“നിങ്ങൾ എന്തിനാ ഇങ്ങനെ ജീവിക്കുന്നത് ആർക്ക് വേണ്ടി?”
അവരുടെ ചോദ്യം ഒരു ചാട്ടുളി കണക്കെ എന്നുള്ളിലേക്ക് ഇരച്ചു കയറി. ആദ്യമായി കാണുന്ന ഒരു സ്ത്രീ അവരിങ്ങനെ ചോദിക്കുമ്പോൾ മുഖത്തു പുച്ഛവും പരിഹാസവും ഇടകലർന്നിരുന്നു. എന്തോ പിന്നീട് അവരോട് സംസാരിക്കാൻ തോന്നിയില്ല. പ്രോസിജർ ട്രോളിയുമായി വേഗത്തിൽ നഴ്സിംഗ് സ്റ്റേഷനിലേക്ക് ഓടി പോവാനാണ് മനസ്സാഗ്രഹിച്ചത്. ഉച്ചക്കുശേഷം ലീവെഴുതികൊടുത്തു റൂമിലേക്ക് മടങ്ങുമ്പോൾ മനസ്സ് നിറയെ രണ്ട് ജോഡി കുഞ്ഞികണ്ണുകൾ ആയിരുന്നു.
റൂമിലെ ചുമര് നിറയെ എന്റെ കുഞ്ഞുമക്കളുടെ ചിത്രങ്ങളാണ്. പല പോസിലുള്ളവ. അതിലേക്ക് നോക്കുമ്പോളെല്ലാം മറക്കും. ഓരോ ചിത്രവും ഓരോ കഥകൾ പറയും. എത്ര വരച്ചിട്ടും പൂർണമാകാത്ത പോലെ പിന്നെയും പിന്നെയും ശരിയാക്കും. നിറങ്ങൾ ചാലിച്ചു മനോഹരമാക്കുമ്പോൾ അവരോട് കഥ പറയും, അവർക്ക് പാട്ട് പാടികൊടുക്കും. കഥ പറഞ്ഞു കൊണ്ടിരിക്കെ മാറിടങ്ങൾ കനക്കും. വരച്ചു പൂർണമാക്കിയ ഇളം റോസ് കുഞ്ഞിതളുകൾ വിതുമ്പും.
റൂമിലെത്തീട്ടും ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റിയില്ല. പണി തീരാത്ത ചിത്രങ്ങളെ കെട്ടിപ്പിടിച്ചു കിടക്കുമ്പോളും ആ ചോദ്യം ഉള്ളു പൊള്ളിച്ചു കൊണ്ടിരുന്നു. വേദന.. കാലിൽ തുടങ്ങി തല വരെ എത്തുന്ന പെരുപ്പ്. ശ്വാസം വിങ്ങുന്നു. ഉമിനീർ കണങ്ങൾക്ക് തൊണ്ട നനക്കാൻ ആവുന്നില്ല. കണ്ണിണകൾ തോരാതെ പെയ്യുന്നുണ്ട്.
