Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കൃഷ്ണകാന്തി
അനുഭവം കഥ ജീവിതം

കൃഷ്ണകാന്തി

By Sujatha SurendranMay 5, 2025Updated:June 28, 202510 Comments12 Mins Read230 Views
Bookmark Now
Please login to bookmark Close

No account yet? Register

വർത്തമാനകാലത്തിൻ്റെ പിൻമതിലിനപ്പുറത്തെ വിശാലമായ ഭൂതകാലത്തിലേക്ക് ഞാനൊന്നെത്തി നോക്കാൻ ശ്രമിച്ചു. ആ ശ്രമം ഇടയ്ക്കൊക്കെ ഉണ്ടാകാറുള്ളതാണെങ്കിലും, മതിൽക്കെട്ടിനപ്പുറത്തെ എൻ്റെ ഇന്നലെ വരെ ഞാൻ കടന്നു പോന്ന നിമിഷങ്ങളും, മണിക്കൂറുകളും, ദിവസങ്ങളും, മാസങ്ങളും, വർഷങ്ങളും, ദശവർഷങ്ങളും, ശതവർഷങ്ങളും, സഹസ്രാബ്ദങ്ങളും, യുഗങ്ങളും ഒന്നിനു പുറകിൽ ഒന്നായി നിൽക്കുന്ന ഭൂതകാലത്തിൻ്റെ ആ ദൈർഘ്യമേറിയ വഴി എന്നെ ഒരു പാട് അമ്പരപ്പിച്ച് കൊണ്ടിരുന്നു.

ഇന്നിൻ്റെ പിൻമതിൽക്കെട്ടിന് മുകളിൽ കയറി നിന്നാൽ മാത്രമേ ദൃഷ്ടിക്ക് ഗോചരമായ അത്രയെങ്കിലും ദൂരക്കാഴ്ച സാധ്യമാവൂ! ഞാനെൻ്റെ ഓർമ്മകളുടേയും, ഭാവനകളുടേയും, ദിവാസ്വപ്നങ്ങളുടേയും ഏണി ആ മതിലിനോട് ചേർത്ത് ചാരിവച്ചു. അതിലൂടെ മതിൽക്കെട്ടിന് മുകളിൽ കയറി നിന്ന് ഞാൻ ആ വഴിയുടെ വിദൂരതയിലേക്ക് കണ്ണും നട്ട് തെല്ലിട നിന്നു. ഉടുമുണ്ടിൻ്റെ കോന്തലയെടുത്ത് ഉയർത്തിപ്പിടിച്ച് കണ്ണീർപൂവിൻ്റെ കവിളിൽ തലോടിയ നായകൻ ചിന്താമഗ്നനായി നടന്ന് നീങ്ങുന്ന അനന്തമായ വഴിത്താരയെ അനുസ്മരിപ്പിച്ച് കൊണ്ട് വളവും, തിരിവുമില്ലാത്ത ആ നെടുനീളൻ വഴി.

 

ആ വഴികൾ എന്നെ മാടി വിളിക്കുന്നുണ്ട്. ഇത്തവണ അതിലൂടെ ഒന്നിറങ്ങി നടന്നിട്ട് വന്നാലോ..? മനസ്സ് സമ്മതം ചോദിക്കുന്നു. പോകാൻ, ചെന്നെത്താൻ നിനക്കാവുന്നിടത്തോളം പോയ് വരാമല്ലോ എന്ന് ഞാൻ മറുപടി പറഞ്ഞു. ഒരു കൊച്ച് കുഞ്ഞിനേപ്പോലേ മനം അപ്പോൾ തുള്ളിച്ചാടുന്നു. ആ യാത്രയിൽ ഒരു തിരിച്ചുവരവ് ആഗ്രഹിക്കാത്ത നിരവധി ഇടങ്ങളുണ്ടാവാം. അവിടെ മനസ്സിനെ നിയന്ത്രിക്കണം, കടിഞ്ഞാണിടണം, തിരിച്ചിറക്കണം മടങ്ങിയല്ലേ ഒക്കൂ..?

 

വർത്തമാനകാലത്തേയും ഭൂതകാലത്തേയും വേർതിരിക്കുന്ന ആ വൻമതിൽക്കെട്ടിനോട് ചേർന്ന് കണ്ട പടിക്കെട്ടുകൾ ഒന്നൊന്നായി ഇറങ്ങി ഭൂതകാല യാത്രയിലേയ്ക്കെൻ്റെ ആദ്യചുവട് ഞാനെടുത്ത് വച്ചു. നോക്കിയപ്പോൾ ചുറ്റിനും ചിത്രശലഭങ്ങളെന്ന പോലെ തോന്നിക്കുന്ന, താഴ്ന്നും, ഉയർന്നും പറന്ന് തത്തി കളിക്കുന്ന പല വർണ്ണത്തിലുള്ള അക്ഷരങ്ങൾ എനിക്ക് മുന്നിൽ തീർത്ത നയന മനോഹരക്കാഴ്ച. അവ എൻ്റെ ഇന്നിൻ്റെ ലോകത്തേയ്ക്കും മതിൽക്കെട്ടൊന്നും വക വയ്ക്കാതെ കൂട്ടത്തോടെ പറക്കുന്നുണ്ട്. അതെൻ്റെ കൂട്ടക്ഷരലോകമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. ജീവിതപ്രശ്നങ്ങളുടെ പടുകുഴിയിലേക്ക് വീഴാതിരിക്കാൻ, അക്ഷര ലോകത്തേക്ക് ശ്രദ്ധ തിരിക്കാൻ സഹായിച്ച് യഥാസമയത്ത് താങ്ങായ, എഴുത്തിൻ്റെയും വായനയുടേയും സുന്ദരലോകം!

 

മഞ്ഞയിൽ തെളിഞ്ഞ് നിൽക്കുന്ന കറുപ്പിൽ എഴുത്താണിയുടെ ചിത്രം പേറി, ചിറക് വിരിച്ച് പറക്കുന്ന ഒരു കുഞ്ഞ് പക്ഷി ചന്ദ്രക്കലയാകുന്ന ‘കൂട്ട്’ എന്ന ചിത്രത്തോടെ ഉള്ള ആ മനോഹരമായ ലോഗോ എൻ്റെ മുന്നിൽ ദീപാലങ്കാരപ്രഭയിൽ ശോഭിച്ച് നിൽക്കുന്നു. അതിന് താഴെ അതിലെ രണ്ട് സാരഥികൾ അടക്കമുള്ള കൂട്ടുകാരെല്ലാവരും നിലയുറപ്പിച്ചിട്ടുണ്ട്.
അവരിൽ ചിലർ യാത്രക്കായി വിവിധ ദിശകളിലേക്ക് നീങ്ങുവാൻ കച്ച കെട്ടി നിൽക്കുകയാണ്. ഞങ്ങൾ കൂട്ടക്ഷര യാത്രികർ പരസ്പരം കൈവീശി യാത്രക്ക് അഭിവാദ്യങ്ങളും, യാത്രാമംഗളങ്ങളും നേർന്നു.

ഞാൻ അപ്പോൾ ചിന്തിച്ചത് ഈ ഒരു സന്ദർഭവുമായി സാമ്യമുള്ള മറ്റൊരു കഥയാണ്. ലോകം ചുറ്റി വരുവാൻ പറഞ്ഞ് മക്കളായ മുരുകനേയും ഗണപതിയേയും ഉമാമഹേശ്വരന്മാർ പറഞ്ഞു വിട്ട കഥ. ആദ്യം വിജയകരമായി പൂർത്തിയാക്കി തിരിച്ചെത്തുവന് സമ്മാനമുണ്ടത്രെ. മയിലിൻ്റെ പുറത്തേറി ലോകപര്യടനത്തിനു പോയ മുരുകൻ. അച്ഛനമ്മമാരെ പ്രദക്ഷിണം വച്ച് അവർ തന്നെയാണ് എൻ്റെ ലോകം, സർവ്വചരാചരലോകം എന്ന് പ്രഖ്യാപിച്ച് സമ്മാനം നേടിയ ഗണപതി. ദൈവമേ.. ഈക്കഥ ഞാനെന്തിനിപ്പോൾ ഓർത്തു? ഇപ്പോൾ എന്റെ ലോകം ഈ എഴുത്തി ന്റെയും വായനയുടെയും ലോകമാണല്ലോ? ആകെ ആശയക്കുഴപ്പമായല്ലോ!

