തുമ്പുകെട്ടിയിട്ട തന്റെ നീണ്ട് ഇടതൂർന്ന വെളുത്ത ഈറൻ മുടിയിൽ തുളസിക്കതിർ തിരുകി വച്ച് കയ്യിൽ പൂജാരി കൊടുത്ത പ്രസാദവുമായി ശാരദാമ്മ ധൃതിയിൽ നടന്നു.
മകൻ വിനുവിന്റെ വിവാഹം കഴിഞ്ഞ മൂന്നാം നാൾ ആണ് ഇന്ന്, മകനും മരുമകളും വീട്ടിൽ വന്നു കയറുന്ന ദിവസം.
എന്നത്തെയുംപോലെ ശാരദാമ്മ രാവിലെ അമ്പലത്തിൽ നിന്നും തൊഴുതു മടങ്ങുന്ന വഴിയാണ്.
എതിരെ പോവുന്ന കാർത്തുവും കല്യാണിയും ഭയഭക്തി ബഹുമാനത്തോടെ ചിരിച്ചു കൊണ്ട് ചോദിക്കുന്നുണ്ട്, “സുഖല്ലേ ശാരദാമ്മേ..?”
ഭർത്താവിന്റെ മരണശേഷം ശാരദാമ്മയെ മുണ്ടും നേര്യതും ധരിച്ചേ ആരും കണ്ടിട്ടുള്ളൂ. നെറ്റിയിൽ ഭസ്മക്കുറിയും കാണും. ഒരു ഐശ്വര്യദേവത തന്നെ!
എപ്പോഴും നാമജപവും പൂജയും പ്രാർത്ഥനയും ഒക്കെ ആണെങ്കിലും നാലു മക്കളും നിറയെ ജോലിക്കാരും ഉള്ള ആ വീടിന്റെ നെടുംതൂൺ ശാരദാമ്മ തന്നെയായിരുന്നു.
മൂന്നു പെൺമക്കളും ഒരാണും.
നാലു മക്കളിൽ രണ്ടാമനായിരുന്നു മകൻ വിനു. പെണ്മക്കളുടെ എല്ലാം വിവാഹശേഷമാണ് ശാരദാമ്മ മകനെ വിവാഹം കഴിപ്പിക്കുന്നത്.
പഠിപ്പും വിവരവും അച്ചടക്കവുമുള്ള സുന്ദരിയായ ഒരു പെൺകുട്ടി മരുമകളായി വീട്ടിലേക്ക് കയറി വന്നപ്പോൾ ആളുകൾ അടക്കം പറഞ്ഞു, “മഹാഭാഗ്യമുള്ള പെൺകൊച്ച്. ശാരദാമ്മയെ പോലൊരു അമ്മയുടെ മരുമകളാവാൻ കുറച്ചൊന്നും ഭാഗ്യം ഉണ്ടായാൽ പോരാ”
അങ്ങനെ പറയാൻ കാരണവുമുണ്ടായിരുന്നു. ശാരദാമ്മ അയൽവാസികൾക്കും നാട്ടുകാർക്കും അത്രയ്ക്ക് പ്രിയപ്പെട്ടവൾ, ആശ്രയിക്കുന്നവർക്ക് അത്താണി, ഇടതു കൈ അറിയാതെ വലതുകൈ കൊണ്ട് ദാനം ചെയ്തിരുന്ന മഹാമനസ്കയായ അമ്മ.
അമ്മ പറയുന്നതിനപ്പുറം മറ്റൊന്നുമില്ലാത്ത, സത്യവും മിഥ്യയും സ്വയം തിരിച്ചറിയാൻ ഒരു അവസരം പോലും ലഭിച്ചിട്ടില്ലാത്ത ശാരദാമ്മയുടെ ഒരേ ഒരു മകൻ നാട്ടുകാരുടെ കാഴ്ച്ചപ്പാടിൽ ഏറ്റവും ഭാഗ്യം ചെയ്ത ജന്മം ആയിരുന്നു.
ആ വീട്ടിലേക്കാണ് രാധിക മരുമകളായി കടന്നു വരുന്നത്.
വിവാഹശേഷം സ്വന്തം വീട്ടിൽ നിന്നും രാധികയും വിനുവും ആദ്യമായി വിനുവിന്റെ വീട്ടിലേക്ക് എത്തിയ ദിവസം. വീട് നിറയെ അതിഥികൾ.
