ഒരു പാട് സ്വപ്നങ്ങളെ കൂട്ടു പിടിച്ച് എന്റെയുള്ളിലെ പുതിയ അതിഥിക്കായ് ഞാനും കാത്തിരുന്നു
എന്റെ മകൻ ജനിച്ചപ്പോൾ ഡോക്ടർമാർക്ക് പോലും പ്രതീക്ഷ ഉണ്ടായിരുന്നില്ല. ഒരു രാത്രി അവന് കുറച്ച് സീരിയസ് ആയപ്പോൾ സങ്കടം സഹിക്കാൻ ആവാതെ ഉപ്പാ എന്റെ അരികിൽ വന്നിരുന്നു.
“നമ്മുടെ മോനെ കിട്ടില്ലെന്ന്… നീ പ്രാർത്ഥിക്ക് അതെ ഈ ഉപ്പാക്ക് പറയാനുള്ളു”
അവൻ ജനിച്ചു കഴിഞ്ഞു ഏഴാം ദിവസമാണ് ഞാൻ അവനെ ആദ്യമായി കണ്ടത്. അന്ന് രാത്രി തന്നെ ആയിരുന്നു ഉപ്പാ അങ്ങനെ പറഞ്ഞതും. അവന്റെ ശരീരം മുഴുവൻ നീല നിറമായി കുറച്ച് സീരിയസ് ആണെന്ന് ഉപ്പാക്ക് എന്നോട് തുറന്ന് പറയാൻ കഴിയാത്തത് കൊണ്ട് അത്രയും പറഞ്ഞു റൂമിൽ നിന്നും ഇറങ്ങി പോയി. അത് കേട്ട് കഴിഞ്ഞപ്പോൾ മനസ് ഒരു മരവിപ്പായിരുന്നു. കുറെ നേരം മിണ്ടാനാവാതെ ശരീരം മുഴുവൻ വിറയ്ക്കുന്നത് പോലെ തോന്നി. ഉമ്മാന്റെ മുമ്പിൽ പൊട്ടി കരയാൻ ആവാതെ പിടിച്ച് നിന്നു.
അവന്റെ ജീവൻ തിരിച്ചു പിടിക്കാൻ ഓരോ നിമിഷവും പ്രാർത്ഥനയിൽ മുഴുകി. ഞങ്ങളുടെ പ്രാർത്ഥനക്കു ഫലം ലഭിച്ചു.
എന്റെ സ്നേഹത്തിന് മുന്നിൽ വിധി പോലും കീഴടങ്ങി. അവനൊരു പോരാളിയായി അതിജീവനത്തിലൂടെ തിരിച്ച് വന്നു.
പക്ഷെ മാസങ്ങളോളം ഞങ്ങൾ ഹോസ്‌പിറ്റലിൽ തന്നെയായിരുന്നു. ഒരു ചില്ലുവാതിലിന് അപ്പുറം നിന്നു കൊണ്ട് ദിവസവും ഞാൻ അവനെ കാണും. ഒന്ന് അവനെ തൊടാൻ പോലും ആവാതെ ദൂരെ നിന്ന് എന്റെ കുഞ്ഞിനെ ഞാൻ നോക്കി നിൽക്കും
അങ്ങനെ ഒരു മാസം കഴിഞ്ഞപ്പോഴാണ് ഡോക്ടർ എന്നോട് കുഞ്ഞിനെ ഇനി മുതൽ കൈയിൽ എടുത്ത് ഒന്ന് താലോലിക്കാം എന്ന് പറഞ്ഞത്. അത് കേട്ടപ്പോൾ അനുഭവിച്ച സന്തോഷം. ഇത് സത്യമാണോ ഡോക്ടർ? എനിക്ക് എന്റെ മോനെ എടുക്കാമോ? എന്ന് ഞാൻ ആവർത്തിച്ചു ചോദിച്ചു. പിന്നെ ആ നിമിഷത്തിന് വേണ്ടി കാത്തിരിപ്പ് ആയിരുന്നു.