ഞാൻ ഓട്ടക്കണ്ണിട്ട് സാരഥികളെയൊന്ന് തിരിഞ്ഞ് നോക്കി. എൻ്റെ മുഖത്തെ കള്ളലക്ഷണം കണ്ടിട്ടെന്നോണം സാരഥികൾ രണ്ടു പേരും ഇരട്ടകളെപ്പോലെ, ഒരേ ദിശയിലേക്ക് ഒരുപോലെ വിരൽ ചൂണ്ടിക്കൊണ്ട് ‘നേരെ വച്ച് പിടിച്ചോ’ എന്ന് ആംഗ്യം കാണിച്ചു.. ഹോ.. സമാധാനമായി.. അപ്പോൾ വഴി ഇതുതന്നെ. മുന്നിൽ നീണ്ടു കിടക്കുന്ന ഭൂതകാലത്തെ ആവുന്നിടത്തോളം പ്രദക്ഷിണം വയ്ക്കുകയല്ലാതെ ഇവിടെ ഒരു മിനിയേച്ചർ പ്രദക്ഷിണം ഇല്ലത്രേ..!

 

ആ കാണുന്ന അലങ്കരിച്ച കതിർമണ്ഡപത്തിൽ നിന്നുമാണ് എൻ്റെ ജീവിത സാരഥി എൻ്റെ വലതുകരം ഗ്രഹിച്ചത്. പിന്നെ നേരേ ഒരൊറ്റ ചാട്ടത്തിന് മുംബൈയിൽ എത്തി. ഒറ്റകുതിപ്പിന് ശതകയോജന സമുദ്ര ലംഘനം ചെയ്ത് ലങ്കാപുരിയിലെത്തിയ ഉത്തമരാമഭക്തനെ പോലെ ഞങ്ങൾ. ഓർമ്മകളിൽ പോലും മധുരം വിളമ്പുന്ന മധുവിധുക്കാലം.. ബ്രാൻഡ് ന്യൂ കംപാനിയനൊപ്പം എന്നെ സംബന്ധിച്ചിടത്തോളം ബ്രാൻഡ് ന്യൂ നഗരം മുംബൈ. എല്ലാം ആദ്യാനുഭവങ്ങൾ, പുത്തൻ സംസ്ക്കാരങ്ങൾ, ഭക്ഷണ രീതികൾ. അതിലൂടെയെല്ലാം ഒരിയ്ക്കൽക്കൂടി കടന്നു പോകുകയാണ്.

മുംബൈ വീഥികളിലെത്തിയപ്പോൾ ‘കൊച്ചി എത്തീ… .. ‘ എന്ന ഡയലോഗോടെ ടാക്സിക്കുള്ളിരുന്ന് ഉറക്കത്തിൽ നിന്നും മൂക്ക് വിറപ്പിച്ച്, കണ്ണ്‌ വലിച്ച് തുറക്കുന്ന സലിംകുമാറിനെപ്പോലെ ഞാനും. ഓക്സിജൻ എടുക്കാൻ ആഞ്ഞു വലിച്ച് പാടുപെട്ടപ്പൊഴേ മനസ്സ് പറഞ്ഞു എത്തിയല്ലോ ‘ഹംചി മുംബൈ’. ആകെ ശബ്ദമുഖരിതമായ പൊടിപടലങ്ങൾ നിറഞ്ഞ അന്ത:രീക്ഷം, എങ്കിലും പണ്ടെന്നോ പിന്നിട്ട വഴികളിലൂടെ ഒരു തിരിഞ്ഞ് നടത്തം എന്തുകൊണ്ടും രസാവഹം തന്നെ!

കോൺക്രീറ്റ് വനങ്ങൾക്കിടയിലൂടെ, ഉറുമ്പ് അണിവച്ച് പോകും പോലെയുള്ള വാഹന നിരകൾക്കിടയിലൂടെ ഞാൻ നടന്നു. ആകെ തിക്കും തിരക്കും. ആർക്കും ഒന്നിനും നേരമില്ലാത്ത, അവിടത്തെ ഇലക്ട്രിക് ട്രെയിൻ പോലെ അതിവേഗത്തിൽ തലങ്ങും വിലങ്ങും ഓടുന്ന മനുഷ്യർ. അന്നും ഇന്നും എന്നും ഞാൻ ആലോചിക്കുന്ന കാര്യമാണ്.. ഇത്ര തിരക്ക് പിടിച്ച് ഈ ആളുകൾ ഓടുന്നതെന്തിനാണ്? എങ്ങോട്ടാണ്?

അവിടത്തെ ഓർമ്മകളൊക്കെ ഒന്നു പൊടി തട്ടിയെടുക്കാനും, പഴയ സുഹൃത്തുക്കളെ എല്ലാവരേയും ഒന്നുകൂടി കാണുവാനും മുംബൈ സ്ട്രീറ്റുകളിലൂടെ നടന്ന് പാവ് ബാജിയും, ചാട്ടുകളും, പിന്നെ ചൗപാട്ടി ബീച്ചിലെ എന്റെ പ്രിയപ്പെട്ട കലാഗട്ട എന്ന പുളിപ്പും, മധുരവും ഇടകലർന്ന ഐസ് ഫ്രൂട്ടും എല്ലാം ഒരിക്കൽ കൂടി ആസ്വദിച്ചു.. പിറ്റേന്ന് തൊണ്ടയുടെ അടപ്പ് ശരിക്കും അടയാറുണ്ടെങ്കിലും ആ സാധനം എന്റെ ഒരു വീക്ക്നെസ് ആണ്.

വലിയ വയറുന്തി നടുവിനൊരു കൈത്താങ്ങുമായി ആരോ നിൽക്കുന്നു. അടുത്തു ചെന്നു നോക്കി.. “ഹേയ്.. ഇതു ഞാനല്ലേ?” വയറിൽ കൈവച്ച് നോക്കി..
ഹോ.. ഉള്ളിൽക്കിടന്ന് ചവിട്ടിമെതിക്കുന്ന കുഞ്ഞിക്കാൽ സ്പർശനം എൻ്റെ കൈവെള്ള നന്നായറിഞ്ഞു. പുറത്തു വരാനുള്ള വാശിയിലാണ് കക്ഷി.

ശരീരത്തിൻ്റെ അനുപാതത്തിൽ അല്ലാത്ത വല്ലാതെ ഉന്തി നിൽക്കുന്ന വയറിന് മനോഹാരിത തോന്നുന്ന ഒരേയൊരു സന്ദർഭം!
പറഞ്ഞറിയിക്കാൻ ആവാത്ത ഒരു അനുഭൂതിയിലൂടെ ഞാൻ വീണ്ടും ഒരിക്കൽക്കൂടി കടന്ന് പോയി.

“ഈ യാത്രയ്ക്ക് മടിച്ചിരുന്നെങ്കിൽ ഇത് വീണ്ടും ഒരിക്കൽ കൂടി ആസ്വദിക്കാൻ നിനക്ക് സാധിക്കുമായിരുന്നോ?” മനസ്സെന്നോട് ചോദിക്കുന്നു.

