സമയം വെളുപ്പിന് 4 മണി. പുറത്തു പക്ഷികൾ കലപില കൂട്ടുന്നു. മനസ്സിൽ മഹാദേവനെ വിചാരിച്ച് കണ്ണു തുറന്നു. നേരേ ചെന്ന് ജനാലകളെല്ലാം തുറന്നിട്ടു. ഈ സമയത്തെ കാറ്റിന് ഒരു പ്രത്യേക സുഖമാണ്. പവിഴ മുല്ലപ്പൂവിൻ്റെ മനം മയക്കും ഗന്ധം മൂക്കിൽ തുളഞ്ഞുകയറി, കുറച്ചു നേരം ആ പവിഴ മല്ലിയെ നോക്കി നിന്നു.
പെട്ടെന്നാണ് ഇന്നത്തെ ദിവസത്തെ ക്കുറിച്ച് ചിന്തിച്ചത്.
മാർച്ച് 31 തിങ്കളാഴ്ച. തൻ്റെ ഇഷ്ട സഹപാഠികൾ സർവ്വീസിൽ നിന്നും വിരമിക്കുന്ന ദിവസം. ഓർത്തപ്പോൾ മനസ്സിലേക്ക് ആധി കയറി. ആത്മ മിത്രങ്ങൾ പടിയിറങ്ങി പ്പോകുന്നതൊടൊപ്പം താൻ പ്രധാനാധ്യാപികയുടെ മുൾ കസേരയിലേക്കു ഉപവിഷ്ടയാകുന്നു.
“ എൻ്റെ ദൈവമേ”
ധൃതിയിൽ കുളിച്ച് പ്രാർത്ഥനയെല്ലാം കഴിഞ്ഞ് അടുക്കളിയിലേക്ക് നടന്നു.
ദോശ മാവ് എടുത്തു പുറത്തു വച്ചു… സാമ്പാറും..
റൈസ് കുക്കറിൽ നിന്ന് ചോറെടുത്ത് അടുപ്പത്ത് വച്ചു ചായയും വെച്ചിട്ട് ചൂലെടുത്ത് മുറ്റത്തേക്ക്.
മുറ്റം തൂത്ത്, gate തുറന്ന്, ഓടി അടുക്കളയിൽ എത്തി.
ചായയും ചോറും തിളക്കുന്നതേ ഉള്ളൂ. ഭാഗ്യം !
ചോറ് വാർക്കാൻ വെച്ചു, ചായയും അരിച്ച് തകലയിലേക്ക് പകർന്നു.
അല്ലെങ്കിൽ വേണ്ട, ചായ ചൂടാറും.
തനിക്കുള്ള ചായ ഗ്ലാസ്സിൽ എടുത്ത് ഉമ്മറത്തേക്ക് നടന്നു.
വിസിറ്റിങ്ങ് റൂമിൽ ആട്ടുകട്ടിലിൽ ഇരുന്ന് ചായ നുണയാൻ തുടങ്ങിയതും ഫോൺ ശബ്ദിച്ചു.
നന്ദകുമാർ calling എന്നു കണ്ടതും ഞെട്ടി പ്പോയി മാലിനി.വേഗം ഫോൺ എടുത്തു. മറുതലയ്ക്കൽ ആക്രോശമായിരുന്നു
“എവിടെപ്പോയിരുന്നെടി മൂധേവി?
എത്ര നേരമായി വിളിക്കുന്നു?
നിന്നെ എവിടെ കൊണ്ടു പോയി കുഴിച്ചിട്ടിരുന്നു അസത്തേ?”
പിന്നെ എന്തൊക്കെയൊ… ചെവിക്കല്ല് ഇളകി പോകുന്നതുപോലെ തോന്നി മാലിനിക്ക് !
തൻ്റെ ഉച്ചത്തിലുള്ള വർത്തമാനം കേട്ട് മക്കളും ഉണർന്നു. ധരനും ധ്രുവും. ഇരട്ടക്കുട്ടികളാണ് മാലിനി ടീച്ചർക്ക്.
