അത് ഒരു ഞായറാഴ്ചയായിരുന്നു… പതിവ് പോലെ പത്രത്തിൻ്റെ ചരമകോളത്തിലൂടെ കണ്ണോടിച്ചു പോവുകയായിരുന്നു ഞാൻ. അപ്പോഴാണ് ഏറെ പരിചിതമായ ഒരു മുഖം എൻ്റെ ദൃഷ്ടിയിൽ പതിഞ്ഞത്. ഞാൻ ഒന്നുകൂടെ പത്രം എൻ്റെ അടുത്തേക്ക് വെച്ച് സൂക്ഷിച്ച് നോക്കി, അവിശ്വാസത്തിൻ്റെ ഒരു ലാഞ്ചന എൻ്റെ കണ്ണുകളിൽ പരന്നു. ‘ജാനകി’ എൻ്റെ ചുണ്ടുകൾ മന്ത്രിച്ചു. ചെവികളിൽ ആ പേര് ഒരു മന്ത്രണം പോലെ കേട്ടുകൊണ്ടിരുന്നു. തമസ്സിന്റെ ഒരു തിരശ്ശീല എൻ്റെ കണ്ണുകളെ അപ്പോഴേക്കും മൂടി കഴിഞ്ഞിരുന്നു, കഴുത്തിന് ചുറ്റും എന്തോ വലിഞ്ഞ് മുറുകുന്നത് പോലെ എനിക്ക് അനുഭവപ്പെട്ടു. ഓർമകൾ മിഴിനീർ കണങ്ങളായി എൻ്റെ കണ്ണുകളിൽ നിന്ന് പൊഴിഞ്ഞ് കൊണ്ടേയിരുന്നു… അവ എന്നെ മറ്റേതോ ലോകത്തിലേക്ക് കൊണ്ട് പോയി.
മഴവെള്ളം തകരഷീറ്റിലേക്ക് ശക്തമായി വീഴുന്ന ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്. ഓർമകൾ എന്നെ നിദ്രയിലേക്കാഴ്ത്തി കളഞ്ഞിരുന്നു എന്ന തിരിച്ചറിവ് അപ്പോഴാണ് എനിക്കുണ്ടായത്. ഞാൻ മെല്ലെ എഴുന്നേറ്റ് ജനാലയിലൂടെ നോക്കി, പുറത്ത് പതിവില്ലാതെ ശക്തമായി മഴ പെയ്യുന്നുണ്ടായിരുന്നു. ആ മഴയ്ക്ക് എന്നെ ആശ്വസിപ്പിക്കാൻ എന്തോ ഉദ്ദേശം ഉള്ളത് പോലെ എനിക്ക് തോന്നി. ഒരു ഉത്തരത്തിന് വേണ്ടി കാത്തിരിക്കുന്നത് പോലെ ആ ചരമ പേജ് എന്നെ തന്നെ നോക്കിക്കൊണ്ടേയിരുന്നു.
ഇപ്പൊൾ തീർത്തും അവശനാണ് ഞാൻ… എൻ്റെ ചെവികളിൽ ആരോ ജാനകി എന്ന് വീണ്ടും വീണ്ടും മന്ത്രിച്ച് കൊണ്ടേയിരുന്നു, അത് എന്നെ അസ്വസ്ഥനാക്കി. മൂകമായ ആ അന്തരീക്ഷത്തെ സാക്ഷി നിർത്തി ഞാൻ ചാരുകസേരയിൽ ഇരുപ്പുറപ്പിച്ചു. ഓർമ്മകൾ ഒരു ചലച്ചിത്രം പോലെ എന്റെ മനസ്സിലൂടെ കടന്നു പോയി, അതിന്റെ പശ്ചാത്തലം എന്നവണ്ണം ദേവരാജൻ മാസ്റ്ററുടെ ‘കായാമ്പൂ കണ്ണിൽ വിടരും ‘ എന്ന് ഗാനം എവിടുന്നോ അലതല്ലി ഒഴുകി വന്നുകൊണ്ടിരുന്നു.അവളുടെ കണ്ണുകൾ ഞാൻ ഓർത്തു..ആരെയും അനുരാഗവലയത്തിൽ ആക്കാൻ മാത്രം കാന്തികശക്തി ആ കണ്ണുകൾക്കുണ്ടായിരുന്നു! അവളാണ് എന്നെ പ്രണയിക്കാൻ പഠിപ്പിച്ചത്, പ്രണയം അത്രമേൽ മധുരം ഉള്ളതാണെന്നും അത്പോലെ അതിന് വേദനിപ്പിക്കാൻ കഴിയുമെന്നും തിരിച്ചറിവ് എനിക്ക് തന്നത് അവളാണ്.
