കൃഷ്ണാ …
ചില സ്നേഹങ്ങൾ അങ്ങനെയാണ്. വളരെ അവിചാരിതമായി കടന്നു വരും. പരസ്പരം വളരെ തീവ്രമായ സ്നേഹംതോന്നും. സ്നേഹം പെട്ടെന്ന് വളരും, പെട്ടെന്ന് തളരും, പെട്ടെന്ന് പരസ്പരം മടുക്കും ഉടനെ പിരിയും. സ്നേഹം വിരിയുന്നതും കൊഴിയുന്നതും ഒരേ വേഗത്തിലായിരിക്കും. വണ്ട് വേറെ പൂവ് തേടി പോകും, പൂവ് മറ്റൊരു വണ്ടിനായി കാത്തിരിക്കും.
രാധ, കൃഷ്ണനെ മാളിലെ കഫേയിൽ കാത്തിരുന്നു. വളരെ നാളുകൾക്കു ശേഷമാണു അവൻ ജോലി ചെയ്യുന്ന നഗരത്തിലേക്ക് അവളുടെ മടങ്ങി വരവ്. അവനെ ഒരിക്കൽ കൂടി കണ്ട് മടങ്ങണം. ആ കൂടിക്കാഴ്ച എങ്ങനെയാകണമെന്നു അവൾക്കൊരു നിശ്ചയവുമില്ല. എങ്ങനെയാകും താൻ അവനെ കാണുമ്പോൾ പെരുമാറുക, തിരികെ അവനെന്നോട് എന്താകും പറയുക. തന്നോട് അവനു വെറുപ്പാകുമോ?
ഒരിക്കലും പരസ്പരം പിരിയില്ല എന്ന് വാക്കുകൊടുത്തവളാണ് രാധ. ഒരിക്കൽ കൃഷ്‌ണനും ഏറ്റു പറഞ്ഞു ഞാനായിട്ട് നിന്നെ പിരിയില്ല. എന്നിട്ടു രാധ അവനോടു ചെയ്തതെന്താണ്, ഒരു സുപ്രഭാതത്തിൽ ട്രാൻസ്ഫർ വാങ്ങി ദൂരെ ഒരു നഗരത്തിലേക്ക് പറന്നു പോയി. പാവം കൃഷ്ണൻ പലപ്രാവശ്യം അവളെ ബന്ധപ്പെടാൻ ശ്രമിച്ചു അപ്പോഴൊക്കെ അവൾ താവളങ്ങൾ മാറ്റി, ഫോൺ നമ്പറുകൾ മാറ്റി, കൃഷ്ണന് പിടി കൊടുക്കാതെ ഒഴിഞ്ഞു നടന്നു.
ഇപ്പോൾ രാധ തന്നെ തോറ്റു കൊടുത്തു. അവൾക്കു കൃഷ്ണനെ മറക്കാൻ കഴിയുന്നില്ല. വെറുക്കാനും കഴിയുന്നില്ല, ഈ ജന്മം അതിനി നടക്കുമെന്നും തോന്നുന്നില്ല. അവനൊരു പക്ഷെ രാധയെ മറക്കാൻ കഴിഞ്ഞിരിക്കുമോ?
അവൾ ഒരു സാൻഡ് വിച്ചിന് ഓർഡർ കൊടുത്തു. ഇന്ന് ഇത് വരെ ഒന്നും കഴിച്ചിട്ടില്ല. പരസ്പരം പിണങ്ങി എത്ര ദിവസം പട്ടിണി കിടന്നിരുന്നു. അതിന്റെ ഓർമ്മയ്ക്ക് ഇന്നും പട്ടിണി കിടക്കാമെന്നു കരുതിയതാണ്. പക്ഷെ പഴയപോലെ ഒന്നും പറ്റുന്നില്ല. വയസ് നാല്പത്തിയഞ്ചു കഴിഞ്ഞു. മനസിന് മാത്രം ചെറുപ്പമാണ്. അതിൽ പ്രണയമുണ്ട്, സംഗീതമുണ്ട്, മഴവില്ലുകളുണ്ട്.
