സ്വയം കണ്ട് രസിക്കാൻ ഒരുക്കിയ വിശാലമായ കണ്ണാടിയിൽ നോക്കി നിൽക്കുമ്പോൾ ചിരി വന്ന് പോയി. പക്ഷെ അങ്ങനെ ചിരിച്ചു കൂടാ, ചിരി പരിഹാസ ഛവി ഉള്ളതായാൽ അത് രാജനിന്ദ. രാജൻ താൻ തന്നെയെങ്കിലും നിന്ദ ശിക്ഷാർഹം!
ശയനമുറിയിൽ ഏകനാകുന്ന ഇത്തരം അപൂർവ്വനിമിഷങ്ങളിലാണ് താൻ സ്വയം അവലോകനം നടത്താറ്, ആത്മവിശകലനം ചെയ്യാറ്. ബാക്കി സമയങ്ങളിൽ താൻ രാജാവാണ്, അതിലുപരി പരാക്രമിയായ അസുരനാണ്. മൃദുലവികാരങ്ങളില്ലാത്ത, പത്ത് തലകളുള്ള, കുശാഗ്രബുദ്ധിയായ, കഠോരഹൃദയൻ.
പത്ത് തലച്ചോറുകളുടെ ബുദ്ധി ഉണ്ടെങ്കിലും തനിക്കൊരു ഹൃദയമേ ഉള്ളു എന്നാരുമറിയുന്നില്ല!
തനിക്കുമുണ്ട് ഏതൊരാളെയും പോലെ സ്നേഹവും കരുണയും ദുഖവും ഒക്കെ. പക്ഷെ അതൊന്നും പ്രകടിപിച്ചുകൂടാ. ഒരസുരരാജൻ ശക്തിയും ധാർഷ്ട്യവും മാത്രമേ പ്രകടിപ്പിക്കാവൂ. പോരാത്തതിന് തന്റെ ജനനോദ്ദേശ്യം തന്നെ കീഴടങ്ങലാണ്. കീഴടങ്ങുന്നത് എപ്പോളും തിന്മ ആവണം. നന്മ വിജയിക്കാൻ ഉള്ളതാണല്ലോ. അതുകൊണ്ടുതന്നെ അറിഞ്ഞുകൊണ്ട് തിന്മയുടെ വേഷം കെട്ടിയാടാൻ വിധിക്കപ്പെട്ടവൻ ആണ് താൻ. നാലു വേദങ്ങളും ആറ് ശാസ്ത്രങ്ങളും മനഃപാഠമാക്കിയ, പതിനോരായിരം സംവത്സരങ്ങൾ ഗോകർണ പർവതത്തിനു മുകളിൽ തപസ്സിരുന്ന് ബ്രഹ്മ ദേവനെ പ്രത്യക്ഷപ്പെടുത്തിയ, ശിവതാണ്ഡവ സ്തോത്രം ദിനംപ്രതി ഉരുവിടുന്ന തനിക്കറിയാം തിന്മയെ തലമുറകൾ ശപിക്കുമെന്ന്. എന്നാൽ തലമുറകൾക്ക് അപ്പുറവും ഗുരുക്കന്മാർക്ക് തങ്ങളുടെ ശിഷ്യർക്ക് നേർവഴി കാണിച്ചു കൊടുക്കാൻ സോദാഹരണം വിസ്തരിക്കാവുന്ന ഒരു കഥയായി താൻ അവശേഷിച്ചേ തീരൂ; തിന്മ പരാജയം ആണെന്ന് തെളിയിക്കുന്ന കഥ.
പണ്ട് പണ്ടെന്നോ ജയ വിജയന്മാർ എന്ന ഇരട്ട സഹോദരന്മാർ ചെയ്ത ഒരു അബദ്ധമാണ് തന്റെ ജന്മമത്രെ. കുഞ്ഞുനാളിൽ കൊട്ടാരം വക ജോത്സ്യനും അമ്മയുമായുള്ള സംഭാഷണത്തിൽ നിന്ന് പിടിച്ചെടുത്തതാണ് അക്കഥ. വൈകുണ്ഠത്തിലെ ദ്വാരപാലകരായിരുന്ന ജയ വിജയന്മാർ അവിടേക്ക് വന്ന സനതകുമാരന്മാരെ ചെറു ബാലകരെന്ന് തെറ്റിദ്ധരിച്ച് അകത്തു കയറാൻ സമ്മതിക്കാഞ്ഞതിന് നൽകിയ ശാപം. ചെറുബാലകരുടെ വേഷം ധരിച്ചുവന്ന സനതകുമാരന്മാർ അല്ലേ തെറ്റ് ചെയ്തത്? തങ്ങൾ എങ്ങനെ വന്നാലും കാണുന്നവരെല്ലാം തിരിച്ചറിഞ്ഞ് താണു വണങ്ങണം എന്ന ശാഠ്യം അഹന്ത അല്ലാതെ മറ്റെന്താണ്? അങ്ങനെയുള്ളവരൊക്കെ ശപിക്കുമ്പോൾ അത് ഏൽക്കുന്നത് എന്ത് നീതികേടാണ്!ഇതൊക്കെയോർത്ത് അന്നേ തന്റെ കുഞ്ഞുമനസ് തേങ്ങിയതാണ്. ആരോട് പറയാൻ.
