സ്നേഹത്തിനു ഭാഷയുണ്ടെന്ന്….
അവളത് അറിയുന്നത് തന്നെ ഈ അടുത്താണ്.
മകന് ഇപ്പോൾ ആറുവയസ്സാകുന്നു. ടീച്ചർ പറയുന്നു- അവൻ മറ്റു കുട്ടികളെ പോലെയല്ല! ക്ലാസിൽ അവൻ അടങ്ങിയിരിക്കാറില്ല. അനുസരണ അരികത്ത് കൂടി പോലും പോയിട്ടില്ല. കൂട്ടുകാരെ ഉപദ്രവിക്കുന്നു. ഓടിനടക്കുന്നു. പഠിക്കാൻ പിറകോട്ട്. പുസ്തകം സൂക്ഷിക്കില്ല. അങ്ങനെയങ്ങനെ…. സ്കൂളിൽ ചേർത്ത കാലം മുതൽ അവനെക്കുറിച്ച് പരാതികൾ മാത്രം. പരാതികളുടെ ബാഹുല്യത്തിൽ അവളുടെ കാതുകൾ ബധിരങ്ങളായി. സ്കൂളിൽ നിന്നുള്ള കോളുകൾ അവളിപ്പോൾ എടുക്കാറില്ല. അവനെ തല്ലി അവളുടെ കൈകൾ കുഴഞ്ഞു; ശകാ രത്തിന്റെ കയ്പ്പ് ഏറി നാവു കുഴഞ്ഞു. വൃത്തിഹീനമായ അവന്റെ എടുപ്പും നടപ്പും, ആരോടും ബഹുമാനമില്ലാത്ത പെരുമാറ്റവും! അവളുടെ കണ്ണുകളും തളർന്നു. ആകെ മടുത്തു.
ആ തളർച്ചയിൽ അവളിൽ ഓർമ്മകളുടെ പുഴ മെല്ലെ പിറകിലേക്ക് ഒഴുകി. ഊഷ്മളത നഷ്ടപ്പെട്ട കൗമാരത്തിലേക്ക്.. വികൃതി വടുക്കൾ തീർത്ത അവളുടെ ബാല്യത്തിലേക്ക്… കാറിപ്പൊളിച്ചു നിലത്തുരുണ്ടുതീർത്ത അവളുടെ ശൈശവത്തിലേക്ക്…പിന്നെപ്പിന്നെ അവൾ ആയിരുന്ന ഗർഭവീടിന്റെ ഇരുട്ടിലേക്ക്.
സ്നേഹത്തിൽ അങ്കുരിതമാകണം ഓരോ ജീവനും! കേൾക്കാൻ എന്തു രസം?! ക്രൂരമായ കീഴ്പ്പെടുത്തലിന്റെയും ആൺ ധാർഷ്ട്യത്തിന്റെയും മദമിളകിയ ബീജം, അറപ്പിന്റെയും വെറുപ്പിന്റെയും നീരുവീർത്ത അണ്ഡവുമായിച്ചേർന്ന് തിരസ്കാരത്തിന്റെ കയ്പ്പുനിലത്തിൽ ഉരുവായതാണത്രേ അവൾ എന്ന ജീവാണു! അവിടെ സ്നേഹത്തിന്റെ വെട്ടം ഉണ്ടായിരുന്നില്ല; അഭിലാഷത്തിന്റെ അഗ്നിയുണ്ടായിരുന്നില്ല; പരിഗണനയുടെ ഊഷ്മളത തെല്ലുമുണ്ടായില്ല…താരാട്ടിന് ഒരു ഊഞ്ഞാൽ കൊളുത്ത് സ്വപ്നത്തിൽ പോലും പണിയപ്പെട്ടിരുന്നുമില്ല! അവൾ ഒരു അന്യായമായി, അനാവശ്യമായി കഥയില്ലായ്മയുടെയും ഗതിയില്ലായ്മയുടെയും വേണ്ടായ്കയുടെ നീല ഞരമ്പുകൾ ഊട്ടിയ ഗർഭപാത്രത്തിന്റെ ഭിത്തിയിൽ അട്ടയെപ്പോലെ പറ്റിക്കിടന്നു. മൃദുല വികാരങ്ങൾക്ക് പ്രവേശനം നിഷേധിക്കപ്പെട്ട ആ ഇരുണ്ട അറയിൽ ഇതാണ് ലോകം എന്ന മിഥ്യാധാരണയിൽ അവൾ ആവേശത്തോടെ നീന്തിത്തുടിച്ചു.
