ജനനമുണ്ടെങ്കിൽ മരണവുമുണ്ട് എന്നാണ്. ജനിക്കുമ്പോൾ മുതലേ നമുക്കൊപ്പമുള്ള സത്യമാണ് മരണം. ഏതു സമയവും മരിക്കാമെങ്കിലും ആ ഉറപ്പിലല്ല, തുടർച്ച എന്ന പ്രതീക്ഷയിലാണ് നാം ജീവിതം ചിട്ടപ്പെടുത്തി മുന്നോട്ടു പോകുന്നത്. കൂട്ടായും കുടുംബമായും ജീവിക്കുമ്പോൾ മനുഷ്യർക്കിടയിൽ ആഴത്തിൽ വേരു പിടിക്കുന്ന ഒന്നാണ് പരസ്പരബന്ധം. ഓരോ ബന്ധത്തിന്റെയും ആഴവും പരപ്പുമൊക്കെ വ്യത്യാസപ്പെട്ടിരിക്കാമെങ്കിലും ചുറ്റുമുള്ള മനുഷ്യരൊക്കെ നമുക്കു വേണ്ടപ്പെട്ടവരാണ്. ആരോടെങ്കിലും ശത്രുതയുണ്ടെങ്കിൽ പോലും അവർ മരിച്ചു പോകുന്നതിൽ അധികമാരും സന്തോഷിക്കില്ല. എപ്പോഴും ദുഃഖച്ഛായ പേറുന്ന മരണം ചിലയിടങ്ങളിൽ വലിയ നിലവിളിയാണെങ്കിൽ ചിലയിടങ്ങളിൽ പൂർണ്ണമായ നിശ്ശബ്ദതയാണ്. മുന്നോട്ടുള്ള സഹനജീവിതവും ശൂന്യതയും ചിന്തിക്കാൻ പോലുമാവാത്തത്ര വേദനയിലാവും മരണപ്പെട്ട വ്യക്തിയുടെ കുടുംബാംഗങ്ങൾ. ജനനത്തെ ആഹ്ലാദത്തോടെ വരവേൽക്കുമ്പോൾ മരണം ആദരവു കലർന്ന ദുഃഖത്തോടെ കടന്നു പോകുന്നു. അവിടെ ബഹളങ്ങളില്ല, ആഘോഷാലങ്കാരങ്ങളില്ല, നിറക്കൂട്ടുകളില്ല. എപ്പോഴും മര്യാദകളെക്കുറിച്ച് മനുഷ്യർ ബോധവാന്മാരായിരിക്കുന്ന ഇടങ്ങളാണ് മരണം നടന്ന വീടുകളും ഭൗതികശരീരത്തിന്റെ പൊതുദർശനസ്ഥലങ്ങളും. എന്നാൽ പലപ്പോഴും അവ പാലിക്കാതെ പോകുന്ന സന്ദർഭങ്ങളും കണ്ടിട്ടുണ്ട്.
സാധാരണയായി ഒരു മരണം നടക്കുമ്പോൾ ആ വീട്ടിലും ഭൗതികശരീരം പൊതുദർശനത്തിനു വയ്ക്കുന്ന സ്ഥലങ്ങളിലും നാട്ടുകാരും ബന്ധുമിത്രാദികളടക്കമുള്ളവരും അനുശോചനമറിയിക്കാനും മറ്റുമായി എത്തുക പതിവാണ്. അതിൽ ആത്മാർത്ഥമായ സങ്കടമുള്ളവരുണ്ട്. അതല്ലാതെ ‘അയ്യോ.. മരണവീടല്ലേ. ഒന്നു കയറിയില്ലെങ്കിൽ ആളുകൾ എന്തു കരുതും’ എന്നു കരുതി കയറി ചെല്ലുന്നവർ, രാഷ്ട്രീയപ്രഹസനങ്ങൾക്ക് എത്തുന്നവർ, അങ്ങനെ ചിലരെയും മരണവീട്ടിൽ കാണാം. മരിച്ച ആൾ സമൂഹത്തിൽ എന്തായിരുന്നു എന്നു പ്രതിനിധീകരിക്കുന്നതാണ് അവിടത്തെ ജനബാഹുല്യം.
