ഈ യാത്ര ആരംഭിക്കുന്നത് ഒരു ആംബുലൻസിൽ വെച്ചാണ്. യാത്ര തുടങ്ങുമ്പോൾ അതിനുള്ളിലെ യാത്രക്കാരിലാരും അതിന്റെ അവസാനം എങ്ങനെയാകും എന്ന് ചിന്തിച്ചിരുന്നില്ല. ഈ നിമിഷം എങ്ങനെ കടന്നു പോകും എന്ന് മാത്രമാണ് അതിനുള്ളിലെ ഓരോരുത്തരും ചിന്തിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളേജിലെ ഓ.പി യുടെ മെയിൻഗേറ്റിന്റെ മുൻവശം ഒട്ടും ബഹളമില്ലാതെ ഇരുട്ടിന്റെ കയ്യും പിടിച്ച് മൂകമായിരിക്കുകയായിരുന്നു അപ്പോൾ. പകലിലെ ബഹളങ്ങളുടേയും ആംബുലൻസുകളുടെ കൂക്കിവിളിയുടേയും സെക്യൂരിറ്റിമാരുടെ ചീത്ത വിളിയുടേയും വേദന കൊണ്ട് പുളയുന്നവരുടെ രോദനങ്ങളുടേയും കൂട്ടിരിപ്പുകാരുടെ തേങ്ങലുകളുടേയും സമയമില്ലാതെ ഓടുന്ന ഒരു പറ്റം ആളുകളുടേയും പ്രേതങ്ങൾ ശബ്ദമില്ലാതെ അവിടങ്ങനെ ഒഴുകി നടന്നു. അവിടെ നിർത്തിയിട്ട ആംബുലൻസിൽ ഒട്ടേറെ ശ്രമപ്പെട്ട് കയറിക്കിടക്കുമ്പോഴും ഉപ്പയുടെ കണ്ണിൽ പ്രതീക്ഷയായിരുന്നു, ബി.ഡി.എസ് രണ്ടാം വർഷം പഠിക്കുന്ന തന്റെ മകൾക്ക് കാര്യങ്ങളെല്ലാം അറിയാമെന്നും എല്ലാം ശരിയാകുമെന്നും. ആ കണ്ണിലെ തിളക്കം മാത്രം മതിയായിരുന്നു ഞാനെന്ന ആ മകൾക്ക് അവളുടെ ഭയത്തിന്റേയും അജ്ഞതയുടേയും വേലിക്കെട്ടുകൾ ചാടിക്കടന്ന് ഈ ദുനിയാവിന്റെ ഏതറ്റം വരെയും ഉപ്പയുമായി പോകാനും.
അന്ന് രാത്രി തിരുവനന്തപുരം ആർ.സി.സി യിലേക്ക് ഉപ്പയും ഉമ്മയും ഞാനും കൂടി പോകുമ്പോൾ കയ്യിലെ ഒരു കടലാസുകഷണം മാത്രമായിരുന്നു എന്റെ ധൈര്യം. ബയോപ്സി സാമ്പിളിൽ കാൻസർ കോശങ്ങളില്ല എന്ന റിപ്പോർട്ട്. അത് തൊണ്ണൂറു ശതമാനവും തെറ്റാകാനുളള സാധ്യതയുണ്ടെന്നും ഉപ്പയുടെ അവസ്ഥ വളരെ മോശമാണെന്നും ഉപ്പയെ ചികിത്സിക്കുന്ന ഡോക്ടർ ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും ആ പത്തു ശതമാനത്തിൽ എനിക്കെന്റെ ഉപ്പയെ വേണമായിരുന്നു. അതു കൊണ്ടു തന്നെയാണ് ആ രാത്രിയിൽ തന്നെ അങ്ങോട്ടു യാത്ര തിരിച്ചതും.
