നഗരത്തിന്റെ തിരക്കിൽ നിന്നും മാറി കാർ ഇടവഴികളിലൂടെ നീങ്ങി തുടങ്ങിയപ്പോൾ മീര എ സി ഓഫ് ചെയ്ത് വിൻഡോ ഗ്ലാസ് താഴ്ത്തി. നനുത്ത കാറ്റ് അവളുടെ മുടിയിഴകളിലൂടെ പതിയെ കടന്ന് പോയി. അതിന്റെ നിർവൃതിയിൽ ആയിരിക്കാം കാറ്റിന് പിറകേയവളുടെ കണ്ണുകളും സഞ്ചരിച്ചത്. ആകാശത്ത് അവിടെയിവിടെയായി കാർമേഘങ്ങൾ ഇരുണ്ടു കൂടി നിൽക്കുന്നു.
പ്രകൃതിയെ പൊള്ളിക്കുന്ന വേനലിനൊരു അവധി നൽകാനായി ഭൂമിയിലേക്ക് വിരുന്ന് വരുന്ന മഴയെ വരവേൽക്കാനുള്ള ഒരുക്കമാവണം ഈ കാറ്റ്. പതിയേ നൃത്തം വയ്ക്കുന്ന ഇലകളും അവർക്കൊപ്പം ആടിയുലയുന്ന മരച്ചില്ലകളും. കാറ്റിന്റെ സംഗീതത്തിനൊത്തുള്ള, മരച്ചില്ലകളുടെ നാട്യം. മനോഹരമായ ഒരു നൃത്തസദസ്സ് അവളുടെ മനസ്സിൽ തെളിഞ്ഞു.
ഓരോ മഴയും പിച്ചവച്ച് നമ്മെ കൊണ്ടെത്തിക്കുന്നത് പിറന്ന മണ്ണിലേക്കാണ്. മധുരപ്പതിനേഴുകാരിയെപ്പോലെ സുന്ദരിയായ എന്റെ ഗ്രാമം. പച്ചപ്പട്ടുടുത്ത്, വെള്ളിക്കാെലുസണിഞ്ഞ്, ഗിരിരാജനെ കീരിടമായി ചൂടി നിൽക്കുന്നവൾ.
മല്ലമ്മയെ കേൾക്കുന്നതുവരെ ഗ്രാമമെന്നാൽ മനസ്സിൽ വരുന്ന ചിത്രം അതൊന്ന് മാത്രമായിരുന്നു. ഇതുപോലെയൊരു മഴ ദിവസമാണ് അവൾ കരകര ശബ്ദത്തോടെ ഗേറ്റ് തുറന്ന് കടന്ന് വന്നത്. നല്ല പൂവൻ പഴത്തിന്റെ നിറം, മെലിഞ്ഞ ശരീരം, നെറ്റിയിൽ സിന്ദൂരം, ചിരിച്ച മുഖം, മല്ലമ്മ. അവളുടെ ഗ്രാമത്തിലെ ഏതെങ്കിലും ദേവതയുടെ പേരായിരിക്കാം അത്. വീട്ടുജോലികളിൽ സഹായത്തിനാളെ വേണമെന്ന് പറഞ്ഞു കേട്ട് വന്നതാണ്.
നനുനനുത്ത ചിരിയോ , പ്രതീക്ഷ വിടാത്ത കണ്ണുകളോ, അതോ മറ്റ് എന്തെങ്കിലുമോ..
എന്തായിരിക്കുമെന്നെ അവളിലേക്ക് ആകർഷിച്ചത്? വർഷങ്ങളായി പരിചയമുള്ള ഒരാളെ ഒരു ഇടവേളക്കുശേഷം കണ്ടുമുട്ടിയതു പോലെയൊരു ആത്മബന്ധം.
എന്റെ ജോലിഭാരം അവൾ കുറച്ചപ്പോൾ, അവളുടെ മനസ്സിന്റെ ഭാരം അവൾ എന്റെ മുന്നിലെക്ക് ഇറക്കി വച്ചു.
ഗ്രാമത്തിന്റെ മറ്റൊരു മുഖം അവളിലൂടെ ഞാനറിഞ്ഞു. എന്റെ നാട്ടിൽ വേലയും പൂരവും, താലപ്പൊലിയും ആഘോഷങ്ങളായപ്പോൾ അവളുടെ നാട്ടിൽ മൃഗബലിയും, തൂക്കില്ലേറ്റലും മറ്റുമായിരുന്നു ആചാരങ്ങൾ. തരിശ് ഭൂമി മാത്രം കണ്ടയവളുടെ കണ്ണുകൾ അതിശയത്തോടെയാണ് എന്റെ ഗ്രാമത്തെക്കുറിച്ച് കേട്ടത്.
