വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ, എവിടെ നിന്നെന്നറിയാതെ രണ്ട് പാരാ ഗ്ലൈഡിങ് പൈലറ്റ്‌സ് പാരച്യുട്ടിന്റെ വല്യ ഭാണ്ഡക്കെട്ടുകളുമായി വണ്ടിയുടെ പുറകിൽ ചാടിക്കയറി നിൽപ്പായി. ഏത് കാട്ടിലേക്കാണാവോ ഇയാൾ ഞങ്ങളെയും കൊണ്ട് പോവുന്നത് എന്നും മനസ്സിൽ ഓർത്ത് കുലുങ്ങി കുലുങ്ങി ഞങ്ങൾ യാത്ര ആരംഭിച്ചു. കുറച്ചു ദൂരം കയറിയപ്പോൾ വഴിയിൽ കുഞ്ഞു കുഞ്ഞു വീടുകൾ ഒക്കെ കാണാൻ തുടങ്ങി. ഇതൊക്കെ ആൾ താമസം ഉള്ള വഴിയാണെന്നു കണ്ടപ്പോൾ നേരിയ ആശ്വാസവും തോന്നി. ഇടയ്ക്കിടെ കുട്ടികളെ ഫോണ് ചെയ്തപ്പോ, രണ്ടു പേരും കൂടെ സന്തോഷത്തോടെ യൂട്യൂബ് കണ്ടോണ്ടിരിക്കുന്നു.
യാത്ര മുന്നോട്ട് നീങ്ങിയതോടെ ഒന്നാമതേ ദുർബലമായ റോഡിന്റെ അവസ്‌ഥ അതിലും ശോചനീയമായിത്തുടങ്ങി. വീടുകൾ പോയിട്ട് റോഡു പോലും മുന്നിൽ ഇല്ലാത്ത അവസ്ഥ ആയി. കഷ്ടി ഒരു ജീപ്പിനു മാത്രം പോവാൻ വീതിയുള്ള, റോഡെന്നു വിളിക്കാമോ എന്നു പോലും അറിയാത്ത വഴി. ആദ്യമാദ്യം എല്ലാവരും വലിയ സന്തോഷത്തിലും സംസാരത്തിലും ഒക്കെ ആയിരുന്നു. മെല്ലെ മെല്ലെ എല്ലാവരും സംസാരം നിർത്തി ജാഗരൂകരായി ഇരിപ്പ് തുടങ്ങി. വണ്ടിക്കുള്ളിലെ ഹിന്ദിപ്പാട്ട് മാത്രം പാടിക്കൊണ്ടിരുന്നു. കൂടെ ഡ്രൈവറും.
വണ്ടി, വളവുകളും തിരിവുകളും താണ്ടി മെല്ലെ മുന്നോട്ട് പോയിക്കൊണ്ടിരുന്നു. റോഡിന്റെ എതിർ വശത്തു നിന്നും വേറൊരു വാഹനം വന്നാൽ ഇതെന്ത് ചെയ്യും എന്ന എന്റെ ചിന്ത കേട്ടിട്ടെന്ന പോലെ, പിന്നിൽ നിന്നും ഉച്ചത്തിൽ ഒരു ഹോണടി കേട്ടു. അതോടെ, മെല്ലെ പോയിക്കൊണ്ടിരുന്ന നമ്മുടെ ഡ്രൈവർ ചേട്ടന്റെ മട്ടു മാറി. ഓഹോ, അത്രയ്ക്കായോ എന്ന ഭാവത്തിൽ അയാൾ ചവിട്ടി വിടാൻ തുടങ്ങി. മൂക്ക് കയറില്ലാത്ത കാളക്കൂറ്റനെപ്പോലെ വണ്ടി ആ മലമോളിൽ കൂടെ പായാൻ തുടങ്ങി. ‘ഇയാൾക്ക് പ്രാന്താണോ’ എന്ന മലയാളത്തിലുള്ള ആത്മഗതം ഇത്തിരി ഉച്ചത്തിൽ ആയിപ്പോയി. നാട്ടിലെ റോഡിൽ കൂടെയുള്ള ബസ്സുകളുടെ മത്സര ഓട്ടം ഒരുപാട് കണ്ടിട്ടുണ്ട്. ഇത് എന്തോന്ന്. മലയുടെ മേളിൽ കൂടെയുള്ള മത്സര ഓട്ടമോ! ഒന്നും പറയാനില്ല. ദിവസത്തിൽ പലവട്ടം ആ മല കയറി ഇറങ്ങുന്ന അങ്ങേർക്ക് ഇതൊക്കെ ചീളുകേസ് ആയിരുന്നു. ആദ്യമായി ആറ്റുനോറ്റ് പാരാഗ്ലൈഡിങ് ചെയ്യാൻ ഇറങ്ങിയ ഞങ്ങളുടെ അവസ്ഥ അതല്ലല്ലോ!
