നാളെ ഗൾഫിലേക്കുള്ള മടക്കയാത്രയായത്കൊണ്ട് ഇക്കാക്കയും കുട്ട്യോളുമൊക്കെ നേരത്തെ ഉറങ്ങി. ഉമ്മ മാത്രം അവസാനംവരെ ഇതും കൂടി വെച്ചോക്ക്, വെയിറ്റൊന്നും കൂടുലാന്നും പറഞ്ഞ് എന്തൊക്കെയോ പൊതിഞ്ഞും പൊതിയാതെയും പെട്ടിയിലേക്ക് വെച്ചു.
ഗൾഫിലേക്ക് തിരിച്ച് പോകുന്നതിൻ്റെ തലേന്ന് വേപ്പിലയും അച്ചാറും മസാലപ്പൊടികളും ഈരിഴക്കരതോർത്തും പുസ്തകങ്ങളും ട്രോളിയിൽ തിരിച്ചും മറിച്ചും വെച്ച് തൂക്കമൊപ്പിക്കലെന്ന സിറാത്ത് പാലത്തിലൂടെ നടന്നുനടന്ന് തളർന്ന് ഒടുക്കം എല്ലാം എടുത്തുവെച്ച്, ഉമ്മാട് കിടന്നുറങ്ങിക്കോളാൻ പറഞ്ഞ് തൈലം മണക്കുന്ന ഉമ്മാമാടെ മുറിയിലേക്ക് കയറിയപ്പോൾ നെഞ്ചിലൊരു വിങ്ങൽ. നേരം കുറെയായതോണ്ട് ഉമ്മാമ ഉറങ്ങിയിട്ടുണ്ടാവുമെന്നാ കരുതിയത്.
” ഇബടെ കുത്തിരുന്നാ ഉമ്മാൻ്റെ ട്ടി. എന്ത്ത്താ മാളേ അൻ്റൊരു ചേലും കോലോം” ഉമ്മാമാടെ പരുക്കൻ വിരലുകൾ നെറുകിലൂടെ നീങ്ങിക്കൊണ്ടിരിക്കുമ്പോൾ ഷാംപൂവിട്ട് പതപ്പിച്ച് ഉച്ചിയിൽ കെട്ടിവെച്ച മുടി എവിടെയൊക്കെയോ കൊളുത്തി വലിക്കുന്നു. സുഖദമായൊരു വേദനയിൽ പറങ്കിമാങ്ങയും മുറുക്കാനും മണക്കുന്ന ഉമ്മാമാടെ കറുത്ത മുണ്ടിൻ്റെ തലപ്പത്തെ നേരിയ സുവർണ്ണ കസവിലൂടെ ഞാൻ മെല്ലെ തലോടി. ഉമ്മകുപ്പായത്തിനുള്ളിൽ നിന്നും പുറത്തേക്ക് ചാടാൻ വെമ്പിനിൽക്കുന്ന പതുപതുത്ത വയറിൽ ചുറ്റിപ്പിടിച്ച് എന്നുമെന്നപ്പോലെ ഞാനാ നെഞ്ചിലേക്ക് ഏന്തിവലിഞ്ഞു കയറി.
” ഉമ്മാമ്മാ, ഇങ്ങള് ൻ്റെ ഉമ്മാനെ പെറ്റ കഥ പറയോ? ”
” പൊന്നാര മാളേ, അനക്ക് ത് എത്ര കേട്ടാലും മത്യാവൂലേ?” ഉമ്മാമ കളിയായെന്നെ പിടിച്ചുന്തി.
വിയർത്ത്മുഷിഞ്ഞ തലയിണക്കടിയിൽ നിന്നും തപ്പിയെടുത്ത മൂക്കിൽപ്പൊടി ഇത്തിരിയെടുത്ത് വലിച്ച് വേദനകളുടെ കടലായ ജീവിതത്തെക്കുറിച്ച് ഉമ്മാമ പറയാൻ തുടങ്ങി.
”നോൽമ്പുംതലായിട്ട് കുടീല് നനച്ചുളി കയിഞ്ഞ് ഞാനാകെ കൊയഞ്ഞ് മേലൊക്കെ ബെരുത്തായിട്ടിരിക്ക്യാണ്. നേരം ബെളുത്താ തൊടൂല് നെറച്ച് പണിക്കാര്ണ്ട്, അയിറ്റേളെ മുന്നീക്ക് വെച്ചൊട്ക്കാൻ ഒരു തൊട്ടിക്കൊട്ട ചോറും കൂട്ടാനും ഇണ്ടാക്കണം. അപ്പളാണ് അൻ്റെ വല്യാപ്പേം കുട്ടിമാണിം കൂടെ വന്നത്. കുഞ്ഞിമാളേ കൊറച്ച് കഞ്ഞിരള്ളം മുക്കിപ്പാർന്നാന്ന് പറഞ്ഞ്. മേല് ബെരുത്തായിട്ട് കെടന്ന് ബെറക്ക്യാണ്. അന്ന് ച്ച് പയിനഞ്ച് വയസ്സാണ്.” ഉമ്മാമ ഏതോ ഓർമ്മയിൽ ഒരുവേള നിശ്ശബ്ദയായി. ഒന്നും കേൾക്കാതായപ്പോൾ ഉറങ്ങിപ്പോയോന്ന് ഞാൻ സംശയിച്ചു.
” ഉമ്മാമാ…” ഞാൻ ഉമ്മാമാനെ കുലുക്കി വിളിച്ചു.
”കഞ്ഞിരള്ളം എടുത്ത് കൊടുത്തപ്പോ
അയില് എന്ത്ത്താ ഇയ്യിങ്ങനെ വെറക്ക്ണൂ കുഞ്ഞിമാളേന്ന് ചോയ്ച്ച് കുട്ടിമാണി. അത് കേട്ടപ്പോ ഇച്ചാകെ എരപ്പായി. നിന്ന നിപ്പില് ഇച്ച് പാത്താൻ മുട്ടി. നിലത്ത് പടർന്ന ചോരവെള്ളം കണ്ടതും ഇമ്മ ഓടി ബന്ന്. ഉമ്മാൻ്റുട്ടി ഓടിപ്പോയി പേറ്റിച്ചി ബീവാത്തുനേ വിളിച്ചൊണ്ട്‌ര്ന്ന് പറഞ്ഞ്. തിന്നോണ്ട്ര്ന്ന മാങ്ങ തൊടൂൽക്കങ്ങണ്ട് എറിഞ്ഞിട്ട് കാക്കു ഓടി. പിന്നാലെ കുട്ടിമാണിം. ഏതായാലും അയ്റ്റോള് എടങ്ങേറായി ബീവാത്തോത്താനേം വിളിച്ച് ബരുമ്പത്തിനും നടോത്തെ ബിരിച്ചിട്ട അച്ചിപ്പായേല് അൻ്റെ ഉമ്മാനെ പെറ്റിട്ട്. പിന്നീം പെെനൊന്ന് പെറ്റ്- ഒക്കെ കുടീലന്നെ. ഏയാളാ ഹയാത്തിലുണ്ടായേ. ബാക്കിയൊക്കെ മജ്ജത്തായി. “ഉമ്മമ്മാടെ കണ്ണീരിൻ്റെ നനവ് കവിളിൽ പടർന്നു.
” ഉമ്മാമാ ഇങ്ങള് ഇപ്പളാ പെറുണതെങ്കില് ആശുപത്രീല് പോവില്ലേ?” ഞാൻ കുസൃതിയോടെ ആരാഞ്ഞു.
” ഇപ്പാരാ മാളേ കുടീല് പെറാൻ നിക്ക്ണത്?ഏതുമ്മാക്കാ സ്വന്തം കുട്ട്യോള് മജ്ജത്താവണത് സഹിക്കാൻ പറ്റുക കുട്ട്യേ? ഇപ്പോളാച്ചാ ഇച്ച് ജ്ജ് ല്ലേ. ൻ്റെ സ്വന്തം പേറ്റിച്ചി പാത്തു. ” ഉമ്മാമ കുലുങ്ങിചിരിച്ച് കൊണ്ടെൻ്റെ മൂർദ്ധാവിൽ അതീവ വാത്സല്യത്തോടെ അമർത്തി ചുംബിച്ചു.
”ഞാൻ നാളെ ഗൾഫീക്ക് പോയിട്ട് ഇഞ്ഞി വരുമ്പളും ഇങ്ങള് ഇങ്ങനെന്നെ ഇബടെ ഇണ്ടാവണം ഉമ്മാമാ.”
