ധനുമാസക്കുളിരിൽ തണുത്തുവിറച്ച ഭൂമി ഒരു പുതപ്പിന്റെ ആലിംഗനം കൊതിച്ചു. കരുണ ജീവൽ ഭാവമായ മരങ്ങൾ സ്വയം മറന്ന് ഇലപൊഴിച്ച് അഴകുറ്റൊരു തവിട്ടു നീരാളംമെടഞ്ഞ് ഭൂവിനെ പുതപ്പിച്ചു. നന്ദിയുടെ ഉത്തരിപ്പുകടം ബാക്കിയാക്കി അവളുറങ്ങി. പച്ചക്കുപ്പായമൂരി നഗ്നരായി നിന്ന മരച്ചില്ലകൾ സ്വപ്നത്തിൽ അവളെ നോവിച്ചു. ഉറക്കത്തിന്റെ ഇടവേളകളിൽ അവൾ അതിനു പരിഹാരം ചെയ്തു. പച്ചക്കുടകൾ നെയ്ത് മരത്തലപ്പുകളിലേക്ക് അവൾ എയ്തു വിട്ടു.
മകരം പുലർന്നപ്പോൾ മരങ്ങളിൽ ഇലപ്പിറവിയുടെ ആഘോഷവും ഉയർന്നു. മെല്ലെ മെല്ലെ ശിഖരങ്ങളെല്ലാം പച്ചപ്പുതപ്പാൽ മൂടി. പുതപ്പുകളുടെ ആധിക്യത്തിൽ ഭൂമിപ്പെണ്ണ് വിയർക്കാൻ തുടങ്ങി. വിയർത്തു വിയർത്ത് ദുർഗന്ധം വമിക്കും എന്നായപ്പോൾ ആകാശം കനിഞ്ഞു. പുതുമഴ അയച്ച് അത് ഭൂമിയെ കുളിപ്പിച്ചു കയറ്റി. നനഞ്ഞു കുളിർത്തകുംഭം വിത്തിനായി ദാഹിച്ചു… വിത്തിനെ വരവേറ്റു. വിത്തു മൊത്തം പൊതിഞ്ഞുപിടിച്ച് മീനം മഴയെ ആട്ടിപ്പായിച്ചു. നീയില്ലാതെ ഞാൻ പെരുത്തു ഹാപ്പിയാണെന്ന് പൂക്കളും പുതുനാമ്പുകളും കാട്ടി അവൾ പറഞ്ഞു. പിന്നീട് വന്ന മേടം പൊരിവെയിൽ ആണ് എന്റെ ആഹ്ലാദം എന്ന് സാക്ഷ്യപ്പെടുത്തി മരംതോറും പൂത്തിറങ്ങി.
ഇടവം പക്ഷേ അസൂയക്കാരിയായിരുന്നു. തപസ്സുചെയ്ത് മഴയെ പ്രീണിപ്പിച്ച് അവൾ മേടത്തെ തല്ലിക്കൊഴിച്ചു. അടുത്തത് മിഥുനത്തിന്റെ ഊഴമായിരുന്നു. പൂവും കായും ഒന്നും കൂട്ടുകൂടാൻ ഇല്ലെന്നു കണ്ട് അവൾ മഴയെത്തന്നെ ഇറുകെ പുണർന്നു.
കർക്കിടകമാണ് പെട്ടുപോയത്. ഇടവ, മിഥുനമാസങ്ങളുടെ വികൃതിയിൽ സഹികെട്ട് ഭൂമിപ്പെണ്ണ് പിണങ്ങി നിന്നു; ആകാശം ആഞ്ഞു പെയ്തു, കർക്കിടകത്തെ പട്ടിണിക്കിട്ടു.
പിൻപേ പിറന്ന ചിങ്ങം വെയിലിന്റെ പീതപ്പട്ടുടുത്ത് സുന്ദരിയായി ഭൂമിക്കു നേരെ കടക്കണ്ണെറിഞ്ഞു. പുളകം കൊണ്ടു മതിമറന്ന വസുന്ധര പറനിറയെ ഫലധാന്യങ്ങൾ സമ്മാനിച്ചു ഹർഷമറിയിച്ചു. ചിങ്ങം കൊണ്ടുവന്ന ഐശ്വര്യം കടം വാങ്ങി കന്നിയും മിന്നി.
ആ പളപളപ്പിൽ പിറന്നുവീണ തുലാം അഹങ്കാരിയായി വളർന്ന് അലമ്പന്റെ കുപ്പായം ഇട്ടു. ഇടിച്ചു മിന്നിച്ചും അലറിപ്പെയ്തും അവൻ നാടിനെ ഇളക്കിമറിച്ചു. പരിഹാരം തലയിൽ ഏറ്റിയത് വൃശ്ചികമാണ്. നോമ്പെടുത്തു മല ചവിട്ടി അവൾ പാപമോക്ഷം തേടി. ശാന്തി ഒരു കുളിരായി ധനുവിലേക്ക് പെയ്തിറങ്ങി. ആ കുളിരിലാണ് തണുത്തുവിറച്ച് അവൾ ഒരു പുതപ്പു തേടിയതും മരങ്ങൾ ഒരു തവിട്ടു നീരാളം മെടഞ്ഞു കൊടുത്തതും!


4 Comments
മനോഹരമായി എഴുതി👍🌹
മനോഹരം. വ്യത്യസ്തമായ ചിന്ത. ഹൃദ്യമായ അവതരണം.
മനോഹരം, മാസങ്ങളിലൂടെയുള്ള സഞ്ചാരം 👌
❤
എത്ര മനോഹരമായാണ് സിൽവി ഓരോ മാസങ്ങളേയും വർണ്ണിച്ചിരിക്കുന്നത്❤️
ധനുമാസക്കുളിരിൽ ഒരു തിരുവാതിരയും പുഴുക്കും കൂടി ഉണ്ടായിരുന്നെങ്കിൽ എന്നാശിച്ചുപോയി.❤️
അഭിനന്ദനങ്ങൾ🌹❤️❤️🌹