ജീപ്പിൽ നിന്നും ഇൻസ്‌പെക്ടർ സഞ്ജീവും രണ്ടു പോലീസുകാരും ഇറങ്ങി വന്നു.
“ആരാണ് ആ കാറിൽ പോയത്. നല്ല വേഗതയിൽ ആയതു കൊണ്ട് എനിക്ക് ആളെ മനസ്സിലായില്ല. “
സഞ്ജീവ് ചോദിച്ചു. മാലതിയാണ് അതിന് ഉത്തരം പറഞ്ഞത്.
“നിധിൻ രണ്ടാഴ്ചത്തെ ദുബായ് സന്ദർശനത്തിന് പോയതാണ്. ആരൊക്കെയോ സുഹൃത്തുക്കൾ അവിടെയുണ്ട്. ഇപ്രാവശ്യത്തെ ഗെറ്റ് ടുഗെതർ ദുബായിൽ വച്ചാണ് എന്ന് പറഞ്ഞു. അജ്മലാണ് അവനെ എയർ പോർട്ടിൽ കൊണ്ട് പോയി വിട്ടത്. “
സഞ്ജീവ് മുന്നിലെ കസേരയിൽ ഇരുന്നു.
“ദേവിയില്ലെ ഇവിടെ. ദേവിയും കൂടെ പോയോ?”
“ഇല്ല നിധിൻ പോയ സങ്കടത്തിൽ മുറിയിൽ കിടക്കുകയാണ്. അവളെ വിളിക്കണോ?”
ദേവി സ്വീകരണ മുറിയിൽ വന്ന് സഞ്ജീവിനു എതിർവശത്തായി ഇരുന്നു.
“ആ കാറ് കണ്ടെത്തി. കോട്ടയത്തെ ഒരു വർക്ക്ഷോപ്പിൽ നിന്നാണ് കിട്ടിയത്. “
“പഴയത് പോലെ ഫേക്ക് നമ്പർ ആയിരിക്കും അല്ലേ സാർ. “
“അല്ല കോട്ടയത്തുള്ള ഒരു മെഡിക്കൽ വിദ്യാർത്ഥിയുടെ കാർ ആണ്. ദേവിക്കവനെ അറിയുമോ? പേര് അമാൻ മാലിക്ക്. അവനെ ചോദ്യം ചെയ്തപ്പോൾ മുൻപ് മൂന്നാറിൽ വച്ച് അവൻ നിധിനുമായി ഒരു കശപിശ ഉണ്ടാക്കിയിട്ടുണ്ട്. “
“അവൻ പറയുന്നത് സത്യമാണോ സർ? ഡ്യൂട്ടിയിലുള്ള പോലീസ് ഓഫീസറെ ഇടിച്ച് ഇട്ടതെന്തിനാണ്?. “
ദേവി തന്റെ സംശയം വ്യക്തമാക്കി.
“അവിചാരിതമായി നിധിനെ ഈ നഗരത്തിൽ വച്ച് കണ്ടപ്പോൾ… അവന് പഴയ വഴക്ക് ഓർമ്മ വന്നു. കൊച്ച് പയ്യനല്ലേ പോലിസ് ജീപ്പ് കണ്ടപ്പോൾ പാനിക്കായി. “
“ആ ഇരുട്ടിൽ അവൻ നിധിനെ തിരിച്ചറിഞ്ഞോ?”
“അവൻ ആ രാത്രിയിൽ നിധിൻ്റെ റസ്റ്റോറന്റിൽ നിന്നാണ് ഭക്ഷണം കഴിച്ചത്. ആ സമയത്തു അവൻ മരുന്നടിച്ചിരുന്നുവെന്ന് തുറന്നു സമ്മതിച്ചിട്ടുണ്ട്. നിധിൻ നേരിട്ട് വന്നു അവനെ തിരിച്ചറിഞ്ഞെങ്കിൽ, അവൻ പറഞ്ഞതൊക്കെ ശരിയാണോയെന്ന് തെളിയിക്കാമായിരുന്നു. ഇനിയിപ്പോൾ നിധിൻ വരുന്നതുവരെ കാത്തിരിക്കേണ്ടി വരില്ലേ. “
“എന്നാലും പണ്ടുണ്ടായ ഒരു കശപിശയുടെ പേരിൽ കാറിടിച്ചു കൊല്ലാൻ ശ്രമിക്കുക. മയക്ക് മരുന്നുപയോഗിക്കുന്നയാളല്ലേ.