” ഉമ്മാൻ്റുട്ടി അൻ്റട്ത്ത് ബെരുത്തായിട്ട് ബര്ണ പെണ്ണുങ്ങളോടൊക്കെ നല്ലംപോലെ നിക്കണട്ടാ. പടച്ചോൻ ഭാത്ത് കൂലി കിട്ടും അനക്ക്. ഉമ്മാരെ കാലിൻ്റടീലാണ് സുബർക്കംന്ന് പടച്ചോൻ ബെർക്കനെ പറഞ്ഞതല്ല.” ഉമ്മാമ എന്നെ ഒന്നുകൂടി ചേർത്തു പിടിച്ചു.
” പൊന്നാര മാളേ, അന്നോട് പറേണോന്ന് ച്ച് അറീല. ഇങ്ങണ്ടോക്ക. അൻ്റെ കുട്ട്യോള് ഇന്നലെ ആ മുറീന്ന് ന്നെ കണ്ടപ്പോ രണ്ടാളും കൂടി മുണ്ടാട്ടോം ഇല്ലാണ്ട് കൂട്ടം കുത്തിക്കാണ്ട് മണ്ടി. ച്ചത് കണ്ടപ്പോ തമ്പ് രാനേ എന്ത് ത്താന്നറീല്ല നെഞ്ഞത്തൊരു കനം . ജ്ജ് എന്ത് തിരക്കാണേലും മാളേ, കുട്ട്യോളെ നോക്കണം ട്ടാ . ” ജീവിതത്തിൻ്റെ വരണ്ട മദ്ധ്യാഹ്നത്തിൽ അനുഭവപ്പെടുന്ന അനന്തമായ നിരാശയും സങ്കടവുമാവാം ഉമ്മാമാനെ കൊണ്ട് ഇങ്ങനെയൊക്കെ പറയിപ്പിക്കുന്നതെന്ന് തോന്നി. ഇന്നത്തെ തലമുറകളുടെ രീതികൾ അവർക്കറിയില്ലല്ലോ. ഞാൻ സ്വയം സമാധാനിക്കാൻ ശ്രമിച്ചെങ്കിലും എന്തോ ഒരു സന്ദേഹമെന്നെ കാറ്റു പോയൊരു തോൽപ്പന്തു പോലെ ശൂന്യമാക്കി. എൻ്റെ ഹൃദയത്തിൻ്റെ മിടിപ്പു അശാന്തമാവുന്നത് ഞാൻ തിരിച്ചറിഞ്ഞു.
പിന്നെയും എന്തൊക്കെയോ മിണ്ടിം പറഞ്ഞും ഞങ്ങള് നേരം വെളുപ്പിച്ചു. വർഷത്തിൽ ഒരു മാസത്തെ അവധിക്ക് വന്നു പോകുന്ന തലേന്ന് എല്ലാ തവണയും ഉമ്മാമാനെ ചുറ്റിപ്പിടിച്ച് കിടന്നാലേ എനിക്ക് സമാധാനമാവൂ. മറ്റന്നാൾ ഡ്യൂട്ടിക്ക് കയറിയാൽ പിന്നെ ഈ ഓർമ്മകൾ തരുന്ന ഊർജ്ജം ചില്ലറയല്ല. പക്ഷേ ഇത്തവണ മറ്റാരും തിരിച്ചറിയരുതെന്ന് ഞാൻ കൊതിക്കുന്ന ചില ഉൾപ്പിരിവുകളാൽ മുറിവേറ്റിരുന്നു ഉള്ളം.
ഫ്ലൈറ്റിലിരുന്നും ഞാൻ ഉമ്മാമാനെക്കുറിച്ച് തന്നെയാണ് ഓർത്ത് കൊണ്ടിരുന്നത്. പന്ത്രണ്ട് പെറ്റിട്ട് അതിൽ ഏഴെണ്ണത്തിനെ മാത്രം ഹയാത്തോടെ കിട്ടിയ ഉമ്മാമാനെ. ആധുനിക വൈദ്യശാസ്ത്രം വികസിക്കാത്ത കാലത്ത് പണ്ടത്തെ പെണ്ണുങ്ങള് അനുഭവിച്ച വേദനകള്, ധർമ്മസങ്കടങ്ങള്, ഓരോരുത്തരും വഹിച്ച മുൾക്കിരീടങ്ങള്! ഇന്നും വീട്ടില് പെറാൻ നിന്നിട്ട് കൊയമാന്തരം ഉണ്ടാക്കുന്നവരെയൊക്കെ വെടിവെച്ച് കൊല്ലണം. എന്നാണ് ഇവര്ക്കൊക്കെ നേരം വെളുക്കുക! എല്ലാ രോഗങ്ങൾക്കും പരിഹാരമുണ്ട്. ശരിയായ മരുന്ന് പ്രയോഗിച്ചാൽ അല്ലാഹുവിന്റെ തീരുമാനപ്രകാരം ആ രോഗം ഭേദപ്പെടുന്നതാണ് എന്ന നബിവചനം അറിയാത്തവരാവുമല്ലോ ഈ മണ്ടന്മാർ!
ഫ്ലാറ്റിൽ വന്ന് സാധനങ്ങളൊക്കെ അൺപാക്ക് ചെയ്ത്, ഫ്ലാറ്റ് വൃത്തിയാക്കി ഒന്നു തലചായ്ക്കുമ്പോഴേക്കും പാതിരാത്രി കഴിഞ്ഞു. രാവിലെ നേരത്തെ ഡ്യൂട്ടിക്ക് കയറണം. ഗൈനക് വാർഡിൽ തന്നെയാണ്.
നാട്ടിൽ നിന്നും കൊണ്ടുവന്ന കായവറുത്തതും ബീഫ് വറ്റിച്ചതും കാരോലപ്പവും ലഞ്ച് പാക്കിൽ എടുത്തു വെക്കുമ്പോഴേക്കും ഇക്ക ഹോണടിച്ച് ബഹളം കൂട്ടി. എന്നെ ആശുപത്രിയിൽ ഇറക്കി തന്നിട്ട് വേണം ഇക്കാക്ക് കമ്പനിയിൽ എത്താൻ. സമ്മറായത് കൊണ്ടാവും രാവിലെ ആറര മണിയാവുമ്പോഴേക്കും നാട്ടിൽ പത്തുമണിയായതു പോലെ പ്രകാശം പരന്നിരിക്കുന്നു. ഗൾഫിലെ പ്രഭാതങ്ങൾക്ക് നാട്ടിലെ ഉദയത്തിൻ്റെ ഭംഗിയില്ല, പുലർച്ചയുടെ കുളിർമ്മയും കിളികളുടെ കളകൂജനങ്ങളുമില്ലാത്ത നരച്ച പുലരി. നാടിനെക്കുറിച്ചുള്ള അകമെരിയുമോർമ്മകളിൽ ഉള്ളം തേങ്ങി. അതു മാത്രമാണോ എൻ്റെ ആകുലത? നെറികേടിൻ്റെ കെട്ടകാലത്തിൻ്റെ നീരാളിപ്പിടുത്തത്തിൽ എൻ്റെ മക്കളും!
ഹോസ്പിറ്റലിലേക്ക് കയറിയപ്പോഴേ സെക്യൂരിറ്റി കൊണ്ടോട്ടിക്കാരൻ സെയ്ദാക്ക സലാം പറഞ്ഞ് ചിരിച്ചു. ധൃതിയിൽ തിരിച്ച് സലാം പറഞ്ഞ് ഐഡൻ്റിറ്റി കാർഡ് സ്കാൻ ചെയ്ത് വാതിൽ തുറന്ന് അകത്തേക്കോടി. ഫാത്തിമ സിസ്റ്റർ ലീവ് കഴിഞ്ഞ് തിരിച്ച് കയറിയല്ലേന്ന് ഓടുന്ന വഴിയിൽ പലരും കുശലം ചോദിക്കുന്നുണ്ടായിരുന്നു. സ്ട്രക്ചറിൻ്റെ ചക്രങ്ങൾ ഉരുളുന്ന ശബ്ദമാണെന്നെ അകത്തേക്ക് സ്വാഗതം ചെയ്തത്.
ബി ഇരുപതിൽ മുപ്പത്തെട്ട് ആഴ്ച തികഞ്ഞ യുകെക്കാരി ഹോളിയാണ് പേഷ്യൻ്റ്. അവരുടെ കൂടെയാണ് ആദ്യഡ്യൂട്ടി. “Vertex advancing ” പച്ച മഷി കൊണ്ട് അടിവരയിട്ട കേസ്ഷീറ്റ് തന്ന് ഉറക്കം തൂങ്ങിയ കണ്ണുകളാൽ ഒന്നു ചിരിച്ച് മുഖം അമർത്തി തുടച്ച് ഫിലിപ്പിനോ ലിറിയോ സിസ്റ്റർ ബാഗും തോളിലെടുത്തിട്ട് പുറത്തോട്ട് നടന്നു.
