വീട് മുഴുവനും അച്ഛനില്ലായ്മയിൽ വിരസമാകുന്നതായി പ്രിയക്ക് തോന്നി. അധികം സംസാരിക്കാത്ത, ഉറക്കെ ഒന്നു ചിരിക്കുക പോലും ചെയ്യാത്ത അച്ഛനെ, ഇത്രയധികം മിസ്സ് ചെയ്യുന്നതിൽ അവളത്ഭുതപ്പെട്ടു.
കുറെ നാളായുള്ള അച്ഛൻ്റെ ആഗ്രഹമായിരുന്നു, ആദ്യം ജോലി കിട്ടിയ സ്ഥലത്ത് കുറച്ചു നാൾ കൂടി താമസിക്കണം എന്ന്.
“കാലം അനുവദിച്ചു തന്ന അവസാനത്തെ കുറച്ചു ദിനങ്ങൾ… ഞാനൊന്നു പിന്നോട്ട് നടക്കട്ടെ… “
ദിനേശേട്ടൻ്റെ എതിർപ്പുകൾക്ക്, അച്ഛൻ കൊടുത്ത മറുപടിയാണ്.
ഒരു നീളൻ തോൾസഞ്ചിയിൽ പ്രിയപ്പെട്ടതെല്ലാം ഒതുക്കി വച്ച് വിനയചന്ദ്രൻ മാഷ്, പ്രിയക്കും കുഞ്ഞുങ്ങൾക്കും ഒരു ചെറു പുഞ്ചിരിയിൽ യാത്രാമൊഴി ചൊല്ലി, രാത്രിമഴ നനച്ച പുലരിയിലൂടെ ഒതുക്കുകല്ലുകളിറങ്ങി നടന്നു നീങ്ങി.
ട്രെയിനിൽ എതിരെയുള്ള സീറ്റിൽ വാശിപിടിച്ചു കരയുന്ന കുട്ടിയെ, അതിൻ്റെ അമ്മ പാടുപെട്ട് അനുനയിപ്പിക്കുന്നത് കണ്ടിരുന്നപ്പോൾ മാഷിനു തൻ്റെ കുട്ടിക്കാലം ഉള്ളിൽ തെളിഞ്ഞു, ഒരു നെയ്തിരി പോലെ അമ്മയും.
അമ്മ ജോലിയെടുക്കുന്ന ഔസേപ്പുമുതലാളിയാണ് പള്ളിവക സ്കൂളിൽ ജോലി ശരിയാക്കി തന്നത്. മകൻ ദൂരെ പോയി ഒറ്റക്ക് താമസിക്കേണ്ടി വരുമല്ലോ, എന്നോർത്ത് അമ്മ ആധിപിടിച്ചു.
എങ്കിലും മൗനാനുവാദത്തോടെ, താൻ തിരൂർ സെൻ്റ്. ജോൺസ് സ്കൂളിൽ മലയാളം അധ്യാപകനായി.
താമസം ഒരുവിധത്തിൽ ശരിയാക്കി. പക്ഷേ ആഹാരം വലിയ പ്രശ്നമായി.
സ്കൂളിലേക്ക് പോകുന്ന വഴിക്ക്, ഒരു വീടിനോട് ചേർന്ന് ഓലമേഞ്ഞ ഒരു ചെറിയ ചായക്കടയുണ്ട്.
പക്ഷേ അവിടെ ഉച്ചയൂണും അത്താഴവുമൊന്നും കിട്ടില്ല. രാവിലെയും വൈകിട്ടും ചായയും പലഹാരങ്ങളും മാത്രം. ഒന്ന് രണ്ട് ദിവസം, കുടെയുള്ള അരവിന്ദൻ മാഷിൻ്റെ വീട്ടിൽ നിന്ന് കൊണ്ടുവന്നു. പിന്നെ തനിക്ക് അതു വേണ്ടെന്ന് തോന്നി. അവരെ ബുദ്ധിമുട്ടിക്കാൻ അഭിമാനം സമ്മതിച്ചില്ല.
