സ്കൂൾ വാൻ കാത്തുനിൽക്കുന്ന അമ്മമാരുടെ കൂട്ടത്തിൽ ശോഭയും കത്തുന്ന സൂര്യനിലേക്ക് കണ്ണയച്ചു നിന്നു. കൈത്തലം നെറ്റിയിൽ ചേർത്തുവെച്ചു, ശക്തിപ്രാപിക്കുന്ന വേനൽചൂടിനെ കുറിച്ചവർ വാചാലരായി.
മക്കളുടെ വിജയങ്ങളും ഭാവിപരിപാടികളും ഉറക്കെ പറഞ്ഞുകേൾപ്പിക്കുന്നവർ, മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കാൻ കാണിക്കുന്ന തന്ത്രങ്ങൾ ഓർത്തു ശോഭ ഉള്ളിൽ ചിരിച്ചു.
“ഓ…. ഈ രണ്ടുമാസം ഈ ചെറുക്കന്റെ കുറുമ്പ് എങ്ങനെ സഹിക്കും?
അതോർത്തിട്ടാണ് എനിക്ക് പേടി “, കൂട്ടത്തിൽ വികൃതിയായ രവികിരണിന്റെ അമ്മ പറഞ്ഞു.
ഉം…പലരും തലയാട്ടി ശരിവെച്ചു.
“അതൊരു തലതെറിച്ച ചെറുക്കനാണ്…”, അടുത്തുനിൽക്കുന്ന സ്ത്രീ ശോഭയുടെ ചെവിയിൽ കുശുകുശുത്തു. ശോഭ ഒന്നും പറയാതെ ചിരിച്ചൊഴിഞ്ഞു. കുട്ടികൾ പല പ്രകൃതങ്ങളാവില്ലെ? ഇതിൽ ഇത്രയും അഭിപ്രായപ്രകടനത്തിന്റെ ആവശ്യമെന്തെന്ന് അവൾക്കു തോന്നി. പക്ഷെ അവരെ എതിർക്കാനും വാദമുഖങ്ങൾ നിരത്താനും ശോഭ മുതിർന്നില്ല.
അതെ… അവൾ അങ്ങനെയാണല്ലോ.
അധികം സംസാരിക്കാത്ത പ്രകൃതം. മിക്കപ്പോഴും ഒരു കേൾവിക്കാരി മാത്രമായി പോകുന്നു.
വിവാഹത്തിന്റെ ആദ്യനാളുകളിൽ ബന്ധുവീടുകളിൽ വിരുന്നു പോകുമ്പോൾ കൂടുതലും കേൾവിക്കാരിയായ തനിക്ക് പതിച്ചു കിട്ടിയ വിശേഷണം, ‘ഒരു നനഞ്ഞ പഴന്തുണി ‘, ശോഭ ഓർത്തെടുത്തു.
“ശോഭക്കു കുഴപ്പമില്ല അല്ലേ, മോൾ ഒരു പാവം കുട്ടി.”, ആ സ്ത്രീ വീണ്ടും ഒച്ചവെക്കുകയാണ്.
“പക്ഷെ ഈ കാലത്ത് അതുകൊണ്ട് കാര്യമില്ല, കുട്ടികൾ നല്ല ‘സ്മാർട്ട് ‘ ആകണം.” ശോഭ ഉത്തരം പറഞ്ഞില്ല, വെറുതെ അവരെ നോക്കുക മാത്രം ചെയ്തു.
‘എന്താണ് ഈ സ്മാർട്നെസ്സ്?’, ശോഭ സ്വയം ഉത്തരം തിരഞ്ഞു. വാചാലത, അവളുടെ വഴികളിലും മുടന്തി നീങ്ങിയിരുന്നു. ഒച്ചപ്പാടിൽ നിന്ന് അകന്ന് അല്പനേരം ഒറ്റയ്ക്കിരിക്കാൻ ഉൾമനം കൊതിച്ചു. ഏകാന്തതയിൽ വലയം ചെയ്യുന്ന ശാന്തത മനസ്സിൽ മഞ്ഞുപെയ്യിക്കുന്നത് ചിലർ അറിയാറില്ല.
