ടൈം പാസ് എന്ന ഗണത്തിൽ പെടുത്താവുന്ന ഒത്തിരി സൃഷ്ടികൾ നമ്മൾ കാണാറുണ്ട്. അതിപ്പോ reels ആവാം shorts ആവാം ചില വെബ് സീരീസുകളോ സിനിമകളോ soap എന്ന് പറയുന്ന സീരിയലുകളോ ആവാം. മാസികകളിലെ തുടർക്കഥകൾ ആവാം. ഈയിടെയായി വല്ലാതെ പ്രചരിക്കുന്ന ഷോർട് റീൽസ് ഗണത്തിൽ പെടുന്ന തുടർ റീലുകൾ ആവാം. മിക്കവാറും മനുഷ്യരുടെ യുക്തി വല്ലാതെയൊന്നും ഉപയോഗിക്കേണ്ടി വരാത്ത, തൊലിപ്പുറത്തുകൂടെയുള്ള ആസ്വാദനം എന്ന് ഞാനതിനെ പറയും.
അതിൽ ഭാവനാത്മകമായ സന്ദർഭങ്ങൾ തൊട്ട് പൈങ്കിളിയെന്നും ലോലമെന്നും പറയുന്ന മൃദുവികാരങ്ങളും മനുഷ്യർ ഒളിപ്പിക്കാൻ ശ്രമിക്കുന്ന ചപല വികാരങ്ങളായ അസൂയ, കുശുമ്പ്, പിടിവാശി, racism, bullying, ego fights അങ്ങനെ പലതുമാകാം ഉള്ളടക്കം. അതിനും പുറമെ ഭൂതപ്രേത പിശാചുക്കളോ, യുക്തിയ്ക്ക് നിരക്കാത്ത സാങ്കൽപ്പിക ലോകങ്ങളോ പ്രതിഭാസങ്ങളോ ഒക്കെ വിഷയമായേക്കാം. ഒരു പക്ഷെ പലരും ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് അത്തരം സൃഷ്ടികൾ ആസ്വദിക്കാനല്ലേ എന്നും തോന്നാറുണ്ട്. അപ്പോൾ അത്തരം സൃഷ്ടികളിലൂടെ ഒത്തിരി പേരുടെ ശ്രദ്ധ ആകർഷിക്കുന്നവർ മോശക്കാരല്ല എന്ന് പറയേണ്ടി വരും.
ഡോക്യൂമെന്ററി സ്വഭാവമോ ആത്മകഥാംശമോ ഇല്ലാത്ത എഴുത്തുകളെ ഫിക്ഷൻ എന്ന വിഭാഗത്തിൽ പെടുത്തുമെന്നാണ് എന്റെ അറിവ്. അതിൽ തന്നേ റിയലിസ്റ്റിക് ഫിക്ഷൻ എന്നും അൺ റിയലിസ്റ്റിക് ഫിക്ഷൻ എന്നും രണ്ടു ഭാഗങ്ങൾ വേണമെന്നാണ് എന്റെ അഭിപ്രായം. ആവേശത്തോടെ വായിക്കുകയും അത്ഭുതത്തോടെ ആരാധിക്കുകയുമൊക്കെ ചെയ്യുന്ന പല സാഹിത്യ സൃഷ്ടികളും ആദ്യത്തെ വിഭാഗത്തിൽ വരുമ്പോൾ മുന്നേ പറഞ്ഞ തരത്തിലുള്ള കഥാസൃഷ്ടികളെ അൺ റിയാലിസ്റ്റിക് ഫിക്ഷൻ എന്ന ഗണത്തിൽ പെടുത്താമെന്ന് എനിക്ക് തോന്നുന്നു.
എഴുത്തുകാരുടെ രചനാശൈലിയും ഭാഷാനിപുണതയും എങ്ങനെ വ്യത്യസ്തമായിരിക്കുന്നുവോ അതുപോലെ തന്നെയാണ് വായനക്കാരുടെ ആസ്വാദന തലവും എന്നാണ് എന്റെ വിശ്വാസം. ചില പ്രത്യേക തരം വായനകൾ മാത്രം ഇഷ്ടപ്പെടുന്നവർ ഉണ്ട്. കയ്യിൽ കിട്ടുന്നതെന്തും വായിക്കുന്ന എന്നേ പോലെ ഉള്ളവരും ഉണ്ട്. ചിലർ ചവറെന്നും പൈങ്കിളിയെന്നും മുദ്രകുത്തുന്ന തരം എഴുത്തുകൾ മാത്രം ഇഷ്ടപ്പെടുന്നവരും ഉണ്ട്. എല്ലാവർക്കുമുള്ള ഇടമുണ്ട് ഇവിടെ എന്നാണ് എനിക്ക് മനസ്സിലായിട്ടുള്ളത്. മുൻകാലങ്ങളെ അപേക്ഷിച്ച് വായനാ ശീലമുള്ളവരുടെ എണ്ണം വല്ലാതെ കൂടിയിട്ടുണ്ടോ എന്ന് എനിക്ക് സംശയം തോന്നാറുണ്ട്.
എല്ലാ തരം എഴുത്തുകൾക്കും എല്ലാ തരം വായനകൾക്കും ഇവിടെ ഇടമുണ്ട് സാധ്യതകളുണ്ട്. അതുകൊണ്ട് തന്നേ വായനക്കാരുടെയും പതിപ്പുകളുടെയും ബാഹുല്യം അതിഷ്ടപ്പെടുന്നവരുടെ എണ്ണത്തെ മാത്രം സൂചിപ്പിക്കുന്നു സൃഷ്ടിയുടെ ക്വാളിറ്റിയായി അതിനെ അളക്കാൻ സാധിക്കില്ല.
