മുഖംമൂടികൾ ➖ ചെറുകഥ ———- അനിത ജഗന്നാഥ്
മഴവീണു നനഞ്ഞ കൊന്നപ്പൂക്കളാണ് മുറ്റം നിറയേ. അമ്മയുടെ ആവലാതികൾക്ക് ഒരു കാരണം ഇതാവും ഇന്ന്. അമ്മയ്‌ക്ക് എന്തിനും പരാതികളാണ്. പത്രക്കാരൻ പയ്യൻ പത്രം പൂത്തുനിന്ന തക്കാളി തൈയുടെ മുകളിലേക്കിട്ടു, കൊന്നപ്പൂക്കൾ കാരണം മുറ്റമടിച്ചു നടുവൊടിഞ്ഞു, അപ്പുറത്തെ ഗൾഫ് കാരൻ കാരണം കായ്ച്ചു തുടങ്ങിയ തൈത്തെങ്ങിൻറെ കുലയോടിഞ്ഞു വീണു… അവസാനിക്കാത്ത പരാതികൾ. എല്ലാം മൂളിക്കേൾക്കും. അമ്മ എന്നും അങ്ങനെയാണ്. ഒന്നിനും തൃപ്തിയില്ല. എതിര് പറഞ്ഞാൽ തീർന്നു. അച്ഛനില്ലാതെ വളർത്തി വലുതാക്കിയതിന്റെ കണക്കുപുസ്‌തകം തുറക്കും.
അച്ഛനുള്ളപ്പോഴും ഇതൊക്കെ തന്നെയായിരുന്നു. കാരണങ്ങൾ വേറെയെന്നു മാത്രം. വടക്കേമുറ്റത്തെ പുളിഞ്ചോട്ടിൽ ഒരു ചുവന്ന കാർ. ആരാവും വിരുന്നുകാർ. ഒരാഴ്‌ചത്തെ ക്ഷീണംമുഴുവനുണ്ട്. ഉറക്കം എന്ന ആഢംബരം തീരുമോ?
വാതിൽ തുറന്ന അമ്മയുടെ മുഖം കണ്ടപ്പോഴേ ഊഹിച്ചു, പ്രശ്നം നിസ്സാരമല്ല. ‘ആരാ വന്നതെന്ന’ ചോദ്യം മറുപടിയില്ലാതെ വായുവിൽ കറങ്ങി നിന്നു. വാതിക്കൽ പ്രത്യക്ഷപ്പെട്ട ചിറ്റയുടെ മകൾ അനുകൂട്ടി ‘മിണ്ടേണ്ട’ എന്ന് കണ്ണിറുക്കി കാണിച്ചു.
കിണറ്റിന്കരയിലെ വെള്ള മന്ദാരത്തിൻറെ ചോട്ടിൽവെച്ചാണ് ബാക്കി വിശേഷ മറിഞ്ഞത്. പല്ലവിയമ്മായി തിരിച്ചെത്തിയിരിക്കുന്നു.
“അമ്മയും വലിയമ്മയും മൂത്തമ്മായിയും കൂടി എന്തൊക്കെയോ പറഞ്ഞു” അനുകുട്ടി വല്ലായ്മയോടെ പറഞ്ഞു.
‘പല്ലവിയമ്മായി ഒന്നും മിണ്ടാതെ വായിച്ചുകൊണ്ടിരുന്നിട്ടുണ്ടാവും’ എന്ന വാചകം അത്ഭുതത്തോടെയാണ് അനു ശ്രദ്ധിച്ചത്.
ചേച്ചിയെങ്ങനെ അറിഞ്ഞെന്ന ചോദ്യം ആ മുഖത്തുണ്ടായിരുന്നു. പത്തുവര്ഷങ്ങള്ക്കു മുന്പ് അവരിറങ്ങി പോകുമ്പോഴും ഇവിടെ ഇതായിരുന്നു അവസ്ഥ.