എത്ര സുന്ദരമാണെന്നറിയോ ഞങ്ങളുടെ ഗ്രാമം. പച്ചപ്പരവതാനി വിരിച്ച നെൽപ്പാടങ്ങൾ, അതിനരികിലൂടെ ഒഴുകുന്ന കനാൽ വെള്ളം. വെള്ളം പാടങ്ങളിലേക്ക് ഒഴുക്കി വിടുമ്പോൾ അതിലെ കുഞ്ഞു മീനുകളെ പിടിക്കുന്ന ഞങ്ങളുടെ ബാല്യം . ഞങ്ങളുടെ ഗ്രാമത്തിൽ നിന്ന് എവിടേക്ക് നോക്കിയാലും കാണാവുന്ന വീഴുമല.
എന്റെ ഗ്രാമത്തെക്കുറിച്ച് ഞാൻ വാതോരാതെ സംസാരിച്ചുകൊണ്ടേയിരുന്നു…
അവളിൽ നിന്നാണ് ഗ്രാമത്തേക്കുറിച്ച് എന്റെ മനസ്സിലുണ്ടായിരുന്ന ചിത്രം മാറിമാറഞ്ഞത്.
“കൊടിയ വിഷമുള്ള പാമ്പുകൾ ധാരാളമുണ്ട് ഞങ്ങളുടെ നാട്ടിൽ. കൂരിരുട്ടിൽ അറിയാതെ ചവിട്ടിയാൽ പിന്നെ പകൽ കാണില്ല.”
“അപ്പോ വഴിവിളക്കുകളില്ലേ നിങ്ങളുടെ ഗ്രാമത്തിൽ ?”
“അമ്മ, ഞാൻ ആദ്യമായി വൈദ്യുതി കാണുന്നത് ഈ പട്ടണത്തിൽ വന്ന ശേഷമാണ്. ”
സിനിമകളിൽ മാത്രം കണ്ടിട്ടുള്ള അത്തരം ഗ്രാമം അന്ന് ഞാൻ ആദ്യമായി അവളിലൂടെ മനസ്സിൽ കണ്ടു.
“അങ്ങ് ദൂരെ മലനിരപ്പിൽ നിന്ന് മഴ വരുന്നത് നീ കണ്ടിട്ടുണ്ടോ ?” ഇടയ്ക്കെപ്പോഴോ ഞാൻ അവളോട് ചോദിച്ചു.
“ഇല്ല അമ്മാ , മഴക്കായി ഞങ്ങൾ കാത്തിരിന്നിട്ടുണ്ട്. കുടിവെള്ളത്തിനായി മൈലുകളോളം നടന്നിട്ടുണ്ട്. വിശപ്പിന്റെ കാളലിനോടൊപ്പം വറ്റിവരണ്ട ഞങ്ങളുടെ കൃഷി സ്ഥലങ്ങൾ ഞങ്ങളുടെ വയറ്റിൽ തീ വാരി എറിഞ്ഞിട്ടുണ്ട്.”
ദാരിദ്ര്യത്തിന്റെയും, ഭീതിയുടെയും കഥകൾ നിറച്ചൊരു പത്തായമായിരുന്നു അവളുടെ ജീവിതം. പട്ടിണിയിൽ നിന്നൊരു മുക്തി, ആ ഒരു ചിന്തയായിരുന്നു അവളെ വിവാഹത്തിലേക്ക് നയിച്ചത്. അങ്ങനെയാണ് അവളീ നഗരത്തിന്റെ വധുവായത്.
പിറന്ന മണ്ണിൽ നിന്നും മാറി നിൽക്കുന്ന രണ്ടുപേർ. അവർക്ക് പറയാൻ ഒരായിരം കഥകൾ. അതായിരുന്നു ഞങ്ങൾ.
കല്യാണം കഴിച്ച് നഗരത്തിലേക്ക് വരുമ്പോൾ അവളുടെ ഭർത്താവിന് പഴക്കച്ചവടമായിരുന്നു. വ്യാപാരം നല്ല നിലയിൽ പോയിരുന്നു. മൂന്ന് പെണ്മക്കളും രണ്ട് ആൺമക്കളും അടങ്ങിയ കുടുംബം സന്തോഷത്തോടെ മുന്നോട്ട് പോയി കൊണ്ടിരിക്കുമ്പോഴാണ് ഭർത്താവ് ഒരു ലോറി വാങ്ങുന്നത്. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ വയ്യാവേലിയെ വിലക്ക് വാങ്ങുന്നത്.
