തല വെട്ടിപ്പൊളിക്കുന്ന വേദനയുമായാണ് ഞാൻ വണ്ടി നിർത്തിയത്. നേരെ ഫ്ലാറ്റിലേക്ക് കയറി നല്ല കടുപ്പത്തിലൊരു കട്ടൻചായ കുടിച്ചേ ഇന്നിനി ഏതു സർക്കസുമുളളൂ എന്ന തീരുമാനത്തിലാണ് പടികൾ ഞാൻ കയറുന്നത്. എതിരെയതാ ഒരു പുഞ്ചിരിയോടെ നന്ദുക്കുട്ടൻ. അവനോടിയിറങ്ങുന്നതിനിടയിലാണ് എന്നെ കണ്ടത്. സരസ്വതീദേവി കുടിയിരിക്കുന്നത് അവന്റെ തൊണ്ടക്കുഴിയിലാണ് എന്നത് അവനെ കാണുന്ന ഓരോ നിമിഷവും ഞാനോർക്കാറുണ്ട്. അത്ര മനോഹരമാണ് അവന്റെ സ്വരം. പഴയ യൂട്യൂബ് റീലുകളിൽ വാക്കുകൾ തെളിയാത്ത പ്രായത്തിലും തികഞ്ഞ താളബോധത്തോടെ മതിമറന്നു പാടുന്ന അവന്റെ കുഞ്ഞുമുഖം ഓർമയിൽ തെളിഞ്ഞു വന്നു.
“നന്ദൂന് അവന്റെ അച്ഛനെ നല്ല പേടിയാ. അന്ന് അവൻ കുറുമ്പു കാണിച്ചപ്പോൾ അച്ഛനോട് പറയട്ടേന്ന് ചോദിച്ചപ്പോൾ വേണ്ടാന്റീ ന്നു പറഞ്ഞ് അവൻ പേടിച്ചു നിന്നു. നല്ല അടിയാണത്രേ…” നൂറ്റിനാലിലെ സുമ അന്നൊരിക്കൽ പറഞ്ഞതും അപ്പോൾ തന്നെ ഓർമ വന്നു. പാവമുണ്ട്, ഇപ്പോൾ അവന്റെ പാട്ടുകളിലൊന്നും സന്തോഷം കാണാറില്ലല്ലോ എന്നും പാടുമ്പോഴൊക്കെ തൊട്ടരികിൽ നിൽക്കുന്ന അച്ഛനെ നോക്കി പേടിയോടെയാണല്ലോ അവൻ പാടാറ് എന്നോർത്തപ്പോൾ വല്ലാത്തൊരു വിമ്മിഷ്ടം തോന്നി.
“അമ്മാ…ഒന്നു പുറത്ത് പോ. എനിക്കിത്തിരി സമാധാനം താ…” എത്ര പെട്ടെന്നാണ് ചിന്തകൾ കറങ്ങിത്തിരിഞ്ഞ് സ്വന്തം കുഞ്ഞിലേക്കെത്തുന്നത്. അച്ചൂന്റെ ദേഷ്യം പിടിച്ച വാക്കുകൾ കേട്ടിട്ടാണല്ലോ ഇന്ന് ജോലിക്കിറങ്ങിയത്. ടീനേജിലേക്ക് കാലെടുത്തു വെക്കുന്നേ ഉളളൂ എന്റെ പത്തു വയസ്സുകാരി. എന്നാലും വാശിയും ദേഷ്യവുമെല്ലാം എന്റെ അതേ അളവിൽ, അല്ലെങ്കിൽ, എന്നേക്കാൾ കുറച്ചധികമായി അവൾക്ക് കിട്ടിയിട്ടുണ്ട്. “അമ്മയുടെ ഫോട്ടോസ്റ്റാറ്റാ, കണ്ടില്ലേ?” മണിക്കൂറുകൾ താണ്ടിയ വേദനക്കൊടുവിൽ തളർന്നു കിടക്കുമ്പോൾ അരികിൽ അവളെ കിടത്തി നല്ല പാതി കാതുകളിൽ മന്ത്രിച്ചപ്പോൾ ഇത്രക്കും സാമ്യം ഞാൻ പ്രതീക്ഷിച്ചിരുന്നില്ലല്ലോ എന്നൊരു ചെറുചിരിയോടെ ഞാനോർത്തു.
