ശാലു ഇന്ന് ഏറെ സന്തോഷത്തിലാണ്.
നഴ്സറിയിൽ നിന്ന് വന്ന ഉടനെ അവളോട് അമ്മ പറഞ്ഞിരിക്കുന്നു. അച്ഛൻ വരുന്നുണ്ടെന്ന്. ശാലു ഉത്സാഹത്തോടെ ഓടിനടന്നു. തൊടിയിലെ പൂമ്പാറ്റകളോടും, മുറ്റത്തെ തുളസിചെടിയോടും, തല ഉയർത്തി നിൽക്കുന്ന ചെമ്പരത്തിയോടും, ശാലുവിന്റെ കൊച്ചു സുന്ദരി മുല്ല വള്ളിയോടും അവൾ പറഞ്ഞു അച്ഛന്‍ വരുന്നു,
അയലത്തെ അമ്മുവിനോടും മുറ്റമടിക്കാന്‍ വരുന്ന ചക്കിയോടും വിവരം പറഞ്ഞത് ശാലു തന്നെ.
അച്ഛമ്മയുടെ കാതില്‍ സ്വകാര്യമായാണ് ശാലു പറഞ്ഞത് അച്ഛന്‍ വരുന്നു…
ശാലുവിനു ഒരനിയന്‍ കൂടിയുണ്ട് കുട്ടു, ഒരു വയസ്സ് ആയിട്ടില്ല അവന്.
നഴ്സറി വിട്ടു കഴിഞ്ഞാല്‍ കുറച്ചു നേരം കുട്ടുവിനടുത്ത് വിശേഷങ്ങള്‍ പറഞ്ഞു ശാലു കൂടും, കൈ കാലിട്ടടിക്കുന്ന കുട്ടുവിനെ നോക്കി നഴ്സറി വിശേഷങ്ങള്‍… കുട്ടുവിന്റെ മോണ കാട്ടിയുള്ള ആ ചിരി ശാലുവിനു വളരെ ഇഷ്ടമാണ്, കുട്ടു കരയാന്‍ തുടങ്ങുമ്പോള്‍ ഐഡിയ സ്റ്റാര്‍ സിങ്ങറിലെ ശരത്തിനെ അനുകരിച്ചു ശാലു പറയും സംഗതി പോരാ എന്ന്..
ഉണ്ണിവാവയെന്താ നടക്കാത്തെ… തന്നെ പോലെ വര്‍ത്തമാനം പറയാത്തെ, അച്ഛമ്മയുടെ മുടിയെന്താ വെളുത്തിരിക്കുന്നെ… ഇങ്ങനെ നൂറായിരം സംശയങ്ങളുമായി ആ വീട്ടിലെ ഒരു കൊച്ചു പൂമ്പാറ്റയായി വീടിന് ഉണർവ്വായി ശാലുമോൾ അങ്ങനെ അവിടെ പാറി നടന്നു.
അമ്മ സുമയുടെ പോന്നോമനയായി അച്ഛമ്മയുടെ കുസൃതി കുടുക്കയായി…
മോഹന്‍ വന്നു.
ശാലു പറഞ്ഞാലും തീരാത്ത വിശേഷങ്ങളുമായി അച്ഛനെ എതിരേറ്റു. മോഹന്‍ എണ്ണമറ്റ കളിപ്പാട്ടങ്ങളുമായി ശാലുവിനെയും. കുട്ടുവും അച്ഛന്‍ വന്നതിന്റെ സന്തോഷത്തിലാണ് എന്ന് തോന്നുന്നു ആ കുഞ്ഞു മോണ കാട്ടി ചിരിച്ചു കൊണ്ട് കൈ കാലുകള്‍ ഇളക്കി കൊണ്ട് അവനും സന്തോഷിക്കുകയാണ്.