“മനസ്സിലായി.. ചിലയിടങ്ങളിൽ നിന്ന് പോരുവാൻ നിന്നെ കടിഞ്ഞാണിടുന്നതിൻ്റെ അരിശം പറഞ്ഞ് തീർക്കുകയല്ലേ മനസ്സേ നീ.. ”

ഒരു ചോരക്കുഞ്ഞിൻ്റെ കരച്ചിൽ കേട്ട് പൊടുന്നനേ ഞാനൊന്നു ഞെട്ടി. പുതുവർഷ പിറവിക്കു തൊട്ട് മുമ്പുള്ള രാത്രി ആഘോഷിക്കുകയാണ് മുംബൈനഗരം. ഞാൻ ഒരു അമ്മയായതിൻ്റെ ആഘോഷരാവ് ലോകം മുഴുവൻ ആഘോഷിക്കുകയാണ്. എൻ്റെ മടിത്തട്ടും, മനസ്സും നിറച്ച് വിടർന്ന് ചിരിച്ച് പാൽ മണം പരത്തുന്ന ഒരു കുഞ്ഞ് ആൺപൂവ്. അവൻ്റെ കൊഞ്ചലും, കുറുമ്പുകളും, വളർച്ചയും എല്ലാം ഒന്നൊന്നായി ഓർമ്മകളിലൂടെ ഒഴുകിയെത്തുന്നു. ആ ഭൂതകാലവീഥികളിലൂടെ, വഴിത്താരകളിലൂടെ ഞാനിടയ്ക്കിടെ പോകാറുള്ളതാണ്. നമ്മൾ അമ്മമാർ അങ്ങനെയാണല്ലോ? എല്ലാം ഇന്നലെ കഴിഞ്ഞ കണക്കെ ഓർത്ത് വയ്ക്കുന്നവ.. പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥകളാണ്.. മുന്നോട്ട് പോവാം..അതാണ്‌ നല്ലത്.

യാത്ര തുടർന്നു….

ഭൂതകാലത്തിൻ്റെ ഭൂരിഭാഗവും നിറഞ്ഞ് കിടക്കുന്ന, ഓർമ്മകളും അനുഭവങ്ങളും ചേർന്ന സുഖദു:ഖസമ്മിശ്രമായ ഗുജറാത്ത് ഡേയ്സിൻ്റെയും മുംബൈ ഡേയ്സിൻ്റെയും വീഥികൾ മുന്നിൽ തെളിഞ്ഞു വന്നു. ദ്വാരകാദീശനായി, രാജാവായി ഗുജറാത്തിനെ ഒരു പുണ്യഭൂവാക്കിയ കണ്ണൻ്റെ നാടായ ഗുജറാത്ത്,നമ്മുടെ രാഷ്ട്രപിതാവിൻ്റെ ജന്മനാടായ ഗുജറാത്ത്. വിശേഷണങ്ങളേറേ.. ‘എനിക്ക് ജീവിച്ച് മതിയാവാത്ത നാട്’ എന്നാണ് ഞാൻ പറയുന്ന ചുരുക്കപ്പേര്. കടുംനിറങ്ങളും, കടുംമധുര പലഹാരങ്ങളും എല്ലാം ഏറെയിഷ്ടപ്പെടുന്ന, ആഘോഷരാവുകൾ ഉറക്കമിളച്ച് വേണ്ടപ്പെട്ടവർക്കൊപ്പം ആടിത്തിമർത്ത് തകർത്താഘോഷിക്കുന്നവരുടെ നാട്. ‘കെം ചോ’ എന്ന് ചോദിച്ചാൽ വളരെ ഹാപ്പിയായി ‘മജാ മാ’ എന്ന് ആത്മാർത്ഥമായി ചിരിച്ച് ഉത്തരം പറയുന്നവരുടെ നാട്.

ഏതാനും ദിവസത്തേക്ക് മാത്രം ഒരു വീശിഷ്ടാതിഥി എന്നപോലെ എത്തുന്ന മഴയ്ക്ക് ശേഷം നമ്മുടെ കേരളത്തിനെ വെല്ലുന്ന പച്ചപ്പോടെ അതീവസുന്ദരിയാകുന്ന, പ്രകൃതി ഒരു വധുവിനെപ്പോലെ അണിഞ്ഞൊരുങ്ങുന്ന നാട്. അവിടെ അധികനേരം തങ്ങിയാൽ ഒരു പക്ഷേ ഒരു മടങ്ങിവരവിനെക്കുറിച്ചും, മുന്നിലേക്ക് നടന്ന് നീങ്ങേണ്ട ഭൂതകാല യാത്രകളേക്കുറിച്ചും എല്ലാം വിസ്മരിച്ച് അവിടെ നിലയുറപ്പിക്കാൻ സാദ്ധ്യത ഉള്ളതിനാൽ ഞാൻ അവിടം വിട്ട് വേഗത്തിൽ മുന്നിലേയ്ക്ക് നടന്നു..

ആ പരിസരങ്ങളിൽ നിന്ന് പോകും മുന്നേ, യാത്ര തുടരും മുന്നേ, ജന്മനാട് വിട്ട് നിന്നിലേക്ക്‌ അടർന്ന് വീണ ഞങ്ങളെ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ച, ജീവിതം കരുപിടിപ്പിക്കാൻ മടിത്തട്ടിൽ ഇടം തന്ന, വളർച്ചയിലും തളർച്ചയിലും കൂടെ നിന്ന നിന്നോടൊന്ന് ചൊല്ലാനുണ്ടെനിയ്ക്ക് മുംബൈ..

ഹേ.. മുംബൈ..,

എന്തൊക്കെ പോരായ്മകൾക്കിടയ്ക്കും നീയൊരു സംഭവം തന്നെ.. !
എന്നും എപ്പോഴും ഗൃഹാതുരത്വം ഉണർത്തുന്ന മഹാസാഗര സദൃശമായ മഹാനഗരമേ.. വിട..

ഭൂതകാലത്തിലേക്ക് നടന്ന് തുടങ്ങവേ, ഞാൻ കാണെക്കാണേ ചെറുപ്പമായി.. നിറഞ്ഞ കൗമാരത്തിന്റെ സൗകുമാര്യം! എൻ്റെ കുഞ്ഞ് ആൺ പൂവിൻ്റെ പത്തുമാസത്തെ വസതി നന്നായി തണ്ടലിനോടൊട്ടിച്ചേർന്ന് കിടക്കുന്നു.കവികൾ ആലിലയോട് ഉപമിക്കുന്ന കൗമാരകാലത്തെ ഉദര ഭാഗം.ഞാൻ ഒന്ന് തടവി നോക്കി. അതിശയം തന്നെ! ഇടതടവില്ലാത്ത മാറ്റങ്ങളെ കൊണ്ട് അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന പ്രകൃതീ…ശക്തിമയീ… നീ തന്നെയാണല്ലേ സ്ത്രീയും അമ്മയും എല്ലാം…!

കൗമാരപ്രായക്കാർ നിറഞ്ഞ കോളേജ് അങ്കണം. ആ കാമ്പസ്സിലേക്കാണ് ഞാൻ കടന്നു ചെന്നത്. കോളേജിൻ്റെ മുറ്റത്തെ മരച്ചുവടിന് ചുറ്റുമുള്ള തിണ്ണ നിറയെ ചേർന്നിരുന്ന് കൊലുസ്സിട്ട കാലുകൾ ആട്ടിക്കൊണ്ട് എന്തൊക്കെയോ പറഞ്ഞും ചിരിച്ചും നിരന്നിരിയ്ക്കുന്ന എൻ്റെ കൂട്ടുകാർ. എന്നെയും കാത്താണ് ഇരിപ്പ്. ജീവിതത്തിൻ്റെ വസന്തകാലമായ കൗമാരക്കാലം. ഒരു തരത്തിലുള്ള പിരിമുറക്കങ്ങളും, പ്രശ്നങ്ങളും തളർത്താത്ത, ബാധിക്കാത്ത സുവർണ്ണകാലം. ഏറെ നാളുകൾക്കുശേഷം തമ്മിൽ കാണുന്നതിൻ്റെ ഒരു ആവേശത്തിര തള്ളൽ..