പഴയകാലങ്ങളിൽ മരണവീടിന് അകത്തും പരിസരത്തുമായി നിറയെ ആളുകളും കട്ടൻകാപ്പിയും ഭക്ഷണവുമൊക്കെയായി അയൽക്കാരുടെ സ്നേഹവുമൊക്കെ കാണുക പതിവായിരുന്നു. ഇന്നും നാട്ടിൻപുറങ്ങളിൽ അതിന് വലിയ വ്യത്യാസമൊന്നുമില്ല. ഒരുപാട് ആളുകൾ ഒറ്റയ്ക്കും കൂട്ടമായും എത്തുമെങ്കിലും അടക്കിപ്പിടിച്ച സംസാരങ്ങളേ ഉണ്ടാകാറുള്ളൂ. പലപ്പോഴും നീണ്ട നെടുവീർപ്പുകൾ. പിന്നെ മരിച്ച ആളെപ്പറ്റിയുള്ള ഓർമ്മകളും ജീവിതയാത്രകളും ഒക്കെ അതിൽ ഉൾപ്പെടും. അന്നേ ദിവസങ്ങളിൽ അയൽപക്കങ്ങളിലെയും ബന്ധുവീടുകളിലെയും സംസാരത്തിൽ എല്ലാം നിറഞ്ഞു നിൽക്കുക മരണവീടായിരിക്കും. അവിടത്തെപ്പറ്റിയുള്ള സഹതാപമായിരിക്കും. പക്ഷേ ഇതിനിടയിൽ അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമായും അരോചകമായും അരങ്ങേറുന്ന ചില കാര്യങ്ങൾ കൂടിയുണ്ട്. അതിലൊന്നാണ് ഒരാൾ മരിച്ചു കിടക്കുമ്പോൾ കുടുംബാംഗങ്ങളുടെ നിലവിളിയുടെ തോതനുസരിച്ച് സ്നേഹമളക്കാനുള്ള നാട്ടുകാരുടെ വ്യഗ്രത. “ആ മൂത്തമോൾക്കായിരുന്നു സങ്കടം മുഴുവൻ, എന്തൊരു നിലവിളി ആയിരുന്നു”. “ഓഹ്…ചത്തോരു ചത്തു, ആ വീട്ടിലാർക്കും അത്ര വലിയ സങ്കടമുള്ളതായി തോന്നിയില്ല. ഇത്രേള്ളൂ സ്നേഹമൊക്കെ…” ഇങ്ങനെ പലവിധ അഭിപ്രായ പ്രകടനങ്ങൾക്കു സാക്ഷ്യം വഹിച്ച സന്ദർഭങ്ങളുണ്ട്. സമൂഹത്തിലെ ഈ കാഴ്ചകൾ അതിരില്ലാത്ത മാനസികസംഘർഷം അനുഭവിപ്പിച്ച സംഗതിയാണ്. വേണ്ടപ്പെട്ടൊരാൾ നഷ്ടമായതിന്റെ ശൂന്യതയിൽ നിൽക്കുന്നിടത്താണ് ഇത്തരം വാക്പ്രയോഗങ്ങൾക്ക് കൂടി കുടുംബാംഗങ്ങൾ ഇരയാകേണ്ടി വരുന്നത്. പ്രിയപ്പെട്ടവർ മരിച്ചാൽ നാട്ടുകാർ കാൺകെ ഉണ്ടാകുന്ന കണ്ണുനീർ പ്രവാഹമാണോ സ്നേഹത്തിന്റെ അല്ലെങ്കിൽ ബന്ധത്തിന്റെ ബോധ്യപ്പെടുത്തൽ? അങ്ങനെയാകുമ്പോൾ പ്രകടമായ കരച്ചിൽ പുറത്തു വന്നില്ലെങ്കിലും അലമുറയിട്ട് നാട്ടുകാരെ ബോധ്യപ്പെടുത്തിയേ പറ്റൂ എന്നൊരു അത്യാചാരത്തിന് മനുഷ്യൻ നിർബന്ധിതരായി പോവുകയല്ലേ? ഇവിടെ ഉച്ചത്തിൽ കരയാനാകാത്ത മനുഷ്യരാണ് ഭീകരമായ മാനസികവിക്ഷോഭത്തിന് അടിപ്പെട്ടു പോകുക.