ഒന്നും മിണ്ടാതെ കിടക്കുന്ന ഉപ്പയെ കാണുമ്പോൾ സങ്കടത്തേക്കാളേറെ ദേഷ്യമായിരുന്നു. അറ്റാക്ക് വന്ന് കിടന്നപ്പോളും “നിങ്ങളുടെ പെരുന്നാൾ ചോറ് കുളമായല്ലേ” എന്ന് കളി പറഞ്ഞ, “ഇയ്യാടെ മോള് റേഡിയോ അല്ലേ, എന്നെ ഒന്നും പറയാൻ വിടില്ലല്ലോ” എന്നും പറഞ്ഞെന്നെ എന്നും ഫോൺ വിളിക്കുന്ന, വാശി പിടിച്ചാൽ ദിവസങ്ങളോളം മിണ്ടാവ്രതം എടുക്കുന്ന, എന്നിട്ടൊടുവിൽ പിണക്കം മാറിയാൽ പഴയതിനേക്കാളേറെ കടുപ്പത്തിലെന്നെ കളിയാക്കുന്ന എന്റെ ഉപ്പയാണ് ഇങ്ങനെ കിടക്കുന്നത്. ആറ് മാസങ്ങൾക്ക് മുമ്പേ നാട്ടിൽ വന്നപ്പോൾ നടത്തിയ ടെസ്റ്റുകളെല്ലാം നോർമലായിരുന്നു. എന്നിട്ടുമെന്തേ ഇപ്പോളിങ്ങനെ? ചിന്തകളേക്കാൾ വേഗത്തിൽ പായുന്ന ആംബുലൻസിന്റെ ജാലകച്ചില്ലയിലൂടെ വ്യക്തമല്ലാതെ മായുന്നോരോ കാഴ്ചകളിലൂടെ ഞാനെന്റെ പ്രതീക്ഷകളെ കണ്ടു, ഭയപ്പെടുത്തുന്ന യാഥാര്‍ത്ഥ്യങ്ങളെ കണ്ടു. എന്നാൽ അവയ്ക്കൊന്നും എന്റെ ഉപ്പയെ വിട്ടുകൊടുക്കാൻ ഞാനൊരുക്കമല്ലായിരുന്നു. അതിനാൽ തന്നെ അന്നോളമില്ലാത്തൊരു ധൈര്യം എന്നിൽ വന്നു നിറയുന്നത് ഞാൻ പോലുമറിഞ്ഞില്ല.
ആർ.സി.സി യിലെ ദിനരാത്രങ്ങളും അതുവരെയുണ്ടായിരുന്നതിന്റെ ആവർത്തനം തന്നെയായിരുന്നു. ഉപ്പയോടൊപ്പം താങ്ങായി നിൽക്കുന്ന ഉമ്മയും രാവിലെ മുതൽ മരുന്നിനും ടെസ്റ്റ് റിസൾട്ടിനും ഡോക്ടറുടെ വാക്കുകൾക്കും കാത്തുനിൽക്കുന്ന ഞാനും ഇതിനിടയിൽ തന്നെക്കൊണ്ടാവും പോലെ സഹായിക്കാൻ മൂത്താപ്പയും ഇതിനിടയിലെപ്പോഴെങ്കിലും ഉപ്പയെക്കൊണ്ട് നിർബന്ധിച്ച് വല്ലതും കഴിപ്പിക്കലും ഉപ്പയുടെ അസ്വസ്ഥതകളും ഇടക്കെപ്പോഴോ ഞങ്ങളുടെ തീറ്റയും രാത്രിയായാൽ മൂത്താപ്പയോടൊപ്പം ലോഡ്ജിലേക്കുളള ഓട്ടവും എല്ലാം അങ്ങനെത്തന്നെ കഴിഞ്ഞു പോന്നു. ഇടക്കൊക്കെ ഉപ്പയെ ഒന്നു ചിരിപ്പിക്കാനോ മറ്റോ നോക്കിയാലും വേദന കൊണ്ട് പ്രയാസപ്പെടുന്നത് കാണുമ്പോൾ എല്ലാ ധൈര്യവും ചോർന്നു പോകുന്നതു പോലെ തോന്നും. അപ്പോളൊരോട്ടമാണ് പുറത്തേക്ക്, ‘മരുന്ന്’ വാങ്ങാൻ വേണ്ടി, അല്ലെങ്കിൽ ‘റിസൾട്ടാ’യോന്ന് ചോദിക്കാൻ. ആ ഓട്ടങ്ങളുടെയെല്ലാം അവസാനം എന്താകുമെന്നറിഞ്ഞിരുന്നെങ്കിലൊരുപക്ഷേ ഞാനിന്നുണ്ടാകുമായിരുന്നോ എന്ന് സംശയമാണ്.
