നിരഞ്ജൻ മുറിയിലേക്ക് വരുമ്പോൾ ഞാൻ ബെഡിൽ കിടക്കുന്നുണ്ടായിരുന്നു.
“എന്തുപറ്റി സുഖമില്ലേ? ” അവന്റെ ചോദ്യം കേട്ടപ്പോൾ ഞാനാ മുഖത്തേക്ക് ഒന്നുനോക്കി.
പിന്നെപറഞ്ഞു, ” ഒരു തലവേദന പോലെ. ”
“വാമിറ്റിംഗ് ടെണ്ടൻസി ഒന്നുമില്ലല്ലോ. ഹോസ്പിറ്റലിൽ പോണോ.”
അവന്റെ ആ ചോദ്യം എന്റെ കണ്ണുകൾ നനയിച്ചു. രണ്ടോ മൂന്നോ മാസത്തിൽ ഒരിക്കൽ എനിക്കു അങ്ങിനെ ഒരു തലവേദനവരും, അപ്പോൾ നിരഞ്ജൻ എന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോവുന്നതും ഡ്രിപ് എടുക്കുന്നതും പതിവാണ്.
അവൻ പിന്നെ ഒന്നും പറയാതെ ഡ്രസ്സ് മാറ്റി ബെഡിന്റെ അറ്റത്തു വന്നു കിടന്നു. കുറച്ചു നേരത്തെ മൗനത്തിനോടുവിൽ അവന്റെ വാക്കുകൾ.
” നാളെ കാലത്തു പത്തുമണിക്കാണ് വക്കിലിന്റെ അടുത്തു പോവേണ്ടത്.”
അവന്റെ ശബ്ദം വല്ലാതെ അടഞ്ഞതു പോലെ തോന്നി എനിക്ക്. എന്താണ് ഞങ്ങൾക്കിടയിൽ സംഭവിച്ചത്?
ഞാൻ നിരഞ്ജനെ അറിയുന്നത് ഫസ്റ്റ് ഇയർ ഡിഗ്രീയിൽ ഉള്ള സമയത്താണ്.
“കോളേജിലെ ആർട്സ് പ്രോഗ്രാമിനു ഉള്ള ഒരു മ്യൂസിക് ഷോയിൽ ഒരു നല്ല സിംഗറായ നിരഞ്ജൻപാടുന്നുണ്ട്. കൂടെ പാടാൻ ഒരുഫീമെയിൽ വോയിസ് വേണം. നീ ഒന്നു ട്രൈ ചെയ്യുന്നോ?”
ഒരു വിധം നന്നായി പാടുന്ന എന്നോട് ക്ലാസ്സിലുള്ള അരുണ ചോദിച്ചപ്പോൾ എനിക്കു ഒട്ടും സമ്മതം ഉണ്ടായിരുന്നില്ല.
“നീ ഒന്നു പോയി നോക്കു ഭാവ, ഒന്നു ട്രൈ ചെയ്യുന്നതിൽ എന്താണ്?”
അങ്ങിനെയാണ് ഞാൻ അവന്റെ മുന്നിൽ എത്തിയത്.
പ്രോഗ്രാം നന്നായി നടന്നു. ഒരുപാടു പേർ അഭിനന്ദിച്ചു. പിന്നെയും ഒന്നു രണ്ടു തവണ ഞാൻ അവന്റെ കൂടെ പാടി.
“നിന്റെ ഈ പേരു എനിക്കു ഒരുപാടു ഇഷ്ടമായി. ഒരു റെയർ നെയിം. ഭാവയാമി. ഞാൻ നിന്നെ യാമി എന്നു വിളിച്ചോട്ടെ?”