പറയുന്നത് വിശ്വസിക്കാൻ വയ്യല്ലോ സാർ, എന്തായാലും എനിക്ക് അവനെയൊന്നു നേരിട്ട് കാണണം. “
“അതിനെന്താ ദേവി സമയം പറഞ്ഞാൽ അവനെ വിളിച്ചു വരുത്താം. അവന്റെ അപ്പന് മുകളിൽ നല്ല സ്വാധീനമുണ്ട്. മാത്രമല്ല അവനൊരു മെഡിക്കൽ സ്റ്റുഡന്റ് അല്ലേ. “
“കൊള്ളാം, മെഡിക്കൽ സ്റ്റുഡന്റ്, ജീവൻ രക്ഷിക്കാൻ പഠിക്കുന്നവർ മരുന്നടിച്ചു വന്ന് ആളുകളെ കൊല്ലാൻ ശ്രമിക്കുക. അവരെ സംരക്ഷിക്കാൻ മുകളിൽ നിന്നുള്ള സ്വാധീനം ഉപയോഗിക്കുക. “
“ദേവി കാലം അങ്ങനെയായി പോയി. എന്താ ചെയ്യുക. അടുത്ത ശനിയാഴ്ച അവനെ സ്റ്റേഷനിലേയ്ക്ക് വിളിച്ചു വരുത്തിയാലോ എന്നാണ് എന്റെ ആലോചന. “
“ശരി സാർ അങ്ങനെ ആയിക്കോട്ടെ. ഞാൻ ഈ സംഭവത്തെക്കുറിച്ചു നിധിനോട് സംസാരിച്ചു കൂടുതൽ ക്ലാരിറ്റി വരുത്താൻ ആഗ്രഹിക്കുന്നു. “
സഞ്ജീവ് പോയപ്പോൾ എന്താണെന്നു സംഭവമെന്ന് മാലതിയും മാത്യുവും അന്വേഷിച്ചു. ദേവി അന്നത്തെ രാത്രിയിൽ സംഭവിച്ച കാര്യങ്ങൾ വിശദീകരിച്ചു. അന്നത്തെ പേടിപ്പിക്കുന്ന കാർ യാത്രയും അവളുടെ രക്തസ്രാവവും തുടർന്നു ഡോക്ടർ നിർദ്ദേശിച്ച രണ്ടാമത്തെ പൂർണ വിശ്രമത്തെക്കുറിച്ചും അവൾ അവരോടു തുറന്ന് പറഞ്ഞു.
“”ഇത്രയും ദിവസം നീ ഇതൊക്കെ എന്നിൽ നിന്നും മറച്ചു വച്ചത് എന്തിനാണ് ദേവി. “
“വെറുതെ അമ്മയെ കൂടി വിഷമിപ്പിക്കുന്നതെന്തിനാണെന്നു കരുതി. ഞാൻ മൂലം നിങ്ങളൊക്കെ വല്ലാതെ വിഷമിക്കുന്നു എന്നെനിക്കറിയാം. “
” അതിനു? ഞങ്ങൾ നിനക്ക് അന്യരാണോ ദേവി. ഞാനും നിന്റെ പപ്പയും നിന്നെ എത്ര മാത്രം സ്നേഹിക്കുന്നു എന്നറിയാമോ ദേവി. അല്ലേ മാത്യു, ഒന്ന് ഇവളെ പറഞ്ഞു മനസിലാക്ക്. “
“ശരിയാണ് മോളെ, മാലതി നിനക്ക് വേണ്ടിയാണു ജീവിക്കുന്നത് തന്നെ. “
“അതൊക്കെ എനിക്കറിയാം. എന്നോട് ക്ഷമിക്കൂ. “
ദേവി മുറിയിൽ പോയി പൊട്ടി കരഞ്ഞു. നിധിൻ പോയപ്പോൾ മുതൽ മനസ്സിൽ വല്ലാത്ത വിഷമം, മുറിയിൽ എന്തിന്റെയൊക്കെയോ അഭാവം ഫീൽ ചെയ്യുന്നു. ആകെ ചിറകൊടിഞ്ഞ പക്ഷിയുടെ അവസ്ഥ.
“നമുക്കൊന്ന് പുറത്തു പോയാലോ, എനിക്ക് വീട്ടിലിരുന്നു ഭ്രാന്ത് പിടിക്കുന്ന അവസ്ഥ. “
ദേവി അനുപമയെ ഫോണിൽ വിളിച്ചു.