ദീർഘമായൊന്ന് ശ്വാസം അകത്തേക്ക് വലിച്ച്, ഒരു നിമിഷം അള്ളാഹുവിനെ വിളിച്ച് എൻ്റെ കൈ കൊണ്ട് ഒരബദ്ധവും വരരുതേന്ന് പ്രാർത്ഥിച്ച് കൈകളിൽ ശ്രദ്ധയോടെ ഗ്ലൗസ്സെടുത്തണിഞ്ഞു. വേദന കൊണ്ട് പുളയുന്ന ഹോളിയോട് ഞാനാരാണെന്ന് പറയുമ്പോഴാണ് അവർ വിറക്കുന്നത് ശ്രദ്ധിച്ചത്. ചൂടുള്ള ബ്ലാങ്കറ്റ് എടുത്ത് അരവരെ പുതപ്പിച്ച് കൊടുത്തപ്പോൾ ഹോളി നന്ദിസൂചകമായി എന്നെ നോക്കി ചിരിച്ചു. വയറിന്മേൽ CTG മോണിറ്ററിങ്ങ് ബെൽറ്റ് ചുറ്റിയപ്പോൾ മോണിറ്ററിൽ കുഞ്ഞിൻ്റെ ഹാർട്ട്ബീറ്റ് എൺപതെന്ന് തെളിഞ്ഞത് കണ്ട് ഞാനൊന്ന് ഞെട്ടി. എപ്പിസിയോട്ടമി ചെയ്യാൻ സമയമായിരിക്കുന്നു. കത്രികകളും പഞ്ഞിയും സാനിട്ടറി പാഡും അടങ്ങിയ ട്രേ ഒരുക്കി വെച്ച ശേഷം ഞാൻ എമർജൻസി ബെല്ലടിച്ചു. മടക്കി
വെച്ച കാലുകളിൽ തട്ടി, ‘പുഷ്’, ചെയ്യാൻ പറഞ്ഞോണ്ടിരിക്കുമ്പോഴാണ് ജിനി സിസ്റ്ററും ഖുൽസും ഡോക്ടറും ടീമും കടന്നുവന്നത്. പിന്നെ എല്ലാം പെട്ടെന്നായിരുന്നു..
ചോരക്കടലിൽ നിന്നും കുഞ്ഞിനെ പൊക്കിയെടുത്ത് തുടച്ച്, പൊക്കിൾകൊടി മുറിച്ച് കരയുന്നവനെ കോട്ടൻ തുണിയിൽ പൊതിഞ്ഞ്, ബേബി ഓഫ് ഹോളി എന്നെഴുതിയ ബാൻഡ് കയ്യിൽ കെട്ടി ഹോളിയുടെ നെഞ്ചിൽ കിടത്തി കൊടുത്തപ്പോൾ ഒരു മാസത്തിനു ശേഷം വീണ്ടും എന്തെന്നില്ലാത്ത ഒരു ആഹ്ലാദം നുരഞ്ഞുപൊന്തി. പ്രസവം വേദനയും ആകാംക്ഷയും ആശങ്കകളുമൊക്കെ നിറഞ്ഞതാണെങ്കിലും ആദ്യന്തം ആനന്ദകരമാണ്.
പ്രസവം ഓരോ പെണ്ണുങ്ങൾക്കും ഓരോ തരത്തിലാണ്. അല്ലെങ്കിൽ ഈ ഭൂലോകത്തെ ഓരോ പെണ്ണിൻ്റെയും ഓരോ പ്രസവവും ഒന്നൊന്നിൽ നിന്നും വ്യത്യസ്തമാണ്. പിങ്ക് വരകൾ തെളിഞ്ഞ് ഗർഭിണിയാണെന്നറിഞ്ഞ നിമിഷത്തെ സന്തോഷമിപ്പോഴും തൊട്ടറിയാം. എൻ്റെ മോളെ പ്രസവിക്കാൻ ഇരുപത്തിനാല് മണിക്കൂറിലധികം മരണവേദന അനുഭവിച്ച ശേഷം സിസേറിയൻ ചെയ്യേണ്ടി വന്നു. എന്നാൽ മോനെ പ്രസവിക്കാൻ ലേബർ റൂമിൽ കയറ്റിയിട്ട് ഇനിയും ഒരുപാട് വേദന സഹിക്കണമെന്ന് കരുതി കാത്തിരിക്കുമ്പോൾ പത്തു നിമിഷം കൊണ്ട് എല്ലാം കഴിഞ്ഞു. ഓർത്തപ്പോൾ ചുണ്ടിലൊരു ചിരി വിരിഞ്ഞു.
ബി22 ലെ ഗർഭിണി എമർജൻസി ബെല്ലടിച്ചത് കേട്ടാണ് അങ്ങോട്ട് ധൃതിയിൽ ഓടിചെന്നത്. സി സെക്ഷൻ കഴിഞ്ഞ് റൂമിലേക്ക് മാറ്റിയതേയുള്ളൂ സമറിനെ. കത്തീറ്റർ ബാഗും ഐ.വി. ഫ്ലൂയിഡും പാരസെറ്റമോളിൻ്റെ ഡ്രിപ്പും. ചുറ്റിപ്പിണഞ്ഞു കിടക്കുന്ന പല വയറുകൾ.
കുഞ്ഞിന് മുലപ്പാൽ കൊടുത്തു തുടങ്ങാൻ സഹായിക്കാൻ പറഞ്ഞ് സമറിൻ്റെ ഉമ്മിയാണ് ബെല്ലടിച്ചത്. വേദന കൊണ്ട് ഞെളിപിരി കൊള്ളുന്ന സമറിനെ സാവധാനം താങ്ങിയെടുത്ത് തലയിണ ശരിയാക്കി വെച്ച് മടിയിൽ ഒരു തലയിണ വെച്ചു കൊടുത്ത് കുഞ്ഞിനെ പതിയെ അമ്മിഞ്ഞയിലേക്ക് അടുപ്പിച്ചു. ആദ്യത്തെ പ്രസവമായതിനാൽ ‘ലാച്ചിങ്ങ് ‘ ശരിയായിട്ടില്ല. സമർ വേദന കൊണ്ട് ഉറക്കെയുറക്കെ കരഞ്ഞു. അതിനേക്കാളുച്ചത്തിൽ സമറിൻ്റെ ഉമ്മി അറബിയിൽ അവളെ വഴക്കുപറഞ്ഞു കൊണ്ടിരുന്നു. സമർ എൻ്റെ മുഖത്തേക്ക് നിസ്സഹായയായി നോക്കി.
”പ്ലീസ് നിങ്ങളൊന്ന് പുറത്തേക്കിറങ്ങി നിൽക്കാമോ?” ഞാനവരോട് വിനീതമായി അപേക്ഷിച്ചു. അവരെന്നെ ക്രുദ്ധയായി നോക്കിക്കൊണ്ട് മനസ്സില്ലാമനസ്സോടെ പുറത്തേക്ക് നടന്നു.
എത്ര ശ്രമിച്ചിട്ടും പാല് വലിച്ച് കുടിക്കാത്ത കുഞ്ഞിനെ നോക്കി സമർ കണ്ണീർ വാർത്തു.
“സമർ ഒത്തിരി വേദനിക്കുന്നുണ്ടെങ്കിൽ തല്കാലം നമുക്ക് കുഞ്ഞിന് ഫോർമുല മിൽക്ക് കൊടുക്കാം. എന്നിട്ട് കുഞ്ഞും സമറും നന്നായൊന്ന് വിശ്രമിക്കു. വേദന കുറഞ്ഞാൽ നമുക്ക് വീണ്ടും ശ്രമിക്കാം. ഇപ്പോൾ ഒന്നുറങ്ങൂ. ” ഞാൻ അലിവോടെ കുഞ്ഞിനെയെടുത്ത് അവളെ കിടക്കാൻ സഹായിച്ചു. കുഞ്ഞിനെ നഴ്സിങ്ങ് സ്റ്റേഷനിൽ കൊണ്ടു പോയി ഡയപ്പർ മാറ്റി ഫോർമുല മിൽക്ക് കൊടുത്തപ്പോൾ പാലുകുടിച്ച് കുഞ്ഞെൻ്റെ നെഞ്ചോരംപറ്റി ഉറങ്ങി.
കുഞ്ഞിനെ സമറിനരികെ തിരികെകിടത്താൻ വേണ്ടി ചെന്നപ്പോൾ സമറിനെ വഴക്കുപറഞ്ഞു കൊണ്ടിരിക്കുന്ന ഉമ്മിയെയാണ് കണ്ടത്. അവളെ ഇനിയും ഉറങ്ങാൻ അനുവദിച്ചിട്ടില്ലെന്ന് കണ്ട് എനിക്ക് അടിമുടി ദേഷ്യം വന്നു.
”ഇതൊരു ആശുപത്രിയാണ്. ദയവു ചെയ്ത് പുറത്ത് നിൽക്കൂ ” ഞാൻ ദേഷ്യം നിയന്ത്രിച്ച് ശബ്ദം താഴ്ത്തി പറഞ്ഞു.
