സ്കൂളിനു മുന്നിൽ ബസ്സിറങ്ങി നടക്കുമ്പോൾ മൃദുല വാച്ചിൽ നോക്കി. ഒൻപതു മണിയാവുന്നേയുള്ളു. ഭാഗ്യം, നേരത്തെ എത്തി. ആദ്യ ദിനം തന്നെ വൈകിയെത്തുമോ എന്ന് പേടിയുണ്ടായിരുന്നു. സ്വന്തം നാട്ടിൽ, പഠിച്ച സ്കൂളിൽ തന്നെ ട്രാൻസ്ഫർ കിട്ടി വന്നതിന്റെ ആവേശമൊന്നും അവൾക്കില്ലായിരുന്നു. ശരിക്കും അസൗകര്യമുണ്ടാക്കുന്നതായിരുന്നു ഈ ട്രാൻസ്ഫർ. പിറന്ന നാട്ടിൽ നിന്നും പറിച്ചു മാറ്റപ്പെട്ടിട്ട് വർഷങ്ങളായി. കൂടെ പഠിച്ച പലരും ഫേസ്ബുക്കിലും ഒക്കെയായി പരിചയം പുതുക്കാൻ ശ്രമിച്ചെങ്കിലും മൃദുല എല്ലാവരുമായി ഒരകലം പാലിച്ചു. സ്വന്തം ബാച്ചിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിലും അവൾ നിശ്ശബ്ദയായിരുന്നു. എല്ലാവരും പഠനകാലത്തെ മധുരമുള്ള ഓർമ്മകൾ പങ്കുവെയ്ക്കുമ്പോൾ മൃദുലയുടെ ഓർമകളിൽ കയ്പ്പ്നീർ നിറയുമായിരുന്നു. മനസ്സിൽ ഏറ്റവും വെറുപ്പോടെ ഓർക്കുന്നത് ഈ സ്കൂളിൽ പഠിച്ചിരുന്ന ദിനങ്ങളെയായിരുന്നു.
ചിരപരിചിതമായ ആ ഇടനാഴിയിലൂടെ ഓഫീസ് റൂം ലക്ഷ്യമാക്കി നടക്കുമ്പോൾ അവിടെ വീണു കിടന്നിരുന്ന ഇരുണ്ട നിഴലുകൾ പോയ കാലത്തെ മോഹഭംഗങ്ങളാണെന്ന് അവൾക്കു തോന്നി.
പഠിക്കാൻ വലിയ മിടുക്കിയൊന്നുമല്ലായിരുന്നു അവൾ. എങ്കിലും നന്നായി പരിശ്രമിക്കുമായിരുന്നു. അച്ഛൻ ചെറിയ കച്ചവടം ചെയ്തു കിട്ടിയിരുന്ന വരുമാനം കൊണ്ടായിരുന്നു മൃദുലയും അമ്മയും അനിയനും അടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത്. സ്നേഹവും കരുതലും നിറഞ്ഞു നിന്നിരുന്ന കൊച്ചു വീടായിരുന്നു അവളുടേത്. മക്കളെ പഠിപ്പിച്ചു നല്ല നിലയിലാക്കണമെന്നത് അച്ഛന്റെ വലിയ ആഗ്രഹമായിരുന്നു.
ഇന്നത്തെ കാലത്ത് കുട്ടികൾ എത്ര ഭാഗ്യം ചെയ്തവരാണ് എന്നത് മൃദുല എപ്പോളും ഓർക്കാറുണ്ട്. കുട്ടികളെ ശിക്ഷിച്ചാൽ അധ്യാപകർ പ്രതിക്കൂട്ടിലാവുന്ന കാലമാണല്ലോ ഇപ്പോൾ. തെറ്റുകൾ തിരുത്തുമ്പോൾ പോലും വളരെ ശ്രദ്ധിച്ചില്ലെങ്കിൽ വാദി പ്രതിയാകാൻ വലിയ താമസമുണ്ടാകില്ല. കുറച്ചു വർഷങ്ങൾക്കു മുൻപ് അതായിരുന്നില്ല സ്ഥിതി. കുട്ടികളെ ശിക്ഷിക്കുന്നത് അധ്യാപകരുടെയും മാതാപിതാക്കളുടെയും ജന്മാവകാശമായി കരുതിയിരുന്നു. രക്ഷിതാക്കളും അധ്യാപകരെ ബഹുമാനിച്ചിരുന്നു. പഠിപ്പിക്കുന്ന കുട്ടികളെ സ്വന്തം മക്കളെപ്പോലെ കണ്ടിരുന്ന അധ്യാപകർ ഉണ്ടായിരുന്നു എല്ലാകാലത്തും. എന്നാൽ ഇതിനൊക്കെ അപവാദമായവരും അപൂർവ്വമായിട്ടുണ്ടായിരുന്നു.