കാര്യങ്ങൾ നല്ല രീതിയിൽ മുന്നോട്ടു പോയിക്കൊണ്ടിരിക്കുമ്പോഴാണത് സംഭവിച്ചത്. ലോറി കൊക്കയിലേക്ക് മറിഞ്ഞു. ലോറിയിൽ നിന്ന് ഭർത്താവ് രക്ഷപ്പെട്ടുയെങ്കിലും ശരീരം തളർന്നു. അയാളുടെ ചികിത്സ മുന്നോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ടുന്ന സമയത്താണ് ലോറി വാങ്ങാൻ പണം കടം കൊടുത്തവരുടെ വരവ്. മക്കളുടെ വിശപ്പ്, ഭർത്താവിന്റെ ചികിത്സ, കട ബാധ്യത. ജീവിതം അവസാനിപ്പിച്ചാലോയെന്ന് വരെ തോന്നിപോയ നിമിഷങ്ങൾ.
പക്ഷെ അവൾ പ്രതീക്ഷ കൈവിട്ടില്ല. ജീവിതത്തോട് പൊരുതാൻ തന്നെ തീരുമാനിച്ചു. അതിന്റെ ആദ്യപടിയായി അവൾ ചെയ്തത് മക്കളെ സുരക്ഷിതരാക്കുക എന്നതായിരുന്നു. ഭക്ഷണവും വിദ്യാഭ്യാസവും നൽകിയാൽ മതി, ശമ്പളമൊന്നും വേണ്ടായെന്ന വ്യവസ്ഥയിൽ മൂന്ന് പെൺ മക്കളെയും വീട്ട് ജോലിക്കായി പരിചയക്കാരുടെ വീട്ടിൽ ഏൽപ്പിച്ചു. ഗ്രാമത്തിലുണ്ടായിരുന്ന വീട് വിറ്റും കെട്ടിട പണിക്ക് പോയും അവൾ ഒരു വർഷത്തിനുള്ളിൽ കടങ്ങൾ വീട്ടി.
ഇനി ഒറ്റ രൂപ പോലും കട ബാധ്യത ഇല്ല. ഞാനെല്ലാം വീട്ടി. അന്ന് അതെന്നോട് പറയുമ്പോൾ അവളുടെ കണ്ണുകളിൽ തെളിഞ്ഞ പ്രകാശം, നിശ്ചയദാർഢ്യം. അന്നാണ് ഞാൻ ആദ്യമായ് പെൺശക്തി നേരിൽ കണ്ടത്.
ഭർത്താവിന് ഇപ്പോൾ ചെറിയ ജോലികൾ ചെയ്യാം, പക്ഷെ സംസാരിക്കാൻ കഴിയില്ല. അയാൾ അടുത്തെവിടെയോ വാച്ച്മാനായി ജോലി ചെയ്യുന്നു. കെട്ടിട പണിക്ക് ഭാരം കൂടുതൽ ആയതുകൊണ്ട് അവൾ വീട്ടു ജോലികൾ ചെയ്യുന്നു. ഒന്ന് പിടിച്ചു നിന്നിട്ട് വേണം മക്കളെ തിരികെ കൊണ്ടുവരാൻ.
“മക്കളെ പോയി കൊണ്ട് വരൂ, നമുക്ക് എന്തെങ്കിലും വഴിയുണ്ടാക്കാം.”
എന്നിലെ അമ്മക്കങ്ങനെ പറയാതിരിക്കാൻ കഴിഞ്ഞില്ല.
ചിരിച്ചുകൊണ്ടന്നവൾ തന്ന മറുപടി പിന്നീട് പലമുറി ഞാൻ ആലോചിച്ചിട്ടുണ്ട്.
“ദാനമായാലും, കൈ നീട്ടി വാങ്ങുന്നതെല്ലാം ഭിക്ഷയാണ് അമ്മ. ”
എത്ര അർത്ഥവർത്തായ വാക്കുകൾ. കൊടിയ ദാരിദ്രത്തിലും അഭിമാനം സംരക്ഷിക്കുന്നവൾ.
