സാധനങ്ങൾ പായ്ക്കു ചെയ്യുമ്പോഴും ജനാലകളടയ്ക്കുമ്പോഴും സുമിയുടെ മനസ്സ് വീണ്ടും വീണ്ടും ചോദിച്ചു കൊണ്ടേയിരുന്നു.
എന്തിനാണിങ്ങനെയൊരു യാത്ര… വേണോ വേണ്ടയോ എന്ന സംശയത്തിൽ അവൾ തെല്ലിട ശങ്കിച്ചു നിൽക്കുകയും ചെയ്തു.
“ടിക്കറ്റ് കൺഫേം ആയല്ലോ. ഇനി രണ്ടാമതൊന്നാലോചിക്കേണ്ട. പോയിട്ടു വരൂ. ഒരു പക്ഷേ എല്ലാമൊന്നു കലങ്ങിത്തെളിയാനാവും “
ഹോസ്പിറ്റലിൽ വെച്ചു തൻ്റെ മടി കണ്ടപ്പോൾ രാജി നിർബ്ബന്ധിച്ചതാണ്.
അവൾക്കെന്തറിയാം? കലങ്ങിത്തെളിയാൻ ഇത് ബക്കറ്റിൽ പിടിച്ചു വെച്ച വെള്ളമാണോ. അനന്തമായ സമുദ്രം പോലെ ഇളകിമറിയുന്ന മനസ്സ് എങ്ങനെ തെളിയും?
ഒരു ദീർഘനിശ്വാസത്തോടെ പെട്ടി ലോക്കു ചെയ്തു. ഹാൻഡ് ബാഗിൽ ചാർജറും മറ്റ് അത്യാവശ്യസാധനങ്ങളുമുണ്ടോ എന്നു നോക്കി. ഫോൺ കൈയിലെടുത്തു.
ഫ്ളാറ്റിൻ്റെ ഡോർ പൂട്ടി ലിഫ്റ്റിൽ കയറുമ്പോഴും അവളുടെ മനസ്സാകെ അസ്വസ്ഥമായിരുന്നു.
സെക്യുരിറ്റിയോടു പറഞ്ഞിട്ട് അവൾ ഓട്ടോയ്ക്കായി കാത്തുനിന്നു. ഓഫീസ് കഴിയുന്ന സമയമായതു കൊണ്ട് വല്ലാത്ത തിരക്ക്. ആറരയ്ക്കാണ് ട്രെയിൻ. ഒരു മണിക്കൂർ സമയമുണ്ട്.
ദൂരെ നിന്നു വരുന്ന ഓട്ടോയ്ക്ക് കൈ കാണിച്ചു. നിർത്തിയപ്പോഴാണു അതിലാരോ ഇരിപ്പുണ്ടെന്നു കണ്ടത്.
”കഹാം ജാനാ ഹേ?”
”റയിൽവേ സ്റ്റേഷൻ “അവൾ പറഞ്ഞപ്പോൾ അയാൾ പുറകിലേക്കു നോക്കി. പുറകിലിരുന്നയാൾ വശത്തേക്ക് ഒതുങ്ങിയിരുന്നു. അവൾ കയറി.
ഇരമ്പിപ്പായുന്ന വാഹനങ്ങൾക്കിടയിലൂടെ ഓട്ടോ തിക്കിത്തിരക്കി മുന്നോട്ടു നീങ്ങി. മനസ്സു ശൂന്യമായ പോലെ അവൾക്കു തോന്നി. വേണ്ടായിരുന്നു… അല്ലെങ്കിലും എന്നും താനിങ്ങനെയാണ്. ശരിയായ ഒരു തീരുമാനമെടുക്കാൻ ഒരിക്കലും കഴിയാറില്ല, ഉടനെ അവൾ തന്നെ അതു തിരുത്തി. ഒരിക്കൽ… ഒരിക്കൽ മാത്രം താനെടുത്തത് ശരിയായ തീരുമാനമായിരുന്നു.