അന്നത്തെ പതിമൂന്നുകാരിക്ക് ഒരത്ഭുതമായിരുന്നു പല്ലവിയമ്മായി. പരാതിയും പരിഭവങ്ങളും നുണപറച്ചിലും നിറഞ്ഞിരുന്ന അമ്മ, ചിറ്റമ്മ, അമ്മായി സഖ്യത്തിന്റെ മൂവന്തി ചർച്ചകൾ മാത്രം കേട്ട് ശീലിച്ചിരുന്ന തനിക്കു വേറൊരു ലോകം തുറന്നു തന്നത് അമ്മായിയായിരുന്നു. അപ്രാപ്യമായിരുന്ന വേറൊരു ലോകം. കഥകളുടെ ലോകം, പുസ്‌തകങ്ങളുടെ ലോകം… റഷ്യൻ കഥകൾ അമ്മായിക്ക് പറഞ്ഞുതരാൻ ഇഷ്ടമായിരുന്നു. ഇംഗ്ലീഷ് കോമിക് പുസ്‌തകങ്ങളിൽ തിളങ്ങുന്ന പേജുകൾ ജീവിതത്തിലും ഏറെ തിളക്കങ്ങൾ നൽകി. വായനയിലേക്കും
വരകളിലേക്കും വാക്കുകളിലേക്കും നടന്നു കയറിയത് ആ വിരലുകളിൽ തൂങ്ങിയായിരുന്നു.
ഒരു പെരുമഴക്കാലത്താണ് പല്ലവിയമ്മായി ഹരിമാമൻറെ ഒപ്പം എത്തിയത് – നിറഞ്ഞ ചിരിയോടെ-. പെരുമഴയത്തും ഹരിമാമൻ വിയർക്കുന്നുണ്ടായിരുന്നു. ഭിന്നശക്തികളായിരുന്ന അമ്മയും ചിറ്റമ്മയും അമ്മായിയും പൊതുശത്രുവിനെ നേരിടാൻ ഒരുമിച്ചതും അന്നായിരുന്നു. കണങ്കാലിന് മുകളിൽ നിൽക്കുന്ന കണ്ണാടി പിടിപ്പിച്ച രാജസ്ഥാനി പാവാടയും ചുവന്ന ഉടുപ്പും അണിഞ്ഞ വധുവിനെ ആദ്യമായി കാണുകയായിരുന്നു. ഉറഞ്ഞുതുള്ളിയ അമ്മയെന്ന സൈന്യാധിപന്റെയും അനുയായികളുടെയും ആക്രമണത്തിൽ പതറാതെ അമ്മായി വലതുകാലെടുത്തു വച്ചു അകത്തുകയറി – വിറയ്ക്കുന്ന കാലുകളോടെ അമ്മാവനും.
പോർവിളികൾ, ഒളിയുദ്ധങ്ങൾ. അമ്മായി, പക്ഷെ ഒന്നും ഭാവിക്കാതെ എല്ലാവരോടും കുശലം ചോദിച്ചു. അടുക്കളപ്പണികൾ ഏറ്റെടുത്തു. ഏറെനേരം വായിച്ചു. കഥകൾ പറഞ്ഞു തന്നു. കണ്ണ് ഒരിക്കലും നിറഞ്ഞു കണ്ടില്ല. കണക്കുപുസ്‌തകങ്ങളിലെ കൂർത്ത ചോദ്യങ്ങളിൽ പലപ്പോഴും ഹരിമാമൻ പെൺപടയുടെ മുൻപിൽ അടിയറവു പറഞ്ഞു.
രാത്രിയിൽ തൊട്ടടുത്തുള്ള ഹരിമാമന്റെ മുറിയിൽ നിന്നും ചിരികൾ ഉയരാതെയായി. ഹരിമാമന്റെ സ്വരം ഉയർന്നുകേൾക്കാൻ തുടങ്ങി.
