ഫോൺ നീട്ടിയടിക്കുന്നത് കേട്ട് അനിത സുഖനിദ്ര മുറിഞ്ഞതിലുള്ള ചെടിപ്പോടെ അറ്റൻഡ് ചെയ്തു. ചേട്ടനാണ്.
“അനി… നീ പുറപ്പെട്ടോ. എവിടെ എത്തി.”
“ചേട്ടാ, 4 മണിക്ക് ട്രെയിനിൽ കയറി. ഇതിപ്പോൾ എവിടെ ആയിന്നു അറിയില്ല. നേരം വെളുക്കട്ടെ. എല്ലാവരും എത്തിയോ?”
“ഉവ്വ്. സൂക്ഷിച്ച് പോര്. “
“ശരി ചേട്ടാ. വിളിക്കാം.”
ഫോൺ ഓഫ് ആക്കി ബാഗിലേക്കിട്ടു.
കൈകൾ കൂട്ടിത്തിരുമ്മി ഒന്നു മൂരി നിവർന്നു നേരെ നോക്കി.
നാട്ടിലേക്ക് പോകാൻ വല്ലാത്ത മടിയാണ്.
ബോഗിയിലുള്ള മിക്കവരും ഉറക്കത്തിലാണ്. നേരെ എതിർ സീറ്റിൽ ഒരു
ചെറുപ്പക്കാരനെ ചാരി ഒരു ചെമ്പൻ മുടിക്കാരി പെൺകുട്ടി ഇരുന്നുറങ്ങുന്നു. അവൻ ആ കുട്ടിയെ ചേർത്ത് പിടിച്ചിട്ടുണ്ട്. ഒരുപാട് അലഞ്ഞ മുഖഭാവം.
അനിത ജനലിലൂടെ പുറത്തേക്ക് നോക്കിയിരുന്നു. രാത്രി തൻ്റെ സൗന്ദര്യം പുതപ്പിച്ച ഗോതമ്പ് പാടങ്ങൾക്കിടയിലൂടെയാണ് ഇപ്പൊൾ ട്രെയിൻ പോയിക്കൊണ്ടിരിക്കുന്നത്. ഏതോ പേരറിയാപൂക്കളുടെ ഗന്ധവുമായി. കാറ്റും കൂട്ടിനുണ്ട്. ഇതുപോലൊരു രാത്രിയിരുട്ടിലേക്കാണ് ശിവേട്ടൻ. യാത്ര പറഞ്ഞിറങ്ങിപ്പോയത്.
മോതിരവിരലിൻമേൽ അന്നുച്ചക്ക് ശിവേട്ടൻ ബന്ധുക്കളെയെല്ലാം സാക്ഷിയാക്കി ചാർത്തി തന്ന മോതിരത്തിൻ്റെ ഭംഗി ആസ്വദിച്ചു കിടക്കുകയായിരുന്നു താൻ.
“അനീ… ” അടച്ചിട്ട ജനലോരം ഒരു വിളിയൊച്ച.
ശിവേട്ടൻ്റെ ശബ്ദം.
വേഗം കതകുതുറന്നു.
അൽപ്പം മുൻപൊരു വേനൽ മഴ. വരണ്ട ഭൂമിയെ നനച്ചിറങ്ങിപ്പോയിരുന്നതിനാൽ, ഈറൻ കാറ്റ് മുഖത്തേക്കടിച്ചു.
“അനീ… ഞാനൊരു യാത്ര പോവുകയാണ്. ഒഴിവാക്കാൻ കഴിയാത്തതാണ്.
പെട്ടെന്ന് മടങ്ങിയെത്തും.”
“ശിവേട്ട… എവിടേക്കാണ്. എന്തിനാണ്?” തൻ്റെ ഒച്ച കരച്ചിലിൻ്റെ വക്കോളമെത്തിയിരുന്നു.
“അതൊക്കെ പറയാം.
ഇത് ദാ. ഇത് വച്ചോ.”
ഒരു ചെറിയ ചെപ്പ് കയ്യിലേക്ക് വച്ചൊന്നു അമർത്തി, തിരിഞ്ഞു നോക്കാതെ നടന്നു നീങ്ങി.