കൂട്ടത്തോടെ ആർത്തുല്ലസിച്ച് നടന്ന കാമ്പസ്സ് വളപ്പുകൾ, പുൽതകിടികൾ, ക്ലാസ്സ് മുറികൾ, ഇടനാഴികൾ, എല്ലായിടത്തും ഞങ്ങൾ പാറിപ്പറന്ന് നടന്നു. പ്രിയപ്പെട്ട ഗുരുക്കന്മാരെ ഒന്നുകൂടി കാണാനായതിൻ്റെ സന്തോഷം. ഹൃദയത്തോട് ഏറ്റവും അടുത്ത് നിൽക്കുന്ന അവസാന വർഷ എം.എ ക്ലാസ്സ്. ആ ക്ലാസ്സുമുറികളിൽ നിന്നും ആർക്കും പുറത്ത് വരാൻ തോന്നുന്നില്ലത്രെ. എനിയ്ക്കും.. കൗമാരസ്വപ്നങ്ങൾ കണ്ട് അണിഞ്ഞൊരുങ്ങി നടന്ന്, കൂട്ടത്തോടെ ഏതോ ഒരു തല്ലിപ്പൊളി സിനിമ ബ്ലോക്ക്ബസ്റ്റർ കാണുമ്പോലെ നിരന്നിരുന്ന് കമൻ്റുകളടിച്ച്, ചൂട് കപ്പലണ്ടി കൊറിച്ച് കാണുകയുമൊക്കെ ചെയ്തു. കോളേജ് കാൻ്റീനിലെ മസാലദോശയുടെ രുചി വീണ്ടും രസമുകുളങ്ങളെ തൊട്ടുണർത്തി,
ഹാ.. എന്താ സ്വാദ്!മേമ്പൊടിയായി അന്ന് ആകെക്കൂടി കിട്ടാറുള്ള സോഫ്റ്റ് ട്രിങ്ക് ഗോൾഡ് സ്പോട്ടും..
ക്ലാസ്സിൽക്കയറുന്നതിനേക്കാൾ ആസ്വദിച്ചത് കൂട്ടുകാരുമൊത്ത് കോളേജിലേക്കുള്ള വരവും പോക്കും കാമ്പസ്സിനുള്ളിലെ ചുറ്റിത്തിരിയലും മറ്റു കലാപരിപാടികളും.

കാമ്പസ്സിന് തൊട്ട് മുന്നിലെ എഞ്ചിനീയറിങ്ങ് കോളേജിലെ ആൺപ്രജകളെ വായ് നോക്കുകയുമൊക്കെ ചെയ്യുമായിരുന്ന ആ സമയത്തിലൂടെ വീണ്ടുമൊരു യാത്ര. ശരിയ്ക്കും ആസ്വദിച്ചു. ഇവിടെ നിന്നും ഒരു തിരിച്ചു പോക്ക് വളരെ പ്രയാസമാണ്. സമയം കളയാനില്ല, ഇനിയും നാഴികകൾ, വഴികൾ ഏറേ താണ്ടിപ്പോകാനുള്ളതാണെന്ന് മനസ്സ് പറഞ്ഞു.. വിട പറഞ്ഞ് യാത്രയായപ്പോൾ എല്ലാവരുടേയും കണ്ണുകളിൽ, കവിൾത്തടങ്ങളിൽ നഷ്ടബോധത്തിൻ്റെ നനവ് പടർന്നിരുന്നു..

കാമ്പസ്സിൻ്റെ പടി പുറത്ത് കടന്നാൽ ഞാൻ ആരായിരിക്കും എന്ന്‌ വെറുതെ ഊഹിക്കാൻ ശ്രമിച്ചു.

അതെ.. പട്ടുപാവാടയും ഉടുപ്പും ഒക്കെ ഇട്ട് തുള്ളിച്ചാടി നടന്ന ബാല്യം ആ കാമ്പസ്സിൻ്റെ വാതിൽക്കൽ നിൽക്കുന്നുണ്ട് എന്നെക്കൂട്ടിക്കൊണ്ട് പോകാൻ. ആ പടി കടന്നതും കണങ്കാൽ വരെ നീണ്ടു കിടക്കുന്ന കാറ്റിൽ പറക്കുന്ന പട്ടുപാവാടയായി എൻ്റെ വേഷം. നന്ദനത്തിലെ ബാലാമണിയുടെ ബാല്യം പോലെ. നീണ്ട് ഇടതൂർന്ന്, അരകവിഞ്ഞ് കിടക്കുന്ന മുടി, ഇഴയെടുത്ത് കുളിമെട മെടഞ്ഞ് നിവർത്തിയിട്ടിട്ടുണ്ട്. ഞാനോർത്തു, ഈ ഭംഗിയുള്ള മുടിയായിരുന്നല്ലോ എൻ്റെ ഐഡൻ്റിറ്റി. നെറ്റിയിൽ കുഞ്ഞു പൊട്ടും, ചന്ദനക്കുറിയും, വാലിട്ടെഴുതിയ കണ്ണുകളും കൈ നിറയെ പല നിറത്തിലുള്ള കുപ്പിവളകളും. വർണ്ണ ചിറകുകൾ മുളച്ചുപൊന്തിയ ചിത്രശലഭത്തെപ്പോലെ തോന്നിക്കുന്ന പ്രായം.. ഓരോന്ന് ചിന്തിച്ച് വീട്ടുപടിയ്‌ക്കൽ എത്തിയതറിഞ്ഞില്ല.

അനുജത്തി കുഞ്ഞുടുപ്പിട്ട് വീട്ടുമുറ്റത്ത് ഓടിക്കളിക്കുന്നുണ്ട്. എൻ്റെ കുസൃതിക്കൈ അവളുടെ തലയ്ക്കൊരു തട്ട് വച്ച് കൊടുത്തു. അത് ഇരട്ടിയായി തിരിച്ച് തരാനായി അവൾ മുഷ്ടി ചുരുട്ടി പിടിച്ച് പിന്നാലെ ഓടി വന്നു. വീടിൻ്റെ ഇറയത്തേയ്ക്ക് ചാടി കയറി അവളെ നോക്കി കൊഞ്ഞനം കുത്തി ഒന്ന് കൂടി ചൊടിപ്പിച്ച് ഞാൻ ഓടി രക്ഷപ്പെട്ടു.

വീടിനു മുന്നിലെ കസേരയിൽ അച്ഛനും, അമ്മയും ഇരിക്കുന്നുണ്ട്.. രണ്ടാളും മതി മറന്നെന്തോ ചർച്ചയിലാണ്. പഞ്ചാരയടിയാണെന്ന് തോന്നുന്നു. വൻമതിലിനപ്പുറത്തെ ലോകത്ത് നമ്മളും പയറ്റിത്തെളിഞ്ഞ കളരി തന്നെയല്ലേ ഇപ്പോൾ മുന്നിൽ..
ശല്യം ചെയ്യണ്ട. അവിടെയിരുന്നോട്ടെ.. എന്തൊരു ചെറുപ്പമാണവർക്ക് രണ്ടു പേർക്കും! കറുത്തിരുണ്ട തലമുടി, ചുളിവുകൾ വീഴാത്ത തുടുത്ത മുഖവും, ശരീരവും. എന്തൊരു ഭംഗിയാണ് അമ്മയെക്കാണാൻ. ആ ഭംഗിയെന്താ എനിക്ക് കിട്ടാഞ്ഞത് ആവോ.. ചെറിയ അസൂയയോടെ അമ്മയെ അടിമുടി നോക്കി..

പണ്ടത്തെ തട്ടിട്ട വീടിൻ്റെ അകത്തളമൊക്കെ എന്ത് രസമാണ് കാണാൻ! റെഡ് ഓക്സൈസ് ഇട്ട് ഭംഗിയോടെ തിളങ്ങുന്ന അകത്തളങ്ങൾ.. എന്തിനാണ് ഇതൊക്കെ പൊളിച്ചടുക്കി ടെറസ്സാക്കിയതാവോ? വേണ്ടിയിരുന്നില്ല. പഴമയുടെ അത്ര ഭംഗിയില്ല പുതുമയ്ക്ക്..