മൃദുലയുടെ മനസ്സിൽ വിലാസിനി ടീച്ചറുടെ മുഖം തെളിഞ്ഞു വന്നു.
ചെറിയ തെറ്റുകൾക്ക് പോലും അവർക്കിഷ്ടമില്ലാത്ത കുട്ടികളെ കഠിനമായി ശിക്ഷിക്കുമായിരുന്നു വിലാസിനി ടീച്ചർ. കഷ്ടകാലം കൊണ്ട് ഒരു ദിവസം വിലാസിനി ടീച്ചർ സ്പെഷ്യൽ ക്ലാസ്സ് വെച്ചപ്പോൾ മൃദുലയ്ക്ക് എത്താനായില്ല. പനിപിടിച്ചു കിടക്കുകയായിരുന്നു അവൾ. അന്നൊരു ശനിയാഴ്ചയായിരുന്നു. തിങ്കളാഴ്ച ക്ലാസ്സിൽ ചെന്നപ്പോൾ വിലാസിനി ടീച്ചർ നല്ലപോലെ അടിക്കുകയും ചെയ്തു. പനിയായിരുന്നു എന്ന് പറഞ്ഞതൊന്നും അവർ വിശ്വസിച്ചില്ല. ചെയ്യാത്ത തെറ്റിന് ശിക്ഷ കിട്ടിയത് കൊണ്ട് മൃദുലയ്ക്ക് സങ്കടം അടക്കാനായില്ല. വീട്ടിലെത്തിയപ്പോൾ മകളുടെ വാടിയ മുഖം കണ്ട് അച്ഛൻ കാര്യം തിരക്കി. വിവരമറിഞ്ഞപ്പോൾ സ്കൂളിലെത്തി ഹെഡ്മാസ്റ്ററെ കണ്ടു. ഡോക്ടറെ കാണിച്ച കുറിപ്പുമായി വന്നത് കൊണ്ട് ഹെഡ് മാസ്റ്റർക്കും ബോധ്യമായി. വിലാസിനി ടീച്ചർക്ക് താക്കീതും കിട്ടി. അതോടെ മൃദുല, ടീച്ചറുടെ നോട്ടപ്പുള്ളിയായി. അവർ പഠിപ്പിച്ചിരുന്ന കണക്കിൽ കുറച്ചു മോശമായതു കൊണ്ട് അവളെ ശകാരിക്കാനും കാരണങ്ങൾ ധാരാളമായിരുന്നു. കണക്കിനോട് ഒരു വെറുപ്പ് അവളുടെ മനസ്സിൽ ഉണ്ടായി.
അടുത്ത കൊല്ലം യൂത്ത് ഫെസ്റ്റിവൽ വന്നു. കുട്ടികളെല്ലാം തകൃതിയായി പരിശീലനം തുടങ്ങി. നൃത്തത്തിൽ മിടുക്കിയാണ് മൃദുല. കഴിഞ്ഞ രണ്ടു മൂന്നു വർഷമായി അവളുടെ ടീം സ്ഥിരമായി ഗ്രൂപ്പ് ഡാൻസിന് സ്കൂളിൽ ഒന്നാം സ്ഥാനത്തെത്തുമായിരുന്നു. അക്കൊല്ലം ഗ്രൂപ്പ് ഡാൻസിന്റെ ചുമതല വിലാസിനി ടീച്ചർക്കായിരുന്നു. ഗ്രൂപ്പ് ഡാൻസിന്റെ ടീമിനെ തിരഞ്ഞെടുക്കുന്നത് ഡാൻസ് കളിപ്പിച്ചു നോക്കിയിട്ടാണ്. തിരഞ്ഞെടുക്കപ്പെട്ടവരിൽ മൃദുല ഇല്ലായിരുന്നു. വിലാസിനി ടീച്ചറുടെ പ്രതികാരമാണെന്ന് മനസ്സിലായെങ്കിലും അവൾക്ക് ഒന്നും ചെയ്യാനായില്ല. ഡാൻസ് പഠിപ്പിക്കുന്ന സുമതി ടീച്ചർ വിലാസിനി ടീച്ചറുടെ ബന്ധുവുമാണെന്ന് അവൾക്കറിയാം.തന്നേക്കാൾ മോശമായി കളിച്ചിരുന്ന കുട്ടി തന്റെ പകരക്കാരിയായി സ്റ്റേജിൽ കയറിയതും അവർ സബ് ജില്ലാ കലോത്സവത്തിന് പോയതുമെല്ലാം മൃദുല വേദനയോടെ കണ്ടു നിന്നു. പത്താം ക്ലാസ്സ്‌കാരിയായിരുന്ന അവളുടെ അവസാനത്തെ അവസരമായിരുന്നു അത്. ആ നഷ്ടം വളരെ കാലം മനസ്സിൽ നീറലായി ഉണ്ടായിരുന്നു. സ്കൂളിനെയും വിലാസിനി ടീച്ചറെയും അവർ പഠിപ്പിച്ചിരുന്ന കണക്കിനെയും മൃദുല വെറുത്തു.