ചെപ്പ് തുറന്നു നോക്കി. കടുത്ത റോസ് നിറമുള്ള കടലാസിൽ പൊതിഞ്ഞ ഒരു താലി. നെഞ്ച് വിങ്ങി. ശുഭ മുഹൂർത്തത്തിൽ വായ് ക്കുരവകളുടെ അകമ്പടിയോടെ ശിവേട്ടൻ തൻ്റെ കഴുത്തിലണിയിക്കേണ്ടിയിരുന്ന താലി.
ഒന്നോ രണ്ടോ ദിവസങ്ങൾ ആരും അറിഞ്ഞില്ല, ശിവേട്ടൻ പോയത്. ഒരാഴ്ച്ചക്ക് ശേഷം തൻ്റെ അച്ഛൻ്റെ അഡ്രസിൽ ഒരു കത്ത് വന്നു. ശിവേട്ടൻ്റെ കൈപ്പടയിൽ. ഒരൊറ്റ വരിയെ അതിലുണ്ടായിരുന്നുള്ളൂ.
“അമ്മാവൻ ക്ഷമിക്കണം. “
ദിനരാത്രങ്ങൾ പോകുന്നതറിയാതെ, പുറം കാറ്റ് ശ്വസിക്കാതെമുറിയിൽ കഴിഞ്ഞു ഒരു വർഷം. കുഞ്ഞ്നാൾ മുതൽ അറിയുന്ന ശിവേട്ടൻ. അമ്മായിയുടെ മകൻ. മുറച്ചെറുക്കൻ. സ്കൂളിലും കളിസ്ഥലത്തും എന്നുവേണ്ട, വീടിൻ്റെ അകത്തളങ്ങളിൽ പോലും താൻ ശിവേട്ടൻ്റെ അനിതയായിരുന്നു. ആർക്കും ഇതുവരെ ഒരെതിർപ്പും ഉണ്ടായിരുന്നില്ല. എന്നിട്ടിപ്പോൾ… ഇത്ര തിരക്ക് കൂട്ടി വിവാഹ നിശ്ചയം തീരുമാനിച്ചത് പോലും ശിവേട്ടനായിരുന്നു.
അനീ എന്ന ഒറ്റ വിളിയിൽ താൻ ലോകം മുഴുവനും കണ്ടിരുന്നു.
ശിവേട്ടൻ തിരിച്ച് വരും.
വീണ്ടും വീണ്ടും വിവാഹത്തിന് നിർബന്ധിക്കുന്ന അച്ഛനോടും ചേട്ടനോടും ഉറപ്പിച്ചു പറഞ്ഞു, എതിർത്തു നിന്നു.
രാത്രികളിൽ ആ താലി തൊട്ടുഴിഞ്ഞ് ആത്മ ധൈര്യം വീണ്ടെടുത്തു.
കാത്തിരുന്നു…
ദിവസങ്ങൾ.. മാസങ്ങൾ… വർഷങ്ങൾ…
പക്ഷേ….
ഡൽഹിയിലേക്ക് ട്രാൻസ്ഫർ ചോദിച്ചു വാങ്ങി പോന്നു.
ചേട്ടൻ ഒരുപാട് അന്വേഷിച്ചു. കൊൽക്കൊത്ത, ബോംബെ പോകാനിടയുള്ള എല്ലാ സ്ഥലങ്ങളിലും.
എവിടെയും ആർക്കും ഒന്നുമറിയില്ല.
ഒരു ചെറിയ വിരൽപാട് പോലും അവശേഷിപ്പിക്കാതെ ശിവേട്ടൻ ഇതെവിടെ മറഞ്ഞു.
അമ്മായിയുടെ മരണാനന്തര ചടങ്ങുകളിൽ എല്ലാവരും പ്രതീക്ഷിച്ചു. പക്ഷെ നിരാശയായിരുന്നു ഫലം.
ഇപ്പൊൾ താനൊഴിച്ച് എല്ലാവരും മറന്നു തുടങ്ങിയിരിക്കുന്നു.
ഉറക്കത്തിലേക്ക് പതുക്കേ വഴുതി വീണു.
അടക്കിപ്പിടിച്ച കരച്ചിൽ കേട്ടാണ് കണ്ണ് തുറന്നത്. ആ ചെമ്പൻ മുടിക്കാരി കുട്ടി കാൽമുട്ടിലേക്ക് മുഖം വച്ച് വിതുമ്പുന്നു. കൂടെയുണ്ടായിരുന്ന ചെറുപ്പക്കാരൻ ധൃതിയിൽ വന്നു ആശ്വസിപ്പിക്കുന്നു. ഹിന്ദിയിൽ ആണ് സംസാരം.