മോഹനും കുടുംബവും യാത്രയിലാണ്. ഊട്ടിയാണ് സുമക്ക് ഏറെ ഇഷ്ടം. എത്ര വട്ടം പോയാലും മടുക്കാത്തൊരിടം എന്നാണ് അവളുടെ ഭാഷ്യം. യാത്രകൾ അവിസ്മരണീയമാവുന്നത് പ്രിയപെട്ടവരുടെ കൂടെയാകുമ്പോൾ ആണ്. എങ്കിലും അങ്ങോട്ടും ഇങ്ങോട്ടും ഒറ്റക്ക് വണ്ടി ഓടിക്കുന്നതിന്റെ ക്ഷീണം മോഹനിൽ പ്രകടമായിരുന്നു.
അടുത്ത് കണ്ട ഒരു ചെറിയ ചായക്കടയുടെ മുമ്പിൽ മോഹൻ വണ്ടി നിർത്തി. പുറത്തിറങ്ങി ഊര നിവർത്തി ഒപ്പം ശാലുവും ഇറങ്ങി. ചായക്ക് ഓർഡർ കൊടുത്തു. കുട്ടു ഉറക്കത്തിലാണ് അവനെ ബാക്ക് സീറ്റിൽ പതിയെ കിടത്തി സുമയും പുറത്തിറങ്ങി.
ഒരല്പനേരം വിശ്രമത്തിന് ശേഷം വീണ്ടും യാത്ര. ഇത്തവണ ശാലുമോൾ ബാക്ക് സീറ്റിലാണ് ഇരുന്നത് സുമയും കുട്ടുവും മുന്നിലും. വണ്ടി പിന്നെയും നീങ്ങി തുടങ്ങി. ഉമ്പായി ഗസലുകൾ ചെറിയ ശബ്ദത്തിൽ കാറിനുള്ളിൽ ഒഴുകി കൊണ്ടിരുന്നു. മോഹൻ എന്തോ പറഞ്ഞു സുമയെ ഒന്ന് നോക്കി അവൾ നല്ല ഉറക്കത്തിലാണ് കുട്ടുവും. പുറകിൽ ശാലുമോൾ മൊബൈലിൽ ഗെയിം കളിച്ചു കൊണ്ടിരിക്കുകയാണ്. മോഹന് തന്റെ കണ്ണുകളും ഉറക്കത്തിലേക്ക് പോവുകയാണെന്നു തോന്നി. ആ ഒരു നിമിഷം ഭീമാകാരനായ ഒരു ലോറി തൊട്ടു മുന്നിൽ ഹോൺ മുഴക്കുന്നു. തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ഭയത്തോടെ മോഹൻ കാർ വീശിയൊടിച്ചു. ഇടി വെട്ടിയത് പോലുള്ള ശബ്ദവും ഭൂമി കുലുങ്ങിയത് പോലുള്ള ഒരു പ്രകമ്പനവും. കാർ ഒരു ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു നിന്നിരിക്കുന്നു. കാറിനുള്ളിൽ നിന്നും നിലവിളികൾ ഉയർന്നു. ശാലുമോളുടെ തൊണ്ടയിൽ ഒരു നിലവിളി കുടുങ്ങി കിടന്നു. ആരൊക്കെയോ കാറിനടുത്തേക്ക് ഓടി വരുന്നത് ബോധം മറയുന്നതിനു മുൻപ് മോഹൻ കണ്ടിരുന്നു.
വലിയ നിലവിളി കേട്ടാണ് മോഹൻ കണ്ണ് തുറന്നത്. ഹോസ്പിറ്റലിൽ ആണ് തന്റെ ബെഡിനോട് ചാരി സുമ നിലത്തു തളർന്നിരിക്കുന്നു. അവളുടെ മടിയിൽ ശാലുവും. കുട്ടു എവിടെ ഒരു ആംഗ്യത്തോടെ മോഹൻ ചോദിച്ചു. ഒരു നിലവിളി സുമയിൽ നിന്നുയർന്നു പിന്നെയതൊരു തേങ്ങലായി ഒരു തളർച്ചയിൽ അവസാനിച്ചു. നാലു ദിവസങ്ങൾ കുട്ടു അത്യാഹിത വിഭാഗത്തിന്റെ തീവ്ര പരിചരണയിൽ കഴിഞ്ഞു. പിന്നെ ദൈവത്തിന്റെ അലംഘനീയമായ വിധിക്കു കീഴടങ്ങി. അവരുടെ നിറമുള്ള ജീവിതത്തിൽ നിന്ന് ഒരു മഴവില്ല് മാഞ്ഞു പോയി.