എല്ലാവരും ശ്വാസം അടക്കിപ്പിടിച്ചിരിപ്പാണ്. ഏത് നിമിഷവും എന്തും സംഭവിക്കാം! വണ്ടിയുടെ ഏറ്റവും മുന്നിൽ ഇരിക്കാൻ തീരുമാനിച്ച ആ ദുർബല നിമിഷത്തെ ഞാൻ മനസാ പ്രാകി. അടുത്തിരുന്ന പെണ്കുട്ടി എന്നെ അള്ളിപ്പിടിച്ചിരിക്കുന്നു. ഇനി ഞാൻ എവിടെപ്പോയി അള്ളിപ്പിടിക്കും എന്റെ ഡിങ്കാ എന്നും ആലോചിച്ച് ഞാൻ കണ്ണും തുറിച്ചിരുന്നു. ഓരോ വളവിൽ എത്തുമ്പോഴും, ഞങ്ങളുടെ മുന്നിലുള്ള റോഡിന്റെ ഭീകരത കണ്ട് ഞാനും അവളും കൂടെ ‘ഭയ്യാ.. ധീരേ’ എന്നലറി. എന്ത് ഭയ്യ! എന്ത് ധീരെ! അയാൾക്കുണ്ടോ വല്ല കുലുക്കവും. എന്റെ അലർച്ച സഹിക്കാൻ പറ്റാതെ അയാളുടെ ഒടുക്കത്തെ ഡയലോഗും.
“ഡർ കേ ആഗേ ജീത് ഹേ മാഡം.. ഡോണ്ട് വറി.. മേം ഹൂ നാ!”
എടോ, താൻ ആണ് ഇവിടെ ഇപ്പൊ ഞങ്ങടെ എല്ലാവരുടെയും പ്രശ്നം എന്ന് പറയാൻ നാക്ക് തരിച്ചെങ്കിലും, ഇനി അത് കേട്ട് അയാൾ വീണ്ടും സ്പീഡ് കൂട്ടേണ്ടെന്ന് വിചാരിച്ച് നാക്കിനെ കഷ്ടപ്പെട്ട് ചുരുട്ടിക്കൂടി വായ്ക്കകത്തിട്ടു. ഇതിനിടെ ഇയാൾ ഇടയ്ക്കിടെ പുറകിലോട്ട് നോക്കുന്നു, പുറകിൽ നിൽക്കുന്ന പൈലറ്റ്മാരോട് സംസാരിക്കുന്നു. കണ്ണാടിയിൽ നോക്കി പുറകിൽ വരുന്ന വണ്ടിക്കാരനെ നോക്കി ഗോഷ്ടി കാണിക്കുന്നു. ഇയാൾക്കിതെന്തിന്റെ കെടാന്നോ എന്തോ! പുറകിൽ ഇരുന്ന്, പാരാഗ്ലൈഡിങ് ചെയ്യുന്നില്ല എന്ന് പറഞ്ഞ എന്റെ കൂട്ടുകാരി ‘യേശു മറിയം ഔസേപ്പേ’ ചൊല്ലുന്നത് എനിക്ക് കേൾക്കാം. അവളുടെ മനസ്സിൽ എനിക്കുള്ള പച്ചത്തെറി പുറത്തേക്ക് വരുന്നില്ലെങ്കിലും ഞാൻ ഊഹിച്ചെടുത്തു. ഞങ്ങളുടെ രണ്ടു പേരുടെയും മനസ്സിൽ മുഴുവൻ താഴെ ഞങ്ങളെയും കാത്തിരിക്കുന്ന രണ്ട് മുഖങ്ങൾ ആയിരുന്നു.