സ്റ്റേഷനിലും തിരക്കോടു തിരക്കു തന്നെ. എ. സിയിൽ ടിക്കറ്റെടുക്കാൻ രാജി നിർബ്ബന്ധിച്ചതാണ്. വേണ്ട… സുഖങ്ങളും സന്തോഷങ്ങളും എന്നേ കൈവിട്ടു കളഞ്ഞതാണ്. അവൾ സെക്കൻ്റ് ക്ലാസിൽത്തന്നെയാണു ബുക്കു ചെയ്തത്.
ട്രെയിൻ വന്നു നിന്നു. കയറാനുള്ള ആൾക്കാരുടെ തിരക്ക്. അതിനിടയിൽ ടീ… പാനി…റൊട്ടി… കച്ചവടക്കാരുടെ ബഹളം…
എങ്ങനെയോ ട്രെയിനിൽ കയറിപ്പറ്റി. മുന്നിൽ നിന്നവരുടെയിടയിലൂടെ അവൾ നുഴഞ്ഞുനീങ്ങി സീറ്റിനടുത്തെത്തി. കംപാർട്ട്മെൻ്റു നിറയെ ആളുകളാണ്. തൻ്റെ സീറ്റിലും ഒരു ചെറുപ്പക്കാരൻ ഇരിക്കുന്നുണ്ട്. എവിടെയും ഇങ്ങനെ തന്നെ. തൻ്റെ സ്ഥാനം തട്ടിയെടുക്കാൻ ആളുകളുണ്ടാവും. ഓർത്തപ്പോൾ അവൾക്ക് മനസ്സാകെ വിങ്ങി. വേണ്ട… ഒന്നും ഓർമ്മിക്കേണ്ട… അവൾ മനസ്സിനെ ശാസിച്ചു.
പെട്ടി ഒരു വിധത്തിൽ സീറ്റിനടിയിലേക്കു തള്ളിക്കയറ്റി. ടി. ടി. ഇ വന്നപ്പോൾ ടിക്കറ്റു കാണിച്ചു. ഇരിയ്ക്കാൻ പറ്റിയതു ഭാഗ്യം. റിസർവേഷനില്ലാത്തവരാണു മിക്കവരും. കിടക്കാൻ പറ്റുമോ എന്നു തന്നെയറിയില്ല.
സീറ്റിലേക്കു ചാരിയിരുന്ന് സുമി ദീർഘമായി നിശ്വസിച്ചു.
ഓർമ്മിക്കാനിഷ്ടമില്ലാത്തവ തന്നെ മനസ്സിൽ വീണ്ടും തികട്ടി വരുന്നു. ആഴമേറിയ മുറിവുകൾ വൃണങ്ങളായി വിങ്ങുന്നു. അവയിൽ രക്തം കിനിയുന്നു. ഒരിക്കലുമുണങ്ങാത്ത കടും വെട്ടുകളാണവ. ശരീരത്തിനായിരുന്നെങ്കിൽ തുന്നിക്കെട്ടി മരുന്നു പുരട്ടി ഭേദമാക്കാമായിരുന്നു. ഇതോ… മരണം വരെ തന്നെ പിന്തുടരുന്ന വേദനകളിൽ മാന്ത്രിക വടി വീശി തലോടാൻ… ഒന്നു രക്ഷപെടുത്താൻ… ഏതു ഗന്ധർവ്വനാണു വരിക ?
രാത്രിയായപ്പോഴേക്കും കംപാർട്ടുമെൻ്റിലെ തിരക്കു കുറഞ്ഞു. ബർത്ത് നിവർത്തിയിട്ട് കിടന്നിട്ടും ഉറക്കം അവളുടെ കണ്ണുകളെ അനുഗ്രഹിച്ചില്ല. നീറുന്ന കണ്ണുകൾ അടയ്ക്കാനാവാതെ… പുകയുന്ന മനസ്സുമായി ട്രെയിനിൻ്റെ കടകട ശബ്ദവും കാതിലേറ്റി അവൾ വെറുതെ കിടന്നു. ചിന്തകൾ കടിഞ്ഞാണില്ലാതെ പുറകിലേക്കു പോവുകയാണ്.
