ഇത് ചെറൂക്കിന്റെ കഥയാണ്.
നിഗൂഢതകളുടെ ഒളിത്താവളം.
എഴുതി വെക്കാത്ത ചരിത്രങ്ങൾ…
സത്യങ്ങളോ മിഥ്യകളോ.. എന്തായാലും കഥകൾക്കും വിശ്വാസങ്ങൾക്കും ഒരു കുറവുമില്ല.
ചെറൂക്ക്, മന്ദലാംകുന്ന് നാട്ടിലെ കേൾക്കപ്പെട്ട ഏറ്റവും ഭയാനകമായ ഒരിടം.
കനോലി കനാലിനു അഭിമുഖമായി ഒരു കിലോമീറ്ററോളം നീളമുള്ള ഒരു കുളം, അതിലെ കുപ്രസിദ്ധമായ ഒരു കടവ് അതാണ് ചെറൂക്ക്.
തെളിഞ്ഞ വെള്ളം. നിശബ്ദത. പോക്രാച്ചി തവളകളുടെ മുരളലോ കാലൻ കൊക്കുകളുടെ മർമ്മരങ്ങളോ ഇല്ലാത്ത നിശബ്ദമായ ഒരിടം. ഇടക്കിടക്ക് ഒളിച്ചു കളിക്കുന്ന സൂര്യൻ പൊടുന്നനെ നിശബ്ദതയെ ഭേദിച്ചു കൊണ്ട് ഉയരുന്ന റൂഹാൻ കിളിയുടെ കൂവൽ.. കാറ്റിന്റെ ശീൽകാരങ്ങളിൽ എവിടെയോ തങ്ങി നിൽക്കുന്ന ചില മരണ മന്ത്രങ്ങൾ. തെളിഞ്ഞ നീല കളറുള്ള വെള്ളത്തിൽ മെല്ലെ വളരെ മെല്ലെ രൂപ പെടുന്ന ചുഴലികൾ. ഏത് വേനൽ കാലത്തും ചെറൂക്കിന് മുകളിൽ പ്രത്യക്ഷപ്പെടുന്ന മഴ മേഘങ്ങൾ…
ഒരു മഴക്കാലത്തു അപ്രത്യക്ഷമായ കന്നുകാരൻ പോക്കരും പോത്തുകളും എവിടെ എന്ന ചോദ്യത്തിന് ആളുകൾ ചൂണ്ടി കാട്ടുന്ന ഒരുത്തരം ചെറൂക്ക്. കടവിലെ കാപ്പിരിയുടെയും കരിം കൊട്ടകളിൽ രാപ്പാർക്കുന്ന ദുർഗ്ഗാ വതാരങ്ങളുടെയും കളിയും കുളിയും ചെറൂക്കിലാണ്…
പ്രസിദ്ധമായ ചേപ്പാട് തറവാട്ടിലെ ദേവുവിന്റെ ആത്മഹത്യയോടെയാണ് പ്രശ്നങ്ങളുടെ തുടക്കം കാലങ്ങൾക്ക് മുൻപ് ഒരു മഴക്കാലത്തു ദേവു ചെറൂക്കിൽ ചാടി ആത്മഹത്യ ചെയ്തു.
അതും പതിനാലാം വയസ്സിൽ..
തറവാട്ടിലെ കുസൃതി കുടുക്ക, എല്ലാവരുടെയും ഓമന,
സംഗീതത്തിലും നൃത്തത്തിലും ആ ചെറിയ പ്രായത്തിൽ തന്നെ ദേവു പ്രവീണ്യം തെളിയിച്ചിരുന്നു.എന്നിട്ടും എന്തിനായിരുന്നു ആ ആത്മഹത്യ എന്നത് ഇന്നും ദുരൂഹം..
എന്തായാലും അവിടം തൊട്ട് ചെറൂക്ക് ഒരു പേടി സ്വപ്നമായി മാറി..
പിന്നീട് ചെറൂക്കിൽ കണ്ടത് ഇന്നും അവിശ്വസനീയതയോടെ കേട്ടിരിക്കാൻ മാത്രമേ കഴിയൂ…
കുളിച്ചു കൊണ്ടിരിക്കുമ്പോൾ വെള്ളം പെട്ടന്ന് വറ്റി പോകുക.