അന്ന് ഡിസംബർ ഇരുപത്തിയഞ്ച്, ക്രിസ്തുമസ് ദിനം. ഞാനും ഉപ്പയും ഉമ്മയും വീണ്ടുമൊന്നുകൂടി ആംബുലൻസിൽ കയറി. അന്ന് പക്ഷേ, ഉപ്പക്ക് കയറാൻ ഒട്ടും ബുദ്ധിമുട്ടേണ്ടി വന്നില്ല. തണുത്തുറഞ്ഞ പെട്ടിയിൽ സുഖമായുറങ്ങുന്ന ഉപ്പയെ കയറ്റിക്കിടത്താൻ ആളുകളുണ്ടായിരുന്നു. അത്രയും ദിവസം തിന്ന വേദനകൾ മറന്നുറങ്ങുന്ന ഉപ്പയെ കയറ്റുന്നവർ ശ്രദ്ധിക്കാതായപ്പോൾ, “സൂക്ഷിച്ച്, ഇതെന്റെ ഉപ്പയാണ്” എന്നവരോട് ഞാൻ മനസ്സിൽ കയർക്കാനേ എനിക്കായുളളൂ. ഉച്ചക്ക് ശേഷം തുടങ്ങിയ യാത്രയിലുടനീളം ഉപ്പയെ നോക്കിയിരുന്ന് ഞാനും ഉമ്മയും ഞങ്ങളുടെ ലോകത്തിലൂടെ കരഞ്ഞു നടന്നു. ഇടക്കെപ്പോഴോ ഫോൺ വിളിച്ച ആരോടൊക്കെയോ “ഉപ്പ മരിച്ചു” എന്ന് നിസ്സംഗതയോടെ പറയുമ്പോൾ ഉമ്മയുടെ തുറിച്ചുനോട്ടത്തിൽ ഞാൻ ഭയന്നു. ആ സമയത്ത് പിന്നെന്തു പറയണമെന്നെനിക്കറിയില്ലായിരുന്നു. ഏതൊക്കെ സന്ദർഭങ്ങളിൽ എങ്ങനെയൊക്കെ പെരുമാറണം എന്നെന്നെ പഠിപ്പിക്കുന്ന ആളാണ് എന്റെ മുന്നിൽ ഒരു കണ്ണാടിക്കൂട്ടിൽ കിടക്കുന്നത്. ഒരിക്കൽ എനിക്കറിയാത്ത ഏതോ ഒരാളെ കുറിച്ച് ‘അയാൾ’ എന്ന് പറഞ്ഞപ്പോൾ എന്നെ തിരുത്തി ‘നിന്നേക്കാൾ മുതിർന്ന ആളല്ലേ, അദ്ദേഹം എന്നു പറയൂ’ എന്നെന്നെ ശാസനാപൂർവം തിരുത്തിയ ആരാണ് ഇപ്പോൾ ഒന്നും മിണ്ടാതെ കിടക്കുന്നത്. പിന്നീടുളള സംഭാഷണങ്ങളിൽ “ഉപ്പ പോയി” എന്ന് പറയാനെന്റെ മനസ്സിൽ തോന്നിപ്പിച്ചത് ഉപ്പ തന്നെയായിരിക്കണം.
രാത്രിയേറെ വൈകി വീട്ടിലെത്തുമ്പോൾ പന്തലിട്ട മുറ്റത്ത് ഞങ്ങളെ കാത്താരൊക്കെയോ നിന്നിരുന്നു. അവിടെ മുമ്പിൽതന്നെ ഞങ്ങളേയും നോക്കിനിന്ന ഉപ്പപ്പ(ഉമ്മയുടെ ഉപ്പ)യുടെ നെഞ്ചിൽ ചാരി “എനിക്കിനി ആരുണ്ടുപ്പാ?” എന്ന് പറഞ്ഞുമ്മ പൊട്ടിക്കരയുമ്പോളാണ് ആ യഥാർത്ഥ്യം എന്നെ വിഴുങ്ങിയത്. നാളെയൊരുനാളിൽ എനിക്ക് സങ്കടം പറഞ്ഞ് കരഞ്ഞ് ചായാനൊരു തോളുമില്ലാത്ത വിധം എന്നെ ഒറ്റക്കാക്കിയാണ് എന്റെ ഉപ്പ പോയത്. കോഴിക്കോട് നിന്നും ഒരാംബുലൻസിൽ തുടങ്ങിയ യാത്ര വേറൊരാംബുലൻസിൽ എന്റെ വീട്ടുമുറ്റത്തവസാനിക്കുമ്പോൾ ഉപ്പയുടെ റാണിമോളിൽ നിന്നും ഒരു യതീമിലേക്കാണ് ഞാൻ മാറിയത്.