കല്യാണത്തിനു നാലു ദിവസം മുമ്പു മാത്രമാണ് നാട്ടിലെത്താൻ കഴിഞ്ഞത്. കഷ്ടിച്ച് ഒരു മാസമേ ലീവു കിട്ടിയുള്ളു. സ്ക്കൂളിൽ പോകാൻ മടിച്ചു നിന്ന സുധിയേയും അനുവിനേയും ഗീതേച്ചി നിർബ്ബന്ധിച്ചാണയച്ചത്. ”അപ്പച്ചി കൊണ്ടുവന്നവയെല്ലാം വൈകിട്ടേ എടുക്കൂ” എന്നു പറഞ്ഞപ്പോഴാണ് അവർ പോയത്.
” വിളിക്കാൻ വരേണ്ടെന്നു നീ പറഞ്ഞിട്ടാണ് അല്ലെങ്കിൽ അനി വന്നേനേ. ഡ്രസ്സെല്ലാം ഞാനും അനിയും കൂടിപ്പോയി വാങ്ങി. നീ പറഞ്ഞ നിറം തന്നെ. ഇഷ്ടമായോന്നു നോക്ക്“
ഗീതേച്ചി പറഞ്ഞപ്പോൾ ”പിന്നെ നോക്കാം. അനിയേട്ടനിഷ്ടമായതല്ലേ അതുമതി ” എന്നു താനും പറഞ്ഞു.
”ഏട്ടൻ വന്നു കഴിഞ്ഞാൽ നാളെത്തന്നെ സ്വർണ്ണമെടുക്കാൻ പോകണം അല്ലേ അമ്മേ ” ഗീതേച്ചി എല്ലാം തീരുമാനിച്ചിട്ടുണ്ട്.
എല്ലാക്കാര്യങ്ങളിലും ഉത്സാഹത്തോടെ മുന്നിട്ടു നിൽക്കാൻ ചേച്ചിയ്ക്ക് പ്രത്യേക കഴിവാണ്.
ഊണു കഴിഞ്ഞപ്പോൾ
“ഞാനൊന്നു കിടക്കട്ടെ മോളേ. നാളെ മുതൽ ആകെത്തിരക്കല്ലേ”അമ്മ അകത്തേക്കു പോയി.
“ഞാനൊന്നു കടയിൽ പോയിട്ടു വരട്ടെ സുമീ. ഇനി കുറച്ചു ദിവസം പോകാൻ പറ്റില്ലല്ലോ” ഗീതേച്ചിയും പോയി. ടൗണിൽ ഗീതേച്ചി ഒരു സ്റ്റിച്ചിംഗ് സെൻ്റർ നടത്തുന്നുണ്ട്. ഇന്നു താൻ വന്നതു പ്രമാണിച്ച് വീട്ടിൽത്തന്നെ നിന്നതാണ്.
പെട്ടെന്നാണ് കുസൃതി പോലെ ഒരുൾവിളി തോന്നിയത്. അനിയേട്ടൻ്റെ അടുത്തൊന്നു പോയാലോ…
‘നിനക്കു നാലു ദിവസം കൂടി ക്ഷമിക്കാൻ വയ്യേ ‘എന്നു കളിയാക്കിയാലും സാരമില്ല. അകത്തുചെന്നു നോക്കി. അമ്മ ഉറങ്ങിക്കഴിഞ്ഞു. അല്ലെങ്കിലും അമ്മയ്ക്കു കട്ടിൽ കണ്ടാൽ മതി. മനസ്സു ശുദ്ധമായവർക്കാണ് വേഗം ഉറങ്ങാൻ കഴിയുക എന്നാണ് അമ്മയുടെ പക്ഷം.