ദിവസങ്ങൾക്ക് ശേഷം ഞാൻ എന്റെ മകനെ കാണാൻ പോകുകയാണ്. അവനെ കൈയിൽ തന്നപ്പോൾ നല്ല ഉറക്കമായിരുന്നു.അമ്മയുടെ നെഞ്ചിന്റെയുള്ളിലെ ചൂട് തട്ടിയപ്പോൾ മെല്ലെ മിഴികൾ തുറന്നു. അവനെ ഞാൻ നെഞ്ചോട് ചേർത്ത് വാരിപ്പുണർന്നു. എന്റെ ആനന്ദ കണ്ണീരിൽ കുഞ്ഞു കവിൾ നനഞ്ഞു കുതിർന്നു. പിന്നീട് ഒരു മാസത്തോളം ഇടയ്ക്ക് അവനെ കാണാൻ എൻ. ഐ. സി. യു വിൽ പോകും.
ഞാൻ ഇന്നും ഓർക്കും ആ ദിനങ്ങൾ. ഒരു രാത്രി പോലും ഹോസ്പിറ്റലിൽ ഉള്ളപ്പോൾ ഞാൻ ഉറങ്ങിയിട്ടില്ല. ഓരോ മണിക്കൂറും പാൽ പിഴിഞ്ഞു കൊടുക്കും. ജീവിതത്തിൽ ഒരിക്കൽ പോലും ചിന്തിക്കാത്ത സാഹചര്യങ്ങളിൽ കൂടി കടന്ന് പോകുമ്പോൾ ഞാൻ തളർന്നു പോവുകയായിരുന്നു. ദിവസവും രാത്രി കരയുന്നത് പതിവായിരുന്നു. എന്റെ അടുത്ത് കിടക്കുന്ന ഉമ്മാനോട് പോലും ഒന്നും തുറന്ന് പറയാനാവാതെ എല്ലാം മനസിൽ അടക്കി വെച്ച് പുറത്ത് ചിരിച്ച് ഉള്ളിൽ കരഞ്ഞു കൊണ്ടിരുന്നു. ഇനി എനിക്ക് ഒരു ജീവിതം ഇല്ലെന്ന് പോലും ആലോചിച്ചിട്ടുണ്ട്.ആഗ്രഹിച്ചതിന് എല്ലാം വിപരീതമായി എന്റെ മകൻ ഒരു പ്രത്യേക പരിഗണന ലഭിക്കേണ്ട കുഞ്ഞാണെന്നു അറിഞ്ഞപ്പോൾ എന്നിലെ മനസ് പതറി പോയിരുന്നു.
അവനെയും കൊണ്ട് ഹോസ്പിറ്റലിൽ പോകുന്നത് തന്നെ ഒരു പേടി ആയിരുന്നു. ഇന്നേ വരെ അനുഭവിക്കാത്ത പലതും മുന്നിൽ കടന്ന് വന്നപ്പോൾ എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ചു നിന്നിട്ടുണ്ട്.
ഒരു വർഷം എടുത്തു എല്ലാം തരണം ചെയ്യാൻ.എന്തെല്ലാം പ്രതിസന്ധികൾ അതിന് ശേഷം ഉണ്ടായിട്ടുണ്ടോ എല്ലാം തരണം ചെയ്യാൻ ഉള്ള മനഃശക്തി അപ്പോൾ എനിക്ക് ഉണ്ടായിരുന്നു.എനിക്കു കിട്ടിയ അനുഗ്രഹമാണ് എന്റെ മകനെന്നു മനസിലാക്കി ഞാനവനു വേണ്ടി ജീവിക്കാൻ തുടങ്ങി.
കണ്ണിന് കാഴ്ച കുറയും, സംസാരിക്കില്ല, നടക്കില്ല എന്തിന് അവൻ എന്നും നിങ്ങൾക്ക് ഒരു തലവേദന ആയിരിക്കും ഇതെല്ലാം അവനെ കുറിച്ച് പല ഡോക്ടർമാരും പറഞ്ഞതാണ്. നിറഞ്ഞ പുഞ്ചിരിയോടെ ഞാൻ അവനെ പൂർണമായും അംഗീകരിച്ചു. പലരും അവനെ ആദ്യമായി കണ്ടപ്പോൾ അതിശയത്തോടെ നോക്കിയപ്പോഴും ഞാൻ അവനെ സ്നേഹിച്ചു കൊണ്ടിരുന്നു. കൂടെ കൂടെ അവന്റെ ശരീരം അപസ്മാരത്താൽ ഞെട്ടുമ്പോൾ ഞാൻ അവനെ വാരി പുണർന്നു കൊണ്ടിരുന്നു.