“നിന്നെപ്പോലെയല്ല, എന്റെ കസിൻസ്, അവരൊക്കെ നല്ല സ്മാർട്ട് ആണ്. “, തന്റെ ഭർത്താവ് ഇടയ്ക്കിടെ തനിക്കുനേരെ അയക്കുന്ന ഒളിയമ്പ് അവൾ കണ്ടില്ലെന്ന് നടിക്കും.
സ്കൂൾ വാനിൽ നിന്നും ഇറങ്ങി ചിരിയോടെ ശോഭയുടെ അടുത്തേക്ക് നടന്നുവരുന്ന ശിഖമോൾ. മെല്ലെ കൈകൾ ഉയർത്തി അമ്മയോട് തന്റെ വരവറിയിച്ചു.
അവളുടെ കൂട്ടുകാരി മീനു വാ തോരാതെ സംസാരിച്ചുക്കൊണ്ടിരുന്നു. ശോഭ, തന്റെ മകളെ ശ്രദ്ധിക്കുകയായിരുന്നു. ശിഖയും തന്നെപ്പോലെ ഒരു കേൾവിക്കാരി തന്നെ, ആ ചിന്ത അവളിൽ ചെറുതായി അലോസരമുണ്ടാക്കി.
പ്രകാശിന്റെ കാർ മുറ്റത്തു വന്നുനിന്നു. ശോഭയും ശിഖയും ചെടികൾക്ക് വെള്ളം നനക്കുകയായിരുന്നു. ഹോസിൽ നിന്നും കുത്തിയൊഴുകുന്ന വെള്ളത്തിന്റെ കുതിപ്പിൽ കൈ നനച്ചു കളിക്കുന്ന ശിഖ അവളുടെ മാത്രം ലോകത്തായിരുന്നു. അച്ഛൻ വരുമ്പോൾ, ചുണ്ടിൻ കോണിൽ വിരിയുന്ന ചെറുപുഞ്ചിരിയിൽ കവിഞ്ഞ് പ്രത്യേകിച്ചു ഭാവപ്രകടനമൊന്നും അവളുടെ മുഖത്തു കണ്ടില്ല. അവൾ എന്നും അങ്ങനെയായിരുന്നല്ലോ, അല്പം മാറി നിന്ന് ഒരു പുഞ്ചിരിയിൽ സ്നേഹം തട്ടി തൂവുന്നവൾ.
അകത്തു അലമാരയിൽ കുറച്ചു കടലാസ്സുകൾ പ്രകാശ് ധൃതിയിൽ എടുത്തു വെക്കുന്നതും, അലമാര പൂട്ടിവെക്കുന്നതും ശോഭ കണ്ടു.
‘കുറച്ചു ദിവസമായി എന്തോ അയാൾ തന്നിൽ നിന്നും മറക്കാൻ ശ്രമിക്കുണ്ട്, ഹേയ്…. ഇല്ല, എന്തെങ്കിലും ബിസിനസ് പേപ്പറുകൾ ആയിരിക്കും.’, വെറുതെ ഓരോ തോന്നലുകൾ, അവൾ സ്വയം പഴിച്ചു.
ചെറുപ്രായത്തിൽ തന്നെ, വിജയിച്ചു വളരുന്ന ബിസിനസ്‌മാനായ പ്രകാശ് ബന്ധുക്കളിലും സുഹൃത്തുക്കളുടെ ഇടയിലും മതിപ്പുണ്ടാക്കി. ഒരു അനുചരവൃന്ദത്തെ തന്റെ വാചാലതയിൽ കുരുക്കി നിർത്താനുള്ള പാടവം, അയാൾക്ക് ധാരാളം സുഹൃത്തുക്കളെ നൽകി. അവരെ സമർത്ഥമായി ഉപയോഗിച്ച് ബിസിനസ്സ് വളർത്താനും അയാൾ മിടുക്കനായിരുന്നു.