എല്ലാവരെയും കണ്ടും സംസാരിച്ചും പരിചയപ്പെടുന്നതിനുമിടയിൽ അമ്മ മകനെ മുറിയിലേക്ക് വിളിക്കുന്നതും സ്വകാര്യമായി സംസാരിക്കുന്നതും രാധിക കണ്ടിരുന്നു. ഉടനെ തന്നെ വിനു രാധികയുടെ അടുത്തെത്തി പതിയെ പറഞ്ഞു, “നമ്മുടെ ദാ.. ആ കാണുന്ന പശുത്തൊഴുത്തിന്റെ സൈഡിലൂടെ പോകുന്ന റോഡിൽ വണ്ടി വന്ന് വൈക്കോൽ ഇറക്കി പോയിട്ടുണ്ട്. തൊഴുത്തിന് പുറകിലായി ഒരു മുറിയുണ്ട്. നീ ആ വൈക്കോൽ എടുത്ത് ആ മുറിയിലേക്ക് വയ്ക്ക്. മഴ നനഞ്ഞാൽ മൊത്തം നശിക്കും”
രാധിക പെട്ടെന്ന് ഒന്ന് പകച്ചു. വിനു അതും പറഞ്ഞു വീട്ടിൽ ഉള്ളവരോട് സംസാരിക്കുന്നതിലും സൽക്കരിക്കുന്നതിലും മുഴുകി.
അവൾ എന്ത് ചെയ്യണമെന്നറിയാതെ അൽപനേരം അങ്ങനെ തന്നെ നിന്നു. വീണ്ടും വിനു അടുത്തേക്ക് വന്ന് തൊഴുത്ത് ചൂണ്ടി കാണിച്ച് പറഞ്ഞു, “ടീ.. ദാ.. അവിടെയാണ്”
അവൾ നിശബ്ദയായി റൂമിലേക്ക് പോയി. വസ്ത്രം മാറി പതിയെ പുറത്തിറങ്ങി.
തനിക്ക് പരിചിതമല്ലാത്ത പണി. ശരീരം ചൊറിയുന്നുണ്ടെങ്കിലും അവൾ ജോലി തുടർന്നുകൊണ്ടിരുന്നു. അവസാനത്തെ വൈക്കോൽ കെട്ടും കയ്യിലെടുത്തു ഉയർത്തുമ്പോൾ ശാരദാമ്മ ചിരിച്ചു കൊണ്ട് അടുത്തെത്തി, “മോളെ നീയാണോ ഇതൊക്കെ ചെയ്യുന്നത്? എന്റെ മോൾ ഇപ്പോൾ വന്നു കയറിയതല്ലേയുള്ളൂ! മതി. കയ്യിലുള്ളത് ആ മുറിയിലേക്ക് വെച്ചിട്ട് കയ്യും മുഖവും കഴുകി വാ..”
അതിഥികളിൽ ചിലർ ഇത് കണ്ട് ശാരദാമ്മയെ വാനോളം പുകഴ്ത്തുന്നുണ്ടായിരുന്നു.
ദിവസങ്ങൾ കടന്നുപോയി. ഭർത്താവിനു ബിസിനസ്സിൽ അഭിവൃദ്ധി ഉണ്ടാവണമെങ്കിൽ ഭാര്യ വീടും പറമ്പും വൃത്തിയായി സൂക്ഷിക്കണം എന്ന് ശാരദാമ്മ എപ്പോഴും രാധികയെ ഉപദേശിച്ചു കൊണ്ടിരുന്നു.
ആ വലിയ വീട് മുഴുവൻ അടിച്ചു തുടക്കാൻ പറയുമ്പോഴും പറമ്പിലെ വിറകുകൾ അടുക്കി വച്ച് പറമ്പ് അടിച്ചുവാരി വൃത്തിയാക്കാൻ പറയുമ്പോഴുമൊക്കെ ശാരദാമ്മ ഈ തത്വോപദേശം അവളോട് ആവർത്തിച്ചു പറഞ്ഞു.
ആ വലിയ വീട്ടിലെ ജോലികളെല്ലാം തനിയെ ചെയ്ത് അവൾ തളർന്നു.
എല്ലാം കഴിഞ്ഞു ഭക്ഷണം കഴിക്കാൻ വന്നിരുന്നാൽ, പ്ലേറ്റിലേക്ക് നോക്കി പറയും, “ഇങ്ങനെ വാരിവലിച്ച് തിന്നരുത് മോളേ. ഭർത്താവിനാ അതിന്റെ ക്ഷീണം. ഇങ്ങനെ പോയാൽ വീട്ടിലെ ആണുങ്ങൾ കഷ്ടപ്പെട്ടുണ്ടാക്കുന്നതൊക്കെ നമ്മൾ പെണ്ണുങ്ങൾക്ക് തിന്നൊതുക്കാനുള്ളതേ കാണൂ.”