” മുലപ്പാൽ കൊടുക്കാതെ നിങ്ങളെന്തിന് എൻ്റെ കുട്ടിക്ക് കുപ്പിപ്പാൽ കൊടുത്തു. ഇതു ഞാൻ കംപ്ലയിൻ്റ് ചെയ്യും.” അവർ ഒച്ചവെച്ചു.
”ഉമ്മീ ഞാൻ പറഞ്ഞിട്ടാണ്. ” സമർ കരച്ചിലിനിടയിൽ ശബ്ദിച്ചു.
”നീ മിണ്ടരുത്” അവർ ചാടിത്തുള്ളി പുറത്തേക്ക് പോയി.
”സോറി സിസ്റ്റർ. ” സമറെന്നെ ദയനീയമായി നോക്കി.
”ഉമ്മമാരല്ലേ അവരെപ്പോഴും മക്കളുടെ നന്മക്കായല്ലേ വഴക്കുപറയുന്നേ. കുഞ്ഞിന് കുപ്പിപ്പാൽ കൊടുക്കുന്നത് അവർക്ക് സഹിക്കാൻ കഴിയുന്നുണ്ടാവില്ല. അതാവും വഴക്കിടുന്നത്. അതൊന്നും സാരമില്ലെടോ.”
ഞാൻ സമറിനെ ആശ്വസിപ്പിച്ചു.
”എൻ്റെ ഉമ്മിയോ? സിസ്റ്റർക്കറിയോ മാറിടം ഇടിഞ്ഞു തൂങ്ങുമെന്ന് പറഞ്ഞ് ഞങ്ങൾ നാലുമക്കൾക്കും ഉമ്മി മുലപ്പാൽ തന്നിട്ടേയില്ല. എന്നിട്ടാണിപ്പോൾ.”
വേദനിക്കുന്ന വയർ പൊത്തിപ്പിടിച്ച് കൊണ്ട് സമർ പൊട്ടിച്ചിരിച്ചു. ചിരിക്കണോ കരയണോ എന്നറിയാതെ ഒരു നിമിഷം നിന്ന ശേഷം ഞാനുമവളുടെ ചിരിയിൽ പങ്കുചേർന്നു. നഴ്സസ് ഇൻ ചാർജിൻ്റെ എമർജൻസി ബെൽ കേട്ടതും ഞാൻ തിരിഞ്ഞോടി.
”എമർജൻസി. പുതിയ ലേബർ വന്നിട്ടുണ്ട്. ക്വിക്ക്. ക്വിക്ക്.റൂം റെഡിയാക്കൂ സി.ഫാത്തിമ ” നഴ്സസ് ഇൻ ചാർജ് സി. കോർലറ്റ് ഒച്ചവെച്ചു. പുതിയ ബെഡ്ഷീറ്റും മറ്റു സാമഗ്രികളുമായി ബെഡൊരുക്കാൻ പോകുമ്പോൾ എന്നുമെന്ന പോലെ എൻ്റെ കൈകാലുകൾ വിറച്ചു. ഏതൊക്കെയോ സ്ത്രീകളുടെ കരച്ചിലും രക്തവും അനേകായിരം കുട്ടികളുടെ ഹാർട്ട്ബീറ്റും എൻ്റെ തലയിൽ മുഴങ്ങി. ബി.പി. മെഷീൻ പുറത്ത് നിന്ന് വലിച്ച് കൊണ്ടുവന്നു വെയ്ക്കുമ്പോഴാണ് വീൽചെയറിൽ രോഗിയെ കൊണ്ടുവന്നത്.
പൈജാമയും ബനിയനും ഇട്ട ഒരു ചെറിയ പെൺകുട്ടി. അവളുടെ ഉന്തി നിൽക്കുന്ന വയറ് കണ്ടപ്പോൾ മാത്രമാണ് അതാണ് ഗർഭിണിയെന്ന് എനിക്ക് മനസ്സിലായത്. പ്ലസ്ടൂ വിന് പഠിക്കുന്ന എൻ്റെ ആയിഷൂൻ്റെ പ്രായമേ കാണൂ. ഒരു കൈയ്യിൽ ഐപാഡും മറുകയ്യിൽ ഫോണും മുറുകെ പിടിച്ചിട്ടുണ്ട്. അവളെ കട്ടിലിലേക്ക് പിടിച്ചു കിടത്തി ഞാൻ ബ്ലഡ് പ്രഷറും പൾസും ടെമ്പറേച്ചറും റെസ്പിറേറ്ററി റേറ്റും നോക്കി കേസ്ഷീറ്റിൽ കുറിച്ചു വെച്ചു.
”ഇനിയും വേദനിക്കോ ?”നിഷ്കളങ്കമായ അവളുടെ ചോദ്യമെന്നെ കുഴക്കി.
CTG മെഷീൻ വയറിൽ വെച്ച് കുഞ്ഞിൻ്റെ ഹൃദയത്തിൻ്റെ ടപ്പ് ടപ്പ് ശബ്ദം കേൾപ്പിച്ചപ്പോൾ അവൾ കൗതുകത്തോടെ വയറിൽ തഴുകി.
” എനിക്ക് വാഷ്റൂമിൽ പോവണം” അവൾ പെട്ടെന്ന് പിടഞ്ഞെഴുന്നേറ്റ് പോവാനാഞ്ഞു. ഞാൻ പതിയെ വയറുകൾ ഓരോന്നും വിടുവിച്ച് അവളെ വാഷ്റൂമിലേക്ക് നടത്തി. അവളുടെ കൂടെ വന്ന ഗദ്ദാമ അവളേക്കാൾ അമ്പരന്ന് എന്നെ നോക്കി നിൽക്കുന്നു.
“സിസ്റ്ററേ , ഇത് അമ്നിയോട്ടിക് ഫ്ലൂയിഡാണോ, മൂത്രമാണോ ഡിസ്ചാർജാണോ?” അവൾ വാഷ്റൂമിൻ്റെ വാതിൽ പകുതി തുറന്ന് സാനിട്ടറി പാഡ് പൊക്കി പിടിച്ച് ചോദിച്ചു. ഞാനവൾക്ക് മാറ്റാൻ ആശുപത്രി ഗൗൺ കൊടുത്തു.
”ഇതിൻ്റെ നിറമെനിക്ക് ഇഷ്ടായില്ല. പിങ്കായിരുന്നു നല്ലത്” ആകാശനീല നിറത്തിലുള്ള ഗൗൺ പിടിച്ചവൾ വലിച്ചു. മിഠായിക്ക് വാശി പിടിക്കുന്ന കുഞ്ഞിൻ്റെ കുസൃതിയായിരുന്നു അവളുടെ മുഖം നിറയെ.
“25 ലെ പേഷ്യൻ്റിൻ്റെ ബി.പി. വല്ലാതെ കുറയുന്നു. വേഗം ഓപ്പറേഷൻ തീയ്യറ്ററിലേക്ക് മാറ്റണം. ഫാത്തിമാ, ക്യാൻ യൂ പ്ലീസ് ഹെൽപ് മീ ” ജിനി സിസ്റ്ററുടെ കോൾ കണ്ടതും ഞാൻ പുറത്തേക്കോടി. പോകും വഴി നഴ്സസ് സ്റ്റേഷനിൽ സി.സുമിയെ കണ്ടു.
”സുമീ, ഈ റൂമിൽ പതിനേഴു വയസുള്ള സ്വദേശി പെൺകുട്ടിയാണ്. നൂറ. ഗദ്ദാമ മാത്രമേ കൂടെയുള്ളൂ. ഒന്നു നോക്കണേടാ . ഞാൻ എമർജൻസിയായി ജിനി സിസ്റ്ററുടെ കൂടെ പോവുകയാ.” സുമിയുടെ കണ്ണിലെ പകപ്പ് ശ്രദ്ധിക്കാതെ ഞാൻ തിടുക്കത്തിൽ മുന്നോട്ടോടി.
ഓപ്പറേഷൻ തിയേറ്ററിൽ നിന്നും തിരിച്ച് വാർഡിലേക്ക് വന്നപ്പോൾ നൂറയുടെ മുറിയിൽ ചെന്ന് നോക്കാൻ ആരോ മനസ്സിലിരുന്ന് മന്ത്രിക്കും പോലെ. സുമിസിസ്റ്റർ കേസ്ഷീറ്റ് തുറന്ന് വെച്ച് വിദൂരതയിലേക്ക് നോക്കി ഇരിപ്പുണ്ട്. ആളിവിടെയൊന്നുമല്ലാന്ന് തോന്നുന്നു. നൂറ ഫോണിൽ പബ്ജി കളിക്കുന്ന ബഹളത്തിലാണ്. ഗൗൺ പൊക്കി നോക്കിയപ്പോൾ ഒലീവ് പച്ചനിറത്തിൽ അംനിയോട്ടിക് ഫ്ലൂയിഡും മഷിയും കലർന്ന ഫ്ലൂയിഡ് തുടയിലൂടെ ഒലിച്ചിറങ്ങിയിരിക്കുന്നു.