അരവിന്ദൻ തന്നെയാണ് പ്രശ്നം, ചായക്കടക്കാരൻ അന്തോണിച്ചന് മുൻപിൽ അവതരിപ്പിച്ചു പരിഹാരം ഉണ്ടാക്കിയത്.
തനിക്ക് മാത്രമായി രണ്ടു നേരം ഊണ് ഉണ്ടാക്കി തരാം എന്ന് അയാൾ സമ്മതിച്ചു.
മടിച്ച് മടിച്ചാണ് പൊള്ളുന്ന വെയിലിൽ നിന്നും കടയുടെ തണലിലേക്ക് കയറിയത്.
അന്തോണിച്ചൻ നിറഞ്ഞ ചിരിയോടെ, മരത്തിൽ തീർത്ത ചെറിയ ബെഞ്ച് തോളിലെ തോർത്തിനാൽ തുടച്ചു, ഇരിക്കുവാൻ ക്ഷണിച്ചു.
ഇരുന്നപ്പോൾ ബെഞ്ചിന് ചെറിയൊരാട്ടം, ശങ്കയോടെ അമർന്നിരുന്നു.
തൂശനിലയിൽ കുത്തരിച്ചോറ്, ഒഴിച്ചുകറികൾ, അച്ചാർ, പപ്പടം, തോരൻ… എല്ലാം നിരന്നു.
ഉണ്ണുന്നതിനിടയിൽ ഒരുപാട് വിശേഷങ്ങളും അയാൾ വിളമ്പി.
ഭാര്യ ഇല്ല, മരിച്ചിട്ട് 5 വർഷമായി. മൂന്ന് പെൺ കുട്ടികൾ, ഇളയ കുട്ടികൾ പഠിക്കുന്നു. മൂത്തവൾ കടയിലും, വീട്ടിലും സഹായമായി നിൽക്കുന്നു.
മോളേ… ട്രീസാ ആ മോര് കുറച്ചിങ്ങ് എടുത്തോ…
ട്രീസ, ചെറിയ സങ്കോചത്തോട് കൂടി മുഖത്ത് നോക്കാതെ മോര് ഒഴിച്ചു തന്നു.
തൊട്ടെഴുതാം അവളെ.. അത്രയും കറുപ്പ്. എങ്കിലും, ഒരു പ്രത്യേക ചന്തം നിറഞ്ഞു നിൽക്കുന്നു. ഒന്നു കൂടി നോക്കുവാൻ പ്രേരിപ്പിക്കുന്ന ഒരു ആകർഷണം. നീണ്ട മുടി പിന്നിയിട്ടിരിക്കുന്നു. ഇളം നീല നിറമുള്ള നീളൻ പാവാടയും ജാക്കറ്റും… കഴുത്തിലെ മാലയിൽ കുരിശു രൂപം കോർത്തിട്ടിരിക്കുന്നു. ഏറ്റവും ആകർഷിച്ചത് അവളുടെ കണ്ണുകളാണ്… നക്ഷത്രങ്ങൾ ഒളിപ്പിച്ച കണ്ണുകൾ. പക്ഷെ അവളൊന്നു നേരെ നോക്കിയത് പോലുമില്ല. അകത്തേക്ക് കയറിപ്പോയി.
പിന്നെയും… ദിവസങ്ങൾ… മോര്, ചമ്മന്തി, വറുത്ത മീൻ…
ട്രീസ വിളമ്പി തരുമ്പോൾ, ഒരു വല്ലാത്ത രുചി…
പരിചയം ചിരിയായി, ചിരി കള്ള കൺനോട്ടങ്ങളായി, കൊച്ച് വർത്തമാനങ്ങളായി, പിന്നെ പിന്നെ… പ്രണയമൊഴുകുന്ന നീർച്ചാലുകളായി…
നീർച്ചാലുകൾ തടസ്സമില്ലാതെ പതഞ്ഞൊഴുകി നീങ്ങുകയാണ്.