ശോഭ മകളുടെ ഒപ്പം കൂടി. അവളൊടൊപ്പം, വിശേഷങ്ങളുടെ മെല്ലെ പറച്ചിലിന് താളമിട്ടു. ഇടയ്ക്ക് ചെറിയ ചോദ്യങ്ങൾ ചോദിച്ചു അവളെ കൂടുതൽ സംസാരിപ്പിക്കാൻ പ്രോത്സാഹിപ്പിച്ചു. അവൾക്കു സുരക്ഷിത്വം തോന്നുന്ന ചുറ്റുപാടിൽ അവളിൽ അയവു പരക്കുന്നതും ആത്മവിശ്വാസം നിറയുന്നതും ശോഭ കണ്ടു. വേനലവധി ആസ്വദിക്കുന്ന ശിഖ കൂട്ടുകാരി മീനുവിനോട് ചേർന്നു കളിച്ചു. പരിചിതമായ ചുറ്റുപ്പാടിൽ മകൾ വളരെ ഉറക്കെ ചിരിക്കുന്നതും സംസാരിക്കുന്നതും ശോഭയറിഞ്ഞു.
കഥാപുസ്തകങ്ങളുടെ താളുകളിൽ, കഥകളിലെ മാനും മുയലും തത്തയും പുഴയും കാടും വിസ്മയലോകം തീർത്തു. ശിഖ അവളുടെ മാത്രം ഭാവനാലോകത്തിൽ തലപൂഴ്ത്തി.
“ഒന്നിങ്ങോട്ട് വരൂ, എനിക്ക് നിന്നോട് അത്യാവശ്യമായി ചിലത് സംസാരിക്കാനുണ്ട്.”, പ്രകാശ് വിളിച്ചു. അയാളുടെ സ്വരത്തിൽ എന്നത്തേയും പോലെ അക്ഷമ നിഴലിട്ടു.
ശോഭ,അറുത്തെടുത്ത പൂക്കൾ പൂപ്പാത്രത്തിലെ നനവിൽ ചേർത്തുവെച്ചു അലങ്കരിക്കുകയായിരുന്നു. കൈയിലുള്ള പൂക്കൾ മേശപ്പുറത്തിട്ട് അവൾ അയാളുടെ അരികിലെത്തി. അവളുടെ വിരലുകൾ നനച്ച ഈർപ്പമായിരുന്നല്ലോ, ആ പൂക്കളുടെ ജീവജലം.
“എന്താ പ്രകാശ്?”, അവൾ തിരക്കി.
“നീ നമ്മുടെ മോളെ ശ്രദ്ധിച്ചോ?”, അയാൾ മുറ്റത്തു കളിച്ചുകൊണ്ടിരിക്കുന്ന ശിഖയെ കൈ ചൂണ്ടി. ശോഭ, നെറ്റിച്ചുളിച്ചു. കൈ കൊണ്ടു ആഗ്യം കാണിച്ചു എന്താണ് കാര്യമെന്ന് തിരക്കി.
“ഇവിടെ നിന്റെ പുറകിൽ നിന്നു മാറാതെ നടന്നിട്ടാകും, അവൾ തീരെ സ്മാർട്ടാകുന്നില്ല “, അയാളുടെ സ്വരത്തിൽ അതൃപ്തി നിഴലിട്ടു.
“അവൾ അല്പം ഉൾവലിഞ്ഞ പ്രകൃതിയാകും, അതിനെന്താ? അവൾ തരക്കേടില്ലാതെ പഠിക്കുന്നുമുണ്ട്.”
“അതു മാത്രം പോര… പഴയ കാലമല്ല, ഇതു വളരെ കോമ്പറ്റീഷനുള്ള കാലമാണ്. ഭാവിയിൽ വിജയിക്കണമെങ്കിൽ കുട്ടികൾ സ്മാർട്ടാകണം”, അയാൾ തീരുമാനിച്ചുറപ്പിച്ച മട്ടിൽ അമർത്തി മൂളി.
“ഞാൻ അവളെ സിറ്റിയിലെ പ്രൈവറ്റ് സ്കൂളിൽ ചേർത്തു.”
“ങേ…. “,ശോഭ വിശ്വാസം വരാതെ വാക്കുകൾക്കു തപ്പിത്തടഞ്ഞു.
“ഇത്രയും ദൂരം അവൾ എങ്ങനെ പോയ് വരും?”