അരുണിന് ട്രാൻസ്ഫറായി ബോംബെയിലേക്ക് പോകുമ്പോൾ പറയാൻ ബാക്കി വച്ച കഥകൾ കേൾക്കാൻ തിരിച്ചു വരുമെന്ന് ഞാൻ ഉറപ്പ് കൊടുത്തിരുന്നു.
പക്ഷെ അതിന് നീണ്ട ഇരുപത്തിമൂന്ന് വർഷമെടുത്തു.
വീണ്ടും ഹൈദരാബാദിലേക്ക് മാറ്റമെന്ന് കേട്ട നിമിഷം മുതൽ മനസ്സ് തുടിക്കുകയായിരുന്നു അവളെ കാണാൻ. ഒറ്റക്കൊരു ലോങ്ങ് ഡ്രൈവ് വേണ്ടെന്ന് അരുണും മക്കളും പറഞ്ഞിട്ടും എന്തോ ആരെയും കൂടെ കൂട്ടാൻ തോന്നിയില്ല.
മല്ലമ്മ പറഞ്ഞു കേട്ട ഗ്രാമത്തിന് വർഷങ്ങളായി പൊടി പിടിച്ചു കിടക്കുന്ന ഒരു വാഹനത്തിന്റ രൂപമായിരുന്നു. ഇപ്പൊ കരിമ്പിൻ തോട്ടങ്ങളും മാന്തോപ്പുകളും ഗ്രാമത്തിന് ഹരിത വർണ്ണം നൽകിയിട്ടുണ്ട്.
ഗൂഗിൾ പറഞ്ഞതനുസരിച്ച് മൈയിൻ റോഡിൽ നിന്ന് ഇടത്തോട്ട് വണ്ടി തിരിച്ചു. ഇനിയൊരു കിലോമീറ്റർ നേരെ, എന്നിട്ട് വലത്തോട്ട്. നഗരത്തിലെ പോലെ തിക്കിത്തിരക്കിയല്ലങ്കിലും യഥേഷ്ടം വീടുകളുണ്ട്. വലത്തോട്ട് തിരിഞ്ഞപ്പോൾ അവരുടെ ഗ്രാമം അവിടെ നിന്ന് തുടങ്ങുന്നുവെന്ന് സൂചിപ്പിക്കാൻ ആയിരിക്കണം കുറെയേറെ ദേവതകളുടെ രൂപം കൊത്തിയ വലിയൊരു ആർച്ച്. റോഡിനിരുവശത്തും ഗുൽമോഹറിൽ നിന്നും ഉതിർന്ന പൂക്കൾ ചുവന്ന പരവതാനി വിരിച്ചപോലെയുണ്ട്.
യൂ ഹാവ് റീച്ച്ഡ് യുവർ ഡെസ്റ്റിനേഷനെന്ന് ഗൂഗിൾ പറഞ്ഞപ്പോൾ മീര വണ്ടിയൊന്ന് ഒതുക്കി. പണ്ട് പഠിച്ച തെലുങ്ക് തപ്പിയെടുത്ത് മാറാല മാറ്റി അവൾ വീടുകളുടെ തിണ്ണയിലിരുന്ന നാട്ടുവിശേഷം കൈമാറുന്ന സ്ത്രീകളോട് ‘മല്ലമ്മയുടെ വീട് ‘ എന്ന് ചോദിച്ച് തീർന്നില്ല അതിനുമുന്നേ അവർ എതിർവശത്തുള്ള വീട്ടിലേക്ക് കൈ ചൂണ്ടി. കാറിൽ നിന്നുമിറങ്ങി അവർ കാണിച്ചു തന്ന വീടിനരികിലേക്ക് നടക്കവേ
വർഷങ്ങൾക്ക് ശേഷം കാണുമ്പോൾ ഉണ്ടാകുന്ന മല്ലമ്മയുടെ മുഖമായിരുന്നു മനസ്സിൽ.
‘റാണി, റാണി’
അയല്പക്കത്തെ സ്ത്രീ വിളിച്ചത് കേട്ടിട്ടാവാം, കതക് തുറന്ന് ചിരിച്ച മുഖത്തോടെ ഒരു ചുരിദാറുകാരി ഇറങ്ങിവന്നു. മല്ലമ്മയുടെ തനിസ്വരൂപം. അവളൊടായിരുന്നല്ലോ കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ സംസാരിച്ചതും, അഡ്രസ് വാങ്ങിയതും.