മക്കളൊടൊന്നും പറയാതെ അടുക്കളയിലേക്ക് നടന്നു. പിന്നാലെ ഇരട്ടകുട്ടികളിൽ ഇളയവനായ ധ്രുവും. അടുക്കളയിൽ എത്തി താൻ കുടിച്ചു കൊണ്ടിരിക്കുന്ന ചായ പിടിച്ചു വാങ്ങി കുടിച്ചിട്ട് അവൻ ചോദിച്ചു.
“അമ്മ ok അല്ലേ?”
വർഷങ്ങൾക്കു മുൻപ് മസ്കറ്റിലെ ഒരു വെളുപ്പാൻ കാലത്ത് അച്ഛന്റെ അടികൊണ്ട് ചുണ്ട് പൊട്ടി ചോരയൊലിപ്പിച്ചു നിൽക്കുന്ന അമ്മയോട് ചോദിച്ച അതേ ചോദ്യം അവൻ വീണ്ടും ആവർത്തിച്ചു
“അമ്മാ ഇതു domestic Violence അല്ലേ?
നമുക്ക് പോലീസിനോട് പറയാം.”
ആ വേദനയിലും ഞാൻ സന്തോഷിച്ചു, എൻ്റെ മകൻ്റെ തിരിച്ചറിവ് ഓർത്ത്.
എന്നെ സന്തോഷത്തോടെ നോക്കിയിട്ട് അവൻ പോയി.
ധൃതിയിൽ ഒരുങ്ങി ഇറങ്ങി. ദൂരേ വച്ചേ കണ്ടു തോരണങ്ങളും, flex കളും, വിരമിക്കുന്ന അധ്യാപകർക്കും, അനധ്യാപകർക്കും ആശംസകൾ. പുതിയ H. M ആയി ചാർജെടുക്കുന്ന തനിക്ക് അഭിനന്ദനങ്ങൾ ! എന്തിനാണ് ഈ അഭിനന്ദനങ്ങൾ എന്ന് എത്രയാലോചിച്ചിട്ടും മനസ്സിലായില്ല. ഒരു എത്തും പിടിയും കിട്ടിയില്ല !
എന്തിനായിരിക്കും? H. M Test എഴുതി HM ആയതിനോ?
അതോ ആ മുൾ കീരിടം തലയിൽ അണിയുന്നതിനൊ?
അറിയില്ല !
ഏകദേശം പതിനൊന്നു മണിയോടെ പരിപാടികൾ ആരംഭിച്ചു.
മറുപടി പ്രസംഗത്തിൽ രേണു ടീച്ചർ പൊട്ടിക്കരഞ്ഞു. മകളേ പോലെ കരുതുന്ന മാലിനിയെ ഒരുപാട് മിസ്സ് ചെയ്യും എന്നു കേട്ടപ്പോൾ ഹൃദയം നുറുങ്ങി പോയി.
ജാൻസി ടീച്ചർ കരഞ്ഞില്ല എങ്കിലും വാക്കുകൾ തൊണ്ടയിൽ കുടുങ്ങുന്നാണ്ടായിരുന്നു.
രണ്ടു പേരെയും വീട്ടിലാക്കി തിരിച്ചിറങ്ങാൻ നേരം പ്രധാനാധ്യാപികയായിരുന്ന ജാൻസി teacher തന്നെ കെട്ടിപ്പിടിച്ച് തലയിൽ കൈവെച്ച് അനുഗ്രഹിച്ചു.
വീട്ടിലെത്തിയിട്ടും ആ വേർപാടിൻ്റെ സങ്കടം മനസ്സിൽ ഇങ്ങനെ ചാറ്റൽ മഴപോലെ പൊടിഞ്ഞും ചാറിയും നിന്നു.