പതിമൂന്ന് വർഷങ്ങൾക്കിപ്പുറവും ഒരു ദിനം പോലും ഉപ്പയെ ഓർക്കാതില്ല. ഓരോ ചെറിയ സങ്കടവും സന്തോഷവും കാഴ്ചകളും കേൾവികളും മണവും രുചിയും വസ്തുവും ഓർമയും സ്വപ്നവും, അങ്ങനെ എന്തെങ്കിലും ഒരു ചെറിയ കാര്യമെങ്കിലും ഇന്നും ഉപ്പയെ എന്നരികിലേക്കെത്തിക്കും. “ഉപ്പ ഇല്ല, പോയി” എന്ന് നിസ്സംഗതയോടെ പറയാൻ ഇന്നു ഞാൻ പഠിച്ചുവെങ്കിലും അതിനപ്പുറത്തേക്ക് ഉപ്പയുടെ ഏതൊരോർമ്മയും ഇന്നുമെന്റെ ഹൃദയത്തെ കുത്തിനോവിച്ചുകൊണ്ടേയിരിക്കുകയാണ്. ” സൈനുദ്ദീന്റെ ഹൃദയം പൊളിച്ചാൽ ആ തുണ്ടിനകത്ത് കാണും റാണിമോളെ” എന്ന് കാലങ്ങൾക്ക് ശേഷം കാണുന്ന ഉപ്പയുടെ കൂട്ടുകാർ പറയുമ്പോൾ കണ്ണുനിറയുന്ന ചിരിയോടെ ധൈര്യപൂർവം കേട്ടുനിന്ന് തിരിഞ്ഞുപോയി കണ്ണും നെഞ്ചും വയറുമെരിഞ്ഞ് ഞാൻ കരഞ്ഞുതീർക്കുമ്പോൾ ഞാനറിയുന്നുണ്ട്, ആ ഹൃദയത്തിന്റെ തുണ്ട് എന്റെ ഹൃദയത്തോട് ചേർത്തു വെച്ചാണ് എന്റെ ഉപ്പ പോയതെന്ന്. ഒരു യാത്രാദൂരത്തിനപ്പുറം ഒരിക്കലുമൊരു തിരിച്ചുപോക്ക് സാധ്യമാകാത്തത്ര ദൂരം പോയ, യതീമായ മകളെ ഒറ്റക്കാക്കാനാകാതെ ആ ഹൃദയം എന്റെയുളളിൽ വെച്ചു തന്നാണ് എന്റെ ഉപ്പ യാത്രയായതെന്ന്. അല്ലെങ്കിലും അങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം…
#യാത്ര


10 Comments
വളരെ നൊമ്പരമുണ്ടാക്കിയ യാത്ര- ആ യാത്രയിൽ ഞാനും കൂടെ സഞ്ചരിച്ചു.
യാത്രയുടെ അവസാനം എന്നും ഒന്നു തന്നെയാകുമ്പോൾ ആ നൊമ്പരവും അവസാനിക്കുന്നില്ല. നന്ദി
It’s remembering me my father’s last hospital days 😢 may allah have mercy on him &grant him highest place Janna
Aameen ya rabbal aalameen
🫂ആമീൻ
ഏറ്റവും പ്രിയപ്പെട്ടവർ നഷ്ടപ്പെടുന്നത്, പറയാനും എഴുതാനും സ്വയം ആശ്വസിക്കാനും എത്രയും വിഷമകരമെന്ന് കാണിച്ചു തന്ന എഴുത്ത്.
👏
ഞാനെഴുതുന്നത് ഒത്തിരി ഇഷ്ടമായിരുന്നു ഉപ്പക്ക്. ഇപ്പോൾ വീണ്ടും എഴുതിത്തുടങ്ങിയപ്പോൾ എവിടെയൊക്കെയോ ഉപ്പ ചേർന്നു നിൽക്കുന്ന പോലെ. നന്ദി❤️
നോവുകൾ 🫂🫂
കാലം മായ്ക്കാത്ത മുറിവുകളിലൊന്ന്
നൊമ്പരമായി ഉപ്പ ❤️❤️
കാലമെത്ര കഴിഞ്ഞാലും അതങ്ങനെ തന്നെ നിൽക്കും എന്ന് കാലങ്ങൾ തന്നെ തെളിയിക്കുകയാണ്. നന്ദി ചേച്ചീ🙂