിൽ മക്കളുടെ കൂടെ നമ്മൾ സമയം ചെലവഴിക്കണം. സ്ക്രീൻ രഹിത സമയം.
ഇന്ന് ജനിച്ചു വീഴുന്ന കുഞ്ഞുങ്ങൾക്ക് വരെ മൊബൈൽ ഫോണില്ലാത്ത പരിപാടിയില്ല. അവർക്ക് മണ്ണറിയില്ല, പുഴയറിയില്ല, കാടറിയില്ല, മലയറിയില്ല. അവരുടെ കഥകളിലും കളികളിലും മുഴുവൻ തോക്കും ലഹരിയുമാണ്. എല്ലാവരും ഓടിക്കൊണ്ടിരിക്കുന്ന കാലത്ത് അവർ പറക്കുന്നു. ഏറ്റവും വേഗത്തിൽ ഓടിയെത്താൻ പഠിത്തത്തിൽ, പാട്ടിൽ, ഡാൻസിൽ അല്ലെങ്കിൽ സ്പോർട്സിൽ അവരോട് പറയുന്നത് നമ്മൾ തന്നെയല്ലേ? നമ്മെ കണ്ട് തന്നെയാണ് കുഞ്ഞുങ്ങൾ സ്പീഡ് ഇഷ്ടപ്പെടുന്നത്. അവർക്ക് മിക്കപ്പോഴും ക്ലാസ്സിൽ നുണയാൻ കഴിയാത്ത വിജയ മധുരം കിട്ടുന്നത് അവരുടെ ഫോണിലെ വീഡിയോ ഗെയിമിലാകും. അതിൽ എത്ര പേരെ കൊന്നെന്ന കണക്കിലാവും അവൻ മുന്നിൽ നിൽക്കുന്നത്. നിങ്ങളിത് കാണുന്നുണ്ടോ? ഉണ്ടാവില്ല. നിങ്ങളുടെ തലയും ഓരോ റീലിൽ കറങ്ങിക്കൊണ്ടിരിക്കുകയല്ലേ? പക്ഷെ അവൻ നാളെ ക്ലാസ്സിലെ കുട്ടിയെ തല്ലിച്ചതച്ചാൽ നിങ്ങളറിയും. നിങ്ങളോടൊപ്പം ചുറ്റുമുള്ളവരും. നിങ്ങളന്ന് ഞെട്ടും. തമ്മിൽ തമ്മിൽ പഴി പറയും. എന്റെ കുഞ്ഞിങ്ങനെയല്ല. അവനെല്ലാരോടും പെരുത്ത് സ്നേഹമാണെന്ന് പറയും. അതൊക്കെ ബോധത്തോടെ നടക്കുമ്പോൾ. മദ്യവും മയക്കു മരുന്നും ലഹരിയായി തലയിലെ കോശങ്ങളെ ഭരിക്കാൻ തുടങ്ങും വരെയെല്ലാം ശാന്തമാണ്. അവൻ മനുഷ്യനാണ്. പക്ഷെ ലഹരിക്ക് അടിയറവ് പറഞ്ഞൊരു ഞൊടിക്ക് ശേഷം അവൻ മറ്റേതോ സാമാന്തര ലോകത്തിലെ അജ്ഞാതനാണ്. ഈ ഭൂമിയിലെ അവന്റെ പ്രിയപ്പെട്ടവർക്കെല്ലാം അജ്ഞാതൻ.
നമുക്കവരെ എങ്ങനെ രക്ഷിക്കാനാവും? ചെടി വളർന്നു മരമായിട്ട് കടയിൽ വളം ചെയ്തിട്ട് കാര്യമില്ലല്ലോ. ഇളമുറക്കാരായ കുഞ്ഞുങ്ങളെയേ നമുക്ക് എളുപ്പം ശരിയാക്കാൻ കഴിയൂ. ക്യാച്ച് തേം യങ് എന്ന് കേട്ടിട്ടില്ലേ?
അച്ഛനുമമ്മയും ഒരുമിച്ച് വളർത്തുന്ന മക്കളെ ഒരുപോലെ പരിധികൾ നിശ്ചയിച്ചു വളർത്തണം. അതായത് കുട്ടിയൊരു സൈക്കിൾ വേണമെന്ന് പറഞ്ഞാൽ അമ്മ വേണ്ടെന്ന് പറയുമ്പോൾ അച്ഛനത് വാങ്ങി കൊടുക്കാൻ നിന്നാൽ സംഗതി കയ്യിൽ നിന്ന് പോകും. കുട്ടിക്ക് ഇനി അടുത്തൊരു കാര്യം സാധിക്കണമെങ്കിൽ അവനറിയാം അമ്മ സമ്മതിച്ചില്ലെങ്കിൽ അച്ഛൻ സമ്മതിക്കുമെന്ന്. ഓരോ കാര്യങ്ങളും അച്ഛനുമമ്മയും ഒരുമിച്ച് തീരുമാനിച്ച് ഒരുപോലെ കുഞ്ഞിനോട് പെരുമാറിയാൽ തീരാവുന്ന പ്രശ്നമേ ഇവിടെയുള്ളൂ. പക്ഷെ ഇത്തരമൊരു സിറ്റുവേഷൻ നമ്മുടെ വീടുകളിൽ അച്ഛനുമമ്മയും കുട്ടിയുടെ മുന്നിൽ കിടന്നു വഴക്കും തല്ലുമാകുന്ന രംഗത്തിലാണ് അവസാനിക്കുക.