അല്പം ബാമെടുത്തു നെറ്റിയിൽ പുരട്ടി, ലൈറ്റ് ഓഫാക്കി കിടന്നു. വെയിൽ കണങ്ങൾ ജനൽവിരികൾക്കിടയിലൂടെ എത്തിനോക്കുന്നുണ്ട്. മമ്മാ.. എന്ന് വിളിച്ചു കൊഞ്ചുന്ന മക്കൾ. മാലാഖ പോലെ രണ്ട് പെണ്മക്കൾ. ഇരട്ടകൾ, പ്രസവിച്ചു തൊണ്ണൂറ് കഴിഞ്ഞ് അവരെ ഇച്ചായന്റെ അമ്മച്ചിയുടെ അടുത്താക്കി വിമാനം കയറുമ്പോൾ ഹൃദയം മരവിച്ചു തണുത്തു പോയിരുന്നു. സലാല എയർപോർട്ടിൽ വന്നിറങ്ങിയത് ഞാനായിരുന്നില്ല, ഒരു യന്ത്ര മനുഷ്യൻ, കടവും കടമയും വീട്ടിത്തീർക്കാനുള്ള ഒരു ഉപകരണം.മാറിടം കല്ലിച്ചു, പനി പിടിച്ചു പിച്ചും പേയും പറയുന്ന, ഭ്രാന്തോളം എത്തിയ ദിനങ്ങൾ ഓർക്കവേ കണ്ണുകൾ മുറുക്കിയടച്ചു.ഷേർലി ചേച്ചിയാണ് അന്ന് ഡിപ്രെഷന്റെ പിടിയിൽ പെട്ട എനിക്ക് കൗൺസിലിംഗും മരുന്നും കരുതലും തന്നു ജീവിതത്തിലേക്ക് മടക്കിയത്. പക്ഷേ! ഇപ്പോഴും ചില സമയം മനസ് ചരട് പൊട്ടിയ പട്ടം പോലെയാണ്.
ഇന്ന് രാവിലെ വാർഡിൽ ആ സ്ത്രീയുടെ കുഞ്ഞുങ്ങളെ കണ്ടപ്പോൾ ഉള്ളിലെ അമ്മ മനം വെളിയിൽ ചാടി. അവരുടെ കളിചിരിയിൽ എന്റെ കുഞ്ഞുങ്ങളെ കണ്ടു. തനിക്കു ഇതേ പ്രായത്തിലുള്ള ഇരട്ടകൾ നാട്ടിലുണ്ടെന്നു പറഞ്ഞപ്പോൾ അവർ ചോദിച്ചത് “ഭർത്താവിന്റെ അടുത്താക്കി പോന്നതാണോ “എന്നാണ്.
“അല്ല ഭർത്താവ് മസ്കറ്റിൽ ആണ്. അമ്മച്ചിടെ അടുത്താണ് “എന്ന് പറഞ്ഞപ്പോൾ അവിശ്വസനിയതോടെ നോക്കിയ നോട്ടം ഇപ്പോളും നെഞ്ചിൽ തറക്കുന്നു.
“ഭർത്താവ് മസ്കറ്റിൽ, ഭാര്യ ഇവിടെ, മക്കൾ നാട്ടിൽ, നിങ്ങൾ എന്തിനാ ജീവിക്കുന്നത്?ആർക്ക് വേണ്ടി?”
പരിഹാസവും പുച്ഛവും കലർന്ന വാക്കുകൾ ഉള്ളിലേക്ക് വന്നപ്പോൾ കട്ടിലിൽ ഒന്നുകൂടി ചുരുണ്ട് കിടന്നു.
ലക്സ് സോപ്പ്ന്റെ വാസന മൂക്കിലേക്ക് കയറുന്നുണ്ട്, കരഞ്ഞു വീങ്ങിയ കണ്ണുകൾ തുറക്കാനാവാതെ ഞാൻ കിടന്നു. നെറ്റിയിൽ ഒരു മൃദുസ്പർശം.
“റീനാ..”
വിളി കേട്ടപ്പോൾ പതുക്കെ എഴുന്നേറ്റിരുന്നു.
“ഷേർലി ചേച്ചി എപ്പോളാ എത്തിയത്? ”
“ഞാനെത്തീട്ട് കുറച്ചു നേരമായി, നിനക്കെന്താ പറ്റിയത്. പനിക്കുന്നുണ്ടോ? കണ്ണൊക്കെ വല്ലാണ്ട് ആയിട്ടുണ്ടല്ലോ.”
” ഒന്നുമില്ലേച്ചി എനിക്കെന്റെ മക്കളേ കാണാൻ തോന്നുന്നു. നമ്മളൊക്കെ എന്തിനാ ചേച്ചി ഇങ്ങനെ ജീവിക്കുന്നത് ”
ചേച്ചിയുടെ മടിത്തട്ടു എനിക്കഭയമായി. എന്റെ മുടിയിഴകളിൽ വിരൽ കൊരുത്ത് ചേച്ചി പറഞ്ഞു.