 

തെല്ലിട കഴിഞ്ഞ് ഞാൻ ഓടിച്ചെന്ന് അച്ഛൻ്റെ മടിയിൽ കയറിയിരുന്നു. എത്ര കാലത്തിന് ശേഷമാണ്.. നല്ല സുഖം.. സുരക്ഷിതത്വം.. വലുതാവേണ്ടിയിരുന്നില്ല. ഊണുകഴിക്കുമ്പോൾ അച്ഛൻ്റെ കയ്യിൽ നിന്നും ഒരു ചോറുരുള വാങ്ങണം. പപ്പടവും, തോരനുമൊക്കെ നെയ്യുമൊക്കെ കൂട്ടിക്കുഴച്ച് ഇഷ്ടവിഭവമായ മാങ്ങാചമ്മന്തിയിൽ ഒപ്പി അച്ഛൻ കൈവെളളയിൽ വച്ച് തരാറുള്ള ആ ചോറുരുളയ്ക്കെന്താ സ്വാദ്.. ആ രണ്ടുരുള മതിയായിരുന്നു അന്ന് വയറു നിറയാൻ. ഇന്ന് ഒരുരുളയെങ്കിലും കിട്ടിയാൽ മനസ്സും വയറും നിറയും..എന്റെ മനസ്സ് അതിനായി തിടുക്കം കൂട്ടി. അത് കിട്ടിയപ്പോൾ അനുഭവിച്ച സായൂജ്യം!

 

ഊണു കഴിഞ്ഞ് ഇരിക്കുമ്പോൾ അമ്മയുടെ മടിയിൽ തല വെച്ച് കിടക്കാൻ ഞാനും അനുജത്തിയും തമ്മിൽ അടി. അവസാനം ഞാൻ ജയിച്ചു. അമ്മയുടെ കൈ ഇങ്ങനെ മുടിയിഴകളിലൂടെ അരിച്ച് നടന്നു. ആ സുഖത്തിൽ ഞാനൊന്നു മയങ്ങിപ്പോയി.. ഞാൻ അമ്മയുടെ മടിത്തട്ടിൽ കിടന്ന് കൈകാലിട്ട് കുടഞ്ഞു കളിക്കുന്ന ഒരു ശിശുവായി മാറിയെന്നെനിക്ക് തോന്നി. ബാല്യം ഇത്ര പെട്ടെന്ന് തീർന്നോ.. ?! ഹേയ്.. തോന്നലാവും. സ്വപ്നമാവാനും മതി.

 

ഞാനെഴുന്നേൽക്കാൻ ശ്രമിച്ചു. സാധിക്കുന്നില്ല.. തൊണ്ട വരളുന്ന പോലെ, ചിണുങ്ങി ചിണുങ്ങി ഞാൻ ഉറക്കെക്കരഞ്ഞു. അമ്മ എന്തൊക്കെയോ കൊഞ്ചിച്ച് എന്നോട് പറയുന്നുണ്ട്. ഒന്നും മനസ്സിലായില്ല എനിയ്ക്ക്.. ഞാൻ കണ്ണിറുക്കി വായ പൊളിച്ച് വാശിയിൽ കാറിക്കരഞ്ഞു.. കരച്ചിൽ നിർത്താൻ പാടുപെടുന്ന അമ്മ. കരയുന്നതിനിടയ്ക്ക് ഒന്നു വായ്ക്കൂട്ടിയപ്പോൾ ഞാൻ അറിഞ്ഞു. വായിൽ എന്തോ ഇളംമധുരം.

പാലമൃത്..

പാൽ മധുരം നിറയുന്നു..

യാത്രാക്ഷീണവും, ദാഹവും കൊണ്ട് ഞാൻ ആ പാലമൃതെത്ര ഉണ്ടെന്നൊന്നും ഒരു പിടിയും ഇല്ല. കണ്ണുകൾ അടച്ച് അമ്മയുടെ നെഞ്ചിൽ താളം പിടിച്ചും തുരുപ്പ് പിടിച്ചും ആവോളം വലിച്ച് കുടിച്ചു എന്ന് മാത്രം അറിയാം. വിശപ്പകന്ന് ഞാൻ സുഖമായി ഉറങ്ങി.

ഉറക്കമുണർന്നപ്പോൾ ഞാനൊരു ഇരുണ്ട കുഞ്ഞുമുറിയ്ക്കുള്ളിലാണ്. തൊട്ടിലിൽ ആണോ? അല്ല! ഉറക്കത്തിന് ഇടയ്ക്ക് പൊടുന്നനെ എന്നേയെവിടേക്കോ വലിച്ചെടുക്കപ്പെട്ട പോലെ തോന്നിയിരുന്നു. ആകെ ചുറ്റിനും നനവും വഴുവഴുപ്പും. വള്ളി പോലെ എന്തോ ഒന്നിൽ എന്നെ ബന്ധിച്ചിട്ടുണ്ട്. അത് നീണ്ട് നീണ്ട് എങ്ങോ പോയിട്ടുമുണ്ട്. കണ്ണു തുറക്കാൻ വയ്യ..എന്നാലും ചെറുതായി തുറന്നു. ഞാൻ തൊട്ടു നോക്കി. ഹായ്.. ഇത് പൊക്കിൾകൊടിയല്ലേ? എനിക്ക് തീരെ കനമില്ലാത്ത അവസ്ഥ. തല കീഴായാണ് കിടപ്പ് എന്ന് തോന്നുന്നു അതെ.. സുഖമുള്ള ഒരു പാടയുണ്ട് ചുറ്റിനും. വാഴപ്പൂവിൻ്റെ തേൻപാളിയ്ക്ക് ഉള്ളിൽ പ്പെട്ട കുഞ്ഞുറുമ്പിനെപ്പോലെ ഞാനവിടെ സുഖിച്ച് കിടന്നു. നിറയെ വഴുവഴുപ്പാണെങ്കിലും, തലകീഴായിട്ടാണെങ്കിലും എന്തോ ഒരു സുഖമൊക്കെയുണ്ട് ആ തേൻപാളിക്കുള്ളിലെ കിടപ്പിന്.

 

ഈ ഭൂതകാലത്തിലൂടെ വന്നില്ലായിരുന്നെങ്കിൽ ഈ പിന്നോക്കമുള്ള നടത്തം സാധ്യമാകുമായിരുന്നില്ലല്ലോ എന്നാലോചിച്ച് ഞാനൊന്ന് അമ്മയുടെ വയറിൻ്റെ ഭിത്തിയിൽ കുഞ്ഞിക്കാൽ കൊണ്ട് നന്നായി ചവിട്ടി കുനിച്ചു. ആരോ അപ്പുറത്ത് നിന്ന് കൈവെള്ള കൊണ്ട് ഭിത്തിയിൽ തടവുന്നുണ്ട്. ഒരു കൈ നിഴൽ ആ ഇളം ചുവപ്പ് ഭിത്തിയിൽ പതിയെ നീങ്ങുന്നു. അച്ഛനാണോ, അമ്മയാണോ ആവോ?ആ തലോടലിൽ ഞാൻ വീണ്ടും മയങ്ങി..

 

പിന്നെ ചെറുതായി ചെറുതായി ഞാനൊരു ചെറു ഇടനാഴിയിലൂടെ കടന്ന് ഒരു വിസ്മയലോകത്തിലെത്തി നിന്ന് ചുറ്റും നോക്കി. ഞാൻ ഒരു ഉണ്ണിമാങ്ങയോളം ചെറുതായിപ്പോയിരിക്കുന്നു. ഒരു നോമാൻസ് ലാൻറ് എന്ന പോലെ തോന്നുന്ന ആ പ്രദേശത്ത് ഞാൻ അന്തം വിട്ടു നിന്നു. എൻ്റെ ഈ ജന്മത്തിൻ്റെ അതിർരേഖയ്ക്കപ്പുറം എത്തിയിരിക്കുന്നു ഞാൻ എന്നെനിയ്ക്ക് വെളിപാടുണ്ടായി..