ഇയാളുടെ അഭ്യാസം കണ്ടതോടെ പുറകിൽ ഇരുന്നവർക്കും സഹികെട്ടു തുടങ്ങി. അയാളോട് വണ്ടി സ്ലോ ചെയ്യാൻ എല്ലാവരും കൂടെ പറഞ്ഞു കൊണ്ടിരുന്നു. ആദ്യമൊക്കെ കൂട്ടാക്കിയില്ലെങ്കിലും, അവസാനം, അയാൾ പുറകിൽ വരുന്ന വണ്ടിക്ക് സൈഡ് കൊടുത്തു. അതവിടുന്നും പോയി! വെറുതെ ഒരാവശ്യവുമില്ലാതെ സൈഡ് വിൻഡോയിൽ കൂടെ പുറത്തേക്ക് നോക്കിയ ഞാൻ ‘ഹമ്മോ’ എന്നും പറഞ്ഞ് അലറി. വണ്ടിയുടെ ഇടതു വശത്തെ ടയറിന്റെ പാതി മലയിൽ നിന്നും പുറത്തോട്ട് തള്ളി നിക്കുവാണ്. താഴെ നോക്കിയാൽ ഒരു നൂല് പോലെ ബിയാസ് നദി ഒഴുകുന്നത് കാണാം. കുഞ്ഞു കുഞ്ഞു പൊട്ടുകൾ പോലെ താഴെയുള്ള വീടുകൾ കാണാം. ഞാൻ അനങ്ങിയാൽ വണ്ടി ചെരിഞ്ഞ് മറിഞ്ഞാലോ എന്ന് പേടിച്ച് ആകെ ഉള്ള ഇത്തിരി ശ്വാസം പോലും അടക്കി പിടിച്ചിരുന്നു. ഒന്നൂടെ പുറത്തോട്ട് നോക്കാനുള്ള ധൈര്യം എനിക്കില്ലായിരുന്നു. ഇയാളുടെ വാക്കും വിശ്വസിച്ച് ഇറങ്ങിപ്പുറപ്പെട്ട നിമിഷത്തെ ഓർത്ത് പല്ലു കടിച്ചു. വേറൊന്നും ചെയ്യാനില്ലല്ലോ.
രണ്ട് വണ്ടിക്കാരും കൂടെ ഞങ്ങളെ ഇതേ അവസ്ഥയിൽ നിർത്തിയിട്ട് നാട്ടു വിശേഷം പറയുന്നു. ‘ഇതൊന്ന് എടുത്തോണ്ട് പോവുന്നുണ്ടോ’ എന്ന എന്റെ സഹികെട്ട ചോദ്യത്തിന് വീണ്ടും അയാളുടെ മറ്റേ ഡയലോഗ്. ഏത്?
‘ഡർ കേ ആഗേ ജീത് ഹേ’ പോലും.
ഞങ്ങളുടെ ജീവൻ അയാളുടെ കയ്യിൽ അല്ലായിരുന്നേൽ ചിലപ്പോ അയാൾക്കിട്ട് ഒരെണ്ണം കിട്ടിയേനെ. ചിരിയും കളിയും ഒക്കെ കഴിഞ്ഞപ്പോൾ മറ്റേ വണ്ടിക്കാരൻ വണ്ടിയും കൊണ്ട് കടന്നു പോയി. അതിൽ നിന്നും, ഞങ്ങളെ കളിയാക്കിക്കൊണ്ട് അതിലുള്ള പിള്ളേരുടെ കൂവലും വിളിയും കേൾക്കാമായിരുന്നു. ഹാവൂ! തൽക്കാലത്തേക്ക് ജീവൻ തിരിച്ചു കിട്ടിയിരിക്കുന്നു.