മുന്നിലിരിക്കുന്ന സാൻഡ് വിച്ചിലേയ്ക്കവൾ നോക്കി, കഴിക്കണോ? വേണ്ടയോ? കഴിക്കാൻ തുടങ്ങിയാൽ ഒരു പക്ഷെ അവൻ വന്നില്ലെങ്കിലോ. അവൻ വന്നിട്ട് കഴിക്കാം. തൻ്റെ പുതിയ നമ്പറിൽ നിന്നും അവനെ വിളിച്ചു.
“ഞാൻ നിന്റെ നഗരത്തിലുണ്ട്, വൃന്ദാ മാളിൽ കാത്തിരിക്കുന്നു, ഒന്ന് കാണണം നീ വരുമോ ”
എന്ന് മാത്രം ചോദിച്ചു. ഫോൺ ബാഗിലിട്ടു. ഒരു മൂളൽ പോലും മറുപടിയായിട്ടു ഉണ്ടായില്ല. കൃഷ്ണന് മനസ്സിൽ ദേഷ്യമായിരിക്കും. ഇനി അവൻ വരാതെയിരിക്കുമോ?
തന്റെ കണ്ണുകൾ നിറയുന്നത് രാധയറിഞ്ഞു. ഇടനെഞ്ചിലൊരു ഭാരം, ഇതിപ്പോൾ ആ ഹൃദയത്തിലുമുണ്ടായി കാണും. പലപ്പോഴും അങ്ങനെയാണ്. എന്നും രണ്ടാൾക്കും ഒരേ ചൂടും നോവുമായിരുന്നു. ഇത്ര വർഷം കഴിഞ്ഞിട്ടും ഒന്നിനും മാറ്റം വന്നില്ല. ഫോണെടുത്തു അവൻ്റെ മെസേജ് വല്ലതും ഉണ്ടോയെന്ന് നോക്കണമെന്ന് തോന്നി. വയ്യ, വരുന്നില്ലെങ്കിൽ വേണ്ട. വെറുപ്പാണെങ്കിൽ വരണ്ട. എന്നോടുള്ള ദേഷ്യം കൊണ്ടല്ലേ. ഈ രാധയോട് ദേഷ്യപ്പെടാൻ നിനക്ക് കഴിയുമോ കൃഷ്ണാ…
ഇടം കണ്ണ് വല്ലാതെ തുടിക്കുന്നു. ആരോ തന്നെ കാണാൻ കൊതിക്കുന്നു. ആരോ അല്ല പ്രിയപ്പെട്ടൊരാൾ. തനിക്കാരാണ് പ്രിയനൊരാൾ?
നിറഞ്ഞ കണ്ണുകളിലൂടെ അവ്യക്തമായൊരു രൂപം തന്റെ അടുത്തേയ്ക്കു വരുന്നത് അവൾ ശ്രദ്ധിച്ചു. ഒരു മാറ്റവുമില്ല, അതേ തടി, അതേ സൗന്ദര്യം. അൻപത് കഴിഞ്ഞെന്നു വിശ്വസിക്കാൻ വയ്യ.
കണ്ണുകൾ അകലേക്ക് മാറ്റി. കള്ള കൃഷ്ണനാണ് കണ്ണുകളിലൂടെ ഹൃദയം വായിച്ചു കളയും സ്നേഹം കൊണ്ട് ഹൃദയം വിങ്ങുന്നു. ആകാംഷ കൊണ്ട് ധമനികൾ പൊട്ടിത്തെറിക്കുമോ?അവൾ തന്റെ രണ്ടു കയ്യും ചുരുട്ടി പിടിച്ചു. പെട്ടെന്ന് ബാഗ് സീറ്റിൽ വച്ച് രാധ ചാടി എഴുന്നേറ്റു. അവനടുത്തേയ്ക്കു നടന്നു, അല്ല അവൾ ഓടുകയായിരുന്നു. രണ്ടു കൈകളും അവന്റെ കഴുത്തിൽ ചുറ്റിപിടിച്ചു. പരസ്പരം ആലിംഗനം ചെയ്യുന്നത് പണ്ടൊക്കെ പതിവായിരുന്നു. ഇപ്പോൾ രണ്ടു പേർക്കും രണ്ടു ജീവിതമായപ്പോൾ പഴയതൊക്കെ മറന്നു.