ഇന്നലെ രാത്രി കിടക്കുമ്പോൾ അവളാവശ്യപ്പെട്ട കഥ പറഞ്ഞു കൊടുത്തും പിന്നേയും കഥ വേണമെന്ന് വാശി പിടിച്ചത് കേൾക്കാതിരുന്നതിന്റെ ബാക്കിപത്രമാണ് ഇന്ന് രാവിലത്തെ വഴക്ക്. അതിന്റെ നടുവിലേക്കാണല്ലോ ഇപ്പോൾ കയറിപ്പോകേണ്ടത് എന്നോർത്തതും കാലുകൾക്ക് ഒരു ആയാസം അനുഭവപ്പെട്ടു. രാവിലെ തൊട്ട് അത് മനസ്സിലിട്ട് തിരിച്ചും മറിച്ചും കളിച്ചതിന്റെ സമ്മാനമായിരിക്കണം ഈ തലവേദന.
“നീയൊരു നല്ല അമ്മയാണ്. ചീത്ത അമ്മയും.” ഏട്ടന്റെ വാക്കുകൾ കാതിൽ മുഴങ്ങുന്നു. “മക്കളുടെ അടുത്ത് നീ വെറുതെ ദേഷ്യം പിടിക്കില്ല. കഴിയുന്നതും മയത്തിൽ നീയവരോട് കാര്യങ്ങൾ പറയും. എന്നാൽ അവർ പറഞ്ഞതും ചെയ്തതുമായ തെറ്റുകൾ നീ പിന്നേയും പിന്നേയും ഓർത്തുകൊണ്ടേയിരിക്കും. അത് പറഞ്ഞ് കഴിഞ്ഞാൽ അതവിടെ കളയണ്ടേ…” ശരിയാണ്, പറയാൻ നല്ല എളുപ്പമാണ്. ഇവിടെ വീട്ടിലെ ജോലികളും മക്കളുടെ കാര്യങ്ങളും കഴിഞ്ഞ് ഓഫീസിലേക്കുളള ഓട്ടവും തിരിച്ചു വന്ന് പിന്നേയും അവരോടൊത്തുളള സർക്കസും കൂടി ഒരമ്മാനമാട്ടക്കാരിയെ പോലെ ഒറ്റയ്ക്ക് ബാലൻസ് ചെയ്യുമ്പോൾ ഇതൊന്നും തലയിൽ ഓടാറില്ല. എന്നാലും പണികളെല്ലാം ഒതുക്കി മക്കളെ കിടത്തി മൊബൈലിനപ്പുറവും ഇപ്പുറവും ഇരുന്ന് ദിവസത്തെ ഭാരം മുഴുവൻ അവിടെ ഇറക്കിവെക്കുമ്പോൾ വാക്കുകളിലൂടെയെങ്കിലും കിട്ടുന്ന താങ്ങ് ഒരാശ്വാസം തന്നെയാണ്. അതു തന്നെയാണ് വല്ലപ്പോഴുമെങ്കിലും ഇതൊക്കെ വലിച്ചെറിഞ്ഞ് എങ്ങോട്ടെങ്കിലും ഓടിപ്പോയാലോ എന്ന ചിന്തകളെ ഓടിപ്പിച്ചു കളയുന്നതും.
“…എല്ലാം കഴിച്ച് ഞങ്ങളെ നല്ല കഷ്ടപ്പെട്ടിട്ടു തന്നെയാണ് നോക്കുന്നത്.”
വാതിൽ തുറക്കുമ്പോഴേ അച്ചൂന്റെ ശബ്ദമാണ് കേട്ടത്. ഒപ്പം അവളുടെ പൊട്ടിക്കരച്ചിലും. തലവേദനയും ഓടിപ്പോകാനുളള മോഹവും എവിടേക്കാണ് പോയതെന്ന് ഞാനറിഞ്ഞില്ല.മുറിയിലേക്ക് കയറിപ്പോൾ അമ്മയും അവളും കൂടി നിലത്തിരിപ്പാണ്. അവളുടെ പുസ്തകങ്ങൾ നിലത്ത് പരത്തിയിട്ടിട്ടുണ്ട്.