മനസ്സൊന്ന് പകച്ചു..

തിരിച്ചു പോകണോ?
ഒരു നിമിഷം ചിന്തിച്ചു..

വേണ്ട..
ഇതുവരെ വന്നതല്ലേ..
കുറച്ചു കൂടി മുന്നോട്ട് പോവാം. കഴിഞ്ഞ എൻ്റെ ഏതാനും ജന്മങ്ങളിൽ ഞാൻ ആരായിരുന്നുവെന്ന് അറിയാൻ ഒരു മോഹം, ഒരു അവസരം.അതറിയാൻ കുറച്ചു കൂടി മുന്നോട്ട് പോയേ ഒക്കൂ.

ഞാൻ മുന്നോട്ടു തന്നെ നടന്നു. മുന്നിലെ അഗാധമായ കിടങ്ങിനപ്പുറത്തേയ്ക്ക് ഒരു വിധത്തിൽ ചാടിക്കടന്നു, അതിന് എൻ്റെ ചെറു രൂപം അനുഗ്രഹമായി. പെട്ടെന്ന്, ആ ചെറു രൂപം വികസിച്ച് വരുന്നത് എനിക്കറിയാനായി. മുന്നിൽക്കണ്ട നദിക്കരയിലേക്ക് ഞാൻ നടന്നു. നല്ല ദാഹമുണ്ട്, ആ ജലത്തിലെ എന്റെ പ്രതിബിംബത്തിലേക്ക് സൂക്ഷിച്ച് നോക്കിയപ്പോൾ അതൊരു ഒത്ത  ഗജവീരന്റേതായിരുന്നു.

ഒരു ഒറ്റയാൻ..

എനിക്ക് ചിരി വന്നു. തരക്കേടില്ലല്ലോ? തുമ്പിക്കരം കൊണ്ട് കുറേ വെള്ളം അകത്താക്കുകയും, മേലൊട്ടാകെ നന്നായി കോരിയൊഴിക്കുകയും ചെയ്തു. ആകെ ഒരു ഉണർവ്വ്..

കരയിലെ ഏറ്റവും വലിയ ജീവി ആയിരുന്നല്ലേ ഞാൻ? എൻ്റെയാ കഴിഞ്ഞ ജന്മത്തെക്കുറിച്ച് എനിക്കഭിമാനംതോന്നി, വെറുതെയല്ല, ഞാനൊരു ആനപ്രേമി ആയത്. കാടുകുലുക്കി അലറി നടക്കുന്നവൻ. ത്രികോണ പ്രേമത്തിൽപ്പെട്ട് പ്രിയമുള്ളവളെ സ്വന്തമാക്കാനുള്ള ദ്വന്ദ്വയുദ്ധത്തിൽ ദയനീയമായി പരാജയപ്പെട്ട്, എല്ലാവരോടുമുള്ള തീർത്താൽ തീരാത്ത വിദ്വേഷത്തോടെ കറങ്ങി നടക്കുകയാണ്. ആരുടെ മെയ്ക്കിട്ടാണ് കേറേണ്ടതെന്ന് സ്പോട്ടിൽ തീരുമാനിക്കും.

 

സ്വന്തക്കാരായ ആനക്കൂട്ടത്തിനിടയിലും ഞാനൊരു നോട്ടപ്പുള്ളിയായിരുന്നു. അവരുടെ കൂട്ടത്തിൽ നിന്നും അഞ്ചു പത്തടി മാറി നടക്കാനായിരുന്നു ആനമൂപ്പൻ്റെ നിർദ്ദേശം. ആ ഒറ്റപ്പെടുത്തലിൻ്റെ കലിയും സങ്കടവും കുറക്കാൻ ആണ് ഒന്ന് പ്രേമിക്കാമെന്ന് വച്ചത്. അതും ഫ്ലോപ്പായതോടെ ഞാൻ ഒരു തികഞ്ഞ ഒറ്റയാനായി മാറുകയായിരുന്നു. കാടും, മേടും തല്ലിതകർത്തും മറ്റു ജീവികളെ ചിന്നം വിളിച്ച് പേടിപ്പിച്ചും ഞാൻ ആ വനവീഥികളിലൂടെ പൊടിപറത്തി, മേലാകെ പൊടി വിതറി സ്വാതന്ത്ര്യത്തോടെ ഓടി നടന്നു.

ഞാൻ പിന്നെയും നടന്നു. എൻ്റെ ജിജ്ഞാസ കൂടിക്കൂടി വന്നു, ഇനിയും ഒരു ജന്മമുണ്ടായിരുന്നിരിക്കുമോ? ഞാൻ എന്നോട് തന്നെ ചോദിച്ചു കൊണ്ടിരുന്നു.. ഉണ്ടായിരുന്നിരിക്കാം. ഇല്ലാതെ എവിടെ പോവാൻ.. ചിന്തകൾക്കിടയ്ക്ക് ഞാൻ വനവീഥിയിലൂടെ ഒരു പാട് നടന്നു. പെട്ടെന്നെനിക്ക് തോന്നി ഞാൻ പറക്കുകയാണെന്ന്, വിശദമായ ആകാശക്കാഴ്ച സാദ്ധ്യമായിത്തുടങ്ങിയപ്പോൾ ഞാനെന്നെ ഒട്ടാകെയൊന്നു നോക്കി. ഞാനൊരു പരുന്തായി പറക്കുകയാണ്. ശ്രീകൃഷ്ണ പരുന്ത്. കഴുത്തിന് മേൽപ്പോട്ട് തൂവെള്ളയും, ശരീരമാകെ ചെങ്കൽ നിറവുമുള്ള അപാരക്കാഴ്ചശക്തിയും, ഉന്നവും, ഉയർന്നു ഏറെ നേരം പറക്കാൻ ശക്തമായ ചിറകുകളും, മൂർച്ചയേറിയ കൊക്കുകളും, കാൽനഖങ്ങളും. ദൈവ സൃഷ്ടികൾ അപാരം തന്നെയെന്ന് ഞാൻ ചിന്തിച്ചു. ആകാശക്കാഴ്ച എന്നെ അമ്പരപ്പിച്ചു. മുകളിൽ നിന്നും താഴേയ്ക്ക് നോക്കി പറക്കാൻ, ഇടക്ക് ആകാശം തൊട്ടു തൊട്ടില്ലെന്ന മട്ടിൽ പറക്കാൻ ഒക്കെ എന്താ രസം! ചിറകുകൾ ഒരു അനുഗ്രഹം തന്നെയാണല്ലേ?ഇങ്ങിനെയങ്ങ് പറന്ന് നടന്നാലോ.. വേണ്ട, ഇനിയും മുന്നോക്കം തന്നെ..

