അന്നൊരിക്കൽ, കൃത്യമായി പറഞ്ഞാൽ 2019 ഡിസംബർ ഇരുപത്തി ഒൻപതാം തീയതി ആണ് ഈ കഥ നടക്കുന്നത്. കഥ എന്ന് പറഞ്ഞാൽ, ഇത് കഥയൊന്നും അല്ല. എന്റെ ജീവിതത്തിൽ നിന്നും ചീന്തിയെടുത്ത പച്ചയായ അനുഭവം ആണ്. ഡർ കേ ആഗേ ജീത് ഹേ മാഡം!
ഞങ്ങൾ, ഓഫീസിലെ അഞ്ച് കൂട്ടുകാരും ഞങ്ങളിൽ രണ്ടെണ്ണത്തിന്റെ അന്നത്തെ ഏഴു വയസ്സുകാരികളായ രണ്ട് സന്താനങ്ങളും കൂടെ ഒരു ഡൽഹി, മനാലി ട്രിപ്പ് അടിക്കുന്നു. വർഷങ്ങളായി ഞങ്ങൾ പ്ലാനിങ് നടത്തി നടത്തി നടപ്പിലാക്കിയ അത്രമേൽ പ്രിയപ്പെട്ട ആദ്യത്തെ ട്രിപ്പ്. ട്രിപ്പെന്ന് പറഞ്ഞാൽ, ഒരു ഒന്നൊന്നര ട്രിപ്പായിരുന്നു അത്. അർമാദം അറ്റ് ഇറ്റ്സ് പീക്.. രണ്ട് ഏഴു വയസ്സുകാരികളാണോ പിള്ളേര് അതോ ഈ ഞങ്ങളാണോ പിള്ളേര് എന്നറിയാത്തത്രയും അർമാദം.
ഈ സംഭവം നടക്കുന്നതിന്റെ തലേ ദിവസം, ഹംടാ പാസിലെ മഞ്ഞു മലയിൽ ആരും കയറാത്തത്രയും ഉയരെ വലിഞ്ഞു കേറി, ഭക്ഷണം പോലും ഇല്ലാതെ ഒരു പകൽ മുഴുവൻ മഞ്ഞിൽ കളിച്ചു തിമിർത്ത് വഴി തെറ്റി അവസാനം മഞ്ഞിൽ ഊർന്നിറങ്ങി നിലം തൊട്ട ടീംസ് ആണ് ഈ ഞങ്ങൾ. ആ കഥ പിന്നൊരിക്കൽ പറയാം.
ഓരോ ദിവസവും വൈകീട്ട്, ഞങ്ങളുടെ ഡ്രൈവർ ചേട്ടൻ പിറ്റേന്ന് പോവാനുള്ള സ്ഥലങ്ങളുടെ ലിസ്റ്റ് ഞങ്ങൾക്ക് തരും. അങ്ങനെ, അയാൾ പറയുന്നു, നാളെ നമുക്ക് പാരാ ഗ്ലൈഡിങ് ചെയ്യാൻ പോവാം, അതും കഴിഞ്ഞ് മണികിരൻ കാണാൻ പോവാം എന്ന്. ആഹാ! പാരാ ഗ്ലൈഡിങ്! അത് മാത്രമേ എന്റെ തലയിൽ എത്തിയുള്ളൂ. അതും സ്വപ്നം കണ്ടാണ് ഈ മനാലിയിൽ വന്നിറങ്ങിയത് തന്നെ. ആകാശത്തിരുന്ന്, യാതൊരു മറയും ഇല്ലാതെ പറന്ന് പറന്ന് ഹിമാലയം ആസ്വദിക്കുക. അതൊരു സ്വപ്നം തന്നെ ആയിരുന്നു. കൂട്ടത്തിൽ ഒരു പേടിത്തൊണ്ടി ഒഴികെ ഞങ്ങൾ എല്ലാവരും അത്യുത്സാഹത്തിൽ ആയി. കുളുവിൽ, ഏറ്റവും ഉയരത്തിൽ പാരാഗ്ലൈഡിങ് ചെയ്യുന്ന സ്ഥലത്തേക്കാണ് നമ്മൾ പോവുന്നതെന്നും അതുകൊണ്ട് അതിരാവിലെ പോകണം എന്നും പറഞ്ഞ് അയാൾ ഞങ്ങളെ താമസിക്കുന്ന ഹോംസ്റ്റെയിൽ കൊണ്ടു വിട്ടു.