ഒന്നരയോ രണ്ടോ മണിക്കൂറിനുള്ളിൽ ഞാൻ വായിച്ചു തീർത്ത പുസ്തകമാണ് ‘രാത്രി 12 ന് ശേഷം’. അത്രയ്ക്കുള്ളതേ ഉള്ളു അതിൽ. ഒരു വെബ് സീരീസോ ഷോർട് ഫിലിമോ കാണും പോലെ വളരെ ലാഘവത്തോടെ ഓടിച്ചു വായിക്കാവുന്ന ഒന്ന്. യുക്തിയെയും ശാസ്ത്ര ബോധത്തെയും എല്ലാം ഉള്ളിൽ ഭദ്രമായി പൂട്ടി ഇട്ടു കൊണ്ട് ലളിതമായി വായിക്കാൻ പറ്റിയ ഒന്ന്. ഇതെല്ലാം സത്യമായിരിക്കുമോ എന്ന് തമാശയ്ക്ക് പോലും ആലോചിക്കാൻ നിൽക്കാതെ, എത്ര നല്ല ഭാവന എന്നും, ചരിത്രത്തെയും കെട്ടു കഥകളെയും എത്ര നന്നായി ഇടകലർത്തിയിരിക്കുന്നു എന്നുമെല്ലാം ആലോചിച്ച് പോകുന്ന വായന. ഇടയിൽ പല വാർത്തകളും സംഭവങ്ങളും നമ്മുടെ മനസ്സിലേക്ക് വരുമെങ്കിലും ഒന്നുമാലോചിച്ചു നമ്മൾ വഴിമുട്ടി നിൽക്കാതെ ഒഴുകി പോകും പോലെ വായിക്കാവുന്ന തരത്തിൽ എഴുതി വെച്ചിട്ടുണ്ട്. KSRTC ബസ്സിന്റെയോ ട്രെയിനിന്റെയോ സൈഡ് സീറ്റിൽ ഇരുന്ന് പരിചയമില്ലാത്ത നാട്ടിലൂടെ എങ്ങോട്ടൊ പോകുന്ന യാത്രയിൽ വഴിയിൽ കാണുന്ന കാഴ്ചകൾ പോലെ.
ഈ പുസ്തകത്തിനു പുറകിൽ എഴുത്തുകാരൻ ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ട് എന്നത് വ്യക്തമാണ്. ഉള്ളടക്കം അംഗീകരിക്കാൻ സാധിക്കില്ലെന്ന് കരുതി അതിനെ ഒരു കാരണവശാലും ഞാൻ തള്ളിക്കളയില്ല. ഒരിക്കലും വായനക്കാർ ഇതിനെ തള്ളിക്കളയും എന്ന വിശ്വാസത്തിൽ ഒരു എഴുത്തുകാരനും ഒന്നും എഴുതി വെക്കുകയും ഇല്ലല്ലോ. സംഭവങ്ങളെ പരസ്പ്പരം ബന്ധിപ്പിക്കാനും, ഇടയ്ക്കിടെ ട്വിസ്റ്റുകളും സർപ്രൈസുകളും വിതറി വെക്കാനുമെല്ലാം ചെയ്തിട്ടുള്ള ശ്രമങ്ങളും വിസ്മരിക്കാവുന്നതല്ല.
ഇതുമായി ചേർന്നു നിൽക്കുന്ന വിവിധ തരം ആശയങ്ങൾ പലയിടത്തും കാണുകയും, ഏറെക്കുറെ സമാനമായ കഥകൾ വായിക്കുകയും ചെയ്തിട്ടുള്ളത് കൊണ്ടുള്ള ഒരു ആസ്വാദനക്കുറവ് ഉണ്ടോ എന്ന സംശയം മാറ്റി നിർത്തിയാൽ, ഇഷ്ടവും ഇഷ്ടക്കേടും തോന്നാത്ത ഒരു നോവൽ. എല്ലാം വായിക്കാൻ ഇഷ്ടമായത് കൊണ്ട് എന്റെ രണ്ടു മണിക്കൂർ നഷ്ടമായതായൊന്നും എനിക്ക് തോന്നിയില്ല. എന്റെ ആസ്വാദനമായിരിക്കില്ല മറ്റൊരാളുടേത് എന്നത് കൊണ്ട് തന്നേ കഥയേ പറ്റി കൂടുതൽ ഒന്നും പറയുന്നില്ല. നിർബന്ധമായും വായിച്ചിരിക്കേണ്ടത് എന്നും വായിക്കുകയെ ചെയ്യരുത് എന്നും രണ്ടും ഞാൻ പറയില്ല. ഏറ്റവും അടുത്ത കൂട്ടുകാരോട് പോലും…
വായിച്ചപ്പോൾ ഒരു statement വേണ്ടിയിരുന്നില്ല എന്ന് തോന്നി. അത് പറഞ്ഞാൽ വെറുതെ spoiler ആവുമെന്നത് കൊണ്ട് പറയുന്നില്ല.
വായിക്കുന്ന കഥയിൽ നിർബന്ധമായും യുക്തിയും സാഹിത്യപ്രയോഗങ്ങളും ഭാഷാനൈപ്പുണ്യവും വേണമെന്ന് വാശി പിടിക്കാത്ത, കെട്ടുകഥകളടങ്ങിയ ത്രില്ലറുകളും ലളിത വായനയും ഒക്കെ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി മാത്രമുള്ള പുസ്തകം.
രമ്യ ഭാരതി


1 Comment
ഇങ്ങനെ കീറി ഒട്ടിക്കണ്ടായിരുന്നില്ല എന്ന് ഞാനും അഭിപ്രായിക്കുന്നില്ല 😀