‘പടച്ചോനേ, ഇങ്ങള് കാത്തോളീൻ’ എന്നും പറഞ്ഞ് വണ്ടി ചാഞ്ഞും ചരിഞ്ഞും വീണ്ടും മല കേറിക്കൊണ്ടേ ഇരുന്നു. മിക്കവാറും എല്ലാവരുടെയും പാരാഗ്ലൈഡിങ് ചെയ്യാനുള്ള ആവേശമൊക്കെ ആറിത്തണുത്തിരുന്നു.
സംഭവ ബഹുലമായ യാത്രയ്ക്ക് ശേഷം ഞങ്ങൾ ലക്ഷ്യസ്ഥാനമായ മലയുടെ ഉച്ചിയിൽ എത്തിച്ചേർന്നു. ‘ഇതാണ് നിങ്ങളുടെ ഡെസ്റ്റിനേഷൻ, ഞാൻ പറഞ്ഞത് പോലെ നിങ്ങളെ സുരക്ഷിതരായി എത്തിച്ചിരിക്കുന്നു’ എന്നും പറഞ്ഞ് ആ ഡ്രൈവർ അഭിമാനത്തോടെ വണ്ടി നിർത്തി. അതോടെ എനിക്ക് മനസ്സിലായി പിടിച്ചതിലും വലുതാണ് എളിയിൽ ഉള്ളത് എന്ന്.
എന്നോട് അയാൾ ‘നികലോ മാഡം’ എന്ന് പറഞ്ഞതും, ചാടി ഇറങ്ങാൻ വേണ്ടി ഡോർ തുറന്ന ഞാൻ ഞെട്ടിത്തരിച്ച് അയാളോട് ചോദിച്ചു, ‘എങ്ങോട്ട് നികലാൻ?’ ഡോർ തുറന്ന് കാല് മര്യാദയ്ക്ക് പുറത്തോട്ട് വെക്കാൻ സ്ഥലമില്ല. വണ്ടി അത്രയും അറ്റത്തായാണ് നിർത്തിയിരിക്കുന്നത്. കാലെടുത്തു വെച്ചാൽ ഞാൻ ഉരുണ്ട് താഴെ വീണ് ‘പൊടി പോലും ഇല്ല കണ്ടു പിടിക്കാൻ’ എന്ന അവസ്ഥ ആവും. ആരോട് പറയാൻ! രണ്ടും കൽപ്പിച്ച് മെല്ലെ മെല്ലെ, കാലുകൾ ചെരിച്ച് വെച്ച് വെച്ച് വണ്ടിയുടെ അരികു പറ്റി ഞാൻ പുറത്തിറങ്ങി. ഭാഗ്യം കൊണ്ട് ഇത്തവണയും രക്ഷപ്പെട്ടിരിക്കുന്നു.
ഞാൻ കഷ്ടപ്പെട്ട് പുറത്തിറങ്ങിയതും, എന്റെ അടുത്തുണ്ടായിരുന്ന ഒരു പൈലറ്റ്, അവന്റെ കയ്യിലുണ്ടായിരുന്ന പാരച്യൂട്ട് ഭാണ്ഡക്കെട്ടും കൊണ്ട് ‘ അയ്യോ, പോത്തോ’ എന്നും പറഞ്ഞു കൊണ്ട് ഉരുണ്ടുരുണ്ടു താഴോട്ട് പോവുന്നു. ഇതുകണ്ട് വീണ്ടും ഞങ്ങൾ അലറി. ഇത്തിരി നിരപ്പായ ഒരു സ്ഥലത്തെത്തിയപ്പോൾ അവൻ ഉരുണ്ടു പിരണ്ട് ചാടി എഴുന്നേറ്റ് ഒന്നും സംഭവിക്കാത്തത് പോലെ നിവർന്നു നിന്നു. അവനു വേണ്ടി അലറിയ ഞങ്ങൾ ഇപ്പൊ ആരായി!