പത്താം ക്ലാസ്സ് സെക്കൻഡ് ക്ലാസ്സോടെയാണ് പാസായത്. കണക്കിൽ തന്നെയാണ് ഏറ്റവും കുറവ് മാർക്ക്.
അച്ഛന്റെ കച്ചവടം പൊളിഞ്ഞതോടെ മൃദുലയും കുടുംബവും അച്ഛന്റെ നാട്ടിലേയ്ക്ക് മാറി. പ്രീഡിഗ്രിക്കു ചേർന്ന കോളേജും അവിടെ നിന്നു കിട്ടിയ നല്ല കൂട്ടുകാരും ചേർത്ത് നിർത്തിയ ചില അധ്യാപകരും മൃദുലയെ പുതിയൊരാളാക്കി. ഡിഗ്രി നല്ല നിലയിൽ പാസ്സായി ബി. എഡ് എടുത്തു. ആദ്യം പ്രൈവറ്റ് സ്കൂളിൽ അധ്യാപികയായി.
രണ്ട് വർഷത്തിന് ശേഷം വിവാഹവും കഴിഞ്ഞു. ജീവിതത്തിൽ സന്തോഷവും സംതൃപ്തിയും നിറഞ്ഞു. കുറച്ചു വർഷം കൊണ്ട് പി എസ് സി എഴുതി ഗവണ്മെന്റ് സ്കൂളിൽ ജോലിയും കിട്ടി. മക്കളും ഭർത്താവും അച്ഛനും അമ്മയും എല്ലാമായി സന്തോഷത്തോടെ കഴിയവേയാണ് പഠിച്ച സ്കൂളിലേയ്ക്കുള്ള മാറ്റം.
ഇടനാഴിയിലൂടെ നടന്നു ഹെഡ്മാസ്റ്റർ എന്ന ബോർഡ് എഴുതി വെച്ച റൂമിനു മുന്നിൽ എത്തിയപ്പോൾ അവൾ ചിന്തയിൽ നിന്നുമുണർന്നു. വിലാസിനി ടീച്ചർ പെൻഷൻ പറ്റിയിട്ട് വർഷങ്ങൾ കഴിഞ്ഞു. അകത്തു കടന്നു ഹെഡ് മാസ്റ്റർക്ക് ട്രാൻസ്ഫർ ഓർഡർ കൊടുത്തു. അദ്ദേഹത്തിന്റെ മുന്നിലിരുന്ന് അറ്റൻഡൻസ് രജിസ്റ്ററിൽ ഒപ്പിട്ട് ജോയിൻ ചെയ്യുമ്പോൾ അവളുടെ മനസ്സിൽ ഒരു നിശ്ചയമുണ്ടായിരുന്നു. കയ്പ്പേറിയ ഓർമ്മകളെ എന്നെന്നേക്കുമായി മറക്കും. കൂടാതെ ഒരു കുട്ടിയുടെയും സ്മരണയുടെ ഇടനാഴികളിൽ കരിനിഴൽ വീഴാൻ ഒരു അധ്യാപികയെന്ന നിലയിൽ ഒരിക്കലും കാരണമാകില്ല.ഒരു കുട്ടിയുടെയും മനസ്സിൽ നീറ്റലുണ്ടാക്കാൻ കാരണമാകില്ല.
മൃദുല പുറത്തിറങ്ങി സ്റ്റാഫ് റൂമിലേയ്ക്ക് നടക്കുമ്പോൾ ഇടനാഴിയിലെ നിഴലുകൾ തിളങ്ങുന്ന വെയിലിൽ മറഞ്ഞു പോയിരുന്നു.
#എന്റെരചന – നീറ്റൽ


4 Comments
നല്ല കഥ
Thanks dears ❤️
നല്ല കഥ 👍
അതേ ഒരു അദ്ധ്യാപിക എല്ലാ കുട്ടികളുടേയും മനസ്സിൽ മധുരമുള്ള ഒരോർമ്മയാവണം.
നല്ല കഥ❤️👌🌹