‘റാണിയല്ലേ’ സ്നേഹത്തോടെ അവളെ ചേർത്തുനിർത്തുമ്പോഴും കണ്ണുകൾ മല്ലമ്മയെ തിരഞ്ഞുകൊണ്ടേയിരുന്നു.
ഇടയ്ക്കുള്ള ഫോൺ സംസാരം പോലുമില്ലാതായിട്ട് ഏറെ കാലമായിരിക്കുന്നു. സ്വിച്ചഡ് ഓഫ് എന്നാണ് സ്ഥിരം പല്ലവി. ഭാഗ്യത്തിന് ഹൈദരാബാദിലേക്ക് വരുന്നുണ്ടെന്ന് അറിയിക്കാൻ വിളിച്ചപ്പോൾ റാണി ഫോൺ എടുത്തു, അങ്ങനെ അവളുടെ നമ്പർ കിട്ടി.
“വരൂ ആന്റി, അകത്തിരിക്കാം.” കൈ പിടിച്ചു കൊണ്ട് റാണി മുന്നോട്ട് നടന്നു.
“എന്തൊക്കെയുണ്ട് മോളെ വിശേഷം? ചേച്ചിമാർ വരാറില്ലേ ?”
അകത്തു കടന്ന് റാണി നീക്കിയിട്ടു തന്ന കസേരയിൽ ഇരുന്നുക്കൊണ്ട് മീര ചോദിച്ചു.
“അമ്മയെവിടെ ?”
“ആന്റി, സമയം രണ്ടുമണി ആയില്ലേ, നമുക്ക് ആദ്യം ഭക്ഷണം കഴിക്കാം. അങ്കിളും സുജയും സായിയും സുഖമായിരിക്കുന്നോ ആന്റി ?”
തന്റെ ചോദ്യത്തിന് ഉത്തരം നൽകാതെയവൾ ഒഴിഞ്ഞു മാറിയത് മീര ശ്രദ്ധിച്ചു.
“റാണി, അമ്മയെവിടെ?
ഇത്തവണ ശബ്ദം ഇത്തിരി ഉച്ചത്തിലായിരുന്നു.
അതുകൊണ്ടാവണമവളൊന്നും പറയാതെ വരൂ എന്ന് പറഞ്ഞുകൊണ്ട് അകത്തേക്ക് നടന്നത്.”
അപ്പോഴാണ് മീര വീടിന്റെ അകം ശ്രദ്ധിച്ചത്. അവളിരിക്കുന്ന മുറി കൂടാതെയൊരു കൊച്ച് മുറി, ഒരു കുഞ്ഞ് അടുക്കള.
റാണിക്കൊപ്പം മുറിയിലേക്ക് നടക്കുമ്പോൾ എന്തോ സുഖകരമല്ലാത്ത കാഴ്ച പ്രതീക്ഷിച്ചിരുന്നു. കാറ്റും വെളിച്ചവും തീരെയില്ലാത്ത ഒരു കുടുസ്സ് മുറി, അതിൽ ഒരാൾക്ക് കിടക്കാൻ പാകത്തിലൊരു ഇരുമ്പ് കട്ടിൽ. അതിൽ ഈ ചൂടത്തും തലയോടെ മൂടിപ്പുതച്ചു കിടക്കുന്ന ഒരു രൂപം.
റാണിയുടെ കണ്ണുകളിൽ നിന്നുമത് മല്ലമ്മയാണെന്ന് മനസ്സിലായി.
ഒരായിരം ചോദ്യങ്ങൾ ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും ഒന്നിനും കഴിഞ്ഞില്ല.
“ഈ കിടപ്പാണ് ആന്റി, നിർബന്ധിച്ചു എഴുന്നേൽപ്പിച്ചു വാരികൊടുത്താൽ എന്തെങ്കിലും കഴിക്കും. തോന്നിയാൽ ബാത്‌റൂമിൽ പോകും ഇല്ലെങ്കിൽ അതും ഇ…”
കണ്ണുകൾ എത്രപ്പെട്ടന്നാണ് മനസ്സിനെ വഹിക്കുന്നത്. ഒഴുകി വന്ന കണ്ണീർ നിയന്ത്രിക്കാൻ ശ്രമപെട്ടുകൊണ്ട് പതിയേ ചോദിച്ചു
“അമ്മയ്ക്ക് എന്തുപറ്റി ? പുതപ്പൊന്ന് മാറ്റൂ എനിക്കൊന്ന് കാണണം.”