“അവൾ ഹോസ്റ്റലിൽ നിന്നു പഠിക്കും. ഏഴു വയസ്സായില്ലെ?” ശോഭ താൻ കേട്ടതെല്ലാം ഒന്നിനു മുകളിൽ ഒന്നായി ചേർത്തുവെക്കാൻ ശ്രമിച്ചു. അപരിചിതരുടെ കൂട്ടത്തിൽ ചുരണ്ടുകുറുകുന്ന മകൾക്ക് തന്റെ സാമീപ്യം ഈ ചെറിയ പ്രായത്തിൽ തന്നെ നഷ്ടപ്പെടുന്നതിനെ കുറിച്ച് ആലോചിച്ചവളുടെ തല പെരുത്തു
“അവൾ തീരെ ചെറിയ കുട്ടിയല്ലേ? കുറച്ചുകൂടി മുതിരട്ടെ.”, കണ്ണുകളിൽ യാചനാഭാവം തുളുമ്പി.
അവൾ പെട്ടെന്നു തിരിഞ്ഞുനിന്നു. “എന്നോടിത് എന്തുകൊണ്ടു ഇതുവരെ പറഞ്ഞില്ല?”,
“നീ സമ്മതിക്കില്ല എന്നെനിക്കറിയാം, അവൾക്കുവേണ്ടി പണം ചെലവാക്കുന്ന ഞാൻ തീരുമാനിക്കും, അതിനു എനിക്ക് ആരുടേയും സമ്മതം വേണ്ട.”, അയാളുടെ വാക്കുകൾക്ക് താക്കീതിന്റെ സ്വരമുണ്ടായിരുന്നു.
“എന്നാലും എന്റെ മോൾ, വേണ്ട, വേണ്ട പ്രകാശ്… അതു ശരിയാവില്ല, ശോഭ വിതുമ്പി കരഞ്ഞു.
“നാണമില്ലേ നിനക്ക്? ഇങ്ങനെ കരയാൻ? എനിക്ക് നിർബന്ധമുണ്ട് അവൾ നിന്നെപ്പോലെ ആകരുതെന്ന്.”
മേശപ്പുറത്തു നനവ് നഷ്ടപ്പെട്ട പൂക്കൾ ചിതറി കിടന്നു. ദളങ്ങൾ മെല്ലെ നിറം മങ്ങി, അരികു കോടിവളഞ്ഞു ചുരുങ്ങി അകത്തേക്ക് മടങ്ങി.
ഹോസ്റ്റലിൽ ശിഖമോളെ കൊണ്ടുവിടാനുള്ള യാത്രയിൽ ഉറക്കെ കരയുന്ന മകളെ പ്രകാശ് ശാസിച്ചു.
“ശിഖ, നിന്നോട് എല്ലാം പറഞ്ഞതല്ലേ? എന്തിനാണ് കരഞ്ഞ് ഒരു സീൻ ഉണ്ടാക്കുന്നത്? അവിടെ നിനക്ക് കുറെ കൂട്ടുകാരെ കിട്ടും. വെറുതെ കരഞ്ഞിട്ട് കാര്യമില്ല, അച്ഛനെ നിനക്കറിയാമല്ലോ.”
ഹോസ്റ്റൽ ലോബിയിൽ, പേടിച്ചരണ്ട് കരയുന്ന ശിഖ അമ്മയുടെ കൈകളിൽ മുറുകെ പിടിച്ചു. അയാൾ ബലമായി ശോഭയുടെ കൈത്തലം അടർത്തിമാറ്റി. അയാളുടെ മുഖം ചുവക്കുന്നതും ശബ്ദം കനക്കുന്നതും ശോഭയറിഞ്ഞു.
ഹൃദയത്തിന്റെ ഒരു തുണ്ട് വലിച്ചു പറിക്കുന്ന വേദനയോടെ ശോഭ നിസ്സഹായയായി മകളെ നോക്കി. എത്രയും പെട്ടെന്നു തിരിച്ചുപോരാൻ അയാൾ തിരക്കുക്കൂട്ടി.