നട്ടുച്ചയിലും പ്രദേശമാകെ ഇരുട്ട് വ്യാപിക്കുക.
കുളിക്കുമ്പോൾ മാറ്റിയുടുക്കാൻ വെച്ച വസ്ത്രങ്ങൾ തെങ്ങിൻ മുകളിലെ പട്ടയിൽ ഉണക്കാനിട്ടത് പോലെ വിരിച്ചിടുക..
ഇങ്ങനെ വിചിത്രമായ അനുഭവങ്ങൾ ഉള്ളവർ പലരുണ്ട് ദേശത്ത്…
ദേഹോപദ്രവങ്ങളില്ലെങ്കിലും ആളുകൾക്ക് പേടിയായിരുന്നു ചെറൂക്കിലെ ആ കുസൃതി യക്ഷിയെ,
പലരും കിട്ടിയ വിലക്ക് ചെറൂക്കിൻ കരയിലെ സ്ഥലങ്ങൾ വിറ്റ് ദൂരേക്ക് മാറിപ്പോയി..
വർഷങ്ങൾ പലതു കഴിഞ്ഞു. ചെറൂക്കിലെ കുസൃതി കുടുക്കയായ യക്ഷിയെ ആരും ഓർക്കാതെയായി. ചെറൂക്ക് വീണ്ടും സജീവമായി. പഴങ്കതകൾ പോലും ആളുകൾ മറന്നു പോയി.
തെണ്ണൂറുകളുടെ തുടക്കം. ചെറൂക്കിൻ കരയിൽ ഭൂമി വാങ്ങലും വിൽക്കലും നടന്നു കൊണ്ടിരുന്നു. പുതിയ താമസക്കാർ, കൂടുതലും പഴയ കഥകൾ അറിയാത്തവർ.
ഒരു വെള്ളിയാഴ്ച നട്ടുച്ചയിലാണ് നബീസത്തു താത്ത കുളിക്കാനും നനക്കാനുമായി ചെറൂക്കിൽ എത്തിയത്
ചെറൂക്കിൻ കരയിലിരുന്നു ഒരു പെൺകുട്ടി കരയുന്നു.
പത്തു പതിനാലു വയസ്സ് കാണണം.
നല്ല ചന്തമുള്ള ഒരു പെൺകിടാവ്.
“എന്തുപറ്റി മോളെ… എന്തിനാണ് കരയുന്നത്?”
കുട്ടി വെള്ളത്തിലേക്ക് കൈ ചൂണ്ടി ഒരു കുഞ്ഞു ചെപ്പ് വെള്ളത്തിൽ മുങ്ങിയും താഴ്ന്നും അകലേക്ക് നീങ്ങി കൊണ്ടിരിക്കുന്നു.
“അത് എന്റേതാണ്”
പെൺകുട്ടി വീണ്ടും ചിണുങ്ങി.. “അത്രേയുള്ളൂ അത് ഞാൻ എടുത്തു തരാമല്ലോ”
എന്ന് പറഞ്ഞു നബീസു താത്ത വെള്ളത്തിലേക്കിറങ്ങി നട്ടുച്ചയിലും ഐസ് പോലെ തണുത്തിരിക്കുന്ന വെള്ളം.
ഒരു അസ്വഭാവികത തോന്നിയെങ്കിലും നബീസു താത്ത മുന്നോട്ട് തന്നെ പോയി. ഒരു ചെറിയ ചുഴി രൂപപ്പെട്ട് അവരുടെ അടുത്തേക്ക് മെല്ലെ നീങ്ങുന്നുണ്ടായിരുന്നു.