‘ഇതല്ല കുഞ്ഞേ ജീവിതം’ എന്ന് നീണ്ട നിശ്വാസങ്ങളിലൂടെ അമ്മ പലപ്പോഴും അവൾക്ക് ദൂതയച്ചു. ‘പൊന്നേ! മാപ്പ്’ എന്ന് നിസ്സഹായതയിൽ അവളെ ചേർത്തുപിടിച്ചു. എങ്കിലും ദാരിദ്ര്യത്തിന്റെയും അവഗണനയുടെയും സ്നേഹരാഹിത്യത്തിന്റെയും തിക്തതകൾ മാത്രം ചായം പൂശിയ നിത്യ ജീവിതത്തിന്റെ ഏടുകൾ അവളുടെ മനത്താളുകളിലും കറുപ്പിന്റെ കളങ്ങൾ എഴുതി. ചിരിക്കരുത് ;ചിരിച്ചാൽ മുഖം വികൃതമാകുമെന്ന് അമ്മയ്ക്ക് തോന്നി! ഒക്കെയും അപകർഷതയുടെ നിഴൽപ്പാടുകൾ ആയി അവളിൽ കുടിയേറി. ഒമ്പതുമാസത്തെ വാസത്തിനൊടുവിൽ ആ ഇരുട്ടുകൂട് വിടുമ്പോഴേക്കും വിലോമവികാരങ്ങളുടെ വിളനിലമായി മാറിയിരുന്നു അവൾ.
പിറന്നുവീണ കുഞ്ഞിന്റെ ചന്തംകണ്ട കാണികൾ അത്ഭുതം കൂറി. സ്നേഹ വാത്സല്യങ്ങളുടെ തോരാ മഴയായിരുന്നു പിന്നീട്. പക്ഷേ സ്നേഹരാഹിത്യത്തിന്റെ നെരിപ്പോട് തീർക്കുന്ന തിളയ്ക്കുന്ന ലാവയെ പൊതിയുന്ന മോഹരൂപിയായ അഗ്നിപർവ്വതം ആണ് അവൾ എന്ന് ആരും അറിഞ്ഞില്ല!
ശൈശവത്തിന്റെ നിസ്സഹായതയിൽ അന്തമില്ലാത്ത നിലവിളികളുടെ രൂപത്തിൽ സ്നേഹനിരാസത്തിന്റെ ഭാഷ അവൾ സംസാരിച്ചു. ബാല്യത്തിൽ വാശിയുടെ കൂട്ടക്ഷരങ്ങളായി ആ ഭാഷ രൂപാന്തരപ്പെട്ടു. കൗമാരത്തിൽ വികൃതിയായും വിഷാദമായും അത് വാക്കുകൾ തീർത്തു. യൗവനത്തിൽ അപകർഷതയുടെ മുള്ളുതീർത്ത മേലങ്കി അണിഞ്ഞ് സൗഹൃദവലയങ്ങളിൽ അവൾ ഒറ്റത്തുരുത്തുകൾ തീർത്തു. ഒരിടത്തും പക്ഷേ, ഉള്ളിലെ ലാവ തിളച്ചുതൂവാതിരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധിച്ചു…ചിരിയുടെ മണിച്ചിത്രത്താഴിട്ട് അവളതുപൂട്ടി.