രാത്രി ഭക്ഷണത്തിൻ്റെ വേളയിലാണ്, തങ്ങളുടെ പ്രണയം കൂടുതലും നിറഞ്ഞൊഴുകാറുള്ളത്.
അപ്പോളവളുടെ കണ്ണുകളിലെ നക്ഷത്രങ്ങൾ തനിക്കായി കത്തി ജ്വലിക്കും.
മൂന്ന് വർഷങ്ങൾ കൊണ്ട് തങ്ങളുടെ പ്രണയത്തിൻ്റെ നീർച്ചാലുകൾ,പുഴയായി പതഞ്ഞൊഴുകി തുടങ്ങിയിരുന്നു.
നിന്നെ ഒരിക്കലും ഞാൻ തനിച്ചാക്കില്ല… എന്ന് അവളുടെ ചെവിയിൽ മന്ത്രണം പോലെ പറഞ്ഞന്നു രാത്രിയിൽ… തന്നെക്കാത്ത് മുറിയിൽ ഒരു ഇൻലൻഡ് വന്നു കിടപ്പുണ്ടായിരുന്നു.
ജീവിതം ഗതി മാറ്റി… തിരിച്ചു വിട്ട സംഭവങ്ങളുടെ… മുന്നറിയിപ്പ് പോലെ.
സഹോദരിക്ക് ഒരു വിവാഹം ശരിയായിട്ടുണ്ട്… പെട്ടെന്ന് വീട്ടിലേക്ക് വരൂ…
ചൊവ്വാദോഷക്കാരിയായ അവളുടെ വിവാഹം ശരിയായതിലുള്ള സന്തോഷത്തോടെ,വീട്ടിലേക്കെത്തി.
പക്ഷേ… ഒരു കീറാമുട്ടി… തന്നെ മാത്രം പ്രതീക്ഷിച്ച്,അവിടെ കിടപ്പുണ്ടായിരുന്നു.
മാറ്റക്കല്യാണം…
വരൻ്റെ സഹോദരിയെ വധുവിൻ്റെ സഹോദരൻ… അതായത്.. താൻ വിവാഹം കഴിക്കണം.
എങ്കിൽ മാത്രമേ തൻ്റെ സഹോദരിയുടെ വിവാഹം നടക്കൂ.
വിസമ്മതങ്ങൾ…
അമ്മയുടെ കണ്ണീരിനു മുൻപിൽ… സഹോദരിയുടെ പ്രതീക്ഷകൾക്ക് മുൻപിൽ അലിഞ്ഞലിഞ്ഞില്ലാതായി.
ട്രീസയോട് ഒരു യാത്രാ മൊഴി പോലും പറയാൻ കഴിഞ്ഞില്ല. പിന്നീട് ഒരിക്കൽ പോലും… അവളെ കണ്ടിട്ടില്ല…
ആ നാട്ടിലേക്ക് പിന്നെ ഒരിക്കൽ പോലും ചെന്നില്ല.
മാഷേ എന്നുള്ള ഒരു തേങ്ങി വിളിയൊച്ച, ഇപ്പോഴും ഹൃദയത്തിനുള്ളിൽ വിലങ്ങി കിടക്കുന്നു.
ട്രെയിനിൽ നിന്നിറങ്ങി… ഒരു ഓട്ടോ പിടിച്ച്, വിനയചന്ദ്രൻ മാഷ് നീങ്ങി,
ഒന്ന് കൂടി… തൻ്റെ ആദ്യാനുരാഗം പതഞ്ഞൊഴുകിയ പുഴയിറമ്പുകളിലേക്ക്…
ഒഴുക്കിൻ്റെ നനവ് പാടുകളുള്ള മനസ്സുമായി.


4 Comments
നല്ല ആഖ്യാനശൈലി.
👏
🤩
കഥ പകുതിയിൽ തീർന്ന പോലെ.
നല്ലെഴുത്ത് .ഇഷ്ടമായി❤️👌🌹
🤩