തലപെരുപ്പിക്കുന്ന പരീക്ഷക്കാലം
അകത്തും പുറത്തും പുകയുന്ന ഉഷ്ണചൂടിൽ അഷിത വെന്തുരുകി.
“മോളേ… ടേബിളിൽ വെച്ച ജ്യൂസ് കുടിക്കുവാൻ മറക്കല്ലെ… “
” പുസ്തകത്തിലേക്ക് തലപൂഴ്ത്തിയാൽ പിന്നെ കുട്ടിക്ക് പരിസരബോധമില്ല”
ജ്യോതി ആരോടെന്നില്ലാതെ പിറുപിറുത്തു..
“എന്താ… നീ പറയുന്നത്?”
ഹോസ്പിറ്റലിൽ നിന്ന് തിരിച്ചെത്തിയ അരുൺ ജ്യോതിയുടെ നേരെ നോക്കി…
” ഇപ്പോഴത്തെ പഠനം ഒരു ഭാരം തന്നെയാണെൻ്റെ ചേട്ടാ…”
ഈ പിള്ളാരെയൊക്കെ സമ്മതിക്കണം…
ഒന്നിനും നേരമില്ല…
യന്ത്രം പോലെ ചലിച്ചു കൊണ്ടേയിരിക്കണം…
ശരീരം മാത്രം പോരല്ലോ!
തലയും!”
“അല്ലെങ്കിൽത്തന്നെ മോൾക്ക് ഓവർ വെയ്റ്റ് ആണ്…
ഹോർമോൺ ഇംബാലൻസിൻ്റെ അസ്വസ്ഥതകൾ വല്ലാതെ വീർപ്പുമുട്ടിക്കുന്നു…
എന്തു ചെയ്യാനാ?
കാലമെത്തും മുൻപേ പുഷ്പിണിയായതല്ലേ… “
“പാവം…
കുഞ്ഞു പ്രായത്തിൽ!
ഹൊ… ആലോചിക്കാൻ വയ്യ!
” മതി, മതി… നിൻ്റെ പരാധീനതകൾ ഒന്നു നിർത്തിക്കേ… നാടോടുമ്പോൾ നടുവേ ഓടണം” അരുൺ പറഞ്ഞു.
“എല്ലാം മാറിയില്ലേ!
എല്ലാം!
നാളെ വിഷുവാണ്
ഒരു മാസം മുന്നേ പൂത്തുലഞ്ഞു നിന്ന നമ്മുടെ കൊന്നമരത്തിൽ നോക്ക്…
കണികാണാൻ പോലും ഒരു കൊന്നപ്പൂ ഞാന്നു കിടക്കുന്നില്ല!
“എല്ലാം കാലത്തിൻ ഇന്ദ്രജാല പ്രകടനങ്ങൾ “
ജ്യോതി അരുണിനെ നോക്കി നെടുവീർപ്പിട്ടു കൊണ്ട്കാറിനുള്ളിലെറെഡിമെയ്ഡ് കൊന്നപ്പൂ എടുക്കാനായി സിറ്റൗട്ടിലേക്ക് നടന്നു!