ഇനി അച്ഛനോ അമ്മയോ ഒറ്റക്ക് വളർത്തുന്ന കുഞ്ഞുങ്ങൾക്ക് സമാധാനവും സന്തോഷവുമുള്ള ഒരു അന്തരീക്ഷം കൊടുക്കാനുള്ള ബാധ്യത അവർക്കുണ്ട്. മിക്കവാറും മുറിവേറ്റ അച്ഛൻ അല്ലെങ്കിൽ അമ്മ കുഞ്ഞിനേയും മുറിവേൽപ്പിക്കും. കുഞ്ഞു കാണിക്കുന്ന ഓരോ കൊച്ചു വികൃതികളും പെരുപ്പിച്ചു കണ്ട് അത് തന്റെ പിരിഞ്ഞുപോയ പങ്കാളിയുടെ സ്വഭാവസവിശേഷതയാണെന്ന് കണ്ടെത്താൻ ചില സിംഗിൾ പേരെന്റ്സ് പ്രത്യേക താല്പര്യം കാണിക്കുന്നത് കണ്ടിട്ടുണ്ട്. നിങ്ങളൊരു ടോക്സിക് ആയ ബന്ധത്തിൽ നിന്ന് രക്ഷപ്പെട്ടയാളാണെങ്കിൽ നിങ്ങളുടെ കുഞ്ഞിന് അരക്ഷിതാവസ്‌ഥയുണ്ടാവാതിരിക്കാൻ നിങ്ങൾ ശ്രദ്ധിക്കണം. നമ്മുടെയുള്ളിൽ അരക്ഷിതാവസ്‌ഥ യുണ്ടെങ്കിൽ നമുക്ക് കുഞ്ഞിന് സമാധാനം കൊടുക്കാനാവില്ല. അതിന് ചെയ്യാവുന്നത് നമ്മളൊരു മാനസിക വിദഗ്ധനെ കണ്ട് പരിഹാരം തേടുകയെന്നാണ്. ചില സിംഗിൾ പേരെന്റ്സ് ആണെങ്കിലോ മക്കൾ പറയുന്ന എന്ത് കാര്യങ്ങളും സാധിച്ചു കൊടുക്കും. അവരുടെ ഗുഡ് ബുക്സിൽ കേറാൻ. അതും വലിയ അപകടം തന്നെ.
ഒരു കുഞ്ഞു ഉണർന്നിരിക്കുന്ന പതിനാലു മണിക്കൂറിൽ ആറ് മണിക്കൂറെ സ്കൂളിൽ പോകുന്നുള്ളൂ. ബാക്കി എട്ട് മണിക്കൂറും നമുക്കവനെ കിട്ടുന്നുണ്ട് സ്കൂളുള്ള ഒരു ദിവസം. ഒരു അധ്യയന വർഷം ആകെ ഇരുന്നൂറ്റി ഇരുപത് ദിവസമേയുള്ളൂ(ഇക്കൊല്ലത്തെ കണക്ക്). ബാക്കി ദിവസങ്ങളെല്ലാം തന്നെ നമ്മോടൊപ്പം ചിലവഴിക്കുന്ന കുഞ്ഞുങ്ങൾ വഴി തെറ്റുന്നതിൽ നമുക്ക് പങ്കില്ലേ?
ഇനി നമ്മുടെ കുട്ടികൾ ചെയ്യുന്ന തെറ്റുകളെ നിസ്സാരവൽക്കരിച്ചു കാണുന്ന അച്ഛനമ്മമാരെ, നിങ്ങളും ചെയ്യുന്നതും വലിയ തെറ്റ് തന്നെയാണ്. തെറ്റുകൾ ശരിയാക്കുന്നത് വരെ തെറ്റ് തന്നെയാണ്. അത് അവരെ ബോധിപ്പിക്കുകയും വേണം. അവരോട് അതിനെ കുറിച്ച് തുറന്ന് സംസാരിക്കുകയും വേണം. ഒരു ചാനൽ ചർച്ചയിൽ കണ്ടതാണ്. സ്വന്തം മകളുടെ ബാഗിൽ നിന്നും മയക്കു മരുന്ന് കിട്ടിയ ഒരച്ഛൻ ചെയ്‍തത് ഉടനെ തന്നെ കുട്ടിയെ ഡി അഡിക്ഷൻ സെന്ററിൽ കൊണ്ട് പോവുകയായിരുന്നു. അന്നതിന് പകരം എന്ത് ചെയ്യുമെന്നോർത്ത് പകച്ചു കുട്ടിയെ തല്ലി പൂട്ടിയിട്ടിരുന്നെങ്കിലോ? ആ കുട്ടി ചിലപ്പോളിന്ന് ജീവിച്ചിരിപ്പുണ്ടാവില്ല. ഓരോ മാതാപിതാക്കളും ന്യൂ ജൻ കുട്ടികളുടെ ന്യൂജൻ കുറുമ്പുകൾ കേൾക്കാനും കൊള്ളാനും പ്രാപ്തരാവേണ്ടിയിരിക്കുന്നു. അതുപോലെ കുടുംബത്തിലെ മുതിർന്നവർക്കും പേരെന്റ്റിംഗ് ട്രെയിനിങ് കൊടുക്കേണ്ടത് അത്യാവശ്യമാണ്. പുതിയ മുത്തശ്ശൻമാരും മുത്തശ്ശിമാരും അവർ പഠിച്ചു വെച്ച പല കാര്യങ്ങളും മറന്നു പുതിയ കാര്യങ്ങൾ പുതിയ ലോകത്തിന് വേണ്ടി പഠിക്കേണ്ടിയിരിക്കുന്നു.