രാത്രിയിലത്തെ മൃഷ്ടാന്ന ഭക്ഷണവും, അന്നത്തെ ഫോട്ടോ ഷെയറിങ്ങും കണക്കെഴുത്തും ചളി പറച്ചിലും ഒക്കെ കഴിഞ്ഞ് തണുത്തു വിറച്ചു കിടന്നുറങ്ങുമ്പോഴേക്കും ഒരു നേരമായി. പിറ്റേന്ന്, അതിരാവിലെ എട്ട് എട്ടര ആയപ്പോഴേക്കും ബ്രേക്ഫാസ്റ്റ് ഒക്കെ കഴിച്ച് ഞങ്ങൾ പോവാൻ റെഡി ആയി. ഇതാണോ നിങ്ങടെ നാട്ടിലെ അതിരാവിലെ എന്ന് ഞങ്ങടെ ഡ്രൈവർ കണ്ണുരുട്ടി. പിന്നേ, ഈ മരം കോച്ചുന്ന തണുപ്പത്ത് ഈ നേരത്ത് തന്നെ ഇറങ്ങിയത് ഭാഗ്യം എന്നും മനസ്സിൽ പറഞ്ഞ്, അയാളോട് ഇളിച്ച് കാണിച്ച് എല്ലാത്തിനേയും ഉന്തിത്തള്ളി വണ്ടിയിലാക്കി, യാത്ര ആരംഭിച്ചു.
നാലഞ്ച് ലയർ ഡ്രസ് ആണ് വലിച്ചു കേറ്റിയിരിക്കുന്നത്. കൊണ്ടു പോയ ഡ്രസ് ഒക്കെയും കൂടെ ഒന്നിച്ചു വലിച്ചു കേറ്റണ്ട അവസ്‌ഥയാണ്. അത്രയ്ക്കും തണുപ്പാണ്. രാവിലെ എണീറ്റ് ഇതൊക്കെ ഇട്ട്, പിള്ളേരെയും ഇടീച്ച് ഇറങ്ങുമ്പോഴേയ്ക്കും കുറഞ്ഞത് ഇത്രയെങ്കിലും സമയം ആവും. ആ വിന്റർ സോക്സ് ഇട്ട കാലുകൾ ഷൂസിൽ കുത്തികയറ്റാൻ തന്നെ എടുക്കും അര മണിക്കൂർ. എന്നിട്ടാണ് ഈ ചേട്ടൻ ഇങ്ങനെ!
ഞങ്ങൾ എല്ലാവരും അത്യുത്സാഹത്തിൽ ആയിരുന്നു. മനാലിയുടെ മനോഹാരിത മുഴുവൻ ആസ്വദിച്ചങ്ങനെ മതി മറന്നിരിക്കുകയാണ് എല്ലാവരും. മഞ്ഞണിഞ്ഞു നിൽക്കുന്ന ഹിമാലയ നിരകളും, മനോഹരിയായി പതഞ്ഞൊഴുകുന്ന ബിയാസ് നദിയും നദിക്കരയിലെ പൈൻ മരങ്ങളും എല്ലാം രണ്ട് മൂന്ന് ദിവസങ്ങളായി കണ്ടുകൊണ്ടിരിക്കുകയാണെങ്കിലും, ഞങ്ങൾക്ക് അവയൊക്കെ ഒട്ടും മടുക്കാത്ത അത്രമേൽ ആനന്ദകരമായ കാഴ്ചകൾ ആയിരുന്നു.