“രണ്ട് പേരും പോയിട്ട് വാ, പക്ഷെ നേരത്തേ മടങ്ങിയെത്തണം. പോലീസും സംരക്ഷണവും ഉണ്ടെന്നൊക്കെ പറയുന്നെങ്കിലും എന്തൊക്കെയോ അരുതാത്തതു സംഭവിക്കാൻ പോകുന്നത് പോലെ മനസ്സ് പറയുന്നു. “
“‘അമ്മ എന്നാണ് മനസിനെ ശ്രദ്ധിച്ചു തുടങ്ങിയത്. ദൈവമില്ല, എല്ലാം വെറും തോന്നലുകൾ ആണെന്നല്ല കുഞ്ഞു നാൾ മുതൽ എന്നെ പഠിപ്പിച്ചത്. “
“പ്രായം ഏറുമ്പോൾ പഴയ ശരികളിൽ ചിലതൊക്കെ തെറ്റായിരുന്നോ എന്ന് തോന്നി തുടങ്ങും. ഇപ്പോഴും എനിക്ക് ദൈവത്തിലൊന്നും വിശ്വാസമില്ല. പക്ഷെ അന്തർജ്ഞാനം എന്നൊക്കെ പറയില്ലേ, അത് പോലെയൊന്ന്. “
“ഞാൻ വേഗം മടങ്ങി വരും. അവളെയും കൂട്ടി കൊണ്ടിങ്ങു വരും. ഇന്നവളും എന്റെ കൂടെ ഈ വീട്ടിൽ കൂടും. പ്രണവ് സ്ഥലത്തില്ല, അവൾക്കും ഒരു കൂട്ടാകുമല്ലോ. “
അശോകദാസാണ് അജ്മലിന്റെ ഡ്രൈവറിനെ ദേവിയുടെ കൂടെ നഗരത്തിലേക്ക് വിട്ടത്. അപരിചിതനായ ഒരു ചെറുപ്പക്കാരൻ, അതിന്റെ പേടി തുടക്കത്തിൽ ദേവിയ്ക്കുണ്ടായിരുന്നു. പക്ഷെ അവളെ വളരെ സുരക്ഷിതമായി കൊണ്ട് പോകാനും മടക്കി കൊണ്ട് വരാനും ജോപ്പൻ എന്ന ആ ചെറുപ്പക്കാരൻ സഹായിച്ചു.
അന്നത്തെ ദിവസം ദേവി അനുപമയുമൊന്നിച്ചു നഗരത്തിൽ കറങ്ങി, രണ്ടു ആത്മാർത്ഥ സുഹൃത്തുക്കൾ, സമാന ചിന്താഗതിക്കാർ, ഇപ്പോൾ രണ്ടു പേരും ഒരേ സമയത്തു് ഗർഭിണികളായിരിക്കുന്നു. അനുപമയ്ക്കു നല്ല നീളവും തടിയുമുണ്ട്. ദേവി പഴയപോലെ മെലിഞ്ഞു സുന്ദരിയായി തന്നെ ഇരിക്കുന്നു.
മടങ്ങി വന്നപ്പോൾ അവർ ഇരുവരും നല്ല സന്തോഷത്തിലായിരുന്നു. രാത്രിയിൽ സുരക്ഷിതനായി ദുബായിലെത്തി ചേർന്നെന്ന വാർത്തയുമായി നിധിന്റെ ഫോൺ വിളി വന്നു.