”സുമീ.. “എവിടെ നിന്നാണെനിക്കത്രയും ശബ്ദം വന്നതെന്നറിയില്ല, തലച്ചോറിൽ അപായ മണി മുഴങ്ങി. ഇനിയുള്ള ഓരോ നിമിഷവും ക്രിട്ടിക്കലാണ്. സുമി ഞാൻ വിളിച്ചത് കേട്ട് ഞെട്ടി വിളറിയ മുഖത്തോടെ അടുത്തേക്കോടി വന്നു.
”സുമീ.ജോലി പോകുന്നത്ര വലിയ മെഡിക്കൽ നെഗ്ലിജൻസാണിതെന്ന് അറിയില്ലേ?” ഞാൻ തലയിൽ കൈവെച്ച് ഞങ്ങൾക്ക് മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ പറഞ്ഞു. എമർജൻസി ലൈറ്റുകൾ പിടിച്ചമർത്തി. ഹോസ്പിറ്റൽ ബോയ്സിൻ്റെ സഹായത്തോടെ ഓപ്പറേഷൻ തിയ്യേറ്ററിന് മുന്നിലേക്ക് സ്ട്രക്ച്ചർ പറത്തുമ്പോൾ എൻ്റെ കൈകാലുകൾ വായുവിലാണെന്ന് തോന്നി. സുമിയും പിന്നാലെ ഏന്തിവലിഞ്ഞ് വരുന്നുണ്ട്. എനിക്ക് ആരോടൊക്കെയോ ദേഷ്യവും സങ്കടവും തോന്നി. ഡോക്ടർമാരുടെ സംഘത്തിൻ്റെ നോട്ടത്തിലെ കുറ്റപ്പെടുത്തലുകൾക്കു മുന്നിൽ നിന്ന് ഞാൻ ചൂളി.
ഓപ്പറേഷൻ തിയേറ്ററിൽ നിന്നും ഇറങ്ങി നടക്കുമ്പോഴാണ് ഞാൻ സുമിയെ ശ്രദ്ധിച്ചത്. അവളാകെ വാടിക്കുഴഞ്ഞിരിക്കുന്നു. അപ്രതീക്ഷിതമായ ഇത്തരം സാഹചര്യങ്ങളെ മന: സംയമനത്തോടെ നേരിടാൻ ഞാനും പ്രാപ്തയായത് ഏറെ നാൾ കഴിഞ്ഞാണല്ലോ. എനിക്കവളോട് സഹതാപം തോന്നി. ലിഫ്റ്റിൽ കയറിയപ്പോൾ ഞാനവളുടെ കൈകൾ കവർന്നെടുത്ത് അമർത്തി. പെട്ടെന്ന് പേടിച്ചരണ്ടവൾ എൻ്റെ തോളിൽ തലചായ്ച്ച് ഉറക്കെയുറക്കെ കരഞ്ഞു. വാച്ചിൽ നോക്കിയപ്പോൾ ഡ്യൂട്ടി മാറേണ്ട സമയം കഴിഞ്ഞിരിക്കുന്നു.
കേസ്ഷീറ്റുകൾ എടുത്ത് അടുത്ത ഡ്യൂട്ടിക്ക് വന്നയാൾക്ക് യാന്ത്രികമായി വിശദീകരിച്ച് കൊടുക്കുമ്പോൾ ജിനി സിസ്റ്റർ ഓടി വന്ന് എൻ്റെയും സുമിയുടേയും ബാഗുകളെടുത്തു.
“ഒന്നു മിണ്ടിപ്പറയാൻ കൂടി നേരം കിട്ടീല്ല ഇന്ന്, എന്നാ തിരക്കായിരുന്നു. വല്ലാത്തൊരു ഹെക്ടിക് ഡേ! പാത്തൂ ,സുമീ കുറച്ചു സമയം മിണ്ടിപ്പറഞ്ഞിരുന്നിട്ട് വീട്ടിൽ പോയാ മതീട്ടാ. ”
കഫറ്റീരിയയിൽ നിന്നും മൂന്ന് കോഫിയും വാങ്ങി സുമിയുടെ കയ്യും പിടിച്ച് ഹോസ്പിറ്റലിനു മുൻപിലേ പൂന്തോട്ടത്തിലെ വള്ളിക്കുടിലിന്നരികിലേക്ക് നടന്നു.
ഏറെ നിർബന്ധിച്ചപ്പോഴാണ് കാപ്പിയവൾ ചുണ്ടോടടുപ്പിച്ചത്. കരഞ്ഞുകലങ്ങിയ മിഴികൾ അവക്കു താഴെ ഏറെ നാളായി ശരിക്കൊന്നുറങ്ങിയിട്ടെന്ന് വിളിച്ച് കൂവുന്ന ഡാർക്ക് സർക്കിൾ. ഞാനവളുടെ മുഖത്തേക്ക് സാകൂതം നോക്കി.
” എന്താ സുമീ, എന്താ പ്രശ്നം? മോൾക്ക് സുഖല്ലേ? നീയൊന്നും കഴിക്കാറില്ലേ? അനീമിക് ആണോ?”ജിനിസിസ്റ്റർ അലിവോടെ ആരാഞ്ഞു.
“എനിക്ക് മരിച്ചാ മതി. ഒന്നും തിന്നാൻ തോന്ന്ണില്ല. ചത്താ മതി. എന്നെ ആർക്കും ഇഷ്ടല്ല.” വാക്കുകൾ പെറുക്കി വെക്കാൻ ബുദ്ധിമുട്ടിയതുപോലെ സുമി അർദ്ധോക്തിയിൽ നിർത്തി. തൊണ്ടയിൽ ഏറെ വേദനിപ്പിക്കുന്നൊരു മുള്ള് വിലങ്ങനെ നിൽക്കും പോലെ ഞാൻ നെടുവീർപ്പിട്ടു.
” നീ കരയാതെ കാര്യം പറ കൊച്ചേ, നമുക്ക് പരിഹാരമുണ്ടാക്കാം. ” ജിനി സിസ്റ്റർ അക്ഷമയോടെ മുരണ്ടു.
“എനിക്ക് മതിയായി ചേച്ചി. എനിക്കീ പണിയേ ഇഷ്ടല്ല. പെണ്ണുങ്ങളെ ചോരയും കരച്ചിലും ചീത്തവിളിയും തല പൊളിയും പോലെ.”
“ഇതൊക്കെ നമ്മുടെ ജോലിടെ ഭാഗമല്ലേ കുട്ടീ. ഇപ്പോൾ പെട്ടെന്നെന്താ നിനക്കിങ്ങനെ തോന്നാൻ? ” ഞാനവളുടെ തോളിൽ പതുക്കെ തട്ടി കൊടുത്തു.
” എനിക്ക് ടീച്ചറാവണമെന്നായിരുന്നു ആഗ്രഹം. അമ്മക്കായിരുന്നു നിർബന്ധം, നഴ്സിങ്ങിന് വിടണമെന്ന്. പഠിച്ച് കഴിഞ്ഞാലുടനെ വിദേശത്ത് ജോലി, നല്ല ശമ്പളം. കല്യാണം കഴിഞ്ഞപ്പോ അഭിയെങ്കിലും എന്നെ മനസ്സിലാക്കുമെന്ന് കരുതി. ഒന്നുമില്ല. എനിക്ക് തിന്നിട്ട് എല്ലിൻ്റെടേൽ കുത്തുവാണെന്നാ അവൻ പറയുന്നത്. ചേച്ചിക്കറിയോ? ഞാൻ പ്രസവിച്ച ശേഷം കുഞ്ഞിനെ നോക്കാൻ ഈ ആറു മാസത്തിന്നിടയിൽ നാലാമത്തെ മെയിഡാ വരുന്നത്. ആദ്യം വന്നത് അഭീടെ ബന്ധത്തിൽ തന്നെയുള്ള ഒരു അമ്മായിയാ. കുഞ്ഞിനെ അവരെ ഏൽപ്പിച്ച് ജോലിക്ക് വരുമ്പോൾ എനിക്ക് ചങ്ക് പറിഞ്ഞ് പോരുന്ന വേദന തോന്നി. അവര് വന്ന് ഒരാഴ്ച കഴിയുമ്പോഴേക്കും നാട്ടിൽ അവരുടെ ഭർത്താവ് വീണ് കാലിന് ഓപ്പറേഷൻ കഴിഞ്ഞ് ആശുപത്രിയിലാണെന്ന് പറഞ്ഞു പെട്ടെന്ന് നാട്ടിലേക്ക് തിരിച്ച് പോവേണ്ടി വന്നു. അതു കഴിഞ്ഞു വന്ന ശ്രീലങ്കൻ മെയിഡ് അല്ലറ ചില്ലറ മോഷണമൊക്കെയായപ്പോൾ അവരെയും പറഞ്ഞു വിട്ടു. പിന്നെ വന്നയാൾ വേറെ നല്ല ജോലി കിട്ടിയെന്നും പറഞ്ഞ് ഒറ്റപ്പോക്ക്. ഏറെ തപ്പിയിട്ടാ വന്നു പോകുന്ന ഒരു ചേച്ചിയെ കിട്ടിയത്. അവർക്ക് ഇല്ലാത്ത ഡിമാൻ്റില്ല. കുട്ടിയെ നോക്കാൻ മാത്രമേ പറ്റൂ. ഭക്ഷണമൊക്കെ ഞാനുണ്ടാക്കി വെയ്ക്കണം. അഡ്ജസ്റ്റ്മെൻ്റൊന്നും നടക്കില്ല.”