“എന്നെ കണ്ടു പലരും പറയാറുണ്ട്, ഞാനൊരു വല്ലാത്ത അമ്മയാണെന്ന്. ഇവിടെ ഉണ്ടായിരുന്നപ്പോളും ഞാൻ എന്റെ മോൾക്ക് മുലപ്പാല് പിഴിഞ്ഞെടുത്തു ബോട്ടിലിൽ ആക്കിയാണ് കൊടുത്തത്. രാത്രി ഞാനവളെ ചേർത്തു പിടിച്ചു കിടന്നിട്ടില്ല. സ്നേഹമില്ലാഞ്ഞിട്ടല്ല, രാവും പകലും മാറി മാറി ഡ്യൂട്ടി ചെയ്യുന്നവരാണ് നമ്മൾ. ആദ്യമേ ഇങ്ങനെ ശീലിച്ചാൽ അതല്ലേ നല്ലത് എന്ന് തോന്നി. നിനക്ക് മക്കളോടുള്ള സ്നേഹം കാണുമ്പോൾ എനിക്ക് മനസിലാവുന്നുണ്ട് ഞാനൊരു നല്ല അമ്മയായിരുന്നില്ലെന്ന്. സ്നേഹം കിട്ടാത്തത് കൊണ്ടാവാം ഞാൻ ഹോസ്റ്റലിലേക്ക് വിളിക്കുമ്പോ അവൾക്ക് ഇഷ്ടപെടാത്തത്.”
ഷേർലി ചേച്ചിയുടെ വാക്കുകൾ നേർത്തു. ഇതൊക്കെയും പലതവണ പറഞ്ഞു കഴിഞ്ഞ വാക്കുകൾ എന്നാലും പറയും, പൊട്ടിക്കരയും കഴിഞ്ഞു പോയ കാലത്തെ വരുതിയിലാക്കാൻ സാധിച്ചിരുന്നുവെങ്കിലെന്നു കേഴും. പിന്നെ കരച്ചിലമർത്തി മെല്ലെ അവരുടെ റൂമിലേക്ക് പോവും. സ്‌ഥിരം പരിപാടിയായിട്ടും എന്തോ എന്നും കേൾക്കുമ്പോഴും ആദ്യമായി കേൾക്കും പോലെ തോന്നും. ഡോറിൽ വീണ്ടും ചാവി തിരിയുന്ന ശബ്ദം കേട്ടു. പാറുവാകും. ഞങ്ങൾ മൂന്നുപേരാണ് ഈ ഫ്ലാറ്റിൽ താമസിക്കുന്നത്. ഞാനും ഷേർലി ചേച്ചിയും നഴ്സ് ആണെങ്കിൽ പാറു അതെ ഹോസ്പിറ്റലിൽ തന്നെ അക്കൗണ്ട് സെക്ഷനിലാണ്. എല്ലാവർക്കും നൈറ്റും, ഡേയും ഷിഫ്റ്റ് വരുന്നത് കൊണ്ട് പരസ്പരം കാണൽ കുറവാണ്.