കൃഷ്ണൻ സ്തബ്ധനായി നിൽക്കുകയാണ്. രാധ പെട്ടെന്ന് കൈകൾ പിൻവലിച്ചു, കൃഷ്ണനിൽ നിന്നും അകന്നു മാറി. അവന്റെ നഗരമാണ്. അവന്റെ പരിചയക്കാർ ധാരാളമുണ്ടാകും.
“നീ ഒന്നും കഴിച്ചില്ലേ ”
സാൻഡ് വിച്ചിൽ നോക്കി കൃഷ്ണൻ ചോദിച്ചു. അവൻ രണ്ടു കോഫി കൂടി ഓർഡർ കൊടുത്തു.
“കഴിക്കൂ, വാശിക്ക് ഒരു കുറവുമില്ല അല്ലേ”
കൃഷ്ണൻ സാൻഡ് വിച്ച് അവളുടെ വായിൽ വച്ച് കൊടുത്തു. രാധയുടെ കണ്ണുകൾ നിറഞ്ഞു. കൃഷ്ണൻ കണ്ണുകൾ തരുന്നതേയില്ല. വിദൂരതയിലാണ് അവന്റെ കണ്ണുകൾ അവളെ മനഃപൂർവം ഒഴിവാക്കുന്നത് പോലെ.
താൻ ഇത് അർഹിക്കുന്നുണ്ട്, ഈ അവഗണന. അവന്റെ സ്നേഹത്തിന്റെ ആഴം അറിയാഞ്ഞിട്ടല്ല, വീട്ടുകാരുടെ നിർബന്ധം മൂലമാണ് സുമനെ കല്യാണം കഴിച്ചത്. ആദ്യമൊന്നും ദാമ്പത്യത്തിൽ കുഴപ്പമില്ലായിരുന്നു. സുമന്റെ ക്ലാസ്സ്‌മേറ്റ് സുരഭി അടുത്ത ഫ്ലാറ്റിലേക്ക് താമസം മാറ്റിയതോടെയാണ് രാധ ഒറ്റപ്പെട്ടത്, രാധയുടെ ഭർത്താവ് സുമൻ, സുരഭി എന്ന പഴയ കൂട്ടുകാരിയുമായി കൂടുതൽ അടുക്കും തോറും രാധ ഉൾവലിഞ്ഞു. ആരോടും ഒന്നും മിണ്ടാതെയായി. ഒരിക്കൽ പോലും സുമനോടോ സുരഭിയോടോ അസൂയ തോന്നിയതുമില്ല. കാരണം അവളുടെ മനസ്സിൽ കൃഷ്ണനായിരുന്നു.
കൂട്ടുകാരൊക്കെ ചോദിച്ചു നീ അയാളുടെ ഭാര്യയല്ലേ, നിനക്കിതെങ്ങനെ സഹിക്കാൻ കഴിയുന്നു. ആരും കേൾക്കാതെ ഉത്തരം മനസ്സിൽ പറഞ്ഞു.
“എനിക്കതു പറ്റും കാരണം സുമൻ എന്നെ പ്രണയിച്ചിട്ടില്ല. ദാമ്പത്യത്തിന്റെ പതിമൂന്ന് വർഷങ്ങളിലും അയാളെന്നെ സംരക്ഷിച്ചു. കാരുണ്യം കാട്ടി, സഹജീവിയോട് കാണിക്കുന്ന കാരുണ്യം. അതിൽ ഒരു നിമിഷം പോലും പ്രണയം ഞാൻ കണ്ടില്ല. അയാൾക്കെന്നെ പ്രണയിക്കാൻ കഴിഞ്ഞിട്ടില്ല, പക്ഷെ എനിക്കതു സഹിക്കാൻ കഴിയും, എന്നെ പ്രണയിക്കാൻ എന്റെ കൃഷ്ണനുണ്ട്, ഞാൻ പ്രണയിക്കുന്ന എന്റെ കൃഷ്ണൻ. ”
“രാധേ ”
കൃഷ്ണന്റെ വിളി അവളെ ഓർമ്മകളിൽ നിന്നുമുണർത്തി.