പല്ലവിയമ്മായിയുടെ വാക്കുകളിൽ, നോട്ടങ്ങളിൽ, നടപ്പിൽ, ഇരുപ്പിൽ. പരാതികൾ കണ്ടുപിടിക്കപ്പെട്ടു. അമ്മാവന്റെ മൗനം തീർച്ചയായും അമ്മായിയുടെ മനസ്സിൽ നെരിപ്പോടുകൾ തെളിയിച്ചുകാണണം. മുറ്റത്തെ മാവിൻചുവടായിരുന്നു അമ്മായിയുടെ അഭയം. ഒരു പുസ്‌തകവുമായി അമ്മായി മനസ്സിലെ കരടുകളെ കളഞ്ഞു. ഒരിക്കൽപോലും അമ്മായിയുടെ സ്വരം ഉയർന്നുകേട്ടില്ല. പരിഭവിച്ചില്ല. കരഞ്ഞില്ല. ആ മനസ്സിലേക്ക് വലിച്ചെറിയപ്പെട്ട കല്ലുകളൊക്കവേ നാത്തൂൻപോരിന്റെ വന്മതിൽ തകർത്തു തിരികെ എത്തിയത് കണ്ടു പെൺപട പുതിയ പുതിയ ആയുധങ്ങൾ തിരഞ്ഞു. കണ്ണ് നിറഞ്ഞതു, വേദനിച്ചത് ഒക്കെ തന്റെ കുഞ്ഞുമനസ്സിനായിരുന്നു.
ഒരു രാത്രി ഒരുകെട്ട് പുസ്‌തകങ്ങൾ തനിക്കു സമ്മാനിച്ചു, അവർ ആ പടിയിറങ്ങിയപ്പോൾ യാത്ര പറഞ്ഞു കവിളിൽ ഒരു നനുത്ത മുത്തം നൽകി പിരിയുമ്പോൾ ആദ്യമായി ആ നനഞ്ഞ കവിൾത്തടം തിരിച്ചറിഞ്ഞു. ജനാല കമ്പിയിൽ പിടിച്ചു ദൈന്യതയോടെ നിന്ന ഹരിയമ്മാവനെ അവർ തിരിഞ്ഞു നോക്കിയതേയില്ല. യുദ്ധം ജയിച്ച സന്തോഷത്തിൽ പെൺപട പിന്നീട് പൊന്നാങ്ങളെയെ പുതിയ മണവാളൻ ആക്കാനുള്ള ശ്രമത്തിലായി. ‘തറവാട്ടിൽ പിറന്ന, അടക്കവും ഒതുക്കവും ഉള്ള പരിഷ്‌ക്കരിയല്ലാത്ത’, വധുവിനെ തിരഞ്ഞുതുടങ്ങി. ഒന്നിനും ഹരിയമ്മാവന്റെ പിന്തുണ കിട്ടാതായതോടെ പെൺപട പഴയതുപോലെ സഖ്യം ഉപേക്ഷിച്ചു തമ്മിൽ തല്ലാൻ തുടങ്ങി.
