കുഞ്ഞായിരിക്കുമ്പോൾ
അമ്മതൻ മടിയിൽ ഞാൻ
മാനവും നോക്കി കിടന്നനേരം
വർണ്ണപ്പകിട്ടുള്ള പലതരം പാവകൾ
കൌതുകമോടെ ഞാൻ നോക്കി നിന്നു
പിച്ച നടക്കുവാനായപ്പോൾ എൻ മുന്നിൽ
വർണ്ണപ്പകിട്ടോടെ പാറിക്കളിക്കുന്ന
പൂമ്പാറ്റ കൂട്ടത്തെ കണ്ടുമുട്ടി
കൌതുകമോടെ ഞാൻ
അവയുടെ പിന്നാലെ
തൊടികളിലാകെ നടന്നലഞ്ഞു.
അമ്മതൻ കൽപ്പന കേട്ടിടാതെന്നുടെ
ദേഹമാസകലം ചെളിപുരണ്ടു
ശകാരമോടെങ്കിലും ചെളിയൊക്കെ എന്നമ്മ
കഴുകി തുടച്ചെന്നെ വൃത്തിയാക്കി
വീഴാതെ, പൊട്ടാതെ, കൈവിടാതെ,
കാവലായ് കൂടെയുണ്ടായിരുന്നു
കൌമാരമായപ്പോൾ പിന്നെനിക്ക്
കൌതുകം വല്ലാതെ ഏറിവന്നു
വർണ്ണങ്ങൾ പലവിധമെൻ്റെ ചുറ്റും
മോഹിതനാക്കി നടനമാടി
വർണ്ണപ്പകിട്ടാർന്ന മിഠായി ഭരണികൾ
ആർത്തിയോടന്നു ഞാൻ കാലിയാക്കി
മുത്തുപോലുള്ലെൻ്റെ പല്ലുകളോരോന്നും
കറുത്ത മുത്തായി വിടപറഞ്ഞു
അന്നെൻ്റെ അമ്മയും അച്ഛനും ചൊല്ലിയ
വാക്കുകൾ കാറ്റിൽ പറത്തിവിട്ടൂ
പിന്നെയും കാലം കടന്നുപോയി
യൌവനയുക്തനായ് മാറി ഞാനും
കൌതുകമെന്നിലോ ഏറിവന്നു
വർണ്ണങ്ങൾ ചുറ്റിലും നൃത്തമാടി
വർണ്ണത്തിൻ കുപ്പിയായ് മുന്നിലെത്തി
നുരയുന്ന ലഹരിയെൻ മാനസത്തെ
ആനന്ദ നൃത്തത്തിലാറാടിച്ചു
എല്ലാം മറന്നു ഞാൻ നടനമാടി
സ്വന്ത ബന്ധങ്ങൾ മറന്നു പാടി
വർണ്ണപ്പുകയെങ്ങും പൊങ്ങിടുന്ന,
സുന്ദരിമാർ നൃത്തമാടിടുന്ന,
വർണ്ണക്കൂടാരത്തിൽ ചെന്നു കേറി
സർവ്വം മറന്നു ഞാൻ നടനമാടി
വർണ്ണപ്പുഴയിൽ ഞാൻ മുങ്ങി നീന്തി
കരകയറാതെ ഞാൻ കടലിലെത്തീ
വർണ്ണങ്ങൾ നുരയുന്ന തിരയിലും പിന്നെ
ഞാൻ കരകാണാ കടലിലും പെട്ടുപോയി
ആർത്തലച്ചങ്ങകലെ എങ്ങുനിന്നോ
അമ്മതൻ തേങ്ങൽ ഞാൻ കേട്ടിരുന്നൂ
അച്ഛൻ്റെ രോദനം കേട്ടിരുന്നൂ
നീന്തി കരകയാറാനെനിക്ക്
ആവതില്ലല്ലോ, നീ കെട്ടിയിട്ടു
വർണ്ണപ്പകിട്ടോലും കാളിയാ നീ
കെട്ടി വരിഞ്ഞെന്നെ കൊണ്ടു പോയ് നീ
ഇരുണ്ട ലോകത്തിന്നകത്തളത്തിൽ
ആഞ്ഞാഞ്ഞു കൊത്തിയെൻ ദേഹമാകെ
കരിനീല വർണ്ണമായ് മാറ്റിയില്ലേ
വർണ്ണങ്ങളിന്നെന്നെ വിട്ടകന്നു
കണ്ണിലോ കൂരിരുൾ മാത്രമായി
കാതിൽ മുഴങ്ങുന്നു ആർത്തനാദം
അമ്മയുടേതല്ല, അച്ഛൻ്റെയും,
കേൾക്കുന്നിതാദ്യമായ് ഞാനിന്നിതാ
എൻ്റെ മനസ്സിൻ്റെ ആർത്തനാദം
അച്ഛനില്ലമ്മയില്ലാരുമില്ലാ
ഇന്നിതു കേൾക്കാനായ് എൻ്റെ കൂടെ
ലഹരിക്കടിമായായ് ഞാനിവിടെ
കാലനെ കാത്തിരിപ്പാണിതയ്യോ!!
ലഹരിക്കടിമായായ് ഞാനിവിടെ
കാലനെ കാത്തിരിപ്പാണിതയ്യോ!!
ഷീജിത്ത് – പിണറായി


2 Comments
👌👌👌
നന്ദി 🙏❤️