മനുഷ്യർ എല്ലാ കാര്യങ്ങളിലുമെന്ന പോലെ അവരവരുടെ വികാരപ്രകടനങ്ങളിലും വ്യത്യസ്തരാണ്. ഓരോരുത്തരിലും ബന്ധങ്ങളുടെ ആഴവും പരപ്പും അതുപോലെ വ്യത്യസ്തമാണ്. അവരവർക്ക് മാത്രമറിയുന്ന അടുപ്പവും അകൽച്ചയും ഉണ്ടാകും. നാം കേട്ടിട്ടില്ലേ, ഉള്ളു നിറയെ സ്നേഹമുള്ളപ്പോഴും ‘സ്‌നേഹം പ്രകടിപ്പിക്കുന്നതിൽ പിശുക്കരായ’ ചിലരെ പറ്റി. അതുപോലെ ദുഃഖം പ്രകടിപ്പിക്കുന്നതിലും പിശുക്കരായവരുണ്ട്. മനുഷ്യന്റെ സങ്കടം സഹിക്കാനുള്ള കഴിവ്, പുറത്തേക്കൊഴുകുന്ന കരച്ചിലിനെ നിയന്ത്രിക്കാനുള്ള കഴിവ്, കാര്യപ്രാപ്തിയോടെ സാഹചര്യത്തെ നേരിടേണ്ട ആവശ്യം, പക്വതയോടെയുള്ള പെരുമാറ്റം എല്ലാമെല്ലാം ഓരോ ഇടങ്ങളിലും വളരെ വളരെ വ്യത്യസ്തമാണ്. ഇത്തരം അവബോധങ്ങൾ ഇനിയും മനുഷ്യനിലേക്ക് എത്തിയിട്ടില്ലെന്നു വേണം കരുതാൻ. വീണുപോയ മനുഷ്യരോട് ഹൃദയവിശാലതയോടെ പെരുമാറുക എന്നത് കുട്ടിക്കാലം മുതലേ നാം പകർന്നു കൊടുക്കേണ്ട അറിവാണ്. അതിനായി ശീലിപ്പിക്കേണ്ടതും അത്യാവശ്യമാണ്. മേല്പറഞ്ഞതു പോലെ ക്രൂരമായ അഭിപ്രായപ്രകടനങ്ങൾ നടത്തുന്നവർ മരണവീടുകളുടെ സ്വന്തം മനുഷ്യരെ എത്രമാത്രം മുറിപ്പെടുത്തുന്നു എന്ന് ഒരുമാത്ര ചിന്തിച്ചിരുന്നെങ്കിൽ ഇത്തരം വാചകവിക്ഷേപണങ്ങൾ ഒരിക്കലും ഉണ്ടാവില്ലായിരുന്നു.
ഇന്ന് മനുഷ്യൻ അറിവിന്റെയും പുരോഗമനചിന്തയുടെയും പാതയിൽ ഏറെ മുൻപിലാണ്. ഈ സാഹചര്യത്തിൽ ഇങ്ങനെയൊന്ന് എഴുതേണ്ടി വരുന്നത് പോലും നമ്മിൽ വേരോടിയിട്ടുള്ള മൂല്യങ്ങളുടെ ശോച്യാവസ്ഥ കൊണ്ടാണ്. ഇക്കാര്യങ്ങളിൽ ധാർമികമായി ഏറെ മുൻപിൽ നിൽക്കേണ്ട മാധ്യമങ്ങൾ പോലും പരിതാപകരമായ പെരുമാറ്റമാണ് പലപ്പോഴും പ്രകടമാക്കുന്നത്. പ്രശസ്തരുടെ മരണവേളയിലും അപമൃത്യു സംഭവിച്ച വീടുകളിലും മറ്റും മാധ്യമങ്ങളുടെ തള്ളിക്കയറ്റവും അവസരോചിതമല്ലാത്ത ചോദ്യങ്ങളും അസ്വസ്ഥതയുണ്ടാക്കുന്ന കാഴ്ചകളാണ്. പ്രശസ്ത നടി KPAC ലളിത മരണപ്പെട്ട സന്ദർഭത്തിലെ മാധ്യമപ്രകടനങ്ങൾ വളരെയേറെ വിമർശനങ്ങൾക്കിട വരുത്തിയ സംഭവങ്ങളാണ്. നടി കവിയൂർ പൊന്നമ്മ ആരോഗ്യപ്രശ്നങ്ങളാൽ വല്ലാതെ അവശയായിരുന്നിട്ടും സഹപ്രവർത്തകയെ അവസാനമായി ഒരുനോക്കു കാണാൻ എത്തിയതാണ്. അവർ വല്ലാതെ ക്ഷീണിതയാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസിലാകും. അവരുടെ മുൻപിലേക്കാണ് മാധ്യമപ്പടയുടെ ഇരച്ചു കയറ്റം. “എന്താണ് KPAC ലളിതയെ പറ്റി ഓർക്കാനുള്ളത്? ഈ അവസരത്തിൽ എന്തു പറയുന്നു?” തുടങ്ങി ചോദ്യങ്ങളോടു ചോദ്യങ്ങളാണ്. ആയമ്മയുടെ നിസ്സഹായാവസ്ഥയും പ്രതികരണവും അലിവും കരുണയുമുള്ള മനുഷ്യമനസുകളെ ഏറെ വേദനിപ്പിച്ചിട്ടുണ്ടാവുമെന്ന കാര്യത്തിൽ സംശയമില്ല.