“ഈ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമെന്താണെന്നു അറിയുമോ?”
“അറിയാം, നമ്മൾ സ്നേഹിക്കുന്നവർ നമ്മളെയും അതെ പോലെ സ്നേഹിക്കുക. ”
“അപ്പോൾ നമ്മൾ രണ്ടു പേരും ഒരേ പോലെ അനുഗ്രഹീതരാണ്. ദൂരെയിരുന്നു പരസ്പരം സ്നേഹിച്ചു കൊണ്ടേയിരിക്കുക. ”
കൃഷ്ണനോടൊപ്പം മാളിൽ നിന്നിറങ്ങുമ്പോൾ എന്താണ് അടുത്ത പ്ലാനെന്നു അവൾ ചോദിച്ചില്ല.
“നിന്റെ മടക്കം എപ്പോഴാണ്. ”
“ഒന്നും തീരുമാനിച്ചില്ല. വന്ന കാര്യം കഴിഞ്ഞു. വേണമെങ്കിൽ ഇപ്പോൾ തന്നെ മടങ്ങാം. അല്ലെങ്കിൽ വൈകിട്ടത്തെ ട്രെയിന് മടങ്ങാം, അല്ലെങ്കിൽ ഇന്നിവിടെ തങ്ങി, നാളെ രാവിലത്തെ ട്രെയിന് മടങ്ങാം. ”
രാധ ചോദ്യരൂപേണ അവന്റെ മുഖത്ത് നോക്കി.
“നാളത്തെ ട്രെയിനുള്ള ടിക്കറ്റ് നോക്കൂ. ”
കൃഷ്ണൻ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
“രാത്രി നിനക്ക് തങ്ങാൻ ഒരു റൂം ഞാൻ നോക്കാം. വീട്ടിൽ കൊണ്ട് പോകാൻ ഇഷ്ടമില്ലാഞ്ഞിട്ടല്ല. എല്ലാവർക്കും എല്ലാം അങ്ങനെ പെട്ടെന്ന് മനസിലാകണമെന്നില്ല. മകന് പതിനാറു വയസായി. അമ്മയുടെയും അച്ഛന്റെയും ഇടയിലുള്ള സംഭാഷങ്ങളുടെ അർത്ഥമൊക്കെ അവനു പെട്ടെന്ന് തിരിച്ചറിയാം. ”
“എന്റെ മകൾ നിയതിയ്ക്കും പതിനാറു വയസായി. അമ്മയുടെ ഭ്രാന്തൊക്കെ അറിയാവുന്ന മകളായതു കൊണ്ട് അവളതൊക്കെ ക്ഷമിക്കുന്നു. അമ്മയെ പറ്റി പരാതി കേൾക്കാൻ അവളുടെ അച്ഛനും സമയമില്ല. നീയറിഞ്ഞോ, സുമനും സുരഭിക്കും ഒരു മകൾ പിറന്നു, രണ്ടു വയസുകാരി അപൂർവ. അവരിപ്പോഴും ഞങ്ങളുടെ അടുത്ത ഫ്ലാറ്റിൽ തന്നെയാണ് താമസം. ഇന്ന് രാത്രി ഞാൻ നിയതിയെ, സുരഭിയെ ഏല്പിച്ചിട്ടാണ് വന്നത്. ഞാനില്ലെങ്കിലും അവരുണ്ടല്ലോ അവൾക്ക്. ”
അവനോടൊപ്പം കാറിൽ കയറുമ്പോൾ മനസ്സിന് നല്ല ആയാസം തോന്നി.