“ഇന്ന് രണ്ടാളും നേരത്തെ തുടങ്ങിയോ കരയാൻ”
ഞങ്ങളുടെ മുഖം കണ്ട പാറുവിന്റെ കളിയാക്കൽ. അവളെങ്ങനെയാണ്, അമ്മ എന്ന വാക്കിനോട് പോലും അവൾക്ക് ദേഷ്യമാണ്. അവളെ പറഞ്ഞിട്ടും കാര്യമില്ല. അവളുടെ ജാതക ദോഷം കാരണമാണ് പോലും അവളുടെ അച്ഛൻ മരിച്ചത്. അതിനു ശേഷം ആ സ്ത്രീക്ക് അവളെ കണ്ടുകൂടായിരുന്നു. എന്തിനും ഏതിനും അടി കിട്ടുന്നത് കൊച്ചു പാറുവിനായിരുന്നു. തിരിച്ചറിവ് ഇല്ലാത്ത പ്രായത്തിൽ ഒരു കാരണവും ഇല്ലാതെ കെട്ടിയിട്ട് അടിക്കുന്ന അമ്മ. ഒരമ്മക്ക് ഇത്രക്കും ക്രൂരയാവാൻ സാധിക്കുമോ? എനിക്കറിയില്ല ചില വിശ്വാസങ്ങൾ അമ്മയുടെ കാരുണ്യത്തെ പോലും വറ്റിക്കാൻ ശക്തിയുള്ളതാവാം. അയൽക്കാരുടെ ഇടപെടലിൽ അടുത്തൊരു അനാഥാലയത്തിൽ ചേർത്തു, അവിടെ നിന്നുള്ള പഠനവും ജീവിതവും. അവളുടെ ജീവിതത്തിൽ പിന്നീട് അമ്മക്കൊരു റോളും ഉണ്ടായിരുന്നില്ല.
“ഒന്നായിക്കലരുന്ന രണ്ടു പ്രാണനുകളെ ദ്യോതിപ്പിക്കാൻ, അമ്മയിലായാലും ചുംബനത്തിന്റെ തനി മലയാളമായ ഉമ്മയിലായാലും, ദൈവമേ ആരാണ് ഈ കൂട്ടക്ഷരം എടുത്തുവച്ചത്” എന്നവൾ വായിച്ചു കാണില്ല. വായിച്ചാലും ഒന്നായി കലർന്ന പ്രാണനുകളെ വെറുപ്പിൽ മുക്കുവാൻ ദൈവമേ നീയെന്തിനാ ഈ തരം വിശ്വാസമുണ്ടാക്കിയത് എന്നാവും അവളുടെ ചിന്ത. അവളെ കണ്ടപ്പോ മുതൽ എന്റെ ചിന്ത കനമില്ലാതെ അപ്പൂപ്പൻ താടി പോലെ പറക്കുകയാണ്.
ഫോൺ ഡിസ്‌പ്ലെയിൽ നീല വെളിച്ചം കാണിക്കുന്നു. എടുത്തു നോക്കി. ഒരേ നമ്പറിൽ നിന്നു രണ്ട് മൂന്നു തവണ വിളിച്ചിട്ടുണ്ട്. സൈലന്റ് ആയത് കൊണ്ടു അറിഞ്ഞില്ല. അതെ നമ്പറിൽ നിന്ന് വാട്സാപ്പിൽ ഒരു മെസ്സേജ്, തുറന്നു നോക്കി.