അതുപോലെ മറ്റൊരു സങ്കടക്കാഴ്ച്ച പ്രിയനടൻ ഇന്നസെന്റ് ന്റെ ഭൗതികശരീരം പൊതുദർശനത്തിനു വച്ച സന്ദർഭത്തിലായിരുന്നു. സങ്കടം നിയന്ത്രിക്കാനാവാതെ നിൽക്കുന്ന നടൻ ജയറാമിനെ മൈക്കുമായി പൊതിയുന്ന മാധ്യമപ്പട. വിനീതിനൊപ്പം സെൽഫിയെടുക്കാൻ തിരക്കു കൂട്ടുന്നവർ അങ്ങനെ പലവിധ വൃത്തികേടുകൾക്കാണ് നാം സാക്ഷ്യം വഹിക്കേണ്ടി വന്നത്. ഒരു വീഡിയോയിൽ മമ്മൂട്ടിയെ സൂം ചെയ്തു കാണിക്കുന്നു. അതിനിടെ വിഡിയോഗ്രാഫറുടെ കമെന്റ്: “അയാളിപ്പോ ചിന്തിക്കുന്നത് ഇവന്മാർ എന്നെ സൂം ചെയ്യുവാണല്ലോ എന്നാവും”. അടുത്ത കമെന്റ് അതിലും കഷ്ടം. “എടാ, ആ ഇറച്ചിക്കടയോട് മുൻപീന്നു മാറി നിൽക്കാൻ പറയൂ” എന്ന്. തടിയുള്ള ഏതോ മനുഷ്യനെ നോക്കിയാണ് ആ വൃത്തികെട്ട പരാമർശം. ഓരോ സെലിബ്രിറ്റികളെയും ഫോക്കസ് ചെയ്യുന്നതിനൊപ്പം ഇവരുടെ ബഹളങ്ങൾ വ്യക്തമായി കേൾക്കാം. ലോകം മുഴുവൻ തങ്ങളെ കണ്ടുകൊണ്ടിരിക്കുകയാണ് എന്ന ശ്രദ്ധയില്ലാതെയാണ് ഈ തരംതാണ പ്രവൃത്തികൾ. പൊതുരംഗത്തും വീട്ടകങ്ങളിലും വിദ്യാഭ്യാസവും അറിവും സംസ്കാരവും ഉയർത്തിപ്പിടിക്കണം എന്നുദ്‌ഘോഷിക്കുന്ന മാധ്യമങ്ങളാണ് റേറ്റിങ്ങിനു വേണ്ടി ഇത്തരം വികലപ്രവൃത്തികൾ ചെയ്തു കൂട്ടുന്നത്.
മരണവീടുകൾക്കുള്ളിലെയും മറുവശത്ത് മാധ്യമങ്ങളുടെയും പെരുമാറ്റം ഇത്തരത്തിലാണെങ്കിൽ അതിലേറെ വിഷം വമിപ്പിക്കുന്ന മറ്റൊരു കൂട്ടരാണ് സോഷ്യൽ മീഡിയയിലേത്. സെലിബ്രിറ്റിമരണവാർത്തകൾ പങ്കുവയ്ക്കുന്ന വീഡിയോകളുടെ താഴെ കമെന്റ്സ് ആയി ഇക്കൂട്ടർ അഴിച്ചുവിടുന്ന വൃത്തികേടുകൾ അത്രയേറെ അസഹനീയമാണെന്നു വേണം പറയാൻ. ‘എം ജി അണ്ണൻ ചിരിക്കുവാണല്ലോ, ഭാര്യ ഫുൾ പുട്ടിയടിച്ചാണ്; ഇതെന്താ കല്യാണത്തിന് വന്നേക്കുവാണോ, ഇവളെന്താ കൂളിങ് ഗ്ലാസും വച്ചോണ്ട്? സായ്കുമാറിന് മാത്രമേയുള്ളൂ സങ്കടം’ തുടങ്ങി എന്തെല്ലാം ആത്മഗതങ്ങൾ. പ്രബുദ്ധകേരളം എന്ന വാക്ക് പേറുമ്പോഴും ചിന്തകൾ കൊണ്ടും വർത്തമാനം കൊണ്ടും അത്രയേറെ അധഃപതിച്ചവരാണ് നമ്മൾ എന്നാണ് ഇക്കാഴ്ചകൾ കൊണ്ട് വ്യക്തമാക്കുന്നത്.