“വേണ്ടാ ആന്റി, കണ്ടാൽ ആന്റിക്ക് വിഷമമാകും.”
“അത് സാരമില്ല റാണി, ഇത്രയും ദൂരം ഞാൻ വന്നത് മല്ലമ്മയെ കാണാൻ അല്ലെ.”
അവൾ പതിയേ പുതപ്പ് മാറ്റി. ഒന്നേ നോക്കിയുള്ളൂ, ഒരു അസ്ഥികൂടം. മുഖം പോലും ക്ഷിണം കൊണ്ട് വികൃതമായിരിക്കുന്നു. കട്ടിലിൽ അടുത്തിരുന്നു, പതിയേ ആ നെറ്റിയിൽ തലോടി, ഉള്ളിലെ സങ്കടം അടക്കി മല്ലമ്മയുടെ കൈകളിൽ പിടിച്ചുകൊണ്ട് വിളിച്ചു,
“മല്ലമ്മ…മല്ലമ്മ…”പലവട്ടം വിളിച്ചപ്പോൾ പതിയേ കണ്ണ് തുറന്നു.
“എന്നെ മനസ്സിലായില്ലേ, ഞാൻ മീരാ…”
ഒന്നും മിണ്ടിയില്ലെങ്കിലും
ആ കണ്ണിൽ നിന്നും ധാര ധാരയായി ഒഴുകിയ കണ്ണുനീരിനോടൊപ്പം നിന്ന് നനയാനല്ലാതെ മറ്റൊന്നിനും കഴിഞ്ഞില്ല.
ഒരഞ്ചു നിമിഷം പിന്നെ ആ കണ്ണുകൾ താനെ അടഞ്ഞു, ചോദ്യഭാവത്തിൽ റാണിയെ നോക്കിയപ്പോൾ അവൾ പറഞ്ഞു “മരുന്നിന്റെ ക്ഷീണമാണ് ആന്റി വരൂ, ഊണിന് സമയമായില്ലേ. നമുക്ക് കഴിച്ചുകൊണ്ട് സംസാരിക്കാം.”
“അമ്മ ഒന്നും കഴിക്കില്ലേ ?”
“കാലത്ത് കഴിച്ചു, ഇനി വൈകുന്നേരം ആറ് മണിക്ക്, രണ്ട് നേരം അത്രേയുള്ളൂ.”
പ്ലേറ്റിൽ ചോറും, കറികളും വിളമ്പിക്കൊണ്ട് അവൾ പറഞ്ഞു തുടങ്ങി,
“ആന്റി മുംബയിലെക്ക് പോവുന്നതിന് മുന്നേ തന്നെ ഞങ്ങൾ അമ്മയുടെകൂടെ സിറ്റിയിൽ താമസം തുടങ്ങിയിരുന്നു, ആന്റി ഓർക്കുന്നുണ്ടാവുമല്ലെ ?”
“ഉവ്വ്, നിങ്ങൾ എത്ര പ്രാവശ്യം വീട്ടിൽ വന്നിരിക്കുന്നു ”
“സുനിത ചേച്ചി പത്ത് കഴിഞ്ഞപ്പോൾ കടയിൽ സെയിൽസ് ഗേളായി പോയി തുടങ്ങി. ചേച്ചിക്ക് കിട്ടുന്ന ശമ്പളം അമ്മ ചിട്ടി അടച്ച്, ചേച്ചിടെ കല്യാണം മൂന്ന് വർഷത്തിനുള്ളിൽ നടത്തി. അങ്ങനെ തന്നെ അനിത ചേച്ചിയുടെ കല്യാണവും നടന്നു.”
“ഒരുപാട് കഷ്ടങ്ങൾ ഉണ്ടായപ്പോഴും അമ്മ തളർന്നില്ല, പ്രതീക്ഷയും കൈവിട്ടില്ല. പക്ഷെ, അനിതചേച്ചിയുടെ വിവാഹസമയത്ത് അച്ഛന് അസുഖം കൂടി. ഒരുമാസത്തിനുള്ളിൽ അച്ഛൻ മരണപ്പെട്ടു. അച്ഛന്റെ മരണം അമ്മയെ ഒന്നു തളർത്തി.
എന്നാൽ അതിനേക്കാൾ കൂടുതൽ അമ്മയെ വേദനിപ്പിച്ചത് അനിയന്മാരുടെ ദുസ്വഭാവമായിരുന്നു.