“കമ്പനിയുടെ അതിഥികൾ തങ്ങുന്ന ഒരിടമുണ്ട്. രാത്രി ഒറ്റയ്ക്ക് തങ്ങാൻ പേടിയുണ്ടോ. ലഞ്ച് കഴിഞ്ഞ് നീ മുറിയിൽ വിശ്രമിയ്ക്കൂ. അപ്പോഴേക്കും ഞാൻ വീട്ടിൽ പോയി ഒന്ന് ഫ്രഷായി വരാം. ഒരു നൈറ്റ് ഡ്രൈവ്, പണ്ട് ഞാൻ വാഗ്ദാനം ചെയ്തതാണ്. ”
“അത് ശരിയാണ്. പക്ഷേ ആ വാഗ്ദാനം കാറിൽ പോകുന്ന കാര്യമല്ല. ”
“നീ പോയപ്പോൾ ഞാനെന്റെ ബുള്ളറ്റ് വിറ്റിരുന്നു. ”
മുഖാമുഖം ഇരുന്ന് ഭക്ഷണം കഴിക്കുമ്പോൾ രാധ അവനെ നോക്കി പുഞ്ചിരിച്ചു. കൃഷ്ണൻ ആളാകെ മാറി, മുഖത്ത് ഗൗരവം, ഔപചാരികമായ അവൻ്റെ നോട്ടങ്ങൾ, അവളുടെ മനസ്സിനെ ഇളക്കി മറിച്ചിരുന്നു.
മനസ്സിലുള്ളത് അവളും തുറന്ന് കാട്ടിയില്ല. കൈ കഴുകി വന്നപ്പോൾ ടിഷ്യൂ പേപ്പറിന് പകരം അവൻ തൻ്റെ ഹാൻഡ് കർച്ചീഫ് എടുത്ത് നീട്ടി.
പണ്ടേയുള്ള പതിവാണ്, ഇല്ല അവനൊട്ടും മാറിയിട്ടില്ല. വേറെയാർക്കും നൽകാത്തത്, തനിക്ക് മാത്രം അർഹതപ്പെട്ടത്. അവൻ കൈ നീട്ടിയപ്പോൾ കർച്ചീഫ് തിരികെ നൽകാതെ അവളത് ഹാൻഡ് ബാഗിൽ വച്ചു, അവനെ നോക്കി പുഞ്ചിരിച്ചു.
വൈകിട്ട് അവൻ മടങ്ങി വന്നപ്പോഴും രാധ റെഡി ആയിരുന്നില്ല.
“നീ റെഡിയായി വാ. ഞാൻ പുറത്തിരിക്കാം. ”
“അതെന്താ ഇവിടെയിരുന്നാൽ. ഒരഞ്ച് മിനിറ്റ് ഞാൻ റെഡി. പഴയ കാര്യങ്ങൾ ഓരോന്ന് ഓർത്ത് ഞാൻ മയങ്ങി പോയി. ”
അവളവനെ കട്ടിലിൽ പിടിച്ചിരുത്തി. ടോയ്ലറ്റിൻ്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് കൃഷ്ണൻ തിരിഞ്ഞ് നോക്കി.
പഴയ പോലെ സാരിയിലല്ല, ഇളംവയലറ്റ് നിറത്തിലൊരു ഗൗൺ ധരിച്ചു രാധ. പ്രായത്തിന്റെ ചുളിവുകൾ ചെറുതായി തുടങ്ങിയെങ്കിലും ആ മെലിഞ്ഞ ശരീരത്തിലെ മനസ്സ് ഏറെ ചെറുപ്പമായതു പോലെ കൃഷ്ണന് തോന്നി. അവളെ തന്നോട് ചേർത്ത് പിടിക്കാൻ കൃഷ്ണന് തീവ്രമായ ആഗ്രഹം ഉണ്ടായി.
“നമ്മൾ എങ്ങോട്ടാണ്. ”
കൃഷ്ണന്റെ കൈ പിടിച്ചു കാറിൽ കയറുമ്പോൾ രാധ ചോദിച്ചു.