ഞങ്ങൾ വിചാരിച്ചു വെച്ചിരുന്നത്, ഇനി ഈ റോഡിൽ നിന്നും നേരെ ഞങ്ങൾ പറന്നു പൊങ്ങും എന്നായിരുന്നു. എവടെ! ദാ വരുന്നു അടുത്ത പരീക്ഷണം. കീഴ്ക്കാം തൂക്കായി കിടക്കുന്ന മലയിൽ ഒരു പത്തടി താഴോട്ട് ഇറങ്ങിയിട്ട്, അവിടെ നിന്നും ഓടി വേണം പറക്കാൻ! ആ ബെസ്റ്റ്! ഇറങ്ങാനുള്ള വഴി കണ്ടപ്പോഴേ, എന്റെ ബാക്കിയുണ്ടായിരുന്ന ഇത്തിരി ധൈര്യം കൂടെ ആവി ആയിപ്പോയി.
കൂടെ ഉണ്ടായിരുന്നവൾ, കിലു കിലെ വിറച്ചുകൊണ്ട്, ‘എനിക്ക് പറ്റില്ല.. ഞാൻ തിരികെ പോകുവാണെ’ ന്ന് എന്നോട് മന്ത്രിച്ചുകൊണ്ടിരുന്നു. പേടിച്ചിട്ട് അവളുടെ ശബ്ദം പോലും പൊങ്ങുന്നില്ല. അവളോട് ഞാൻ ഇപ്രകാരം മൊഴിഞ്ഞു, ‘നിനക്ക് താഴെ എത്തണമെങ്കിൽ ഇതേ വഴിയുള്ളൂ. അല്ലെങ്കിൽ ആ പ്രാന്തന്റെ കൂടെ, വന്ന വഴിയേ തിരിച്ചു പോവേണ്ടി വരും. ഏതു വേണം എന്ന് നീ തന്നെ തീരുമാനിച്ചോ’ എന്ന്. ഇതിനുള്ള ഉത്തരമായ അവളുടെ തെറി കെട്ടില്ലെന്ന് നടിച്ച്, മനസിൽ മാസ്സ് ബിജിഎം ഇട്ട്, തഗ് ഡയലോഗ് അടിച്ച ഒരിത്തിരി സന്തോഷത്തിൽ ഞാൻ മലയിറങ്ങാനുള്ള വഴി അന്വേഷിച്ചു നടന്നു. അവൾക്ക് തീരുമാനത്തിനായി രണ്ടാമതൊന്ന് ആലോചിക്കേണ്ടിയെ വന്നില്ല. പാരാഗ്ലൈഡിങ് തന്നെ ശരണം.
കുട്ടികൾ താഴെ ഉള്ളത് കാരണം ഞാൻ ആദ്യം പോവാൻ തയ്യാറെടുത്തു. എനിക്ക് മുന്നേ, ഞങ്ങളുടെ കൂടെ വന്ന പെണ്കുട്ടി താഴോട്ടിറങ്ങി. അവൾക്ക് തൊട്ടു പുറകെ എന്റെ കൂട്ടുകാരൻ ശരത്തും ഇറങ്ങിത്തുടങ്ങി. പുറകെ ഞാനും. ഓരോ കാൽവയ്പിലും, ശരീരത്തിലൂടെ ഒരു വിറയൽ പായുന്നു. കാൽ ഒന്ന് തെറ്റിയാൽ ഉരുണ്ട് താഴെ എത്തും. ഭൂനിരപ്പിൽ നിന്നും പതിനായിരം അടിയോളം മുകളിലാണ് ഞങ്ങൾ നിൽക്കുന്നത്. ഓരോ ചുവടും അതീവ ശ്രദ്ധയോടെ വേണം. ഓരോ ചുവടും വെച്ച്, ശ്വാസം വലിച്ചു വിട്ട് റിലാക്സ് ചെയ്ത്, ഇടറുമ്പോൾ ശരത്തിന്റെ കയ്യും പിടിച്ച് ഞാൻ മെല്ലെ എന്റെ പൊസിഷനിൽ എത്തിച്ചേർന്നു. അവിടെ ഒരിത്തിരി നിരപ്പായ സ്ഥലം ആണ്. കാൽ ചരിച്ചല്ലാതെ കഷ്ടിച്ച് നേരെ വെക്കാം.

