#വെയിൽ കായുന്ന ഒറ്റ മരങ്ങൾ
മുപ്പതു തികഞ്ഞപ്പോളുണ്ടായ സന്തോഷവും ആവേശവുമൊന്നും നാല്പത് തികയുമ്പോൾ തോന്നുന്നില്ല. ശരീരത്തിൽ പല അസ്ഥികളും മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചു തുടങ്ങി. പേശികളിൽ വരെ തേയ്മാനം വന്നു തുടങ്ങി. വെള്ളേഴുത്തു വന്നു തുടങ്ങിയ കണ്ണും ക്ഷണിക്കാത്ത അതിഥിയെപ്പോലെയെത്തുന്ന മൂഡ് സ്വിങ്‌സും എല്ലാം കൊണ്ടും പരമ ദാരിദ്ര്യമാണ്.
പുറത്തുള്ളവരേക്കാൾ വലിയ ശത്രു ഉള്ളിലുണ്ട് എന്ന് മനസ്സിലാക്കിയവർ എത്ര പേരുണ്ടെന്നറിയില്ല. അങ്ങനൊരു തിരിച്ചറിവിൽ ഇവിടെ വീണ്ടും ചുഴിയിൽ താണ്പൊയ്ക്കൊണ്ടിരിക്കുന്നു.
മറ്റുള്ളവരെ ഉപദേശിച്ചു നന്നാക്കാൻ വലിയ മിടുക്കണല്ലോ സ്വന്തം ജീവിതത്തിലാ ധൈര്യമൊന്നുമില്ലല്ലോ എന്ന് ഈയടുത്ത് മുഖത്ത് നോക്കി വിളിച്ച് പറഞ്ഞ പ്രിയ സ്നേഹിതക്കു നന്ദി. ഞാൻ വെറുമൊരു തള്ളൽ വിദഗ്ധ മാത്രമായി ചുരുങ്ങിക്കഴിഞ്ഞെന്ന് മറ്റുള്ളവർ കൂടി മനസ്സിലാക്കുന്നിടത്ത് ഞാൻ വീണ്ടും തോടിനുള്ളിലേക്ക് ചുരുണ്ടു കൂടുന്നു.
പൊള്ളുന്ന വെയിലോ പേമാരിയോ കൊള്ളാൻ ഇനിയും പേടിക്കേണ്ടതുണ്ടോ? എന്തിനാണ് ഞാനീ സമൂഹത്തെ ഭയക്കുന്നത്? ഞാനെന്ന തൃണവും എന്റെ ആഗ്രഹങ്ങളും ഈ ഭൂമിയിൽ ഭാരമായി ജീവിച്ചു തുടങ്ങിയിട്ട് ഇന്നേക്ക് പതിനാലായിരത്തി അറുന്നൂറ്റി പത്തു ദിവസമായത്രേ. എന്തിനിത്ര കാലം ജീവിച്ചു? ആർക്ക് ഉപകാരം ഉണ്ടായി ഈ ജന്മം കൊണ്ട്? എന്നെങ്കിലും സ്വയം മനസ്സിലാക്കാനോ ഒരു ശരിയായ തീരുമാനം എടുക്കാനോ കഴിഞ്ഞിട്ടുണ്ടോ? ഈ ഭൂമിയിലേക്ക് എന്ത് സംഭാവനയാണ് ഇത് വരെ ചെയ്തത്?
ഒരുപാട് വ്യത്യസ്തമായ ആശയങ്ങളും ചിന്തകളും കൊണ്ടുനടന്നു എന്തൊക്കെയോ ചെയ്യണമെന്ന് ആഗ്രഹിച്ചു വെറുമൊരു സ്വപ്നജീവിയായി മണ്ണിനടിയിൽ തീരേണ്ടി വന്നാൽ? പല കാര്യങ്ങൾ ചെയ്യുമ്പോഴും ഇതല്ല എന്റെ വഴി എന്നെക്കൊണ്ട് മറ്റ് പലതും സാധിക്കും എന്നുള്ളിലിരുന്ന പറയുന്നവളെ വെട്ടി കൊല്ലണം. സമാധാനവും സന്തോഷവും സംതൃപ്തിയുമുള്ളൊരു ജീവിതം എനിക്കും അർഹതപ്പെട്ടതല്ലേ? ഞാൻ തിരഞ്ഞെടുത്ത വഴി തെറ്റി പക്ഷെ ആ വഴിയിലെ ചപ്പും ചവറും മാറ്റി എനിക്ക് മുന്നോട്ട് പോകാൻ കഴിയുന്നില്ല. ആ കൊടും കാടിനുള്ളിലെ ഒറ്റയാൽ മരമായിരുന്ന് സ്വയം വിധിച്ച തടങ്കലിൽ കരഞ്ഞു തീർക്കുന്നൊരു ജന്മം. ഇത് ന്യായമാണോ? ഞാൻ എന്നോട് തന്നെ ചെയ്യുന്നയീ തിരസ്‌കാരം എന്ന് അവസാനിപ്പിക്കും?
നാൽപതായി ഇനിയെത്ര കാലം ജീവിക്കും? അറിയില്ല. ലോകം മുഴുവൻ കറങ്ങണം. ഉള്ളിലാഗ്രഹിക്കുന്ന പോലൊരു സ്കൂൾ കെട്ടി പൊക്കണം. ആളുകളെ അറിയണം. മനസ്സ് തുറന്ന് ചിരിക്കണം. കരയണം. വേണ്ടെന്ന് പറയാൻ മുട്ടുമ്പോൾ അങ്ങനെയും പറ്റില്ലെന്ന് പറയേണ്ടിടത്ത് അങ്ങനെയും പറയണം. മറന്നു പോയ എല്ലാ ആശകളും പൊടി തട്ടിയെടുക്കണം. ഒരു ദിവസമെങ്കിലും എനിക്ക് ഞാനായി ജീവിക്കണം.
ഷിജു ജോബു


2 Comments
ഇനിയും ആവാലോ ?
better late than never! എന്നാണ് പഴമൊഴി.
ങ്ങള് അപാര പ്രതിഭയല്ലേ ന്റെ ഷിജേടത്തി…അങ്ങോട്ട് പൊളിക്ക് ന്ന്..
❤️🌹👌