”ഇതൊക്കെ ഇവിടെ സാധാരണയാ മോളേ. ഇതിലൊന്നും നീ തളരല്ലേ . ” ജിനി സിസ്റ്റർ ചോറ്റുപാത്രം തുറന്ന് കാരോലപ്പമെടുത്ത് എല്ലാവർക്കും തന്നു.
”ഡ്യൂട്ടി കഴിഞ്ഞ് ക്ഷീണിച്ച് ചെല്ലുമ്പോഴേക്കും കുഞ്ഞിനെ എന്നെ ഏൽപ്പിച്ച് പോവാൻ ഒരുങ്ങി നിൽപ്പുണ്ടാവും ചേച്ചി . രാത്രി മുഴുവനും കരഞ്ഞോണ്ടിരിക്കുന്ന കുഞ്ഞിനെ ഒന്നു മാറിയെടുക്കുക പോലും ചെയ്യില്ല അഭി അവന് ഉറക്കം ശരിയാവുന്നില്ലെന്ന് പറഞ്ഞ് ഗസ്റ്റ് റൂമിലാ ഉറക്കം. ഉറങ്ങാതെ തലവേദനിച്ച് എനിക്ക് ഭ്രാന്തെടുക്കുന്നു ചേച്ചി . കുഞ്ഞിനെയും കൊണ്ട് ഫ്ലാറ്റിലെ ജനൽ തുറക്കാൻ പോലും പേടിയാ ചേച്ചീ എനിക്ക്. അഴികളില്ലാത്ത ആ ജനലിലൂടെ കുഞ്ഞിനെ പുറത്തേക്കെറിഞ്ഞാലോന്ന് തോന്നീട്ടുണ്ട് പലപ്പോഴും എനിക്ക്. പലവട്ടം താഴേക്ക് ചാടാൻ തുനിഞ്ഞിട്ടുണ്ട് ഞാൻ ”
പറഞ്ഞു കഴിഞ്ഞതും അവൾ മുളചീന്തും പോലെ പൊട്ടിക്കരഞ്ഞു. ഒറ്റപ്പെടലിൻ്റെ അവഗണനയുടെ നിസ്സഹായതയുടെ ആൾരൂപം.
ഒരു നിമിഷം എന്തു പറയണമെന്നറിയാതെ ഞാനും നിശ്ശബ്ദയായി. അനന്തമായ നിരാശയും സങ്കടവും എന്നെ മുടി ജിനിസിസ്റ്ററിൻ്റെ കണ്ണുനീർ എൻ്റെ കൈകളിലേക്ക് ഇറ്റ് വീണപ്പോഴാണ് ഞാൻ തലപൊക്കി നോക്കിയത്.
” എൻ്റെ സുമീ.ഇവന്മാരെക്കുറിച്ചോർത്ത് നമ്മുടെ ജീവിതം കുളമാക്കരുത്. കഴിഞ്ഞ ദിവസം ഒരത്യാവശ്യത്തിന് ഇച്ചായൻ്റെ ഫോണെടുത്ത് നോക്കിയപ്പോഴാ, ഇയാൾ പണ്ട് തേച്ചിട്ട് പോന്ന കാമുകിയോട് ഡെയ്‌ലി വാട്ട്സ്ആപ്പിൽ സൊള്ളി കൊണ്ടിരിക്കുന്നത് ഞാൻ കണ്ടത്. നമ്മള് രാവും പകലും കെട്ട്യോനും കുട്ട്യോളുമെന്ന് പറഞ്ഞ് ഓടുമ്പോൾ ഇവന്മാര് ഇതൊക്കെയാ പരിപാടി – ഞാനപ്പോൾ തന്നെ ആ പെണ്ണുമ്പിള്ളയെ വിളിച്ച് നാലു വർത്തമാനം പറഞ്ഞ് ഇങ്ങേരെ ക്ലാസ്മേറ്റ്സ് ഗ്രൂപ്പിന്ന് ലെഫ്റ്റും അടിച്ച് .. ഇനി എന്തെങ്കിലും കണ്ടാൽ ഈ ജോലി രാജിവെച്ച് വീട്ടിൽ വന്നിരിന്ന് കളയുമെന്ന് പറഞ്ഞ്. അതോടെ ആ കുത്തിക്കഴപ്പങ്ങ് മാറി. കൊച്ചുങ്ങൾക്ക് വേണ്ടിയല്ലേ നമ്മൾ എല്ലാം സഹിക്കുന്നത്. എന്നാല് ഇത്തരക്കാര് കൂടെയുള്ളതിനേക്കാൾ നല്ലത് സിംഗിൾ പാരൻ്റിങ്ങാ.” ജിനി സിസ്റ്റർ വികാരാവേശത്താൽ കിതച്ചു.
”സുമീ നീ നാളെ തന്നെ ഡോ. ഹനാനെ ഒന്നു കണ്ട് വിവരങ്ങൾ പറയൂ. ഇത് കേട്ടിട്ട് പോസ്റ്റ് പാർട്ടം ഡിപ്രഷനാണെന്ന് തോന്നുന്നു മോളേ ഡോക്ടർക്ക് നിന്നെ സഹായിക്കാനാവും ഡോക്ടർ റഫർ ചെയ്താൽ സൈക്യാട്രിയിലെ ഡോ.സലാദ്ദീനെയും ഒന്നു കണ്ടാൽ മതി. അഭിയോടും പറയൂ “
” ഇത്താ അവനതിനൊന്നും സമ്മതിക്കില്ല. എനിക്ക് വട്ടാണെന്ന് പറഞ്ഞ് കളിയാക്കും. നാട്ടിൽ അവൻ്റെ അമ്മയോടും എൻ്റെ വീട്ടുകാരോടും വിളിച്ച് പറയും പിന്നെ എല്ലാരും കൂടിയാവും ഉപദേശം. “
” നമ്മൾ മെഡിക്കൽ രംഗത്തുള്ളോർക്ക് തന്നെ ഇത് കൈകാര്യം ചെയ്യാൻ പറ്റുന്നില്ലെങ്കിൽ പിന്നെ സാധാരണക്കാരുടെ കാര്യം എന്താവും?
നാളെ ഞാൻ വരാം ഹനാൻ ഡോക്ടറുടെയടുത്ത്. ആരില്ലെങ്കിലും ഞങ്ങളുണ്ട് നിൻ്റെ കൂടെ. നീ തനിച്ചല്ല കുട്ടീ. ” ഞാനവളെ നെഞ്ചോട് ചേർത്തു തഴുകി.
” അയാം വെയ്റ്റിങ്ങ് ഔട്ട് സൈഡ് ” ഇക്കാടെ മെസേജ് വാട്ട്സ്ആപ്പിൽ തെളിഞ്ഞതും ഞാൻ അവരോട് രണ്ടുപേരോടും യാത്ര പറഞ്ഞ് സുമിയെ ചേർത്തുപിടിച്ച് നെറുകയിൽ മുകർന്ന് പുറത്തേക്കോടി.
ഇക്ക അക്ഷമനായി സ്ഥിരം പാർക്ക് ചെയ്യുന്ന സ്ഥലത്ത് പുറത്തോട്ട് നോക്കിയിരിപ്പുണ്ട്. ഞാൻ ചെന്നു കയറിയതും ആൾ വണ്ടി മുന്നോട്ടെടുത്തു. പതിവ് കുസൃതികളോ കൊച്ചുവർത്തമാനങ്ങളോ ഒന്നുമില്ല. കണ്ടാലും കണ്ടാലും തീരാത്ത വലിയ കെട്ടിടങ്ങൾ പിന്നിട്ട് വഴികൾ നിറഞ്ഞോടുന്ന വാഹനങ്ങളെ പിന്തള്ളി ഞങ്ങളുടെ കാർ മുന്നോട്ട് കുതിച്ചു. മരച്ചില്ലകളെ തലോടിയെത്തുന്ന കാറ്റിലേക്ക് കണ്ണും നട്ട് ഞാനും അൽപ്പ സമയം മിണ്ടാതിരുന്നു,
”എന്തുപറ്റി ഇക്കാ? യാത്രാക്ഷീണം മാറിയില്ലേ?” ഞാൻ ചോദിച്ചിട്ടും ഒന്നും മിണ്ടിയില്ല. ഇക്ക അഗാധമായ ചിന്തയിലാണെന്ന് തോന്നി.