മുറ്റത്തു ചെന്നു കയറുമ്പോൾ മനസ്സിൽ ആകെയൊരു കുളിര്. നാലു ദിവസം കഴിഞ്ഞാൽ മന്ത്രകോടിയും അനിയേട്ടൻ കെട്ടുന്ന താലിയുമണിഞ്ഞ് നിലവിളക്കുമായി കയറി വരേണ്ട വീടാണ്. കുട്ടിക്കാലത്ത് ഈ മുറ്റത്ത് കളിച്ചു തിമിർത്തതിനു കണക്കില്ല. അന്ന് അപ്പച്ചിയുണ്ടായിരുന്നു. “എൻ്റെ അനിക്കുള്ള പെണ്ണാണിവൾ” എന്നു പറഞ്ഞ് വാത്സല്യത്തോടെ കവിളിൽ തലോടാനും ഇഷ്ടപ്പെട്ടതെല്ലാം വെച്ചുണ്ടാക്കിത്തരാനും അപ്പച്ചിയ്ക്ക് എന്തുത്സാഹമായിരുന്നു. മാമനില്ലാത്ത കുറവറിയിക്കാതെയാണ് അനിയേട്ടനെ വളർത്തിയത്. പക്ഷേ ഒരു നെഞ്ചുവേദനയുടെ രൂപത്തിൽ മരണമെത്തി അകാലത്തിൽ അവരേയും ആ സ്നേഹത്തേയും തട്ടിപ്പറിച്ചെടുത്തു.
വരാന്തയിലേക്കു കയറി. അനിയേട്ടൻ ഉറക്കമായിരിക്കുമോ? ബെല്ലടിക്കുന്നതിനു മുമ്പ് വാതിലിൽ പതുക്കെയൊന്നു തള്ളി നോക്കി. ഓ… തുറന്നിട്ടിരിക്കുകയാണല്ലോ.
സുമി ശബ്ദമുണ്ടാക്കാതെ കോണിപ്പടികൾ കയറി. അനിയേട്ടൻ്റെ മുറിയുടെ മുന്നിലെത്തി. വാതിലടഞ്ഞു കിടക്കുകയാണ്. കതകിൽ തട്ടാനായി കൈ പൊക്കിയതേയുള്ളു.
അകത്ത് ആരുടെ ശബ്ദമാണ്? അവൾ ചെവിയോർത്തു.
“ഇനിയിപ്പോൾ എന്നെ വേണ്ടായിരിക്കും അല്ലേ? മുറപ്പെണ്ണിനെ കെട്ടിക്കഴിയുമ്പോൾ ഞാൻ പുറത്താവില്ലേ?”
ദൈവമേ ഏട്ടത്തി… വല്യേട്ടൻ വിവാഹം കഴിച്ചു കൊണ്ടുവന്ന അന്നുമുതൽ സ്വന്തം ചേച്ചിയെപ്പോലെ താൻ കണ്ടിരുന്ന ഗീതേച്ചിയോ…
“നിന്നെ അങ്ങനെ ഞാൻ കളയുമോ പൊന്നേ. അവൾ മൂന്നാഴ്ച കഴിയുമ്പോൾ അങ്ങു പോവില്ലേ. ഏട്ടനും പോയിക്കഴിഞ്ഞാൽ വീണ്ടും നമ്മുടെ സ്വർഗ്ഗമല്ലേ “
അനിയേട്ടൻ്റെ ശബ്ദം വേറെയേതോ ലോകത്തു നിന്നു കേൾക്കുന്നതുപോലെയാണ് അവൾക്കു തോന്നിയത്.
