വീക്ഡേ ആയതു കൊണ്ടാവാം പാർക്കിൽ തിരക്ക് നന്നേ കുറവായിരുന്നു. ഒരു റൗണ്ട് നടന്ന ശേഷം ഞാൻ കാറ്റാടിമരത്തിന്റെ തൊട്ടു താഴെ ഉള്ള സിമെന്റ് ബഞ്ചിൽ പോയിരുന്നു മൊബൈൽ ഫോൺ ഓണാക്കി.
“ഹായ് അരുണാ ” ആരോ പിന്നിൽ നിന്നു വിളിച്ചപ്പോഴാണ് ഞാൻ തിരിഞ്ഞുനോക്കിയതു. ഉഷ ടീച്ചർ.
ഞങ്ങൾ ഒരേ സ്കൂളിൽ വർക്ക് ചെയ്തവരാണ്. രണ്ടു വർഷം മുൻപാണ് ടീച്ചർ റിട്ടയർ ആയത്.
‘അരുണ എന്നും പാർക്കിൽ വരാറുണ്ടോ? ഈ നടത്തവും വ്യായാമവും ഒക്കെയാണ് അല്ലേ? ഇങ്ങിനെയങ്ങ് ആയുംബ്യൂട്ടി ആയും ഒക്കെ ഇരിക്കാൻ കാരണം?”
ടീച്ചറുടെ ചോദ്യം ശ്രദ്ധിക്കാത്തത് പോലെ ആ കൈ പിടിച്ചു ഞാൻ പറഞ്ഞു.
“വരൂ ടീച്ചർ, നമുക്ക് ഇവിടെ ഇരുന്നു സംസാരിക്കാം.”
ഞങ്ങൾ കുറെ വിശേഷങ്ങൾ പറഞ്ഞു. ടീച്ചറുടെ അമ്മയുടെ അസുഖത്തെ കുറിച്ചു മോളുടെ കുഞ്ഞിന്റെ കുസൃതികളെ കുറിച്ചു, അടുത്ത കൊല്ലത്തെ എന്റെ റിട്ടയർമെന്റിനെ കുറിച്ച്, അങ്ങിനെ പലതും.
“അരുണാ മോൾ ഇപ്പോൾ കോഴ്സ് കംപ്ലീറ്റ് ചെയ്തു ഇന്ദിര നഴ്സിംഗ്ഹോമിൽ പ്രാക്ടിസ് ചെയ്യുന്നുണ്ട് അല്ലേ.
ഞാൻ കഴിഞ്ഞ മാസം അമ്മയെയും കൊണ്ടുപോയപ്പോൾ കണ്ടിരുന്നു.”
പെട്ടന്നാണ് ഞാൻ ഓർത്തത് ഉഷ ടീച്ചറെ കണ്ട കാര്യം അവൾ പറഞ്ഞിരുന്നു.
“അവളുടെ കല്യാണം, വല്ലതും പെൻഡിങ്ങിൽ ഉണ്ടോ അരുണാ, ഇനി എന്തിനാ താമസിപ്പിക്കുന്നത്?”
“നഴ്സിംഗ്ഹോമിൽ ജോയിൻ ചെയ്തിട്ടു മുന്നാലു മാസങ്ങൾ അല്ലേ ആയുള്ളൂ. ഒരു വർഷം കഴിയട്ടെ എന്നാണ് അവൾ പറയുന്നത്. പിന്നെ ഒന്നുരണ്ടു പ്രെപോസിലുകൾ വന്നിരുന്നു. പുറത്തുള്ളവർ. അവൾക്കു നാട്ടിൽ തന്നെയാണ് താല്പര്യം.”
എന്റെ ഉത്തരം കേട്ടപ്പോൾ തന്നെ ടീച്ചർ പറഞ്ഞു.
“ഞാൻ എന്റെ ചേച്ചിയെ കുറിച്ചു പറയാറില്ലേ തന്നോട്. ഹയർ സെക്കന്ററിയിൽ നിന്നു റിട്ടയർ ചെയ്തു. ഏട്ടൻ ഡോക്ടർ ആണ്. ആണും പെണ്ണും ഒക്കെ ആയി ഒരു മോനേ ഉള്ളു. റഷ്യയിൽ നിന്നു മെഡിസിൻ കഴിഞ്ഞു. അവിടെ തന്നെ പ്രാക്ടിസ് ചെയ്യുന്നു. അടുത്ത വർഷം അവൻ നാട്ടിലേക്കു വരും. ഇവിടെ ഇവർക്ക് സ്വന്തമായി ഹോസ്പിറ്റൽ ഒക്കെ ഉണ്ടല്ലോ. അതൊക്കെ നോക്കി നടന്നു ഇവിടെയുള്ള ഒരു ഡോക്ടർ പെണ്ണിനേയും കെട്ടി കഴിഞ്ഞാൽ മതി എന്ന അഭിപ്രായമാണ് ചേച്ചിക്കും ഏട്ടനും. പിന്നെ സത്യം പറയാലോ അരുണ നിന്റെ മോളെ എനിക്ക് വലിയ ഇഷ്ടാണ്. ഒരു സ്മാർട്ട് കുട്ടി, കാണാനും സുന്ദരി.