വഴിയോരത്ത് പൂത്തുലഞ്ഞു നിൽക്കുന്ന വാകമരതണലിലേക്ക് വണ്ടി ഒതുക്കി നിർത്തി ഇക്ക എൻ്റെ നേരെ തിരിഞ്ഞു. ഞാൻ സംശയ ഭാവത്തിൽ ആളെ നോക്കി.
” ഞാനുന്നുച്ചക്ക് വന്നപ്പോൾ മക്കള് രണ്ടും ഒരേ മുറിയിൽ കിടന്ന് നല്ല ഉറക്കമാ.”
” വെക്കേഷനല്ലേ ഇക്കാ, പോരാത്തതിന് യാത്രാ ക്ഷീണവും. ഇക്കാക്കവരെ വിളിക്കാമായിരുന്നില്ലേ?”
“ഞാൻ ഭക്ഷണം കഴിച്ച് കഴിഞ്ഞ് നെറ്റ്ഫ്ലിക്സിൽ ഒരു സിരീസ് കണ്ടെടോ. ‘അഡോളസെൻസ്, നമ്മുടെ മക്കൾക്ക് നമ്മൾ കൂട്ടുകാരാണ്. ആനയാണ് ചേനയാണ്,കോപാരൻ്റിങ്ങ് എന്നൊക്കെ പറഞ്ഞ് ആളുകളുടെ മുന്നിൽ ഒരുപാട് അഹങ്കരിച്ചിട്ടുണ്ടെങ്കിലും എന്തോ ഇന്നത്തെ കാലത്ത് മക്കളെ വളർത്തുന്നതിൽ നമുക്ക് തെറ്റുപറ്റുന്നുണ്ടോടോ?” ഇക്ക സ്റ്റിയറിങ്ങിൽ തലചായ്ച്ച് ഏങ്ങിക്കരഞ്ഞു.
”അതിനിപ്പെന്താ ഉണ്ടായത് ? “ദുർബലമായ സ്വരത്തിൽ സമാധാനിപ്പിക്കുമ്പോഴും എൻ്റെ തലക്കകത്ത് സമാനമായ രണ്ട് പൊക്കിൾക്കൊടികൾ ചുറ്റിവരിയുന്നുണ്ടായിരുന്നു.
#മാതൃദിനം
അമൽ ഫെർമിസ്


49 Comments
മനോഹരം ❤️
Thanks dear
കുറെ പെണ്ണുങ്ങൾ.ഓരോരുത്തരിലും ആരെയൊക്കെയോ കണ്ടു. കണ്ടു പരിചയമുള്ള കേട്ട് പരിചയമുള്ള ഒരുപാട് പേരെ. എന്നെയും ചിലപ്പോ കണ്ടു. ചേച്ചി 🫂
ഒത്തിരി സ്നേഹം മോളേ
മനോഹരമായി എഴുതി അമൽ 👍👍👍👍
സ്നേഹം നന്ദാ
ആസ്വാദക ഹൃദയങ്ങളിൽ വിങ്ങലുകൾ നിറച്ച ചിന്തിക്കാൻഏറെയുള്ളമനോഹരമായ കഥ❤️❤️❤️ അമൽത്താ എന്താപറയുക ❤️❤️
ഒത്തിരി സ്നേഹം ഫാസീ. ഈ തിരക്കുകൾക്കിടയിലും നീ വായിക്കാൻ സമയം കണ്ടെത്തിയല്ലോ. Thanks Bro
കുറേക്കാലം കൂടി പിന്നെയും ഒരു നെഞ്ചോടു ചേർന്നു നിൽക്കുന്ന ഒരു കഥ 😍
ഒത്തിരി സ്നേഹം ബബീ
എന്നത്തേയും പോലെ മനോഹരം & touching👌👍
രമേച്ചി നിറഞ്ഞ സ്‌നേഹം. നന്ദി
മാഷാ അല്ലാഹ് 🥰💗 വളരെ മനോഹരമായി എഴുതി, ആദ്യം വായിച്ചപ്പോൾ എന്റെ വല്ലുമ്മാടെ സംസാരം പോലെ തോന്നി, അതു പോലെ ഒരാഴ്ച പ്രസവ വേദന വന്നതിനു ശേഷം പിന്നെ ഓപ്പറേഷൻ ചെയ്തിട്ട് ആണ് ഞാൻ എന്റെ രണ്ടാമത്തെ മോനെ പ്രസവിച്ചത്. ഇതു മായി കൂട്ടി യോചിപ്പിക്കാൻ സാദിച്ചു. ബാക്കി എല്ലാം തന്നെ നേരിട്ട് കണ്ട ഒരു അനുഭവം പോലെ തന്നെ ഉണ്ട് 👌💗
👌😘🥰
നിങ്ങളുടെയൊക്കെ നല്ല വാക്കുകളാണ് എന്നും എഴുതാനുള്ള പ്രചോദനം. ഒത്തിരി സന്തോഷം സ്നേഹം
ഡ്യൂട്ടി കഴിഞ്ഞ് ഇപ്പോഴാണ് കഥ വായിച്ചത്.
വളരെ മനോഹരമായ കഥ.
ഓരോ ചെറിയ കാര്യം പോലും വളരെ ശ്രദ്ധയോടെ പകർത്തിയിരിക്കുന്നു. ഹോസ്പിറ്റൽ കാര്യങ്ങളെ കുറിച്ച് ഇത്രയധികം അറിവൊക്കെ തേടിപ്പിപ്പിടിച്ചല്ലൊ. പറയുന്ന വിഷയത്തെ പൂർണതയിൽ എത്തിക്കാൻ നിങ്ങൾ എടുക്കുന്ന efforttinu ഒരു big സല്യൂട്ട്.
ഒരു നഴ്സിന്റെ ജോലിയുടെ പ്രയാസങ്ങൾ ഒക്കെ വിവരിക്കുന്നുണ്ടെങ്കിലും പ്രവാസത്തിലെ കുടുംബങ്ങൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ തന്നെയാണ് ഇതിന്റെ ഹൈലൈറ്റ്.
വിഘടിച്ചു എഴുതുവാണെങ്കിൽ രണ്ടു മൂന്നു കഥയ്ക്ക് വേണ്ടുന്ന എലമെന്റ് ഇതിൽ തന്നെയുണ്ട്.
വളരെ മനോഹരമായി എഴുതി. 👌👌😍😍
കഥ തുടങ്ങിയപ്പോ ദേ അടുത്ത പ്രവാസി കഥ എന്ന് ചിന്തിച്ചിടത്തു നിന്നും അല്ല ഇത് കഥയ്ക് വേണ്ട പരിസരം ഒരുക്കുന്നതാണ് എന്ന് തിരിച്ചറിയിപ്പിച്ചു തന്ന എഴുത്ത്, സംസാര ഭാഷയിലെ വൈവിധ്യം മനോഹരമായി ഒരുക്കാൻ കഴിഞ്ഞു, ഉമ്മാമയോട് ഉമ്മാനെ പെറ്റ കഥ പറയാൻ പറഞ്ഞപ്പോ, സ്വന്തം ഉമ്മയോട് പ്രസവിക്കുന്നത് എങ്ങിനെ എന്ന് ചോദിച്ച ഒരു നാലാം ക്ലാസ്‌കാരനെ ഓർമ വന്നു,
ഒരു ലേബർ റൂമിലൂടെകറങ്ങി നടന്നു വന്നു, അറിവിലില്ലാത്ത കുറെ വാക്കുകകൾ, കെട്ട്യോള് പ്രസവിക്കാൻ കയറിയപ്പോ ഖുർആൻ എടുത്തു ഓതാൻ ഇരുന്ന ഒരു കെട്ട്യോനെ മാത്രമേ അറിയൂ, ഹൃദയമിടിപ്പോടെയുള്ള കാത്ത് നിൽപ് മാത്രമേ ലേബർ റൂം എന്ന് പറഞ്ഞാൽ അറിയൂ…
അറിവും അക്ഷരവും ചേർന്നപ്പോൾ മനോഹരമായ ഒരു സൃഷ്ടി ജനിച്ചു ലേബർ റൂമിനകത്തും പുറത്തും…
ഒത്തിരി സ്നേഹം ഷാഫി. എനിക്കൊന്നും പറയാൻ വാക്കുകൾ കിട്ടുന്നില്ല. നിങ്ങളൊക്കെ നല്ലതു പറയുമ്പോൾ തന്നെ മനസ് നിറയുന്നു
പ്രിയപ്പെട്ട അമൽ,
വളരെ നാളുകൾക്കു ശേഷം അമൽ വീണ്ടും ഉള്ളിൽ തട്ടുന്ന കാമ്പുള്ള മനോഹരമായ ഒരു കഥ എഴുതിയത് വായിച്ചു. ഇനിയും നല്ല നല്ല കഥകൾക്കായി കാത്തിരിക്കുന്നു… 😍❤️🌹🌹
പ്രസീ. ഒരുപാട് സന്തോഷം പ്രിയപ്പെട്ടവളേ
Ethra bhangi aayanu amal itha ezhudunnad, adya bhagam ummummante karyam okke vayichappol njn karanju poyii nattil ulla ummanem pappanem okke orth poyii….. medical fieldil alla engilum kurach neram idila aa kada pathrathiloode onnu yathra cheydu poyiii…… I really love your writings…….orupaad adth parijayam ulla orale pole thonnum chilappol ithada ezhuthukal vayikkumbol….