താഴെക്ക് ഞാനൊന്നൂളിയിട്ട് പറന്നു, എങ്ങും എത്തിയില്ലല്ലോ എന്ന് അമ്പരപ്പോടെ ഓർത്തു.. ചുറ്റിനും എന്തോ നല്ല സൗരഭ്യം, നോക്കിയപ്പോൾ ഒരു മലർവാടിയിൽ ഒരു പൂവിനുള്ളിൽ ആണ് ഞാൻ. പൂക്കളുടെ മനം മയക്കുന്ന സൗരഭ്യം. ആവോളം തേൻ കുടിച്ചു, മത്തുപിടിച്ചു, മേലാകെ പൂമ്പൊടി പൂശി ഞാൻ മേല്പോട്ടു പറന്നുയർന്നു. മറ്റൊരു പൂവിൽ ചെന്നിരുന്നു. വർണ്ണ ചിറകുകൾ വീശി വീശി ഞാൻ പറന്നു കളിച്ചു. വീണ്ടും ഒരു പൂവിൽ വിശ്രമിക്കാനായി ഞാനൊന്നിരുന്നപ്പോൾ ചില കൊച്ചുകുട്ടികൾ എന്നെ കണ്ട് ഓടി വന്നു, പിടിക്കുവാനാഞ്ഞു.. ഞാനാകെ ഭയന്നു. എൻ്റെ നനുത്ത ചിറകുകൾ അവർ ഇഷ്ടം കൊണ്ട് അമർത്തിപ്പിടിച്ചാലോ.. ഞാൻ തഞ്ചത്തിൽ പറന്നു രക്ഷപ്പെട്ടു.. തെല്ലു ദൂരം അവർ പിന്നാലെ ഓടി വന്നു, ഞാനുയർന്നു പറന്നപ്പോൾ അവരെന്നെ ആശ്ചര്യത്തോടെ കണ്ണുകൾ വിടർത്തി നോക്കി നിന്നു.

അവർ പാടി..

“ചിത്രപതംഗമേ നിന്നെക്കണ്ടെൻ ചിത്തം തുടിച്ചുയരുന്നു..

വാർമഴവില്ലിൻ്റെ സത്താൽ തന്നെ മാനസം തീർത്തതിൽ വച്ചു.. ”

അവരെപ്പേടിച്ച് മേലോട്ട് കുതിച്ചുയർന്ന ഞാൻ പൊടുന്നനെ താഴെ വീണു, ചപ്പുചവറുകൾക്കിടയിലൂടെ ഓടി നടന്നു. നിറയെ മൺപുറ്റുകൾ ഉണ്ട് ചുറ്റും. ഞാൻ വീണ്ടും ചെറുതായിപ്പോവുകയാണല്ലോ. ഞാൻ ഒരു കുഞ്ഞുറുമ്പായി മാറി. കുറേ ഉറുമ്പുകൾ ചേർന്ന് എന്തൊക്കെയോ കടിച്ച് പിടിച്ച് താങ്ങിയെടുത്ത് വരിവരിയായി വരുന്നുണ്ട്. ചിലർ തമ്മിൽ കുശലം പറയുന്നുണ്ട്. തേങ്ങാപ്പീരയാണ് അവരുടെ കയ്യിൽ. ‘പിടിക്കടാ’ എന്നു പറഞ്ഞ് ആരോ വളരെ ആധികാരികമായി എൻ്റെ കയ്യിലും തന്നു ഒന്ന്. ഞാൻ അതിൻ്റെ ഭാരത്തിൽ ഒന്നാകെ ആടിയുലഞ്ഞു. എല്ലാവരും പോകുന്ന ദിശയിൽ ഞാനും നടന്നു, ചുരുക്കം ചിലർ എതിർ ദിശയിൽ നിന്നും വരുന്നുമുണ്ട്. “വേലയെടുക്കാതെ നിലനില്പില്ല മോനേ ഉറുമ്പായാലും” എന്ന് നേതാവ് എന്നെ നോക്കി താക്കീത് ചെയ്ത് ഒന്നിരുത്തി മൂളി..
ഹോ.. ഇവിടെയുമുണ്ട് നേതാക്കന്മാർ..!

ഞാൻ തേങ്ങാപ്പീര താങ്ങി നടക്കുന്നതിനിടെ ആലോചന തുടർന്നു. എവിടെ നിന്ന് പുറപ്പെട്ട ഞാനാണ്.. ഇനി എത്ര വഴി മടങ്ങി പോയാലാണ് തുടങ്ങിയിടത്ത് എത്തുക..അത് ഈ നേതാജി ഉണ്ടോ അറിയുന്നു? ഏറേനേരത്തെ ആലോചനക്കൊടുവിൽ അടുത്ത ജന്മത്തിൻ്റെ കൂടി പൊരുളറിഞ്ഞ് കഴിഞ്ഞാൽ അതിനപ്പുറത്തേയ്ക്ക് പോകേണ്ട എന്നു മനസ്സ് മന്ത്രിച്ചു.

വളകിലുക്കവും, പൊട്ടിച്ചിരികളും പിന്നെ ആരൊക്കെയോ ഓടി വരുന്ന ശബ്ദവും കേട്ട് ഞാൻ തല ഉയർത്തി നോക്കി. പുറകേ ഓടി വരുന്ന കുറേ സുന്ദരിമാർക്ക് പിടികൊടുക്കാതെ ഓടിയകലുന്ന, കൗമാരത്തിൻ്റെ വാതിൽക്കൽ എത്തി നിൽക്കുന്ന ഒരു സുന്ദരൻ. ഇവരൊക്കെ ആരാണ്? ഞാനെവിടെയാണ്? ഒരുപാട് ചോദ്യങ്ങൾ എൻ്റെ മുന്നിൽ. ഉത്തരം തേടി ഉഴറവേ, അതിനെല്ലാം കൂടിയുള്ള ഒറ്റ ഉത്തരമെന്നോണം അവിടെയാകെ തുളസീഗന്ധവും, ഗോപീചന്ദനഗന്ധവും പരന്നൊഴുകി. എത്ര എത്തിച്ച് നോക്കാൻ ശ്രമിച്ചിട്ടും എനിക്ക് ഒന്നും തന്നെ വ്യക്തമായിക്കാണാനാവുന്നില്ല. നിന്നിടത്തു നിന്ന് നീങ്ങുവാനും സാധിക്കുന്നില്ല. ഏറേ താമസിയാതെ ഞാൻ ഒരു പുൽക്കൊടിയാണെന്ന തിരിച്ചറിവെനിക്കുണ്ടായി.

കാണാവുന്ന ദൂരത്തിലവർ എത്തിയപ്പോൾ ഞാനവരെ വ്യക്തമായിക്കണ്ടു. മഞ്ഞപ്പട്ടും, ഉത്തരീയവും, ഓടക്കുഴലും, പീലിത്തിരുമുടിയും, വനമാലയും നീലത്തിരുവുടലും, തൂമന്ദഹാസവും.. കൃഷ്ണനും ഗോപികമാരുമാണ്. സുന്ദരികളായ ഒരു കൂട്ടം ഗോപികമാർ.. അവർ കണ്ണന് ഇരിക്കപ്പൊറുതി കൊടുക്കുന്നില്ല.. അല്ല, ചിലപ്പോൾ ഇദ്ദേഹവും എന്തെങ്കിലും ചെയ്തു കാണും.
കുറുമ്പ് കണ്ടു പിടിച്ച കറുമ്പൻ..
ഓ.. എൻ്റെ കൃഷ്ണാ.. ! ഞാൻ വൃന്ദാവനത്തിൽ എത്തിയല്ലോ? ഞാനപ്പോൾ ഒരു വൃന്ദാവന പുൽക്കൊടിയായും ജനിച്ചിരുന്നുവല്ലേ?

ദ്വാപരയുഗത്തിലെ പുൽക്കൊടി..
കലിയുഗത്തിന് തൊട്ട് മുൻപുള്ള യുഗത്തിലെ ഭൂതകാലത്തിലാണ് എൻ്റെ നിൽപ്പ്..!ഞാനെന്ന പുൽക്കൊടി ഭക്തിയോടെ ശിരസ്സ് നമിച്ചു. ആ സമയം അതുവഴി കടന്നു പോയ ഭഗവാൻ്റെ പാദാരവിന്ദങ്ങൾ എൻ്റെ ശിരസ്സിൽ അമർന്നു! ഞാനൊന്നു താഴ്ന്നുയർന്നു.. സാഫല്യം! ഇതിൽപ്പരം ഇനിയെന്ത് വേണം? ആ തൃപ്പാദങ്ങൾക്ക് എന്തൊരു മാർദ്ദവമാണ് കണ്ണാ.. ഒന്നുകൂടി ആ പാദരേണു ശിരസ്സിലണിയാൻ എൻ്റെ മനസ്സ് കൊതിച്ചു. ഈശ്വരസാക്ഷാത്ക്കാരം എത്ര സിദ്ധിച്ചാലാണ് മതിയാവുക??