എനിക്കൊരു മോനുണ്ടായിരുന്നെങ്കിൽ ഞാൻ അവളെ എന്റെ മോളായി കൂട്ടുമായിരുന്നു. നിന്റെ ആ കട്ടിയുള്ള മുടിയും വലിയ കണ്ണുകളും ഒക്കെ അതേപോലെ മോൾക്ക് കിട്ടിയിട്ടുണ്ട്.”
ഞാൻ ഒന്നും മിണ്ടാതെ കേട്ടതെ ഉള്ളു.
ഞങ്ങൾ വീണ്ടും കുറച്ചു നേരംകൂടി സംസാരിച്ച ശേഷം ഒന്നിച്ചാണ് പാർക്കിൽ നിന്നു ഇറങ്ങിയത്.
വീട്ടിലെത്തി ഒരു കാപ്പിയുണ്ടാക്കി അതുമായി ഞാൻ പുറത്തെ ചാരുപടിയിൽ പോയിരുന്നു.
ഞാൻ ഈ നാട്ടിലെത്തിയിട്ടു ഇപ്പോൾ വർഷങ്ങൾ ഇരുപത്തിഅഞ്ചു കഴിഞ്ഞു. കൊതിച്ചത് കൈ വിട്ടുപോയപ്പോൾ ഞാൻ തിരഞ്ഞെടുത്ത ജീവിതം.
അരുണയെ ഹരിയെ കൊണ്ടു കല്യാണം കഴിപ്പിക്കണം എന്നതു മുത്തശ്ശിയുടെ ആഗ്രഹമായിരുന്നു. അതു എല്ലാവരും അംഗീകരിക്കുകയും ചെയ്തതാണ്. പഠിക്കാൻ മടിച്ചിയായ എന്നെ അമ്മ പഠിക്കാൻ നിർബന്ധിക്കുമ്പോൾ എനിക്കു ജോലിക്കാരി ഒന്നും ആവണ്ട അമ്മയെ പോലെ ആയാൽ മതി എന്നായിരിക്കും എന്റെ മറുപടി. ഹരിയേട്ടന്റെ കാര്യങ്ങൾ നോക്കി കുഞ്ഞുങ്ങളുടെ അമ്മയായി വിട്ടിൽ ഒതുങ്ങി നിൽക്കാനായിരുന്നു എനിക്കു ഇഷ്ടം. ബി ടെക് കഴിഞ്ഞു ഹരിയേട്ടൻ ജോലിക്ക് കയറിയതു ബാംഗ്ലൂരിൽ ഒരു സോഫ്റ്റിവേയർ കമ്പനിയിൽ.
ഒരു ജോലി കിട്ടിട്ടു വേണം ഈ കാന്താരി പെണ്ണിന്റെയും കൊണ്ടു പറക്കാൻ എന്നു ഹരിയേട്ടൻ പറയുമ്പോൾ പുറമെ പരിഭവമാണെങ്കിലും ഉള്ളിൽ എനിക്കും ആ കൂടെ പോവാൻ തിടുക്കാമായിരുന്നു. ജോലിയിൽ ജോയിൻ ചെയ്ത ശേഷം രണ്ടു മാസം ലീവ് ടൈമിൽ ഒക്കെ വരുമെങ്കിലും പിന്നെ അത് കുറഞ്ഞു കുറഞ്ഞു വന്നു. കാരണം പറഞ്ഞതു ജോലി തിരക്ക് തന്നെ. ഫോൺ വിളിയും കുറഞ്ഞു. കുട്ടികളുടെ വിവാഹം ഇനി വൈകിക്കണ്ട എന്നുള്ള വാശിയിൽ ആയിരുന്നു മുത്തശ്ശി. വിവാഹത്തിന്റെ ഒരുക്കങ്ങൾ തുടങ്ങി.
ഹരിയേട്ടനെ നാട്ടിലേക്കു വരാനായി വിളിച്ചിട്ട് ഒരു മറുപടിയും കിട്ടാതെ ആയപ്പോൾ അച്ഛൻ ബാംഗ്ലൂരിൽ എത്തി. ഒരു ഹൈദരാബാദ്കാരിയുമായി ലിവിംഗ് ടു ഗെദർ ആയിരുന്നു ഹരിയേട്ടൻ. പിന്നെ എപ്പഴോ ആ അവഗണന ഉൾകൊള്ളാൻ ഉള്ള മനക്കരുത്തു നേടി. പിന്നെ വാശി ആയിരുന്നു. തട്ടി മുട്ടി പോയിരുന്ന പ്രീഡിഗ്രി നല്ല മാർക്കൊടെ ജയിച്ചു. ഡിഗ്രി ക്കുശേഷം ബി എഡ് എടുത്തു. അടുത്തുള്ള ഹൈ സ്കൂളിൽ ടീച്ചറായി ജോയിൻ ചെയ്തു. പക്ഷേ എല്ലാം മറന്നു വീണ്ടും ഒരു ജീവിതത്തിലേക്ക് പോവാൻ മാത്രം തോന്നിയില്ല.