വീട്ടിൽ, സമയം ഒച്ചിനെപ്പോലെ ഇഴയുന്നതായി ശോഭക്കു തോന്നി. എവിടെ തിരിഞ്ഞാലും മകളുടെ രൂപം അവളോട് തൊട്ടു നിന്നു. നിശബ്ദതയിൽ മകളുടെ ശബ്ദവും നേർത്ത പാദസരകിലുക്കവും അവൾ കേട്ടു. മോളുടെ ഉടുപ്പുകളും കളിപ്പാട്ടങ്ങളും കണ്ണിൽപ്പെടുമ്പോഴെല്ലാം അസ്വസ്ഥത ഉള്ളിൽ വന്നു നിറഞ്ഞു. ശിഖ മറ്റു കുട്ടികളിൽ നിന്നും മാറി നിൽക്കുന്നുണ്ടാകുമോ എന്ന തോന്നൽ അവളെ അസ്വസ്ഥയാക്കി. ഉറക്കം അവളിൽനിന്നും ഒളിച്ചുമാറിനിന്നു.
“പ്രകാശ്, എനിക്ക് അവളെയൊന്ന് കാണണം, അവളോട് സംസാരിക്കണം, പ്ലീസ്…. “, അവൾ കെഞ്ചി.
“വേണ്ട, ഇപ്പോൾ നിന്റെ സ്വരം കേട്ടാൽ, തിരിച്ചുവരണം എന്നു പറയും. അവൾ അവിടെ അഡ്ജസ്റ്റ് ആവട്ടെ. മറ്റുകുട്ടികളൊക്കെ എങ്ങനെയാണ്?
“മോൾക്ക് പെട്ടെന്നു മറ്റുള്ളവരുമായി ഇണങ്ങാൻ പ്രയാസമാണ്, അതു പ്രകാശിനു അറിയില്ലേ? അവൾക്കു കുറച്ചുകൂടി സമയം കൊടുക്കൂ. പതിയെ മാറ്റം വരും.”
“നിന്നോട് പലപ്രാവശ്യം പറഞ്ഞുകഴിഞ്ഞു, ഇനി എന്നോട് ഇതിനെക്കുറിച്ച് സംസാരിക്കരുത്”, അയാളുടെ ചൂണ്ടുവിരൽ ദ്രുതഗതിയിൽ ചലിച്ചു.
“അവളുടെ ഈ ഉൾവലിഞ്ഞ പ്രകൃതം മാറണം, ഔട്ട്ഗോയിങ് നേച്ചർ ആവട്ടെ. അതിനിടയിൽ നിന്റെ ചീപ്പ് സെന്റിമെന്റ്സ് കൊണ്ടു വരരുത്.” അയാളുടെ സ്വരം കർക്കശമായിരുന്നു.
ഒരു പ്രകൃതം തെറ്റാവുന്നതെങ്ങിനെ?
ഉത്തരം കിട്ടാത്ത അനവധി ചോദ്യങ്ങൾ അവളുടെയുള്ളിൽ കുത്തിത്തിരിഞ്ഞു.
പ്രകാശ് അന്ന് വളരെ അസ്വസ്ഥനായിരിക്കുന്നതും ഇടയ്ക്കിടെ ഫോൺ ചെയ്യുന്നതും ശോഭ ശ്രദ്ധിച്ചു. ഉറങ്ങിപ്പോയ ആ വീട്ടിൽ കേട്ട ഓരോ മണിനാദവും തന്റെ മകളെ കുറിച്ചുള്ള അശുഭവാർത്തയാകുമെന്ന് ശോഭ ഭയന്നു. ഒറ്റപ്പെട്ടുപോയ കുഞ്ഞിന്റെ കരച്ചിൽ വീടിന്റെ ഭിത്തികളിൽ തട്ടി ചിതറി തെറിക്കുന്നതായി അവൾക്കു തോന്നി.
“നീ ഒന്നു വേഗം, ഇറങ്ങൂ, നമുക്ക് മോളുടെ അടുത്തുപോകണം”, പ്രകാശ് തിരക്കുകൂട്ടി.
“എന്തേ, മോൾക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ?”, ശോഭയുടെ വാക്കുകൾ ഇടഞ്ഞു.
“വേഗം വരൂ, എല്ലാം അവിടെ ചെന്നിട്ടു പറയാം “.
‘ഒന്നും നേരെ ആവില്ല…’, അയാൾ പല്ലിറുമ്മി പിറുപിറുത്തു. അയാളുടെ സ്വരത്തിൽ കോപവും നിരാശയും നിറഞ്ഞുതൂവി.