എന്റെ കണ്ണുകളിലൂടെ ഞാൻ കാണുന്നത് അവനെല്ലാം തികഞ്ഞൊരു മാലാഖ കുഞ്ഞ്. പുറത്തുള്ള ലോകം അവനിൽ കുറവുകൾ കണ്ടാലും ഈ ലോകം അവന്റേതു കൂടിയാണ്.
അവന്റെ നിഷ്കളങ്കമായ ചിരിയിൽ ഓരോ ദിനവും ഉത്സാഹത്തോടെ കടന്നു പോകുന്നു.
അവനെയൊന്നു ശ്രദ്ദിക്കാൻ വേണ്ടി എന്റെ മുഖം അവൻ പിടിച്ചു വലിച്ചു, രണ്ടു പേരും നേർക്കു നേർ നോക്കുമ്പോൾ അവൻ മനസ്സിൽ പറയുന്നതെല്ലാം ഞാൻ കേൾക്കുന്നുണ്ട്.
ഞാൻ ചിരിക്കുമ്പോൾ, അവനും കൂടെ പൊട്ടി ചിരിക്കുമ്പോൾ അവന്റെ ലോകം എത്ര സന്തോഷമുള്ളതാണെന്നു ഞാൻ തിരിച്ചറിയുന്നു.
എന്റെ ശരീരത്തിൽ ചെറിയ ഒരു വേദന വന്നാൽ പോലും, എനിക്കു മുമ്പേ എന്റെ മുഖത്തു നോക്കി പൊട്ടി കരയുന്ന അവനെ കാണുമ്പോൾ, സന്തോഷം കൊണ്ടു ഒരിത്തിരി കണ്ണുനീർ പൊടിയാറുണ്ട്.
അവനോടൊരുമ്മ തരാനും, കെട്ടിപ്പിക്കാനും പറഞ്ഞാൽ എത്ര സന്തോഷത്തിലാണ് അവൻ അതു നിറവേറ്റുന്നത്.
നമ്മൾ ഒന്നിച്ചു യാത്ര ചെയുമ്പോൾ, പുറത്തുള്ള കാഴ്ചകളെ പറ്റി അവനോട് ഞാൻ പറയുമ്പോൾ എത്ര ആകാംക്ഷയോടെയാണ് അവൻ ശ്രദ്ധിച്ചു കേൾക്കുന്നത്.
ഏതു ആൾകൂട്ടത്തിൽ വെച്ചും എന്നെ തിരിച്ചറിഞ്ഞു, എന്നെ നോക്കിയുള്ള അവന്റെ ആ ചിരി.
അവന്റെ ലോകം എത്ര മനോഹരമാണെന്നു അവനെനിക്കു കാണിച്ചു തന്നു.
അവനോടൊപ്പമുള്ള യാത്രയിൽ, വിലമതിക്കാനാകാത്ത പല കാര്യങ്ങളും അവനെനിക്കു പഠിപ്പിച്ചു തന്നു. അവനാണെന്റെ ലോകം.
അവന്റെ ശബ്ദമാണ് ഞാൻ, അവനെന്റെ ഹൃദയവും.
ഞാൻ ഇത്രയും പറഞ്ഞത് എന്റെ 16 വയസ്സുകാരനായ ഇലു മോനും ഞാനും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ ആഴം മനസ്സിലാക്കാൻ വേണ്ടിയാണ്.
ഇന്നെനിക്ക് ഇത്ര അഭിമാനത്തോടെ ഇങ്ങനെ എഴുതാൻ സാധിക്കുന്നുണ്ടെങ്കിൽ അത് ഇലാന്റെ അമ്മയായത് കൊണ്ട് മാത്രമാണ്.