ഭൂമിയിൽ പിറവിയെടുക്കട്ടെ എന്നതാണ് ശാപം. സഹോദരനായി ജനിച്ച കുംഭകർണ്ണന് ഈ വക യാതൊരു ചിന്തയുമില്ല. ഈ കഥ ഒളിഞ്ഞുനിന്നു കേട്ട വശം താൻ അവനോടാണ് കണ്ണീരോടെ വിവരിച്ചത്. കണ്ണുമിഴിച്ചു കേട്ടു നിന്നു എന്നല്ലാതെ യാതൊരു ഭാവഭേദവും ഉണ്ടായില്ല. അല്ലെങ്കിലും അവന് ഭക്ഷണം കഴിക്കലും ഉറങ്ങലും അല്ലാതെ മറ്റെന്തെങ്കിലും ചിന്തയുണ്ടോ ആവോ?
സനതകുമാരന്മാരുടെ ശാപം ഏറ്റു കരഞ്ഞു തളർന്നിരുന്നു പോയ ജയ വിജയന്മാർക്ക് മഹാവിഷ്ണു കൊടുത്ത ആശ്വാസവചനങ്ങൾ ആണ് അതിവിചിത്രം. പ്രഹേളികകൾ രചിക്കാൻ ഇവർക്കൊക്കെ എന്ത് കഴിവാണ്. ശാപം വേണ്ടെന്നു വയ്ക്കാൻ കഴിയില്ല. രണ്ടു മാർഗ്ഗങ്ങൾ പറഞ്ഞുതന്നത് ഇപ്രകാരം: ഏഴ് ജന്മമെടുത്ത് ഒടുവിൽ മടങ്ങാം വൈകുണ്ഡത്തിലേക്ക്; വിഷ്ണു ഭക്തരായ ഏഴ് ജന്മങ്ങൾ. അല്ലെങ്കിൽ മൂന്നു ജന്മം എടുത്തു മടങ്ങാം, കൂടുതൽ കരുത്ത് ആയിരിക്കും; പക്ഷേ വിഷ്ണു ഭക്തരായിരിക്കില്ല. മറിച്ച് വിഷ്ണുവിനാൽ വധിക്കപ്പെടുന്നവർ ആയിരിക്കും. ഭഗവാന്റെ സമക്ഷത്തിലേക്ക് തിരിച്ചെത്താൻ ഉള്ള വ്യഗ്രതയിൽ മൂന്നു ജന്മം മതി എന്ന് പറഞ്ഞു കളഞ്ഞു കുമാരന്മാർ. അത് ഭഗവത് ഭക്തിയിൽ ആണെങ്കിലും മൂന്ന് ജന്മം നരകജന്മം ആയിരിക്കുമെന്ന് ഓർത്തില്ലല്ലോ! സത്യയുഗത്തിലെ ഒന്നാം ജന്മം കഴിഞ്ഞത്രേ. ഹിരണ്യകശ്യപുവും ഹിരണ്യക്ഷനും ആയി. ഇത് രണ്ടാം ജന്മം . ഓർത്തോർത്ത് കരയാൻ അല്ലാതെ എന്ത് ചെയ്യാൻ. ഒടുവിലാണ് ശിവ ഭക്തനായത്. തൻറെ കൂടെ തപസ്സനുഷ്ഠിക്കാൻ വിഭീഷണനൊപ്പം കുംഭകർണ്ണനും പോന്നതിൽ അത്ഭുതം തോന്നി. ഇടയ്ക്കൊക്കെ തോന്നും ഈ ജന്മം അവസാനിപ്പിക്കാൻ അവൻ സ്വയം കണ്ടുപിടിച്ച ഒരു ഉപാധിയാണ് അമിതഭോജനം എന്ന്.