സൂര്യൻ പിന്നെയും പലവട്ടം ഉദിച്ചു പൊങ്ങുകയും കിതച്ചു താഴുകയും ചെയ്തു. ഒരു വീടിനെ ഇരുട്ടിലാഴ്ത്താൻ ഒരാളുടെ അഭാവം മതി, അയാളിനി എത്ര നിശബ്ദനാണെങ്കിലും. ആ ഒരു ഇരുട്ടിൽ മുല്ല മൊട്ടും ചെമ്പരത്തി ചെടിയും പോലും വാടിപോയി.. പൂമ്പാറ്റകൾ എവിടെയോ പോയോളിച്ചു. ഒപ്പം ശാലുവിന്റെ കളിചിരികളും മാഞ്ഞുപോയി.
പിന്നെയും വെയിൽ വന്നു. പൂക്കൾ വിരിഞ്ഞു, മാനം കറുത്തു, മഴ പെയ്തു. പ്രകൃതി അതിന്റെ ഉത്തരവാദിത്വങ്ങൾ ആരെയും കാത്തുനിൽക്കാതെ യഥാക്രമം നിറവേറ്റുന്നുണ്ടായിരുന്നു. പതിയെ പതിയെ ജീവിത താളം വീണ്ടെടുക്കാൻ ആ കുടുംബം ശ്രമിക്കുന്നുണ്ടായിരുന്നു.
ദൈവം മനുഷ്യന് നൽകിയ ഏറ്റവും വലിയ ഒരനുഗ്രഹമാണ് മരിച്ചവരെ മറക്കാൻ കഴിയുക എന്നത്. അല്ലായിരുന്നുവെങ്കിൽ ആർക്കെങ്കിലും മനഃസമാദാനത്തോടെ സങ്കടപെടാതെ ഒരു ദിവസമെങ്കിലും തള്ളി നീക്കാൻ കഴിയുമായിരുന്നോ എത്രയെത്ര പ്രിയപെട്ടവരാണ് ഇന്ന് നമ്മോട് കൂടെ ഇല്ലാതിരിക്കുന്നത്. സുമയും മോഹനും ജീവിതത്തിന്റെ സ്വാഭാവികത വീണ്ടെടുത്തു.
പക്ഷേ ആ മരണം കെടുത്തി കളഞ്ഞത് ശാലുവിന്റെ കളിചിരികളെ ആയിരുന്നു. അവളുടെ മുല്ലയും ചെമ്പരത്തിയും വാടി തുടങ്ങി.. പൂമ്പാറ്റകൾ പുതിയ പൂക്കളെ തേടി എങ്ങോട്ടോ പോയി. അമ്മേ കുട്ടു എന്നാണ് ഹോസ്പിറ്റലിൽ നിന്ന് വരിക എന്ന അവളുടെ ചോദ്യത്തിൽ അവളെ വാരിപ്പുണർന്ന് പൊട്ടിക്കരയാൻ അല്ലാതെ മറ്റൊന്നിനും ആ മാതാപിതാക്കൾക്ക് കഴിയുമായിരുന്നില്ല എവിടെയെങ്കിലും വെച്ച് ഏതെങ്കിലും അമ്മമാരുടെ കയ്യിൽ കുട്ടുവിന്റെ പ്രായമുള്ള ഒരു കുട്ടിയെ കണ്ടാൽ ശാലു കുട്ടൂ എന്ന് വിളിച്ച് ഓടിച്ചെല്ലും.
ആ കുഞ്ഞു മനസ്സിനു മാത്രം കുട്ടുവിനെ മറക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. അവൾ മാത്രം അവന്റെ തിരിച്ചു വരവിനായി കാത്തിരുന്നു. അവളുടെ കളിചിരികൾ മുഴുവൻ അവനോടായിരുന്നല്ലോ.. അതിനിടയിൽ സുമ വീണ്ടും ഗർഭിണിയായി..