“ദേവി, നീ സന്തോഷമായിരിക്കൂ. ഇവിടെ അൻവർ എന്റെ കൂടെയുണ്ട്. നാളത്തെ ഒരു ദിവസം വിശ്രമമാണ്. പുതിയ സിം എടുത്തു. ആക്ടീവ് ആകാൻ കുറച്ച് സമയമെടുക്കും. മറ്റന്നാൾ മുതൽ എനിക്ക് അവരുടെ റെസ്റ്റോറന്റിൽ പോകേണ്ടി വരും. ഒരാഴ്ച അവർ എനിക്ക് പലതരത്തിലുള്ള അസൈന്മെന്റുകൾ തരും. അടുത്താഴ്ച അവരുടെ വക ട്രെയിനിങ്, അതൊക്കെ വിജയകരമായി പൂർത്തിയായാൽ അപ്പോയ്മെന്റ് ഓർഡർ തരും. “
“അപ്പോയ്മെന്റ് ഓർഡറോ? അപ്പോൾ സ്വന്തമായി റസ്റ്റോറന്റ് തുടങ്ങാമെന്നല്ലേ നിധിൻ എന്നോട് പറഞ്ഞത്. അവരുടെ സ്ഥാപനത്തിൽ ജോലിക്കാരനാകാനാണോ നീ ഇത്ര കഷ്ടപ്പെട്ട് അവിടെ പോയത്. “
“എന്റെ ദേവി ദുബായിൽ ഒക്കെ നല്ല റസ്റ്റോറന്റിന് ലൈസൻസ് കിട്ടണമെങ്കിൽ ഇവരുടെ ഇന്റർനാഷണൽ ബ്രാൻഡ് നെയിം ഉപയോഗിക്കേണ്ടി വരും. ഇവിടെ അതൊന്നും എളുപ്പത്തിൽ നടക്കില്ല. നിയമങ്ങൾ വളരെ കർശനമല്ലേ ഇവിടെ. “
“ശരി നീ പെട്ടെന്ന് മടങ്ങി വരൂ, ഞാനും കുഞ്ഞും നിനക്ക് വേണ്ടി കാത്തിരിക്കുന്നു. “
നിധിൻ സുരക്ഷിതമായി അൻവറിന്റെ ഫ്ലാറ്റിലെത്തിയെന്ന വിവരം ദേവി വീട്ടിൽ എല്ലാവരെയും അറിയിച്ചു. പിറ്റേ ദിവസം അവൾ അനുപമയെ വീട്ടിൽ കൊണ്ട് ചെന്നാക്കിയിട്ടു ഓഫീസിലേയ്ക്ക് പോയി.
ഓഫീസിലെ കാര്യങ്ങളൊക്കെ ദേവിയെക്കാൾ നന്നായി നോക്കുന്നത് രാഹുലായിരുന്നു. അവനു സ്വന്തമായി ഒരു ഓഫീസ് തുടങ്ങാനും പ്രാക്റ്റീസ് ചെയ്യാനും ആഗ്രഹമുണ്ട്. ദേവിയുടെ അച്ഛനോടുള്ള കടപ്പാട് കൊണ്ട് മാത്രമാണ് രാഹുൽ അവിടെ തുടരുന്നതെന്ന് ദേവിക്ക് നന്നായി അറിയാം. കഴിവുള്ള ഒരു ചെറുപ്പക്കാരന്റെ ഭാവി താനായിട്ടു നശിപ്പിക്കുകയാണെന്നു ദേവിക്ക് കുറ്റബോധം തോന്നി തുടങ്ങിയിരുന്നു.
“രാഹുൽ, നീ ഉണ്ടായതു കൊണ്ട് ഇവിടെ കാര്യങ്ങളൊക്കെ നന്നായി നടക്കുന്നു. നിനക്ക് ആതിരയെ വിവാഹം കഴിക്കണ്ടേ, അത് അഴിഞ്ഞു സ്വന്തമായി ഒരു ഓഫീസ് തുടങ്ങണ്ടേ. “
“ചേച്ചി ഇപ്പോൾ ഇതിനെ കുറിച്ച് ചിന്തിക്കുന്നതെന്തിനാ. ഈയിടെ വന്ന രണ്ടു ജൂനിയർ പയ്യന്മാർ ചേച്ചിയെ സഹായിക്കുന്ന സമയത്തു ഞാൻ ഇവിടം വിട്ട് സ്വന്തമായി പ്രാക്റ്റീസ് തുടങ്ങണമെന്ന് കരുതുന്നു. “
“അതിനു മുൻപ് ഒരു മാർഗ്ഗം തെളിഞ്ഞാലോ രാഹുൽ, നിധിനും ഞാനും കുറച്ചുകാലം വിദേശത്തേയ്ക്ക് പോകുന്നു. ദുബായിലേക്ക് ഞങ്ങളുടെ തട്ടകം മാറ്റുന്നു. അപ്പോൾ നീ വേണം ഈ ഓഫീസ്, നിന്റെ രീതിയിൽ നന്നായി നടത്തി കൊണ്ട് പോകാൻ. “
“അതൊക്കെ നമുക്ക് അപ്പോൾ ആലോചിക്കാം. പോരെ ?”
രാഹുലും ദേവിയും പരസ്പരം നോക്കി ചിരിച്ചു.