ഈ മാലാഖ കുഞ്ഞുങ്ങളെ ഓർത്ത് കരയുന്ന ഒരുപാട് രക്ഷിതാക്കളുണ്ട്. അവരോട് എനിക്കൊന്നേ പറയാനുള്ളു, ഇവരെ ആദ്യം നമ്മൾ പൂർണമായും അംഗീകരിക്കുക.
നിങ്ങളിൽ ദൈവത്തിന് അത്രയേറെ വിശ്വാസമുള്ളതു കൊണ്ടാണ് ഈ മാലാഖമാരെ ദൈവം നിങ്ങളുടെ കൈകളിൽ തന്നെ ഏല്പിച്ചത്. ഈ ലോകത്തു എത്രയോ ആളുകളുണ്ട്. ദൈവത്തിന് അവരെ ഏൽപ്പിച്ചാൽ പോരായിരുന്നോ !
അവരെക്കാളും ഈ മാലാഖമാരെ സ്നേഹിക്കാൻ നിങ്ങൾക്കു മാത്രമേ സാധിക്കുമെന്ന് ദൈവത്തിന് ഉത്തമ ബോധ്യമുള്ളത് കൊണ്ടാണ് ഈ മാലാഖമാരെ നിങ്ങൾക്കു നൽകിയത്.
അവരെ സ്നേഹിക്കാനുമുള്ള മനസ്സ് നിങ്ങളിൽ വേണ്ടതിലധികമായി ഉള്ളതുകൊണ്ടാണ് ദൈവം നിങ്ങൾ ഓരോരുത്തരെയും തിരഞ്ഞെടുത്തത്. അതിൽ എന്തിനു സങ്കടപ്പെടുന്നു, മറിച്ചു അഭിമാനിക്കുകയാണ് വേണ്ടത് നിങ്ങൾക്കു നൽകിയ അനുഗ്രഹമാണ് ഈ മാലാഖ കുഞ്ഞുങ്ങൾ.
വളരെ അഭിമാനത്തോടെ തന്നെ ഞാൻ പറയുന്നു, “ഞാനൊരു ദൃഢ നിശ്ചയമുള്ള മകന്റെ അമ്മയാണെന്ന്. “ഒരു കള്ളത്തരവും അറിഞ്ഞുകൂടാത്ത, നിഷ്കളങ്കരായ നമ്മുടെ മാലാഖമാർ ഒരു നന്മയാണ്.കളങ്കമില്ലാത്ത നിഷ്കളങ്ക സ്നേഹത്തിന്റെ പ്രതീകമാണവർ.”
പലരും ചോദിക്കാറുണ്ട് അവൻ സംസാരിക്കില്ലല്ലോ എങ്ങനെ അവന്റെ മനസിൽ ഉള്ളത് മനസിലാക്കും. എന്നാൽ കേട്ടോളൂ, സംസാരം അത് ഹൃദയത്തിൽ നിന്നും ആയി കൂടെ,അവൻ വല്ലപ്പോഴും ഉമ്മ എന്ന് വിളിക്കുന്നത് ഒഴിച്ചാൽ വേറെ കാര്യമായി ഒന്നും സംസാരിക്കാറില്ല.എന്നും രാത്രി ഉറങ്ങുന്നതിന് മുമ്പ് ഞാൻ അവനോട് അന്നത്തെ ദിവസം നടന്ന കാര്യങ്ങൾ ഓരോന്നായി പറഞ്ഞു കൊടുക്കും. അവൻ എന്റെ അടുത്ത് ശാന്തമായി ഇരുന്ന് എല്ലാം കേൾക്കും.ഇടയ്ക്ക് ഞാൻ ഓരോ ചോദ്യങ്ങൾ ചോദിക്കും. അന്നേരം അവൻ നാവ് കൊണ്ട് പറയാൻ പരമാവധി ശ്രമിക്കും.