“അവളിത്രയും നേരം താഴെ നല്ല കളിയായിരുന്നു. ബാക്കിയുളളവരൊക്കെ ഇരുട്ടായപ്പോൾ പഠിക്കാൻ വേണ്ടി വീട്ടിലേക്ക് കയറി. അവൾ ആദിയെ വിളിക്കാൻ പോയപ്പോൾ അവളുടെ അമ്മ അവളെ വിട്ടില്ല, പഠിക്കുകയാണെന്നും പറഞ്ഞ്. അവളെ പോലെ ഇവൾക്കും പഠിച്ചൂടേന്ന് ചോദിച്ചതിന് ദേഷ്യം പിടിച്ചിരിക്കുകയാ. നിന്റെ അമ്മക്ക് ഒരു ശ്രദ്ധയുമില്ല, ജോലീന്നും പറഞ്ഞ് ഇറങ്ങിയാൽ മതിയല്ലോ എന്ന് പറഞ്ഞതിനാ ഇങ്ങനെ കരഞ്ഞിരിക്കുന്നേ. കുറേ ഹോംവർക് ചെയ്യാനുണ്ട്, അതൊക്കെ ഇട്ടിട്ടാ കളിക്കാൻ പോയത്. ”
എന്നെ കണ്ടതും ഒറ്റശ്വാസത്തിൽ അമ്മ പറഞ്ഞു നിർത്തി.
“നീ വടക്കേലെ തുളസിയെ നോക്ക്, പരീക്ഷയായാൽ ആ കുട്ടിയുടെ നിഴലീ പരിസരത്ത് കാണില്ല. ഇങ്ങനെ ഉഴപ്പി നടന്നിട്ടു തന്നെയാ ഇങ്ങനെയായത്. ഇനി മേലാൽ കളിക്കണം എന്ന് പറഞ്ഞീ പടി നീ കടക്കരുത്.” പ്രോഗ്രസ് കാർഡിൽ രണ്ടു മാർക്കിന് ഫസ്റ്റ് റാങ്ക് പോയ ആ പന്ത്രണ്ടു വയസ്സുകാരി തല കുനിച്ചു നിന്ന് കരഞ്ഞു. അവളെ ആശ്വസിപ്പിക്കാനറിയാതെ ഞാനെന്റെ ഉളളിലവളെ നോക്കി പകച്ചു നിന്നു.
“അമ്മാ, അമ്മമ്മ എന്നെ ആദിയുമായി കമ്പയർ ചെയ്തത് എനിക്കിഷ്ടമായില്ല. അത് ഞാനമ്മമ്മയോട് പറഞ്ഞപ്പോൾ അമ്മ ഞങ്ങളെ ശരിക്ക് നോക്കുന്നില്ലാന്ന് അമ്മമ്മ പറഞ്ഞു. അതെനിക്ക് സങ്കടമായി. അമ്മ ഇവിടത്തെ പണികളൊക്കെ തീർത്ത് ജോലിക്ക് പോയിട്ട് തിരിച്ചു വന്നിട്ടും പണികൾ ചെയ്യുന്നില്ലേ? അമ്മക്ക് നേരമില്ലാത്തപ്പോളല്ലേ ഹോംവർക് അമ്മ നോക്കാത്തുളളൂ. പിന്നെ ഇത് നാളേക്കുളളതല്ല. അതാ ഞാൻ എഴുതാഞ്ഞേ. ” ഒരു തേങ്ങലോടെ എന്റെ കൈ പിടിച്ച് അച്ചു അത് പറയുമ്പോഴാണ് ഞാനെന്റെ ഇന്നിലേക്ക് തിരിച്ചെത്തുന്നത്.
“അമ്മമ്മ അമ്മയ്ക്ക് ശരി എന്നു തോന്നിയ കാര്യങ്ങളാണ് പറഞ്ഞത്. അത് അമ്മക്കും ശരിയെന്ന് തോന്നുന്ന കാര്യമല്ല, മോൾക്കും ശരി എന്ന് തോന്നാത്തതും ഒരു തെറ്റല്ല. അമ്മ അമ്മമ്മയോട് പറഞ്ഞു നോക്കാം, പക്ഷേ അമ്മമ്മക്ക് മനസ്സിലാകുമോ എന്ന് അമ്മക്ക് ഉറപ്പ് പറയാൻ പറ്റില്ല. എന്നാലും എന്റെ മോളൊരു കാര്യം ചെയ്യണം. മോൾക്ക് ശരി എന്ന് തോന്നുന്നതേ ചെയ്യാവൂ. അത് മറ്റൊരാള്‍ക്ക് ശരിയല്ല എന്നുണ്ടെങ്കിൽ അവരോട് ദേഷ്യപ്പെടരുത്, അവരെ നിർബന്ധിക്കുകയുമരുത്. സാരമില്ല, മോളിപ്പോൾ പോയി മോളുടെ പണികൾ തീർക്കൂ. അമ്മയൊന്നു കുളിച്ചു വരാം. അമ്മക്ക് നല്ല തലവേദനയുണ്ട്. ” അവളെ ചേർത്തുപിടിച്ച് അവളോടത് പറയുമ്പോൾ എന്റെ കണ്ണുകളും നിറയുന്നുണ്ടായിരുന്നു.