“നീ പറ, നീയല്ലേ സുഗന്ധമുള്ള മന്ദമാരുതനെ പോലെ സ്നേഹം വിതറി എന്റെ ജീവിതത്തിലേയ്ക്ക് മടങ്ങി വന്നത്. ”
അവൾ പറഞ്ഞ വഴികളിലൂടെ കൃഷ്ണൻ നിർത്താതെ കാറോടിച്ചുകൊണ്ടേയിരുന്നു. രാധയുടെ വിരലുകളിലൂടെ അവൻ തന്റെ കൈ വിരലുകൾ പായിച്ചു.
“മടുക്കുന്നില്ലല്ലോ ഈ ഒന്നിച്ചുള്ള യാത്രകൾ. ”
“മടുക്കണോ, മടുക്കാത്തതാണോ നിന്റെ പ്രശ്നം. ”
രാധ ദേഷ്യത്തോടെ കൈവിരലുകൾ പിൻവലിച്ചു. രാധയുടെ ദേഷ്യം കണ്ടു കൃഷ്ണന് ചിരി വന്നു. അവനവളുടെ കൈവിരലുകൾ ബലമായി പിടിച്ചു.
കായൽക്കരയിലെ റെസ്റ്റോറന്റിൽ നിന്നും കൊഞ്ചും കക്കയും ഞണ്ടും കഴിക്കുമ്പോൾ രാധ ആ നഗരത്തെ വല്ലാതെ മിസ് ചെയ്തു.
രാധയെ മുറിയിൽ കൊണ്ടാക്കി യാത്ര പറയാൻ ഒരുങ്ങിയ കൃഷ്ണന് അവൾ പുറം തിരിഞ്ഞു നിന്നു. പിരിയാനുള്ള അവളുടെ സങ്കടം അവന് മനസ്സിലായി.
“ചോദിക്കുന്നത് ശരിയാണോയെന്നറിയില്ല. ഈ രാത്രിയിൽ ഇവിടെ എന്റെ കൂടെ കഴിയാൻ പറ്റുമോ. ”
കൃഷ്ണൻ കുറെ നേരം ഒന്നും മിണ്ടിയില്ല.
“ഞാൻ വൈകും നിങ്ങൾ കിടന്നോളു. ഒരു സുഹൃത്തിനെ റയിൽവേ സ്റ്റേഷൻ വരെ കൊണ്ട് വിടണം, വണ്ടി കുറച്ചു ലേറ്റ് ആണ്. ”
കൃഷ്ണൻ ഫോൺ കട്ട് ചെയ്തു.
“നീ എന്നെ ഇത്രയും സ്നേഹിച്ചിരുന്നെങ്കിൽ എന്നെ വിട്ടു പോയതെന്താണ് രാധേ, നിനക്ക് എന്നെ വിവാഹം ചെയ്തു കൂടായിരുന്നോ?”
“കൃഷ്ണാ…എന്താണ് പ്രണയത്തിന്റെ അവസാന വാക്ക്? അത് വിവാഹമെന്നാണോ? എനിക്ക് നിന്നെ പ്രണയിക്കാൻ വിവാഹമെന്ന ഈ കൂദാശ വേണ്ട. എന്റെ പ്രണയത്തിന്റെ അവസാന വാക്ക് ഞാൻ നിനക്ക് തരട്ടെ. നിന്നെ മരണം വരെ പ്രണയിച്ചുകൊണ്ടേയിരിക്കും. ഇതെന്റെ വെറും വാക്കല്ല. രാധ കൃഷ്ണന് കൊടുക്കുന്ന വാക്കാണ്. ”
രാധയെ തന്റെ ദേഹത്തോട് ചേർത്ത് പിടിക്കുമ്പോൾ കൃഷ്ണന് അതീവ സന്തോഷമുണ്ടായി.
“നിന്റെ ഈ പ്രണയത്തിനു ഞാൻ അർഹനാണോ. ”
“ഈ ലോകത്തു എന്റെ പ്രണയത്തെ സ്വീകരിക്കുവാൻ നീ മാത്രമാണ് അർഹതയുള്ളവൻ. ചില മനുഷ്യരെ അടുത്തറിയുമ്പോഴാണ്
മറ്റ് ചില മനുഷ്യരെയൊക്കെ
കണ്ട് മുട്ടാനേ
പാടില്ലായിരുന്നെന്ന് തിരിച്ചറിയുന്നത്. ഞാനത് നേരത്തെ തിരിച്ചറിഞ്ഞിരുന്നു. ”
കൃഷ്ണന്റെ ഹൃദയം സ്നേഹത്താൽ നിറഞ്ഞു.