പാരാ ഗ്ലൈഡിങിന് താൽപര്യമില്ലെന്ന് പറഞ്ഞവൾ, അപ്പോഴും അതേ വാശിയിലാണ്. താത്പര്യമില്ലായ്മ അല്ലല്ലോ, പേടി ആണല്ലോ കാരണം. കുഞ്ഞുങ്ങൾക്ക് പാരാഗ്ലൈഡിങ് അനുവദനീയമല്ലെന്ന് ഡ്രൈവർ പറഞ്ഞപ്പോൾ അവൾ അതിൽ കയറിപ്പിടിച്ചു. ‘ഞാൻ കുട്ടികളെയും കൊണ്ട് താഴെ നിന്നോളാം, അവർക്ക് ആരെങ്കിലും കൂട്ട് വേണ്ടേ’ എന്നൊക്കെ. ‘അയ്യേ! നിനക്ക് പേടിയല്ലേ! നാണമില്ലേ ഇത്രയും വളർന്നിട്ടും ഇങ്ങനെ പേടിക്കാൻ! മര്യാദയ്ക്ക് ഞങ്ങടെ കൂടെ വന്നോണം’ എന്നും പറഞ്ഞ് കൂട്ടത്തോടെ ഞങ്ങൾ അവളെ ആക്രമിച്ചു. ‘അമ്മയ്ക്ക് പേടിക്കാതെ ഇതൊന്ന് ചെയ്താലെന്താ, അഡ്വെഞ്ചർ അല്ലേ, ഫൺ അല്ലേ! ഞങ്ങൾ ഒറ്റയ്ക്ക് താഴെ നിന്നോളാം.’ എന്ന് പറഞ്ഞ് അവളുടെ മോളും അവളെ തോൽപ്പിച്ചു. അവൾ അതോടെ വേണോ വേണ്ടയോ എന്ന രണ്ട് മനസ്സിൽ ആയി.
അങ്ങനെ, ഒരു ഒന്നൊന്നര മണിക്കൂർ കൊണ്ട് ഞങ്ങൾ കുളുവിൽ എത്തി. റോഡരികിൽ നിറയെ, പാരാഗ്ലൈഡിങ് ചെയ്യിക്കുന്ന കമ്പനികളുടെ കുഞ്ഞു കുഞ്ഞു മേക്ക് ഷിഫ്റ്റ് ഓഫീസുകൾ ആണ്. അതിൽ 108 എന്നെഴുതിയ ഒരു വലിയ ബോർഡിന് മുന്നിൽ ഡ്രൈവർ ചേട്ടൻ വണ്ടി നിർത്തി. അവിടെ ആയിരുന്നു, ഞങ്ങൾക്കുള്ള ഗ്ലൈഡിങ് വിളിച്ചു ബുക്ക് ചെയ്തിരുന്നത്. പറക്കുന്നില്ലെന്ന് പറഞ്ഞവൾ, അതു തന്നെ ആവർത്തിച്ചു കൊണ്ടിരിക്കുന്നു. ഇത് കേട്ട് പ്രാന്ത് പിടിച്ച ഞാൻ അവൾക്കുള്ള ടിക്കറ്റ് കൂടെ എടുത്ത് അവളെ നോക്കി ചിരിച്ചു. അവൾ കരഞ്ഞില്ലെന്നെ ഉള്ളൂ.. ഇനി പോകാതെ വഴിയില്ലല്ലോ.. പൈസ രണ്ടായിരത്തി അഞ്ഞൂറാണ് എണ്ണിക്കൊടുത്തത്. അങ്ങനെ അതിനും തീരുമാനം ആയി. ഈ അഡ്വഞ്ചർ ചെയ്യുമ്പോൾ എന്ത് സംഭവിച്ചാലും അതിനു ഉത്തരവാദി ഞങ്ങൾ മാത്രമായിരിക്കും എന്ന് എഴുതി ഒപ്പിട്ടു കൊടുക്കേണ്ടി വന്നു. അതും കൂടെ കണ്ടപ്പോൾ അവളുടെ പാതിബോധം പോയി. ഇനി വരുന്നിടത്തു വെച്ചു കാണാം എന്നും പറഞ്ഞ് ഞങ്ങൾ പുറപ്പെട്ടു.