മരണം എന്ന വേദനയറിയുന്ന ഏതൊരു മനുഷ്യനും ഓർക്കേണ്ടത് ഇത്രയേ ഉള്ളൂ. മാധ്യമങ്ങൾ ആയാലും സാധാരണമനുഷ്യർ ആയാലും മരണവീടുകളിൽ അല്പമൊക്കെ മര്യാദ ആവാം. അവിടത്തെ പറ്റിയുള്ള ചർച്ചകളിൽ അല്പം മനുഷ്യത്വം ആവാം. നാം പോകേണ്ടത് അവിടെ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെയും ചെയ്യുന്ന കർമ്മങ്ങളുടെയും കുറ്റം പറയാനാകരുത്. ചടങ്ങുകളിൽ കാണിക്കുന്ന പൊങ്ങച്ചം താരതമ്യം ചെയ്യാനാകരുത്. സെൽഫികളെടുത്ത് സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കാനാകരുത്. വന്നവരുടെയും വരാത്തവരുടെയും കണക്കെടുക്കാനാകരുത്. ശവദാഹത്തിൽ പങ്കെടുത്തു എന്ന കേവലം അറിയിപ്പിനു വേണ്ടി ആകരുത്. അവിടെയുള്ളവരുടെ സങ്കടത്തിന്റെ അളവെടുക്കാനാകരുത്. സങ്കടം എപ്പോഴും കണ്ണീരിലോ വാക്കുകളിലോ ആവില്ല പടർന്നു നിൽക്കുക. നെഞ്ചിലൊരു കനൽക്കൂട് പോലെ തിങ്ങി നിൽക്കുന്ന സങ്കടങ്ങളും ഉണ്ട്. ഇഞ്ചിഞ്ചായി ഒരു മനുഷ്യനെ ഇല്ലായ്മ ചെയ്യുന്ന വേദനയാണത്. അത് അറിയാതെ പോകരുത്. മരണപ്പെട്ട വ്യക്തിയുടെ കുടുംബാംഗങ്ങളുടെയും ഭൗതികശരീരം കാണാനെത്തുന്നവരുടെയും ചിരിയും കരച്ചിലും മൗനവും നിർവികാരതയും എല്ലാം അവർക്ക് മരണപ്പെട്ട മനുഷ്യനോടുള്ള ആത്മബന്ധത്തിന്റെ പങ്കു വയ്ക്കലാണ്. അവിടേയ്ക്ക് നമ്മുടെ ചിന്താഗതികളിലെ മാലിന്യങ്ങൾ തുറന്നു വിടേണ്ടതില്ല. നമ്മെക്കൊണ്ട് കഴിയുന്ന സഹായങ്ങൾ, നല്ല വാക്കുകൾ, നിറഞ്ഞ സ്‌നേഹം, അലിവ് ഇവ കൊണ്ട് ആ മനുഷ്യരെ ചേർത്തു പിടിക്കുക. അവിടെയുള്ള മനുഷ്യർക്ക് വേണ്ടത് നിങ്ങളുടെ സ്നേഹവും തണലുമാണ്. ചാഞ്ഞിരിക്കാൻ ഒരു ചുമലാണ്. ഏറ്റവും പ്രിയപ്പെട്ടൊരാൾ വിട്ടകന്ന ശൂന്യതയിലിരിക്കുന്ന മനുഷ്യരെ ഒരിക്കലും അനാവശ്യചോദ്യങ്ങളാലും അഭിപ്രായങ്ങളാലും ബുദ്ധിമുട്ടിക്കാതിരിക്കുക എന്ന മര്യാദയാണ് നമുക്കു വേണ്ടത്. കേവലം മനുഷ്യത്വപരമായ ആലിംഗനങ്ങൾ മാത്രം ആവശ്യമുള്ള ഇടമാണത്. അവിടെ അല്പം നീതി പുലർത്തുക.
ഓർത്തു വയ്ക്കേണ്ടത് ഇത്രമാത്രം. നാളെ നാമടങ്ങുന്ന എല്ലാ മനുഷ്യരും കടന്നു പോകേണ്ട വഴികളാണവ. കരുണയുള്ള മനുഷ്യനായി നിന്ന് സ്നേഹസഹകരണങ്ങളുടെ പൂക്കൾ വിതറേണ്ട, സുഗന്ധം പടർത്തേണ്ട വഴി!


2 Comments
എല്ലാം വളരെ ശരിയാണ്. ചുറ്റുപാടും നാം കണ്ടുകൊണ്ടിരിക്കുന്ന കാഴ്ചകൾ🙏
സുമ ♥️♥️♥️