“ഞാൻ നാളെ പോയാലും ഇനിയും വരും കൃഷ്ണാ…നിന്നെ തേടി. രാധയില്ലാതെ കൃഷ്ണനും കൃഷ്ണനില്ലാതെ രാധയുമില്ല. ”
“ഞാൻ അടുത്ത മാസം നിന്നെ തേടി അങ്ങോട്ട് വരും. ”
മൂന്നുമണിയായപ്പോൾ രാധ ഞെട്ടിയുണർന്നു. നഗ്‌നമായ തന്റെ ശരീരത്തെ അവൾ തൊട്ടു നോക്കി. പ്രണയ പനിയാൽ ചുട്ടു പൊള്ളുന്ന ശരീരം. അവൾ കൃഷ്ണനെ തൊട്ടു നോക്കി, അവനും പ്രണയ താപത്താലാണ്. രണ്ടുപേരും താൽക്കാലികമായി പിരിയാൻ പോകുകയാണ്.
“കൃഷ്ണാ… ”
അവൾ തന്റെ ചുണ്ടുകൾ അവന്റെ കാതിൽ ചേർത്തു. അവൻ അവളുടെ നെറ്റിയിൽ മൃദുവായി ചുംബിച്ചു – ഇടയ്ക്ക് അവളുടെ ചുണ്ടുകളിൽ ശക്തമായും ആവേശത്തോടെയും ചുംബിച്ചു.
“നെറ്റിയിലെ ചുംബനത്തിന്റെ അർത്ഥമെന്താണെന്ന് നിനക്കറിയാമോ രാധേ. ”
രാധ നിശബ്ദയായി. അതിന്റെ അർത്ഥം അവൾക്കറിയാമായിരുന്നു. അതിന്റെ അർത്ഥം സംരക്ഷണമെന്നാണ്, ബഹുമാനമെന്നാണ് അതിന്റെ അർത്ഥം മരിക്കാത്ത സ്നേഹമെന്നാണ്. അതിനർത്ഥം രാധ കൃഷ്ണന്റേതാണ് എന്ന് കൂടിയാണ്. അതിനർത്ഥം കൃഷ്ണനാണ് രാധയുടെ ലോകമെന്നാണ്. ആ ചോദ്യത്തിന് ഉത്തരം നൽകേണ്ടതില്ലായിരുന്നു രാധയ്ക്ക്.
അതിന്റെ അർത്ഥം അവൾക്കറിയാമെന്ന് കൃഷ്ണനറിയാമായിരുന്നു. കൃഷ്ണൻ രാധയെ അറിഞ്ഞ ആ മധുര നിമിഷങ്ങളിൽ, രാധ അവനോട് കൂടുതൽ പ്രണയത്തിലായി…അതിന്റെ ആഴം അവൻ അറിഞ്ഞിട്ടുപോലുമില്ല. അവളുടെ അഗാധതകളെ അവൻ തേടി കൊണ്ടിരുന്നു.
✍️✍️നിഷ പിള്ള


11 Comments
മനോഹരം
ജന്മങ്ങൾക്കപ്പുറത്തെങ്ങോ……
ഒരു ചമ്പകം പൂക്കും സുഗന്ധം
എന്ന പാട്ടു പോലെ തൊട്ടു തലോടി പോയി
❤️
👍👍
സൂപ്പർ ശരിക്കും amazing
👌👌 രാധാ – കൃഷ്ണ പ്രണയം എത്ര മനോഹരമായി പറഞ്ഞു വെച്ചിരിക്കുന്നു..
❤️
❤️
നല്ല കഥ👌❤️
നന്നായിരിക്കുന്നു….
❤️