കുടുംബത്തിന് പുറത്തു കടന്നാൽ സ്കൂളിലെ ടീച്ചർമാരും മാതാപിതാക്കളുടെ പിന്തുണയോടെ കുട്ടികളെ നേർവഴിക്കു നടത്താൻ ഉത്തരവാദിത്തമുള്ളവരാണ്. ചില അധ്യാപകരെങ്കിലും കാലം മാറിയതറിയാതെയിന്നും കുട്ടികളുടെ ഓരോ ചെറിയ കുസൃതികളും ഭീമവൽക്കരിച്ചു അവരെ സമൂഹത്തിന് മുമ്പിൽ തെറ്റുകാരാക്കാൻ ശ്രമിക്കുന്നത് കാണാം. ചില കുട്ടികൾ മോശക്കാരാണെന്ന് ചിലപ്പോളെങ്കിലും ഒരു മുൻധാരണ യോടെ പെരുമാറുന്ന അധ്യാപകരെയും കാണാം. അവർ മാറിയാലേ സമൂഹത്തിനെന്തെങ്കിലും മാറ്റം വരുകയുള്ളൂ എന്നവരെന്ന് മനസ്സിലാക്കുമാവോ?
ഇനി കുടുംബവും സ്കൂളും കഴിഞ്ഞ് കുട്ടിയുടെ ഒരു ദിവസത്തിലെ വളരെ കുറച്ചു സമയം മാത്രം ചിലവഴിക്കുന്ന സമൂഹത്തിന് കുട്ടികളെ പക്ഷെ വലിയ രീതിയിൽ കെടുത്താനുള്ള കഴിവുണ്ടെന്ന് നമുക്കറിയാം, അല്ലേ? ലഹരി വരുന്ന വഴി സ്കൂളോ ട്യൂഷൻ ക്ലാസ്സോ അല്ലെങ്കിൽ വഴിയിൽ കാണുന്ന അടുത്ത വീട്ടിലെ ചേട്ടനോ ചേച്ചിയോ ആവാം. കുട്ടികളുടെ കൂട്ടുകാരെക്കുറിച്ച് അച്ഛനമ്മമാർക്ക് വ്യക്തമായ ധാരണ വേണം. അവരുടെ സ്വഭാവത്തിൽ വരുന്ന മാറ്റങ്ങൾ ശ്രദ്ധിക്കാനും നമ്മൾ സമയം കണ്ടെത്തണം. അമേരിക്കയിലും സ്കാൻഡിനെവിയൻ രാജ്യങ്ങളിലും കുട്ടികളിലെ ക്രൈം റേറ്റ് കുറഞ്ഞിട്ടുണ്ടെങ്കിൽ അത് നമുക്കും കഴിയില്ലേ? നമ്മുടെ സർക്കാരും കുട്ടികളുടെ സോഷ്യൽ മീഡിയ ഉപോയോഗത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. ആദ്യം നമുക്ക് വീട്ടിൽ നിന്ന് തുടങ്ങാം. വലിയൊരു വിപത്തിലേക്ക് നമ്മുടെ മക്കൾ വീണു പോകുന്നതിന് മുമ്പ് നമുക്കൊരു കൈത്താങ്ങാവാം അവർക്ക്. നമ്മളാൽ കഴിയുന്ന പോലെ.
ഷിജു ജോബു
#മാറേണ്ടത് കുട്ടികൾ മാത്രമോ?


5 Comments
നല്ല ഉൾക്കാഴ്ചയുള്ള എഴുത്ത് 👌👌
കൃത്യം
നല്ല രചന. കുട്ടികളെ സ്വാധീനിക്കുന്ന factors, parenting ന്റെ പ്രാധാന്യം എല്ലാം വ്യക്തമായി എഴുതി. 👌👏❤
നല്ല വിവരണം.. Responsible Parenting ആണ് എല്ലാറ്റിലുമാദ്യം വേണ്ടത്..
❤️👌🌹
ഷിജു നന്നായി എഴുതി. പരന്റിങ് എത്രത്തോളം ഇമ്പോര്ടന്റ്റ് ആണെന്ന് സമീപകാല സംഭവങ്ങൾ കാണിക്കുന്നുണ്ട്. നല്ല നിർദ്ദേശങ്ങൾ. ❤️