“നിധിന് ഇന്നത്തെ ദിവസം ഒരു പരീക്ഷണമാണ്. ഒരു ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ഹോട്ടൽ ശൃംഖലയിൽ അവൻ അഭിമുഖത്തിനു പോകുകയാണ്. ചിലപ്പോൾ ഇന്ന് തന്നെ പുറത്താകും, അല്ലെങ്കിൽ നാളെ, ചിലപ്പോൾ അടുത്തഘട്ടം പരീക്ഷണത്തിനു ക്ഷണം കിട്ടും. എല്ലാമൊരു ഭാഗ്യപരീക്ഷണമാണ്. “
“ചേച്ചി വിഷമിക്കാതെ, നിധിൻ മിടുക്കനാണ്, എല്ലാം ചേച്ചിയുടെ ഭാഗ്യമാണ്. “
“നമ്മുടെ പുതിയ കേസിന്റെ കാര്യമെന്തായി. “
“ആ കേസ് ഏറ്റെടുക്കണമെന്ന് ഞാൻ തീരുമാനിച്ചു. പതിനാലു വയസുകാരി പെൺകുട്ടിയാണ് ഇര, അവളെ ഉപദ്രവിച്ചത്, സ്വന്തം അച്ഛനാണ്. പ്രവാസിയാണ്, സത്യമെല്ലാം കുട്ടിയുടെ അമ്മയ്ക്ക് അറിയാമായിരുന്നു. അവരാണ് എല്ലാം മറച്ചു വച്ച് അയാളെ സംരക്ഷിച്ചത്. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ടീച്ചറാണ് അവളോട് സംസാരിച്ചിട്ട് ചൈൽഡ് ഹെൽപ് ലൈനിൽ വിളിച്ചു വിവരം പറഞ്ഞത്. “
“ഇനിയെന്താ പ്രശ്നം. ? നമ്മൾ ഈ കേസ് ഏറ്റെടുത്തു. കുട്ടിയുടെ അമ്മയുടെ അച്ഛനല്ലേ പരാതിയുമായി വന്നത്. ഒരു പൈസയുമില്ലാതെ നമ്മൾ ഈ കേസ് ഏറ്റെടുക്കും. സംരക്ഷിക്കേണ്ട മാതാപിതാക്കൾ തന്നെ ഇങ്ങനെ ചെയ്താൽ. “
“അതല്ല ചേച്ചി, ആ അച്ഛൻ, അയാൾ ദുബായിലാണ്. അയാളുടെ ലൊക്കേഷൻ കണ്ടു പിടിച്ചാൽ എംബസി വഴി അയാളെ നാട്ടിലേയ്ക്ക് എത്തിക്കണം. അമ്മയ്ക്ക് പോലും ഒരു സംശയം തോന്നാത്ത രീതിയിൽ വേണം നാട്ടിലെത്തിക്കാൻ. “
“അതിനുള്ള ഇടപെടൽ നമുക്ക് രാഷ്ട്രീയക്കാർ വഴി നടത്താം. “
“ഇപ്പോൾ നിധിൻ അവിടെയുണ്ടല്ലോ എന്നാണ് എന്റെ ആശ്വാസം. നിധിൻ ഒന്ന് ഫ്രീയാകട്ടെ. “
അന്നത്തെ ജോലികൾ ഒതുക്കി വച്ച് ദേവി നേരത്തെ ഓഫീസിൽ നിന്നിറങ്ങി. ഒന്നൊര മാസത്തെ ഗർഭം തന്നെ അവളെ വല്ലാതെ ക്ഷീണിതയാക്കി കളഞ്ഞു. ഒരേ പോലെ കുറെ നേരം ഇരുന്നു ജോലി ചെയ്യാനോ ഡ്രൈവ് ചെയ്യാനോ കഴിയാത്ത അവസ്ഥയാണ്.
വൈകുന്നേരം നിധിൻ വിളിക്കുമ്പോൾ തന്റെ അവസ്ഥ തുറന്നു പറയണമെന്ന് കരുതിയതാണ്. പക്ഷെ അന്നത്തെ ഇന്റർവ്യൂ കഴിഞ്ഞു വളരെ ക്ഷീണിതനായിട്ടാണ് നിധിൻ മടങ്ങിയെത്തിയത്.
അതിനാൽ അവൾ തന്നെക്കുറിച്ചൊന്നും തുറന്നു പറഞ്ഞില്ല.