കയ്യെത്തി പിടിക്കാവുന്ന ദൂരത്തിലായാൽ ചെപ്പു താഴ്ന്നു രണ്ടടി ദൂരെ മാറി പൊന്തും അങ്ങനെ നബീസു താത്തയെ ദൂരേക്ക് കൊണ്ട് പോകുന്നു. ചെപ്പ് ആ ചുഴിയിലേക്ക് അടുക്കാവുന്ന ആ ഒരു നിമിഷത്തിൽ ഒരു കുതിപ്പിന് നബീസു താത്ത ആ ചെപ്പ് കൈക്കലാക്കി .അതിനിടയിൽ ആ ചുഴിയിൽ ഒരു മിന്നായം പോലെ കണ്ട ഭീകര രൂപം നീണ്ട അഴിച്ചിട്ട മുടി, കൂർത്ത നഖങ്ങൾ, ചോരകണ്ണുകൾ,തള്ളി നിൽക്കുന്ന കോമ്പല്ലുകൾ, മാംസ കഷ്ണങ്ങൾ അടർന്നു തൂങ്ങിയ വികൃതമായ മുഖം, കഴുത്തിനു താഴേക്ക് ആണെങ്കിൽ വെറുമൊരു അസ്ഥികൂടം മാത്രവും. ഒരു നിമിഷം ആണെങ്കിലും വ്യക്തമായ കാഴ്ച. ആ ദൃശ്യം അവരെ പേടിപ്പിക്കുന്നതായിരുന്നു.
അസ്വസ്ഥതയോടെ അതിലേറെ പേടിയോടെ തിരികെ കരയിലെത്തിയപ്പോൾ കരഞ്ഞു കൊണ്ടിരുന്ന ആ കുട്ടിയെ കാണാനില്ല. പകരം
“എന്റെ ചെപ്പ് താ”
എന്നൊരു ശബ്ദം ഒരു അശരീരി പോലെ അവിടെ മുഴങ്ങി.
നബീസു താത്ത ചുറ്റും നോക്കി ആരെയും കാണുന്നില്ല പിന്നെയും ആ ശബ്ദം “എന്റെ ചെപ്പു താ” നബീസത്തു താത്ത ഭയത്തിന്റെ മൂർദ്ധന്യതയിൽ എത്തി.
“എവിടെയാ മോളെ നീ”
അവർ വിറയലോടെ വിളിച്ചു ചോദിച്ചു.
പേടികൊണ്ട് അവരുടെ ശബ്ദം പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല. നിശബ്ദത.. കാറ്റിനു പോലും ഒച്ചയില്ല.
അവർ വീണ്ടും സർവ്വ ശക്തിയുമെടുത്തു ഉറക്കെ വിളിച്ചു ചോദിച്ചു
“എവിടെയാ മോളെ നീ…”
മറുപടി ഇല്ല.
പെട്ടെന്ന് കാറ്റ് വീശാൻ തുടങ്ങി
ചെറിയ ചാറ്റൽ മഴ പെയ്തു.
പ്രകൃതി സ്വഭാവികത വീണ്ടെടുക്കകയാണ്.
ചെറുക്കിലിപ്പോൾ ചുഴിയില്ല. ശാന്തമായി ഓളങ്ങളിൽ തെളിഞ്ഞ നീല വെള്ളം. എല്ലാം പഴയത് പോലെ,
സ്വപ്നം ആയിരുന്നോ.!
അങ്ങനെയെങ്കിൽ തന്റെ കയ്യിലുള്ള ചെപ്പ്!
താൻ കണ്ട കുട്ടിയും ആ വികൃത രൂപവും.
അതിപ്പോഴും തന്നെ ചുറ്റിപറ്റി നിൽക്കുന്നത് പോലെ തോന്നുന്നു.
പേടിയോടെ തന്നെ അവർ കയ്യിൽ മുറുകെ പിടിച്ചിരുന്ന ആ ചെപ്പ് തുറന്ന് നോക്കി.
ഒരു തുകൽ ബാഗിൽ ഒരു പെൺകുട്ടിക്ക് ഇടാവുന്ന നെറ്റിചൂട്ടി മുതൽ കാൽ ചിലങ്ക വരെ ഉണ്ടായിരുന്നു അതിൽ എല്ലാം തനി തങ്കവും. അവർക്ക് ഭയം ഇരട്ടിച്ചു.
ഒരു രാത്രി മുഴുവൻ നബീസു താത്ത പനിച്ചു കിടന്നു
പിറ്റേന്ന് പകൽ നബീസുതാത്ത ഒരു മുഴം കയറിൽ തന്റെ ആ പേടിയെ അകറ്റി.
നബീസു താത്തായുടെ മരണവും ചെറുക്കിൽ നിന്നും നിധി കിട്ടിയ വിവരവും പൊടിപ്പും തൊങ്ങലും വെച്ച് ദേശങ്ങളിലേക്ക് ഒഴുകി. ചെറുക്കിന്റെ പഴയ പേടിപ്പിക്കുന്ന കഥകൾ വീണ്ടും പ്രചരിക്കാൻ തുടങ്ങി.