പല്ലവിയമ്മായി മനസ്സിൽ അതേ തിളക്കത്തോടെ തന്നെ നിന്നു. വല്ലപ്പോഴും വരുന്ന കത്തുകൾ ഒരുതരം ആത്മാഭിമാനത്തോടെയാണ് വാങ്ങിയതും വായിച്ചതും. എടുത്തുപറയ്‌ക്കത്ത ഒരു പ്രത്യേകതയും ഇല്ലാത്ത നാടൻ പെൺകുട്ടിക്ക് അന്യനാട്ടിൽ നിന്നും താനാരാധിക്കുന്ന അവരിൽ നിന്നും ഒരു പരിഗണന കിട്ടുകയായിരുന്നല്ലോ ? ‘വായനയുടെയും എഴുത്തിന്റെയും ഇത്തിരി അസുഖമുള്ള ” അമ്മയുടെയും മറ്റുള്ളവരുടെയും കണ്ണിൽ കരടായി ആ പതിമൂന്നുകാരിക്ക് ഇത് ഒരു സ്വകാര്യ അഹങ്കാരം തന്നെയായിരുന്നു
ഈ ആശയവിനിമയങ്ങൾ ഹരിയമ്മാവൻ അറിഞ്ഞിരുന്നുവെന്നു മനസ്സിലായത് അമ്മാവനുമൊത്തുള്ള ഒരു യാത്രയിലായിരുന്നു. ഹോസ്റ്റലിലേക്കുള്ള ആദ്യത്തെ യാത്രയിലായിരുന്നു അത്. ‘റിസൾട്ട് അറിഞ്ഞപ്പോൾ പല്ലവിയമ്മയ്ക്കു സന്തോഷമായില്ലേ ‘ എന്ന വാക്കുകൾ ഏറ്റവും സാധാരണമട്ടിൽ ചോദിച്ചെങ്കിലും ആ മുഖത്തെ ചുവപ്പും പകപ്പും, എന്ത് മറുപടിനൽകണമെന്നറിയാത്ത വെപ്രാളത്തിലാക്കിയിരുന്നു. പറഞ്ഞതെന്തെന്ന് ഇന്നും ഓർമയില്ല. തിരിച്ചു പോരുമ്പോൾ, ‘എന്നെ തിരക്കാറുണ്ടോ ‘ എന്ന നേർത്ത ചോദ്യത്തിന് ‘ആര് ‘ എന്ന മറുചോദ്യത്തിൽ കുരുക്കിയപ്പോൾ ഉള്ളിൽ അന്ന് തോന്നിയത് അരിശമായിരുന്നു. പിന്നീട് ചോദ്യങ്ങളോ ഉത്തരങ്ങളോ തമ്മിൽ ഉണ്ടായിട്ടുമില്ല ഹരിയമ്മാവന്റെ മരണം വരെ.
ഹരിയമ്മാവൻ പിന്നീട് ജീവിച്ചത് ആർക്കും ഹിതകരമായ രീതിയിലായിരുന്നില്ല. എന്തോക്കെയോ ബിസിനസ്സുകൾ ചെയ്തു. മിക്കതും പരാജയപ്പെട്ടു. ഇടയ്ക്കിടെ എവിടേക്കൊക്കെയോ യാത്ര ചെയ്തു. വീട്ടിലെ ഭാഗം വെയ്പ്പ് കഴിഞ്ഞതോടെ ഹരിയമ്മാവൻ അമ്മയ്ക്കും മറ്റുള്ളവർക്കും ശത്രുവായി. പ്രതീക്ഷിച്ചതു പോലെ അമ്മാവന്റെ വീതം പെങ്ങമ്മാർക്ക് എഴുതിവെച്ചില്ല. വർഷങ്ങൾ പോയതോടെ ഹരിയമ്മാവൻ തന്നെ വിസ്മൃതിയിലായി. വീണ്ടും പല്ലവിയമ്മായിയുടെ വരവ് അമ്മയുടെ സ്വപ്നങ്ങളിലാണ് കത്തിവെച്ചത്.
അമ്മായിക്ക് വലിയ മാറ്റമൊന്നുമുണ്ടായിരുന്നില്ല. നര കയറി തുടങ്ങിയിരുന്നു എന്ന് മാത്രം, ഇടയ്കെന്നോ കത്തുകൾ നിലച്ചിരുന്നു. പിന്നീട് കാണുന്നതും അറിയുന്നതും ഇന്നാണ്. അമ്മയോട് ഇടഞ്ഞു സംഘടിപ്പിച്ച ദോശയും സാമ്പാറും ആസ്വദിച്ചു കഴിച്ചുകൊണ്ടിരിക്കുമ്പോൾ അമ്മായി ചിരിച്ചു.
‘ നിന്റെ അമ്മയുടെ കൈപ്പുണ്യം അതെ പോലുണ്ട്. നാക്കിന്റെ വീര്യവും. ‘
വല്ലായ്മ തോന്നി.
“നീ വിഷമിക്കേണ്ട” പല്ലവിയമ്മായി ആശ്വസിപ്പിച്ചു.