അവിടെ നിന്നും മേലോട്ട് നോക്കിയപ്പോൾ കൂടെയുള്ള കൂട്ടുകാരികൾ ഓരോരുത്തരായി മെല്ലെ മെല്ലെ ശ്വാസം പിടിച്ച് താഴോട്ടിറങ്ങുന്നുണ്ട്. പേടിയാണെന്ന് പറഞ്ഞവൾ, കരഞ്ഞു കൊണ്ട് വേറെ വഴിയില്ലാതെ കഷ്ടപ്പെട്ട് നിരങ്ങി നിരങ്ങി ഇറങ്ങുന്നു. അവളുടെ കാറൽ കണ്ട് സഹതാപം തോന്നിയ ഒരു ചുള്ളൻ സഹയാത്രികൻ, വളരെ സൂക്ഷ്മമായി അവളുടെ കൈ പിടിച്ച് താഴെക്കിറക്കുന്നു. അവൾ അയാളുടെ കയ്യും പിടിച്ച് മന്ദം മന്ദം താഴോട്ടിറങ്ങുന്നു. ആദ്യം ഇറങ്ങാൻ തോന്നിയ എന്റെ തീരുമാനം തെറ്റായിപ്പോയെന്ന് ആ നിമിഷം എനിക്ക് തോന്നിപ്പോയി. ആ പോട്ട്! ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ!
അപ്പോഴേക്കും എന്റെ പൈലറ്റ് എന്നെ തേടിയെത്തി. അയാൾ സാധന സാമഗ്രികൾ ഒക്കെ എന്റെ മേലെ കൊളുത്തിയിട്ട് എന്നോട് താഴോട്ട് ഓടിക്കോളാൻ പറഞ്ഞു. എങ്ങോട്ട്! മലയിൽ നിന്ന് താഴോട്ട്. എന്റെ ഉണ്ടക്കണ്ണുകൾ വീണ്ടും പുറത്തോട്ട് തുറിച്ചു. ആദ്യമൊക്കെ പേടിച്ച് ബലം പിടിച്ച് നിന്നെങ്കിലും, ഇനിയും ഓടിയില്ലെങ്കിൽ അയാൾ എന്നെ തള്ളിയിടും എന്ന അവസ്ഥ വന്നപ്പോൾ രണ്ടും കല്പിച്ചങ്ങട് ഓരോട്ടം വെച്ചു കൊടുത്തു. ആ ഓട്ടത്തിന്റെ അവസാനം ഞങ്ങൾ ആകാശത്തേക്ക് പറന്നു പൊങ്ങി. ഒരു പക്ഷിയെപ്പോലെ മേലോട്ട് മേലോട്ട്! ആഹാ!
പിന്നെയുള്ള കുറച്ചു നിമിഷങ്ങൾ എനിക്ക് വാക്കുകളിലൂടെ വർണിക്കാൻ ആവില്ല. അത്രമേൽ മനോഹരമായ അനുഭവം ആയിരുന്നു. രണ്ടു കയ്യും വിടർത്തി ഒരു പക്ഷിയെപ്പോലെ, ഭൂമിക്കു മുകളിൽ പറന്നു നടക്കുന്നു. താഴെ, ഒരു പൊട്ടു പോലെ കുഞ്ഞു കുഞ്ഞു ഗ്രാമങ്ങൾ കാണാം. അവയ്ക്കിടയിലൂടെ ഭൂമിയുടെ അരഞ്ഞാണം പോലെ ബിയാസ് നദി ഒഴുകുന്നു. ദൂരെ മഞ്ഞണിഞ്ഞു മനോഹരിയായ ഹിമാലയം. ഈ കാഴ്ചകൾ കണ്ടതോടെ, അത്രയും നേരം അനുഭവിച്ച ബുദ്ധിമുട്ടുകളൊക്കെ ഞങ്ങൾ മറന്നു.
പത്തു മിനിറ്റ് ആകാശക്കറക്കത്തിനു ശേഷം ഞങ്ങൾ ഓരോരുത്തരായി ഭൂമിയിലേയ്ക്ക് ലാൻഡ് ചെയ്തു. പിള്ളേരെ അന്വേഷിച്ചു ചെന്നപ്പോൾ രണ്ടു പേരും കൂടെ ആ പാവം പിടിച്ച പയ്യനെ പാട്ട് പാടി വെറുപ്പിക്കുകയായിരുന്നു. അവനോടും ഭാര്യയോടും നന്ദി പറഞ്ഞ്, ഞങ്ങൾ തിരിച്ചു പോകാനായി പുറപ്പെട്ടു.