നാട്ടിൽ ആക്ഷൻ കമ്മിറ്റി രൂപീകരിക്കപ്പെട്ടു.
ഒരു പക്ഷെ ഒരു യക്ഷിക്ക് എതിരെ ആദ്യമായിട്ടാകണം ഇങ്ങനെ ഒരു ആക്ഷൻ കമ്മിറ്റി.
പ്രസിദ്ധനായ മഹാ മാന്ത്രികൻ മുല്ലശ്ശേരി മാധവൻ നമ്പൂതിരി തന്നെ ആനയിക്കപ്പെട്ടു. എള്ളും പൂവും ചന്ദനവും നിറചാർത്തുകളും കൊണ്ട് മന്ത്രക്കളം ഒരുക്കപ്പെട്ടു.
ഭൂമി വന്ദനവും സങ്കല്പ മന്ത്രങ്ങളും കഴിച്ചു പിന്നെ ശുദ്ധി മന്ത്രങ്ങൾക്ക് ശേഷം അദ്ദേഹം ഇഷ്ട ദേവിയെ പ്രാർത്ഥിച്ചു.
അല്പസമയം കണ്ണടച്ചിരുന്നു.
പിന്നെ കൂടിയിരിക്കുന്നവരോടായി മെല്ലെ സംസാരിക്കാൻ തുടങ്ങി.
“ഇത് ദേവു എന്ന കുഞ്ഞു യക്ഷിയുടെ കുസൃതികളാണ്. ഉപദ്രവിക്കണമെന്ന ഉദ്ദേശത്തിൽ അല്ല.പക്ഷെ അവളുടെ പല കുസൃതികളും നമ്മളെ അപകടത്തിലേക്ക് എത്തിക്കും.
ഇത്രയും കാലം ഉപദ്രവമില്ലാത്തതിന് കാരണം അവൾ ശക്തമായ മന്ത്ര ചരടുകളാൽ ബന്ധനസ്ഥ ആയിരുന്നു.ഏതോ ഒരു മാന്ത്രികൻ വർഷങ്ങൾക്ക് മുൻപ് തളച്ചതാകണം. എന്നാൽ ഓരോ പതിനേഴു വർഷങ്ങൾ കഴിയുമ്പോഴും അവൾ മോചിക്കപ്പെടും ശക്തിയും കൂടും”
മാധവൻ നമ്പൂതിരി പറഞ്ഞു നിർത്തി.
“പ്രതിവിധി”
നാട്ടുകാർ പ്രതീക്ഷയോടെ അയാളെ നോക്കി.
“ഞാൻ ആവാഹനത്തിലേക്കു കടക്കുകയാണ്… പക്ഷെ ഓർക്കുക അടുത്ത 17 വർഷത്തേക്ക് മാത്രമാണ് ഇത്. തലമുറയോട് ജാഗ്രതരാകാൻ കല്പിക്കുക”.
ഓം ഹ്രീം ശ്രീം ക്ലീം യക്ഷിണി സ്വാഹാ
ഓം ഐം ക്ലീം സൗഃ യക്ഷിരാജായ നമഃ
ഓം നമോ ഭഗവതി യക്ഷിണി മമ വശം ആനയ സ്വാഹാ…
ആവാഹന മന്ത്രങ്ങൾ…
അതിങ്ങനെ അന്തരീക്ഷത്തിൽ ഉയർന്നു കേൾക്കാമായിരുന്നു.
കർമ്മങ്ങൾ അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുന്നു.
കർമ്മ വിജയത്തിന്റെ ഒരു സംതൃപ്തി മാധവൻ നമ്പൂതിരിയുടെ മുഖത്ത് തെളിഞ്ഞു കാണാമായിരുന്നു. നാട്ടുകാരിൽ ആശ്വാസവും.
അബ്ദുട്ടി കഥ പറഞ്ഞു തീർത്ത് ഞങ്ങളെ ഒന്ന് നോക്കി.
ആലികുട്ടിക്കയുടെ ചായക്കടയിൽ ആണ് ഞങ്ങൾ.
അബ്ദുട്ടിക്കയുടെ കഥകൾ പലപ്പോഴും നാടിന്റെ ചരിത്രങ്ങളാണ്.