“വരണമോ വേണ്ടയോ എന്ന് ഒരുപാടാലോചിച്ചു.” അവർ ആലോചനയിലാണ്ടു.
ഹരിക്കുവേണ്ടി ഒന്നുകൂടി തിരിച്ചുവരണം എന്ന് തോന്നി. ഹരിയുറങ്ങുന്ന മണ്ണിലേക്ക് ഒരവസാനവരവ്.
“അമ്മാവൻ അമ്മായിയെ വീണ്ടും കണ്ടിരുന്നുവല്ലേ?” അവർ ഒന്ന് മൂളി.
ഈയിടെയായി ആ ഒരു സംശയം ഉണ്ടായിത്തുടങ്ങിയിരുന്നു തനിക്കും. കൗമാരത്തിന്റെ പക്വത കുറവിലാവാം അന്ന് ഈ ഒരു സംശയം ഉണ്ടാവാതിരുന്നത്.
“ഹരി ബന്ധങ്ങളുടെ കുരുക്കിലായിരുന്നു. അവ പൊട്ടിച്ചെറിയാൻ ഒരിക്കലും ആവശ്യപ്പെട്ടിട്ടുമില്ലായിരുന്നു. ഒരു ഭീരുവിനെപോലെ ഒളിച്ചുള്ള വരവുകളും. ഹരിക്കു താനില്ലാതെ പൂർണനാവാനും കഴിയുമായിരുന്നില്ല.”
അപ്രതീക്ഷിതമായി തൻ്റെ തോളിലേക്ക്‌ചാഞ്ഞവർ വിങ്ങിപ്പോയി. വാക്കുകളുടെയും, വിഷാദത്തിന്റെയും ഒഴുക്കിനെ തടഞ്ഞില്ല.
രാവിലെ തിരിച്ചുപോക്കിന്റെ ഒരു വേദന അവരിൽ പ്രകടമായിരുന്നു. പൊതിച്ചോറുമായി എത്തിയ അമ്മയായിരുന്നു ഏറെ അത്ഭുതപ്പെടുത്തിയത്.
“ഇലയിലെ ചോറ് നിനക്കിഷ്ടമായിരുന്നെന്ന് ഒരിക്കൽ ഹരി പറഞ്ഞിരുന്നു”എന്ന അമ്മവചനം അമ്മായിയുടെ മുഖത്ത് നനവ് പരത്തി.
നീണ്ടുവന്ന കൈയിലെ ഒരു കെട്ട് നോട്ടുകൾ നിർബന്ധപൂർവം തിരിച്ചേൽപ്പിക്കുമ്പോൾ അമ്മയുടെ മുഖത്തു കണ്ടത് കലർപ്പില്ലാത്ത സ്നേഹമെന്നു അത്ഭുതത്തോടെ തിരിച്ചറിഞ്ഞു. “ഇതുവാങ്ങിയാൽ ഞാൻ ഇനിയും ചെറുതാകുമെന്നു ‘അമ്മയുടെ മന്ത്രണം. അമ്മയെ ഇനിയും അറിയാനുണ്ടല്ലോ എന്ന് മനസ്സിൽ പതിപ്പിച്ചു.
#എന്റെ രചന #കൂട്ടക്ഷരങ്ങൾ


8 Comments
ഹൃദ്യം, മനോഹരം… 😍😍വായനാസുഖം ഓരോ വരിയിലും നിറഞ്ഞു നിന്നു. 👍🏻😍
ഹൃദ്യം👍❤️
മനോഹരം❤️🌹👌
മനോഹരം 👌
നന്നായി 👍💕
❤️❤️
മനോഹരം. ബന്ധങ്ങളുടെ ബന്ധനങ്ങൾ ഉള്ളിലെവിടെയോ നോവായി…
നല്ല കഥ.❤. ചില ബന്ധങ്ങൾ, കുരുക്കി കളയുന്ന ജീവിതങ്ങൾ.
മികച്ച അവതരണം 👌.