ഇരുട്ടിന്റെ പാതാളഗർത്തത്തിൽ അവളുടെ ചിന്തകൾ ചുറ്റിത്തിരിഞ്ഞു.
യാത്രയവസാനിച്ചത് നഗരത്തിലെ ആശുപത്രിയിലായിരുന്നു. ലിഫ്റ്റിനു കാത്തു നിൽക്കാതെ കോണിപ്പടികൾ ശോഭ ഓടിക്കയറി. ഹൃദയമിടിപ്പ് കൂടിയവൾ കിതക്കാൻ തുടങ്ങി. പ്രകാശ് പറഞ്ഞ റൂം നമ്പർ മാത്രമായിരുന്നു അവളപ്പോൾ ഓർത്തത്. ചുററമുള്ളതൊന്നും അവൾ കാണുന്നുണ്ടായിരുന്നില്ല. പാതിമയക്കത്തിൽ, കിടക്കയിൽ കിടക്കുന്ന ശിഖമോളെ ശോഭ കെട്ടിപ്പിടിച്ചു. മയക്കത്തിലും അമ്മയുടെ സ്പർശം കുഞ്ഞ് തിരിച്ചറിഞ്ഞു. പാതിയടഞ്ഞ കണ്ണുകൾ വലിച്ചുതുറന്നു അവൾ നോക്കാൻ ശ്രമിച്ചു. നനവു പാടുകൾ കവിൾത്തടങ്ങളിൽ തെളിഞ്ഞൊഴുകി. അപ്പോൾ ഹോസ്റ്റൽ വാർഡൻ മുറിയിലേക്ക് കടന്നുവന്നു.
“എന്റെ മോൾക്ക് എന്താണ് പറ്റിയത്?”, ശോഭ മുന്നോട്ടാഞ്ഞു.
“ക്ഷമിക്കണം, ഞങ്ങൾ ആവുന്നത്ര ട്രൈ ചെയ്തു. ശിഖ, വന്ന ദിവസം മുതൽ കരച്ചിലായിരുന്നു. തീരെ ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നില്ല.”
അവർ അല്പം നിർത്തി തുടർന്നു.
‘തളർന്നു വീണപ്പോൾ ഉടനെ ഇവിടെ കൊണ്ടുവന്നു.’ ശോഭയുടെ നോട്ടം മകളിലേക്കും ആ സ്ത്രീയിലേക്കും മാറി മാറി പാറി വീണു.
നനുത്ത ഉടുപ്പിൽ പൊതിഞ്ഞുവെക്കാൻ പറ്റാത്ത തിണർത്ത ചൂരൽപ്പാടുകളിൽ ശോഭയുടെ കൈത്തൊട്ടു. വേദനയിൽ കുഞ്ഞു ഞെരങ്ങി.
വാർഡൻ മെല്ലെ തല കുനിച്ചു.
“ഇങ്ങനെയാണോ നിങ്ങൾ കുട്ടികളോട് പെരുമാറുന്നത്?”, ശോഭ സങ്കടവും ദേഷ്യവും കുടഞ്ഞിട്ടു.
“സോറി… മാഡം”, ക്ഷമ ചോദിച്ചുവെങ്കിലും അവരുടെ മുഖഭാവം പെട്ടെന്നു മാറി.
“വിളിക്കുമ്പോളെല്ലാം നിങ്ങൾ തിരക്കിലാണെന്ന് നിങ്ങളുടെ ഭർത്താവ് പറഞ്ഞിരുന്നല്ലോ, കുഞ്ഞിനോട് സംസാരിക്കാൻപ്പോലും സമയമില്ലാത്ത നിങ്ങൾ അമ്മയാണോ?”
“ഞാൻ അറിഞ്ഞില്ലല്ലോ…..”, അവൾ വിതുമ്പി. സമ്മിശ്ര വികാരങ്ങളുടെ വേലിയേറ്റത്തിൽ ശോഭയുടെ മുഖത്തെ മാംസപേശികൾ വലിഞ്ഞു മുറുകി. നിശബ്‍ദനാകേണ്ടി വന്ന നിമിഷത്തിൽ, അവളുടെ തീപ്പാറുന്ന നോട്ടം നേരിടാനാവാതെ തലകുനിച്ച് നിൽക്കുന്ന പ്രകാശിനെ കണ്ടു.