മനസ്സിനെ ഒന്നു റി ഫ്രെഷ് ചെയ്യാം എന്നു കരുതിയാണ് തൊടിയിലേക്ക് ഇറങ്ങിയത്. തൻ്റെ മനസ്സിനെ ഏറെ സന്തോഷിപ്പിക്കുന്ന സ്ഥലം തൻ്റെ പൂന്തോട്ടം.
ചെമ്പകം, ലാങ്കി, മുല്ല, പവിഴ മുല്ല, പിച്ചകം, പാരിജാതം എന്നു വേണ്ട എല്ലാ ചെടികളും പൂത്ത് നില്ക്കുന്നു. ചുമ്മാ അതിനിടയിലൂടെ മൂന്നു നാലു പ്രാവശ്യം നടന്നു. ഒടുവിൽ നടത്തം നിർത്തി. വീടിനകത്തേക്ക് കയറി
അപ്പോഴാണ് ഫോണിൽ ഏടത്തിയുടെ missed call കണ്ടത്.
തറവാട്ടിലേക്ക് നടക്കുന്തോറും നെഞ്ചടിപ്പ് കൂടി. അമ്മയെ കണ്ടതും പതിവ് ചോദ്യം ഉണ്ടായി.
“നന്ദൻ വിളിക്കാറില്ലേ?
നീ അങ്ങു കറുത്തു പോയല്ലോ”
നീ H. M ആയി അല്ലേ?
സ്വന്തം ഭർത്താവിൻ്റെ സ്നേഹം കിട്ടാത്ത നീ ആരായിട്ട് എന്താ കാര്യം?
“എടീ, ആണുങ്ങളെ മയക്കിയെടുക്കാൻ കഴിവു വേണം.അതാണ് ഒരു സ്ത്രീയുടെ വിജയം.”
ഇത്രയും പ്രായമായിട്ടും മറ്റുള്ളവരെ വേദനിപ്പിക്കാൻ അമ്മയ്ക്ക് ബഹു മിടുക്കാണ്. പ്രത്യേകിച്ച് എന്നെ.
വിവാഹം കഴിഞ്ഞ അന്ന് രാത്രി തന്നോടു പറഞ്ഞ കാര്യങ്ങൾ മാലു ഓർത്തു.
“എനിക്ക് ഇഷ്ടമല്ലായിരുന്നു മാലിനിയെ വിവാഹം കഴിക്കാൻ. പക്ഷെ എല്ലാവരും നിർബന്ധിച്ചു. കറുത്തതാണെങ്കിലും ജോലിയുണ്ടല്ലോ എന്നാലോചിച്ചിട്ടാ ഇതിനു മുതിർന്നത്. എൻ്റെ മനസ്സിൽ ഒരു വെളുത്ത പെണ്ണായിരുന്നു. ഒത്തിരി മുടിയൊക്കെ ഉണ്ടായിട്ട്”
ഒന്ന് ആലോചിച്ചു നോക്കൂ ഒരുപാട് പ്രതീക്ഷകളും ആയി കയറി വന്ന ഒരു പെണ്ണിൻ്റെ അവസ്ഥ. ആ ഒരൊറ്റ നിമിഷം അവൾ വെന്തു വെണ്ണീറായി പോയിട്ടുണ്ടാകും. ഓരോ നിമിഷത്തിലും സ്നേഹം മാലിനിയെ വേദനിപ്പിച്ചു കൊണ്ടിരുന്നു എന്നു മാത്രമല്ല ഒരുപാട് കരയിക്കുകയും ചെയ്തു. തറവാട്ടിൽ നിന്ന് തിരിച്ചു നടക്കുന്തോറും മാലിനിയുടെ മനസ്സിൽ സ്നേഹത്തെക്കുറിച്ചായിരുന്നു ചിന്ത. ഈ 45 വയസ്സിനുള്ളിൽ തന്നെ ആരെങ്കിലും സ്നേഹിച്ചിട്ടുണ്ടോ?