“ഞാൻ ലൈല, സോറി ഒരായിരം വട്ടം സോറി. ഞാൻ അങ്ങനെ ചോദിക്കാൻ പാടില്ലായിരുന്നു. ഞാൻ ആ കുട്ടികളെ കുറിച്ച് മാത്രമേ ചിന്തിച്ചുള്ളൂ. അവരിൽ ഞാൻ കണ്ടത് എന്നെ തന്നെയാണ്. എനിക്ക് എനിക്കൊന്നു കാണണം വരാമോ പ്ലീസ്…”
__________________________
ഖരീഫ് സീസൺ തുടങ്ങിയിട്ടുണ്ട്, ചെറിയ ചാറ്റൽ മഴയിൽ കുട ചൂടാതെ ഞാൻ നടന്നു. ലൊക്കേഷൻ പ്രകാരം ഇവിടെ അടുത്താണ് അവരുടെ വീട്. റോഡിന്റെ രണ്ട് സൈഡിലും തെങ്ങും വാഴയും ഒക്കെ കൃഷി ചെയ്യുന്ന തോട്ടങ്ങളാണ്. റോഡിനോട് ചേർന്ന് നിരന്നു കിടക്കുന്ന ഇളനീർ കടകൾ നാട്ടിലെ പഴയ കാല കല്യാണ പന്തലിനെ ഓർമിപ്പിക്കും. ഓരോ കടയിലും നല്ല തിരക്കുണ്ട്. അവർക്ക് നന്നായി കച്ചവടം കിട്ടുന്ന സമയമാണ്. മിഡിൽ ഈസ്റ്റിൽ നിന്നും സന്ദർശകരുടെ പ്രവാഹം ഉണ്ടാവുന്ന സമയം. ഇളനീർ കടകളിൽ കുല കുലകളായി തൂക്കി ഇട്ടിരിക്കുന്ന ഇളനീർ, നിര നിരയായി തൂക്കിയിട്ട പഴക്കുലകൾ, അടുക്കി വെച്ച കരിമ്പിൻ തണ്ടുകൾ, അതും കൂടാതെ തേങ്ങയും കൊപ്രയും നാടൻ പുളിയും കപ്പയും പപ്പായയും എല്ലാം എന്നെ നാട്ടിലേക്കെത്തിച്ചു .
ഒരു തോട്ടത്തിനുള്ളിലാണ് അവളുടെ വീട്. ഒരു കുഞ്ഞ് വീട് ചില ഭാഗങ്ങൾ ഷീറ്റ് വെച്ചു മറച്ചിട്ടുണ്ട്. പപ്പായയും വാഴയും കപ്പയുമെല്ലാം കൃഷി ചെയ്തിട്ടുണ്ട്. ഒരുഭാഗം മൊത്തം പച്ചക്കറികളാണ്. ചീരയും കാബേജും ഒരു സൈഡ് നിറയെ ഉണ്ട്. ഒരു ഭാഗത്തു നാടൻ കോഴികളുടെ ഒരു ഷെഡ് ഉണ്ട്. എനിക്ക് വീട്ടിലെത്തിയ പോലെ തോന്നി. അമ്മച്ചി.. മക്കളെ.. ഞാൻ വന്നു എന്ന് വിളിച്ചു കൂവാൻ തോന്നി.
“സിസ്റ്ററെ.. ” എന്നെ മക്കളുടെ അടുത്ത് നിന്നും പെട്ടന്നാരോ പുറത്തേക്ക് വലിച്ചെറിഞ്ഞ പോലെ. അവൾ അടുത്ത് വന്നു അറബിക് സ്റ്റൈലിൽ കെട്ടി പിടിച്ചു കവിളുകളിൽ മൃദുവായി ചുംബിച്ചു. ഹൃദയം ഹൃദയത്തോട് ചേർത്തു വെക്കുന്ന പ്രക്രിയ. എന്റെ ദേഷ്യമെല്ലാം ആ ചുംബനത്തിൽ ഉരുകി പോയി.
കുത്തരി ചോറും സാമ്പാറും വാഴക്കൂമ്പ് തോരനും നാടൻ ചിക്കൻ മുളകിട്ടതും കൂട്ടി ഒരൂണ്. ഊണിന് ശേഷം ഞാനവളെ കേൾക്കാനിരുന്നു.
“സിസ്റ്ററെ… സോറി”, എനിക്ക് ചിരി വന്നു. ഇതിപ്പോ എത്രാമത്തെ പറച്ചിലാണ്.
” സിസ്റ്റർക്കറിയോ നിക്ക് രണ്ട് വയസുള്ളപ്പോള ഉമ്മ അറബ് വീട്ടിലേക്കു പോയത് . ഇന്നത്തെ പോലല്ല അന്ന് എണ്പത്കളുടെ അവസാനത്തിൽ. എന്നെങ്കിലും അയക്കിണ ഒരു കത്ത് , അതിലെന്നെപ്പറ്റി രണ്ട് വരി. അതായിനും എനിക്കുമ്മ.