ഓർമ്മ വെച്ചനാൾ മുതൽ താൻ സ്നേഹിച്ചാരാധിച്ച അനിയേട്ടൻ തന്നെയാണോ ഇത്. എല്ലാ ആഴ്ചയും ഫോൺ വിളിച്ച് മണിക്കൂറുകളോളം സംസാരിച്ചിരുന്ന… സ്വപ്നങ്ങൾ പങ്കുവെച്ചിരുന്ന തൻ്റെ അനിയേട്ടൻ…
കണ്ണുകളിലും കാതുകളിലും ഇരുട്ടു കയറി കാലുകളും ശരീരവും സ്തംഭിച്ചു പോകുന്നതു പോലെ സുമിക്കു തോന്നി. വീഴാതിരിക്കാൻ ഭിത്തിയിലേക്കവൾ പിടിച്ചു.
എത്ര നേരം അങ്ങനെ നിന്നെന്നറിയില്ല. കതകിൻ്റെ കുറ്റിയെടുക്കുന്ന ശബ്ദം കേട്ടാണവൾ സ്വബോധത്തിലേക്കു തിരികെയെത്തിയത്.
മലർക്കെത്തുറന്ന വാതിൽപ്പാളികൾക്കു നടുവിൽ ചുളിഞ്ഞ ചൂരിദാറും പാറിയ മുടിയുമായി നിൽക്കുന്ന ഗീതേച്ചിയേയും അവരുടെ വയറിനു മുകളിലൂടെ കെട്ടിപ്പിടിച്ച് കഴുത്തിൽ ചുംബിച്ചു നിൽക്കുന്ന അനിയേട്ടനേയും ഒരു സ്വപ്നത്തിലെന്ന പോലെ അവൾ നോക്കി നിന്നു.
കണ്ണുനീരിനാൽ കാഴ്ച മങ്ങിയ കണ്ണുകൾ ഇറുക്കിയടച്ച് വിറയാർന്ന കൈകളാൽ മുഖം പൊത്തി അവൾ തിരിഞ്ഞു നടന്നു. ഒരു പിൻവിളി അവളാഗ്രഹിച്ചതേയില്ല. കോണിപ്പടികൾ ഓടിയിറങ്ങി സുമി പുറത്തേക്കോടി.
എങ്ങനെയോ വീട്ടിലെത്തി. അമ്മ എഴുന്നേറ്റിട്ടില്ല. മുറിയിലെത്തി കട്ടിലിൽ കമിഴ്ന്നു കിടന്നു പൊട്ടിക്കരഞ്ഞു. ഹൃദയം മുറിഞ്ഞൊഴുകുന്ന രക്തത്തിൽക്കുളിച്ചു കിടക്കുന്നത് തൻ്റെ സ്വപ്നങ്ങളാണ്… പ്രതീക്ഷകളാണ്… അതിലുമുപരി തൻ്റെ ജീവിതമാണ്…
സുമി എഴുന്നേറ്റു. ട്രാവൽ ഏജൻസിയിലേക്കു വിളിച്ചു.
”സുമേഷില്ലേ ?”
സുമേഷ് ഫോണെടുത്തു.
”എന്താ ചേച്ചീ?”
” ഇന്നു വൈകിട്ട് ഡൽഹിക്കൊരു ടിക്കറ്റു കിട്ടുമോ? “
”അയ്യോ… ഇന്നോ? ചേച്ചീ അപ്പോൾ കല്യാണം?”
”അത്യാവശ്യമായി ഹോസ്പിറ്റലിൽ എത്തണം. എങ്ങനെയെങ്കിലും ശരിയാക്കിത്തരണം”
വിളിക്കാമെന്നു പറഞ്ഞ് അയാൾ ഫോൺ വെച്ചു.
പത്തു മിനിറ്റിനകം സുമേഷ് തിരികെ വിളിച്ചു.