പഠിത്തത്തിൽ രണ്ടുപേരും ഉഴപ്പന്മാരായിരുന്നു.
വലിയവന്റെ കൂട്ടുക്കെട്ട് വളരെ മോശം. അച്ഛൻ ഉള്ളപ്പോഴേ അവൻ ഇടയ്ക്ക് വല്ലപ്പോഴുമേ വീട്ടിൽ വരൂ. അച്ഛന്റെ മരണത്തോടെ വരുന്നത് കാശ് വാങ്ങാൻ മാത്രമായി.
ചെറിയ വയസ്സിൽ തന്നെ അവൻ മദ്യം കഴിക്കുമായിരുന്നു. പോകെ പോകെ തികഞ്ഞ മദ്യപാനിയായി മാറി.”
“ഇടയ്ക്ക് വല്ലപ്പോഴും വീട്ടിൽ വന്നാൽ പൈസ ചോദിച്ച് ബഹളം, അടി ഞങ്ങളെ മാത്രമല്ല അമ്മയേയും. ആൺമക്കളിൽ ആയിരുന്നു അമ്മയുടെ പ്രതീക്ഷ മുഴുവൻ. ഏട്ടന്റെ പാത അനിയനും തുടർന്നപ്പോഴത് അമ്മയെ കുറച്ചൊന്നുമല്ല തളർത്തിയത്. പതിയേ അമ്മ മിണ്ടാതെയായി. ആദ്യമൊക്കെ എന്തെങ്കിലും കുറച്ചെങ്കിലും പറയുമായിരുന്നു, പിന്നെ പിന്നെ തീർത്തും ഇല്ലാതായി.”
“എന്തേ, ഇങ്ങോട്ട് മാറിയേ ? അവിടെ ആവുമ്പോൾ ചികിത്സിക്കാമായിരുന്നല്ലോ ?”
“സത്യം പറഞ്ഞാൽ അനിയന്മാരെ പേടിച്ചിട്ടാണ് വീട് മാറിയത്. കുടിച്ച് വന്ന് ബഹളം വയ്ക്കുന്നത് പോരാഞ്ഞിട്ട്, സ്ത്രീകളെ വീട്ടിലേക്ക് കൊണ്ട് വരാൻ തുടങ്ങി, അമ്മയുടെ മുന്നിൽ വച്ച്…
അയൽപക്കക്കാർ പരാതിപ്പെടാൻ തുടങ്ങി. എന്ത് ചെയ്യണം എങ്ങോട്ട് പോകണമെന്ന് അറിയാതെ നിൽക്കുമ്പോഴാണ്, അകന്ന ബന്ധുക്കൾ വഴി വിവരങ്ങൾ അറിഞ്ഞു അമ്മയുടെ ജേഷ്ഠന്റെ മകൻ ഞങ്ങളെ തേടി വന്നത്. അന്ന് തന്നെ ഞങ്ങൾ ഈ ഗ്രാമത്തിലേക്ക് വന്നൂ. ഒരു വർഷത്തോളം അവരുടെ വീട്ടിൽ താമസിച്ചു. സർക്കാരിൽ നിന്ന് ഈ സ്ഥലം ഞങ്ങൾക്ക് വാങ്ങി തരാനും, എനിക്ക് സ്കൂളിൽ ജോലി വാങ്ങി തരാനും, അമ്മയെ ചികിത്സിക്കാനും എല്ലാം അവരും, ഈ നാട്ടുകാരും ഒരുപാട് സഹായിച്ചു. ഇപ്പോഴും സഹായിക്കുന്നു.”
“ആന്റിയൊന്നും കഴിച്ചില്ലല്ലോ?
ഇഷ്ടായില്ലേ ?”
“ഹേയ് രുചിക്കുറവൊന്നുമില്ല. നിറഞ്ഞ ചിരിയുമായി എന്നെ കാത്തു നിൽക്കുന്ന മല്ലമ്മയെ പ്രതീക്ഷിച്ചാണ് ഞാൻ വന്നത്. ഇപ്പോൾ ഇങ്ങനെ കണ്ടപ്പോൾ ഭക്ഷണം ഇറങ്ങുന്നില്ല.
പിന്നെയും അവൾ എന്തൊക്കെയോ പറഞ്ഞുകൊണ്ടേയിരുന്നു. പക്ഷെ മീരയുടെ കണ്ണിൽ കരയുന്ന അസ്ഥികൂടവും മനസ്സിൽ അവൾ പറയാൻ ബാക്കി വച്ച കഥകളുമായിരുന്നു.