ഞങ്ങളുടെ ഡ്രൈവർ ചേട്ടന്റെ സർവീസ് ഇവിടെ തീർന്നു. അയാൾ ഇനി ഞങ്ങൾ തിരിച്ചു വരുന്നത് വരെ റോഡിൽ കാത്തിരിക്കും. ഞങ്ങളെ കൂടാതെ വേറെ മൂന്നു നാലു പേരു കൂടെ ഞങ്ങളോടൊത്ത് യാത്ര ചെയ്യാൻ ഉണ്ടായിരുന്നു. എല്ലാവരെയും ഒരു സ്‌കോർപിയോയ്ക്കുള്ളിൽ കുത്തി കയറ്റി ഇരുത്തി. ഞങ്ങളുടെ സൗഹൃദ കൂട്ടത്തിലെ ഒരേ ഒരു ആൺതരി പുറകിൽ തൂങ്ങിപ്പിടിച്ച് നിൽക്കുകയാണ്. കൂടെ വേറെ കുറച്ചു പേരും ഉണ്ട്.
കുഞ്ഞുങ്ങളെ എന്ത് ചെയ്യും എന്ന വിഷമത്തിൽ ഇരിക്കുമ്പോഴാണ്, ഞങ്ങളുടെ കൂടെ കയറിയ ഹിന്ദിക്കാരി പെണ്കുട്ടി, കുട്ടികളെ അവളുടെ ഭർത്താവ് നോക്കിക്കോളും എന്ന ഓഫറുമായി വന്നത്. അയാൾ പാരാഗ്ലൈഡിങ് ചെയ്യുന്നില്ലത്രേ. അയാളും അത് സന്തോഷത്തോടെ ഏറ്റെടുത്തു. അയാളുടെ വിധി. അല്ലാതെന്തു പറയാൻ!
എന്റെ കൂട്ടുകാരി, ‘അയ്യേ! എന്നെക്കാൾ വലിയ പേടിത്തൊണ്ടനോ!’ എന്ന ഭാവത്തിൽ അയാളെ നോക്കുന്നത് കണ്ട് ഞാൻ ചിരിയടക്കി.. ഡോണ്ടൂ.. ഡോണ്ടൂ എന്നവളോട് കണ്ണു കൊണ്ട് ആംഗ്യം കാണിച്ചു. അയാളുടെ ഫോൺ നമ്പറും ഐഡി കാർഡും മനാലിയിലെ അഡ്രസ്സും നാട്ടിലെ അഡ്രസ്സും ഒക്കെ വാങ്ങിച്ചിട്ടും സമാധാനമില്ലാതെ അയാളുടെ അച്ഛന്റെ ഫോൺ നമ്പർ അടക്കം വാങ്ങി ഞങ്ങൾ കയ്യിൽ വെച്ചു. കുട്ടികളുടെ കയ്യിൽ ഞങ്ങളിൽ ഒരാളുടെ ഫോണും കൊടുത്തേൽപ്പിക്കാമെന്ന് തീരുമാനിച്ചു. പിള്ളേർക്ക് ബഹുത്ത് സന്തോഷം. പാരാഗ്ലൈഡിങ് ചെയ്യാൻ പറ്റില്ല എന്ന വിഷമം ഫോണ് കയ്യിൽ കിട്ടുമെന്നറിഞ്ഞപ്പോൾ പറ പറന്നു.
വണ്ടി ഞങ്ങളെയും വഹിച്ചു കൊണ്ട്, റോഡിൽ നിന്നും കുത്തനെ ഇറങ്ങി, താഴോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. നമ്മൾ ഇതുവരെ കാണാത്ത തരത്തിലുള്ള മനോഹരമായ ഭൂപ്രകൃതി. പൈൻ മരങ്ങൾ നിറഞ്ഞ കാടും ഉരുളൻ കല്ലുകൾ നിറഞ്ഞ കുഞ്ഞു കുഞ്ഞു പുഴകളും ഒക്കെ കടന്ന് മുന്നോട്ട് പോയിക്കൊണ്ടിരുന്നു. പാരാ ഗ്ലൈഡിങ് ചെയ്യുന്നതിന്റെ ആവേശത്തിനോടൊപ്പം കുഞ്ഞുങ്ങളെ തനിച്ചാക്കുന്നതിന്റെ പേടിയും മനസ്സിൽ മത്സരിച്ചു. പ്രകൃതി മനോഹാരിതയും ആസ്വദിച്ച്, ടെൻഷനും അടിച്ച്, കാടും പുഴയും താണ്ടി കുലുങ്ങിക്കുലുങ്ങി ഞങ്ങൾ എത്തേണ്ട സ്ഥലത്തെത്തി. അപ്പോഴേയ്ക്കും സമയം ഉച്ചയോടടുത്തിരുന്നു.