”ചേച്ചീ വെളുപ്പിന് രണ്ടു മണിയുടെ ഫ്ലൈറ്റിൽ ടിക്കറ്റുണ്ട്. എക്സിക്യൂട്ടിവിലാണ്. എക്കണോമിയിൽ ഒഴിവില്ല “
”അതു മതി, ഡീറ്റെയിൽസ് അയക്ക്. പിന്നെ അരമണിക്കൂറിനകം ഒരു ടാക്സിയും വേണം”
“ഇത്രയും നേരത്തെയോ?”
വേറെ കുറെ കാര്യങ്ങളുണ്ട് എന്നു പറഞ്ഞ് അവൾ ഫോൺ വെച്ചു.
വല്യേട്ടൻ്റെ മക്കൾക്കു വാങ്ങിയ സാധനങ്ങളൊക്കെ മാറ്റിവെച്ചു. പെട്ടിയിൽ എന്തൊക്കെയോ വാരിയിട്ടു കൊണ്ടിരുന്നപ്പോഴാണ് അമ്മ എഴുന്നേറ്റു വന്നത്.
”എന്താ മോളേ… എന്താ ചെയ്യുന്നത്?”
”എനിക്കു പോകണം അമ്മാ “
”നീയെന്താ പറയുന്നത്? കല്യാണത്തിനിനി നാലു ദിവസമേയുള്ളു. ”
അവളൊന്നും മിണ്ടിയില്ല.
“നിൻ്റെ വല്യേട്ടൻ നാളെ വരുമ്പോൾ ഞാനെന്തു പറയും? ഗീതയെവിടെ ?
എൻ്റെ ദേവീ… എനിക്കൊന്നുമറിയില്ല “
അമ്മ തലയിൽ കൈ വെച്ച് വാതിൽപ്പടിയിലിരുന്നു.
പുറത്ത് ടാക്സി വന്നു നിന്നു. ഡ്രസ് മാറാൻ പോലും നിൽക്കാതെ സുമി പെട്ടിയും ബാഗുമെടുത്ത് മുറ്റത്തേക്കിറങ്ങി. അമ്മയുടെ കൈ പിടിച്ചു. ”പോകട്ടെ”
അവളുടെ കരഞ്ഞുകലങ്ങിയ കണ്ണുകൾ അവരപ്പോഴാണു കണ്ടത്.
“എൻ്റെ കുട്ടിയ്ക്ക് എന്താ പറ്റിയത്?
രാമൻകുട്ടീ…നീയൊന്നു ചോദിക്ക് “
ഗേററു കടന്ന് അത്ഭുതം കൂറുന്ന കണ്ണുകളോടെ അവളെ നോക്കിക്കൊണ്ട് നടന്നു വരുന്ന കുട്ടി മാമനേയും ഓമനയമ്മായിയേയും മറികടന്ന് സുമി ടാക്സിയിൽ കയറി.
എയർപോർട്ടിലിരിക്കുമ്പോൾ എന്തു ചെയ്യണമെന്നറിയാതെ അവളുടെ മനസ്സും ശരീരവും തളർന്നിരുന്നു. ഫോൺ നിർത്താതെ ബല്ലടിക്കുന്നുണ്ട്. അവൾ ഫോൺ സ്വിച്ച് ഓഫ് ചെയ്തു വെച്ചു.
തിരികെ റൂമിലെത്തി. ലീവ് കാൻസൽ ചെയ്ത് ഹോസ്പിറ്റലിലെത്തിയപ്പോൾ രാജി ഓടി വന്നു. അവളുടെ നിരന്തരമായ നിർബ്ബന്ധം കൊണ്ടാണ് അനിയേട്ടൻ വഞ്ചിച്ചു എന്നു മാത്രം പറഞ്ഞത്. ഫോൺ നമ്പർ മാറ്റി. ഹോസ്പിറ്റലിലേക്കു വന്ന ഫോൺ വിളികളും ഒഴിവാക്കി. ജീവിക്കണമെങ്കിൽ എല്ലാറ്റിൽ നിന്നും ഒരൊളിച്ചോട്ടം ആവശ്യമായിരുന്നു.