പാരാഗ്ലൈഡിങ് ചെയ്യുന്നില്ലെന്ന് പറഞ്ഞ എന്റെ പ്രിയപ്പെട്ടവളും, പിന്നീട് ഈ കാഴ്ചയ്ക്ക്, അനുഭവത്തിന് എന്നോട് നന്ദി പറഞ്ഞു. ഞാൻ, അന്നാ ടിക്കെറ്റ് അവൾക്ക് വേണ്ടി എടുത്തില്ലായിരുന്നെങ്കിൽ ഇത്ര മനോഹരമായ അനുഭവം അവൾക്ക് നഷ്ടപ്പെട്ടേനെ എന്നവൾ പറഞ്ഞു. അത്രമേൽ ബുദ്ധിമുട്ടുകൾ അനുഭവിച്ചത് കൊണ്ടും കൂടിയാണ് ആ കാഴ്ചകൾക്ക് അത്രയും മനോഹാരിത ഞങ്ങൾക്ക് തോന്നിയത്. അത്രമേൽ സാഹസികത ഉണ്ടായതുകൊണ്ടാണ്, ഇപ്പോഴും ഒരു ചിരിയോടെ അഭിമാനത്തോടെ ആ യാത്രയെ ഓർക്കാൻ കഴിയുന്നത്.
ജീവിതത്തിൽ ഇത്രയും മനോഹരമായ മറക്കാൻ പറ്റാത്ത ഓർമ്മകൾക്ക്, അനുഭവങ്ങൾക്ക് ഞാൻ കടപ്പെട്ടിരിക്കുന്നത് എന്റെ സൗഹൃദങ്ങളോടാണ്. ഏത് ആഗ്രഹങ്ങളും നടത്താൻ കൂടെ നിൽക്കുന്ന എന്റെ കുടുംബത്തോടും. ഒരുപക്ഷേ, ഈ യാത്ര കൂട്ടുകാരുടെ കൂടെ അല്ലായിരുന്നുവെങ്കിൽ ഇത്രയും ദുർഘടമായ, സാഹസികമായ ഒരു കാര്യം ജീവിതത്തിൽ ചെയ്യാനേ സാധ്യത ഇല്ലായിരുന്നു. പരിധി വിട്ടുള്ള ഒരു പരിപാടികൾക്കും കുടുംബം കൂടെ വരില്ല എന്ന കൃത്യമായ ധാരണ എനിക്കുണ്ട്. പണ്ടാരോ പറഞ്ഞതു പോലെ, നമ്മുടെ കംഫർട്ട് സോൺ വിട്ട് നമ്മൾ എന്നാണോ പുറത്തു വരുന്നത്, അവിടെയാണ് സാഹസികത ആരംഭിക്കുന്നത്. ഡ്രൈവറുടെ വാക്കുകളിൽ പറഞ്ഞാൽ, ഭയത്തിന് അതീതമാണ് വിജയം. അതേ, ഓരോ യാത്രയും സമ്മാനിക്കുന്നതും അതു തന്നെയാണ്. ❤️
#എൻെറരചന #യാത്ര


7 Comments
പറക്കാൻ തോന്നുന്നൂ😍
ഒന്നുകൂടി ആ വഴി പോയി😍💪💪🫡
Sarath😍😍 ഓർമകൾ.
മനോഹരം. ഭയത്തോടു കൂടിയാണ് വായിച്ചു തീർത്തത്.. നല്ല അവതരണം..
Nishiba നന്ദി❤️ ഇന്ന് എഴുതുമ്പോൾ തമാശ ആണെങ്കിലും, അന്ന് ഞങ്ങളും പേടിച്ചിരിക്കുവായിരുന്നു. 😀
നെഞ്ചിടിപ്പോടെ കൂടെ യാത്ര ചെയ്തു ട്ടോ
രസകരമായ വിവരണം❤️🌹👌
Suma Thank you so much!❤️