ഉപ്പ മയ്യത്തായപ്പോ ഉമ്മ ഒരുപാട് കഷ്ട്ടപ്പെട്ട്ക്കു ഞങ്ങളെ പോറ്റാൻ, മൂന്നോ നാലോ വർഷം കൂടുമ്പോള ഉമ്മ നാട്ടിക്കു വരിക. പെട്ടി നിറയെ അത്തർ മണക്കുന്ന സാധനങ്ങളുമായി. എനക് കിട്ടന്നത് ഞാൻ നല്ലോണം എടുത്തുവെക്കും, ഇടയ്ക്കിടെ മണത്തു നോക്കും, എന്റുമ്മാന്റെ മണം.. ഉള്ളിലേക്കാഞ്ഞു വലിക്കും. ഉമ്മ അടുത്തുണ്ടെന്നു നീരിച്ചു കെട്ടി പിടിച്ചു കിടക്കും.
കുഞ്ഞിമ്മ മക്കളെ കളിപ്പിക്കുമ്പോ എനിക്കുമ്മാനെ ഓർമ വരും. ഉമ്മയും ഉപ്പയും ഇല്ലാണ്ട് യതീം കുട്ടിനെ പോലെ ഒട്ടും സ്നേഹമില്ലാത്ത കുടുംബക്കാരൊപ്പം, ഓരെന്ത് ചെയ്താലും ചോദിക്കാൻ ആരുമില്ലാണ്ട്.. ഒന്നോർത്തു നോക്ക്..”
അവളുടെ വാക്കുകൾ മുറിഞ്ഞു, നിറഞ്ഞ കണ്ണുകൾ തുടച്ചു മൂക്കു ചീറ്റി അവൾ വീണ്ടും തുടങ്ങി.എന്ത് തിരിച്ചു പറയണമെന്നറിയാതെ ഞാൻ വെറും കേൾവിക്കാരിയായി.
“ങ്ങൾക്ക് അറിയോ, അക്ഷരം പഠിച്ചു തുടങ്ങിയപ്പോ ഞാനെന്റെ ഉമ്മാക്ക് ഒരു കത്തെഴുതി. ന്റെ വെഷമങ്ങളൊക്കെ.. ന്റുമ്മാനോട് അല്ലാണ്ട് ഞാനരോടാ പറയാ. ആരും അത് പോസ്റ്റ് ചെയ്തില്ല. നിക്കതിനു കിട്ടിയ സമ്മാനം കാണണ്ടേ ങ്ങൾക്ക്. ”
അവളുടെ കാൽ തുടകളിൽ നിറയെ പൊള്ളലേറ്റതിന്റെ പാടുകൾ ആയിരുന്നു. 30വർഷങ്ങൾ കഴിഞ്ഞിട്ടും മായാത്ത പാടുകൾ. ഒരെട്ട് വയസ്സ്ക്കാരി എന്ത് മാത്രം സഹിച്ചു കാണും.
എന്റെ കണ്ണിൽ ഇരുട്ട് കയറി. എന്റെ മക്കൾ എന്റെ മക്കൾ ഞാൻ അലറി കരഞ്ഞു.
ലൈല എന്നെ മാറിലേക്ക് ചേർത്ത് പിടിച്ചു.
“എന്റുമ്മ ഇവിടെ തന്നെ എരിഞ്ഞു തീർന്ന് ഒരു മെഴുകുതിരിപോലെ, നാട്ടിലുള്ളോർക്ക് മാണ്ടി. ഇന്നലെ ങ്ങളെ കണ്ണ് നിറഞ്ഞപ്പോ ഞാനെന്റുമ്മാനെ ഓർത്ത്. ഒരെത്ര കരഞ്ഞിട്ടുണ്ടാവും ങ്ങളെ പോലെ. അതാ ഞാൻ ങ്ങളെ കാണണം പറഞ്ഞത്.
