ദിവസവും രാത്രി ഉറങ്ങും മുൻപ് കിടക്കമുറിയിലെ ജനാലവിരികൾ അല്പമൊന്നൊതുക്കിവയ്ക്കാറുണ്ട് ഞാൻ
നിശയുടെ നിഗൂഢതയിലെവിടെയോ എന്നെ ഉറക്കത്തിലാഴ്ത്തിയിട്ട്,
ഇരുട്ടിന്റെ മേക്കപ്പ് റൂമിൽ കയറി വെളുപ്പിന്റെ പൂക്കൈകൾ വാരിക്കെട്ടി ചില്ലതോറും മാല ചുറ്റി വശ്യഗന്ധത്തിന്റെ ചെപ്പും പേറി
പുലരിയുണരുമ്പോൾ
ഒപ്പമൊരുങ്ങിയിറങ്ങാൻ ഇഷ്ടമാണെന്റെ കൂട്ടുകാരി ജനാലപ്പുറത്തെ കാപ്പിച്ചെടിയ്ക്ക്.
വിരിനീക്കിയ ജനലിലൂടെ
കണ്ണിലൊരു പൂക്കണി നിറച്ച് പുലരിക്കുളിരിലേക്ക്
എന്നെയവൾ കൈപിടിച്ചിറക്കും.
ഇന്നലെ,
ഓശാനയുടെ തലേരാത്രി..
മറമാറ്റി
ജനാലയിലൂടെത്തിനോക്കിയ ഞാൻ
വേറിട്ടൊരു കാഴ്ചകണ്ട് ഭക്ത്യാദരത്തിലാണ്ടുപോയി..
ദൈവികതയുടെ അദൃശ്യസ്പർശത്തിൽ
എന്റെ കൈകൾ രണ്ടും ഞാനറിയാതെ കൂമ്പി!
വെണ്ണിലാവിന്റെ വെള്ളിക്കസവു വാരിച്ചുറ്റി
ചില്ലയിലാകെ വെള്ളിനൂൽ വലിച്ചു കെട്ടി
ഇളംകാറ്റിലിലക്കൈ ഉയർത്തിയാട്ടി നൃത്തനിരതയായി നിൽക്കുന്നു
എന്റെ കാപ്പിക്കൂട്ടുകാരി..
അഭൗമമായൊരു തേജസ്
അവളെ ചൂഴ്ന്നു നിൽക്കുന്നു.
മുറ്റത്തെ മാവും പിലാവും പേരമരമൊക്കെയും
ആ കാന്തി പങ്കിട്ടവൾക്കൊപ്പമുണ്ട്.
അന്തരീക്ഷത്തിലലിഞ്ഞുചേർന്ന് ദിവ്യമൊരു മന്ദ്രസംഗീതം….
മെല്ലെയാ ഗീതത്തിനുകാതോർക്കവേ ഞാൻ കേട്ടു,
മെല്ലിച്ചു നേർത്ത ചില്ലകൾ തന്ത്രിയാക്കി
സമീരൻ പാടുന്നു
‘ഓശാന.. ദൈവപുത്രനോശാന…’
ഈറനണിഞ്ഞ കണ്ണുകൾ
ചിമ്മിത്തുറന്നുറ്റുനോക്കുമ്പോൾ
മുറ്റത്തുണ്ട്,
ജനാലപ്പുറത്തു
നൃത്തംവയ്ക്കുന്ന ജെറുസലേം.


6 Comments
പ്രകൃതിയും ജെറുസലേമിൽ കേട്ട ഓശാന പാടിയ എഴുത്ത്.👍
മനോഹരം.❤
🫂🫂
ചേച്ചിയുടെ കണ്ണിലൂടെ പ്രകൃതിയെ നോക്കുമ്പോൾ അതിനൊരു മനോഹാരിത ഉണ്ടല്ലോ. അതിങ്ങനെ മലയാള ഭാഷയെ ഒന്നാകെ കോരിത്തരിപ്പിച്ചു കൊണ്ടിരിക്കും. എന്തൊരു എഴുത്താണ് ചേച്ചി…
ഓശാന ഞായർ..
നോമ്പ് കാലം കഴിഞ്ഞോ..
ഇനി ഈസ്റ്റെർ വരെ തിരക്കാവും ലെ
ഇനി വലിയ ആഴ്ചയാണ് സാബീ.. തിരക്ക് തിരക്ക്. വായനയ്ക്കും അഭിപ്രായത്തിനും നന്ദി❤️🫂
വായിച്ചു ഇഷ്ടമായി വലിയ ബുധനും പൈസ ഹവ്യാഴവും ദുഃഖവെള്ളിയും നഗരി കാണിക്കലും ഓർമ്മയിൽ വന്നു വായിച്ചപ്പോൾ🙏🙏🙏🥰🥰
❤️❤️❤️