ഞങ്ങൾക്ക് മാത്രം അറിയാവുന്ന ഒരു ഭാഷയിൽ ആ സംസാരം അങ്ങനെ നീണ്ടു പോകും.അവൻ എന്നോട് മിണ്ടുന്നില്ല എന്ന് ചിന്തിക്കുന്നവർ ഉണ്ടെങ്കിൽ എനിക്ക് അവരോട് പറയാനുള്ളത് ഇതാണ്.വാക്കുകൾ കൊണ്ടല്ല ഞങ്ങൾ
ഹൃദയത്തിലൂടെയാണ് സംസാരിക്കുന്നത്.
ആ ഭാഷ നിങ്ങൾക്ക് ആർക്കും മനസിലാവില്ല.
എത്ര ഭാഗ്യമുള്ള അമ്മയാണ് ഞാൻ. അപ്പോൾ സംസാരിക്കുന്നില്ല എന്നത് ഒരു കുറവായി ഞാൻ കാണുന്നില്ല.
നിങ്ങളുടെ കുട്ടി ഒരിക്കലും സംസാരിക്കില്ല. അതിന് വേണ്ടി പ്രതീക്ഷ കൊടുക്കാതിരിക്കുന്നതാണ് നല്ലത് എന്നാണ് ഒരിക്കൽ പറഞ്ഞത്.എനിക്ക് ആ നിമിഷം പൊട്ടി കരയാനാണ് തോന്നിയെങ്കിലും പിടിച്ചു നിന്നു. മനസ് ഒരൽപ്പം ശാന്തമായപ്പോൾ ഞാൻ എന്നോട് തന്നെ പറഞ്ഞു, എന്റെ മോൻ ഒരു നാൾ എന്നെ ഉമ്മ എന്ന് വിളിക്കും,എത്ര കാലം വേണമെങ്കിലും ഞാൻ കാത്തിരിക്കും.എന്നെ കൊണ്ട് ചെയ്യാൻ പറ്റുന്ന ഒക്കെ ഞാൻ ചെയ്യും.ദിവസങ്ങളും മാസങ്ങളും കടന്നു പോയി.ഓരോ ദിവസവും അവൻ ഒരു അത്ഭുതമാണെന്ന് തെളിയിക്കുന്നുണ്ടായിരുന്നു.
പരാജയപ്പെടാതെ ഇച്ഛാശക്തിയോടെ ഞങ്ങൾ പൊരുതി കൊണ്ടിരുന്നു.ഒൻപത് വർഷത്തെ കാത്തിരിപ്പിനൊടുവിൽ നിനച്ചിരിക്കാത്ത നേരത്ത് അവൻ എന്റെ കൈ പിടിച്ച് “ഉമ്മാ” എന്നൊരു വിളി.സന്തോഷം കൊണ്ട് എന്നോട് കരഞ്ഞു പോയി. ഒന്ന് കൂടി വിളിക്ക് മോനെ “ഉമ്മാ”എന്റെ മനസിനെ എനിക്ക് നിയന്ത്രിക്കാൻ ആയില്ല.ഞാൻ അവനെ കെട്ടി പിടിച്ച് ഏങ്ങിയേങ്ങി കരഞ്ഞു.ഓരോ കാത്തിരിപ്പും പ്രതീക്ഷയാണ്.മകനെ,നിനക്ക് എന്നോട് പറയാൻ വാക്കുകൾ ഒരുപാട് ഇല്ലെങ്കിലും ആ മനസ് വായിക്കാൻ എനിക്ക് കഴിയും.
അവന്റെ മനസ് സങ്കടപ്പെടുന്നത് എനിക്ക് ഇഷ്ടമല്ല. അന്നേരം ഞാൻ അവനെ സന്തോഷിപ്പിക്കാൻ വേണ്ടി അവന് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്ത് പൊട്ടി ചിരിപ്പിക്കും. പ്രകാശം നിറഞ്ഞ അവന്റെ പുഞ്ചിരിയാണ് എനിക്ക് ഏറ്റവും ഇഷ്ടം. അവനാണ് എന്റെ ഹീറോ.