എത്ര ശ്രമിച്ചിട്ടും എന്തെല്ലാം ഒഴിവാക്കിയിട്ടും മുറിവുകളുണങ്ങാതെ രക്തം പൊടിഞ്ഞും പഴുത്തും നീറിക്കൊണ്ടിരുന്നു.
പാവം അമ്മയും വല്യേട്ടനും. അവരെക്കുറിച്ചോർക്കുമ്പോൾ മാത്രം അവളുടെ കണ്ണുകൾ നിറഞ്ഞു.
നീണ്ട അഞ്ചുവർഷങ്ങൾ… ആശുപത്രിയും ഫ്ളാറ്റും മാത്രം. രോഗികളും കൂട്ടിരിപ്പുകാരും അവരുടെ ആവലാതികളും ദുഃഖങ്ങളും ജീവിതവും മാത്രമായിരുന്നു ജീവിക്കാൻ പ്രേരിപ്പിച്ചത്.
അമ്മയുടെ നിർബ്ബന്ധംസഹിക്കാൻ കഴിയാതെ വരുമ്പോഴാവും വല്യേട്ടൻ കത്തുകളെഴുതിയിരുന്നത്. ഒന്നും പൊട്ടിച്ചു നോക്കുകപോലും ചെയ്യാതെ തിരിച്ചയച്ചു. മനസ്സിലെ വെറുപ്പിനെ തുടച്ചുനീക്കാൻ ഒരിക്കലും ശ്രമിച്ചതുമില്ല.
കഴിഞ്ഞാഴ്ച വന്ന കത്ത് രാജിയുടെ കൈയിലാണു കിട്ടിയത് അവളതു പൊട്ടിച്ചു വായിച്ചു കേൾപ്പിച്ചു.
“മോളേ നിനക്കെന്താണു പറ്റിയതെന്നു ഞങ്ങളാരും ചോദിക്കില്ല. നീ വരണം. അമ്മ കിടപ്പിലാണ്. നിന്നെ കാണണമെന്ന ഒരേ നിർബ്ബന്ധം മാത്രം. “
കത്തു പൊട്ടിച്ചതിന് രാജിയെ വഴക്കുപറഞ്ഞു. അവൾ ന്യായങ്ങൾ നിരത്തി.
”സുമീ… അമ്മ എന്തു തെറ്റാണു ചെയ്തത്? പതിനഞ്ചു വയസ്സിനു മൂത്ത നിൻ്റെ വല്യേട്ടനോ? വേറൊന്നും നീ ചിന്തിക്കേണ്ട. ഒന്നു പോയി അവരെക്കണ്ട് തിരിച്ചുവരൂ. “
തത്ക്കാൽ ടിക്കറ്റെടുത്ത് ഉടനെ പോകാനും രാജി ഒരു പാടു നിർബ്ബന്ധിച്ചു. “ഒരു ദിവസം ട്രെയിനിലിരുന്ന് നിൻ്റെ മനസ്സൊന്നു തണുക്കട്ടെ. “അതുകൊണ്ട് ട്രെയിൻ മതിയെന്നും അവളാണു പറഞ്ഞത്.