പക്ഷെ ഈ കഥ ഞങ്ങളിൽ പലരിലും അവിശ്വാസനീയതയാണ് ഉണ്ടാക്കിയത്.
അബ്ദുട്ടിക്ക തുടർന്നു..
“അപ്പോൾ ഞാൻ പറഞ്ഞു വന്നത് ഇന്നത്തോടെ ആ പതിനേഴു വർഷം തികയുകയാണ്. മാധവൻ നമ്പൂതിരിയും മരിച്ചു. ആ ഭാഗത്തേക്ക് ഒക്കെ പോകുമ്പോൾ ഒരു ശ്രദ്ധ വേണം മക്കളെ, ഇനി അവൾക്ക് ശക്തി കൂടും”.
“ന്റെ അബ്ദുട്ടിക്കാ ചെറൂക്കിലൊന്നും ഇപ്പോൾ വെള്ളമില്ല. അതൊക്കെ നശിച്ചില്ലേ! “ഇങ്ങള് വെറുതെ പണ്ടത്തെ ഓരോ കഥ പറഞ്ഞു ആളെ പേടിപ്പിക്കല്ലേ!”
അതും പറഞ്ഞു ആലികുട്ടിക്ക് ചായയുടെ പൈസയും കൊടുത്തു ഞങ്ങളിറങ്ങാൻ തുടങ്ങി.
അബ്ദുട്ടിക്ക നിർത്തിയിടത്തു നിന്ന് വീണ്ടും പറഞ്ഞു.
“അതെ ഒന്നും ഉണ്ടാകില്ലെന്ന് നമുക്ക് വിശ്വസിക്കാം ഒന്നുമില്ലെങ്കിലും കാലം ഇത്രയൊക്കെ ആയില്ലേ..! പിന്നെ പ്രകൃതി എന്ന് പറയുന്നത് ഒരു വല്ലാത്ത നിഗൂഢതയാണ് മക്കളെ, മനുഷ്യന് മനസ്സിലാക്കാൻ കഴിയാത്ത പലതും ഇന്നും ഈ നൂറ്റാണ്ടിലും ഇവിടെയുണ്ട്”.
ആ പറയുന്നതിൽ ഏറെ വാസ്തവം ഉണ്ടെന്ന് തോന്നി.
സലാം പറഞ്ഞു ഇറങ്ങി ഞങ്ങൾ ക്ലബ്ബിലേക്കുള്ള കോവണി കയറി. ആലികുട്ടിക്കയുടെ ചായക്കടയുടെ മുകളിൽ തന്നെയാണ് ഞങ്ങളുടെ ക്ലബ്. വൈകുന്നേരങ്ങളിൽ ഈ ചായയും കഥയും ഒക്കെ ഒരു പതിവാണ്. ഇന്ന് കഥ ഒരല്പം സ്പെഷ്യൽ ആയതു കൊണ്ട് ഇച്ചിരി വൈകി. സമയം ആറു കഴിഞ്ഞിരിക്കുന്നു.പെട്ടന്ന് കറന്റ് പോയി പവർ കട്ടാണ്. കാറ്റ് വീശാൻ തുടങ്ങി ഒരു മഴക്കുള്ള ആരംഭം പോലെ…
അതെ സമയം ചെറൂക്കിൽ ഒരു കൊച്ചു പെൺകുട്ടി ആരെയോ പ്രതീക്ഷിച്ചെന്നവണ്ണം ഏങ്ങലടിച്ചു കരയുന്നുണ്ടായിരുന്നു..
*ഫൈസി മന്ദലാംകുന്ന്*


1 Comment
ഈ ചെറൂക്ക് ശരിക്കും എവിടെയാണ്? ഉപ്പ പറഞ്ഞു തന്ന കഥകളിൽ ചെറൂക്കില്ലായിരുന്നല്ലോ? ഒരു എടക്കഴിയൂർക്കാരിയുടെ ആകാംക്ഷയാണെന്നു കരുതിയാൽ മതി.
വായിക്കുന്തോറും ഒരു ചെറിയ ഭയമെന്നെ പൊതിയുന്നു. തീർച്ചയായും ഞാൻ കണ്ടതോ സഞ്ചരിച്ചതോ ആയ വഴികളാവാമത്.