അങ്ങിനെ വർഷങ്ങൾ അഞ്ചോ ആറോ കഴിഞ്ഞിട്ടുണ്ടാവും. ഒന്നും മറന്നിട്ടില്ലെങ്കിലും ഒക്കെ മറന്നതായി ഭാവി ക്കാൻ എനിക്കു സാധിച്ചു.
ബാംഗ്ലൂരിൽ ഉണ്ടായ ഒരു കാർഅപകടത്തെ കുറിച്ചു അറിഞ്ഞത് ടി വി ന്യൂസ് വഴിയാണ്. അച്ഛനും അമ്മയും അവിടെ തന്നെ മരിച്ചു.ആറു മാസം പ്രായമുള്ള കുഞ്ഞു അത്ഭുതകരമായി രക്ഷപെട്ടു. അതു ഹരിയേട്ടന്റെ കുടുംബം ആണെന്ന് അറിഞ്ഞപ്പോൾ വല്ലാതെ പതറിപോയിരുന്നു.
അനാഥയായിപോയ ആ കുഞ്ഞിനെ ഏറ്റെടുക്കാൻ ആരും വരാത്തത് കൊണ്ടു ഓർഫ്നെജിൽ മാറ്റാൻ പോവുന്നു എന്നറിഞ്ഞപ്പോൾ ഏതോ ഒരു ഉൾവിളി പോലെ അവിടെ എത്തി.
ഹരിയേട്ടന്റെ കസിൻ സിസ്റ്റർ എന്ന നിലയിൽ. പിന്നെ കുഞ്ഞിനേയും കൊണ്ടു ദൂരെ ഒരിടത്തേക്ക് എത്തി. ജോലി റിസൈൻ ചെയ്ത് അവിടുത്തെ സ്കൂളിൽ റീ ജോയിൻ ചെയ്തു.
ഒരിക്കലും സഞ്ചരി ക്കും എന്നു ഓർക്കാത്ത വഴിയിലൂടെ നടന്നു ഇവിടെ എത്തിയപ്പോൾ മനസ്സിനു നല്ല സുഖം. ചെറുപ്പത്തിലേ വിധവയായി ഒരുകുഞ്ഞിനെ വളർത്തി വലുതാക്കിയ ഒരു സ്ത്രീ. അതാണ് ഇവിടെ ഞാൻ.
എന്റെ മോൾക്ക് ഞാൻ സ്വന്തം അമ്മയാണ്. അങ്ങിനെ ഒരു പാടു രഹസ്യങ്ങൾ മനസ്സിൽ ചേർത്തു വച്ചു ഈ ജന്മം ജീവച്ചു തീർക്കാം, ആർക്കും അറിയാത്ത ഒരുവളായി.
വാട്സ്ആപ്പിൽ ഒരു മെസ്സേജ് വന്നപ്പോൾ അടുത്തു വച്ച ഫോൺ കൈയിൽ എടുത്തു. ഉഷടീച്ചർ ആ പയ്യന്റെ ഫോട്ടോ സെന്റ് ചെയ്തിരിക്കുന്നു. കൂടെ ഒരു വോയിസും. അരുണാ. ഇതാണ് ട്ടോ ഞാൻ പറഞ്ഞ ആൾ. മോളെ ഒന്നു ഫോട്ടോ കാണിക്കു.
ശരിയാണ്. മോളുടെ അഭിപ്രായം അറിയണം. ഈ അമ്മക്ക് ചെയ്തു തീർക്കാൻ ഒരു പാടു ഉണ്ട് കാര്യങ്ങൾ.
#എന്റെരചന – ആർക്കും അറിയാത്ത ഞാൻ


6 Comments
നല്ല മനോഹരമായ കഥ.👍❤
കഥ ഒരുപാടിഷ്ടമായി. 💐 അഭിനന്ദനങ്ങൾ
നന്ദി, സ്നേഹം എഴുത്തിന് 🙏
മനോഹരമായ രചന, നല്ല ഒഴുക്കോടെ എഴുതി, അതേ ഒഴുക്കിൽ വായിച്ചു, ആശംസകൾ 💜🩷
മനോഹരം ❤️
നന്നായി എഴുതി 👍
നല്ല കഥ👌
ഇഷ്ടമായി ജലജ❤️🌹