ഒരു ഉമ്മ തരുമോ ചോദിച്ചാൽ അവൻ ഒട്ടും മടി കൂടാതെ തന്നിരിക്കും. അവൻ ഉറങ്ങുമ്പോൾ കുറെ നേരം അവനെ നോക്കി ഇരുന്ന് കൊണ്ട് ഞാൻ ചിന്തിക്കാറുണ്ട് എന്നെ അവൻ എത്ര സ്ട്രോങ്ങ് ആക്കി, മനസ് കൈ വിട്ടു പോവാതെ ജീവിതത്തിൽ വിജയം കൈ വരിക്കാൻ അവനിലൂടെ എനിക്ക് സാധിച്ചു.
ലോകത്തിന് വേണ്ടി അവനെ ഞാൻ മാറ്റാൻ ശ്രമിക്കില്ല, പകരം അവന് വേണ്ടി ലോകത്തെ മാറ്റാൻ ശ്രമിച്ചിരിക്കും.
ഞങ്ങളുടെ ജീവിതം സന്തോഷം നിറഞ്ഞതാണ്. എന്തെല്ലാം പ്രതിസന്ധികൾ ഉണ്ടെന്നോ ജീവിതത്തിൽ ഇപ്പോഴും! എന്നാൽ ഞാൻ അതൊന്നും ആലോചിച്ചു വിഷമിക്കാറില്ല. അതിൽ എന്തെങ്കിലും നന്മ ഉണ്ടെന്ന് തന്നെ വിശ്വസിക്കുന്നു. നാളെ എന്തെന്ന് ആലോചിച്ചു സങ്കടപ്പെടുന്നില്ല. ഇപ്പോൾ ഈ നിമിഷം പ്രിയപ്പെട്ടതാണ്. അതിൽ സന്തോഷം കണ്ടെത്തുന്നു. ഇനിയും ഒരുപാട് പരീക്ഷണങ്ങൾ മറി കടക്കാനുണ്ട്.
ഈ ലോകത്ത് അവൻ പാറി പറന്ന് കളിക്കട്ടെ. അതിന് വേണ്ടി ആണ് ഞാൻ ജീവിക്കുന്നത്. ചിരിച്ചും കളിച്ചും അവന്റെ കൂടെ ഞങ്ങളും സന്തുഷ്ടരാണ്.
ജീവിതത്തിലെ നല്ലതും ചീത്തയുമായ ഓരോ അനുഭവങ്ങൾക്ക് പിന്നിലും ഓരോ കാരണങ്ങളുണ്ട്. കാരണമില്ലാതെ യാതൊന്നും സംഭവിക്കുന്നില്ല. ഒരു ചെറിയ പാഠമെങ്കിലും നമുക്ക് പകർന്നു തരാത്തതായി യാതൊന്നുമില്ല.
പ്രതിസന്ധികളിൽ തളരരുത്, അതിജീവിക്കണം. ആരുടെ മുമ്പിലും തോറ്റു കൊടുക്കരുത്. നമ്മുടെ മുമ്പിൽ ശരി എന്ന് തോന്നുന്നത് ചെയ്യുക. മറ്റുള്ളവരുടെ വാക്കുകളിൽ ജീവിതം ഇല്ലാതാക്കരുത്.
ഷഹലിയ ഇലാൻ ജുനൈദ്🙂.


5 Comments
നന്നായിട്ടുണ്ട്
Shahaliya Junaid നിങ്ങളൊരു നല്ല മാതൃകയാണ് ഒരുപാട് പേർക്ക് പ്രചോദനവും ‘ ‘ ‘ 🙏🙏❤️❤️💯🙏🙏🙏
സ്നേഹം മോനേ❤️❤️❤️
ഈ ഉമ്മയ്ക്കും മകനും ഹൃദയത്തിൻെറ ഭാഷയിൽ ഒരായരം അഭിനന്ദനങ്ങൾ- കേൾക്കാനും കാണാനും പറയാനും കഴിയുന്നവർക്കുമാത്രമല്ല ഈ ലോകം- ഹൃദയത്തിൻെറ ഭാഷയിൽ സംസാരിക്കുന്ന മോനെപ്പോലുള്ളവർക്കുകൂടിയുള്ളതാണ്. എല്ലാ നന്മകളും നേരുന്നു.
Thank you😊