‘ഇല്ല, ഇനിയെന്റെ മകളെ ഞാൻ ആർക്കും വിട്ടുതരില്ല”, ശോഭ ഉന്മാദിനിയെ പോലെ പുലമ്പി, മകളെ നെഞ്ചോട്ചേർത്തു.
“നിങ്ങളെ ഡോക്ടർ വിളിക്കുന്നു.”
ആളിക്കത്താൻ തയ്യാറെടുക്കുന്ന കനലായി, ശോഭ കാത്തിരുന്നു. മനസ്സിൽ കുറുകികൂടിയ ചോദ്യങ്ങൾ തൊടുത്തു.
വിജയം ഔട്ട്ഗോയിങ് ആയ ആളുകൾക്ക് മാത്രമാണോ, ഡോക്ടർ?
അല്ലാത്തവർ ആരും ഈ ലോകത്തിൽ വിജയിച്ചിട്ടില്ലേ?
അഭിരുചികൾ കുട്ടികളിൽ അടിച്ചേൽപ്പിക്കാൻ കഴിയുമോ?
ഒരാളുടെ അന്തർമുഖത്വം (introversion ) മുഴുവനായും മാറ്റിമറയ്ക്കുവാൻ കഴിയുമോ?
എന്റെ മകളുടെ പ്രകൃതം എനിക്കു നന്നായറിയാം. ഈ ലോകത്തിൽ അവൾക്കും ഈ ലോകത്തിൽ സ്വസ്ഥമായി ജീവിക്കാൻ അവകാശമില്ലേ?
അന്തർമുഖത്വം ഒരു സ്വഭാവപ്രകൃതം മാത്രമല്ലെ, അതിന്റെ പേരിൽ പരിഹസിക്കുന്നതും കുറ്റപ്പെടുത്തുന്നതും നീതി നിഷേധമല്ലെ?
ഒരു ചെറുപുഞ്ചിരിയോടെ ഡോക്ടർ ശോഭയെ നോക്കി. സമ്മതഭാവത്തിൽ ഡോക്ടർ തലയാട്ടി.
” ശരിയാണ്. ഓരോ കുട്ടികളും വ്യത്യസ്തരാണ്. അവരെ താരതമ്യം ചെയ്യാതിരിക്കുക. അവരുടെ അഭിരുചികൾ പ്രോത്സാഹിപ്പിക്കുക. അല്ലാതെ ഒന്നും അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുത്.” ഡോക്ടർ തുടർന്നു, അവരുടെ മുഖത്തെ പുഞ്ചിരി മാഞ്ഞിരുന്നു.
“പ്രകാശ്… ശിഖയുടെ കാര്യത്തിൽ നിങ്ങൾക്ക് തെറ്റുപറ്റി.”, അവരുടെ സ്വരം ഉറച്ചതായിരുന്നു. പക്ഷെ ശോഭ, നിങ്ങളെക്കാൾ കൂടുതൽ മകളെ മനസ്സിലാക്കിയിരിക്കുന്നു.
“അതെ ഡോക്ടർ, എന്റെ മകളുടെ കാര്യങ്ങൾ, ഇനി മുതൽ എന്റെ കൂടി തീരുമാനമായിരിക്കും. അവൾക്കും നീതി ലഭിക്കണം.” ഉരുക്കുകോട്ടകൾ ഭേദിക്കാൻ കരുത്തുണ്ടായിരുന്നു അവളുടെ വാക്കുകൾക്ക്.
ഉറച്ച കാൽവെപ്പുകളോടെ മുറിവിട്ടിറങ്ങുന്ന ശോഭയെ നോക്കി ഡോക്ടർ പറഞ്ഞു.
“സ്മാർട്ട് മോം, വിവേകമുള്ള അമ്മ കുഞ്ഞിന്റെ ഭാഗ്യമാണ്.”
——————————————–
സ്വന്തമായി തീരുമാനങ്ങൾ എടുക്കാവുന്ന പ്രായം വരെ മക്കളുടെ കാര്യത്തിൽ അമ്മമാരുടെ അഭിപ്രായത്തിനു മുൻഗണന ലഭിക്കട്ടെ. കാരണം അമ്മ കുഞ്ഞിനെ അറിയുന്നത്ര മറ്റൊരാളും അറിയുന്നില്ല.
