“സാർ, സാറിനെ കാണാൻ കുറേ നേരമായി ഒരാൾ പുറത്തിരിക്കുന്നുണ്ട്. വിളിക്കട്ടെ?” ക്ലർക്ക് ശിവൻ വന്ന് ചോദിച്ചു.
“വരാൻ പറയൂ…” കളക്ടർ പറഞ്ഞു.
അതവളായിരുന്നു. കളക്ടറുടെ എതിർവശത്തെ കസേരയിൽ അവളിരുന്നു. എത്രയോ കാലങ്ങൾക്ക് ശേഷമാണ് അവളെയദ്ദേഹം കാണുന്നത്.
“വിവരങ്ങൾ ഞാനറിഞ്ഞു. സുഖമാണോ എന്ന് ചോദിക്കുന്നില്ല…” കളക്ടർ പറഞ്ഞു.
അവളൊന്നും മിണ്ടിയില്ല. എന്തോ ആലോചിക്കുകയായിരുന്നിരിക്കാം. അദ്ദേഹവും പഴയ ചില ഓർമ്മകളിലേക്ക് തിരിഞ്ഞുപോയി.
വൈകുന്നേരങ്ങളിൽ നമ്പ്യങ്കാവ് കുന്നിലെ ആൽച്ചുവട്ടിൽ പതിവുപോലെ അവളുടെ വരവും കാത്തിരിക്കുകയായിരുന്നു അവൻ. ജലജ ടീച്ചറുടെ വീട്ടിൽ അവൾ ട്യൂഷന് പോവുന്നുണ്ട്.
“നീയെന്തിനാ എപ്പോഴും ഇങ്ങനെ എന്റെ പിറകെ നടക്കുന്നത്?”
അവൾ ചോദിച്ചു.
“എനിക്ക് നിന്നെ ഇഷ്ടമാണ്.”അവൻ പറഞ്ഞു.
“എന്റെ പിറകെ ഇങ്ങനെ നടക്കേണ്ട. എനിക്കത് ഇഷ്ടമല്ല…”
“നുണ. എനിക്കറിയാം നിനക്ക് ഇഷ്ടമാണെന്ന്…”
“എങ്ങനെ?”
“ഞാൻ തന്ന പ്രേമലേഖനം നീ വാങ്ങിച്ചതല്ലേ?”
“വാങ്ങിച്ചത് ശരിയാണ്. പക്ഷേ ഞാൻ വായിച്ചില്ല…”
“വെറുതെ…”
“വെറുതെയല്ല. ഞാനത് കീറിക്കളഞ്ഞു…”
“എന്തിനാണ് നീ ഇങ്ങനെ എന്നെ കളിപ്പിക്കുന്നത്? എനിക്കറിഞ്ഞൂടെ?”
“ദേ, എന്നെക്കൊണ്ടൊന്നും പറയിപ്പിക്കല്ലേ. എനിക്ക് ദേഷ്യം വരുന്നുണ്ട്…”
“അത് കാണാൻ നല്ല ഭംഗിയുണ്ട്…”
“ഒന്ന് പോവുന്നുണ്ടോ നീ? എനിക്ക് പഠിക്കാനുണ്ട്. നീ ആളുകളെക്കൊണ്ട് പറയിച്ചേ അടങ്ങൂ…”
“നിന്നോടുള്ള ഇഷ്ടം കൊണ്ടല്ലേ? എനിക്കും ഉണ്ട് പഠിക്കാൻ. എന്നാലും ഇഷ്ടമാണെന്ന് പറയാൻ എന്താ മടി?”
“ഈ ചെക്കനെന്താ? എനിക്കൊരിഷ്ടവും തോന്നുന്നില്ല. ഒന്ന് പോവുന്നുണ്ടോ നീ?”
അവളതും പറഞ്ഞ് തിരിഞ്ഞുനടന്നു. അവൻ ഹൃദയവേദനയോടെ ആ പോക്ക് നോക്കി നിന്നു.
അവളോടുള്ള പ്രണയം അറിയിക്കാൻ അവൻ പിന്നെയും ശ്രമിച്ചെങ്കിലും അവൾ അവനെ അവഗണിച്ചു. ആദ്യത്തെ കത്ത് കീറിക്കളഞ്ഞെന്ന അവളുടെ മറുപടി അവനെ വല്ലാതെ വേദനിപ്പിച്ചു.