“ഇന്നത്തെ അഭിമുഖത്തിൽ നല്ല പെർഫോമൻസ് കാഴ്ച വയ്ക്കാൻ കഴിഞ്ഞു. നാളത്തേക്ക് എനിക്കൊരു അസൈൻമെന്റ് കിട്ടി. ഒരു സ്പാനിഷ് വിഭവം ലൈവ് ആയി ഉണ്ടാക്കി കാണിക്കണം. “ഫിഷ് ഇൻ ഗാർലിക് പാപ്രിക സോസ്”, ഒന്ന് ഫ്രഷായിട്ടു ഞാൻ അൻവറിനൊപ്പം ഫിഷ് മാർക്കറ്റിലേയ്ക്ക് പോകുന്നു. ആദ്യത്തെ ഷോപ്പിംഗ് ദിവസമല്ലേ സ്ഥലമൊക്കെ അൻവർ കാണിച്ചു തരും. നാളെ മുതൽ അൻവറിന്റെ ഭാര്യയുടെ ഒപ്പം പുറത്ത് പോകേണ്ടി വരും. “
“അത് വേണ്ട അത് വേണ്ട. “
ദേവിയുടെ ശബ്ദത്തിലെ അസൂയ മനസിലാക്കിയ നിധിൻ പൊട്ടിച്ചിരിച്ചു.
“അൻവറിന്റെ ബീവിയ്ക്കു മുപ്പത്തിയാറു വയസുണ്ട്. എന്നെക്കാൾ മുതിർന്ന സ്ത്രീയാണ്. “
“ഞാനും നിന്നെക്കാൾ മുതിർന്നതാണ്, ഒരു ദിവസം കൊണ്ട് നീയവരുടെ പ്രായമൊക്കെ കണ്ടു പിടിച്ചോ. “
“നീയെന്താ ഇങ്ങനെ വെറുമൊരു പെണ്ണിനെ പോലെ ചിന്തിക്കുന്നത്. “
“എന്റെ പൊന്നെ, ഞാൻ വെറുതെ നിന്നെ ദേഷ്യം പിടിപ്പിച്ചതാണ്. ഞാൻ വെറുമൊരു പെണ്ണല്ല, നീ മറ്റ് പെണ്ണുങ്ങളെ കാണുമ്പോൾ വെറുമൊരു പുരുഷൻ ആകരുതെന്നു ഞാൻ ഓർമിപ്പിച്ചതാണ്. “
വഴക്കെല്ലാം കഴിഞ്ഞു സന്തോഷത്തോടെ അവർ സംസാരിക്കുകയും ചെയ്തു.
എല്ലാ ദിവസവും രാത്രിയും വൈകുന്നേരവും ദീർഘനേരം അവർ വീഡിയോ കാൾ വിളിക്കുകയും, തമ്മിലിപ്പോൾ ഉള്ള അകലം അവരുടെ പ്രണയത്തെ ഒട്ടും കുറച്ചില്ല. മാത്രമല്ല വേർപിരിയൽ അവരുടെ പ്രണയത്തെ ആളിക്കത്തിച്ചു. അവർ ദൂരങ്ങളിലിരുന്ന് ഇണക്കുരുവികളെ പോലെ പ്രണയിച്ചു.
ആദ്യത്തെ കടമ്പ നിധിൻ കടന്നു. അവരുടെ ദുബായ് ഹോട്ടലിൽ ജോലിക്കാരനായി പ്രവേശിച്ചു. രണ്ടാഴ്ചത്തെ ട്രെയിനിങ്ങാണ്. അത് കഴിഞ്ഞ് ലണ്ടനിലെ ഹോട്ടലിൽ വീണ്ടും പരിശീലനം, അത് കഴിഞ്ഞേ നാട്ടിലേയ്ക്ക് മടങ്ങാൻ കഴിയൂ.
“അപ്പോൾ ഇനി രണ്ട് മാസം കാത്തിരുന്നാലേ എനിക്ക് എൻ്റെ പ്രിയതമനെ കാണാൻ കഴിയൂ അല്ലേ. “
“ദേവി, എനിക്ക് നിന്നെ കാണാൻ ആഗ്രഹമില്ലായെന്നാണോ. ഇതെൻ്റെ സ്വപ്നമായിരുന്നു. എനിക്ക് വേണ്ടി നീ കുറച്ച് കാത്തിരിക്കാൻ തയാറായാൽ…. “
” എത്ര നാൾ വേണേലും ഞാൻ കാത്തിരിക്കാം. നിൻ്റെ സ്വപ്നം എൻ്റെ സ്വപ്നം കൂടിയല്ലേ. “
അവളുടെ സ്നേഹമോർത്തപ്പോൾ നിധിൻ്റെ കണ്ണ് നിറഞ്ഞു.
(തുടരും…. )
✍️✍️നിഷ പിള്ള