ങ്ങള് ത്രയും പെട്ടെന്ന് മക്കളെ കൂട്ടി കൊണ്ടു വരണം. ഞാൻ നോക്കിക്കൊള്ളാം ങ്ങള് ആശുത്രി പോകുമ്പോ. ഇത് പെട്ടെന്നുള്ള തീരുമാനം ആണെന്ന് തോന്നരുത്, ഞാൻ അവരിൽ എന്നെത്തന്നെയാ കാണുന്നത്. അതോണ്ടാ.. ഉമ്മാക്ക് പകരം വേറാരൂല്ല്യ, ആ കുറവ് മരിക്കുവോളം അങ്ങനെ തന്നെ ഉണ്ടാവും, ധൈര്യമായിട്ട് മക്കളെ കൂട്ടിക്കോ, പടച്ചോനെ നിർത്തി പറയാണ് ഞാൻ നോക്കിക്കൊള്ളാം.
മഞ്ഞുകണം പോലെയാ വാക്കുകൾ എന്റെ ഹൃദയത്തെ തണുപ്പിച്ചു. എത്രയോ നാളുകളായി ഞാൻ തേടുന്ന സമസ്യക്ക് ഉത്തരം കിട്ടിയ പോലെ, എന്റെ കുഞ്ഞുങ്ങളെ ഓർത്തു ഞാനൊഴുക്കിയ കണ്ണുനീരിനു പ്രതിഫലം കിട്ടിയ പോലെ ഞാനവളുടെ കൈകൾ ചേർത്ത്പ്പിടിച്ചു ചുംബിച്ചു. ഞങ്ങളുടെ ബന്ധത്തിന് ശക്തി പകരാനെന്നോണം ചാറ്റൽ മഴ ഞങ്ങളെ തഴുകുന്നുണ്ടായിരുന്നു.
#എന്റെരചന
#മാതൃത്വം
#മാതൃദിന മത്സരം


24 Comments
നന്നായി എഴുതി ഡിയർ…. ❤️❤️
സലാലയിൽ ആണോ? ഞാൻ ഒരു പഴയ സലാലക്കാരിയാണ് 🥰
ഞാനും ഇപ്പോൾ പഴയ സലാല ക്കാരിയാണ്, 15വർഷം നിന്നു. സ്നേഹം ഡിയർ ❤️അഭിപ്രായത്തിനു
ഉള്ളിൽ നീറ്റൽ നിറക്കുന്ന കഥ…..👍❤️
❤️🥰
മക്കളെ നാട്ടിൽ ആരെയെങ്കിലും ഏൽപിച്ച് മക്കൾക്കും,കുടുംബത്തിനും മെച്ചപ്പെട്ട ജീവിതസാഹചര്യമൊരുക്കാൻ പ്രവാസം തിരഞ്ഞെടുത്ത പെൺജീവിതങ്ങളുടെ നൊമ്പരങ്ങളും, മാതാവിൻ്റെ അഭാവം തീർത്ത ഒറ്റപ്പെടലിൽ നോവിൻ്റെ തുരുത്തിലകപ്പെട്ട കുഞ്ഞു ഹൃദയങ്ങളെയും ആഴത്തിൽ പകർന്നുവെച്ചു.
Zuhra താങ്ക്സ് ❤️🥰
നോവ് നിറഞ്ഞ അക്ഷരങ്ങൾ. ഒന്നല്ല, ഒന്നിലധികം അമ്മമാരെ കണ്ടു, എല്ലാ അമ്മമാരും സ്നേഹത്തിന്റെ പര്യായമല്ലെന്ന് തെളിയിക്കുന്ന പാറുവിന്റെ അമ്മയും. ആശംസകൾ dear ❤️
രതി ടീച്ചർ സ്നേഹം. ❤️
മനോഹരമായ എഴുത്ത് സാബീ, വായിക്കുന്നവർ കഥാപാത്രങ്ങളായി തീരുന്നതാണ് എഴുത്തിന്റെ വിജയം.. 👍
ചേച്ചി ജീവിച്ചിരിക്കുന്നവരെ കഥാപാത്രംങ്ങൾ ആവുമ്പോൾ അത്രയും തീവ്രത അതിന് ഉൾകൊള്ളാൻ സാധിക്കാതെ വരുന്നു
മനോഹരം. കണ്ണു നിറഞ്ഞു പോയി. ഉള്ളിലൊരു ഭാരം നിറഞ്ഞതു പോലെ.