സ്നേഹത്തിന്റെ ഭാഷ അവൾക്കന്യമായിരുന്നു. ചൊല്ലിക്കൊടുക്കാൻ ശ്രമിച്ചവരൊക്കെയും തോറ്റോടി. ഒടുവിൽ വീട്ടുകാരുടെ കണ്ണുകളിൽ തളംകെട്ടിയ ദൈന്യതയ്ക്കു മറുപടി എന്നോണം താലിനീട്ടിയ പുരുഷനു മുൻപിൽ അവൾ നമ്രമുഖിയായി. പ്രണയിനിയുടെ മുഖംമൂടി അണിയുമ്പോഴും ഉള്ളിലെ അരുതായ്ക തിളച്ചു കൊണ്ടേയിരുന്നു. എങ്കിലും സ്നേഹത്തിന്റെ ഭാഷ മാത്രം സംസാരിക്കുന്ന പ്രിയതമനെ വിട്ടു കളയാതിരിക്കാൻ അവൾ സർവ്വാത്മനാ ശ്രമിച്ചു. ഉരുവാകുമ്പോഴേ ഉള്ളാകെ ചാലുകീറിയ ഉണങ്ങാവ്രണങ്ങളിൽ അവന്റെ നിസ്വാർത്ഥ സ്നേഹം പലപ്പോഴും ലേപനമാകുന്നുണ്ടായിരുന്നു. ജീവിതത്തെ, അവളെത്തന്നെയും വല്ലപ്പോഴുമെങ്കിലുമൊക്കെ അവൾ സ്നേഹിച്ചു തുടങ്ങി. അയാളുടെ സ്നേഹ ബീജങ്ങൾക്ക് തുണയാവാൻ തന്നിലെ ‘കരിപുരണ്ടു വികൃതമായ പെൺമ’യേ ഉള്ളൂ എന്നറിയാമായിരുന്നിട്ടും ഒരു കുഞ്ഞിനായി അവൾ മെല്ലെ മോഹിച്ചുതുടങ്ങി. ഒടുവിൽ ഒരുനാൾ ജീവന്റെ ഒരു തുടിപ്പ് ദാഹിക്കുന്ന അവളുടെ ഗർഭപാത്രത്തിൽ വിരുന്നു വന്നു.
കാത്തിരിപ്പിന്റെ നീണ്ട ഗർഭകാലം.. തനിക്കറിയാവുന്ന പോലെയൊക്കെയും അവൾ ആ കുഞ്ഞിനെ സ്നേഹിച്ചു. അതിന്റെ പിറവിയെ ആഘോഷമാക്കി. വളർച്ചയുടെ ഓരോ ചുവടുവെപ്പിലും അവൾ ശ്രദ്ധയോടെ കൂടെ നിന്നു.
മെല്ലെ മെല്ലെ ഒരു സത്യം അവളെ തൊട്ടു തുടങ്ങി. പേരെന്റിങ് ആവശ്യപ്പെടുന്നത് സ്നേഹത്തിന്റെ ഭാഷയാണ്; തനിക്ക് തീർത്തും അന്യമായ ഭാഷ! കുഞ്ഞിക്കുറുമ്പുകളിലെ കുട്ടിത്തം ആ ഭാഷ സംസാരിച്ചപ്പോൾ പ്രതികരിക്കാൻ അവൾക്കാകെ ഉണ്ടായിരുന്നത് കടുംപിടുത്തത്തിന്റെ ഘനമേറിയ ഭാഷ മാത്രമായിരുന്നു. ക്ഷമയും കരുതലും സംസാരിക്കേണ്ടിടത്ത് അവൾ നിയന്ത്രണത്തിന്റെ ചടുലമായ അക്ഷരങ്ങൾ കോറിയിട്ടു. സ്പർശം സ്നേഹമായി പരിണമിക്കേണ്ടിടത്ത് അത് ചൂരലിന്റെ മറുഭാഷ സംസാരിച്ചു. അവൻ ചക്കെന്നു പറയുമ്പോൾ കൊക്കെന്ന് അവൾ തിരിച്ചു പറഞ്ഞു.. കളിപ്പാട്ടങ്ങൾ ആവശ്യപ്പെട്ടപ്പോൾ വിലകൂടിയ കോപ്പുകൾ വാങ്ങിക്കൂട്ടി… എന്നാൽ അവയുടെ ഉല്ലാസമൂല്യത്തിന് പുല്ലുവില മാത്രം ഇട്ടു. അവളെ സംബന്ധിച്ചിടത്തോളം ആ കുഞ്ഞ് വികാരങ്ങൾ പ്രകടിപ്പിക്കാൻ പാടില്ലാത്ത, അവളുടെ താക്കോൽച്ചലനങ്ങൾക്കനുസരിച്ച് തുള്ളുന്ന, ശ്വസിക്കുന്ന ഒരു പാവ മാത്രമായിരുന്നു. ഒന്നുമൊന്നും തമ്മിൽ മനസ്സിലാവാതെ അവർ ഒരുമിച്ച് അവന്റെ ഭാവി എന്ന ബാബേൽ ഗോപുരം പണിതുകൊണ്ടിരുന്നു. ഇതിനിടയിൽ പലപ്പോഴും അവൾ എന്ന അഗ്നിപർവ്വതം ലാവ ചീറ്റിക്കൊണ്ടുമിരുന്നു.