അത് മൈതാനം പോലെ വിശാലമായ ഒരു താഴ്വര ആയിരുന്നു. ചുറ്റും മലകൾ. മലകളിൽ നിന്നും ഗ്ലൈഡർസ് പറന്ന് താഴെ ഞങ്ങൾ നിൽക്കുന്ന സ്ഥലത്ത് വന്ന് ലാൻഡ് ചെയ്യും. പലപല നിറങ്ങളിൽ ഉള്ള ഗ്ലൈഡറുകൾ പറന്നു നടക്കുന്നു. അങ്ങ് ദൂരെ ആകാശത്ത് പൊട്ടു പോലെ കുറെയേറെ ഗ്ലൈഡറുകൾ ചിറകുയർത്തി പറക്കുന്നു. അതൊരു മനോഹരമായ കാഴ്ച ആയിരുന്നു. അതിൽ മതി മറന്ന് വായും തുറന്ന് നിന്നപ്പോൾ ഡ്രൈവർ പറഞ്ഞു, ‘മതി കാഴ്ച കണ്ടത്. ഇനിയും ഇത് നോക്കി നിന്നാൽ രാത്രി ആയാലും പറക്കൽ നടക്കില്ല’ ന്ന്.

അങ്ങനെ, കുഞ്ഞുങ്ങളെ മൊബൈൽ ഒക്കെ കൊടുത്ത്, സുരക്ഷിതമായ ഒരു മരച്ചുവട്ടിൽ ഇരുത്തി, കൂടെയുള്ള പയ്യനെ ഏൽപ്പിച്ച് ഞങ്ങൾ അടുത്ത മല കയറ്റത്തിന് തയ്യാറെടുത്തു. വീണ്ടും സ്‌കോർപിയോയിലേക്ക് വലിഞ്ഞു കയറി. ഞാനും, ഹിന്ദിക്കാരി പെണ്കുട്ടിയും ഡ്രൈവറോടൊപ്പം മുന്നിലും, ബാക്കിയുള്ളവർ പുറകിലും ആയി ആസനസ്ഥരായി.
വണ്ടിയിൽ കയറിക്കഴിഞ്ഞ്, ആരും പുറത്തോട്ട് ചാടില്ലെന്ന് ഉറപ്പാക്കിയ ശേഷം ഇനി നമ്മൾ കയറാൻ പോവുന്നത് ഏകദേശം പതിനായിരം അടി ഉയരെ ആണെന്നും ദുർഘടം പിടിച്ച വഴി ആണെന്നും ഒന്നുകൊണ്ടും പേടിക്കണ്ട, എല്ലാവരെയും സുരക്ഷിതരായി ലക്‌ഷ്യസ്ഥാനത്ത് എത്തിക്കും എന്നും ഒക്കെ ഡ്രൈവർ സ്റ്റഡി ക്ലാസ് എടുത്തു. അതോടെ ഉള്ള ധൈര്യവും ചോർന്ന് പോവുന്നുണ്ടോ എന്നൊരു ചെറിയ സംശയം എനിക്ക് തോന്നിത്തുടങ്ങി.
(തുടരും)
#എൻെറരചന


4 Comments
❤️🌹👌
Suma Jayamohan ❤️❤️
നന്നായിട്ടു എഴുതി. വായിച്ചപ്പോൾ ഒപ്പം യാത്ര ചെയ്ത അതേ ഫീൽ.
Jalajanarayan നന്ദി❤️