നിഷി ❤️❤️
പ്രവാസികളായ അമ്മമാരുടെ നോവ് എത്ര തീവ്രമായിട്ടാണ് സാബി നിന്റെ തൂലികയിൽ വിരിഞ്ഞത്.. വല്ലാത്ത നോവ് നൽകുന്ന രചന..
👌👌👌
സജ്ന സ്നേഹം ഡിയർ
അമ്മമാരുടെ ഉള്ളുരുക്കങ്ങൾ എത്ര തീവ്രമായി പകർത്തി സാബീ. സാബിയുടെ എഴുത്തുകൾ അനശ്വരകാവ്യങ്ങൾ തീർക്കുന്നു ഇപ്പോൾ 🫂🫂🫂
ചേച്ചി.. അത്രക്ക് ഒന്നുമില്ല. നമ്മുക്ക് കുട്ടികളോടുള്ള സ്നേഹമാണ് നമ്മുടെ കണ്ണ് നിറയിക്കുന്നത് ❤️
സീന 🫂🥰
ശരിക്കും കരഞ്ഞു പോയി സാബീ വളർന്നു വലുതായ മക്കൾ അടുത്തില്ലാഞ്ഞിട്ടു തന്നെ എത്ര അപൂർണ്ണതയാണ്. എന്നും വീഡിയോ കോൾ ചെയ്തിട്ടു പോലും.
അപ്പോൾ ചെറിയ കുഞ്ഞുങ്ങളെ വിട്ടുപോരുന്ന അമ്മമാരോ?
ഹൃദയത്തിൽ തൊട്ട എഴുത്ത്🙏
ഒരു പാടിഷ്ടമായി.❤️🌹👌
സുമേച്ചി സ്നേഹം ഡിയർ. എത്രയോ പേർ അങ്ങനെ ജോലി ചെയ്യുന്നു. കുഞ്ഞുങ്ങളുടെ അവസ്‌ഥ പ്രശ്നം തന്നെ.
അല്ലാഹ് ശരിക്കും കണ്ണ് നിറഞ്ഞു പോയി 🥲 എനിക്കും എന്റെ ഉമ്മയെ ഓർമ്മ വന്നു.. നാട്ടിൽ നിന്നും ഒരു പാട് അകളെ ആകുമ്പോൾ പ്രാർത്ഥന തന്നെ ആണ് ഏറ്റവും വല്യ ശക്തി.. അള്ളാഹു എല്ലാ ഉമ്മ മാർക്കും ആയുസ്സും ആരോഗ്യവും കൊടുത്ത് അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲❤️😘
സൈറ താങ്ക്സ് ഡിയർ ഹൃദ്യമായ മറുകുറിപ്പിന്
കണ്ണ് നിറയിച്ചു സാബീ.തീവ്രമായ ഭാഷയിൽ പ്രവാസി അമ്മമാരുടെ ഉള്ളുരുക്കങ്ങൾ വരച്ചിട്ട കഥ. അങ്ങനെ എത്രയെത്ര അമ്മമാർ ഇന്നും.
ഹൃദയസ്പർശി❤️
സീന എഴുതാനുള്ള ശക്തി തന്നെ നിങ്ങളൊക്കെ ആണ്. ഈ ചേർത്തു നിർത്തലിനു 😘😘
നോവുണർത്തിയ രചന.
അമ്മ, പകരം വെക്കാൻ ആവാത്ത പദം.
👏