അവളുടെ പാദസരങ്ങളുടെ കിലുക്കം ഇന്നും എൻ്റെ ചെവികളിൽ ഉണ്ട്. ഒരിക്കലും ഒരുമിക്കാൻ കഴിയില്ലെന്ന് അറിഞ്ഞിട്ടും ഞങ്ങൾ പ്രണയിച്ചു… അത്രമേൽ തീവ്രമായിരുന്ന ഞങ്ങളുടെ പ്രണയത്തിന് അധികം ആയുസ്സില്ലയിരുന്നു. ഞാൻ അവൾക്ക് എഴുതിയ പ്രണയലേഖനം അവളുടെ അമ്മ കണ്ടു, അത് നാട്ടിൽ തന്നെ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കി. ഒരു താഴ്ന്ന ജാതിക്കാരൻ ആയ എനിക്ക് അവളെ ഒരിക്കലും കെട്ടിച്ച് തരില്ലെന്ന് അവളുടെ വീട്ടുകാർ തറപ്പിച്ച് പറഞ്ഞു, ഇതിനിടയ്ക്ക് ഞങ്ങൾ ഒളിച്ചോടാൻ ശ്രമിച്ചു പക്ഷെ അതും പരാജയപ്പെട്ടു. ഒടുവിൽ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി അവൾ വേറെ വിവാഹം കഴിച്ചു, ഞാൻ കടുത്ത വിഷാദത്തിനും അടിമപ്പെട്ടു. അതിൽ നിന്ന് രക്ഷപെടാൻ ഞാൻ ബോംബെയിലേക്ക് കുടിയേറി. ഓർമകൾ മറക്കാൻ എന്നെ അത് സഹായിച്ചേക്കാം എന്ന് ഞാൻ കരുതി, പക്ഷേ എൻ്റെ മനസ്സിൽ നിന്ന് ജാനകി പോയില്ല. ഒരു നഷ്ടസ്വപ്നം പോലെ എൻ്റെ മനസ്സിൻ്റെ ഏതോ ഒരു മൂലക്ക് അത് ഇടം പിടിച്ച് കഴിഞ്ഞിരുന്നു.