ശാലു ഒരു വിഷാദ രോഗത്തിലേക്ക് പോവുകയാണോ എന്ന് അവർ സംശയിച്ചു. ഒരിക്കൽ ഡോക്ടറെ കൺസൾട്ട് ചെയ്യുകയും ചെയ്തു. മൂന്നോ നാലോ പ്രാവശ്യം ഡോക്ടറുടെ നിർദ്ദേശം പ്രകാരം അവൾക്ക് കൗൺസിലിംഗ് നൽകി. ഡിസോസിയേറ്റീവ് ഡിസോർഡേഴ്സ് എന്നാണ് പൊതുവെ മെഡിക്കൽ സയൻസ് ഇതിന് പറയുക പേര് കേട്ട് പേടിക്കുകയൊന്നും വേണ്ട കുഞ്ഞു മനസ്സല്ലെ പെട്ടെന്ന് ശരിയായിക്കോളും. നിങ്ങളവൾക്ക് സമയം കൊടുക്കൂ എല്ലാം ശരിയായിക്കോളും. ഡോക്ടർ അവർക്കു ഉറപ്പു കൊടുത്തു.
പക്ഷേ ആ കുഞ്ഞു മനസ്സിലെ അവളിലെ കുട്ടുവിന്റെ ഓർമ്മകളെ മായ്ച്ചുകളയാൻ ഡോക്ടർക്കായില്ല എന്നതാണ് സത്യം.
വീണ്ടുമൊരു മഴക്കാലം. ശാലുവിന്റ തണ്ട് മാത്രമായി പോയ മുല്ലച്ചെടിയും ചെമ്പരത്തി ചെടിയും വീണ്ടും കിളിർത്തു. സുമക്ക് പ്രസവ വേദന തുടങ്ങിയിരിക്കുന്നു വീണ്ടും ഹോസ്പിറ്റൽ. സുമയുടെ ബന്ധുക്കൾ ആരാ.. സുമ പ്രസവിച്ചു ആൺകുട്ടി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു
അമ്മയെയും കുഞ്ഞിനേയും റൂമിലേക്ക് മാറ്റി. പ്രത്യാശയുടെ കിരണങ്ങൾ. ഓരോ മനസ്സിലും സന്തോഷം സ്നേഹം.
സ്കൂളിൽ ആയിരുന്ന ശാലുവിനെയും കൂട്ടി വൈകുന്നേരം വീണ്ടും മോഹൻ വന്നു. പുറം ലോകത്തു എത്തിയ ആ കൊച്ചു കുഞ്ഞു അവളെ നോക്കി ഒന്ന് ചിണുങ്ങി പിന്നെ ഒരു പാൽ പുഞ്ചിരി. ശാലുവും അവനെ സാകൂതം നോക്കുകയായിരുന്നു.
അവൾ പതുക്കെ അവനെ വിളിച്ചു…
കുട്ടൂ…
ഒരു നിമിഷം ചുറ്റും കൂടി നിന്നവരിൽ ഒരമ്പരപ്പ് പരന്നു.
അച്ഛമ്മ എന്തോ പറയാനായി ഒരുങ്ങിയപ്പോൾ മോഹൻ അവരെ കൈ ഉയർത്തി തടഞ്ഞു.
സുമയും മോനെ കൊഞ്ചിച്ചു ‘കുട്ടൂ നീ ചേച്ചി വിളിക്കുന്നത് കേട്ടില്ലേ..‘
ഒരു ആനന്ദ കണ്ണീരോടെ മോഹൻ റൂമിനു പുറത്തിറങ്ങി. അവിടെ നിന്ന് നോക്കിയാൽ കാണാവുന്ന ദൂരത്തായി കിഴക്കൻ ചക്രവാളത്തിൽ അപ്പോൾ തെളിച്ചമുള്ള ഒരു മഴവില്ല് വിരിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.
ഫൈസി മന്ദലംകുന്ന്


3 Comments
ആഹാ, ഹൃദ്യമായ എഴുത്ത്….. കുട്ടു വീണ്ടുമെത്തി ആ കുടുംബത്തിന് പുതുജീവൻ നൽകിയല്ലോ❤️👍
മനോഹരം. അതേ, പ്രത്യാശയുടെ കിരണങ്ങൾ.. നന്നായി എഴുതി..
👌👌