ആരും കേൾക്കാതെ ഇങ്ങനെ ഉപദേശിക്കുന്ന ശാരദാമ്മ പക്ഷേ മകന്റെയും മറ്റുള്ളവരുടെയും മുന്നിൽ “എന്റെ രാധികമോൾ എന്താവോ ഇങ്ങനെ ക്ഷീണിച്ചു വരുന്നേ? ഇവിടെ തിന്നാനും കുടിക്കാനും ഒന്നും ഇല്ലാഞ്ഞിട്ടല്ലല്ലോ. എന്തൊക്കെ വച്ചുണ്ടാക്കുന്ന വീടാ ഇത്.. എന്റെ ഭഗവാനെ! അത് എല്ലാതും നമ്മളൊക്കെ തന്നെയല്ലേ കഴിച്ചു തീർക്കുന്നത്! രാധികമോൾക്ക് മാത്രം ഇവിടുത്തെ ഭക്ഷണം ദേഹത്തു പിടിക്കണില്ലാ ന്നാ നിക്ക് തോന്നണേ..” എന്ന് പറയുന്നത് കേൾക്കുമ്പോൾ രാധിക അത്ഭുതത്തോടെ ആ മുഖത്തു നോക്കിയിരിക്കും.
എത്ര മനോഹരമായാണ് അമ്മ മുഖംമൂടി അണിയുന്നതും അഴിച്ചുവക്കുന്നതും എന്നവൾ ഓർക്കും.
എല്ലാ ജോലികളും ചെയ്യാനുള്ള നിർദ്ദേശങ്ങൾ ആരും കേൾക്കാതെ അവർ രാധികക്ക് കൊടുക്കുമ്പോഴും മറ്റുള്ളവരെ കാണുമ്പോൾ രാധിക അവളുടെ ഇഷ്ടത്തിന് ജോലി ചെയ്യുന്നതാണെന്ന് വരുത്തി തീർക്കാൻ സ്നേഹം കൊണ്ട് അവളെ കുറ്റപ്പെടുത്തുന്ന നല്ലവളായ അമ്മായിയമ്മയായി അഭിനയിച്ചുകൊണ്ടിരുന്നു.
“ശാരദാമ്മ അമ്മായിയമ്മയല്ല, അമ്മ തന്നെയാ..” എന്ന് അയല്പക്കത്തെ ആൺമക്കളും “നിങ്ങളുടെ അമ്മയോട് ശാരദാമ്മയെ കണ്ടു പഠിക്കാൻ പറയ്” എന്ന് അയൽപക്കത്തെ മരുമക്കളും കുശുകുശുക്കുമായിരുന്നു.
അതുകൊണ്ടുതന്നെ രാധികയ്‌ക്ക് നിശബ്ദയാവാതെ തരമില്ലെന്നായി. അവൾ അമ്മയെ കുറ്റപ്പെടുത്തിയാൽ കേൾക്കുന്നവർ ആരും സ്വന്തം കണ്ണുകളേക്കാൾ അവളുടെ വാക്കുകളെ വിശ്വസിക്കാൻ പോണില്ലല്ലോ. മാത്രമല്ല അമ്മയ്ക്കെതിരെ ഒരു വാക്കു പറഞ്ഞാൽ ആ അമ്മയുടെ നാല് മക്കളും ഒത്തൊരുമിച്ചു അവളെ ജീവനോടെ കുഴിച്ചുമൂടുമെന്ന് അവൾക്കറിയാമായിരുന്നു.
അങ്ങനെ വർഷങ്ങൾ കുറെ കടന്നുപോയി. രാധിക സ്വന്തം ഇഷ്ടത്തോടെ ആ വീട്ടിലെ വേലക്കാരികളെ മുഴുവനും പറഞ്ഞുവിട്ട് എല്ലാ ജോലികളും സ്വയം ഏറ്റെടുത്ത് ചെയ്ത് വിശ്രമമില്ലാതെ ജീവിക്കുന്ന സൽസ്വഭാവിയായ മരുമകളായി നാടൊട്ടും അറിയപ്പെട്ടു.
മരുമകൾക്ക് മുഴുവൻ സ്വാതന്ത്ര്യവും അനുവദിച്ചു കൊടുത്ത് പൂജയും വഴിപാടും നടത്തി മക്കൾക്ക് നല്ലതിന് പ്രാർത്ഥിച്ച് മുറിയിലൊതുങ്ങിയ നല്ലവളായ അമ്മ എന്ന ഖ്യാതിയിൽ ശാരദാമ്മ നാട്ടിലുള്ളവർക്ക് പിന്നെയും പ്രിയങ്കരിയായി.