അങ്ങിനെ അച്ഛനും അമ്മക്കും ബന്ധുക്കൾക്കും ചിന്നുവും ഫ്രണ്ട്സിനു ഭാവയും ആയ ഞാൻ നിരഞ്ജനു മാത്രം യാമി ആയി. അങ്ങിനെ ഒരു നാലു വർഷത്തെ പ്രണയം. പരസ്പരം ഒന്നിക്കാതെ ജീവിക്കാൻ പറ്റില്ല എന്നു മനസ്സിലായപ്പോൾ ഞാൻ നിരഞ്ജന്റെ കാര്യം വിട്ടിൽ പറഞ്ഞു. വീട്ടിൽ ഞാൻ ഒറ്റക്കുട്ടിയാണ്. ഞാൻ വിചാരിച്ച കാര്യം നടക്കണം എന്നുള്ള പിടിവാശിക്കാരിയും. അതായിരിക്കാം അച്ഛനും അമ്മയും ഇഷ്ടക്കുറവ് ഉണ്ടായിട്ടും വിവാഹം ആർഭാടമായി നടത്തി തന്നത്.
നിരഞ്ജനിൽ അവർ ഒരു കുറവും കണ്ടില്ല. പക്ഷേ കുടുംബപരമായി അവനെ ഉൾക്കൊള്ളാൻ അവർക്കു ചെറിയ പ്രയാസങ്ങൾ ഉണ്ടായിരുന്നു. നിരഞ്ജൻ ഒരു ബാങ്കിൽ ജോലിക്ക് കയറി അധികം താമസിയാതെ ആയിരുന്നു വിവാഹം. എം കോം കംപ്ലീറ്റ് ചെയ്ത എന്നോടും ജോലിക്ക് ശ്രമിക്കാൻ നിരഞ്ജൻ പറഞ്ഞു. പക്ഷേ എനിക്കു താല്പര്യമുണ്ടായിരുന്നില്ല. എനിക്കു ഏതെങ്കിലും മ്യൂസിക് ട്രൂപ്പിൽ ചേരണം എന്നായിരുന്നു.
അവന്റെ ഇഷ്ടം നോക്കാതെ ഒരു ഫ്രണ്ട് വഴി ഞാൻ ട്രൂപ്പിൽ എത്തി. പിന്നെ ഇടക്ക് ഉണ്ടാവുന്ന പ്രോഗ്രാമുകൾ ഒന്നിച്ചു ഒന്നു പുറത്തു പോലും പറ്റാത്ത സാഹചര്യങ്ങൾ ഇതൊക്കെ നിരഞ്ജനു ഇഷ്ടക്കേട് കൂട്ടിയതെ ഉള്ളു. വിട്ടിൽ ഇടക്കിടക്ക് വഴക്കുകൾ ഉയർന്നു. നാലുകൊല്ലം പ്രണയിച്ചപ്പോൾ ഒരു ദിവസം പോലും സ്വരം തമ്മിൽ കേൾക്കാതെ ഉറങ്ങാൻ പറ്റില്ല എന്നു പറഞ്ഞവർ അന്യോന്യം സംസാരിക്കാതെയായി. ഒടുവിൽ ഒരു ദിവസം നിരഞ്ജൻ തന്നെയാണ് പറഞ്ഞത്. ഇങ്ങനെ കഴിയുന്നതിലും നല്ലത് പിരിയുന്നതാണെന്ന്. മനസ്സ്തകർന്നപ്പോഴും ഒന്നു കരയാൻ പോലും ഈഗോ എന്നെ അനുവദിച്ചില്ല. എനിക്കു സമ്മതം എന്നു അറിയിച്ചപ്പോൾ അവൻ എന്നെ വിശ്വാസം വരാത്തത് പോലെ ഒന്നു നോക്കി. ഇന്നു കൂടിയേ ഈ വിട്ടിൽ ഞങ്ങൾ ഒന്നിച്ചു ഉണ്ടാവു. പെറ്റിഷൻ കൊടുത്താൽ അവൻ ഫ്രണ്ടിന്റെ അടുത്തേക്ക് മാറും. ശരിക്കും ഒരു സമാധാനപൂർണ്ണമായ ഒരു വേർപിരിയൽ.