ഒരുപാട് സ്നേഹം ഷബ്‌നം . വായിച്ചപ്പോൾ ഒത്തിരി സന്തോഷായി. Love You dear sister. പ്രാർത്ഥനകളിൽ ഓർക്കണേ
ഒരുപാട് നന്ദി നിയാസ് ഭായി. നിങ്ങളൊക്കെ വായിച്ച് അഭിപ്രായം പറയുന്നത് തന്നെ വലിയ സന്തോഷം..ഇതൊക്കെ തന്നെയല്ലേ നമ്മളെ എഴുതാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ. സ്നേഹം
എന്നത്തേയും പോലെ മനോഹരം & touching👌👍
അമൽ ,
മനോഹരമായ കഥ .,ഹൃദയം തൊടുന്ന എഴുത്ത്.
ഇനിയുമിനിയും കഥകൾ വിരിയട്ടെ നിൻ്റെ പേനത്തുമ്പിൽ!
ഒരുപാട് സന്തോഷം ബേബീ
ആഴത്തിലുള്ള നോവുകൾ. ഇന്നിന്റെ കാഴ്ചകൾ
ഒത്തിരി സ്നേഹം നിഷി.
Amalu എഴുത്ത് വളരെ ഇഷ്ട്ടം ആയി.. സ്നേഹം
സ്നേഹം. സന്തോഷം💖
sending virtual hugs 🫂 Amal don’t know what made me cry….tons of love… thank you so much for being back….
Thank You So much Lali❤️❤️ Love You lot
ഏതൊരു കഥക്കും അമൽ ഇത്ത കൊടുക്കുന്ന ഡീറ്റെയിൽഡ് ആയിട്ടുള്ള കഥാ പരിസരം അടിപൊളിയാണ്.
പോസ്റ്റ് പാർട്ടം ഡിപ്രഷൻ എന്ന് ഞാൻ കേൾക്കുന്നത് തന്നെ ആ പെൺകുട്ടി സ്വന്തം കുഞ്ഞിനെ കൊന്ന വാർത്ത വായിച്ചപ്പോഴാണ്. അവർ ആത്മഹത്യ കൂടി ചെയ്തപ്പോഴാണ് അതിന്റെ സീരിയസ്നസ് എന്നെപോലെ എന്റെ കൂട്ടുകാർക്കും മനസ്സിലായത്. ഞങ്ങൾ ആണുങ്ങൾക്ക് മനസ്സിലാവാത്ത ഒരു വിഷയം ആണത്.
സിസ്റ്റർ സുമി പേഷ്യന്റിനെ ശ്രദ്ധിക്കാൻ പോലും വിട്ടു പോയ അവളുടെ പ്രശ്‌നത്തിലേക്ക് കഥ എത്തിച്ച രീതിയാണ് മനോഹരമായത്. തുടക്കത്തിൽ പറഞ്ഞ പോലെ കഥാ പരിസരം ഇങ്ങനെ റിസേർച്ച് ചെയ്തു വികസിപ്പിക്കാൻ ഇത്തക്ക് വല്ലാത്തൊരു കഴിവുണ്ട്.
ഈ കഥ ഞാൻ ആർക്ക് അയച്ചു കൊടുത്താലും അവർ ആദ്യം ചോദിക്കുക കഥ എഴുതുന്ന ഫ്രണ്ടൊക്കെ ഉണ്ടോ നിനക്ക് ഹമദിൽ എന്നാവും.
ഒത്തിരി സന്തോഷം. നന്ദി അബ്ബാ
സ്ത്രീകളെ സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് പുരുഷന്മാക്ക് ഒരു അവബോധം ഉണ്ടാക്കാൻ എൻ്റെ കഥകൾ ഉപകരിക്കുന്നുവെങ്കിൽ ഞാൻ കൃതാർത്ഥയായി.
അമൽ തിരിച്ചു വരവ് സൂപ്പറായി.. ഒരുപാട് പെണ്ണുങ്ങളുടെ കഥ ഒരൊറ്റ കഥയിൽ ഒരു ചെയിനിൽ കോർത്ത മുത്തുകൾ പോലെ പറഞ്ഞു തീർത്തു. അവസാനം പേടിയാവുന്നു… വീടും തൊഴിലിടവും ഒന്നിച്ചു കൊണ്ട് പോകാൻ വല്ലാത്ത പ്രയാസം തന്നെ. ജോലിയുള്ളതും ഇല്ലാത്തതും പ്രശ്നം തന്നെ. ഒരു മൂന്നാം കണ്ണ് എപ്പോഴും നമ്മെ നോക്കുന്നുണ്ടെന്ന അറിവ് കൊടുക്കാതെ നമുക്കവരെ നോക്കാൻ പറ്റില്ലെടാ 😥
ഒരുപാട് സന്തോഷം സാബി. നിങ്ങളുടെയൊക്കെ നല്ല വാക്കുകൾ തരുന്ന ഊർജ്ജം ചെറുതല്ല. വല്ലാത്തൊരു കാലഘട്ടത്തിലാണല്ലോ നമ്മൾ ജീവിക്കുന്നത്.
അമൽത്താ.. കോരിത്തരിപ്പും ഞെട്ടലും എല്ലാം നിറഞ്ഞൊരു അനുഭവക്കുറിപ്പ്. മനോഹരമായി വാക്കുകൾ ചേർത്തിണക്കി സുന്ദരമായ ഒരു സൃഷ്ടിയാക്കിയിരിക്കുന്നു .
ഒത്തിരി സന്തോഷം റാണി. നിങ്ങളുടെയൊക്കെ പ്രോത്സാഹനമാണ് കൂടുതൽ എഴുതാനുള്ള പ്രചോദനം
🥰 amal adipoli ayi ezhuthitto 👍
Thanks dear
Super Amalu👏👏😍👍
Thanks dear Seenatha
പല വിഷയങ്ങളേയും ചുരക്കത്തിൽ തൊട്ടു തലോടി കടന്നുപ്പോയ എഴുത്ത്.
👏
വളരെ നന്നായിരിക്കുന്നു. പണ്ടത്തെ കാലത്തെ സ്ത്രീകളുടെ ദുരിതപർവ്വ വും ഇന്നത്തെ കാലത്തെ വീട്ടിലെ പ്രസവവും , പോസ്റ്റ് പാർട്ടം ഡിപ്രഷനും ,കുടുബ ബന്ധങ്ങളിലെ പ്രശ്നങ്ങളും adolescents ൻ്റെ ബന്ധങ്ങളിലുള്ള ശിഥിലീകരണവും എല്ലാം മനസ്സിൽ തട്ടുന്ന വിധം പ്രതിപാദിച്ചിരുക്കുന്നു. ഇനിയും എഴുതൂ..♥️👍
ഇത്രയും വിശദമായൊരു കമൻ്റിനു നന്ദി. നിങ്ങളുടെയൊക്കെ പ്രോത്സാഹനമാണ് എന്നും കൂടുതൽ എഴുതാൻ പ്രചോദനം.
നല്ല ഹൃദയസ്പർശിയായ കഥ.
മെഡിക്കൽ രംഗത്തെ കാര്യങ്ങളും വീട്ടിലെ കാര്യങ്ങളും എല്ലാം വിശദമായി എഴുതിയിട്ടുണ്ട്.
അഭിനന്ദനങ്ങൾ ആശംസകൾ 🙏
കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. തിരക്കുകൾക്കിടയിലും വായിച്ചതിനും അഭിപ്രായത്തിനും നന്ദി.
ഒത്തിരി സന്തോഷം ജോ
നന്നായി എഴുതി👌🌹
ഒത്തിരി സ്നേഹം സുമാ