# മാതൃദിനരചന


26 Comments
നന്നായെഴുതി. ഏഴുവയസ്സിൽ ഒരു introvert ആയ കുഞ്ഞിനെ ഹോസ്റ്റലിൽ ആക്കുക. അമ്മയുടെ അഭിപ്രായം കേൾക്കാതെ. പ്രകാശൊരു നല്ല അച്ഛനുമല്ല നല്ല മനുഷ്യനുമല്ല.
പ്രകാശിനെപ്പോലുള്ളവരുടെ ചിന്താഗതികൾ കുരുന്നു ജീവനുകളെ ത്തന്നെ നഷ്ടപ്പെടുത്താൻ കാരണമാകാറുണ്ട്…… മികച്ച രചന….. താരതമ്യങ്ങൾ കൊണ്ടുള്ള അപകടങ്ങൾ ബോദ്ധ്യപ്പെടുത്തുന്നു ഈ കഥ👍❤️
നല്ല ഒരു വിഷയം മനോഹരമായി എഴുതി ❤️❤️
Thank you, Jalaja.
🙏❤
ശക്തമായ രചന. സമൂഹത്തിൽ നല്ല നല്ല മാറ്റങ്ങൾക്ക് കുതിപ്പേകാൻ ഇത്തരം രചനകൾ സഹായിക്കും. Congrats ജോയ്സ് 👏👏
Thank you Silvy.
വായനക്കും വാക്കുകൾക്കും നന്ദി.
🙏❤
കുട്ടികളുടെ സ്വഭാവം മനസ്സിലാക്കാൻ സാധിക്കാതെ അവരിൽ നമ്മുടെ ശരികൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന മാതാപിതാക്കൾ തികഞ്ഞ പരാജയമാണ്… നല്ല കഥ… നന്നായി എഴുതി ❤️
Sajna, thanks dear. 🙏❤
👌👌
shreeja, thanks
🙏❤
നല്ലവിഷയംആണിത് കൂഞ്ഞൂങ്ങൾ താരതമൃപഠനതിരയായി കഴിഞ്ഞു. അമമമാർ വേഗം ഈക്കാര്യം മനസ്സിൽ ആക്കൂം അചൻമാർ മനസിലാക്കാൻ ബൂദ്ധിമൂട്ടാണ്.എല്ലാവർക്കൂം വാചാലതയൂംപെട്ടെന്ന് അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനൂംകഴിഞ്ഞില്ല എന്നൂവെച്ച് അവർ മറ്റൂള്ളവരെക്കാ
മോശമായി കരൂതൂന്നവർ മൺഡൻമാർ ആണ് അവർക്ക് ബൂദ്ധിയൂ മറ്റൂകഴീവൂകളൂം കൂടൂതലാണ് ലേശം അന്തൻമൂഖത്വം നല്ലതാണ്. ജോയ് സ്നന്നായി എഴൂതി അഭിനന്ദനങ്ങൾ.
Thank you, Rita chechi.
വ്യത്യസ്തമായ ആശയം 👌👌👌👌👌
സുനന്ദ, നന്ദി.
സ്നേഹം dear.
👌വളരെ നന്നായിട്ട് എഴുതി 🥰💗
Sayara, thank you.
നല്ല കഥ ശക്തമായ പ്രമേയം💕
Thank you, Seji
❤🙏.
❤️❤️❤️
Touching 👌❤️👌
Rathi, ഒത്തിരി നന്ദി.❤🙏
Nisha, thank you 🙏❤
നന്നായി എഴുതി ജോയ്സ്❤️👌🌹
വായനക്കും വാക്കുകൾക്കും ഏറെ നന്ദി.🙏❤
നന്നായിട്ടുണ്ട്. ചില കാര്യങ്ങൾ എന്റെ അനുഭവങ്ങളെ പോലെ തോന്നി. Smart ആവാത്തതിന് ഞാൻ ഇപ്പോഴും ഈ അനുഭവങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നു.
നന്ദി Shiji.
വാചാലത മാത്രമല്ല ഘോഷിക്കപ്പെടുന്ന സ്മാർട്ട്നെസ്സ്.