കുളി കഴിഞ്ഞു വന്നതും മേശപ്പുറത്ത് നല്ല ചൂടുള്ള ചായ ഇരിപ്പുണ്ടായിരുന്നു. തൊട്ടടുത്ത കസേരയിൽ അമ്മയും. “എനിക്കറിയാം, നിങ്ങൾക്ക് ഞാൻ പറയുന്നതൊന്നും ശരിയാകണമെന്നില്ല. പക്ഷേ, എനിക്ക് ശരിയെന്ന് തോന്നുന്നതല്ലേ എനിക്ക് പറയാൻ പറ്റൂ. ഈ പ്രായത്തിൽ എന്നെക്കൊണ്ട് ഇനി അതൊന്നും മാറ്റാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല.” നിറകണ്ണുകളോടെ അമ്മയത് പറയവേ എനിക്കും സങ്കടം വന്നു തുടങ്ങിയിരുന്നു.
“കുഴപ്പമില്ല അമ്മാ. അമ്മയുടെ ശരികളും എന്റെ ശരികളും ഒന്നായി വരണം എന്ന് നിർബന്ധമില്ലല്ലോ. എനിക്കറിയാം അമ്മയ്ക്ക് എത്ര ഇഷ്ടമാണെന്ന്, മക്കളെ എത്ര കാര്യമാണെന്ന്. അമ്മയ്ക്ക് പഠിപ്പ് അത്രയും വേണ്ടപ്പെട്ട ഒരു കാര്യമാണ് എന്നെനിക്കറിയാം. എന്തായാലും ഞങ്ങളോടുളള ദേഷ്യം കൊണ്ടല്ല, സ്നേഹം കൊണ്ടാണ് അമ്മ ഇത് പറയുന്നതെന്നും എനിക്കറിയാം.” അമ്മയുടെ കൈകൾ ചേർത്തുപിടിച്ച് ഇതല്ലാതെ വേറെന്തു പറയും എന്ന് എനിക്കറിയുന്നില്ലായിരുന്നു. ഈ പ്രായത്തിൽ അമ്മയോട് തിരുത്താൻ പറയുന്നതിലും വലിയ സങ്കടം അവർക്കതിന് സാധിച്ചില്ലെങ്കിൽ അവരനുഭവിച്ചേക്കാവുന്ന സംഘർഷം ഒരു പക്ഷേ ഇതിലും വലുതാകും എന്ന ബോധ്യത്തിൽ കൂടുതലൊന്നും പറയാതെ അമ്മയേയും കെട്ടിപ്പിടിച്ച് ഞാനങ്ങനെ കുറേ നേരമിരുന്നു.
പതിവുപോലെ ഫോൺ വിളിയും കഴിഞ്ഞു രാത്രി കിടക്കാൻ പോയപ്പോഴേക്കും അമ്മയും മക്കളും നല്ല ഉറക്കമായിരുന്നു. മക്കൾ എനിക്കു വേണ്ടി വിരിച്ചിട്ട് തന്ന ബെഡിൽ കിടന്ന്
എന്റെ മകളെനിക്കിന്ന് പഠിപ്പിച്ചു തന്ന പാഠത്തെ കുറിച്ചും അവളെക്കുറിച്ചും വല്ലാതെ അഭിമാനപ്പെട്ടാണ് ഞാനിന്ന് ഉറക്കത്തിലേക്ക് വഴുതി വീണത്.


4 Comments
നന്നായി എഴുതി.👍
നന്ദി ട്ടോ🙂
❤️❤️❤️
🙂