എല്ലാമറിഞ്ഞിട്ടോ ഒന്നുമറിയാതെയോ എന്നറിയില്ല, വിനു അമ്മയെ പൂജിച്ചു ഭാര്യയുടെ തലയിണസ്വകാര്യങ്ങൾക്കും ദുഃഖങ്ങൾക്കും ചെവികൊടുക്കാതെ, നല്ലൊരു ഭർത്താവും അച്ഛനും ആവുന്നതല്ല ആണത്തം, മറിച്ച് നല്ലൊരു മകനും സഹോദരനും അമ്മാവനും ആവുന്നതിൽ ആണെന്ന് സ്വയം പ്രഖ്യാപിച്ച് നല്ലവനിൽ നല്ലവനായി മാറി.
കാലം എത്ര പുരോഗമിച്ചാലും ഇങ്ങനെ കുറെ ജീവിതങ്ങൾ ഭൂമിയിൽ എല്ലാ കാലത്തും എവിടെയെങ്കിലും ഒക്കെ ഉറക്കെ ഒന്ന് ഒച്ച വെക്കാനാവാതെ ജീവിച്ച് തീർക്കുന്നുണ്ടാവും.
മറ്റു ചിലർ അവരുടെ അതിബുദ്ധിയാൽ തീർത്ത മുഖമൂടിയ്ക്കുള്ളിൽ നല്ല പിള്ള ചമഞ്ഞു നേടുന്ന സൽപ്പേരോടെ എക്കാലത്തും സുരക്ഷിതരും ആയിരിക്കും.
©shafia
#എന്റെരചന
#മുഖംമൂടികൾ


11 Comments
ഇതുപോലെ ഉള്ളവർ, അഭിനയിക്കുന്നവരും അനുഭവിക്കുന്നവരും ഒരുപാട് ഉണ്ട്..
നന്നായി എഴുതി 😍👍🏻
നന്നായെഴുതി👍❤️
Nice
നന്നായി എഴുതി. പക്ഷേ ക്ഷമയുടെ ഒരു അവസാനഘട്ടം ഏതൊരു പെണ്ണിനും വരും. അവിടെ അവൾ അവളുടെ മുഖംമൂടിയില്ലാത്ത സ്വന്തം മുഖത്തെ തിരിച്ചറിയണം.
ചില ജീവിതക്കാഴ്ചകൾ.. നന്നായി എഴുതി..
ഇത്തരം ശാരദാമ്മമാരെ അനുസരിക്കുന്ന മരുമകളോടു തോന്നിയത് സഹതാപത്തേക്കാൾ കൂടുതൽ പുച്ഛമാണ്.
നന്നായി എഴുതി. മുഖമൂടികൾ വലിച്ചു കീറി ജീവിക്കുക എന്നൊരു സന്ദേശമുണ്ടതിൽ.👌
ഇത്തരം അമ്മായിയമ്മമാർ ധാരാളം ഉണ്ടായത് കോണ്ടാവും ഇപ്പോഴത്തെ പെൺകുട്ടികൾക്ക് കല്യാണം വേണ്ടാത്തത്…!കൈയിൽ കാശുണ്ടെങ്കിൽ സ്വന്തം ചിറകുകൾ കൊണ്ട്ഇ ഷ്ടംപോലെ പറക്കാമല്ലോയെന്ന് ഇനി പഠിപ്പിക്കേണ്ട… വിവാഹ ജീവിതത്തിന്റെ മനോഹാരിത നുണകൾ കൊണ്ട് മെനഞ്ഞാലും അവർ ചിരിക്കും.. കൂട്ടിലടക്കാൻ ഉള്ള വിദ്യ കൈയിലിരിക്കട്ടെ എന്നാണ് ആ ചിരിയുടെ അർത്ഥം..
നല്ല കഥ ❤️
super
അഴിഞ്ഞു വീഴാത്ത മുഖം മൂടികൾ തന്നെ… നല്ല കഥ shafia…വേറെ ഏതെങ്കിലും ഗ്രൂപ്പിൽ ഉണ്ടോ ഷാഫിയയുടെ കഥകൾ
ഇങ്ങനെ മുഖം മൂടിയണിയുന്ന എത്രയോ പേരുണ്ട് അല്ലേ?
നല്ല കഥ❤️👌🌹