“പേടിക്കണ്ട. അവിടെ ചെന്ന് നമുക്ക് ശരിയാക്കാം. അങ്ങോട്ടേക്ക് ആരും വരില്ല. “
പെട്ടെന്ന് ഫോൺ റിംഗ് ചെയ്തു.
“ചേട്ടാ. 5. 30 യോടെ എത്താനാവും.”
“ഓകെ”
പെട്ടെന്ന് ആ ചെറുപ്പക്കാരൻ ചോദിച്ചു.” മാഡം മലയാളി ആണല്ലേ? ഞാൻ പ്രണവ്. ഇത് നന്ദിത. ഞങ്ങൾക്ക് തൃശ്ശൂർക്കാണ് പോകേണ്ടത്. ആദ്യമായിട്ടാണ് കേരളത്തിൽ വരുന്നത്. ഞങ്ങൾ ഒരു പ്രത്യേക സാഹചര്യത്തിൽ നാട്ടിൽ നിന്ന് രക്ഷപ്പെട്ട് വരികയാണ്. ഇവളുടെ വീട്ടുകാർ ഞങ്ങളെ കണ്ടാൽ കൊന്നു കളയും. അച്ഛൻ്റെ നാട്ടിൽ അഭയം തേടി പോകുകയാണ്.”
ഹിന്ദിയിൽ തന്നെ മറുപടി പറഞ്ഞു. “ഞാനും തൃശ്ശൂർക്കാണ്.”
“മാഡം ഈ സ്ഥലം അറിയുമോ?”
അവൻ നീട്ടിയ കടലാസ്സ് തുണ്ട് വാങ്ങി വായിച്ചു.
ശിവരാജൻ
തെക്കേ മാമ്പറ്റ
ചേർപ്പ്. p. o.
അക്ഷരങ്ങൾ ആർത്ത് വിളിക്കുന്ന പോലേ.
ഇത് ശിവേട്ടൻ്റെ വീട്ടുപേർ.
ഇടിവെട്ടും പോലെ അവൻ പറയുന്നു.
“അച്ഛനാണ് ശിവ് രാജ്. ഇപ്പോളില്ല. മരിച്ചു പോയി. അമ്മയും പോയി. ഞാൻ മാത്രേ ഉള്ളൂ. എനിക്കിവളും. “
കുറെ നേരം എടുത്തു യാഥാർത്ഥ്യത്തിലേക്ക് തിരിച്ചു വരുവാൻ.
പതിയെ പറഞ്ഞു.
“ഞാൻ കൊണ്ട് പോകാം. പേടിക്കണ്ട.”
അവന് ആശ്വാസം.
തൃശ്ശൂർ ഇറങ്ങി. അവരെയും കൂട്ടി ഒരു റൂം എടുത്ത് കുളിച്ച് ഫ്രഷ് ആയി നേരെ വടക്കും നാഥനെ തൊഴുതു.
അവൻ്റെ കയ്യിൽ ശിവേട്ടൻ തന്ന താലി പ്രാർത്ഥനയോടെ വച്ച് കൊടുത്തു. നന്ദിതയുടെ കഴുത്തിൽ ചാർത്താൻ പറഞ്ഞു. താലി ചാർത്തി നിൽക്കുന്ന നന്ദിതയെ വാത്സല്യത്തോടെ ചേർത്ത് പിടിച്ചു.
ഒരു കാത്തിരിപ്പ് അവാസനിക്കപ്പെട്ടതിലുള്ള ആശ്വാസമോ… സങ്കടമോ… വിവേചിക്കപ്പെടാനാവാത്ത മനസ്സുമായി അനിത തെക്കേ മാമ്പറ്റയിലേക്ക്…


8 Comments
മനോഹരം.❤
നല്ലെഴുത്ത്.👏
Thanks
ഏതോ പേരറിയ പൂക്കളുടെ ഗന്ധവുമായി കാറ്റും കൂട്ടിനുണ്ട്❤️😍… നല്ല എഴുത്ത് 🥰
❤️
വ്യത്യസ്തമായ പ്രമേയം💕
നല്ല കഥ❤️🌹👌
Thanks
❤️