വല്യേട്ടൻ്റെ കത്തിലെ വാചകങ്ങൾ കത്തിമുനകൾ പോലെ മനസ്സിലേക്കു കടന്നു വന്നു. പൊറ്റ പിടിച്ചു തുടങ്ങിയ വൃണങ്ങളെ അവ തോണ്ടിയിളക്കുന്ന പോലെ…
“നീ പോയ ദിവസം കൈഞരമ്പു മുറിച്ച് ഗീത ആത്മഹത്യയ്ക്കു ശ്രമിച്ചു. മക്കൾ കണ്ടതുകൊണ്ടാണ് രക്ഷപ്പെട്ടത്. അനി ഒരു ഭ്രാന്തനെപ്പോലെ നടക്കുകയാണ്. ആരോടും സംസാരിക്കാറില്ല. നിങ്ങൾക്കെല്ലാം എന്താ പറ്റിയത് എന്നു ചോദിച്ച് അമ്മ ഏതുനേരവും കരച്ചിലാണ്. ഞാൻ പിന്നീട് ഗൾഫിലേക്കു പോയില്ല. സ്റ്റിച്ചിംഗ് സെൻ്ററിനോടു ചേർന്ന് ഒരു ചെറിയ തുണിക്കട തുടങ്ങി. “
കിടക്കാൻ പറ്റാതെ സുമി സീറ്റിൽ എഴുന്നേറ്റിരുന്നു. വേഗത്തിൽ പാഞ്ഞു പോകുന്ന ട്രെയിനിൽ നിന്ന് പുറത്തേക്കു ചാടിയാലോ എന്നവൾക്കു തോന്നി. പക്ഷേ മരിക്കാനായിരുന്നെങ്കിൽ അന്നേ ആകാമായിരുന്നു. ജീവിക്കാനാണു പ്രയാസം.
അടച്ചിട്ട ജനാലച്ചില്ലുകളിലൂടെ അവൾ പുറത്തെ ഇരുട്ടിലേക്കു നോക്കിയിരുന്നു. കാലം ഉണക്കാത്ത മുറിവുകളില്ലെന്ന് എവിടെയോ വായിച്ചിരുന്നു. നേരെ ഹോസ്പിറ്റലിൽ പോകാം. അമ്മയെ കാണണം, ഏട്ടനേയും. ഏറിയാൽ ഒരാഴ്ച. അവൾ മനസ്സിൽ തീരുമാനിച്ചുറപ്പിച്ചു.
സ്ഥലങ്ങളും സമയവും പിന്നിലാക്കി ട്രെയിൻ മുന്നോട്ടു പാഞ്ഞു കൊണ്ടേയിരുന്നു.


22 Comments
നോവുന്ന കഥ. ഒരു വാക്ക് ആ അമ്മയോട് പറയാമായിരുന്നു എന്ന് തോന്നി. ഇഷ്ടപ്പെട്ടു
Thank u ❤️
കാലം മായ്ക്കാത്ത മുറിവുകൾ ഇല്ലല്ലോ……ഇനിയെങ്കിലും സുമിക്ക് ഒരു നല്ല ജീവിതം കിട്ടട്ടെ….. നന്നായെഴുതി….. ആശംസകൾ🌹❤️
Thank u dear Mini ❤️❤️
❤️👍🏻
❤️❤️
ബന്ധങ്ങളുടെ ഊരാക്കുടുക്കുകൾ. നോവുകൾ.. നന്നായി എഴുതി..
❤️❤️
വല്ലാത്തൊരു നൊവ്
❤️❤️
നന്നായി എഴുതി.
Thank you Anju❤️❤️
നല്ല കഥ. സത്യം എല്ലാവരും അറിയേണ്ടതായിരുന്നു ❤️
Thank u dear 😘
❤️❤️👌👌 നന്നായി എഴുതി
നന്ദി, സ്നേഹം ഷൈബി❤️❤️
മനുഷ്യ മനസ്സിൻ്റെ ചപലതകൾ നന്നായി പറഞ്ഞു 💕💕
നന്ദി സ്നേഹം dear❤️❤️
കാലം മായ് ക്കാത്ത മുറിവുകൾ ഇല്ല ഇതും മറക്കാൻ കഴിയട്ടെ. നന്നായിട്ടുണ്ട് dear ❤️❤️
Thank you dear Jalaja❤️❤️
വഞ്ചിക്കപ്പെട്ടവരുടെ മുറിവ്, നീറ്റലായി തുടരുന്ന കഥ അസ്സലായി എഴുതി.
👌👏👍
Thank u dear Joyce ❤️❤️