തപസ്സിരുന്ന ദീർഘ വർഷങ്ങൾ ഇന്നലെ എന്നപോലെ ഓർക്കുന്നു. ഒരു വേള തങ്ങളുടെ മനസ്സലിഞ്ഞ് വിഷ്ണു ഭഗവാൻ തിരിച്ചു വിളിച്ചാലോ എന്നൊരു സ്വാർത്ഥ ചിന്തയും ഉണ്ടായിരുന്നു. ഒന്നുമുണ്ടായില്ല. ഒടുവിൽ ബ്രഹ്മദേവൻ വരം തന്നു; ഒരു മനുഷ്യനാൽ മാത്രമേ താൻ വധിക്കപ്പെടുള്ളൂവെന്ന്. ഇന്നിതാ ശ്രീ മഹാവിഷ്ണു മനുഷ്യജന്മം എടുത്ത് വന്നിരിക്കുകയാണ്, തന്റെ കൊട്ടാരത്തിന് പുറത്ത്. ഈ പത്ത് തലകളും ഛേദിച്ച് ഈ ജന്മത്തിൽ നിന്ന് മുക്തി നൽകാൻ.
ഈയൊരു അവസരത്തിനായി ആണല്ലോ താൻ ഇത്രയും കാത്തിരുന്നത്. എല്ലാം തന്റെ ഇച്ഛയ്ക്ക് അനുസരിച്ച് വന്നു.
കൈകേയി രാജ്ഞിയുടെ മനസ്സിൽ മന്ഥരയാൽ വിഷം കുത്തിവെപ്പിച്ച് രാമനെ കാനനത്തിലേക്ക് അയക്കാനും, കൊട്ടാരം ത്യജിക്കാൻ സീതാദേവിയുടെ മനസ്സിൽ തോന്നിപ്പിച്ചതും ത
ൻറെ തപശക്തി. മാരീചനെ മാനായി വിട്ട് സീതാദേവിയെ അപഹരിക്കാൻ വഴിയൊരുക്കാൻ മാരീചനോട് അവൻറെ ജന്മോദ്ദേശ്ശ്യം വിവരിക്കേണ്ടി വന്നു. സീതാദേവിയെ ഒരു പോറലും ഏൽപ്പിക്കാതെ സുരക്ഷിതയായി പാർപ്പിച്ചിരിക്കുന്നത് എന്തേ എന്ന് അന്തപുരത്തിൽ ഒരു അടക്കം പറച്ചിൽ ഉണ്ടായിരുന്നു. മണ്ഡോദരി ഒരിക്കൽ ആ വിഷയം പറയാതെ പറയുകയും ചെയ്തു. കൂടുതൽ ചോദ്യം ചെയ്യലിന് വഴി കൊടുക്കാതെ അവളുടെ വായടപ്പിക്കാൻ തന്റെ സ്വതസിദ്ധമായ മുൻശുണ്ഠിയെ തന്നെ കൂട്ടുപിടിച്ചു. ജനക രാജാവിൻറെ വളർത്തുപുത്രി തന്റെ കൊട്ടാരത്തിൽ യാതൊരു വിഷമവും കൂടാതെ ഇരിക്കണമെന്നത് തനിക്ക് നിർബന്ധമായിരുന്നു. പ്രവചനം കേട്ട് ഭയന്ന് സമുദ്രത്തിലേക്ക് ഒഴുക്കിയ പെട്ടിയിൽ ഉണ്ടായിരുന്ന തങ്ങളുടെ സ്വന്തം പുത്രിയാണ് ശിംശിപവനത്തിൽ ഇരിക്കുന്ന സീതാദേവി എന്ന് മണ്ഡോദരിയോട് തനിക്ക് പറയാനാവില്ലല്ലോ!
പടിയിറങ്ങുകയാണ്; ഈ കൊട്ടാരത്തിന്റെ, ഈ ജീവിതത്തിന്റെ. പടച്ചട്ട ധരിക്കുന്നതിന് മുൻപ് സർവ്വാഭരണ വിഭൂഷിതനായി അവസാനമായി തന്നെ ഒന്ന് കാണാൻ വന്നതാണ്. ഇനി അടുത്ത ജന്മത്തിലേക്കുള്ള യാത്രയാണ്, അവിടെ നിന്ന് വൈകുണ്ഠത്തിലേക്കും.