എനിക്കു കുറച്ചു വെള്ളം കുടിക്കണം എന്നു തോന്നി. ഞാൻ എഴുന്നേറ്റു ടേബിളിൽ വച്ച ജഗിൽ നിന്നു വെള്ളം കുടിച്ചു തിരികെ ബെഡിൽ എത്തിയപ്പോൾ ‘ഉറക്കം വന്നില്ലേ?’ എന്നവൻ ചോദിച്ചു. ഞാൻ മറുപടി ഒന്നും പറയാതെ ബെഡിലേക്ക് കിടന്നപ്പോൾ അവൻ എന്റെ വശത്തേക്ക് തിരിഞ്ഞു കിടന്നു, പിന്നെ പതുക്കെ ചോദിച്ചു.
“എന്നെ മിസ്സ് ചെയ്യോ?”
ഒരു വലിയ കരച്ചിൽ എന്റെ തൊണ്ടയിൽ ഉണ്ടായിരുന്നിട്ടും ഒന്നു അനങ്ങാൻ പോലും എന്റെ ഈഗോ സമ്മതിച്ചില്ല.
അവൻ കൈ എത്തിച്ചു എന്റെ കൈയിൽ തൊട്ടു. പിന്നെ പതുക്കെ മന്ത്രിക്കുന്നത് പോലെ പറഞ്ഞു. “നിന്നെ ഞാൻ മനസ്സിലാക്കാൻ ശ്രമിച്ചില്ല. നിന്റെ ഇഷ്ടങ്ങൾക്ക് ഞാൻ ഒരു വിലയും തന്നില്ല. അടുത്ത ജന്മമെങ്കിലും നല്ലൊരു ജീവിതത്തിൽ നമുക്ക് ഒന്നിക്കാം.”
എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നത് ആ ഇരുട്ടിൽ അവൻ കണ്ടില്ല. കുറച്ചു നേരത്തെ മൗനത്തിനു ശേഷം എന്നെ ചേർത്തു പിടിച്ചു കൊണ്ടു അവൻ എന്നോട് പറഞ്ഞു.
“യാമി, ഒരു കാര്യം പറയാൻ മറന്നു. സ്റ്റിൽ ഐ ലവ് യൂ.”
എന്റെ എല്ലാ ഈഗോയും മറന്നു ഞാൻ അവനെ കെട്ടിപിടിച്ചു. എന്നിട്ട് പൊട്ടിക്കരഞ്ഞുകൊണ്ടു ആ കാതുകളിൽ മന്ത്രിച്ചു.
“നിരഞ്ജൻ, നമ്മൾ പിരിയുന്നില്ല. ഐ ടു ലവ് യൂ.”
#എന്റെരചന – പറയാൻ മറന്നത്


6 Comments
മനോഹരം
മനോഹരം. പറയേണ്ടത് പറയേണ്ട സമയത്ത് പറയണം..
നല്ല കഥ. പറയേണ്ടത് പറയുക തന്നെ വേണം അല്ലെ?
👌👍
മനോഹരം.
ഞാൻ എന്ന ഭാവം മാറ്റിയാൽ തീരും പല പ്രശ്നങ്ങളും.
എനിക്ക് നിന്നെ ഇഷ്ട്ടം എന്ന് പരസ്പരം തുറന്ന് പറയാൻ മടിക്കുന്ന ഇടാത്താണ് ബന്ധങ്ങൾക്ക് വിള്ളൽ ഏൽക്കുന്നത്.
സ്നേഹം ജലജാ ❤️❤️
നല്ല കഥ ജലജ❤️🌹
എല്ലാവരുടെ ജീവിതത്തിലെയും പ്രധാന വില്ലൻ ഈഗോയാണ്. അതിനെ നിലയ്ക്കു നിർത്തിയാൽ സന്തോഷം താനേ വരും അല്ലേ
അതേ 😊 സ്നേഹം സുമ ❤️❤️❤️