മീരയുടെ മിഴിക്കോണിൽ വീഴാൻ ഒരുങ്ങി നിൽക്കുന്ന പളുങ്കു മണികളെ കണ്ടിട്ടാവണം റാണിയും സംസാരം നിർത്തി. പെട്ടെന്ന് അവിടെയൊരു മൂകത പരന്നൂ.
പുറത്ത് സൂര്യൻ പടിഞ്ഞാട്ട് നീങ്ങി, മേഘക്കീറുകളിൽ കുങ്കുമം വിതറി തുടങ്ങിയിരിക്കുന്നു
യാത്ര പറയാനെന്നോണം മല്ലമ്മയുടെ അരികിൽ ചെന്ന്, കുറച്ച് നേരം ആ മുഖത്തേക്ക് നോക്കിയിരുന്നു. മക്കൾക്കായി ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും നേരിട്ട ആ അമ്മ തളർന്നത്, മക്കൾ അമ്മയെ തോൽപ്പിച്ചപ്പോഴാണ്. ഒരുപാട് ഭക്ഷണം ഉണ്ടാക്കിത്തന്ന ആ കൈകളിൽ ചുംബിച്ചിറങ്ങുമ്പോൾ അറിയാമായിരുന്നു ഇനിയൊരു കൂടിക്കാഴ്ച ഉണ്ടാവില്ലെന്ന്. അവൾക്കായി കൊണ്ടുവന്ന സാരിയും പലഹാരങ്ങളും റാണിയെ ഏൽപ്പിച്ച് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കാൻ മടിക്കരുതെന്ന് പറഞ്ഞ് ഇരുൾ മൂടിയ മനസ്സുമായി അവിടെ നിന്ന് മടങ്ങുമ്പോൾ തെരുവിലെ വഴിവിളക്കുകൾക്ക് തെളിഞ്ഞിരുന്നു…
ഒപ്പം മനസ്സ് മന്ത്രിച്ചു, റാണി അവൾ തുഴയും ഇനി ഈ തോണി.
#എന്റെരചന
#വെയിൽ കായുന്ന ഒറ്റ മരങ്ങൾ


21 Comments
ചില മനുഷ്യര് വായിച്ചു കഴിഞ്ഞാലും കഥയിൽ നിന്നിറങ്ങി നമ്മളെ പിന്തുടരും,
അത് പോലെയാണ് മല്ലമ്മയും.
അവരുടെ ജീവിത പോരാട്ടം. എല്ലാം ഒറ്റയ്ക്ക് നിന്ന് പൊരുതിയിട്ടും അവസാനം തന്റെ ബന്ധങ്ങൾ കൊണ്ട് തന്നെ മുറിവേൽക്കപ്പെടുന്ന അവസ്ഥ!
ദയനീയമാണ്….
വല്ലാത്ത നോവ്..
നന്ദേച്ചി … ഹൃ ദ്യം ഈ എഴുത്ത് ❤️💜
സ്നേഹം anju ❤️
വ്യത്യസ്തം, മനോഹരം 👌
സ്നേഹം ശ്രീജ ❤️
നൊമ്പരിപ്പിക്കുന്ന കഥ…… നന്നായെഴുതി👍💐
സ്നേഹം joyce ❤️
സ്നേഹം മിനി ❤️
മനോഹരം. ജീവിതവെയിലിലെ ഒറ്റമരങ്ങൾ. ഹൃദയസ്പർശിയായ അവതരണം.
നോവു പടർത്തിയ ഒറ്റമരമായി മല്ലമ്മ.😰
നല്ലെഴുത്ത്.
👌❤
സ്നേഹം joyce ❤️
സ്നേഹം ❤️
നന്ദേച്ചി touching story എന്ത് രസാ വായിക്കാൻ 🥰🥰
റംസി ❤️
നല്ല കഥ
സ്നേഹം venus ❤️
നല്ല കഥ
സ്നേഹം seji ❤️
ചില കഥകൾ നമ്മെ കരയിപ്പിക്കും. മനസ്സിൻ്റെ നൊമ്പരം കണ്ണുകൾക്കറിയാം
ഒത്തിരി ഇഷ്ടമായി❤️🌹👌
സ്നേഹം suma ❤️
ഒരു നോവായി മല്ലമ്മ എന്ന ഒറ്റമരം മനോഹരം നന്ദ ❤️❤️👍🏻
സ്നേഹം ജലജ ❤️