പിന്നീട് ജാനകിയെ കുറിച്ച് ഒരു അറിവും ഇല്ലായിരുന്നു…ഇല്ല, അറിയാൻ ഞാൻ ശ്രമിച്ചിട്ടില്ല എന്ന് പറയുന്നതായിരിക്കും അതിൻ്റെ ശരി. എൻ്റെ ഓഫീസിൻ്റെ അടുത്തായി ഒരു ചെമ്പക മരം ഉണ്ട്. അത് പൂവിടുമ്പോൾ ഉണ്ടാക്കുന്ന വിശ്വ സുഗന്ധം എന്നിൽ ജാനകിയുടെ ഓർമകൾ സമ്മാനിച്ചിരുന്നു…’മറക്കാൻ കഴിയുന്തോറും ഓർമകൾക്ക് സുഗന്ധമേറും’ എന്ന് പറയുന്നതിന്റെ പൊരുൾ ഇതാണെന്ന് അപ്പോഴാണ് ഞാൻ മനസ്സിലാക്കിയത്. വർഷങ്ങൾക്ക് ശേഷം അവളെ കണ്ടെത് ഇന്നാണ്. ഒരുകൂട്ടം പരേതാത്മകളുടെ ഇടയിൽ അപ്പോഴേക്കും അവൾ സ്ഥാനം പിടിച്ചിരിക്കുന്നു. അവളുടെ ചിത്രം ഒന്നുകൂടെ ഞാൻ നിരീക്ഷിച്ചു, അവളുടെ കണ്ണുകളിൽ ആ പഴയ തിളക്കമില്ല, അവളുടെ ചുണ്ടുകൾ വിരഹം പറയാതെ പറയുന്നുണ്ടായിരുന്നു. പിന്നീട് ഉണ്ടായ ജീവിതത്തിൽ അവൾ സന്തുഷ്ടയല്ലാതിരുന്നിരിക്കണം. ഇങ്ങനെ എൻ്റെ മനസ്സിൽ ഓരോരോ ചിന്തകൾ ഉയർന്നു വന്നുകൊണ്ടേയിരുന്നു. അത് വീണ്ടും വീണ്ടും എന്നെ അസ്വസ്ഥനാക്കി, അപ്പോഴേക്കും വിഷാദം എൻ്റെ മനസ്സിൻ്റെ പടിവാതിൽക്കൽ വന്നു നിൽക്കുന്നുണ്ടായിരുന്നു.
എനിക്ക് ഇനി ഓർമകളുടെ ഭാരം പേറാൻ സാധിക്കില്ല, അതിൽ നിന്ന് വിമുക്തനാകാൻ ഞാൻ വീണ്ടും എൻ്റെ കണ്ണുകൾ അടച്ചു. പതിവില്ലാതെ എവിടുന്നോ ഒരു തണുത്ത കാറ്റ് എൻ്റെ മുറിയിലേക്ക് കടന്ന് വന്നു. അതെന്നെ നന്നായി പൊതിഞ്ഞു, ചുട്ടുപഴുത്ത എൻ്റെ മനസ്സിനെ അത് തണുപ്പിക്കുന്നതായി എനിക്ക് തോന്നി. എൻ്റെ തോളിൽ തല ചായിച്ച് ആരോ കിടപ്പുണ്ടായിരുന്നു, മെല്ലെ എൻ്റെ ദൃഷ്ടി ഞാൻ അങ്ങോട്ടേക്ക് കേന്ദ്രീകരിച്ചു. അത് ജാനകി ആയിരുന്നു, അതെ എൻ്റെ ജാനകി തന്നെ! അവളുടെ മുഖത്ത് ഒരു ചെറു പുഞ്ചിരി ഉണ്ടായിരുന്നു. ആ പുഞ്ചിരി പയ്യെ എന്നിലേക്കും പടർന്നു, അത് എന്നെ കോരി തരിപ്പിച്ചു.
പിന്നീട് ഒരിക്കലും ഞാൻ എൻ്റെ കണ്ണുകൾ തുറന്നിട്ടില്ല. അതെ, ഞാനും ജാനകിയോടൊപ്പം ഓർമകളുടെ ഒരു ഭാഗമായി കഴിഞ്ഞിരിയ്ക്കുന്നു. ഒരിക്കലും തിരിച്ചു വരാത്ത ഓർമകളുടെ ഒരു ഭാഗം.


6 Comments
നന്നായിട്ടുണ്ട് എഴുത്തു. ഇനിയും ധാരാളം എഴുതാൻ ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ മോൾക്ക്. എല്ലാവിധ ആശംസകളും നേരുന്നു.
നന്നായിട്ടുണ്ട്. എഴുത്തു. ഇനിയും ഒരു പാട് എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
വളരെ നല്ല രചന. ഇനിയും ഇനിയും ഒരുപാട് എഴുതാൻ കഴിയട്ടെ
Good 👍
Good 👍
നല്ല രചന👌