ഇനിയൊരു തിരിച്ചുപ്പോക്കിനെപ്പറ്റി ചിന്തിക്കാൻ പോലും ഞാൻ അശക്തയായല്ലോ? എങ്കിലും പോയല്ലേ മതിയാവൂ.

“ഭക്തിയേക്കാൾ സ്വന്തം കർമ്മങ്ങൾ ചെയ്യുക എന്നതാണ് പ്രധാനം”

എന്ന ജ്ഞാനം നൽകുന്ന നിന്നോട് ഞാനെന്തു പറയാൻ? പറഞ്ഞാലും ഈ ആഗ്രഹം നടക്കുമോ? ഇല്ലെന്നെനിക്കറിയാം.. എങ്കിലും കാലചക്രത്തിൻ്റെ ഗതിക്ക് എതിരെ, ഒഴുക്കിനെതിരെയെന്ന പോലെ അയ്യായിരത്തിൽ പരം വർഷങ്ങൾക്കിപ്പുറത്തേക്ക് ഒരു ഭൂതകാല യാത്ര ചെയ്തെത്തിയത് വെറുതെയായില്ലല്ലോ? ഇതിനപ്പുറത്തേക്ക് ഇനിയെത്ര നീണ്ട ഭൂതകാലമെനിയ്ക്കുണ്ടെങ്കിലും എനിക്കതൊന്നും അറിയേണ്ട കണ്ണാ.. ഈ നിർവൃതി എന്നിൽ നിറഞ്ഞൊഴുകുകയാണിപ്പോൾ, എൻ്റെ കണ്ണുകളും..

മതി.. എനിയ്ക്കിതു മതി..

ഇവിടെ നിന്നൊരു തിരിച്ച് പോക്ക് പറിച്ചെടുക്കുന്നതിന് സമമാണെങ്കിലും പോകാതെ തരമില്ലല്ലോ..? നിൻ്റെ തൃപ്പാദം ശിരസ്സിൽ അമർന്ന, നിന്നെക്കണ്ട് കണ്ണും കരളും കുളിർന്ന ആ അനുഭവവും കൊണ്ട് ഞാൻ യാത്ര തിരിക്കട്ടെ…

വർത്തമാനകാലത്തിലേക്കുള്ള മടങ്ങിപ്പോക്ക് എങ്ങിനെയായിരിക്കും എന്നെനിക്കൊരു രൂപവുമില്ല. നിൻ്റെ അനുഗ്രഹമാണ് വെളിച്ചം.. ഭഗവാൻ കടന്ന് പോയ ആ വഴി തൊട്ട് ഞാനൊന്ന് തൊഴുതു.. ആ വഴിയിൽ ഭഗവാൻ്റെ വനമാലയിൽ നിന്നും അടർന്ന് വീണ, കടുംനീല നിറത്തിൽ, വശ്യഗന്ധമുള്ള ഒരു പേരറിയാ പൂവ് എന്നെ നോക്കി ചിരിച്ചു.. ഞാൻ അതെടുത്തു കണ്ണനെ ധ്യാനിച്ച് കണ്ണോട് ചേർത്തു. കണ്ണുകൾ പൂട്ടി ഞാനതിൻ്റെ വർണ്ണനാതീതമായ സൗരഭ്യം നുകർന്ന മാത്രയിൽ, ശരവേഗത്തിൽ എന്നെ ഒരു അദൃശ്യശക്തി ഇന്നിൻ്റെ മതിൽക്കെട്ടിന് അകത്തേക്ക് എടുത്തെറിഞ്ഞു…

കണ്ണുകൾ തുറന്നപ്പോൾ, ആ പേരറിയാ പൂ വാടാതെ, അതേ സൗരഭ്യത്തോടെ, എൻ്റെ വലതു കൈക്കുമ്പിളിൽ ഭദ്രമായിരുന്നു…

ഞാനതിനു പേരിട്ടു.. !

കൃഷ്ണകാന്തിപ്പൂവ്….

 

✍🏻(>സുജാത നായർ<)✍🏻

#എന്റെ രചന – യാത്ര

Post Views: 44
3
Sujatha Surendran

ഞാൻ സുജാത നായർ, തൃശ്ശൂർ സ്വദേശിനി.സുജാത എന്നാൽ ഇതാണ്👉🏽 മലയാളത്തെ ജീവന് തുല്യം സ്നേഹിക്കുന്ന, ഇനിയൊരു ജന്മമുണ്ടെങ്കിൽ എന്റെയീ പ്രിയ ഭൂമി മലയാളത്തിൽ തന്നെ പിറവി കൊള്ളാൻ അദമ്യമായി ആഗ്രഹിക്കുന്ന, കൈയിൽ ഉള്ളത് കൊണ്ട് ഓണം എന്നപോലെ എന്നിൽ ഉള്ളതുകൊണ്ട് എന്നാൽ കഴിയും വിധം എന്തെങ്കിലും ഒക്കെ എഴുതി ഫലിപ്പിക്കണം എന്ന ആഗ്രഹത്തോടെ, കടമകൾക്കും കർത്തവ്യങ്ങൾക്കും മൊത്തം സമയത്തിന്റെ നല്ല ഒരു ഓഹരി പകുത്ത് കൊടുത്ത് ബാക്കി കൈയിൽ കിട്ടുന്ന വിലപ്പെട്ട സമയത്ത് എന്തെങ്കിലും കുത്തിക്കുറിക്കാൻ, മറ്റുള്ളവരുടെ മനോഹരസൃഷ്ടികൾ വായിക്കാൻ കൊതിയുള്ള കർമ്മനിരതയായ വീട്ടമ്മ🥰

10 Comments

  1. Suresh9731 on May 10, 2025 10:01 PM

    ‘ വളരെ മനോഹരമായിരുന്നു

    Reply
  2. Joyce Varghese on May 5, 2025 11:03 PM

    മനോഹരം.
    ഭൂതകാലം, പല ജന്മങ്ങൾ താണ്ടിപ്പോയ എഴുത്ത് ഇഷ്ടമായി.👏❤

    Reply
    • Nixon on May 8, 2025 12:28 PM

      നന്നായിട്ടുണ്ട് 👍👍👍

      Reply
  3. Anju Ajish on May 5, 2025 2:42 PM

    നല്ല രചന👍

    Reply
    • Sayara Fathima Karu Kunnath on May 6, 2025 11:25 AM

      Good writing 👌

      Reply
  4. silvymichael73@gmail.com on May 5, 2025 12:42 PM

    മനോഹരം സുജാത 👌👌👌👌

    Reply
  5. Sunandha Mahesh on May 5, 2025 12:18 PM

    എന്തൊരു എഴുത്ത്, അസ്സലായിട്ടുണ്ട്, കൂടുതൽ പറയാൻ വാക്കുകൾ കിട്ടുന്നില്ല 👌👌👌👌👌

    Reply
    • Suresh9731 on May 10, 2025 10:00 PM

      ‘ വളരെ മനോഹരമായിരുന്നു

      Reply
  6. Seji Rajeev on May 5, 2025 9:42 AM

    അങ്ങനെ പല ജൻമങ്ങൾ കഴിഞ്ഞ് ഭഗവാനിൽ ലയിച്ചു അല്ലേ ഭാഗ്യവതി ആ പാദാ രബിംബത്തിൽ അലിഞ്ഞു ചേർന്നു നല്ല രചന ഒത്തിരി ഇഷ്ടമായി 💕💕🙏🙏🙏

    Reply
    • Nixon on May 8, 2025 12:30 PM

      👌👌👍👍

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.