ആര്? എവിടെ?
“കാട്ടു കോഴിക്ക് എന്തു സംക്രാന്തിയും വാവും ”
ഒരു തരത്തിലുള്ള സ്നേഹവും തനിക്ക് കിട്ടിയിട്ടില്ല. അടിച്ചമർത്തലുകൾ, അപമാനങ്ങൾ, അവഹേളനങ്ങൾ, പരിഹാസങ്ങൾ, ചവിട്ടിയരക്കപ്പെടലുകൾ. എന്തിന് ആഗ്രഹിക്കുന്ന രീതിയിൽ ഒന്നു ആലിംഗനം പോലും ചെയ്തിട്ടില്ല. കിടപ്പുമുറിയിൽ പോലും ഒരാഗ്രഹവും ചോദിച്ചിട്ടുമില്ല, സാധിച്ചു തന്നിട്ടും ഇല്ല.
‘എവിടെയും പുരുഷൻ അങ്ങിനെയാണ്. ഭാര്യ അവൻ്റെ അവകാശമാണ്. ചിലപ്പോ തോന്നും ഭാര്യയ്ക്ക് ജീവനുണ്ടോ എന്നു പോലും ഭർത്താവിനറിയില്ല എന്ന്. അവൾ അവൻ്റെ അടിമയാണ്. വികാരവിചാരങ്ങൾ ഇല്ലാത്ത വേദനകൾ ഇല്ലാത്ത അടിമ. ഇവിടെയാണോ സ്നേഹത്തിൻ്റെ ഭാഷ ചോദിക്കുന്നത്.’
മാലിനിക്കു ചിരി പൊട്ടി. വീണ്ടും മാലിനിയുടെ ചിന്തകൾ കാടുകയറി.
‘തന്നെ ആരെങ്കിലും സ്നേഹിച്ചിട്ടുണ്ടോ?’
ഒരു പാട് ആലോചിക്കേണ്ടി വന്നില്ല, ഉത്തരം കിട്ടി.
‘അച്ഛൻ, അമ്മ, കൂടപ്പിറപ്പുകൾ, ഏറ്റവും അധികം സ്നേഹിച്ചത് ആരായിരിക്കും?
അച്ഛനോ
അതൊ
അമ്മയൊ
ഉത്തരമില്ല
അച്ഛനാണ്. സ്വന്തമായി നല്ല ജോലിയും ശമ്പളവും ഒക്കെ ഉണ്ടായിട്ടും ആ അധ്വാനത്തിൻ്റെ പ്രതിഫലത്തിൽ നിന്ന് ഒരു രൂപ പോലും എടുത്ത് കൈകാര്യം ചെയ്യാൻ കഴിയാത്ത ഒരു ATM card പോലും സ്വന്തമായി ഇല്ലാത്ത തന്നെ പണ്ടത്തെ പോലെ വേണ്ടതെല്ലാം വാങ്ങി തന്ന് happy ആക്കുന്ന ആ അച്ഛനല്ലേ തൻ്റെ real hero.
താനറിയാതെ തൻ്റെ ബാഗ് തുറന്ന് തനിക്ക് ആവശ്യമുള്ള കാശ് വയ്ക്കും അതാണ് പതിവ്.
ജീവിതത്തിൻ്റെ മുക്കാൽ ഭാഗവും കുടുംബത്തിന് വേണ്ടി ജീവിച്ച മനുഷ്യൻ തനിക്ക് ഓർമ്മ വയ്ക്കുമ്പോൾ മുതൽ വിദേശത്തായിരുന്നു. ശരിക്കു പറഞ്ഞാൽ നീണ്ട 40 വർഷങ്ങൾ പ്രവാസം അനുഭവിച്ച മനുഷ്യൻ. തനിക്ക് ഇപ്പോഴും അത്ഭുതമാണ് അച്ഛൻ. ഞാൻ എന്തെങ്കിലും മനസ്സിൽ ആഗ്രഹിച്ചാൽ അതു നേടിത്തരുന്നൊരു അച്ഛൻ അന്നും ഇന്നും.