പൊള്ളലിന്റെ നീറ്റലിൽ ആദ്യമൊക്കെ അവൻ അന്ധാളിച്ചുനിന്നു, പിന്നെപ്പിന്നെ ഉച്ചത്തിൽ നിലവിളിച്ചു; പിന്നെ ആക്രോശിച്ചു. എപ്പോഴോ ഒടുവിൽ ചെറുത്തുനിൽപ്പിന്റെ ആയുധമായി പെരുമാറ്റവൈകല്യങ്ങളെ അവൻ കൂട്ടുപിടിച്ചു. അങ്ങനെയാണ് ആ ആറുവയസ്സുകാരൻ സ്കൂളിലെ പ്രശ്നക്കാരനായത്.
**************
ഒടുവിൽ ഒരു നാൾ ആശ്വാസത്തിന്റെ കച്ചിത്തുരുമ്പ് അവളെ തേടിയെത്തി …. സ്കൂളിലെ സൈക്കോളജിസ്റ്റിന്റെ രൂപത്തിൽ.
സുദീർഘമായ കൗൺസിലിങ്ങിനു ശേഷം അവരിപ്പോൾ തെറാപ്പിയിലാണ്. മാസം നാലു സെഷനുകൾ. അവന് പ്ലേ തെറാപ്പിയും അവൾക്ക് ലാംഗ്വേജ് തെറാപ്പിയും!
അതെ, അവളിപ്പോൾ സ്നേഹത്തിന്റെ ലാംഗ്വേജ് പഠിച്ചുകൊണ്ടിരിക്കുകയാണ്.. വാത്സല്യത്തിന്റെ പുതുപുതു അക്ഷരക്കൂട്ടുകൾ മകനായി മെനഞ്ഞു കൊണ്ടിരിക്കുകയാണ്.
#എന്റെരചന
#സ്നേഹത്തിന്റെ ഭാഷ


10 Comments
ഇവിടെ ആരാണ് തെറ്റ് ചെയ്തത്? കഥ ഇനിയും പുറകോട്ട് പോലെ മുൻ തലമുറകളിൽ എവിടെയെങ്കിലും തെറ്റിന്റെ വിത്ത് ആദ്യം പാകിയ ആളെ കണ്ടെത്താം
ഓരോ തലമുറ മുന്നോട്ടുപോകുംതോറും വിത്ത് കൂടുതൽ refined ആകുന്നുണ്ട് എന്നത് ആശ്വാസകരം.. അല്ലെങ്കിൽ better സപ്പോർട്ട് systems ഉണ്ട് എന്നതും
തനിക്കു ലഭിക്കാതിരുന്ന സ്നേഹം തൻ്റെ കുഞ്ഞുങ്ങൾക്കു വാരിക്കോരി കൊടുക്കുന്നവരുമുണ്ട് ഇവിടെ മറിച്ചായി.
നല്ലെഴുത്ത് സിൽവി❤️👌🌹
തനിക്കു ലഭിക്കാതിരുന്ന സ്നേഹം തൻ്റെ കുഞ്ഞുങ്ങൾക്കു വാരിക്കോരി കൊടുക്കുന്നവരുമുണ്ട് ഇവിടെ മറിച്ചായി.
നല്ലെഴുത്ത് സിൽവി❤️👌🌹
നന്നായി എഴുതി.
👍
കൊള്ളാം ❤️
ലാംഗ്വേജ് തെറാപ്പി എല്ലാരും പഠിക്കേണ്ടത് തന്നെയാണ്.
തനിക്കു ലഭിക്കാതിരുന്ന സ്നേഹം തൻ്റെ കുഞ്ഞുങ്ങൾക്കു വാരിക്കോരി കൊടുക്കുന്നവരുമുണ്ട് ഇവിടെ മറിച്ചായി.
നല്ലെഴുത്ത് സിൽവി❤️👌🌹
അതെയതെ. അവിടെയും സ്നേഹത്തിന്റെ ഭാഷ നന്നായി convey ചെയ്യപ്പെടുന്നില്ല എന്ന് മാത്രം.
For a better world 👍👍👍