അവളേപ്പോലെ തന്നെ പഠനത്തിൽ മിടുക്കനായിരുന്നു അവനും. അവൻ ഡിഗ്രി കഴിഞ്ഞതും സിവിൽ സർവീസിന് തയ്യാറെടുത്തു. കുറച്ചുവർഷങ്ങൾക്ക് ശേഷം സിവിൽ സർവീസ് ലഭിച്ച് അവൻ സബ് കളക്ടറായി ചാർജെടുത്തു.
നാട്ടിലെ ഒരു സുഹൃത്താണ് അവളുടെ വിവാഹം കഴിഞ്ഞെന്ന വിവരം അവനോട് പറഞ്ഞത്. എന്നാൽ ദാമ്പത്യം അത്ര സുഖകരമല്ലെന്നും അത് പിരിയുന്നതിന്റെ വക്കിലെത്തിയെന്നും അവളിപ്പോൾ സ്വന്തം വീട്ടിലാണെന്നുമുള്ള വിവരവും സുഹൃത്ത് അറിയിച്ചു. അവൾക്ക് ലഭിച്ചിരുന്ന ജോലി വിവാഹത്തിന് ശേഷം ഭർത്താവിൻ്റെയും വീട്ടുകാരുടെയും നിർബന്ധത്താൽ ഉപേക്ഷിക്കേണ്ടിവന്നതും അവനെ ഞെട്ടിച്ചു.
അവൻ ഒരു കളക്ടറായ കാര്യം അവളറിഞ്ഞിരുന്നു. തന്നെ ഓർക്കുകപോലും ചെയ്യില്ലെന്നാണ് അവൾ കരുതിയത്.
ഒന്നു കാണണമെന്നേ അവൾ വിചാരിച്ചിരുന്നുള്ളൂ. തന്നെക്കുറിച്ചുള്ള കാര്യങ്ങൾ കളക്ടർ മനസ്സിലാക്കിയെന്നറിഞ്ഞപ്പോൾ അവൾ വിഷമിച്ചു.
അവളുടെ കൺപീലികൾ നനഞ്ഞിരുന്നു. അവളുടെ കൈയ്യിൽ നാലുമടക്കായി ചുരുട്ടിയ ഒരു കടലാസ്സുണ്ടായിരുന്നു. അത്ക അവൾ കളക്ടർക്കായി നീട്ടി.
കളക്ടർ ആ കടലാസ് കണ്ട് അമ്പരന്നു. അയാൾ അന്നവൾക്ക് കൊടുത്തിരുന്ന പ്രണയലേഖനമായിരുന്നു അത്. അതിപ്പോഴും അവൾ സൂക്ഷിച്ചിരിക്കുന്നു.
“നീ അന്നത് കീറിക്കളഞ്ഞെന്ന് പറഞ്ഞിട്ട് എന്തിനാണ് നുണ പറഞ്ഞത്?” കളക്ടർ ചോദിച്ചു.
അവൾ മറുപടിയൊന്നും പറയാതെ തലകുനിച്ചു.
“എന്തിനാണ് നീ ജോലി കളഞ്ഞത്? വിഡ്ഢിത്തമല്ലേ നീ ചെയ്തത്? ഉം, നോക്കട്ടെ എന്തെങ്കിലും വഴിയുണ്ടോയെന്ന്…”
അവൾ അയാൾക്ക് മുന്നിൽ നിശബ്ദയായി ഇരുന്നു. അവളുടെ ഹൃദയം തേങ്ങി. കണ്ണുനിറഞ്ഞു വരുന്നത് കാണാതിരിക്കാൻ അവൾ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. അവളുടെ കണ്ണുനീർ കവിളിലൂടെ ഒഴുകി. അവളുടെ മൗനം അവളുടെ എല്ലാ വേദനകളും വിളിച്ചുപറയുന്നുണ്ടായിരുന്നു.
***


6 Comments
കളക്ടർ ഒറ്റക്കാണെങ്കിൽ ആ പ്രണയം സഫലമാകട്ടെ….. നല്ല കഥ❤️👍
സ്നേഹം നന്ദി വായനയ്ക്കും അഭിപ്രായത്തിനും
നല്ല കഥ👏👍
സ്നേഹം നന്ദി
നൊമ്പരപ്പെടുത്തുന്ന കഥ👌🌹
വായനയ്ക്കും അഭിപ്രായത്തിനും സ്നേഹം നന്ദി