ആദ്യമായി സാരി ഉടുക്കാൻ വേണ്ടി പറഞ്ഞപ്പോ ജയലക്ഷ്മിയിൽ നിന്ന് 2000 രൂപയുടെ സാരി വാങ്ങി തന്ന് എന്നെ ഞെട്ടിച്ചു കളഞ്ഞ എൻ്റെ അച്ഛൻ. എത്രയൊ വർഷം മുൻപാണ് സാരി ഉടുത്തത് 97 ലോ മറ്റോ ആണ്.
ആ ഒരു സിനിമാ ഗാനം പോലെ
“സൂര്യനായി തഴുകി ഉറക്കം ഉണർത്തും എൻ അച്ഛനെയാണെനിക്കിഷ്ടം
ഞാനൊന്നു കരയുമ്പോൾ അറിയാതെ ഉരുകുന്ന ”’
അതെ അതു തന്നെയാണ് സത്യവും. സ്നേഹം എന്നത് ഒറ്റവാക്കിൽ നിർവ്വചിക്കാനാവില്ല. അതിന് എത്രയെത്ര ഭാവങ്ങളുണ്ട് നോട്ടം, പുഞ്ചിരി, വാക്ക്, പ്രവൃത്തി എല്ലാം സ്നേഹത്തിൻ്റെ ഉപകരണങ്ങൾ മാത്രം.’
ചിന്തിച്ച്, ചിന്തിച്ച് വീടെത്തി മക്കൾ എത്തിയിട്ടുണ്ട്.
‘ശ്ശൊ ചായ കുടിച്ചുണ്ടാവില്ല’
വേഗം ചായ ഉണ്ടാക്കിക്കൊടുത്തു. മാലിനി ചായയുടെ കൂടെ തൻ്റെ പുസ്തകവും പേനയും എടുത്തു.
ഇന്നല്ലെ ആ മൽത്സരത്തിൻ്റെ അവസാന ദിവസം ബുക്ക് എടുത്തു ആലോചിച്ചു, “സ്നേഹത്തിൻ്റെ ഭാഷ”
ഇതു വരെ ആരും സ്നേഹിക്കാത്ത എല്ലാവരിൽ നിന്നും അവഗണനകൾ, ചവിട്ടി താഴ്ത്തലുകൾ, അധിഷേപങ്ങൾ, ഇതൊക്കെ കിട്ടിയിട്ടുള്ള താൻ സ്നേഹത്തെക്കുറിച്ച് എന്തെഴുതാൻ. ഭാഷ അറിഞ്ഞാലല്ലേ എഴുതാൻ പറ്റൂ. മാലിനിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. കണ്ണുനീർ തുടച്ച് മാലിനി എഴുതാനിരുന്നു. എന്നും എല്ലാവരുടെയും സ്നേഹം കൊതിച്ചിരുന്ന തനിക്ക് ആരും അത് വച്ച് നീട്ടിയിട്ടില്ല.
ദൈവം പലരെയും കാണിച്ച് കൊതിപ്പിക്കാറുണ്ട്. എന്നും അങ്ങനെയാണല്ലോ അങ്ങേരുടെ ലീലാ വിലാസങ്ങൾ. ഇനി മുതൽ താൻ സ്കൂളിൻ്റെ പ്രധാനാധ്യാപിക ആണ്. അതിൻ്റെ അന്തസ്സ് നോക്കണം. കിട്ടാത്തതിനെക്കുറിച്ച് ആധി പിടിക്കാതെ കിട്ടാത്തതൊന്നും തനിക്കു വേണ്ട എന്ന പോളിസിയിൽ ഉറച്ചു നിൽക്കുക
കിട്ടാത്ത സ്നേഹം, നേടാനാവാത്ത സ്നേഹം, അതെന്നും സ്നേഹ മരീചികമായി നിൽക്കട്ടെ.
സ്വന്തമാക്കാനാവാതെ…
ആർക്കെങ്കിലും സ്നേഹത്തിൻ്റെ ഭാഷയുടെ അക്ഷരമാല അറിയാമെങ്കിൽ ഒന്നു അയച്ചു തരണേ പഠിക്കാനാണ് വിലാസം താഴെ ചേർക്കുന്നു. അക്ഷരമാല പഠിച്ച് എഴുതിയിട്ടു വേണം എല്ലാം കൈപ്പിടിയിൽ ഒതുക്കാൻ
പഠിക്കാൻ കാത്തിരിക്കുന്നു സ്നേഹത്തിൻ്റെ അക്ഷരങ്ങളും വാക്കുകളും.
മാലിനി
പ്രധാനാധ്യാപിക
രാമവർമ്മ യൂണിയൻ സ്കൂൾ
ഉരുളിക്കുന്ന്
രാമൻ കുളങ്ങര
പിൻ 680663


15 Comments
നല്ല ഏഴുത്ത്കാ. കാര്യങ്ങൾ നന്നായി communicate ചെയ്തു. ചെറിയ ഒരു സജഷൻ ഉണ്ട്. കഥയുടെ തുടക്കത്തിൽ ഇഷ്ട സഹപാഠികൾ വിരമിക്കുന്നു എന്നുണ്ട് പക്ഷേ മാലിനി HM ആയി ജോലിയിൽ തുടരുന്നു. ഇത്തരം ചില പൊരുത്തക്കേടുകൾ ഒഴിവാക്കിയാൽ കുറേക്കൂടെ നന്നാവും
നല്ല എഴുത്ത് സെജി.. ഉള്ളുരുക്കങ്ങൾ നന്നായി അവതരിപ്പിച്ചു
നന്ദി dear ഒത്തിരി ഇഷ്ടം അതിലേറെ ആരാധന 💞💞
നന്ദി dear ഒത്തിരി ഇഷ്ടം💞
നന്ദി സാബി 💞💞
നന്നായി എഴുതി. സ്നേഹത്തിന്റെ ഭാഷ സംസാരിക്കുന്ന ചിലർ ചുറ്റിലുള്ള മാലിനി, അവരെ ഓർക്കുന്ന ഭാഗം നല്ല സന്ദേശമാണ്. നന്നായി എഴുതി.👍
നന്ദി dear ഒത്തിരി ഇഷ്ടം അതിലേറെ ആരാധന 💞💞
നന്ദി സാബി, ഒത്തിരി സ്നേഹം,💞💞
നല്ലെഴുത്ത് 👌👌👌
കടലോളം സ്നേഹം നൽകാൻ രണ്ടു കുരുന്നുകൾ കൂടെയില്ലേ …..പിന്നെ സ്കൂളിലെ കൂട്ടുകാരും…… നന്നായെഴുതി👍❤️
നന്ദി ടീച്ചറേ💞💞💞
കിട്ടാത്തത് വേണ്ടെന്നേ. ഉള്ളത് ആവോളം ആസ്വദിക്കാം. നന്നായി എഴുതി ടീച്ചർ 👌👌👌
നന്ദി, ഒത്തിരി സ്നേഹം 🥰🥰🥰
മാലിനിയേപ്പോലെ സ്നേഹത്തിനായി ദാഹിക്കുന്ന ഒരു പാടുപേർ നമുക്കു ചുറ്റുമുണ്ട്. മാലിനിക്ക് മക്കളുടെയും സഹപ്രവർത്തകരുടെയും പിന്തുണയെങ്കിലുമുണ്ടല്ലോ. എല്ലായിടത്തും ഒറ്റപ്പെടുന്നവരോ?
നന്നായി എഴുതി സെജി❤️👌🌹
നന്ദി, ഒത്തിരി സ്നേഹം🥰🥰